Wednesday, October 8, 2008

അയ്യങ്കാളിയും കേരള നവോത്ഥാനവും

ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയല്ല നവോത്ഥാനം. അത് സമൂഹത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന നെടിയ ഒരു പ്രക്രിയാപരമ്പരയാണ്. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ നവോത്ഥാനവും അങ്ങനെ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ പുത്തന്‍ ഉണര്‍വായിരുന്നു കേരള നവോത്ഥാനത്തിന്റെ കാതല്‍. ജാതിപ്പിശാചിന്റെ കരവലയത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന്റെ ചിത്രമാണ് അന്ന് എങ്ങും കാണാനുണ്ടായിരുന്നത്. പട്ടിക്കും പൂച്ചക്കും ഇഷ്ടംപോലെ നടക്കാവുന്ന വഴിയില്‍ക്കൂടിപ്പോലും ചില മനുഷ്യര്‍ക്ക് നടന്നുകൂടാത്ത അവസ്ഥ. ചിലരെന്ന് പറഞ്ഞാല്‍ എണ്ണത്തില്‍ കുറഞ്ഞവരെന്നല്ല അര്‍ഥം; സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന, പാടത്തും പറമ്പിലും പണിയെടുത്ത് ജനതയ്‌ക്കാകെ ഉണ്ണാന്‍ ഉണ്ടാക്കുന്ന അധഃസ്ഥിതരായിരുന്നു അവര്‍. അവരെക്കുറിച്ചാണ് മഹാകവി കുമാരനാശാന്‍ പാടിയത്:

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍.

അത്തരക്കാരുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ട മഹാനാണ് അയ്യങ്കാളി. അയ്യങ്കാളി പൊതുപ്രവര്‍ത്തനരംഗത്ത് ഇറങ്ങുന്നതിന് മുമ്പുതന്നെ കേരള നവോത്ഥാനത്തിന്റെ നാന്ദി കുറിച്ചുകഴിഞ്ഞിരുന്നു. ഇന്നോളം കേരളത്തിന്റെ ചരിത്രത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലാത്ത ചിലരാണ് അത് ചെയ്തത്. അന്നത്തെ തെക്കന്‍ തിരുവിതാംകൂറില്‍ 1822-23, 1828-30, 1855-59 കാലങ്ങളില്‍ നടന്ന 'മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമര'മായിരുന്നു ഏറെ ശ്രദ്ധേയം. അതിന് ആദ്യകാല നേതൃത്വം വഹിച്ചത് അയ്യാ വൈകുണ്ഠസ്വാമികള്‍ (1809-1851) ആയിരുന്നു.

നവോത്ഥാന പ്രകിയക്ക് പുതിയ മാനം കൈവന്നത് ശ്രീനാരായണ ഗുരുവിന്റെ (1855-1928) രംഗപ്രവേശത്തോടുകൂടിയാണ്. അദ്ദേഹം 1888 ല്‍ അരുവിപ്പുറത്ത് നടത്തിയ ശിവക്ഷേത്രപ്രതിഷ്ഠ ഒരു മഹാസംഭവമായിരുന്നു. തുടര്‍ന്നു 1898 ല്‍ 'അരുവിപ്പുറം ക്ഷേത്രയോഗം' എന്ന പേരില്‍ ഒരു സംഘടന രൂപീകൃതമായി. അതാണ് പിന്നീട് 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗ (എസ് എന്‍ ഡി പി) മായി രൂപാന്തരപ്പെട്ടത്. മഹാകവി കുമാരനാശാന്‍ യോഗത്തിന്റെ സെക്രട്ടറിയും ഗുരു അധ്യക്ഷനുമായി. മൊത്തം സംഘാടനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യചാലകശക്തി ഡോ. പല്പു ആയിരുന്നു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വമ്പിച്ച മുന്നേറ്റം കേരളത്തിലെ എല്ലാ ജാതിമതസംഘടനകളുടെയും ഉല്‍പ്പത്തി വികാസങ്ങള്‍ക്ക് കാരണമായി. പുലയരുടെയിടയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘാടകനും നേതാവും അയ്യങ്കാളി (1863-1941) യായിരുന്നു.

