Tuesday, October 21, 2008

മതവും രാഷ്ട്രീയവും

മതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മതങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ഏതു ലക്ഷ്യത്തോടെയാണ്? ഹിന്ദുമതമോ ക്രിസ്തുമതമോ ജൈനമതമോ ഇസ്ലാമോ ഏതു മതവുമാകട്ടെ, മനുഷ്യന്റെ അത്യാഗ്രഹവും പ്രതികാരചിന്തയും ക്രോധവും നിയന്ത്രിക്കുകയും സഹാനുഭൂതിയും സമാധാനവും വളര്‍ത്തുകയുമാണ് അവയുടെ ലക്ഷ്യം.

മതഭ്രാന്തിനും പരസ്പരവിദ്വേഷത്തിനും അക്രമത്തിനും മതം ഉത്തരവാദികളാണോ? ഇവയെല്ലാം മതത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് എതിരാണ് എന്നതാണ് പരമാര്‍ത്ഥം. മതങ്ങള്‍ക്കിടയില്‍ സമാധാനമില്ലെങ്കില്‍ രാഷ്ട്രങ്ങള്‍ കലഹിച്ചുകൊണ്ടേയിരിക്കും എന്നു പറയാറുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍, രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യമില്ലാത്തതുകൊണ്ടാണ് മതങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നത്.

ഇന്നത്തെ ലോകത്തില്‍ സങ്കുചിതതാല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കും പരസ്പരമുള്ള ചൂഷണത്തിനുംവേണ്ടിയാണ് രാഷ്ട്രങ്ങള്‍ നിലകൊള്ളുന്നത്. രണ്ട് ലോകമഹായുദ്ധങ്ങളുടെ ഉദാഹരണമെടുക്കുക. എന്തായിരുന്നു ഈ യുദ്ധങ്ങളിലേക്ക് നയിച്ചത്? മതങ്ങള്‍ അവയ്ക്ക് ഉത്തരവാദികളായിരുന്നോ, അതോ കൊളോണിയല്‍ രാഷ്ട്രീയതാല്പര്യങ്ങളായിരുന്നോ ഈ യുദ്ധങ്ങള്‍ക്ക് കാരണമായത്. ദശലക്ഷക്കണക്കിനാളുകള്‍ ഈ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍മാത്രം രണ്ടുകോടിയില്‍പ്പരം ജനങ്ങളാണ് കൊലചെയ്യപ്പെട്ടത്. ആരാണ് ഇതിനുത്തരവാദി? സംശയംവേണ്ട- കൊളോണിയല്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ തന്നെ. അവ ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്പത്തുമുഴുവന്‍ കൊള്ളയടിക്കാന്‍ ആഗ്രഹിച്ചു. ഈ കൊളോണിയല്‍ യുദ്ധങ്ങള്‍ക്ക് മതവുമായി വാസ്തവത്തില്‍ യാതൊരു ബന്ധവുമില്ല. ഇവയ്ക്കുള്ള കാരണങ്ങള്‍ സങ്കീര്‍ണ്ണമാണ്. യാഥാര്‍ത്ഥ്യം പലപ്പോഴും പുറമെ കാണുന്നതില്‍നിന്ന് ഭിന്നമാണ്. പലരും കരുതുന്നതുപോലെയോ നടിക്കുന്നതുപോലെയോ മതമല്ല മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തയ്ക്ക് അവന്റെ പ്രവൃത്തികളെ നിര്‍ണ്ണയിക്കുന്നതില്‍ മതവിശ്വാസങ്ങളെക്കാള്‍ വലിയ പങ്കാണുള്ളത്.

എല്ലാ മതങ്ങളും സത്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍ മതവിശ്വാസികളായ എത്രപേര്‍ അതിനനുസരിച്ച് പെരുമാറുന്നുണ്ട്. നമ്മിലെത്രപേര്‍ സത്യം മുറുകെപിടിക്കുന്നുണ്ട്. നമ്മള്‍ സത്യസന്ധരാണെന്നല്ല, സ്വാര്‍ത്ഥരാണെന്നാണ് പറയേണ്ടത്. സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന യഥാര്‍ത്ഥ ശക്തികളെ നമ്മള്‍ തിരിച്ചറിഞ്ഞേപറ്റൂ. മതമാണെന്തിനും കാരണം എന്ന തെറ്റിദ്ധാരണ നമ്മെ നയിച്ചുകൂട. മതമേതുമായിക്കൊള്ളട്ടെ, മനുഷ്യര്‍ക്കിടയില്‍ സ്വാര്‍ത്ഥചിന്തകളില്ലെങ്കില്‍ അവര്‍ക്ക് പരസ്പരം സഹകരിച്ച് സമാധാനമായി ജീവിക്കാം. എന്നാല്‍ ഒരേ മതത്തില്‍പ്പെട്ടവര്‍ക്കിടയില്‍ത്തന്നെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ കടന്നുവരുമ്പോള്‍ ഭിന്നതകള്‍ രൂപപ്പെടുന്നു. സ്വാര്‍ത്ഥതയ്ക്ക് സ്ഥാനമുണ്ടെങ്കില്‍ രണ്ട് ഹിന്ദുക്കള്‍ക്കോ രണ്ട് മുസ്ലീങ്ങള്‍ക്കോ പരസ്പരം സഹകരിച്ച് സമാധാനമായി ജീവിക്കാനാവില്ല. അവര്‍ തമ്മില്‍ ശണ്ഠകൂടും. ഇത്തരത്തിലുള്ള സ്വാര്‍ത്ഥചിന്ത സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങളുമായി ചേരുമ്പോള്‍ അതിന്റെ ഫലം തിക്തമായിരിക്കും. മതത്തെയും രാഷ്ട്രീയത്തെയും പ്രചോദിപ്പിക്കുന്ന ശക്തികളെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കണം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നുള്ള രണ്ട് ഉദാഹരണങ്ങള്‍ ഞാന്‍ പറയാം. മുഹമ്മദലി ജിന്ന പാശ്ചാത്യരീതിയില്‍ വിദ്യാഭ്യാസം നേടിയ ഒരാളായിരുന്നു. ഇസ്ലാംമതത്തിന്റെ ഹരിശ്രീപോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അദ്ദേഹം ഒരിക്കലെങ്കിലും പള്ളിയില്‍ പോയിട്ടുണ്ടാകാനിടയില്ല. അദ്ദേഹമാണ് മതത്തിന്റെ പേരില്‍ ഇന്ത്യയെ രണ്ടു രാഷ്ട്രങ്ങളാക്കി വിഭജിച്ചത്. എന്നാല്‍ മൌലാനാ അബുള്‍കലാം ആസാദ് മഹാനായ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു. അഞ്ചു വോള്യങ്ങളായി ഖുറാന് വ്യാഖ്യാനമെഴുതിയ വ്യക്തിയാണ് മൌലാനാ ആസാദ്. മതവിശ്വാസിയായ ഒരു മഹാപണ്ഡിതന്‍. മതവിശ്വാസിയല്ലാത്ത മുഹമ്മദലി ജിന്ന മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കണമെന്നു വാദിച്ചപ്പോള്‍ മഹാനായ ഇസ്ലാമികപണ്ഡിതനായ അദ്ദേഹം വിഭജനത്തിനെതിരായിരുന്നു. അദ്ദേഹം തന്റെ ഹൈന്ദവസഹോദരന്മാരോടൊത്ത് വിഭജനത്തിനെതിരെ നിലകൊണ്ടു. ഇവരെ രണ്ടുപേരെയും നമുക്ക് താരതമ്യം ചെയ്യാനാവുമോ?

