Sunday, October 5, 2008

മന്‍‌മോഹന്‍സിങ്ങിന്റെ വാക്കും കീറിയ ചാക്കും...

ആണവകരാര്‍ ഒപ്പിടുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ വിശദീകരണപ്രസ്താവന കാത്തിരിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ്. അമേരിക്കന്‍ സെനറ്റ് ആണവകരാര്‍ അംഗീകരിച്ച് പാസാക്കിയ ബില്ലില്‍ ഒപ്പിട്ടുകൊണ്ട് പ്രസിഡന്റ് ബുഷില്‍നിന്ന് പ്രസ്താവനയുണ്ടാകും. പ്രതിരോധത്തിലായ ഗവര്‍മെന്റിന് പിടിച്ചുനില്‍ക്കാനുള്ള എന്തെങ്കിലും ഈ പ്രസ്താവനയിലുണ്ടാകണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യന്‍ വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും 2008 ഒക്ടോബര്‍ 4 ശനിയാഴ്ച കരാറില്‍ ഒപ്പിടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ് ബുഷിന്റെ പ്രഖ്യാപനം വൈകിയ സാഹചര്യത്തില്‍ കരാര്‍ ഒപ്പിടുന്നത് മാറ്റിവച്ചു. ആണവകരാര്‍ സംബന്ധിച്ച അമേരിക്കന്‍ നിയമനിര്‍മാണം പ്രസിഡന്റ് ജോര്‍ജ് ബുഷ് അംഗീകരിച്ചശേഷമേ കരാറില്‍ ഒപ്പിടുകയുള്ളൂവെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. കോണ്ടലീസ റൈസുമായി ഡല്‍ഹിയില്‍ ചര്‍ച്ചനടത്തിയശേഷം സംയുക്ത പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.

ഭരണപരമായ ചില നടപടികള്‍ പൂര്‍ത്തിയാകാനുള്ളതുകൊണ്ടാണ് പ്രസിഡന്റ് ഒപ്പുവയ്ക്കാന്‍ വൈകുന്നതെന്ന് റൈസ് പറഞ്ഞു. അമേരിക്കന്‍ സെനറ്റില്‍ പാസാക്കുന്ന ബില്ലുകള്‍ വീണ്ടും പ്രസിഡന്റിന്റെ മുന്നിലെത്തുകയും അംഗീകാരംനേടുകയും വേണം. എത്രയുംപെട്ടെന്ന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്. അത് ലഭിച്ചാല്‍ കാലതാമസംകൂടാതെ കരാറില്‍ ഒപ്പിടും. ആണവകരാര്‍ ഇപ്പോള്‍ ഒരു യാഥാര്‍ഥ്യമാണ്. ഒപ്പിടുകയെന്ന പ്രക്രിയ മാത്രമേ ബാക്കിയുള്ളൂ.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതുസംബന്ധിച്ച് മറ്റ് പ്രശ്നമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു.

ഹൈഡ് ആക്ട് വ്യവസ്ഥകളോട് പൂര്‍ണമായും ഒത്തുപോകുന്നതാകും കരാറെന്ന് റൈസ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് നിയമം അംഗീകരിച്ച് നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ ഇരുകൂട്ടര്‍ക്കും സൌകര്യമുള്ള ദിവസം നോക്കി കരാറില്‍ ഒപ്പിടുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. രണ്ട് നടപടികളാണ് ഇനി അമേരിക്കയില്‍ പൂര്‍ത്തിയാകാനുള്ളത്. ആണവ നിര്‍വ്യാപനകരാറിന് അനുസൃതമായിട്ടാകും ആണവകരാര്‍ നടപ്പാക്കുകയെന്ന് ഉറപ്പുവരുത്തി കരാറിന്റെ നടപടിക്രമം ക്രോഡീകരിക്കുകയാണ് ഒന്ന്. യുറേനിയം സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം എന്നിവയുടെ സാങ്കേതികവിദ്യയുടെ കൈമാറ്റം നിയന്ത്രിക്കുന്നതു സംബന്ധിച്ച് എന്‍എസ്‌ജി രാജ്യങ്ങളുമായി ധാരണയിലെത്തുകയാണ് രണ്ടാമത്തെ പ്രക്രിയ. ഇത് രണ്ടും സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനംകൂടി ഉണ്ടാകണം. അതോടൊപ്പമായിരിക്കും പ്രസിഡന്റ് കരാറും അതുസംബന്ധിച്ച അമേരിക്കന്‍ നിയമനിര്‍മാണവും അംഗീകരിക്കുക. ഇതിനാണ് ഇന്ത്യ കാത്തിരിക്കുന്നത്.

ആണവകരാറിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് കരാര്‍ ഒപ്പിടുകയെന്ന ദൌത്യവുമായി റൈസ് ഇന്ത്യയില്‍ എത്തിയത്. കരാര്‍ ഒപ്പിടുന്നതിന് ഇന്ത്യയും തയ്യാറായിരുന്നു. അമേരിക്കന്‍ ജനപ്രതിനിധിസഭയിലും സെനറ്റിലും ഈയിടെയുണ്ടായ വെളിപ്പെടുത്തലുകള്‍ മന്‍മോഹന്‍സിങ് ഗവര്‍മെന്റിന് വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റില്‍നിന്ന് എന്തെങ്കിലും വിശദീകരണംകിട്ടണമെന്ന നിലപാട് ഇന്ത്യ എടുത്തത്.

മുഖംരക്ഷിക്കാന്‍ പാഴ്‌ശ്രമം

ആണവകരാറില്‍ ഇന്ത്യന്‍ താല്‍പ്പര്യമെല്ലാം അടിയറവച്ച് അമേരിക്കയോടു പൂര്‍ണമായി കീഴടങ്ങിയ യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണ്. പ്രധാനമന്ത്രി പാര്‍ലമെന്റിനും ഇന്ത്യന്‍ ജനതയ്ക്കും നല്‍കിയ ഉറപ്പിനു വിരുദ്ധമായ നിരവധി വ്യവസ്ഥകള്‍ കരാറിലേക്ക് കടന്നുവന്നത് രഹസ്യമായിരുന്നില്ല. ഹൈഡ് ആക്ട് വന്നതിനുശേഷം അമേരിക്കന്‍ കോണ്‍ഗ്രസിലും സെനറ്റിലും കരാര്‍ അംഗീകരിക്കുന്ന ബില്‍ കൂടുതല്‍ പ്രതിലോമപരമായ വ്യവസ്ഥകളോടെയാണ് പാസാക്കിയത്.

കരാറിന്റെ ഒരു ഘട്ടത്തിലും എതിപ്പ് പ്രകടിപ്പിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അവസാനനിമിഷം എന്തോ കടുത്ത വെല്ലുവിളി അമേരിക്കയ്ക്ക് ഉണ്ടാക്കാന്‍ പോകുന്നുവെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആശങ്ക ദുരീകരിക്കപ്പെട്ടു എന്ന് വാദിക്കുന്നതിന് പറ്റിയ ഒരു പ്രസ്താവന ബുഷില്‍ നിന്ന് കിട്ടണമെന്ന പരിമിതമായ ആവശ്യമേ ഇപ്പോള്‍ ഇന്ത്യക്കുള്ളു.അമേരിക്കന്‍ കോണ്‍ഗ്രസ്, സെനറ്റ് എന്നിവ പാസാക്കിയ ബില്‍ ബുഷിന്റെ പ്രഖ്യാപനം വന്നശേഷമേ ഒപ്പിടുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കരാറില്‍ ഒരു മാറ്റവുമുണ്ടാക്കില്ല. ഇന്ത്യക്ക് ദോഷകരമായ വ്യവസ്ഥകളോടെയുള്ള ഉള്ളടക്കം കരാറിന്റെ ഭാഗമായിക്കഴിഞ്ഞു. കേവലം നടപടിക്രമത്തിന്റെ കാര്യത്തില്‍മാത്രമാണ് ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ പിടിവാശി. ഈ അവസരത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനും ഇന്ത്യന്‍ ജനതയ്ക്കും നല്‍കിയ ഉറപ്പുകളും അവയുടെ ഇന്നത്തെ സ്ഥിതിയും പരിശോധിക്കുന്നത് എന്തുകൊണ്ടും സംഗതമായിരിക്കും.

