Wednesday, July 25, 2007

പലിശനിരക്ക് വര്‍ദ്ധനയുടെ രാഷ്ട്രീയ-അര്‍ത്ഥശാസ്ത്ര തലങ്ങള്‍

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ വീണ്ടും ശ്രദ്ധേയമാകുയാണ്.

പലിശനിരക്ക് വര്‍ദ്ധനയെക്കുറിച്ച് ഏതെങ്കിലും ബാങ്കിന്റെ ബഹുവര്‍ണ്ണ പരസ്യമില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. പ്രത്യക്ഷത്തില്‍ പലിശ കൂടുതലാണെന്നു തോന്നിപ്പിക്കുന്ന, ഒരു തരം മിഥ്യാധാരണ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുകയാണ്. നിരക്കുകള്‍‍ വ്യത്യസ്തമാണെന്നു പ്രഥമദൃഷ്ട്യാ തോന്നും, പക്ഷെ അന്തരം പേരിനു മാത്രം. മച്യൂരിറ്റി കാലാവധിയില്‍ വ്യത്യാസം, കാലാവധിയെത്തുന്നതിനു മുന്‍പ് നിക്ഷേപം പിന്‍‌വലിക്കുന്നതിനുള്ള നിബന്ധനകളില്‍ വ്യത്യാസം ! അങ്ങനെ പലതും.

ചുരുക്കത്തില്‍ ഉപഭോക്താവ് കുഴങ്ങുന്നു.

ഏത് ബാങ്കാണ് നിക്ഷേപത്തിനു കൂടുതല്‍ ആദായം നല്‍കുന്നതെന്നോ, ഏത് നിരക്കാണ് കൂടുതല്‍ ലാഭകരമെന്നോ നിര്‍ണ്ണയിക്കാനാവാതെ ഇടപാടുകാര്‍ ആശയകുഴപ്പത്തിലാവുന്നു. പിന്നെ ബാങ്കുകളിലേക്കൊരു പരിഭ്രാന്തമായ പാച്ചിലാണ്. ചിലര്‍ കാലാവധി എത്തും മുന്‍പേ നിക്ഷേപം പിന്‍‌വലിക്കുന്നു, അതേ ബാങ്കിലോ മറ്റൊരു ബാങ്കിലോ പുതിയ നിക്ഷേപം തുടങ്ങുന്നു.

പലപ്പോഴും നഷ്ടമായിരിക്കും ഫലം. അങ്ങനെ അല്ലെങ്കില്‍ കൂടി ഇതു മൂലം വളരെ കുറഞ്ഞ വര്‍ദ്ധന മാത്രമേ ലഭിക്കൂ എന്നതാണ് വസ്തുത.

അപ്പോള്‍ സ്വാഭാവികമായും ഈ ചോദ്യമുയരുന്നു, എന്തിനാണീ അഭ്യാസമൊക്കെ?

ബാങ്കുകളുടെ നിക്ഷേപത്തിന്റെ കണക്കുകള്‍ പെരുപ്പിച്ചുകാട്ടാനുള്ള ഒരു ചെപ്പടി വിദ്യ? അതോ സമ്പദ് വ്യവസ്ഥയില്‍ നിലവിലുള്ള എക്സ്ട്രാ ലിക്വിഡിറ്റി ആഗികരണം ചെയ്യാനും, അതിലൂടെ ഡിമാന്‍ഡ് സൈഡിലുള്ള അധിക സമ്മര്‍ദ്ദം കുറച്ച് പണപ്പെരുപ്പം തടയുന്നതിനുള്ള രണ്ടും കല്‍പ്പിച്ചുള്ള ശ്രമമോ?

കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ നിരക്കുകള്‍

സത്യത്തില്‍, പലിശനിരക്ക് വര്‍ദ്ധിപ്പിക്കുക എന്നത് പരിഷ്കരണവാദികളായ വിദഗ്ദര്‍ക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. കാരണം കുറഞ്ഞ പലിശനിരക്ക് എന്നത് സാമ്പത്തിക പരിഷ്കാരങ്ങളുടെ വിശുദ്ധ മന്ത്രമാണ്. പലിശനിരക്ക് കുറഞ്ഞ ഒരു സാമ്പത്തിക ക്രമം നടപ്പിലാക്കണമെന്ന് അവര്‍ ഉപദേശിക്കുകയും അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്യുന്നു.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ നിന്നും വിമുക്തവും, കമ്പോളത്താല്‍ നയിക്കപ്പെടുന്നതും, യാതൊരു വിധ നിയന്ത്രണങ്ങള്‍ക്കും വിധേയമല്ലാത്തതുമായ ഒരു പലിശ നിരക്ക് ഘടനയാണ് നരസിംഹം കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ് .രാഷ്ട്രത്തിന്റെ സമഗ്രമായ സാമ്പത്തിക സ്ഥിതി (macro economic condition) അനുസരിച്ച് പലിശ നിരക്കിനെ പടി പടിയായി നിയന്ത്രണങ്ങളില്‍ നിന്നും വിമുക്തമാക്കണം എന്നാണ് ഒന്നാം നരസിംഹം കമ്മിറ്റി മുന്നോട്ട് വെച്ചത്.

പരിഷ്കരണവാദികളുടെ അഭിപ്രായമിതാണ്.

“കുറഞ്ഞ പലിശനിരക്ക് വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും. പലിശ കുറവാണെങ്കില്‍ കോര്‍പ്പറേറ്റുകള്‍ (വന്‍‌കിട കമ്പനികള്‍) ബാങ്ക് വായ്പയെടുക്കാന്‍ സന്നദ്ധരാവും. ഇവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ ജി.ഡി.പി. വളര്‍ച്ച മന്ദീഭവിക്കും."

2007 മാര്‍ച്ച് 3 മുതല്‍ കാഷ് റിസര്‍വ് റേഷ്യൊ(CRR) പടിപടിയയി വര്‍ദ്ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും മാധ്യമപ്രഭുക്കളും അപലപിച്ചതിന്റെ പൊരുളിതാണ്. പക്ഷെ, സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും മുന്നില്‍ പലിശനിരക്ക് വര്‍ദ്ധന അനുവദിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു; കാരണം പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.73 ശതമാനത്തില്‍ എത്തിയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി ഇതൊരു താത്കാലിക പ്രതിഭാസമാണെന്നു കോര്‍പ്പറേറ്റുകളെ സമാശ്വസിപ്പിച്ചുവെങ്കിലും CRR ഇന്നും6.5% ആയി തുടരുന്നു.

1992ല്‍ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ബാങ്കു നിക്ഷേപങ്ങളുടെ പലിശനിരക്ക് 12 മുതല്‍ 15 ശതമാനം വരെ ആയിരുന്നു. നിക്ഷേപകരെ സംബന്ധിച്ചിടത്തോളംഅത് വളരെ ഗുണപ്രദമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപത്തുകഇരട്ടിക്കുമായിരുന്നു. പ്രൊവിഡന്റ് ഫണ്ടിനു 12 ശതമാനം വരെ പലിശ ലഭിച്ചിരുന്നതുകൊണ്ട് തൊഴിലാളികള്‍ക്കും ഇതിന്റെ മെച്ചം കിട്ടി.

എന്നാല്‍, നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതോടെ വിവിധ ഘട്ടങ്ങളിലായി സി.ആര്‍.ആര്‍ 15 ശതമാനത്തില്‍ നിന്നും 5 ശതമാനം വരെയായി കുറക്കുകയും പലിശ നിരക്കുകള്‍ കൃത്രിമമായി വെട്ടിച്ചുരുക്കുകയും ചെയ്തു. റിസ്കെടുക്കാന്‍ മടിക്കുന്ന സാധാരണ നിക്ഷേപകര്‍ മാത്രമാണ് ബാങ്കുകളില്‍ ഉറച്ചു നിന്നത്. സ്റ്റോക്ക് മാര്‍ക്കറ്റുകളിലേക്കോ വസ്തുക്കച്ചവട( real estate) മേഖലയിലേക്കോ പോകുവാന്‍ അവര്‍ മടിച്ചു. പെന്‍ഷന്‍‌കാരും മുതിര്‍ന്ന പൌരന്‍‌മാരുമടങ്ങുന്ന ഈ “ഭീരുക്കളാണ്” ഈ പലിശ കുറക്കല്‍ നടപടിയുടെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയത്.