തിരുവനന്തപുരത്തു വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ഗ്രാമത്തിലെ ഒരു പുലയകുടുംബത്തില്‍ 1863 ആഗസ്ത് 28-ാം തീയതി അയ്യന്റെയും മാലയുടെയും മകനായി ജനിച്ച കാളി എന്ന ആണ്‍കുട്ടിയാണ് പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന അയ്യങ്കാളി. അദ്ദേഹം ജനിച്ച കാലത്ത് കേരളത്തില്‍ നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും വിശദീകരിക്കുവാന്‍ ഇവിടെ ഇടം പോരാ.

പുലയരുടെ സ്ഥിതി

പാടത്തെ പണിയായിരുന്നു പുലയരുടെ മുഖ്യതൊഴില്‍. നെല്‍ക്കൃഷിയായിരുന്നു അന്നു പ്രധാനം. പാടങ്ങള്‍ അധികവും ജന്മിമാരുടേതായിരുന്നു. പാടങ്ങളില്‍ സമയത്ത് കൃഷിയിറക്കുക, നെല്ലു മുളച്ചുവരുമ്പോള്‍ പ്രാവിനെ ഓടിക്കുന്നത് മുതല്‍ വിളവിന്റെ സകല ദശകളിലും വിളവു സൂക്ഷിക്കുക. വിളവ് മൂപ്പെത്തിയാല്‍ നെല്ലറുക്കുക, കറ്റകെട്ടുക, മെതിക്കുക, പതിരകറ്റുക, എന്നുവേണ്ട ജന്മിയുടെ വീട്ടുമുറ്റത്ത് നെല്ലെത്തുന്നതുവരെയുള്ള എല്ലാ പണികളും പ്രധാനമായി പുലയരുടേത് തന്നെയായിരുന്നു. ചുരുക്കത്തില്‍, പുലയര്‍ പണിയെടുത്തില്ലെങ്കില്‍ ജന്മിമാര്‍ പട്ടിണിയിലാവും. എങ്കിലും പട്ടിണികിടന്നത് ജന്മിമാരല്ല, മറിച്ച് പുലയന്മാര്‍ തന്നെ. കാരണം, അവര്‍ക്ക് കൂലിയായി കിട്ടിയിരുന്നത് കുറച്ചു നെല്ലുമാത്രം. അയ്യങ്കാളിയുടെ കുടുംബത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. സ്വന്തം ജന്മിയുടെ പുരോഗമനോന്മുഖത്വംകൊണ്ട് എട്ടേകാല്‍ ഏക്കര്‍ പാടത്തിന്റെ ഉടമയായിരുന്നു അയ്യങ്കാളിയുടെ പിതാവായ അയ്യന്‍. എന്നാല്‍ സാധാരണ പുലയരുടെ സ്ഥിതി ദാരിദ്ര്യത്തിന്റെതായിരുന്നു.

സാമൂഹികമായ അധഃസ്ഥിതാവസ്ഥയായിരുന്നു ഏറ്റവും ദയനീയം. "നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍'' എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞില്ലേ? അതേ, മഹാകവിയെക്കൊണ്ട് അങ്ങനെ പറയിച്ച അവസ്ഥയായിരുന്നു അന്ന് പുലയരുടേത്. അവര്‍ക്ക് വഴിനടക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. ആ അവസ്ഥ സ്വന്തം ജീവിതത്തിലൂടെ നേരിട്ടനുഭവിച്ചു വളര്‍ന്നുവന്ന ആളായിരുന്നു അയ്യങ്കാളി. പള്ളിക്കൂടത്തില്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍പോലും അന്ന് അയ്യങ്കാളിക്ക് കഴിയുമായിരുന്നില്ല. പുലയര്‍ക്ക് പള്ളിക്കൂടത്തില്‍ പ്രവേശിക്കുവാന്‍ അന്ന് അവകാശമില്ലായിരുന്നു. അതുകൊണ്ട്, സ്ലേറ്റും പുസ്തകവുമായി പള്ളിക്കൂടത്തില്‍ പോകുന്ന കുട്ടികളെ നോക്കിനിന്നു സങ്കടപ്പെടുവാനേ കുട്ടിക്കാലത്ത് അയ്യങ്കാളിക്ക് കഴിഞ്ഞുള്ളൂ. പക്ഷേ, അനീതിക്കെതിരെ അയ്യങ്കാളിയുടെ മനസ്സില്‍ രോഷത്തിന്റെ തീപ്പൊരി വീണു.