സമാനമായ ഒരു ഉദാഹരണംകൂടി ഞാന്‍ പറയാം- സവര്‍ക്കറും മഹാത്മാഗാന്ധിയും. ഇസ്ലാമിക സമൂഹത്തോട് ജിന്ന ചെയ്തതെന്തോ അതാണ് ഇന്ത്യയിലെ ഹൈന്ദവരോട് സവര്‍ക്കര്‍ ചെയ്തത്. ചുരുക്കം ചില ഘടകങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സവര്‍ക്കറും ജിന്നയെപ്പോലെ ആധുനികനായിരുന്നു. എന്നാല്‍ ഹിന്ദുമതത്തിനുവേണ്ടി വാദിച്ച സവര്‍ക്കര്‍ക്ക് ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ സത്ത എന്തെന്ന് യാതൊരു രൂപവുമുണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയാണെങ്കില്‍ ഭഗവദ്ഗീതയ്ക്ക് വ്യാഖ്യാനമെഴുതുകപോലുമുണ്ടായി. അദ്ദേഹം അടിമുടി ഹിന്ദുവായിരുന്നു. ഗാന്ധിജിയുടെ മതാഭിമുഖ്യമാണ് അദ്ദേഹം അവതരിപ്പിച്ച രണ്ട് മഹാതത്ത്വങ്ങള്‍ക്ക് പിറകിലുള്ളത്. അക്രമരാഹിത്യവും സത്യവും- അഹിംസയും സത്യാഗ്രഹവും. സത്യം മുറുകെപ്പിടിക്കുക എന്നതാണ് സത്യാഗ്രഹം എന്നതിന്റെ അര്‍ത്ഥം. രാഷ്ട്രീയത്തില്‍ നാം സത്യം മുറുകെപിടിക്കുന്നില്ലെങ്കില്‍ അഹിംസ സാധ്യമാവുകയില്ല. ലോകത്തില്‍ സമാധാനം സ്ഥാപിക്കപ്പെടുകയില്ല.

ഗാന്ധിജി പ്രതിനിധീകരിക്കുന്നത് ഹിന്ദുമതത്തിന്റെ മഹനീയതത്ത്വങ്ങളെയും മതചിന്തകളുടെ സാര്‍വ്വലൌകികതയെയുമാണ്. അതുകൊണ്ടാണ് ഖുറാനെക്കുറിച്ച് ശരിയായ അറിവുള്ള ഇസ്ലാമികമതപണ്ഡിതന്മാര്‍ക്ക് മഹാത്മാഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നതില്‍ യാതൊരു പ്രയാസവും തോന്നാതിരുന്നത്. ഗാന്ധിജിയോടൊപ്പം അവരും ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ എതിര്‍ത്തു. മഹാപണ്ഡിതനും യഥാര്‍ത്ഥ മുസല്‍മാനുമായിരുന്ന മൌലാന അബുള്‍കലാം ആസാദിന് ഗാന്ധിജിയെ തന്റെ നേതാവായി അംഗീകരിക്കാന്‍ ഒട്ടും വിഷമമുണ്ടായിരുന്നില്ല. യഥാര്‍ത്ഥ ഇസ്ലാമും യഥാര്‍ത്ഥ ഹിന്ദുമതവും തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല. ഗാന്ധിജി പറഞ്ഞത് സത്യത്തെക്കുറിച്ചും അക്രമരാഹിത്യത്തെക്കുറിച്ചുമാണ്. അടിസ്ഥാനപരമായി നോക്കിയാല്‍ ഇസ്ലാം പഠിപ്പിക്കുന്നതും അതുതന്നെയാണ്. ദൈവം സത്യമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സത്യമാണ് ദൈവം എന്ന് ഗാന്ധി പറഞ്ഞു. ഈ തത്ത്വം അംഗീകരിക്കാത്ത ഒരാളെ യഥാര്‍ത്ഥ മതവിശ്വാസിയെന്ന് വിളിക്കാനാവില്ല. ദേശപരവും വംശപരവും ഭാഷാപരവുമായ എല്ലാ അതിര്‍വരമ്പുകളെയും ലംഘിക്കുന്നതാണ് യഥാര്‍ത്ഥ മതം. എന്റെ അഭിപ്രായത്തില്‍ കാള്‍മാര്‍ക്സ് പോലും തികച്ചും അധ്യാത്മികനായ വ്യക്തിയായിരുന്നു (നിങ്ങള്‍ക്കൊരുപക്ഷേ, ഇതിനോ യോജിക്കാന്‍ കഴിയില്ല). ഇത്തരത്തിലുള്ള എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകൊണ്ടാണ് അദ്ദേഹം നീതിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങള്‍ ആവിഷ്ക്കരിച്ചത്. നീതിയുടെയും എല്ലാ മനുഷ്യര്‍ക്കും തുല്യമായ മാന്യത ലഭ്യമാകുന്ന അവസ്ഥയുടെയും അഭാവത്തില്‍ സമാധാനപൂര്‍ണ്ണമായ ഒരു ലോകം സാധ്യമാവുകയില്ല.

മുതലാളിത്തത്തിന്റെ സഹജസ്വഭാവമായ അത്യാഗ്രഹമാണ് ഈ ലോകത്തെ നശിപ്പിച്ചത്. വാസ്തവത്തില്‍ ഭീകരവാദം തന്നെ എന്താണ്? ഒരുവശത്ത് അത് ലാഭം കുന്നുകൂട്ടുന്നതിനുവേണ്ടിയുള്ള മുതലാളിത്തത്തിന്റെ ആര്‍ത്തിയാണ്. അതിന്റെ മറുപുറമാകട്ടെ പ്രതികാരചിന്തയും ക്രോധവും. ഇതിനൊന്നും ക്രിസ്തുമതവുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല. അമേരിക്കന്‍ മുതലാളിത്തമാകട്ടെ, അറബ് ലോകത്തെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കാനാണ് ശ്രമിക്കുന്നത്. അതിനോടുള്ള പ്രതികരണമായാണ് ഒരു വിഭാഗം മുസ്ലീം യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇതിന്റെയെല്ലാം ഫലം യുദ്ധവും ഭീകരതയും തന്നെ. ഇത്തരത്തിലുള്ള കൊള്ളയും അമിതചൂഷണവും നിലനില്‍ക്കുന്നകാലത്തോളം ലോകത്തൊരിക്കലും സമാധാനം പുലരുകയില്ല. നമുക്ക് നമ്മുടെ അത്യാഗ്രഹവും ക്രോധവും പ്രതികാരചിന്തയും ഉപേക്ഷിക്കാന്‍ കഴിഞ്ഞെങ്കിലേ സമാധാനപൂര്‍ണ്ണമായ ഒരു ലോകം സാധ്യമാവുകയുള്ളൂ.