അതേ സമയം, വായ്പ നല്‍കല്‍ പ്രക്രിയ കൂടുതല്‍ കൂടുതല്‍ ഉദാരമായി മുന്നേറി. വായ്പയെടുക്കുന്നവര്‍, പ്രത്യേകിച്ച് കോര്‍പ്പറേറ്റുകള്‍ സ്വന്തം വായ്പയുടെ വ്യവസ്ഥകള്‍ തീരുമാനിക്കുന്ന ഒരു തരം ` വാങ്ങുന്നവരുടെ കമ്പോളം ‘(buyer's market) നിലവില്‍ വന്നു. കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, ചെറുകിട കച്ചവടക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരെടുക്കുന്ന വായ്പകള്‍ക്ക് കോര്‍പ്പറേറ്റുകള്‍ നല്‍കുന്നതിലും ഉയര്‍ന്ന പലിശ നല്‍കണമെന്ന സ്ഥിതി ഉണ്ടായി. എന്നാല്‍ വന്‍‌കിട കമ്പനികളാവട്ടെ, ബാങ്കുകളുമായി വിലപേശി ഭവന വായ്പകളേക്കാള്‍ കുറഞ്ഞ പലിശനിരക്കില്‍ വന്‍ തുകയുടെ വായ്പകള്‍ കൈക്കലാക്കി.

ഇതു തന്നെയായിരുന്നു നരസിംഹം കമ്മിറ്റിയും ഇന്ത്യാ ഗവര്‍മ്മെന്റും ലക്ഷ്യമിട്ടത് -കോര്‍പ്പറേറ്റുകളിലൂടെയുള്ള ജി.ഡി.പി. വളര്‍ച്ച , സര്‍ക്കാരിന് സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന (facilitator)റോള്‍ മാത്രം...

ഇപ്രകാരം കുറഞ്ഞ നിരക്കിലുള്ള വായ്പാ സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിയതേയില്ല. ഉത്പന്നങ്ങളുടെ വില കുറയുകയോ, തൊഴിലാളികള്‍ക്ക് മതിയായ വേതനം ലഭിക്കുകയോ, ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും മെച്ചമുണ്ടാവുകയോ ചെയ്തില്ല. കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരിലടക്കേണ്ട നികുതിപോലും ശരിയായി അടച്ചില്ല. കുറഞ്ഞ പലിശ നിരക്കുമൂലമുണ്ടായ അധിക ലാഭം കോര്‍പ്പറേറ്റുകളും അവരുടെ ഓഹരി പങ്കാളികളും ബലമായി വീതിച്ചെടുക്കുകയായിരുന്നു.

ബാങ്കുകള്‍ക്ക് വിഭവ ദാരിദ്ര്യം

ഇങ്ങിനെയിരിക്കെ, ബാങ്കുകള്‍ ഫണ്ടിനു വേണ്ടി ബുദ്ധിമുട്ടുന്ന ഒരു സ്ഥിതിവിശേഷം സംജാതമായി. സ്ഥിരനിക്ഷേപങ്ങളും സേവിംഗ് , കറന്റ് നിക്ഷേപങ്ങളും കാലാവധിയെത്തുമ്പോള്‍ പണം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് പലപ്പോഴും 11 ശതമാനം പലിശനിരക്കില്‍ പണം കടമെടുക്കേണ്ട അവസ്ഥയുണ്ടായി.

ഇതിനു ഒന്നിലേറെകാരണങ്ങള്‍ ഉണ്ട്. 32 ശതമാനം വരെ എത്തിയ ക്രെഡിറ്റ് വളര്‍ച്ച തീര്‍ച്ചയായും ഒന്നാമത്തെ ഘടകം തന്നെ. എങ്കിലും, ഗ്രാമീണ- അര്‍ദ്ധ നഗര ശാഖകളില്‍ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്നതില്‍ വീഴ്ച്ച വന്നതിനാല്‍ ബാങ്കിങ്ങ് മേഖലയിലേയ്ക്കുള്ള ലഘു നിക്ഷേപ ഒഴുക്ക് കുറഞ്ഞു എന്നത് രണ്ടാമത്തെ ഘടകമാണ് .സ്വയം പിരിഞ്ഞുപോകല്‍ പദ്ധതി (VRS), നിയമന നിരോധനം എന്നിവ മൂലം കൌണ്ടറുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.പലിശേതര വരുമാനത്തിലെ വര്‍ദ്ധനക്കായി ബാങ്കുകള്‍ നടത്തിയ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ തീവ്ര വിപണനം (aggressive marketing) ഇനിയുമൊരു കാരണം . കുറഞ്ഞ പലിശക്കുള്ള സേവിംഗ്‌സ് നിക്ഷേപങ്ങള്‍ പെട്ടെന്നുള്ള ലാഭം ലക്ഷ്യമാക്കി ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് തിരിച്ചു വിട്ടത് പ്രോത്സാഹനസമ്മാനങ്ങളുടെ പ്രലോഭനത്തില്‍പ്പെട്ട ബാങ്ക് മേലധികാരികള്‍ കണ്ടില്ലെന്നു നടിച്ചു. ഇതുമൂലം ഹ്രസ്വകാലയളവില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ തിളങ്ങിയെങ്കിലും നാലോ അഞ്ചോ വര്‍ഷങ്ങളായതോടെ ബാങ്കുകളുടെ അടിത്തറ ഇളകിയിരുന്നു.

സൈദ്ധാന്തികമായി പറയുകയാണെങ്കില്‍, പലിശ എന്നത് വായ്പ വാങ്ങുന്നയാള്‍, ആ വായ്പ ഉപയോഗിക്കുന്നതിനായി, വായ്പ നല്‍കുന്നവനു നല്‍കുന്ന വിലയാണ്. നിക്ഷേപവും സമ്പാദ്യവുമാണ് പലിശ നിര്‍ണ്ണയിക്കുന്നതെന്ന് ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിശ്വസിച്ചു. പക്ഷെ, വിക്സെലും റോബര്‍ട്ട്സണും (Wicksel and Robertson) നേതൃത്വം കൊടുത്തിരുന്ന നിയോ-ക്ലാസിക്കല്‍ സ്കൂളിന്റെ വിലയിരുത്തല്‍ അനുസരിച്ച് ധന - ധനേതര ശക്തികളുടെ പ്രതിപ്രവര്‍ത്തനമാണ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നത് . ജെ.എം.കെയിന്‍സ് (John Maynard Keynes) ആകട്ടെ ധനത്തിനായുള്ള ആവശ്യകതയാണ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നത് എന്ന് സിദ്ധാന്തിക്കുന്നു. ഈ അവശ്യകതയെ അദ്ദേഹം “ലിക്വിഡിറ്റി പ്രിഫറന്‍സ്” (liquidity preference) എന്നു വിളിച്ചു. നസാവു സീനിയര്‍ (Nassau William Senior) ആണ് പണം വിട്ടുകൊടുക്കുന്നതില്‍ ഒരു ത്യാഗത്തിന്റെയോ ഉപേക്ഷയുടെയോ അംശമുണ്ടെന്ന് ഊന്നിപ്പറഞ്ഞത്. എന്നാല്‍ ധനികരുടെ സമ്പാദ്യത്തില്‍ഈ ത്യാഗത്തിന്റെ അംശമില്ലെന്ന് കാള്‍ മാര്‍ക്സ് (Karl Marx) നിരീക്ഷിച്ചു. അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത് ധനികര്‍ക്ക് ഉപഭോഗം ചെയ്യാന്‍ ഇനി മറ്റൊന്നും ശേഷിച്ചിട്ടില്ല എന്നതായിരുന്നു. പിന്നീട് മാര്‍ഷല്‍ (Alfred Marshall) ഉപേക്ഷ എന്ന പദത്തിനു പകരം കാത്തിരുപ്പ് എന്ന പദം ഉപയോഗിച്ചു.