തന്റെ സമുദായത്തിന്റെയും സമാന സമുദായങ്ങളുടെയും ദുരവസ്ഥ മാറ്റിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജീവിതം ഉഴിഞ്ഞുവെക്കാന്‍ അയ്യങ്കാളി തീരുമാനിച്ചു. പുലയര്‍, പറയര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുക എന്നതിനായിരുന്നു ആദ്യപരിഗണന. നല്ല തടിമിടുക്കുണ്ടായിരുന്ന അയ്യങ്കാളി അതേ തരക്കാരായ ഒരുസംഘം പുലയയുവാക്കളെയും കൂട്ടി അടിതട, ഗുസ്തി, മര്‍മവിദ്യ തുടങ്ങിയവ അഭ്യസിച്ചു. സാമൂഹികമായ അനീതികളെ വേണ്ടിവന്നാല്‍ ശാരീരികമായിത്തന്നെ നേരിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ആയിടയ്‌‌ക്കാണ് ആ മഹാസംഭവം നടന്നത്. 1888 ലെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. അത് നടത്തിയ ശ്രീനാരായണഗുരുവിനെ അയ്യങ്കാളിയും സംഘവും നേരിട്ടുചെന്നുകണ്ടു. ധൈര്യമായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ ഗുരു നല്‍കിയ ആഹ്വാനം അയ്യങ്കാളിക്കും കൂട്ടര്‍ക്കും വലിയ പ്രചോദനമായി. അടുത്തവര്‍ഷം തന്നെ, അതായത് 1889ല്‍, അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ജാഥ നടന്നു. ബാലരാമപുരത്ത് ചാലിയത്തെരുവില്‍ വലിയ ലഹളക്ക് അത് കാരണമായി, പക്ഷേ അയ്യങ്കാളിയും സംഘവും പതറിയില്ല, ജാഥ പൂര്‍ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രം.

കാറും ബസ്സുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കാളകളെ പൂട്ടിയ വില്ലുവണ്ടിയായിരുന്നു പ്രധാന വാഹനം. അത് ആഢ്യന്മാര്‍ക്കേ ഉപയോഗിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അയ്യങ്കാളി അതിനെ ചോദ്യം ചെയ്തു. 1893-ല്‍ അദ്ദേഹം സ്വന്തമായി ഒരു വില്ലുവണ്ടി വിലയ്ക്കുവാങ്ങി. ഒരു സുപ്രഭാതത്തില്‍ വെള്ളക്കാളകളെ പൂട്ടിയ അയ്യങ്കാളിയുടെ വില്ലുവണ്ടി വെങ്ങാനൂരിലെ പൊതുനിരത്തിലൂടെ മണിയൊച്ച മുഴക്കി ഓടാന്‍ തുടങ്ങി. വണ്ടി തെളിച്ചത് കൊച്ചപ്പി എന്ന ഒരു പുലയ യുവാവ്. വണ്ടിക്കുള്ളില്‍ ജന്മിയെപ്പോലെ അയ്യങ്കാളി. ധിക്കാരം മേലാളര്‍ക്ക് പൊറുക്കാനാവുമോ? സവര്‍ണരായ ഏതാനും യുവാക്കള്‍ ചേര്‍ന്നു സായുധരായി വണ്ടി തടഞ്ഞു. വണ്ടിക്കുള്ളില്‍നിന്ന് സായുധനായ അയ്യങ്കാളിയുടെ ഗര്‍ജനംകേട്ട് അവര്‍ ഞെട്ടിത്തെറിച്ചു പിന്മാറി. അയ്യങ്കാളിയുടെ വില്ലുവണ്ടി ഒരു യാഗാശ്വമെന്നപോലെ സഞ്ചരിച്ചു വെങ്ങാനൂരില്‍ തിരിച്ചെത്തി.