പാവപ്പെട്ടവരെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിനെതിരായി പ്രവാചകനായ മുഹമ്മദ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് മെക്കയിലെ നാട്ടുമൂപ്പന്മാര്‍ മെദീന ആക്രമിച്ചത്. അവരുടെ മുഹമ്മദിന് യുദ്ധം ചെയ്യേണ്ടിവന്നു. ദരിദ്രര്‍ക്കും വിധവകള്‍ക്കും നിരാലംബര്‍ക്കുംവേണ്ടി സ്വന്തം സമ്പത്ത് വിനിയോഗിക്കാനാണ് മുഹമ്മദ് തന്റെ ശിഷ്യന്മാരെ നിരന്തരം ഉപദേശിച്ചുപോന്നത്. സമ്പത്ത് കുന്നുകൂട്ടുന്നതിനെതിരായ മുഹമ്മദിന്റെ പ്രബോധനം സഹിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ സമാധാനം കെടുത്താന്‍ മെക്കയിലെ നാട്ടുമൂപ്പന്മാര്‍ ശ്രമിച്ചത്. 'നാം നടത്തിയത് ഒരു വിശുദ്ധ യുദ്ധമാണ്' എന്നാണ് അദ്ദേഹം തന്റെ ശിഷ്യന്മാരോട് പറഞ്ഞത്. അതുപോലെ നാം ഓരോരുത്തരും നമ്മോടുതന്നെ ഒരു വിശുദ്ധയുദ്ധം നടത്തേണ്ടതുണ്ട്. നമ്മുടെ അത്യാഗ്രഹത്തിനും ക്രോധത്തിനും പ്രതികാരചിന്തയ്ക്കുമെതിരായ 'ജിഹാദ്'ല്‍ പരാജയപ്പെടുകയാണെങ്കില്‍ നമുക്ക് 'ചെറിയ യുദ്ധങ്ങള്‍' പോലും ജയിക്കാനാവുകയില്ല. രക്തച്ചൊരിച്ചില്‍ മാത്രമായിരിക്കും ഫലം.

രണ്ട് മതങ്ങള്‍ക്കിടയില്‍ (അത് ഏതു മതവുമാകട്ടെ) എവിടെയാണിത്ര വ്യത്യാസം? 'സമാധാനത്തിന്റെ രാജകുമാരന്‍' എന്നാണ് നമ്മള്‍ ക്രിസ്തുവിനെ വിളിക്കുന്നത്. ക്രിസ്തു പ്രതിനിധീകരിച്ചത് സമാധാനത്തെയാണ്. ഇസ്ളാമിലാകട്ടെ, ഇസ്ളാമെന്ന വാക്കില്‍ത്തന്നെ സമാധാനമെന്ന ആശയമുണ്ട്. ഇസ്ലാം നിലകൊള്ളുന്നതുതന്നെ സമാധാനത്തിനുവേണ്ടിയാണ്. അതിനൊരു സ്ഥാപകനില്ല. ഇസ്ലാം ഏതെങ്കിലും ഒരു സ്ഥാപകന്റെ പേരില്‍ അറിയപ്പെടുന്ന മതമേയല്ല. എന്നാല്‍ ഇസ്ലാമിക ചരിത്രത്തില്‍ എവിടെയും രക്തച്ചൊരിച്ചില്‍ മാത്രമേ കാണാനുള്ളൂ. എന്നാല്‍ മതമല്ല ഈ രക്തച്ചൊരിച്ചിലുകള്‍ക്കും അക്രമങ്ങള്‍ക്കും കാരണം. നമ്മുടെതന്നെ സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും പ്രതികാരചിന്തയ്ക്കും എതിരായ യുദ്ധം നാം ജയിക്കുന്നില്ലെങ്കില്‍ നമുക്കൊരിക്കലും ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുകയില്ല. മുസ്ലീങ്ങള്‍ മാത്രമല്ല ലോകത്തിലെ എല്ലാ മതക്കാരും തങ്ങളോടുതന്നെയുള്ള ഈ യുദ്ധത്തില്‍ പരാജയപ്പെടുകയാണ്. സ്വന്തം അത്യാഗ്രഹത്തെയും പ്രതികാരചിന്തയെയും മറികടക്കുന്നതില്‍ മതവിശ്വാസികള്‍ വിജയിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ ചിത്രം വ്യത്യസ്തമാകുമായിരുന്നു. അതിനു കഴിയാത്ത വിശ്വാസികള്‍ യഥാര്‍ത്ഥ വിശ്വാസികളാണെന്ന് പറയാനാവില്ല. ഖുറാന്‍ വിശ്വാസികളുടെ ഈ ഗുണത്തെ പരമപ്രധാനമായാണ് കാണുന്നത്.

ഖുറാന്‍ പ്രോത്സാഹിപ്പിച്ച മഹത്തായ മൂല്യങ്ങള്‍ എന്തൊക്കെയാണ്? നീതി, സഹാനുഭൂതി, ഭൂതദയ, വിവേകം. അവയെ സാക്ഷാല്‍ ദൈവത്തിന്റെ പര്യായങ്ങളായാണ് ഖുറാന്‍ അവതരിപ്പിക്കുന്നത്. ഇസ്ളാം മതവിശ്വാസികളില്‍ എത്രപേര്‍ ഈ മൂല്യങ്ങള്‍ ശരിയായി സ്വാംശീകരിച്ചിട്ടുണ്ട്? എന്തിനാണ് ഭീകരവാദികള്‍ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നത്? പ്രതികാരത്തിനുവേണ്ടിയോ? ബുഷിനോടോ നരേന്ദ്രമോഡിയോടോ പ്രതികാരം ചെയ്യാന്‍ നിരപരാധികളെ കൊന്നൊടുക്കിയിട്ട് എന്തുകാര്യം. അത് നീതിയാണോ? കഷ്ടപ്പെടുന്ന മനുഷ്യരോട് അവര്‍ക്ക് സഹാനുഭൂതി ഇല്ല. ഭീകരപ്രവര്‍ത്തനം മതത്തിന്റെ സൃഷ്ടിയല്ല. അത് ഒരു രാഷ്ട്രീയ പ്രതികരണമാണ്. അതൊരു ശരിയായ പ്രതികരണവുമല്ല. രാഷ്ട്രീയതാല്പര്യങ്ങളാല്‍ വഴിതെറ്റിക്കപ്പെട്ടവരുടെ പ്രതികരണമാണത്. മനുഷ്യജീവനുതന്നെ അത് വിനാശകരമാണ്. ഇസ്ളാം മതത്തില്‍ മതവും രാഷ്ട്രീയവുമായുള്ള വേര്‍തിരിവ് അസാധ്യമാണെന്ന വാദം ശരിയല്ല. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടംനേടുമ്പോള്‍, യഥാര്‍ത്ഥമതം പഠിപ്പിക്കുന്നത് അത്തരം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ്. അവയുടെ തനത് രൂപത്തിലല്ലാതെ രാഷ്ട്രീയത്തിനും മതത്തിനും ഒത്തുപോകാന്‍ കഴിയില്ല. മതവും രാഷ്ട്രീയവും കളങ്കിതമല്ലെങ്കില്‍ അവയ്ക്കിടയില്‍ ഇന്നുകാണുന്ന വൈരുദ്ധ്യങ്ങള്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. മതവും രാഷ്ട്രീയവും പരസ്പരം വേര്‍തിരിക്കാനാവാത്ത കാര്യങ്ങളാണെന്ന ഒരു സിദ്ധാന്തം ഇസ്ലാമിലില്ല. പല മുസ്ലീങ്ങളും തെറ്റിദ്ധരിച്ചിട്ടുള്ളത് മതവും രാഷ്ട്രീയവും ഒന്നുതന്നെയാണെന്ന് ഖുര്‍ ആന്‍ പഠിപ്പിക്കുന്നതായാണ്. യാതൊരു ഭരണകൂടസങ്കല്പവും ഖുറാന്‍ മുന്നോട്ടുവയ്ക്കുന്നില്ല.