എന്തായാലും, പലിശ നിരക്ക് തീര്‍ച്ചയായും ആദായകരമായിരിക്കണം. അനുദിനം പണത്തിന്റെ മൂല്യം കുറയുന്ന പണപ്പെരുപ്പാധിഷ്ഠിത സമ്പദ് വ്യവസ്ഥിതിയില്‍ പ്രത്യേകിച്ചും. ഒരു കൈയില്‍ നിന്നും പണം മറ്റൊരു കൈയ്യിലേക്ക് കൈമാറുമ്പോള്‍ അതില്‍ ത്യാഗമോ, ഉപേക്ഷയോ, കാത്തിരുപ്പോ ഉണ്ട്. കാലാവധിക്കുശേഷം അത് തിരിച്ചു കിട്ടുമ്പോള്‍ ഇക്കാലയളവില്‍ യഥാര്‍ത്ഥത്തിലുണ്ടായ മൂല്യശോഷണം നികത്തപ്പെടണം എന്നു മാത്രമല്ല നിക്ഷേപകന് ഒരല്പം വരുമാനം ഉണ്ടായി എന്നു തോന്നുക കൂടി വേണം. അങ്ങനെയല്ലായെങ്കില്‍ അത് നിക്ഷേപകനെ നിരുത്സാഹപ്പെടുത്തും.

വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍, അഭ്യന്തര സമ്പാദ്യം നിരുത്സാഹപ്പെടുത്തുക തന്നെയാണ് ഇപ്പോള്‍ ഗവര്‍മെന്റിന്റെ ഉദ്ദേശവും. നാടന്‍ സമ്പാദ്യത്തിനു പ്രാധാന്യം നല്‍കേണ്ടതിനു പകരം അവര്‍ വൈദേശികമായ ഫണ്ടുകളുടെ പിറകെ പോകുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപവും (FDI) ഫോറിന്‍ ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപവും (FII) അഭ്യന്തര നിക്ഷേപത്തേക്കാള്‍ പ്രിയമേറിയതായി. ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടപ്പെടുന്നു. തൊഴില്‍ശക്തി വെട്ടിച്ചുരുക്കപ്പെടുന്നു. ഈയവസ്ഥയില്‍ സമ്പാദ്യത്തിന്റെ ഒഴുക്കുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് ക്രൂരമായ ഒരു ഫലിതം മാത്രമാകും.

വായ്പയെടുക്കുന്നവന്റെ ഉത്കണ്ഠകള്‍

ഉയര്‍ന്ന പലിശനിരക്ക് വായ്പയുടെ വില വര്‍ദ്ധിപ്പിക്കുന്നു. 1991 വരെ ഇതായിരുന്നു സ്ഥിതി. ആ സമയത്ത് പൊതുമേഖലാ ബാങ്കുകള്‍ കര്‍ഷകര്‍ക്കും മറ്റു മുന്‍‌ഗണനാ വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കിയിരുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് 4 ശതമാനം പലിശനിരക്കില്‍ ഇപ്രകാരം വായ്പകള്‍ നല്‍കിയിരുന്നു.

പക്ഷെ നരസിംഹം കമ്മിറ്റി നിര്‍ദ്ദേശിച്ചത് ഈ മുന്‍‌ഗണനാ വിഭാഗത്തിനുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നാണ്.

എന്നിരുന്നാലും ഇത് പൂര്‍ണ്ണമായും സ്വീകരിക്കുവാന്‍ ഗവര്‍മ്മെന്റ് തയ്യാറായില്ല. അതിനു പകരമെന്നോണം ഈ മുന്‍‌ഗണനാ വിഭാഗത്തിന്റെ നിര്‍വചനത്തില്‍ വെള്ളം ചേര്‍ത്തു. പലിശനിരക്കില്‍ നല്‍കിയിരുന്ന ഇളവുകളും ഉപേക്ഷിച്ചു. പലപല ന്യായങ്ങളും പറഞ്ഞ് പാവങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കി. എങ്കിലും കോര്‍പ്പറേറ്റുകള്‍ക്കായുള്ള സബ്‌സിഡികള്‍ വിവിധ രൂപങ്ങളില്‍ ഇന്നും തുടരുന്നു.

തീര്‍ച്ചയായും ഉയര്‍ന്ന പലിശനിരക്കിന്റേതായ ഒരു വ്യവസ്ഥ വായ്പയെടുക്കുന്ന ചെറുകിടക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം വൈഷമ്യമുളവാക്കുന്നതാണ്. അവരുടെ വൈഷമ്യങ്ങള്‍ മുന്‍‌ഗണനയും പ്രാധാന്യവും നല്‍കി പരിഹരിക്കപ്പെടേണ്ടതുമാണ്. ഉത്പാദന മേഖലകള്‍ക്കും മുന്‍‌ഗണനാ മേഖലകള്‍ക്കും വിവേചനപൂര്‍വം കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പ് വരുത്തേണ്ടതുണ്ട്‌. പക്ഷേ സമ്പദ് മേഖലയിലെ പരിഷ്കാരങ്ങള്‍ക്കായുള്ള ആഗോള കുറിപ്പടികള്‍ക്ക് എതിരാവും എന്നതിനാല്‍ സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നില്ല. അതുകൊണ്ടു ഗവര്‍മെന്റും റിസര്‍വ് ബാങ്കും സാദ്ധ്യമായ ആദ്യ അവസരത്തില്‍ത്തന്നെ പലിശനിരക്ക് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് കരുതാവുന്നതാണ്.

ചുരുക്കത്തില്‍, വാര്‍ഷിക -അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിന്റെ അവസരങ്ങളില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുന്നത് ഒരു വശത്ത് ആത്മാര്‍ത്ഥതയില്ലാത്തതും മറുവശത്ത് വഞ്ചനാപരവുമാണ്. ഈ നടപടി ആഗോളവത്കരണത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ ആഗോള സംയോജനത്തിന്റേയും തത്വശാസ്ത്രങ്ങള്‍ക്ക് , താത്കാലികമായാണെങ്കിലും, ഒരു തിരിച്ചടിയാണ്. അത് കമ്പോളത്താല്‍ നിയന്ത്രിക്കപ്പെടുന്ന പലിശനിരക്ക് എന്ന സിദ്ധാന്തത്തിനെതിരെ കലാപമുയര്‍ത്തുന്നു. അതിനാല്‍ത്തന്നെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ എത്രയും വേഗം കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനുംമേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ട്. പലിശനിരക്ക് വര്‍ദ്ധനക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത് വാസ്തവത്തില്‍ (ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകള്‍ വെളിവാക്കുന്നതിനുമപ്പുറത്തുള്ള ) അവശ്യസാധന വില വര്‍ദ്ധനയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി ഭാരതത്തിലെ ഇടതുപക്ഷവും മറ്റു ജനാധിപത്യ ശക്തികളും തൊഴിലാളി സംഘടനകളും പ്രകടിപ്പിച്ച നിതാന്ത ജാഗ്രതയേയും തുടര്‍ച്ചയായ പ്രക്ഷോഭപരിപാടികളേയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തേയും പറ്റി അവര്‍ക്ക് അഭിമാനിക്കാം. ഇനി വരുന്ന കാലയളവിലും ഈ ജാഗ്രത അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിലനിര്‍ത്തേണ്ടതുണ്ട്.

(ലേഖകന്‍: ശ്രീ. കെ.വി.ജോര്‍ജ്ജ്)

Saturday, July 21, 2007

അമ്മക്ക് തീര്‍ച്ചയായും ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും

അമ്മേ, ജീവിതത്തില്‍ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ഇഷ്ടികക്കട്ടകള്‍ തലയിലേറ്റി അമ്മ വരുന്നതും അച്ഛന്‍ അവയെ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ച് ഇടക്ക് സിമന്റ് തേച്ച് പിടിപ്പിക്കുന്നതും ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.