അതൊരു വന്‍ വിജയമായിരുന്നു. അയ്യങ്കാളി വളരെ പെട്ടെന്ന് അധഃസ്ഥിതരുടെ നേതാവായി. അവര്‍ ആവലാതി ബോധിപ്പിക്കാന്‍ അയ്യങ്കാളിയെ സമീപിച്ചുതുടങ്ങി. സ്വാതന്ത്ര്യം ഓരോന്നായി പിടിച്ചുവാങ്ങുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അയിത്തജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയെടുക്കുന്നതിനായി അടുത്ത ശ്രമം. സ്വന്തമായി കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് അവിടെ പുലയക്കുട്ടികളെയും അതുപോലെയുള്ള അധഃസ്ഥിതരുടെ കുട്ടികളെയും അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യം സവര്‍ണര്‍ പള്ളിക്കൂടം അടിച്ചുപൊളിച്ചെങ്കിലും പിന്നീടും പള്ളിക്കൂടം കെട്ടി 'അയ്യങ്കാളിപ്പട' കാവല്‍നിന്നതിനാല്‍ അത് ആവര്‍ത്തിച്ചില്ല.

എല്ലാ അവകാശങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രസമരപരിപാടിയായിരുന്നു അയ്യങ്കാളിയുടേത്. വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത അയ്യങ്കാളിക്ക് ഇത്ര ശാസ്ത്രീയമായ സമീപനം എങ്ങനെ കൈവന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ജീവിതമാകുന്ന സര്‍വകലാശാലയില്‍നിന്ന് അയ്യങ്കാളി ആര്‍ജിച്ച അത്ര വിദ്യാഭ്യാസം മാര്‍ക്സിംഗോര്‍ക്കിയെപ്പോലെയുള്ള ചിലര്‍ക്കേ ഉണ്ടായിരുന്നുള്ളൂ.

1898 ല്‍ ആറാലുംമൂട്ടില്‍ നടന്ന സായുധ സമരം സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വമ്പിച്ച മുന്നേറ്റമായിരുന്നു. 1904 ല്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനവര്‍ധനവിനുവേണ്ടി നടന്ന സമരവും കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമരമായിരുന്നു അത്. സമരത്തിന്റെ ഒരു ഘട്ടത്തില്‍, പട്ടിണിയിലായ കര്‍ഷകത്തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളികളുമായി ആലോചിച്ചും അവരുടെ നേതൃത്വത്തിലും സഹായമെത്തിക്കാന്‍ കഴിഞ്ഞതും കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സമരചരിത്രത്തിലെ ഒന്നാമത്തെ അധ്യായമായിരുന്നു. 'ഐക്യമെന്നാല്‍ സമര ഐക്യം', 'സമരമെന്നാല്‍ വര്‍ഗസമരം' എന്നൊക്കെ കേരളത്തില്‍ പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത്. അയ്യങ്കാളിക്ക് ശിഷ്യപ്പെട്ടിരിക്കുന്നു കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനം.