ഭരണകൂടരൂപത്തെപ്പറ്റി ഖുറാന്‍ ഒന്നുംതന്നെ പറയുന്നുമില്ല. ഏതുതരത്തിലുള്ള സമൂഹമാണ് നമുക്ക്വേണ്ടത് എന്നുമാത്രമേ ഖുറാന്‍ നിര്‍ദ്ദേശിക്കുന്നുള്ളൂ. മേല്‍പ്പറഞ്ഞ നാല് അടിസ്ഥാനമൂല്യങ്ങള്‍ പുലരുന്നതായിരിക്കണം സമൂഹം എന്നതാണ് ഖുറാന്‍ നല്‍കുന്ന പ്രബോധനം. ഭരണകൂടരൂപമല്ല സമൂഹമാണ് കാര്യം. ഭരണകൂടത്തിന്റെ രൂപം കാലത്തിനൊത്ത് മാറിക്കൊണ്ടേയിരിക്കുന്നു. എല്ലാകാലത്തേക്കും സ്വീകാര്യമായ ഒരു ഭരണകൂടരൂപവും ഇല്ലതന്നെ. ഏറ്റവും മികച്ച ഭരണകൂടരൂപമായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത് ജനാധിപത്യമാണ്. എന്നാല്‍ ജനാധിപത്യത്തിലെത്തുന്നതിനുമുമ്പ്, ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ, അനേകം രൂപമാറ്റങ്ങള്‍ക്ക് വിധേയമായതാണ് ഭരണകൂടം. മൌലാനാ അബുള്‍കലാം ആസാദിനെപ്പോലുള്ള മഹാന്മാരായ ഇസ്ലാമികപണ്ഡിതന്മാര്‍ ഇക്കാര്യം അംഗീകരിച്ചതാണ്. മതേതരജനാധിപത്യം അവര്‍ക്ക് അസ്വീകാര്യമായി തോന്നിയില്ല. മുഹമ്മദലി ജിന്നയെപ്പോലുള്ള 'ആധുനിക'രാണ് ദ്വിരാഷ്ട്രവാദം അവതരിപ്പിച്ചത്. 1940 മാര്‍ച്ച് 23 ന് ജിന്ന ദ്വിരാഷ്ട്രസിദ്ധാന്തം മുന്നോട്ടുവച്ചപ്പോള്‍ ഇന്ത്യയിലെ പ്രഗല്‍ഭരായ മുസ്ലീം മതപണ്ഡിതന്മാര്‍ മുഴുവന്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. ഇസ്ലാം മതം വിശാല ദേശീയ (Composit Nationalism) തയ്ക്ക് എതിരല്ല. വിശാലദേശീയതയ്ക്കും മതേതരജനാധിപത്യത്തിനും അനുകൂലമായ ഹദീസുകളും ഖുറാന്‍ സൂക്തങ്ങളും അക്കാലത്ത് എടുത്തുകാട്ടപ്പെടുകയുണ്ടായി.

എല്ലാ പൌരന്മാര്‍ക്കും തുല്യാവകാശമെന്നത് ഇന്ത്യന്‍ ഭരണഘടന അതിന്റെ മൌലികതത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ്. മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മതപരമല്ല, രാഷ്ട്രീയമാണ്. സ്വാര്‍ത്ഥതയുടെയും സങ്കുചിതത്വത്തിന്റെയും രാഷ്ട്രീയമാണ്, മതമല്ല, ഈ വിവേചനത്തിനടിസ്ഥാനം. നമ്മുടെ രാഷ്ട്രീയം ഭരണഘടനാമൂല്യങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ളതാണെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും ഇവിടെ സുരക്ഷിതരായിരിക്കും. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുകയും വളര്‍ച്ചയ്ക്കനുകൂലമായ സാഹചര്യം പുലരുകയും ചെയ്യും. എന്നാല്‍ നാം നമ്മുടെ ഭരണഘടനാമൂല്യങ്ങളെ ശരിയാംവണ്ണം പിന്തുടരുന്നില്ല. നമ്മുടെ രാഷ്ട്രീയജീവിതത്തെ നിയന്ത്രിക്കുന്നത് സ്വാര്‍ത്ഥരാഷ്ട്രീയതാല്പര്യങ്ങളാണ്.

എല്ലാ മതങ്ങള്‍ക്കും ബാധകമായ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തില്‍ പറയുകയുണ്ടായി. ആ അടിസ്ഥാന മൂല്യങ്ങളാണ് ഏറ്റവും പ്രധാനം. സത്യം, സ്നേഹം, സമത്വം, നീതി, സഹാനുഭൂതി, മനുഷ്യന്റെ മാന്യത, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിലുള്ള മനസ്സലിവ് എന്നിവയാണവ. ഏതെങ്കിലും മതം ഇവയ്ക്കെതിരെ സംസാരിക്കുന്നുണ്ടോ? മതങ്ങള്‍ ഈ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയാണെങ്കില്‍ രാഷ്ട്രീയത്തിനും മതത്തിനുമിടയില്‍ യാതൊരുവിധ വൈരുദ്ധ്യവും നിലനില്‍ക്കേണ്ടതില്ല. എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ നാം ഇന്ന് കാണുന്നത്. ഇത് രാഷ്ട്രീയത്തിന്റെ തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്. രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ട് മതങ്ങള്‍ക്ക് കഴിയുന്നില്ല? എത്ര മതപുരോഹിതന്മാര്‍ തങ്ങളുടെ മതം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ മതത്തിന്റെപേരില്‍ ജനങ്ങളെ സ്വാധീനിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ എത്രപേര്‍ പ്രതികരിക്കുന്നുണ്ട്?

നാം എല്ലാം കണ്ടുകൊണ്ട് വെറുതെ കീഴടങ്ങിക്കൊടുക്കുന്നതേയുള്ളൂ. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ ചൂഷണം തുടരുന്നത് ഈ നിസംഗത ഉപയോഗപ്പെടുത്തിയാണ്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിനും മതങ്ങളുടെ ദുരുപയോഗങ്ങള്‍ക്കുമെതിരെ വ്യത്യസ്ത മതക്കാരായ നാം ഒരുമിച്ചു ശബ്ദമുയര്‍ത്തണം.