നമ്മുടെ ഗ്രാമത്തില്‍ കഴിക്കുവാനൊന്നുമില്ലാതെ വിശന്ന് പൊരിഞ്ഞിരിരുന്നിരുന്ന ആ ദിവസങ്ങള്‍ എനിക്കോര്‍മ്മയുണ്ട്. അമ്മ ഓര്‍ക്കുന്നില്ലേ അമ്മയും അച്ഛനും കൂടി എന്നേയും കൂട്ടി ഗ്രാമച്ചന്തയിലെത്തിയിരുന്നതും, ആരെങ്കിലുമൊക്കെ അവരുടെ പാടത്ത് പണിക്കു വിളിക്കുമെന്നു കരുതി ആശയോടെ കാത്തിരുന്നതും, ആരും വിളിക്കാത്ത ദിവസങ്ങളില്‍ നിരാശരായി തിരിച്ചുവന്നിരുന്നതുമൊക്കെ? ഞാനന്ന് വിശന്നിട്ട് ഒരു പാട് കരയുമായിരുന്നു. അന്നെനിക്കറിയില്ലായിരുന്നു, എനിക്ക് തരാനായി അമ്മയുടെ കൈയ്യില്‍ ഒന്നുമില്ലായിരുന്നുവെന്ന്.

അമ്മയെന്തുമാത്രം സങ്കടപ്പെട്ടുകാണുമെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഗ്രാമം വിട്ട് എവിടേയ്ക്കെങ്കിലും പോകാമെന്ന് അച്ഛന്‍ തീരുമാനിച്ചപ്പോള്‍ അമ്മയുടെ മുഖത്തുണ്ടായ പ്രത്യാശയും ഒപ്പം ഉണ്ടായ ചോദ്യഭാവമുമൊക്കെ എനിക്ക് ഓര്‍ത്തെടുക്കാം.

പുതിയ പുതിയ കാഴ്ചകള്‍ കാണുന്നതിന്റെ സന്തോഷമായിരുന്നു അന്നെനിക്ക്. വലിയ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പ്രത്യേകിച്ചും അതില്‍ കളിച്ചുരസിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍. അമ്മയുടെ കണ്ണീര്‍ ഒരു പഴംകഥയാവുമല്ലോ എന്ന സന്തോഷമായിരുന്നു എന്റെ മനസ്സില്‍.

നമ്മളൊരു വലിയ ഇടത്തിലേക്ക് മാറി. എനിക്കും എത്രവേണമെങ്കിലും കളിക്കാമല്ലോ എന്ന സന്തോഷം അടക്കാനാവുമായിരുന്നില്ല.

സാവധാനം ആ സ്ഥലമൊക്കെ കുഴിക്കുകയും നിറയ്ക്കുകയുമൊക്കെ ചെയ്തപ്പോള്‍, അതിനൊരു വീടിന്റെ രൂപം വന്നു. നമുക്ക് താമസിക്കാനായിരിക്കും ആ വീട് എന്നാണ് ഞാന്‍ കരുതിയത്. കാരണം അമ്മയും അച്ഛനുമൊക്കെ മറ്റു കുറേപ്പേരുടെ കൂടെ അത്രമാത്രം കഷ്ടപ്പെട്ടിരുന്നല്ലോ.

എല്ലാം തീര്‍ന്നു കഴിഞ്ഞപ്പോള്‍ നമ്മള്‍ ആ സ്ഥലവും വിട്ടു.

ഇത്രയേറെ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് വിട്ട് നമ്മള്‍ എന്തിനുപോകുന്നുവെന്ന് അന്നെനിക്ക് ആശ്ചര്യമായിരുന്നു. പിന്നീട് ഒരിടത്ത്; പിന്നെ മറ്റൊരിടത്ത്.

സാവധാനം എനിക്കു മനസ്സിലായി നമ്മള്‍ പണിയുന്ന വീടുകളൊന്നും നമുക്കായി ആയിരുന്നില്ലെന്ന്‌.

അമ്മേ, നമുക്കു വേണ്ടിയല്ലായിരുന്നെങ്കില്‍ അമ്മയും അച്ഛനും എന്തിനായിരുന്നു അത്രമാത്രം കഷ്ടപ്പെട്ടത്?

എന്റെ അറിവില്ലായ്മകൊണ്ട് “ചോറ്‌ ഇനിയും വേണം’ എന്ന് ഞാന്‍ വാശിപിടിച്ചു കരയുമ്പോള്‍ അമ്മ ഒരു മൂലയില്‍ മാറിയിരുന്ന് കരയുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പിന്നീട് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ഇനി ചോറ് കൂടുതല്‍ ചോദിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

അമ്മ കരയുന്നത് കാണുന്നത് എനിക്കിഷ്ടമല്ലായിരുന്നു.

പണി കഴിഞ്ഞു വന്നാലും അമ്മക്ക് ഇരിക്കാന്‍ നേരമില്ലായിരുന്നു. ഭക്ഷണം വെയ്ക്കണം, ഉണ്ടായിരുന്ന രണ്ടോ മൂന്നോ പാത്രങ്ങള്‍ കഴുകണം, തുണി അലക്കണം.

എന്നിട്ടും അമ്മയെന്നെ സ്കൂളില്‍ അയച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചു.

പഠിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും സ്കൂളില്‍ പോകാന്‍ എനിക്ക് പേടിയായിരുന്നമ്മേ.

കൂട്ടുകാര്‍ പല പല ചോദ്യങ്ങളും ചോദിക്കുമായിരുന്നു. നിന്റെ വീടെവിടെയാണ് എന്ന ചോദ്യത്തിന് എനിക്ക് വീടില്ലെന്ന് പറയുമ്പോള്‍ അവര്‍ ഉറക്കെ ചിരിക്കുമായിരുന്നു.

പക്ഷികള്‍ കൂട്ടിലും, വന്യമൃഗങ്ങള്‍ ഗുഹകളിലും വീട്ടുമൃഗങ്ങള്‍ തൊഴുത്തിലും കഴിയുമ്പോള്‍ മനുഷ്യര്‍ വീട്ടില്‍ താമസിക്കുന്നു എന്ന് മാഷ് പറഞ്ഞുതരുമായിരുന്നു. നമുക്ക് വീടില്ല; അതുകൊണ്ട് നമ്മള്‍ മനുഷ്യരല്ലാതാകുമോ അമ്മേ? മൃഗങ്ങള്‍ പരസ്യമായി വിസര്‍ജ്ജനം ചെയ്യുമ്പോള്‍ മനുഷ്യര്‍ കക്കൂസുകള്‍ ഉപയോഗിക്കുന്നുവെന്ന് ടീച്ചര്‍ പറഞ്ഞു തന്നിരുന്നു. പക്ഷെ, നാം ഇതൊക്കെ പരസ്യമായല്ലേ അമ്മേ ചെയ്തിരുന്നത്?

അമ്മ തിടുക്കത്തില്‍ കുളിച്ചുതീര്‍ക്കുന്നതും, അത് തന്നെ രാത്രി വളരെ വൈകിയും ആയിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് വലിയ കുട്ടിയായപ്പോഴാണ് .

ചില കഴുകന്‍ കണ്ണുകളെ നമുക്ക് ഒഴിവാക്കണമായിരുന്നു.

അച്ഛന്‍ ജോലിസ്ഥലത്ത് അപകടത്തില്‍പ്പെടുകയും കാലൊടിയുകയും ചെയ്തപ്പോള്‍ അമ്മ എന്തുമാത്രം കരഞ്ഞു എന്നെനിക്കോര്‍മ്മയുണ്ട്. അച്ഛന്റെ ജോലി പോയെന്നു മാത്രമല്ല, താമസിച്ചിരുന്ന ആ സ്ഥലവും നമുക്ക് നഷ്ടപ്പെട്ടു.

പിന്നെ ഒരു പാലത്തിനു ചുവടെ പന്നികള്‍ക്കും പട്ടികള്‍ക്കും വൃത്തികേടുകള്‍ക്കുമിടയില്‍ നാം താമസിച്ചു. ഇങ്ങനെ ഒരു ജീവികളേ ഇല്ല എന്ന മട്ടില്‍ ആളുകള്‍ അവരുടെ കുപ്പ നമ്മുടെ മേല്‍ ഇടുമായിരുന്നു.

നാം എവിടെപ്പോകാനാണമ്മേ?

പിന്നീടാണ് ആ സഖാക്കള്‍ വന്നതും രാത്രി മുഴുവന്‍ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും. ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകള്‍ തിളങ്ങുന്നതും സമ്മതഭാവത്തില്‍ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.

എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.

പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകള്‍ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതി. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവര്‍ വീടുകള്‍ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കള്‍ പറഞ്ഞത് അച്ഛന്റെ കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.

അമ്മേ, സര്‍ക്കാരിന്റെ കൈയ്യില്‍ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടില്‍ താമസിക്കാമായിരുന്നു.

സഖാക്കള്‍ സ്ഥിരമായി നമ്മുടെ ചേരിയില്‍ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകള്‍ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളില്‍ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.

ഒരു സ്ഥലത്തെത്തിയപ്പോള്‍ സഖാവ് പറഞ്ഞു.

"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകള്‍ പണിയാന്‍ പോകുന്നു."

എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌.

അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികള്‍ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോള്‍, പെട്ടെന്ന് പോലീസ് മാമന്‍‌മാര്‍ നമുക്കു നേരെ ഓടിവന്നു.

ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നില്‍ ഒളിച്ചിരുന്നു. പെട്ടെന്ന് പോലീസുകാര്‍ എല്ലാവരേയും തല്ലാന്‍ തുടങ്ങി. ചിലര്‍ വസ്ത്രങ്ങള്‍ ചീന്താന്‍ തുടങ്ങി; മറ്റു ചിലര്‍ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവര്‍ കീറി.

അമ്മേ, എന്തിനാണവര്‍ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റില്‍ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?

അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.

അമ്മേ, നമ്മള്‍ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവര്‍ നമ്മെ തല്ലുന്നത്? നമ്മള്‍ വീടുകളില്‍ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?

അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു. ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.

അമ്മയുടെ കീറിവീണ സാരിയില്‍ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി.

“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും. ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും"

കടപ്പാട്: ആന്ധ്രയില്‍ നടക്കുന്ന ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിച്ച ജി.മമതയുടെ രചന

Tuesday, July 17, 2007

ഐ.ടി മേഖലയുടെ വികാസം, പ്രത്യാഘാതം, ബദലുകള്‍ - ഒരന്വേഷണം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം. മറ്റു മേഖലകളില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍. സാധ്യമായ ബദലുകള്‍. ഒരന്വേഷണം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ (Information Communication Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലുംഅതിന്റെ വിനാശകരവും സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു.

വിവര വിനിമയ സാങ്കേതിക വിദ്യയുടെ രംഗത്തെ വികാസം ഒരു പൂര്‍ണ ചക്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. മനുഷ്യന്‍ അവന്റെ ഏറ്റവും അടുത്തയാളിനോട് പോലും സംവദിക്കാന്‍ ആകാതെ കുഴങ്ങി നിന്നിരുന്ന അവസ്ഥയില്‍ നിന്നും ലോകത്തെവിടേയുമുള്ള ആരോടും സംവദിക്കാന്‍ കഴിയും എന്ന നിലയിലേക്ക് ഇന്നു സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. ഇതിനിടയില്‍ സമൂഹം മൊഴി(speech), ചിഹ്നം (symbol), അക്ഷരം(script), ഭാഷ(language), ഗണിതം, പ്രിന്റിങ്ങ്, തപാല്‍, കമ്പി, ടെലിഫോണ്‍, ടെലെക്സ്, റേഡിയോ, ടി.വി, അവസാനം കമ്പ്യൂട്ടര്‍ വരെ സാങ്കേതിക വികാസത്തിന്റെ വിവിധ പടവുകള്‍ താണ്ടുകയുണ്ടായി.

ഇവയോരോന്നും ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള കുതിച്ചു ചാട്ടമായിരുന്നു.

ഇവയുടെ എല്ലാം സമഗ്രസമ്മേളനമായ കമ്പ്യൂട്ടറിലാവട്ടെ ആന്തരികമായി അതിന്റെ ഒരു ഘടകത്തില്‍ നിന്നും മറ്റൊന്നിലേക്കും ബാഹ്യമായി ഒരു കമ്പ്യൂട്ടറില്‍ നിന്നും അനവധി കമ്പ്യൂട്ടറുകളിലേക്കും ഡിജിറ്റല്‍ സിഗ്നലുകള്‍ നിരന്തരം പ്രേഷണം ചെയ്യാനും സ്വീകരിക്കാനും സംസ്കരിക്കാനുമുള്ള ക്ഷമതയുണ്ട്.

ഈ പ്രക്രിയകള്‍ സം‌പ്രേഷണത്തിന്റെ വിവിധ രൂപങ്ങള്‍, അതു ശബ്ദമോ, സ്ക്രിപ്റ്റോ, (അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും പെടും), ഇമേജോ ആയിക്കോട്ടെ, എല്ലാം ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റപ്പെടുന്നു. ഈ പ്രതിഭാസം വിവരം(information) സൃഷ്ടിക്കപ്പെടുകയും, പ്രയോഗിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ മേഖലകളിലും അതിന്റെ മായാത്ത മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

ഇതിനകം ഉത്കണ്ഠ ഉണര്‍ത്തുന്ന പല മാറ്റങ്ങള്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും സാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായിരിക്കുന്ന ഈ മുന്നേറ്റം തുറന്നു തരാനിരിക്കുന്ന മുഴുവന്‍ സാധ്യതകളേയും മനസ്സിലാക്കാന്‍ പോലും ആയിട്ടില്ല. ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സാധ്യതകളും ഒപ്പം ഭവിഷ്യത്തുകളും ഇനിയും കണ്ടുപിടിക്കപ്പെടേണ്ടിയിരിക്കുന്നു.

വാസ്തവത്തില്‍ സകലമേഖലകളിലും നാം ഇതാണ് കാണുന്നത്.

കൃഷി, നിര്‍മാണം, വിപണനം, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേഖലയിലാവട്ടെ, ഭരണനിര്‍വഹണ രംഗത്താവട്ടെ, കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ സാമൂഹ്യരംഗങ്ങളിലാവട്ടെ എവിടെയും വിവര വിനിമയ സാങ്കേതിക വിദ്യയില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൃഷ്ടിപരവും പ്രതിലോമപരവുമായ പ്രത്യാഘാതങ്ങള്‍ കാണാന്‍ കഴിയും.

ഇത്തരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിപരമാണോ അതോ പ്രതിലോമപരമാണോ എന്നത് ഒരു വലിയ പരിധി വരെ ഈ ഉപകരണങ്ങള്‍ ആ‍രുപയോഗിക്കുന്നു, എന്തിനുപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇതിന്റെ മുഖ്യ പ്രയോക്താക്കള്‍ മൂലധന നിക്ഷേപകര്‍ ( ക്യാപ്പിറ്റല്‍ ഇന്‍‌വെസ്റ്റേഴ്സ് ) ആ‍യതിനാല്‍ മൂലധനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വാഭാവികമായും അവരുടെ മുഖ്യ ഉദ്ദേശ്യം ആയിത്തീരുന്നു.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ഇത്തരം പ്രതിലോമപരമായ പ്രത്യാഘാതം പഴയ തലമുറയില്‍‌പെട്ട ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍, നിര്‍മാണ വ്യവസായങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കുന്നതായി കാണുവാന്‍‍ കഴിയും. അവര്‍ ഇന്നും ആശ്രയിക്കുന്നത് പരമ്പരാഗത ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജിയെ ആണെന്നും അവിടെ മിക്കയിടത്തും ഇന്നും പേപ്പര്‍ ജോലികള്‍ ആധാരമാക്കിയ വ്യവസ്ഥകളാണ് (paper based systems)
നിലവില്‍ ഉള്ളത് എന്നും കാണുവാന്‍ പ്രയാസമില്ല. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ആകട്ടെ stand alone systems ഉം പരസ്പര ബന്ധിതമല്ലാത്ത ശൃംഖലകളും(fragmented networks) ആ‍ണ് കാണാന്‍ കഴിയുക.

മറുവശത്ത് നാം എന്താണ് കാണുന്നത്?