സാധുജന പരിപാലനസംഘം

1903ല്‍ 'ശ്രീനാരായണ ധര്‍മപരിപാലന യോഗം' ഉണ്ടായത് കേരളത്തിലെ സമുദായസംഘടനകളുടെ പിറവിക്ക് കാരണമായി. ശ്രീനാരായണനുമായി വിശദമായി ആലോചിച്ചാണ് അയ്യങ്കാളി 1905 ല്‍ 'സാധുജനപരിപാലനസംഘം' സ്ഥാപിച്ചത്. അധഃസ്ഥിതര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനത്തിനുള്ള വിളംബരം 1907ല്‍ത്തന്നെ ഉണ്ടായി എങ്കിലും അത് തല്‍പ്പരകക്ഷികള്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. അയ്യങ്കാളിയുടെയും മറ്റും നിരന്തരവും സംഘടിതവുമായ സമരത്തിന്റെ ഫലമായി 1910ല്‍ അധഃസ്ഥിതര്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിച്ചുകൊണ്ടുളള കര്‍ശനമായ ഉത്തരവ് ഉണ്ടായി.

1911 ല്‍ അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നിയമിച്ചു. ഉന്നതവിദ്യാസമ്പന്നരായ ഇന്നത്തെ പാര്‍ലമെന്ററി പ്രവര്‍ത്തകര്‍ക്കുപോലും വഴികാട്ടിയാണ് അയ്യങ്കാളി അന്ന് നടത്തിയ പ്രവര്‍ത്തനം. പാവപ്പെട്ടവര്‍ക്ക് ഫീസാനുകൂല്യത്തിനും ഭൂമി പതിച്ചുകിട്ടുന്നതിനും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനത്തിനുമൊക്കെവേണ്ടി നിരന്തരമായി അയ്യങ്കാളി പ്രജാസഭാംഗത്വം ഉപയോഗപ്പെടുത്തി. ഹരിജനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ സ്ഥാനം നല്‍കാനാവശ്യപ്പെട്ട് 1913ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം ശ്രദ്ധേയമായിരുന്നു. നിയമംമൂലം വിദ്യാലയപ്രവേശനത്തിനുളള അവകാശം നേടിയെടുത്തെങ്കിലും ഫലത്തില്‍ പല സ്കൂളുകളിലും സവര്‍ണാധിപത്യം തുടര്‍ന്നു. അക്കാരണത്താല്‍ പല സ്ഥലത്തും വലിയ ലഹളകള്‍ ഉണ്ടായി. 'ശഠന്മാരോട് ശാഠ്യം' എന്നതായിരുന്നു അയ്യങ്കാളിയുടെ രീതി. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ചന്തകളില്‍ അയിത്തജാതിക്കാര്‍ക്ക് കല്‍പ്പിച്ചിരുന്ന പ്രവേശനനിഷേധം സംഘം ചേര്‍ന്ന് അടിച്ചൊതുക്കുകയാണ് പലപ്പോഴും അയ്യങ്കാളിയും കൂട്ടരും ചെയ്തത്. നെടുമങ്ങാട്, ആറാലുംമൂട്, നെയ്യാറ്റിന്‍കര, ഉദിയന്‍കുളങ്ങര, ധനുവച്ചപുരം, മാരായമുട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ചന്തപ്രവേശനത്തിനുവേണ്ടി സമരം നടന്നു.

പുലയരെയും അധഃസ്ഥിതജനവിഭാഗങ്ങളെയും മനുഷ്യസമൂഹം ഉള്‍ക്കൊള്ളണമെന്ന വാശിയോടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അസാധാരണമായ അധ്യായമാണ്. ആചാര പരിഷ്കാരത്തിനുവേണ്ടിയും സമരം നടന്നു. പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചുകൂട. അവര്‍ക്ക് കഴുത്തില്‍ കല്ലയും മാലയും ധരിക്കാം. കല്ലുകള്‍ കോര്‍ത്തു കെട്ടിയ മാലയും ഇരുമ്പുകമ്പികൊണ്ടുള്ള കുണുക്കും കൈവളയങ്ങളും-ഇതായിരുന്നു വേഷം. അയ്യങ്കാളി നാട്ടിലെങ്ങും നടന്നു വമ്പിച്ച യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കല്ലയും മാലയും വലിച്ചു ദൂരെ കളയിച്ചു. അതിന്റെ പേരിലും സവര്‍ണരുടെ എതിര്‍പ്പുണ്ടായി. 1915 ല്‍ കൊല്ലത്തു പെരിനാട്ടു നടന്ന ലഹള വളരെ വലുതായിരുന്നു.