പ്രധാനമന്ത്രിയുടെ വാക്കും യാഥാര്‍ഥ്യവും

വാഗ്ദാനങ്ങള്‍

1. സമ്പൂര്‍ണ സിവില്‍ ആണവസഹകരണം
2. ആണവനിലയങ്ങള്‍ക്കാവശ്യമായ യുറേനിയത്തിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കും.
3. അണുപരീക്ഷണത്തിനുള്ള അവകാശം അടിയറവയ്ക്കില്ല.
4. അമേരിക്കയ്ക്ക് ഇന്ധനം നല്‍കാനാകാത്ത സാഹചര്യം വന്നാല്‍ മറ്റ് എന്‍എസ്‌ജി രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ധനവിതരണം ഉറപ്പുവരുത്താമെന്ന് ബുഷ് സമ്മതിച്ചിട്ടുണ്ട്.
5. അണുപരീക്ഷണം നടത്തിയതിന്റെ പേരില്‍ യുഎസ് ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും പിന്‍വലിച്ചശേഷംമാത്രമേ ഐഎഇഎയുടെ പരിശോധനയ്ക്കായി ഇന്ത്യന്‍ റിയാക്ടറുകള്‍ തുറന്നുകൊടുക്കൂ.
6. ഇന്ത്യയുടെ ആണവനിലയങ്ങളെ ചുറ്റിപ്പറ്റി നടക്കാന്‍ അമേരിക്കയെ അനുവദിക്കില്ല.
7. ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഒരുതരത്തിലും ബാധിക്കില്ല.
8. ആണവനിലയങ്ങള്‍ക്കായി കരുതല്‍ ശേഖരമെന്ന നിലയില്‍ യുറേനിയം സൂക്ഷിക്കാന്‍ ഉറപ്പുവാങ്ങും.

യാഥാര്‍ഥ്യം

1. ഇപ്പോഴത്തെ സഹകരണം സമ്പൂര്‍ണമല്ല. ഘനജലനിര്‍മാണം, പുനഃസംസ്കരണം, സമ്പുഷ്ടീകരണം എന്നിവയ്ക്കാവശ്യമായ സാങ്കേതിവിദ്യ കൈമാറില്ല.
2. നിലവിലുള്ള നിലയങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്ധനംമാത്രം. അണുപരീക്ഷണം നടത്തിയാല്‍ അതുമില്ല.
3. അണുപരീക്ഷണം നടത്തിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശസെക്രട്ടറി .
4. അണുപരീക്ഷണമോ സമാനമായ മറ്റേതെങ്കിലും കാരണത്താലോ അമേരിക്ക ഇന്ധനവിതരണം നിര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ഇന്ത്യയുമായുള്ള ആണവസഹകരണം അവസാനിപ്പിക്കാന്‍ മറ്റ് എന്‍എസ്‌ജി രാജ്യങ്ങളെയും പ്രേരിപ്പിക്കുമെന്ന് ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ് പ്രമേയം
5. നിയന്ത്രണമൊന്നും പിന്‍വലിക്കാതെ തന്നെ ഇന്ത്യന്‍ റിയാക്ടറുകള്‍ ഐഎഇഎ നിരീക്ഷണത്തിനു കീഴിലായി.
6. ഇത്തരത്തില്‍ ഒരു ഉറപ്പും ഇതുവരെ വാങ്ങിയിട്ടില്ല. ഐഎഇഎക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിക്ക് അവര്‍ പരിശോധനയ്ക്കായി എടുക്കുക അമേരിക്കന്‍ ഉദ്യോഗസ്ഥരെയാകും.
7. ഇതിനോടകം അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഐഎഇഎയില്‍ ഇറാനെതിരെ രണ്ടുവട്ടം വോട്ടുചെയ്തു. ഇറാന് സമ്പുഷ്ടീകരണത്തിന് അവകാശമില്ലെന്നു പ്രഖ്യാപിച്ചു. ഇന്ത്യ-ഇറാന്‍ വാതകക്കുഴല്‍പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍. ഇറാനെതിരായ ഉപരോധം ഉഭയകക്ഷികരാറിലൂടെ അംഗീകരിച്ചു.
8. ഇത്തരത്തില്‍ ഒരു ഉറപ്പും ഇതുവരെയില്ല.

****

കടപ്പാട് : വിവിധ മലയാളം ദിനപ്പത്രങ്ങള്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കരാറിന്റെ ഒരു ഘട്ടത്തിലും എതിപ്പ് പ്രകടിപ്പിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അവസാനനിമിഷം എന്തോ കടുത്ത വെല്ലുവിളി അമേരിക്കയ്ക്ക് ഉണ്ടാക്കാന്‍ പോകുന്നുവെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആശങ്ക ദുരീകരിക്കപ്പെട്ടു എന്ന് വാദിക്കുന്നതിന് പറ്റിയ ഒരു പ്രസ്താവന ബുഷില്‍ നിന്ന് കിട്ടണമെന്ന പരിമിതമായ ആവശ്യമേ ഇപ്പോള്‍ ഇന്ത്യക്കുള്ളു.അമേരിക്കന്‍ കോണ്‍ഗ്രസ്, സെനറ്റ് എന്നിവ പാസാക്കിയ ബില്‍ ബുഷിന്റെ പ്രഖ്യാപനം വന്നശേഷമേ ഒപ്പിടുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കരാറില്‍ ഒരു മാറ്റവുമുണ്ടാക്കില്ല. ഇന്ത്യക്ക് ദോഷകരമായ വ്യവസ്ഥകളോടെയുള്ള ഉള്ളടക്കം കരാറിന്റെ ഭാഗമായിക്കഴിഞ്ഞു. കേവലം നടപടിക്രമത്തിന്റെ കാര്യത്തില്‍മാത്രമാണ് ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ പിടിവാശി. ഈ അവസരത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനും ഇന്ത്യന്‍ ജനതയ്ക്കും നല്‍കിയ ഉറപ്പുകളും അവയുടെ ഇന്നത്തെ സ്ഥിതിയും പരിശോധിക്കുന്നത് എന്തുകൊണ്ടും സംഗതമായിരിക്കും.

Anonymous said...

കരാറ്‍ മിക്കവാറും പത്താം തീയതി ഇന്ത്യയില്‍ വച്ചു ഒപ്പിടും, ഇനി ഇതിലുള്ള തെറ്റുകുറ്റങ്ങള്‍ മായാവതി പ്റധാനമന്ത്റിയും പ്റകാശ്‌ കാരാട്ട്‌ ആന്‍ഡ്‌ കോ വെളിയില്‍ നിന്നും പിന്തുണക്കുകയും ദേവ ഗൌഡ ഉപ്‌ പ്റധാനമന്ത്റി ആക്കാത്തതില്‍ പ്റതിഷേധിച്ചു നടക്കുകയും ചെയ്യുന്ന ആ സമയം പരിഹരിക്കം, ഇനിയിപ്പോള്‍ ഇതെല്ലാം അഴിച്ചു പണിയാന്‍ പ്റയാസം