പുതിയ തലമുറയില്‍‌പെട്ട ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (അണ്‍ എയ്‌ഡഡ് സ്ഥാപനങ്ങള്‍ അല്ല, ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലേക്കു കടന്നു വരാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍), ആശുപത്രി സമുച്ചയങ്ങള്‍ (ഇവിടെയും സ്വകാര്യ ആ‍ശുപത്രികളെയല്ല ഈ മേഖലയിലേക്കു കടന്നു വരാന്‍ വെമ്പല്‍ കൊള്ളുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളെയാണ് വിവക്ഷിക്കുന്നത്) റീട്ടെയില്‍ വ്യാപാര ശൃംഖലകള്‍, സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന ഐ ടി / കണ്‍സല്‍ട്ടന്‍സി ( എ ഡി ബി യുടെ എം ജി പി -Modernisation in Govt Program ഓര്‍ക്കുക)/മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഒരു നീണ്ട നിര തന്നെ കാണാം.

പുതിയ തലമുറയിലെ സ്ഥാപനങ്ങളുടെ വരവോടെ, നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ നിലനില്‍പ്പിനായി അവയോട് മത്സരിക്കേണ്ടി വരുന്നു. പലരും പുതിയ തലമുറയിലെ സ്ഥാപനങ്ങളെ കണക്കാക്കുന്നതു പുത്തന്‍ സാങ്കേതിക വിദ്യയുടെ സൃഷ്ടിപരമായ പ്രവണതകളുടെ പ്രതിനിധിയായാണ്.

അതല്ല എന്നതാണ് വാസ്തവം.

സമൂഹത്തിന്റെ ക്ഷേമമല്ല, മറിച്ച് മൂലധനനാഥന്മാരുടെ ലാഭമാണ് ഉറപ്പു വരുത്തുന്നത് എന്നതിലൂടെ അവര്‍ സാങ്കേതിക വിദ്യയുടെ പ്രതിലോമപരമായ ഉപയോഗമാണ് ലക്ഷ്യമാക്കുന്നത്. ഈ മത്സരത്തില്‍ (ജനങ്ങളുടെ മേല്‍ നടത്തുന്ന ചൂഷണത്തിന്റെ കാര്യത്തില്‍) ആരു ജയിക്കുന്നു എന്നതിനു വലിയ പ്രസക്തിയില്ല, കാരണം രണ്ടുപേരും മൂലധനത്തിന്റെ താല്പര്യം സംരക്ഷിക്കുകയെന്ന കടമ സാമാന്യ ജനതയെ കൊള്ളയടിച്ചുകൊണ്ട് സമാനമായി നിര്‍വഹിക്കുന്നു.

പക്ഷെ, അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ മേല്‍ക്കോയ്മക്കെതിരായ പോരാട്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതകള്‍ പരിഗണിക്കുമ്പോള്‍ പുതിയ തലമുറയിലെ സ്ഥാപനങ്ങളും പഴയ തലമുറയിലെ സ്ഥാപനങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട് എന്നു കാണാം, എന്തു കൊണ്ടെന്നാല്‍ പുതിയ തലമുറയിലെ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ നേരിട്ടുള്ള സൃഷ്ടികളാണ്.

പൊതുമേഖല നിലനില്‍ക്കേണ്ടത് കേവലം അവിടുത്തെ ജീവനക്കാരുടേയോ മാനേജ്‌മെന്റിന്റേയോ ആ‍വശ്യമെന്നതിലുപരി ഫൈനാന്‍സ് മൂലധനത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കണമെന്ന താല്പര്യമുള്ള സര്‍ക്കാരിന്റേയും സാമാന്യ ജനങ്ങളുടേയും കൂടി ആ‍വശ്യമാണ്.

പക്ഷേ ഇന്നു തൊഴിലാളികള്‍ മാത്രേമ, അതും തൊഴിലാളികളില്‍ തന്നെ ഉയര്‍ന്ന ബോധം പ്രകടിപ്പിക്കുന്ന ഒരു ചെറിയ വിഭാഗം മാത്രമേ ഇതു തിരിച്ചറിയുന്നുള്ളൂ എന്നതാണ് സത്യം.

പൊതുമേഖലാസ്ഥാപനങ്ങളില്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ പഴഞ്ചന്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റമാണ് നിലവിലുള്ളത് എന്ന പരിമിതി അംഗീകരിക്കുമ്പോള്‍ത്തന്നെ തൊഴിലാളികളുടേയും സാമാന്യ ജനങ്ങളുടേയും ദേശീയ സര്‍ക്കാരുകളുടെയും പൊതുവായ നന്മക്ക് അവ നിലനില്‍ക്കേണ്ടതും തുടരേണ്ടതും ആ‍ണ്.

നിലനില്പിനായി അവ മത്സരിക്കുക തന്നെ വേണം.

എന്നാല്‍ ‍പുതിയ തലമുറയിലെ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന അവധാരണകളും മാനദണ്ഡങ്ങളും അംഗീകരിക്കാതെയോ സ്വാംശീകരിക്കാതെയോ ഇന്നത്തെ അവസ്ഥയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഈ മത്സരത്തില്‍ ജയിക്കാനാവില്ല എന്നതാണ് സത്യം.

പുതുതലമുറയിലെ സ്ഥാപനങ്ങള്‍ക്കൊപ്പം കമ്പോളത്തിന്റെ താല്പര്യങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക പൊതു മേഖലാസ്ഥാപനങ്ങള്‍ക്ക് അത്ര എളുപ്പമാവില്ല.എങ്കിലും അതു നടന്നേ തീരൂ. അല്ലെങ്കില്‍ പൊതു മേഖലാസ്ഥാപനങ്ങള്‍ക്ക് ഒപ്പം അവിടുത്തെ തൊഴിലാളികളും മത്സര രംഗത്തുനിന്നും ഒഴിവാക്കപ്പെടും.

പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടേയും മനോഭാവത്തോടൊപ്പമോ അതില്‍ കൂടുതലോ പ്രധാനമായ ഒരു കാര്യമാണ് സര്‍ക്കാര്‍ ഏതു വര്‍ഗ്ഗത്തിന്റെ താല്പര്യത്തെ പ്രതിനിധീകരിക്കുന്നു എന്നുള്ളത്.

മനോഭാവം എന്നത് ഒരു സ്ഥായിയായ പ്രതിഭാസമല്ല. പരിതസ്ഥിതികള്‍ക്കനുസരിച്ച് അതില്‍ മാറ്റം ഉണ്ടായേ മതിയാവൂ.

പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇന്നഭിമുഖീകരിക്കുന്ന അവസ്ഥയ്ക്ക് കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് കമ്പ്യൂട്ടറൈസേഷനെ തൊഴിലാളികള്‍ എതിര്‍ത്തതിനെയാണ്. തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും താല്പര്യങ്ങള്‍ക്കെതിരായുള്ള കമ്പ്യൂട്ടറൈസേഷനെ മാത്രമാണ് അന്ന് തൊഴിലാളികള്‍ എതിര്‍ത്തത്. ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചൊന്നും കേള്‍ക്കാനില്ലല്ലോ?

എങ്കിലും പുതിയ സാങ്കേതിക വിദ്യ സ്വാംശീകരിക്കുന്നത് സംബന്ധിച്ച് വിവിധ പൊതു മേഖലാ സ്ഥാപനങ്ങളിലെ ഇന്നത്തെ സ്ഥിതി എന്താണ്? വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഐ ടി രംഗത്തെ കുത്തകകളെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണെങ്ങും.

എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളും കുത്തക സേവനദാതാക്കളും (service providers). ബാങ്കിങ്ങ് രംഗത്താവട്ടെ അവിടെ നാമമാത്രമായെങ്കിലും നിലവിലുണ്ടായിരുന്ന ഇന്‍ ഹൌസ് പാക്കേജുകള്‍ ബോധപൂര്‍വം ഇല്ലാതാക്കി കോര്‍ ബാങ്കിങ്ങ് സൊല്യൂഷന്റെ (core banking solution) പേരില്‍ കുത്തക കമ്പനികള്‍ക്ക് ചുവന്ന പരവതാനി വിരിക്കുകയാണ്.