*

അസ്‌‌ഗര്‍ അലി എഞ്ചിനീയര്‍, കടപ്പാട്: യുവധാര

16 comments:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ മതങ്ങള്‍ക്കും ബാധകമായ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തില്‍ പറയുകയുണ്ടായി. ആ അടിസ്ഥാന മൂല്യങ്ങളാണ് ഏറ്റവും പ്രധാനം. സത്യം, സ്നേഹം, സമത്വം, നീതി, സഹാനുഭൂതി, മനുഷ്യന്റെ മാന്യത, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിലുള്ള മനസ്സലിവ് എന്നിവയാണവ. ഏതെങ്കിലും മതം ഇവയ്ക്കെതിരെ സംസാരിക്കുന്നുണ്ടോ? മതങ്ങള്‍ ഈ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയാണെങ്കില്‍ രാഷ്ട്രീയത്തിനും മതത്തിനുമിടയില്‍ യാതൊരുവിധ വൈരുദ്ധ്യവും നിലനില്‍ക്കേണ്ടതില്ല. എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ നാം ഇന്ന് കാണുന്നത്. ഇത് രാഷ്ട്രീയത്തിന്റെ തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്. രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ട് മതങ്ങള്‍ക്ക് കഴിയുന്നില്ല? എത്ര മതപുരോഹിതന്മാര്‍ തങ്ങളുടെ മതം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ മതത്തിന്റെപേരില്‍ ജനങ്ങളെ സ്വാധീനിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ എത്രപേര്‍ പ്രതികരിക്കുന്നുണ്ട്?

ഹാരിസ് said...

well said

Anonymous said...

മതം നോക്കിയാണൂ കമ്യൂണിസ്റ്റുകാരും സ്ഥാനാറ്‍ഥികളെ നിറ്‍ണ്ണയിക്കുന്നത്‌, കോയമ്പത്തൂറ്‍ ബോംബു കേസില്‍ ശിക്ഷിക്കാതിരുന്നു എന്നതുകൊണ്ട്‌ മദനി നിരപരാധി ആകുന്നില്ല അയാളാണൂ അതിനെല്ലാം പിന്തുണ കൊടുത്തതെന്നു എല്ലവറ്‍ക്കും അറിയാം എന്നാലും പൊന്നാനി സീറ്റു മറിക്കാന്‍ ഇപ്പോള്‍ മദനിയെ എഴുന്നള്ളിക്കുന്നതു മതം നോക്കിയല്ലേ കണ്ണൂറ്‍ കോണ്‍ഗ്രസിണ്റ്റെ കുത്തക സീറ്റു പിടിച്ചെടുക്കാന്‍ അബ്ദുള്ളക്കുട്ടിയെ ഇറക്കി ഇസ്ളാം കാറ്‍ഡ്‌ കളീച്ചതാരു, ആലപ്പുഴ സീറ്റില്‍ സുധീരനെ മറിക്കാന്‍ കത്തോലിക്കനെ സ്വതന്ത്റനാക്കി നിറ്‍ത്തിയതാര്‍? ചത്ത കുതിരയാക്കി നെഹ്റു തള്ളിയ ലീഗിനെ മലപ്പുറം ജില്ല ഉണ്ടാക്കി പുനറ്‍ ജീവിപ്പിച്ചതാരു? മതവും ജാതിയും എല്ലാം നോക്കിയാണൂ കമ്യൂണിസ്റ്റുകാറ്‍ പഞ്ചായത്തില്‍ പോലും ആളെ നിറ്‍ത്തുന്നത്‌, ആദ്യം നിങ്ങള്‍ മാത്റ്‍ക കാണിക്കു, ഞങ്ങള്‍ പിന്തുടരാം

sajan jcb said...

nicely written

മതത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കരുത് എന്ന ആശയം പ്രായോഗികമാണോ?

Unknown said...

എന്തിന് കൊയംബതുര്‍ സ്ഫോടനം മാത്രം,ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഒറ്റുകൊടുത്തു, ഹിസ്ബുള്‍ മുജതിര്‍ നേതാവിനെ രാജ്യത്തെ ഒരു കാബിനെറ്റ്‌ മന്ത്രി(ജസ്വന്ത് സിംഗ്) അകമ്പടി സേവിച്ചു ഭീകരരുടെ മാളത്തില്‍ കൊണ്ടു കൊടുത്തതും കൂട്ടിവായിക്കാം.എന്തിന്?വലിയ രാജ്യസ്നേഹികള്‍ ആണ് പോലും...നാണം ഉന്റെന്കില്‍ മുന്നിലും പിന്നിലും പൊത്തിപ്പിടി ആരുഷി..അബ്ദുള്ള കുട്ടിയെ ഇറക്കിയോ, ഓ അവര്‍ കപട മതെതരാര്‍ അല്ലെ, ശുദ്ധ പശുവിന്‍ പാല്‍ കോമണ്‍ സിവില്‍ കോഡ് കാര്‍ ചെയ്തതെന്താ കഴിഞ്ഞ ലോകസഭ ഇലക്ഷന് മുമ്പു, ഉത്തരേന്ത്യന്‍ ഒത്തു പള്ളി മാഷന്മാര്‍ക്കു ഖജനാവില്‍ നിന്നു കാശ് കൊടുക്കാന്‍ വാഗ്ദാനം..ആര് വാഗ്ദാനിച്ചു..സാക്ഷാല്‍ വാജ്‌പേയി ജി ജി ജി.പച്ച തലപ്പവോക്കെ വച്ചു ഡല്ഹി ഇമാമിന്റെ കൂടെ ഒരു സല്‍ക്കാരവും..(സംശയമുന്ടെന്കില്‍ അക്കാലത്തെ പത്രം ഒന്നു മരിച്ചു നോക്ക്).പിന്നെ ഗാന്ധിയന്മാരുറെ കാര്യം പറഞ്ഞാല്‍ വായ് നാറും...സൊ ദീര്ഘിപ്പിക്കുന്നില്ലാ. കംമ്യുനിസ്ടുകലോടോപ്പം ഈ മഹാ രാജ്യസ്നേഹം പോട്ടിയോളിക്കുന്നവരോടും മാതൃകയാവാന്‍ പറയു, അതല്ലേ അതിന്റെ ഒരു ശരി,aarushi..

ജിവി/JiVi said...

"എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ നാം ഇന്ന് കാണുന്നത്. ഇത് രാഷ്ട്രീയത്തിന്റെ തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്. രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ട് മതങ്ങള്‍ക്ക് കഴിയുന്നില്ല? എത്ര മതപുരോഹിതന്മാര്‍ തങ്ങളുടെ മതം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ മതത്തിന്റെപേരില്‍ ജനങ്ങളെ സ്വാധീനിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ എത്രപേര്‍ പ്രതികരിക്കുന്നുണ്ട്?"

എന്നല്ല, മതപുരോഹിതന്മാരാണ് തങ്ങളുടെ കച്ചവടതാല്പര്യങ്ങള്‍ക്കായി രാഷ്ട്രീയത്തിലേക്ക് ഇടപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കുന്നത്. കുറച്ച് കാലം മുമ്പ് വരെ പരോക്ഷമായിട്ടാണെങ്കില്‍ ഇപ്പോഴത് നേരിട്ട് തന്നെയായിട്ടുണ്ട്. ഹിന്ദു മതത്തിലാണെങ്കില്‍ വിവിധ സമുദായ സംഘടനാ നേതാക്കള്‍ക്കാണ് ഈ റോള്‍. മത-ആത്മീയ-സമുദായ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി സാധ്യമായത്രയും അകലം പാലിക്കണം. തിരിച്ച് രാഷ്ട്രീയ നേതാക്കളും. അല്ലെങ്കില്‍ അങ്ങനെയുള്ളവരെ മാത്രമെ ഈ രണ്ടുരംഗത്തും നേതൃനിരയില്‍ നിര്‍ത്തുകയുള്ളൂ എന്ന് ജനം തീരുമാനിക്കണം. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും അണികള്‍-അനുയായികളോട് തന്നെയാണ് പറയുന്നത്.

Anonymous said...

അത്‌ ശരിതന്നെ അവന്‍മാരെയും ചേറ്‍ത്തു തന്നെ, പക്ഷെ അവന്‍മാറ്‍ക്കീ ജാഡയില്ല എല്ലാം മറയില്ലതെ തന്നെ, കോണ്‍ ഗ്രസുകാരണ്റ്റെ മോട്ടൊ ഞാന്‍ കക്കും നീയും വീണേല്‍ കട്ടൊ, ഞാന്‍ പെണ്ണു പിടിക്കും നീയും വേണേല്‍ പിടിച്ചോ , ഞാന്‍ മദ്യപിക്കും നീയും വേണേല്‍ അടിച്ചോ,തീറ്‍ന്നു ഹസ്സണ്റ്റെയും എം ഐ ഷാനവസിണ്റ്റെയും ഒക്കെ പരിപാടി കമ്യൂണിസ്റ്റ്‌ അതല്ലല്ലോ വെല്‍ ഡിഫൈന്‍ഡ്‌ റൂള്‍സ്‌ ഉണ്ട്‌ പക്ഷെ വാക്കും പ്റവറ്‍ത്തിയും തമ്മില്‍ പൊരുത്തമേതും ഇല്ലാത്തവരായതു കൊണ്ടൂം ഗീബത്സു കളിക്കുന്നതുകൊണ്ടൂം കമ്യൂണിസ്റ്റുകാരെ പറഞ്ഞൂന്നെ ഉള്ളു, ആരുഷി ആറ്‍ എസ്‌ എസ്‌ കോണ്‍ഗ്രസ്‌ അല്ലേയല്ല നിങ്ങളുടെ ഒപ്പം ഉണ്ട്‌, ബീ ജേപീയും മുസ്ളീം ലീഗും തനി വറ്‍ ഗീയം തന്നെയല്ലോ , അപ്പോള്‍ വറ്‍ ഗീയത ഇല്ലാത്തവര്‍ എവിടെ പോകണം എവിടെയും ഇടമില്ല പള്ളീലും മണിയടി പള്ളിക്കുടത്തിലും മണിയടി എന്നു പറഞ്ഞപോലെ

തറവാടി said...

very good.

Baiju Elikkattoor said...

ആരുഷി, ഈ പോസ്റ്റ് കേരളത്തിലെ LDF / UDF രാഷ്ട്രീയത്തെ പറ്റിയണെന്നാണോ താങ്കള്‍ മനസിലാക്കിയത്! കൊള്ളാം.

Unknown said...

ഓ, ശാനവാസിനും ഹസ്സനും ചെന്നിതലക്കുമൊക്കെ ജാടയില്ലാത്തത് പൊക്കിനോക്കി വന്നിരിക്കുഅല്ലേ ഒരു ജാടയില്ലാത്ത ആരുഷി, അതും well defined റൂള്‍ "ഇല്ലാത്തതിനാല്‍".
അതെന്താ ഈ'വെല്‍ ഡി ഫയ്ന്‍'. ജാടയില്ലാതവര്‍ക്ക് കട്ടാലും,പിടിച്ചാലുമോന്നും IPC ബാധകമല്ലല്ലോ, ഇങ്ങനെ ഉയര്ന്ന നിലവാരത്തില്‍ ideology പറഞ്ഞാല്‍ ഒരു ഉമ്മ വച്ചു തരും.

Baiju Elikkattoor said...

"...ഇങ്ങനെ ഉയര്ന്ന നിലവാരത്തില്‍ ideology പറഞ്ഞാല്‍ ഒരു ഉമ്മ വച്ചു തരും."


HA HA HA

Anonymous said...

കേരള യൂണിവേറ്‍സിറ്റി അസിസ്റ്റണ്റ്റ്‌ നിയമനം തന്നെ ഉദാത്തമായ ഉദാഹരണം , കയ്യോടെ പിടിച്ചു, ലോകായുക്ത എല്ലവരെയും പിരിച്ചുവിടാന്‍ പറഞ്ഞു ഇന്നേവരെ ഗവണ്‍മണ്റ്റ്‌ ഒരു നടപടിയും എടുക്കാതെ മണ്ണില്‍ മുഖം പൂഴ്ത്തി ഇരിക്കുകയാണു വിപ്ളവനായകന്‍ വീ എസ്‌ പഠിക്കുന്നതെ ഉള്ളു രണ്ടാം മുണ്ടശേരിക്കും മിണ്ടാട്ടമില്ല എടോ എലിക്കാട്ടൂറേ സീ പീ എം മൂടു താങ്ങികളേ ഇങ്ങിനെ ഒരു നഗ്നമായ അഴിമതി അരുണാകരണ്റ്റെയോ ആണ്റ്റണ്ടിയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ കാലത്തു നടന്നിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ കാസറ്‍ഗോഡ്‌ മുതല്‍ പാറശ്ശാല വരെ എത്റ ബസു കത്തിയേനെ, എത്റ ഹറ്‍ത്താലും ബന്ദും നടത്തിയേനേ എടോ നിങ്ങള്‍ക്കൊക്കെ നാണം ഉണ്ടോ ഒരു ടെസ്റ്റ്‌ നടത്തി റിട്ടണ്‍ ടെസ്റ്റില്‍ ആദ്യം വന്നവരൊന്നും ലിസ്റ്റില്‍ ഇല്ല പകരം സിന്ധു ജോയിയുടെ മച്ചമ്പിയും ശിവങ്കുട്ടീടെ ശെഷക്കാരനും കൂട്ടത്തില്‍ കമ്പര നാരായണണ്റ്റെ മോളും ഉണ്ട്‌, ഇണ്റ്ററ്‍ വ്യൊവിണ്റ്റെ പേപ്പറ്‍ ഇല്ല, മാറ്‍ ക്കു ലിസ്റ്റ്‌ ഇല്ല, അയച്ച കടലാസില്ല എടോ ഇതില്‍ കൂടുതല്‍ കള്ളം ഇനി എന്തു നടക്കാനുണ്ട്‌? ഉളൂപ്പുണ്ടോ നിങ്ങള്‍ക്കു? താനൊക്കെ ആണൂ ഈ പരീക്ഷ എഴുതിയതെന്നു വയ്ക്കു, സഹിക്കുമോ ഈ നഗ്ന തെമ്മാടിത്തം?

Unknown said...

ഏത് അഭിവന്ദ്യ മൂടും താങ്ങിക്കോ,ബട്ട് ചുറ്റും നടക്കുന്നത് കാണുവാ കേക്കുക.ഈ അസിസ്റ്റന്റ് നിയമനത്തിന് അരുഷ്യെ പരുഷ നടത്തിയതും,ആളെ വിളിച്ചതുമെല്ലാം'ജാടയില്ലാത്ത'യു.ഡി.എഫ് ആണല്ലോ പൊന്നെ,പിന്നെ ചാണ്ടി അച്ചായന്റെ സെക്രട്ടറി കംബര നാരാണന്‍ അണ്ണന്റെ മക്കളൊക്കെ ലിസ്ടിലുണ്ടല്ലോ.അതല്ലേ അത്യാവശ്യം സീല്‍ക്കാരവും,ഓരിയിടലും മാത്രം നടത്തി മുണ്ടാടിരിക്കുന്നെ,സിദ്ധിക്കന്മാരും,യുവ മോര്ച്ചരിക്കാരും ഒക്കെ.ഇനി താനൊന്നു മഞ്ജേശ്വരം മുതല്‍ പാറശാല വരെ നടന്നു ഒന്നു കുലുക്കി നോക്ക് കേട്ടോ,അരുഷ്യെ..

Santosh said...

വായിച്ചു വന്നപ്പോ ഒരു സംശയം. ഇനിയിപ്പോ ഞാന്‍ വായിച്ച പോസ്റ്റും കമന്റും ഒക്കെ വെവ്വേറെ ആണോ എന്ന്... സംശയം തീര്‍ക്കാന്‍ വീണ്ടും വായിച്ചു....

പ്രിയ ഫോറം; താങ്കള്‍ ഈ പറഞ്ഞതിന്ടെ കൂടെ ഒന്ന് കൂടി ചേര്‍ക്കണം - താങ്കളുടെ അഭിപ്രായം അഥവാ കാഴ്ചപാട് എന്ന്. ഉറക്കെ പറഞ്ഞത് കൊണ്ട് അത് സത്യമാവില്ല!

വര്‍ഷങ്ങള്‍ ആയി നിലനിന്നു പോരുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ ആണ് വര്‍ഗീയതയും കൊളോണിയല്‍ രാഷ്ട്രീയ താല്പര്യങ്ങളും. ഇതിനെ രണ്ടും വേറിട്ട്‌ കാണാന്‍ പറ്റില്ല എന്നാണു എന്റെ "അഭിപ്രായം". മതം/വര്‍ഗീയത ഒരു പ്രശ്നം തന്നെ ആണ്. അതിനെ ഒരു theory/textbook version ആയി മാത്രം കണ്ടാല്‍ മാത്രമേ താങ്കള്‍ പറഞ്ഞതിനോടൊക്കെ യോജിക്കാന്‍ പറ്റുകയുള്ളൂ.

".....ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്...."
മാഷേ, അതുതന്നെയല്ലേ രാഷ്ട്രീയത്തിനു പറ്റിയ അപചയവും? എന്തുകൊണ്ടാണ് ഇന്ന് ഒരു സാധാരണക്കാരന്‍ രാഷ്ട്രീയക്കാരനെ കണ്ടാല്‍ ചൂലെടുക്കുന്നത്? (ഒരു അതിശയോക്തി ആണേ...) ഒരു മുറുമുറുപ്പോടെ അല്ലാതെ ഒരു രാഷ്ട്രീയക്കാരനോട് സഹകരിക്കുന്ന ഒരു സാധാരണക്കാരനെ ഞാന്‍ കണ്ടിട്ടില്ല... എന്റെ മാതാപിതാക്കളുടെ ചെറുപ്പക്കാലത്ത് ഉണ്ടായിരുന്ന നേതാക്കന്മാരെ, അവര്‍ ഏത് പ്രത്യയശാസ്ത്രതിന്ടെ വക്താക്കള്‍ ആണെന്കിലും പ്രത്യാശയോടെ ആണ് ജനങ്ങള്‍ നോക്കി കണ്ടിരുന്നത്‌... (they used to look up to their leaders...) ഇന്നോ?

നേതാക്കന്മാരില്‍ പ്രതീക്ഷ അര്‍പ്പിച്ചുട്ടു കാര്യമില്ലെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായി... അതുകൊണ്ട് ജനങ്ങള്‍ ഭക്തിമാര്‍ഗതിലേക്ക് നീങ്ങാന്‍ തുടങ്ങി... അതിനെക്കാള്‍ നല്ല ഒരു ബിസിനസ് ഇന്നുണ്ടോ? തൃശ്ശൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസില്‍ പോയാല്‍ എത്രയെത്ര ചാത്തന്‍സേവ മഠങ്ങള്‍ കാണാം? ഇന്ന് കൊച്ചു കേരളത്തില്‍ ഉള്ള "retreat center" എത്രയെണ്ണം ആണെന്ന് അറിയാമോ? മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എത്ര "training centers" ഉണ്ടെന്നു അറിയാമോ? ഇത് നമുക്കെല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് അടക്കം.

അവരവരുടെ പ്രവര്‍ത്തന രീതികള്‍ പരിഷ്കരിച്ച് ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാന്‍ നോക്കാതെ നമ്മുടെ രാഷ്ട്രീയക്കള്‍ ഇവര്‍ക്ക് പിണിയാളുകള്‍ ആയി. അവര്‍ വോട്ടുബാങ്ക് ആയി. അതുകൊണ്ട് മതത്തിനെ മാത്രം കുറ്റം പറയുന്നതിനോട് തീരെ യോജിക്കാന്‍ കഴിയില്ല.

വര്‍ഗീയത ഒരു വലിയ വിഷം ആണ്. ഒരു തുള്ളി മനസ്സില്‍ വീണാല്‍, തിരിച്ചു വരവ് അസാധ്യം. അതിനെ മുതലെടുത്ത രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോള്‍ മുതലക്കനീര്‍ ഒഴുക്കാന്‍ ഒരു അവകാശവും ഇല്ല.

അപ്പൊ പറഞ്ഞു വന്നത്... ഇതുപോലെ സങ്കീര്‍ണമായ ഒരു സാമൂഹ്യ വിപത്ത്തിന്ടെ ഉത്തരവാദിത്വം മതത്തിന്റെ തലയില്‍ കെട്ടി വെച്ചിട്ട് രക്ഷപെടാന്‍ ഒരു രാഷ്ട്രീയക്കാരന്റെയും മനസ്സാക്ഷി അനുവദിക്കില്ല.

മതനേതാക്കള്‍ + കൊളോണിയല്‍ ശക്തികള്‍ + രാഷ്ട്രീയ ഹിജടകള്‍ = ഇന്നത്തെ സമൂഹ വിപത്ത്!

Srivardhan said...

സന്തോഷ് താങ്കള്‍ പറഞ്ഞ ചില വസ്തുതകലോടു യോജിക്കുമ്പോള്‍ തന്നെ വിയോജിപ്പുകളും പ്രകടിപ്പിച്ചു കൊള്ളട്ടെ,സമീപ കാലത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ ഒരു വിഷന്‍ statement അഥവാ ഫാഷന്‍ ലോഗോ താന്കലുറെ അഭിപ്രായരൂപതിലാ,"എന്‍റെ മാതാപിതാക്കളുടെ ചെറുപ്പക്കാലത്ത് ഉണ്ടായിരുന്ന നേതാക്കന്മാരെ, അവര്‍ ഏത് പ്രത്യയശാസ്ത്രതിന്ടെ വക്താക്കള്‍ ആണെന്കിലും പ്രത്യാശയോടെ ആണ് ജനങ്ങള്‍ നോക്കി കണ്ടിരുന്നത്‌.(they used to look up to their leaders.) ഇന്നോ?" ആരായിരിക്കും 'പ്രത്യാശയോടെ' ജനങ്ങള്‍ നോക്കിയവര്‍,കൊണ്ഗ്രെസ്സിലെ C.K.G യും,നെഹാരുവും മനോരമ പത്രം പോലും ഇന്നു supplement ഇറക്കി വിടുന്ന AKG യും EMS ഒക്കെയാവാം..EMS ന്റെ മുഖവും പട്ടിയുടെ ഉടലും വാലും വച്ചു മാതൃഭൂമിയില്‍ കാര്‍ടൂണ്‍ ഉണ്ടായിരുന്നു,അവരൊക്കെ ചില ജന വിഭാഗമ്കലാല് അന്നും ക്രൂരമായി വേരുക്കപ്പെട്ടിരുന്നു,അന്ന്..
എന്തിന് രാഷ്ട്രീയക്കാരെ മാത്രമാക്കണം,അടിയും ഇടിയും കൊണ്ടു,ജയിലില്‍ കിടന്നു നാട് കടത്തപ്പെട്ട, സ്വടെശാഭിമാനി രാമകൃഷ്ണപിള്ളയെ ഓര്‍ക്കുന്നോ, ACറൂമിലിരുന്നു,'ജനപക്ഷ'പേന ഉന്തുന്ന രാഷ്ട്രീയ പിമ്പ് നിലവാരം ഉള്ള മാധ്യമ പ്രവര്തകരല്ലേ മഹാഭൂരിപക്ഷം..ഇനി judiciary ക്ക് പോകാം.അമേരിക്കയിലൊക്കെ ജഡ്ജിമാര്‍ ജനങ്ങളോട് സ്വത്തു വെളിപ്പെടുത്തണമെന്ന് നിയമമുണ്ട്,നമ്മുടെ നാട്ടില്‍ അതില്ല,ഫലമോ,20%judiciary അഴിമാതിക്കാരെന്നാണ്, മര്കന്റെയ കട്ജു പോലുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ പറയുന്നത്.(സ്വയം അഴിമതി രഹിത പരിശുദ്ധി നിലനിര്‍ത്തുക, അല്ലെങ്കില്‍ ഒഴിഞ്ഞുപോകുക എന്ന് ജഡ്ജിമാര്‍ക്ക് ചിഫ് ജസ്റ്റിസ്‌ k.g.ബാലകൃഷ്ണന്‍ സര്കുലര്‍ അയച്ചു എന്ന വാര്ത്ത ഇതിനോട് കൂട്ടി വായിക്കാം) ഏത് മേഖലയിലാണ് ഈ അപചയം ഇല്ലാത്തത്...സുഹൃത്തേ, ഇനിയും നീട്ടിയാല്‍ വിരല്‍ എന്നിലേക്കും നിങ്ങളിലെക്കും നീളും..സ്കോച്ചും നാടനുമോക്കെയടിച്ചു,ഉല്ലസിച്ചു വിപ്ലവം പറയുകയായിരുന്നോ,നമ്മുടെ തൊട്ടു മുന്‍ തലമുറ എന്ന് ആത്മ പരിശോധനയും നല്ലതായിരിക്കും.അപ്പോള്‍ മതം+കൊളോണിയല്‍ ശക്തി+രാഷ്ട്രീയക്കാര്‍ എന്ന് മാത്രം മതിയാവില്ല..മതം,രാഷ്ട്രീയം,കൊളോണിയല്‍ ശക്തി,മീഡിയ, കോടതി...എന്ന് തുടങ്ങി ഞാനും നിങ്ങളുമാടക്കം എന്നാവേണ്ടി വരും,പക്ഷെ അത് വെറും ജനറല്‍ statement അഥവാ subjective statement ആയിപ്പോകില്ലേ.പോക്കെട്ടടിക്കാരന്‍ കള്ളന്‍, കള്ളന്‍ എന്ന് വിളിച്ചു രക്ഷപ്പെടുമ്പോള്‍,അവനെ നോക്കി സമീപത്തെ ചിലരെല്ലാം ചിരിക്കുന്നുണ്ടായിരുന്നു, കരയുന്നുണ്ടായിരുന്നു,എന്നൊക്കെ പറയുന്നതു, കുറ്റവാളിയെ രക്ഷിക്കലാണ്.ഗാന്ധിയും ഗോട്സെയും ഒരേ മതക്കാരും അതുകൊണ്ട് തന്നെ തുല്യ പരിശുദ്ധര്‍ ആണെന്നും,അസാദും ജിന്നയും തമ്മില്‍ അന്തരമില്ലെന്നുമൊക്കെ പറഞ്ഞു വെക്കുന്നതിനു സമമാനത്.
സുഹൃത്തേ,
അതുകൊണ്ട് objective ആകെണ്ടിടത്, objective ആകുക തന്നെ വേണം, മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിലേക്കു തന്നെ വിരല്‍ ചൂന്ടണം..

Santosh said...

@ശ്രീവര്‍ധന്‍
"...മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിലേക്കു തന്നെ വിരല്‍ ചൂന്ടണം.. "

അത് തന്നെ അല്ലെ സുഹൃത്തേ ഞാനും പറഞ്ഞത്? പിന്നെ പഴയകാല രാഷ്ട്രീയക്കാരുടെ പേര് വിവരങ്ങളിലെക്കോ അവരുടെ പ്രവര്‍ത്തന മേഘലയെപറ്റിയോ ആധികാരികമായി പറയാന്‍ ഉള്ള ഒരു അനുഭവ സമ്പത്തു എനിക്കില്ല. അതുകൊണ്ട് ഞാന്‍ അതിലേക്കു കടക്കുന്നില്ല. എന്റെ കാഴ്ച, ഈ നേതാക്കള്‍ സാധാരണക്കാരില്‍ എത്ര വിശ്വാസവും എത്ര സ്വാധീനവും ഉണ്ടാക്കിയിരുന്നു എന്നാണു. അത് ഏത് അളവുകോലില്‍ അളന്നാലും ഇന്നത്തെ നേതാക്കളുടെ ഒരു പടി മുന്നില്‍ തന്നെ നില്‍ക്കും എന്നാണു എന്റെ വിശ്വാസം.

പിന്നെ ഇന്നത്തെ അവസ്ഥക്ക് കാരണം അന്വേഷിച്ചു പോയാല്‍ എല്ലാവര്ക്കും ഒരു പങ്കുള്ളതായി കാണും. ഞാനും നിങ്ങളും അടക്കം. അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ pareto technique ഇല്‍ പറയുന്ന പോലെ, 80 ശതമാനം പ്രശ്നങ്ങളും ഉണ്ടാക്കുന്നത്‌ 20 ശതമാനം കാരണങ്ങള്‍ ആണ് എന്നാണു.

മതനേതാക്കള്‍ + കൊളോണിയല്‍ ശക്തികള്‍ + രാഷ്ട്രീയ ഹിജടകള്‍ --> ആ 20 ശതമാനം കാരണങ്ങളും അവരുണ്ടാക്കുന്ന 80 ശതമാനം പ്രശ്നങ്ങളും ആണെന്നാണ്‌ എനിക്ക് തോന്നുന്നത്.

മറുപടി അയച്ചതിന് നന്ദി.
സന്തോഷ്