കല്ലയും മാലയും വലിച്ചെറിയാന്‍ തുടങ്ങിയ പുലയസ്ത്രീകളെ സവര്‍ണര്‍ എതിര്‍ത്തു. ലഹളയായി. ഗോപാലദാസന്‍ എന്നൊരു പുലയയുവാവ് പുലയര്‍ക്ക് നേതൃത്വംകൊടുത്തു. സവര്‍ണരും അധഃസ്ഥിതരും തമ്മില്‍ സായുധ സംഘര്‍ഷം നടന്നു. ലഹളക്കുശേഷമാണ് അയ്യങ്കാളിക്ക് അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞത്. ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

ഗാന്ധി ദര്‍ശനം

1924ലെ വൈക്കം സത്യഗ്രഹത്തിലും ക്ഷേത്രപ്രവേശനത്തിനുവേണ്ടിനടന്ന സമരങ്ങളിലും അയ്യങ്കാളി പങ്കെടുത്തു. പൊയ്‌കയില്‍ യോഹന്നാന്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയവരുമായി യോജിച്ചും ആലോചിച്ചുമാണ് അയ്യങ്കാളി പ്രവര്‍ത്തിച്ചത്. കേരള നവോത്ഥാനത്തിനു വമ്പിച്ച സംഭാവന നല്‍കിയ അയ്യങ്കാളി 1936ലെ ക്ഷേത്രപ്രവേശന വിളംബരമാകുമ്പോഴേക്കും പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. 1937ല്‍ മഹാത്മാഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. പുലയരുടെ രാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അയ്യങ്കാളി 1941ല്‍ 77ാം വയസ്സില്‍ അന്തരിച്ചു.

2007 ജനുവരി മാസത്തില്‍ വെങ്ങാനൂരില്‍ വമ്പിച്ച ആഘോഷങ്ങള്‍ നടന്നു. കേരളം കണ്ട ആദ്യത്തെ കര്‍ഷകസമരത്തിന്റെ നൂറാം വാര്‍ഷികം, സാധുജനപരിപാലന സംഘത്തിന്റെ നൂറാം വാര്‍ഷികം; മഹാത്മാഗാന്ധി അയ്യങ്കാളിയെ സന്ദര്‍ശിച്ചതിന്റെ എഴുപതാം വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കയുണ്ടായി.

നവോത്ഥാനമൂല്യങ്ങള്‍ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കേരളത്തില്‍ അയ്യങ്കാളിയുടെ സ്‌മരണ തീര്‍ച്ചയായും ആവേശകരമാണ്. മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനും സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കുംവേണ്ടി നമുക്ക് പ്രതിജ്ഞയെടുക്കാം.

*****

കെ മഹേശ്വരന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയല്ല നവോത്ഥാനം. അത് സമൂഹത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന നെടിയ ഒരു പ്രക്രിയാപരമ്പരയാണ്. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ നവോത്ഥാനവും അങ്ങനെ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ പുത്തന്‍ ഉണര്‍വായിരുന്നു കേരള നവോത്ഥാനത്തിന്റെ കാതല്‍. ജാതിപ്പിശാചിന്റെ കരവലയത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന്റെ ചിത്രമാണ് അന്ന് എങ്ങും കാണാനുണ്ടായിരുന്നത്. പട്ടിക്കും പൂച്ചക്കും ഇഷ്ടംപോലെ നടക്കാവുന്ന വഴിയില്‍ക്കൂടിപ്പോലും ചില മനുഷ്യര്‍ക്ക് നടന്നുകൂടാത്ത അവസ്ഥ. ചിലരെന്ന് പറഞ്ഞാല്‍ എണ്ണത്തില്‍ കുറഞ്ഞവരെന്നല്ല അര്‍ഥം; സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന, പാടത്തും പറമ്പിലും പണിയെടുത്ത് ജനതയ്‌ക്കാകെ ഉണ്ണാന്‍ ഉണ്ടാക്കുന്ന അധഃസ്ഥിതരായിരുന്നു അവര്‍. അവരെക്കുറിച്ചാണ് മഹാകവി കുമാരനാശാന്‍ പാടിയത്:

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍.

അത്തരക്കാരുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ട മഹാനാണ് അയ്യങ്കാളി. അയ്യങ്കാളി പൊതുപ്രവര്‍ത്തനരംഗത്ത് ഇറങ്ങുന്നതിന് മുമ്പുതന്നെ കേരള നവോത്ഥാനത്തിന്റെ നാന്ദി കുറിച്ചുകഴിഞ്ഞിരുന്നു. ഇന്നോളം കേരളത്തിന്റെ ചരിത്രത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലാത്ത ചിലരാണ് അത് ചെയ്തത്. അന്നത്തെ തെക്കന്‍ തിരുവിതാംകൂറില്‍ 1822-23, 1828-30, 1855-59 കാലങ്ങളില്‍ നടന്ന 'മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമര'മായിരുന്നു ഏറെ ശ്രദ്ധേയം. അതിന് ആദ്യകാല നേതൃത്വം വഹിച്ചത് അയ്യാ വൈകുണ്ഠസ്വാമികള്‍ (1809-1851) ആയിരുന്നു.

നവോത്ഥാന പ്രകിയക്ക് പുതിയ മാനം കൈവന്നത് ശ്രീനാരായണ ഗുരുവിന്റെ (1855-1928) രംഗപ്രവേശത്തോടുകൂടിയാണ്. അദ്ദേഹം 1888 ല്‍ അരുവിപ്പുറത്ത് നടത്തിയ ശിവക്ഷേത്രപ്രതിഷ്ഠ ഒരു മഹാസംഭവമായിരുന്നു. തുടര്‍ന്നു 1898 ല്‍ 'അരുവിപ്പുറം ക്ഷേത്രയോഗം' എന്ന പേരില്‍ ഒരു സംഘടന രൂപീകൃതമായി. അതാണ് പിന്നീട് 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗ (എസ് എന്‍ ഡി പി) മായി രൂപാന്തരപ്പെട്ടത്. മഹാകവി കുമാരനാശാന്‍ യോഗത്തിന്റെ സെക്രട്ടറിയും ഗുരു അധ്യക്ഷനുമായി. മൊത്തം സംഘാടനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യചാലകശക്തി ഡോ. പല്പു ആയിരുന്നു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വമ്പിച്ച മുന്നേറ്റം കേരളത്തിലെ എല്ലാ ജാതിമതസംഘടനകളുടെയും ഉല്‍പ്പത്തി വികാസങ്ങള്‍ക്ക് കാരണമായി. പുലയരുടെയിടയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘാടകനും നേതാവും അയ്യങ്കാളി (1863-1941) യായിരുന്നു.

തിരുവനന്തപുരത്തു വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ഗ്രാമത്തിലെ ഒരു പുലയകുടുംബത്തില്‍ 1863 ആഗസ്ത് 28-ാം തീയതി അയ്യന്റെയും മാലയുടെയും മകനായി ജനിച്ച കാളി എന്ന ആണ്‍കുട്ടിയാണ് പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന അയ്യങ്കാളി. അദ്ദേഹം ജനിച്ച കാലത്ത് കേരളത്തില്‍ നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും വിശദീകരിക്കുവാന്‍ ഇവിടെ ഇടം പോരാ.

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല കാര്യം. ഇതിന്റെ ലിങ്ക് ചിത്രകാരന്റെ കമന്റുഭരണിയില്‍ സൂക്ഷിക്കട്ടെ :)