എല്ലാ മേഖലകളിലും, അതു ടെലിക്കോമോ, ഊര്‍ജമേഖലയോ, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെയോ ആ‍കട്ടെ, അവിടെല്ലാം ഈ സംഘര്‍ഷം നിലനില്‍ക്കുന്നതായി കാണാം.

ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങളുള്ള ബി എസ് എന്‍ എല്‍ വേണ്ട സ്ഥലത്ത് ഉടന്‍ സേവനം എത്തിക്കുന്നതിന് (on the spot service delivery) ഒരു പദ്ധതി പോലും തയ്യാറാക്കിയിട്ടില്ല. അവരുടെ മാനേജ് മെന്റ് സംവിധാനത്തില്‍ നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ പരസ്പരബന്ധിതമല്ലെന്നതോ (fragmented) പോകട്ടെ, അവ മിക്കവയും സ്റ്റാന്‍ഡ് എലോണ്‍ (stand alone) കൂടി ആണ് എന്നതാണ് വാസ്തവം.

ബി എസ് എന്‍ എല്‍ മാനേജ് മെന്റ് ഇന്നും ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ സിസ്റ്റത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. ആകെക്കൂടി നടക്കുന്നതാകട്ടെ, പേപ്പര്‍ ഫയല്‍ സിസ്റ്റത്തില്‍ നിന്നും ഇലക്ട്രോണിക് ഫയല്‍ സിസ്റ്റത്തിലേക്കുള്ള മാറ്റമാണ്.

ഐ ടി യെക്കുറിച്ചുള്ള പുതിയ അവധാരണകളോ അതിന്റെ വൈവിധ്യമാര്‍ന്ന ക്ഷമതയോ ഉപയോഗപ്പെടുത്തുന്നതില്‍ മാനേജ് മെന്റുകള്‍ പരാജയപ്പെടുന്നു.

ബി എസ് എന്‍ എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രണ്ടായിരാമാണ്ടില്‍ത്തന്നെ ICT സേവനങ്ങള്‍ പ്രദാനം ചെയ്യേണ്ടത് കമ്പനിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചുവെങ്കിലും, കേരളം പോലെ ബി എസ് എന്‍ എല്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ആവശ്യക്കാരേറെയുളള സംസ്ഥാനത്തില്‍ പോലും ഈ ദിശയിലുള്ള പ്രവര്‍ത്തനം ഗൌരവമായി പരിഗണിച്ചിട്ടു പോലുമില്ല.

സാദ്ധ്യമായ ബദലുകള്‍ ഇന്നു വളരെ വ്യക്തമാണ്.

ഓരോ പൊതുമേഖല സ്ഥാപനവും അതിന്റെ ഉല്പാദന, പ്രവര്‍ത്തന, വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളില്‍ , ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നല്‍കുന്ന വൈവിധ്യമാര്‍ന്ന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഒരു പൊളിച്ചെഴുത്തു നടത്തേണ്ടിയിരിക്കുന്നു.

IT സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ആ‍കട്ടെ ലഭ്യമായ ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് അടിയന്തിരമായി തങ്ങളുടെ ധാരണകളും സംവിധാനങ്ങളും നവീകരിക്കുകയും ഉല്‍പ്പന്നങ്ങളെ വൈവിധ്യവല്‍ക്കരിക്കയും വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളെ പരിഷ്ക്കരിക്കയും ചെയ്യേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അഭാവത്തെ അല്ലെങ്കില്‍ അപര്യാപ്തതയെ മറ്റു പൊതു മേഖലാസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയോ (tie-ups) സാമൂഹ്യ സംഘടനകളുടെ സഹായത്താലോ മുറിച്ചു കടക്കേണ്ടിയിരിക്കുന്നു.

പ്രൊപ്രൈറ്ററി സോഫ് റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളുടെ( proprietary SW platforms) ഉപയോഗം ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ GPL (General Public License) ഉപയോഗിക്കുക വഴി സ്ഥാപനങ്ങള്‍ക്കുള്ളില്‍ തന്നെ മൂല്യവര്‍ദ്ധനവിനുള്ള (Value addition) സാദ്ധ്യത നിലനിര്‍ത്തപ്പെടും എന്നു മാത്രമല്ല, ഐ ടി രംഗത്തെ കുത്തകവല്‍ക്കരണം തടയപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍, പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്താനും അവയെ നന്നായി പ്രവര്‍ത്തിപ്പിക്കാനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങളെ തിരുത്തിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് കരുത്തു പകരുകയും സാങ്കേതിക വിദ്യയുടെ കൂടുതല്‍ കൂടുതല്‍ സൃഷ്ടിപരമായ ഉപയോഗത്തിനും വഴി തെളിയിക്കുകയും ചെയ്യും.

(ലേഖകന്‍- ശ്രീ. ജോസഫ് തോമസ് (Appropriate Technology Promotion Society-ATPS)

ATPS is a scientific society registered under Travancore - Cochin Scientific Literacy and Charitable Societies Act. ATPS is a conglomerate of engineers in the field of IT and social entrepreneurs.

Thursday, July 5, 2007

ക്രിസില്‍ നിന്ന് പന്ഥെയിലേക്കുള്ള ദൂരം

രാവിലെ എട്ടുമണിക്ക് ജോലിക്ക് കയറി വൈകീട്ട് ആറിനോ ഏഴിനോ ജോലിനിര്‍ത്തുന്നവരെ ഐ.ടി. മേഖലയില്‍ പാര്ട്ട് ടൈം ജീവനക്കാര്‍ എന്നാണ് കളിയായി പറയുക.

ഒരു ബ്ലൊഗില്‍ കണ്ട കമന്റില്‍ നിന്ന്

ആരോഗ്യവും ഇന്ത്യന് സാമ്പത്തികവ്യവസ്ഥയും എന്ന തലക്കെട്ടില്‍ ഇന്ത്യന്‍എക്കണോമി എന്ന ബ്ലോഗില്‍ കണ്ട കുറിപ്പ് ഒരല്പം പ്രാധാന്യമുള്ളതാണെന്ന് തോന്നി. ഐ.ടി. മേഖലയിലെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണീ കുറിപ്പ്.

നാസ്കോമിന്റെ ( National Association of Software and Service Companies)തലപ്പത്തുണ്ടായിരുന്ന ദേവാങ്ങ് മേത്ത, താരതമ്യേന ചെറുപ്പംഎന്നു പറയാവുന്ന നാല്പതാം വയസ്സില്‍ അന്തരിച്ചുവെന്നും സുനില്‍ മേത്ത എന്ന നാസ്കോമിലെ മുന്‍ റിസര്‍ച്ച് തലവന്‍ ഏതാണ്ട് ഇതേ പ്രായത്തില്‍ത്തന്നെ അന്തരിച്ചുവെന്നും ഷെഫാലി എഴുതിയ കുറിപ്പില്‍ ‍പറയുന്നു. ഇത്തരം സംഭവങ്ങള്‍ കേരളമുള്‍പ്പെടെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നീണ്ട ജോലിസമയം, വിശ്രമവും ശരിയായ ഭക്ഷണവും ഇല്ലായ്മ, വ്യായാമത്തിന്റെ അഭാവം, കൃത്യസമയത്ത് പ്രോജക്ടുകള്‍ തീര്‍ക്കാനുള്ള നെട്ടോട്ടം അങ്ങിനെ പലതും ഇതിനു കാരണമാകുന്നുവത്രേ. ജോലി സമയവുംആരോഗ്യവും(അനാരോഗ്യവും-CRI ഉള്‍പ്പെടെ) - തമ്മിലുള്ള ബന്ധം ഐ.ടി മേഖലയിലെ പഠനത്തില്‍നിന്നും വ്യക്തമാകും എന്നും ഈ കുറിപ്പില്‍ പറയുന്നു.

ഇതിന്റെ കൂടെ ഇന്‍ഫോസിസ് എം.ഡി. ക്രിസ് ഗോപാലകൃഷ്ണന്റെ (വ്യക്തിപരമായ)അഭിപ്രായം ചേര്‍ത്തു വായിക്കണം.

അദ്ദേഹം പറയുന്നത് ഐ.ടി മേഖലയിലെ ജീവനക്കാര്‍ എല്ലാവരും നല്ല ശമ്പളം ലഭിക്കുന്നവരാണെന്നും അവരൊക്കെ സംതൃപ്തരാണെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും നാസ്കോം പരിഹാരം കാണുന്നുണ്ടെന്നും ഈ മേഖലയില്‍ തൊഴിലാളി സംഘടനകളുണ്ടാകുന്നത് വ്യവസായിക അന്തരീക്ഷത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ പരക്കാന്‍ ഇടയാക്കും എന്നുമാണ്.

നമുക്കദ്ദേഹത്തെ കുറ്റം പറയേണ്ട കാര്യമില്ല. കമ്പനികളുടെഎം.ഡി.മാര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും താല്പര്യങ്ങളും ഉണ്ടാകുന്നത് അസ്വാഭാവികവുമല്ല.

ഇതിനു നേരേ വിപരീതമായ ചില പ്രതികരണങ്ങളും തീരുമാനങ്ങളും ഉണ്ടാവുന്നതും വളരെ സ്വാഭാവികം തന്നെ. ഐ.ടി മേഖലയില്‍ തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കാനുള്ള സി.ഐ.ടി.യു തീരുമാനം ഇത്തരത്തിലൊന്നാണ്.

ഈ മേഖലയില്‍ ജോലിചെയ്യുന്ന 10 ലക്ഷത്തോളം തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുന്നതിനും, തൊഴില്‍ നിയമങ്ങള്‍ ശരിയായി പാലിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പു വരുത്തുന്നതിനും ഇത്തരമൊരു നീക്കം ആവശ്യമാണ് എന്ന് ശ്രീ. എം.കെ.പന്ഥെ (M.K.Pandhe) അഭിപ്രായപ്പെടുന്നു. സി.ഐ.ടി.യുനടത്തിയ ചില പഠനങ്ങളില്‍ വെളിവായ ചില കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്നുണ്ട്.

1. ഐ.ടി.യൂണിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോഴും 2 ഷിഫ്റ്റ്മാത്രമേ ഉള്ളൂ. ഇതുമൂലം പലപ്പോഴും ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍; ചിലപ്പോള്‍ 14 മണിക്കൂര്‍‍ ജോലി ചെയ്യേണ്ടി വരുന്നു. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് 8 മണിക്കൂറിനു മുകളിലുള്ള ജോലിക്ക് ഇരട്ടി വേതനം നല്കേണ്ടതുണ്ട്. ഐ.ടി. കമ്പനികള്‍ ഇത് നഗ്നമായി ലംഘിക്കുന്നു.

2. അപ്പോയിന്റ്മെന്റ് ലെറ്റര്‍ നല്കാതെയാണ് പലരേയും നിയമിക്കുന്നത്. അത്കൊണ്ട് തന്നെ മുന്നറിയിപ്പില്ലാത്ത പിരിച്ചുവിടല്‍ ഈ മേഖലയില്‍ സര്‍വസാധാരണം.

3. കമ്പ്യൂട്ടറിനു മുന്നിലെ തുടര്‍ച്ചയായ ജോലി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. പ്രത്യേകിച്ച് കണ്ണിന്. ആസ്ത്രേലിയയില്‍ ‍ഈ മേഖലയിലെ ട്രേഡ് യൂണിയനുകള്‍ 2 മണിക്കൂര്‍ ജോലിക്ക് ശേഷം അരമണിക്കൂര്‍ വിശ്രമം അവകാശപ്പെടുന്നുണ്ട്.

4. ഈ മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും വനിതകളാണ്. അവരുടെ സവിശേഷ അവകാശങ്ങള്‍ ‍സംരക്ഷിക്കപ്പെടുന്നില്ല എന്നു മാത്രമല്ല പല തരത്തിലുള്ള പീഢനങ്ങള്‍ ‍അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.

5. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള വേദിയുടെ അഭാവം.യൂണിയന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തടയപ്പെടുന്നു.

6. ചില അവസരത്തില്‍‍ 10 കോടി രൂപയുടെ ഒരു പ്രോജക്ട് ചെയ്യുമ്പോള്‍ ഐ.ടി കമ്പനിക്ക് 7.5കോടി രൂപ ലാഭം ലഭിക്കുന്നതായും ഈ മേഖലയിലെ ഒരു ചീഫ് അക്കൌണ്ടണ്ട് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു. ഐ.ടി. മേഖലയിലെ പലരും സഹസ്രകോടിപതികളാകുന്നതില്‍ അത്ഭുതമില്ല.

7. ഈ മേഖലയിലെ ജീവനക്കാര്‍ വന്‍ ശമ്പളം പറ്റുന്നവരാണെന്ന തെറ്റിദ്ധാരണ പരക്കേയുണ്ട്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പോലുള്ള തസ്തികകളെ സംബന്ധിച്ച് ഒരു പരിധി വരെ ഇത് ശരിയാണെങ്കിലും കമ്പ്യൂട്ടറിനു മുന്നില്‍ സദാസമയവും കുത്തിയിരുന്ന് ജോലി ചെയ്യുന്ന സാധാരണ ജോലിക്കാര്‍ക്ക് ആവശ്യമായ വേതനമോ മറ്റുആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.

8. ജോലി സുരക്ഷിതത്വമില്ലായ്മ, എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടപ്പെടാം എന്നത് ജീവനക്കാരില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

സി.ഐ.ടി.യു നടത്തിയ ഇടപെടലുകളുടെ ഭാഗമായി നാഷണല്‍ ലേബര്‍ ‍ഇന്സ്റ്റിട്യൂട്ട് നടത്തിയ പഠനം ഈ മേഖലയിലെ ഗുരുതരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നുണ്ട് എന്നു അവര്‍ പറയുന്നു.കാള്‍ സെന്ററുകളിലും മറ്റും വളരെ ശോചനീയമായ വേതനമാണ് നല്കപ്പെടുന്നത്.തെറ്റു വരികയാണെങ്കില്‍ പല സ്ഥാപനങ്ങളും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ആ ദിവസത്തെ വേതനം പിടിച്ചുവെക്കുന്നു. ഈ മേഖലയിലെ തൊഴില്‍ സാഹചര്യം പത്തൊന്പതാം നൂറ്റാണ്ടിലെ തടവറകളിലേതുമായും റോമിലെ കപ്പലുകളിലേതുമായും താരതമ്യം ചെയ്യാവുന്നതാണത്രേ. ഇത് ഒരു പക്ഷേ അല്പം അതിശയോക്തിപരമായിരിക്കാം എങ്കിലും മൊത്തത്തിലുള്ള ഒരു ചിത്രംനല്കുന്നുണ്ട്. യൂണിയനുകളോ ജീവനകാരുടെ അവകാശത്തിനായുള്ള വേദികളോ ഉണ്ടാക്കുകയാണെങ്കില്‍ അത് രഹസ്യമായി ചെയ്യേണ്ടി വരുന്നു.

യൂണിയന്‍ ലേബര്‍ സെക്രട്ടറിയുമായി സി.ഐ.ടി.യു പ്രതിനിധികള്‍ നടത്തിയ ചര്ച്ചയില്‍ ‍അദ്ദേഹം തന്നെ ഈ മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സമ്മതിക്കുകയുണ്ടായത്രേ.

മറ്റെല്ലാ മേഖലകളിലേയും ജീവനക്കാരെ പോലെത്തന്നെ ഈ മേഖലയിലേയും ജീവനക്കാര്‍ക്ക് സംഘടിക്കുവാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാനുമുള്ള അവസരം ഉണ്ടാകുക എന്നത് അത്ര പ്രശ്നമുള്ള കാര്യമാകേണ്ടതില്ല. നല്ല തൊഴില്‍സാഹചര്യം ഒരുക്കുവാനും, തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുവാനും തയ്യാറുള്ള ഒരു തൊഴില്‍ ഉടമയും ഈ ന്യായമായ അവകാശത്തിന് എതിരു നില്ക്കേണ്ടതില്ല. കാരണം നല്ല തൊഴില്‍ സാഹചര്യം ഒരുക്കുന്നത് ജീവനക്കാരുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അതു വഴി സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഇടയാക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല.