Showing posts with label കേരള പഠന കോണ്‍ഗ്രസ്. Show all posts
Showing posts with label കേരള പഠന കോണ്‍ഗ്രസ്. Show all posts

Thursday, November 1, 2012

കേരളം പിന്നിട്ട നാള്‍വഴി

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. അതിനുമുമ്പ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുകയായിരുന്നു കേരളം. കേരളത്തിന്റെ അന്നത്തെ സവിശേഷതയെ സംബന്ധിച്ച് വിശദമായി പഠിച്ച ഇ എം എസ്, ഈ വ്യവസ്ഥയെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്നാണ് കണ്ടത്. സാമൂഹ്യരംഗത്ത് ജാതിയും സാമ്പത്തികരംഗത്ത് ജന്മിയും രാഷ്ട്രീയരംഗത്ത് നാടുവാഴികളും രാജാക്കന്മാരും എന്ന നില. ഇവരെയെല്ലാം സംരക്ഷിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും.

ജാതീയമായ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്വങ്ങളും സജീവമായിരുന്നെങ്കിലും മതപരമായ സൗഹാര്‍ദം നിലനിന്നിരുന്നുവെന്ന സവിശേഷതയും കേരളത്തിലുണ്ടായിരുന്നു. ഈ സമൂഹത്തിലാണ് ആധുനിക ചിന്തകള്‍ കടന്നുവന്നത്. അതോടൊപ്പം തദ്ദേശീയമായി ഉയര്‍ന്നുവന്ന ചിന്താപദ്ധതികളും നവോത്ഥാനത്തിന്റെ വെളിച്ചം പ്രചരിക്കുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും ഉയര്‍ന്നുവന്നു. ഒരു ജാതി- ഒരുമതം- ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇത്തരം പ്രസ്ഥാനങ്ങളെ പൊതുവില്‍ നയിക്കുന്ന ഒന്നായി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് 1937ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. ജാതിവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഘട്ടത്തില്‍ത്തന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടു.

സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ വര്‍ഗനിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനജീവിതത്തില്‍ വലിയ പുരോഗതിക്ക് ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണ്.

അഖിലേന്ത്യാ തലത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിച്ചു. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചതോടെ ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി മുഴുകി. രണ്ടാം ലോകമഹായുദ്ധം കൊടിയ ദാരിദ്ര്യമാണ് നാട്ടില്‍ വിതച്ചത്. ജന്മിമാരുടെ പത്തായങ്ങളില്‍ നെല്ല് കുമിഞ്ഞു കൂടുമ്പോഴും ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയെ മറികടക്കുന്നതിന് പാര്‍ടി ഇടപെട്ടു. കരിവെള്ളൂര്‍, കാവുമ്പായി, കോറോം, തില്ലങ്കേരി, പഴശ്ശി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഏറെ ശക്തിപ്രാപിച്ചു. തല്‍ഫലമായി 1947 ജനുവരി 23ന് മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭാഗമായി ന്യായവിലഷോപ്പുകള്‍ സ്ഥാപിക്കപ്പെട്ടു.

1960കളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ശക്തമായ പ്രക്ഷോഭം വീണ്ടും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് 1964 ഒക്ടോബര്‍ 26ന് ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ ഒന്നുമുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വലിയ സമരമാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. കേരളത്തിന്റെ സാംസ്കാരികമായ സവിശേഷതകളെയും ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെയും വിശകലനംചെയ്ത് "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകം ഇ എം എസ് എഴുതി.

ഐക്യകേരളത്തിനുവേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടല്‍ നടക്കുന്ന ഘട്ടത്തിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി പി രാമസ്വാമി അയ്യര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരായി ഐതിഹാസികമായ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്, സ്വതന്ത്ര തിരുവിതാംകൂര്‍ അറബിക്കടലില്‍- ഐക്യകേരളം സിന്ദാബാദ് എന്നതായിരുന്നു. ഐക്യകേരളത്തിന്റെ പേരില്‍ നിരവധി വായനശാലകളും കലാസമിതികളും രൂപീകരിച്ച് ഒരു ബഹുജനപ്രസ്ഥാനമായി ഐക്യകേരള പ്രസ്ഥാനത്തെ മാറ്റുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ച് കൊച്ചിരാജാവ് രംഗത്തുവന്നു. ജന്മിത്വഘടനയെയും രാജഭരണത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും അംഗീകരിച്ചുള്ള നിലപാടായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിനെ പാര്‍ടി ശക്തമായി എതിര്‍ത്തു. മാത്രമല്ല, ഭാവികേരളം എന്താവണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി സ്വീകരിച്ചു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാനസമ്മേളനം കേരള വികസനത്തെ സംബന്ധിച്ചുള്ള ഒരു നയംതന്നെ പ്രമേയരൂപത്തില്‍ അവതരിപ്പിച്ചു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചതും വിജയിച്ചതും.

അധികാരമേറ്റ ഉടന്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മാത്രമല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ ബില്ലും നടപ്പാക്കി. വിദ്യാഭ്യാസ ബില്‍, തൊഴില്‍ മേഖലയില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടി തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടവയാണ്. ജനങ്ങള്‍ക്ക് അനുകൂലമായ ഈ നടപടികള്‍ വലതുപക്ഷശക്തികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജാതിമത ശക്തികളുമായി ചേര്‍ന്ന് വിമോചനസമരം നടത്തി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഭൂപരിഷ്കരണ നടപടികളില്‍ ഉള്‍പ്പെടെ വെള്ളം ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി.

പിന്നീട് 1967ല്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പോരാട്ടം പാര്‍ടി തുടര്‍ന്നു. 1969 ഡിസംബര്‍ 14ന് ആലപ്പുഴയില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരപ്രഖ്യാപനം നടക്കുകയും നിയമം പാസാക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുകയുംചെയ്തു. കുടികിടപ്പിനായി നടത്തിയ ഈ സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുകയും പാവപ്പെട്ടവര്‍ക്ക് കുടികിടപ്പ് അവകാശം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഭൂപരിഷ്കരണനടപടികളിലൂടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി. സാംസ്കാരികമണ്ഡലത്തില്‍ ജനകീയ സൗന്ദര്യബോധത്തിനുവേണ്ടിയുള്ള ഇടപെടലും നടത്തി. മണ്ണില്‍ പണിയെടുക്കുന്നവനും ജീവിതവും സ്വപ്നങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന സാംസ്കാരിക മുന്നേറ്റമായിരുന്നു ഇത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ഓടയില്‍നിന്ന്, പാത്തുമ്മയുടെ ആട് തുടങ്ങി സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതങ്ങള്‍ സാഹിത്യത്തിന് വിഷയമായി തീര്‍ന്നതും ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്.

തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും ആ പാത പിന്തുടര്‍ന്നു. 1980ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചതും മാവേലിസ്റ്റോറുകള്‍ തുടങ്ങിയതും. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ബഹുജനവിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യുന്നതിനുള്ള ഇടപെടലുകളും പാര്‍ടി നടത്തി. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും പാര്‍ടി നല്‍കിയത് അതുകൊണ്ടാണ്. കാര്‍ഷിക- വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, സേവനമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ സാമൂഹ്യശ്രദ്ധ പതിപ്പിക്കുക, സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുക, ജനകീയ പങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍ടി നേതൃത്വം നല്‍കി. ഇതിന്റെ ഫലമായാണ് ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്.

ഇക്കാലത്ത് അധികാരത്തില്‍ വന്ന യുഡിഎഫാകട്ടെ ആഗോളവല്‍ക്കരണപരിപാടികള്‍ ശക്തമായി നടപ്പാക്കി. ഈ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ബദലുകള്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാര്‍ഷിക വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയുംചെയ്തു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യസംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

1957 മുതലുള്ള 55 വര്‍ഷത്തിനിടയില്‍ പാര്‍ടി നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്. ഈ കാലയളവില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തത്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് മൗലികമായ ഒരു സംഭാവനയും വലതുപക്ഷശക്തികളില്‍നിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ള നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് അവര്‍ പരിശ്രമിച്ചത്. വര്‍ത്തമാനകാലത്തും ഈ നില തുടരുന്നു. തോട്ടംമേഖലയെ ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിന് നടത്തിയ ഇടപെടലും കശുമാവിന്‍തോട്ടങ്ങളെ മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിക്കാനുള്ള നിയമങ്ങളെ അട്ടിമറിക്കാനുള്ള നടപടികളും ഇപ്പോള്‍ നടപ്പാക്കുന്നു. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നു. പെണ്‍വാണിഭസംഘങ്ങളും ഭൂമാഫിയയും ഗുണ്ടാ സംഘങ്ങളും കേരളം ഭരിക്കുന്ന നില ഉണ്ടായി. വിലക്കയറ്റത്തില്‍ നാട് പൊറുതിമുട്ടുന്നു. ഇത്തരം നയങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നതിന് തടസ്സംനിന്നത്. അത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ഘട്ടത്തിലാണ് കേരളത്തിന്റെ 56-ാം ജന്മദിനം നാം ആചരിക്കുന്നത്.

 പോരാടാം നാടിന്റെ നന്മയ്ക്ക്

വിവിധ സംസ്കാരങ്ങളെയും മതദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയതാണ് കേരളത്തിന്റെ സംസ്കാരം. ബൗദ്ധ- ജൈനദര്‍ശനങ്ങളും ഹൈന്ദവ- ക്രൈസ്തവ- മുസ്ലിം കാഴ്ചപ്പാടുകളുമെല്ലാം ഉള്‍ക്കൊണ്ട് വളരുകയും വികസിക്കുകയുംചെയ്ത മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ അഭിമാനകരമായ മതസൗഹാര്‍ദ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടു. കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളുടെ പൊതുവായ ഐക്യം രൂപപ്പെടുത്തുക എന്നത്, തൊഴിലാളികളെയും കര്‍ഷകരെയും മറ്റു ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊരുതുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറെ പ്രധാനമാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിത്തീരുന്നു.

കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുക എന്നത് പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. ജനങ്ങളുടെ യോജിപ്പിനെ തകര്‍ക്കുക എന്നത്, സാമ്രാജ്യത്വശക്തികള്‍ക്ക് അവരുടെ നയം നടപ്പാക്കുന്നതിന് അനിവാര്യമായ ഒന്നാണ്. അതുകൊണ്ടാണ് വര്‍ഗീയശക്തികളെ രൂപപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സമീപനം ഇന്ത്യയിലെ ഭരണവര്‍ഗപാര്‍ടികള്‍ പൊതുവില്‍ സ്വീകരിക്കുന്നത്. അങ്ങനെയാണ് സാമ്രാജ്യത്വശക്തികളുടെ കടന്നുവരവോടെ ഇന്ത്യയില്‍ വര്‍ഗീയപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. കേരളത്തില്‍ 1940കളുടെ തുടക്കത്തില്‍ കോഴിക്കോട് ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ തലശേരിയില്‍ മുസ്ലിംവ്യാപാരികളെ വളരാന്‍ അനുവദിക്കരുത് അത് ഹിന്ദുത്വത്തിന് ആപത്താണ് എന്ന രീതിയിലുള്ള പ്രചാരണവും ആരംഭിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഈ ഘട്ടത്തില്‍ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും മറ്റ് എവിടെയും എന്നപോലെ ഇവിടെയും ആര്‍എസ്എസ് മുന്നോട്ടുവച്ചില്ല. കേരളത്തില്‍ നിലനിന്ന മതനിരപേക്ഷതയെ തകര്‍ക്കാന്‍ വ്യത്യസ്ത രീതിയിലുള്ള വഴികളാണ് ഓരോ ഘട്ടത്തിലും സംഘപരിവാര്‍ സ്വീകരിച്ചത്.

അക്കാലത്തുതന്നെ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഐക്യപ്പെടുത്തി അതിലൂടെ തങ്ങളുടെ അജന്‍ഡ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മുസ്ലിം ലീഗിന് അധികാരത്തില്‍ ലഭിച്ച കണക്കുകള്‍ നിരത്തി ഹിന്ദുക്കള്‍ക്ക് അധികാരം അപ്രാപ്യമാണ് എന്ന പ്രചാരവേലയിലാണ് പിന്നീട് ആര്‍എസ്എസ് ഊന്നിയത്. 1970കള്‍ ആകുമ്പോഴേക്കും ആശയ പ്രചാരണത്തേക്കാള്‍ അക്രമോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. 1978 മുതല്‍ 1979 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ആര്‍എസ്എസ് നേതൃത്വം കൊടുത്ത 164 സംഘര്‍ഷങ്ങള്‍ ഉണ്ടായതായി രേഖകള്‍ കാണിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കുക എന്നത് എക്കാലത്തെയും അവരുടെ അജന്‍ഡയായിരുന്നു. വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിന് ഇവര്‍ തയ്യാറായി. പാര്‍ടിയെ പരാജയപ്പെടുത്താന്‍ യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധത്തിലേര്‍പ്പെടുക എന്നതും അവരുടെ നയമായി. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ഉണ്ടായ കോ.ലീ.ബി സഖ്യം പ്രസിദ്ധമാണല്ലോ. ഈ പരീക്ഷണവും പരാജയപ്പെട്ടതോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ആ സ്വാധീനംകൂടി ഉപയോഗപ്പെടുത്തി ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തി. അതും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ വീണ്ടും ഇത്തരം പദ്ധതികളുമായി ആര്‍എസ്എസ് രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഇന്നേവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്ത സംഘപരിവാര്‍, തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് നാം തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനാകണം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലയാണ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉള്ളത്. 50 ശതമാനത്തോളം ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. എന്നാല്‍, സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആകമാനം സമ്പന്നരല്ല. ഒരു വിഭാഗം സാമ്പത്തികമായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ ശതമാനം മത്സ്യത്തൊഴിലാളികളാണ്. ഇവരാകട്ടെ കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനവിഭാഗമാണ്. അവരുടെ അവശത പരിഹരിക്കുക എന്നത് കേരള വികസനത്തിന് ഏറെ പ്രധാനമാണ്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സമ്പന്ന വിഭാഗം എല്ലാ ഘട്ടത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായി പ്രത്യക്ഷപ്പെട്ടത്, 1957ല്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും പാസാക്കിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തിലൂടെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് തനതായി കഴിയില്ലെന്നു മനസ്സിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ജാതി- മത ശക്തികളുമായി ഐക്യമുണ്ടാക്കുക എന്ന നിലപാട് സ്വീകരിച്ചു. ഇത്തരം സംഘങ്ങളുടെ നേതൃത്വത്തില്‍ നിലകൊണ്ട സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളും വലതുപക്ഷത്തിന്റെ വര്‍ഗപരമായ നിലപാടും പരസ്പരം പൊരുത്തപ്പെട്ടതുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പൊതുവായ ഐക്യപ്രസ്ഥാനമായി ഇവ നിലകൊള്ളുന്ന സ്ഥിതിയും ഉണ്ടായി. എങ്കിലും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ഒരു വലിയവിഭാഗം ജനത പാര്‍ടിയോടൊപ്പം അണിചേരുകയുണ്ടായി.

ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനകാലത്ത് തീവ്രമായ വാണിജ്യവല്‍ക്കരണ നിലപാടുകളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സമീപനം വലതുപക്ഷ ശക്തികള്‍ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളെയും പൊതുമണ്ഡലങ്ങളെയും എല്ലാം തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന്റെയും അതുവഴി വര്‍ഗീയവല്‍ക്കരണത്തിന്റെയും വഴികളിലേക്ക് കേരളത്തെ നയിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ്.

ഒരുകാലത്ത് കേരളത്തിലെ പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരായിരുന്നു മിഷണറിമാര്‍. അത്തരം പാരമ്പര്യം അവകാശപ്പെടുന്ന സംഘങ്ങള്‍ പലതും, പണമുള്ളവനു മാത്രമേ വിദ്യാഭ്യാസം നല്‍കൂ എന്ന നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ നിലപാടിനെതിരെ പാവപ്പെട്ടവന്റെ പക്ഷത്തുനിന്ന് ശബ്ദിച്ചാല്‍ അത് മതവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് വിശ്വാസികളെ തങ്ങളുടെ നിലപാടുകള്‍ക്കു പിന്നില്‍ അണിനിരത്താനും ശ്രമിക്കുന്നു. ഓരോ മതസ്ഥരും അതത് മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ത്തന്നെയാണ് പഠിക്കേണ്ടത് എന്ന നിലപാടുപോലും മതനിരപേക്ഷതയുടെ ഉജ്വല പാരമ്പര്യമുള്ള കേരളത്തില്‍ ഉയര്‍ന്നുവരുന്നു. ഇതിലൂടെ സംഭവിക്കുന്നത് മതനിരപേക്ഷതയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസ രീതിപോലും മതവല്‍ക്കരണത്തിലേക്ക് നയിക്കപ്പെടുന്നു എന്നതാണ്.

മുസ്ലിംലീഗ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യത്തിന് കനത്ത തിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ്. സമ്പന്നര്‍ക്കായുള്ള ലീഗിന്റെ സാമുദായിക രാഷ്ട്രീയം തീവ്രവാദപരമായ രാഷ്ട്രീയത്തിന് കീഴടങ്ങുന്നുവെന്നതാണ് വര്‍ത്തമാനകാലത്തുണ്ടായ പ്രവണത. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില ചെയ്തികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് അന്വേഷണ കമീഷനെ പിരിച്ചുവിട്ടത്, നാദാപുരം നരിക്കാട്ടേരിയിലെ ബോംബ് സ്ഫോടനക്കേസ് ഇല്ലാതാക്കിയ നടപടി, മാറാട് സിബിഐ അന്വേഷണം തടയുന്നതിനായി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കുന്ന തരത്തില്‍ ജനാധിപത്യസമൂഹത്തിന് ഭീഷണി ഉയര്‍ത്തി സദാചാര പൊലീസ് ശക്തിപ്പെട്ട് വരുന്നുവെന്നതും കേരളത്തിന്റെ പിറകോട്ട് പോക്കിന്റെ ലക്ഷണമായി തീര്‍ന്നിരിക്കുന്നു. എല്ലാ വര്‍ഗീയവാദികളും ഇത്തരം ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലീഗിന്റെ അഞ്ചാം മന്ത്രിപദം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവുതന്നെയാണ്. ലീഗിനകത്ത് തീവ്രവാദശക്തികള്‍ നുഴഞ്ഞുകയറി എന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗംതന്നെയാണ് പ്രസ്താവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭരണസംവിധാനം വര്‍ഗീയശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും അവരുടെ ചെയ്തികള്‍ക്കും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നിലയാണുള്ളത്. അധികാരത്തിനുവേണ്ടി വര്‍ഗീയശക്തികളുടെ അജന്‍ഡകള്‍ക്ക് കീഴ്പ്പെടുക എന്ന യുഡിഎഫിന്റെ സമീപനം വര്‍ത്തമാനകാലത്ത് ഏറെ തീവ്രമായിരിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടല്‍തന്നെ വര്‍ഗീയശക്തികള്‍ക്ക് അനുകൂലമാകുമ്പോള്‍ സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കപ്പെടും എന്നതും വസ്തുതയാണ്. ആ തരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അത്തരം ശക്തികളുടെ സംരക്ഷണകേന്ദ്രമായി കോണ്‍ഗ്രസും യുഡിഎഫും മാറി.

വര്‍ഗീയശക്തികളുടെ കൂടാരമായ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. എന്നാല്‍, കേരളത്തിലെ വിവിധ മതവിശ്വാസികള്‍ ഏതെങ്കിലും വര്‍ഗീയസംഘങ്ങളുടെയോ സാമുദായിക ശക്തികളുടെയോ കുഴലൂത്തുകാരാണെന്ന് ധരിക്കരുത്. ഏതെങ്കിലും ജാതിമത സംഘടനകള്‍ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരല്ല അവര്‍, മറിച്ച് മതനിരപേക്ഷതയ്ക്ക് പ്രഹരമേല്‍ക്കുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായി പ്രതികരിച്ചിട്ടുള്ളവരാണ്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള അവകാശം ഉണ്ടാകണം. അതിന് ആരെങ്കിലും തടസ്സം നിന്നാല്‍ മതവിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതേ അവസരത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്ന രീതി ഉണ്ടാകരുത്. ഏതെങ്കിലും ഒരു വര്‍ഗീയതകൊണ്ട് മറ്റൊരു വര്‍ഗീയതയെ പ്രതിരോധിക്കാനാകില്ല. അതുകൊണ്ട് എല്ലാ വര്‍ഗീയതകളെയും ഒറ്റപ്പെടുത്തുന്നതിനുള്ള വിശാല ബഹുജനമുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുകയാണ്. കേരളത്തിലെ മഹത്തായ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് അത് അനിവാര്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കേണ്ട ദിനംകൂടിയാണ് ഇത്. വിവിധ ജനവിഭാഗങ്ങളുടെ കൂടിച്ചേരലുകളില്‍നിന്നാണ് ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുന്നത്. വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം സ്വീകരിച്ചാണ് ഒരു ജനതയുടെ ജീവിതം രൂപപ്പെടുന്നത്.

ഇത്തരത്തിലുള്ള പൊതുവായ സംസ്കാരങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുക എന്നത് മതനിരപേക്ഷതയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് പൊതുമണ്ഡലങ്ങളെ പിളര്‍ക്കുന്നതിനും വിവിധ ജാതിമത സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്കാരത്തെ അഴിച്ചെടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നാം ജാഗ്രത പുലര്‍ത്തണം. കേരളീയന്റെ യോജിപ്പിന്റെ അടിസ്ഥാനം അവന്റെ ഭാഷയും സംസ്കാരവുമാണ്. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ സംരക്ഷണവും അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും വര്‍ത്തമാനകാലത്ത് ഏറെ അനിവാര്യമാണ്. ഭാഷ മൗലികവാദമല്ല. ഭാഷയെ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നവീകരിക്കുക എന്നത് പ്രധാനമാണ്. ഭാഷാ കംപ്യൂട്ടറിങ് ഉള്‍പ്പെടെയുള്ള രീതികളുമായി മലയാളഭാഷയെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും വര്‍ത്തമാനകാലത്ത് കടന്നുവരേണ്ടതുണ്ട്.

ഭരണഭാഷയും കോടതിഭാഷയും ഉള്‍പ്പെടെ മാതൃഭാഷയില്‍ ആക്കുക എന്നതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ ഇടപെടുന്നതിന് അനിവാര്യമാണെന്ന് കാണേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക എന്നതും നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തവുമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിനെതിരായി അതിശക്തമായ വികാരം ഉയര്‍ന്നുവരുന്ന കാലഘട്ടമാണ് ഇത്. ഈ ജനകീയരോഷത്തെ മറികടക്കുന്നതിന് വര്‍ഗീയ അജന്‍ഡകള്‍ രൂപപ്പെടുത്തി സാധ്യമാകുമോ എന്നാണ് ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള ശ്രമം നടത്തുന്നവര്‍ക്ക് ഇത്തരം അജന്‍ഡയുണ്ട് എന്നും നാം തിരിച്ചറിയണം. ബിജെപിയായാലും യുഡിഎഫ് ആയാലും ഒരേ നയത്തിന്റെ വക്താക്കളാണ്. ഈ നയങ്ങളെ തുറന്നുകാട്ടുന്നതിനും നൂറ്റാണ്ടുകളായി കേരളം പുലര്‍ത്തിയിരുന്ന മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും മലയാളഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും എന്നതാണ് കേരള രൂപീകരണ വാര്‍ഷികദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാനുള്ളത്.

****

പിണറായി വിജയന്‍

Thursday, May 17, 2012

കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"

ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

അഞ്ചാം ഭാഗം: അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

ആറാം ഭാഗം: കാലന്‍ വന്ന് വിളിച്ചിട്ടും

ഇരുപതു വര്‍ഷംമുമ്പാണ്. രാഷ്ട്രീയ അക്രമങ്ങളുടെ വേര് തേടി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ണൂരിലെത്തി. കണ്ണൂര്‍ ജില്ലയല്ലേ, സിപിഐ എം ഭീകരതയാണ് അവിടെ എന്നാണ് പറഞ്ഞുകേട്ടത്. അവിടെച്ചെന്ന് അന്വേഷിച്ചപ്പോള്‍ അതുവരെ കേട്ട ചിത്രമല്ല തെളിഞ്ഞത്. ഉപായത്തില്‍ ചില കോണ്‍ഗ്രസുകാരുമായി അടുത്തു. കോണ്‍ഗ്രസിന്റെ "ശക്തി"യെക്കുറിച്ച് അവര്‍ വാചാലരായി. പലതരം ബോംബുകളുണ്ട്; വേണമെങ്കില്‍ കാണിച്ചുതരാം; പക്ഷേ സുധാകരേട്ടന്റെ സമ്മതം വേണം. ഉടന്‍കിട്ടി സമ്മതം. ""നമ്മുടെ ഫയറിങ്ങ് ശക്തി സിപിഎമ്മുകാര്‍ ഒന്നറിയട്ടെ"" എന്ന് നേതാവിന്റെ പ്രതികരണം. ആയുധം സൂക്ഷിച്ച കേന്ദ്രത്തിലേക്ക് കാര്‍ വിളിച്ച പത്രപ്രവര്‍ത്തകനോട് കണ്ണൂര്‍ നഗരമധ്യത്തില്‍വച്ച് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്, നടന്നുപോകാം എന്ന്. എത്തിയത് മറ്റെവിടെയുമല്ല. തളാപ്പിലെ ഡിസിസി ഓഫീസില്‍. അര്‍ധരാത്രിയായിരുന്നു. ചെന്നയുടന്‍ അകത്തുകൊണ്ടുപോയി. പലതരം ബോംബുകള്‍ കാണിച്ചു. പടമെടുക്കാന്‍ സൗകര്യംചെയ്തു. ഒരാള്‍ മുഖംമൂടി ധരിച്ച് ബോംബുമായി ചിത്രത്തിന് പോസ് ചെയ്തു. ഒരു നിബന്ധന മാത്രം. വാര്‍ത്തയില്‍ ഡിസിസി ഓഫീസിലാണ് ബോംബ് ശേഖരം എന്ന് എഴുതരുത്. അത് പാലിക്കപ്പെട്ടു. പക്ഷേ, അച്ചടിച്ചു വന്ന ചിത്രത്തില്‍ ഡിസിസി ഓഫീസിന്റെ ചുവരും അതിലെ പെയിന്റും നാട്ടുകാര്‍ വ്യക്തമായി കണ്ടു. വിവിധതരം ബോംബുകള്‍ നിര്‍മിക്കാറുണ്ടെന്നും ഡിസിസി ഓഫീസില്‍ സൂക്ഷിക്കാറുണ്ടെന്നും ഡിസിസി സെക്രട്ടറി തന്നെ ഏറ്റുപറഞ്ഞു. ഈ ബോംബുകളാണ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെക്കാലം നിന്നുപൊട്ടിയത്.

എന്‍ രാമകൃഷ്ണനില്‍നിന്ന് കണ്ണൂരിലെ ഗുണ്ടാപ്പടയുടെ കമാന്‍ഡ് ഏറ്റെടുത്തത് കെ സുധാകരന്‍. കോണ്‍ഗ്രസിലെ ഈ പുത്തന്‍കൂറ്റുകാരന്‍ മുന്‍കാല നേതാക്കളെയാകെ ഒതുക്കിയാണ് നേതൃത്വം പിടിച്ചത്. കടയില്‍ ചായകുടിച്ചിരുന്ന യുവാവിനെ വെടിവച്ചുകൊന്നശേഷം ""അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും"" എന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ഒരാളേ കേരളത്തിലുള്ളൂ- സുധാകരനാണത്. എല്ലാ അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും മാര്‍ക്സിസ്റ്റ് അക്രമ മുറവിളികൂട്ടി രക്ഷപ്പെടുകയുമെന്നത് എക്കാലത്തെയും കോണ്‍ഗ്രസ് തന്ത്രം. അന്നും ഒരു "അക്രമവിരുദ്ധജാഥ" നടത്തി. ജാഥാനേതാവ് സുധാകരന്‍. ജാഥ മട്ടന്നൂരിനടുത്ത് ഇടവേലിക്കലിലെത്തി. നാല്‍പ്പാടി വാസുവും നാരോത്ത് സദാനന്ദനുമടക്കമുള്ള തൊഴിലാളികള്‍ അവിടെ കടയിലിരുന്ന് ചായകുടിക്കുന്നു. ജാഥ പോകുമ്പോള്‍ അവര്‍ പരിഹസിച്ചതായി തോന്നി. അക്രമ വിരുദ്ധ ജാഥയുടെ വാഹനം നിര്‍ത്തി ഗാന്ധിശിഷ്യര്‍ കടയിലേക്ക് ഇരച്ചുകയറി അവിടെയുള്ളവരെ തല്ലി. ഭയന്ന് ഓടിയ വാസുവിനെ സുധാകരന്റെ ഗണ്‍മാന്‍ വെടിവച്ചുകൊന്നു. കൊല നടത്തിയശേഷം മട്ടന്നൂരിലെത്തിയ സുധാകരന്‍ അവിടെ പൊതുയോഗത്തിലാണ്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ആ കൊലയ്ക്ക് ന്യായീകരണമായി ജാഥയെ ആക്രമിച്ചു എന്നൊരു കഥ പടച്ചു-അതിന് പക്ഷേ അച്ചടിച്ച മനോരമയുടെ വിലയേ ഉണ്ടായുള്ളൂ. സുധാകരനടക്കം 13 പേര്‍ക്കെതിരെ നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സുധാകരന്റെ നേരിട്ടുള്ള പങ്ക് സംശയാതീതം തെളിഞ്ഞു. എന്നാല്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് അട്ടിമിറച്ചു. കുറ്റപത്രത്തില്‍നിന്ന് സുധാകരന്റെ പേര്‍ ഒഴിവായി.

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്താണ് സേവറി എന്ന ഹോട്ടല്‍. 1992 ജൂണ്‍ 13ന് ഉച്ചയ്ക്ക് ഊണ്‍ സമയത്താണ് അവിടെ ബോംബാക്രമണമുണ്ടായത്. ഊണ്‍ വിളമ്പുകയായിരുന്ന സി പി ഐ എം പ്രവര്‍ത്തകന്‍ കെ നാണു കൊല്ലപ്പെട്ടു. ഡിസിസി ഐ ഓഫീസില്‍നിന്ന് നേരിട്ട് എത്തിയാണ് സുധാകരന്‍സംഘം "കൃത്യം" നിര്‍വഹിച്ചത്.

തല്ലിക്കൊല്ലലില്‍ തുടങ്ങി കത്തിയും വാളും ബോംബും കടന്ന് തോക്കിലെത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയിലും വളര്‍ച്ചയിലും മുഖ്യ സംഭാവന കോണ്‍ഗ്രസിനാണ്. നേതാക്കളെ വകവരുത്തിയാല്‍ പ്രസ്ഥാനം തകര്‍ക്കാമെന്ന ചിന്തയും ഖദറിനുള്ളില്‍ ജനിച്ചതുതന്നെ. പിണറായി വിജയനെ കൊല്ലുക എന്ന ആശയം സുധാകരന്റെയും എം വി രാഘവന്റെയും കൂടിയാലോചനയിലാണ് മൊട്ടിട്ടത്. അതിന് ആര്‍എസ്എസുകാരായ പ്രൊഫഷണല്‍ കില്ലര്‍മാരെ വാടകയ്ക്കെടുത്തതും അവര്‍തന്നെ. പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും കൊലയാളികള്‍ക്ക് കിട്ടിയില്ല- കിട്ടിയത് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനെ. ഇ പി പറയുന്നു:
""സിപിഐ എമ്മിന്റെ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചണ്ഡീഗഢില്‍നിന്ന് തിരിച്ചുവരുമ്പോള്‍ രാജധാനി എക്സ്പ്രസില്‍വച്ചാണ് എനിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ ചിരാലയില്‍വച്ച് ഭാര്യ, ഭാര്യയുടെ സഹോദരി കൂടിയായ പി കെ ശ്രീമതി ടീച്ചര്‍, എം വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ യാത്ര ചെയ്തിരുന്നത്. ടോയ്ലറ്റിനടുത്ത് ചെന്ന് വാഷ്ബേസിനില്‍ മുഖം കഴുകിക്കൊണ്ടിരിക്കെ പിറകില്‍നിന്ന് അരടി കിട്ടിയതുപോലെ തോന്നി. കഴുത്തിനുമേല്‍ തലയുടെ പിന്‍ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി. വണ്ടിയില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നതിനാലും വൈകാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാലുമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. അതൊരത്ഭുതമായിട്ടാണ് എനിക്കുതന്നെ തോന്നുന്നത്""

ഇ പി ഇന്ന് അസഹ്യമായ വേദനതിന്നുകൊണ്ടാണ് ജീവിക്കുന്നത്. പിടലിയില്‍ വെടിയുണ്ടയുടെ അംശം ഇപ്പോഴുമുണ്ട്. അതുകൊണ്ടുള്ള കടുത്ത തലവേദന. ഇടയ്ക്ക് തലകറങ്ങി വീഴുന്ന അവസ്ഥ. ഇ പിയെ വെടിവച്ച വിക്രം ചാലില്‍ ശശി, ദിനേശന്‍ എന്നിവര്‍ അന്നുതന്നെ പൊലീസിന്റെ പിടിയിലായി. റെയില്‍വേ പൊലീസിനും പിന്നീട് റെയില്‍വേ മജിസ്ട്രേട്ട് കോടതിയിലും കൊടുത്ത മൊഴിയില്‍ അവര്‍ പറഞ്ഞു: മന്ത്രി (അന്നത്തെ) എം വി രാഘവനും കെ സുധാകരനും ഗൂഢാലോചന നടത്തിയാണ് തങ്ങളെ നിയോഗിച്ചയച്ചത്. തോക്കുകള്‍ തന്നതും ചെലവിനുള്ള പണം എത്തിച്ചുതന്നതും ഡല്‍ഹിയില്‍ താമസസൗകര്യമൊരുക്കിയതും കെ സുധാകരനാണ്. അതനുസരിച്ച് പൊലീസ് കേസെടുത്തു. സുധാകരന്‍ മാസങ്ങളോളം ഒളിവിലായി. സുധാകരനെ രക്ഷിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കിണഞ്ഞു ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചു.

ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാ രാഷ്ട്രീയത്തിന്റെയും വാടകക്കൊലയാളികളുടെയും കേരളത്തിലെ അരങ്ങേറ്റമായിരുന്നു അത്. സിപിഐ എമ്മിന്റെ നേതൃത്വത്തെ ഇല്ലാതാക്കാനാണ് വാടകക്കൊലയാളി സംഘവും തോക്കും പണവും ഉപയോഗിക്കപ്പെട്ടത്. വിക്രംചാലില്‍ ശശി ആര്‍എസ്എസില്‍നിന്ന് ശിവസേനയിലെത്തിയ കൊടും ക്രിമിനല്‍. പേട്ട ദിനേശനാകട്ടെ കെ വി സുധീഷ് വധമുള്‍പ്പെടെ അനേകം കേസുകളിലെ മുഖ്യ പ്രതി (ഇപ്പോഴും ജയിലില്‍). ആ രണ്ടുപേരെയാണ് ക്വട്ടേഷന്‍ സംഘമായി അയച്ചത്. രാഷ്ട്രീയത്തിലെ രണ്ട് ക്രിമിനലുകള്‍ കൊലപാതകം തൊഴിലാക്കിയ രണ്ടുപേരുമായി ഒത്തുചേര്‍ന്നുള്ള ആ ക്വട്ടേഷന്‍ സംഘത്തേക്കാള്‍ വലിയ ഒന്ന് കേരളത്തില്‍ അതിനുമുമ്പും പിന്നെയും ഉണ്ടായിട്ടില്ല. ജയിലില്‍ കഠിനതടവനുഭവിക്കേണ്ടവര്‍ യുഡിഎഫിന്റെ പരമോന്നത നേതൃത്വത്തിലാണ് ഇന്നും. (അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 17 മേയ് 2012

Tuesday, June 14, 2011

ഭ്രമണപഥങ്ങള്‍ മാറുമ്പോള്‍

അന്ന്, 1957ല്‍ , സ്വതന്ത്രഭാരതത്തിലെ ആദ്യ അഴിമതിയാരോപണം ലോക്സഭയില്‍ ചര്‍ച്ചയ്ക്കെത്തി. ട്രഷറിബെഞ്ചില്‍ അസ്വസ്ഥനായിരുന്നു ജവാഹര്‍ലാല്‍ നെഹ്റു. റായ്ബറേലിയെ പ്രതിനിധാനംചെയ്യുന്ന ഫിറോസ് ഗാന്ധിയാണ് പ്രസംഗിക്കുന്നത്. ഹരിദാസ് മുന്ദ്ര എന്ന വ്യവസായിയുടെ ആറ് കമ്പനിയുടെ ഓഹരി എല്‍ഐസി വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് ഫിറോസിന്റെ വാദം. ധനമന്ത്രി ടി ടി കൃഷ്ണമാചാരി നിഷേധിച്ചു. ഫിറോസ് വസ്തുതകള്‍ നിരത്തി. "ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ നാം നേടിയ സ്വാതന്ത്ര്യത്തിന് വിലയില്ലാതാകും"- ഫിറോസ് ഉപസംഹരിച്ചു.

നെഹ്റുവിന്റെ മുഖം ചുവന്നു- മറ്റൊരു റോസാപ്പൂപോലെ, നെഹ്റു അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ റിട്ടയേഡ് ജഡ്ജി എം സി ഛഗ്ലയായിരുന്നു കമീഷന്‍ . ഡല്‍ഹിയിലും ബോംബെയിലും തെളിവെടുപ്പുകള്‍ . പരസ്യമായ വിചാരണ. മന്ത്രിയും ഉദ്യോഗസ്ഥരും ചോദ്യങ്ങള്‍ക്കുമുന്നില്‍ വിറയ്ക്കുന്നതും പരസ്പരബന്ധമില്ലാതെ പറയുന്നതും ജനങ്ങള്‍ നേരില്‍ക്കണ്ടു. ചോദ്യവും ഉത്തരവും വ്യക്തമാകാന്‍ ഉച്ചഭാഷിണിവരെ ഏര്‍പ്പെടുത്തി. ധനമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കൃഷ്ണമാചാരി രാജിവച്ചു. ഡല്‍ഹിയിലെ സ്യൂട്ടില്‍നിന്ന് മുന്ദ്രയെ അറസ്റ്റ്ചെയ്തു. 22 വര്‍ഷത്തെ ശിക്ഷ. രണ്ടുവര്‍ഷംകൊണ്ട് നടപടിക്രമം പൂര്‍ത്തിയായി. ഛഗ്ലയെഴുതിയ ആത്മകഥയില്‍ നെഹ്റുവിനെ പ്രശംസിച്ചു. "നീതിമാനും നിഷ്പക്ഷനും സത്യസന്ധനുമാണ് നെഹ്റു. അന്വേഷണത്തില്‍ ഒരിക്കല്‍പ്പോലും ഇടപെട്ടില്ല" - കൃഷ്ണമാചാരി നെഹ്റുവിന് പ്രിയപ്പെട്ടവനായിട്ടും. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു! ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധാര്‍മികാടിത്തറയ്ക്ക് ബലക്ഷയം സംഭവിക്കാത്ത കാലം. പൊതുജീവിതത്തിന്റെ ഗാന്ധിയന്‍ വിശുദ്ധിക്കു മീതെ നിരാമയമായ അശോകചക്രത്തിന്റെ മുദ്രപതിഞ്ഞ കാലം. ആദര്‍ശത്തിന്റെ ഭ്രമണപഥങ്ങളിലൂടെ മൂല്യങ്ങള്‍ ഇന്ത്യയെ വലംവച്ച കാലം.

പക്ഷേ, ഭ്രമണപഥങ്ങള്‍ മാറുകയായിരുന്നു.....

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വെല്‍സ് ഹാന്‍ജെന്‍ 1963ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു, "നെഹ്റുവിനുശേഷം ആര്?" എട്ടുപേരെയാണ് ഹാന്‍ജെന്‍ നെഹ്റുവിന്റെ പിന്‍ഗാമിയായി കണ്ടത്. അതില്‍ ആറുപേരും കോണ്‍ഗ്രസില്‍നിന്ന്. ആറാമത്തെ പേരായിരുന്നു ഇന്ദിര ഗാന്ധി. മൊറാര്‍ജിദേശായി, വി കെ കൃഷ്ണമേനോന്‍ , വൈ ബി ചവാന്‍ , ലാല്‍ ബഹാദൂര്‍ ശാസ്ത്രി, എസ് കെ പാട്ടീല്‍ എന്നിവരായിരുന്നു ആദ്യ അഞ്ചുപേര്‍ . ഏഴാമത് ജയപ്രകാശ് നാരായണ്‍ . അവസാനം ബി എം കൗളും. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനുശേഷം പ്രധാനമന്ത്രിയെ കണ്ടെത്തണം. സ്വാഭാവികമായും മൊറാര്‍ജി ദേശായി പരിഗണനാലിസ്റ്റില്‍ ഒന്നാമതെത്തി. പക്ഷേ, കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജിന്റെ മനസ്സില്‍ മറ്റൊരാളായിരുന്നു- ഇന്ദിര ഗാന്ധി. സുന്ദരി, ലോകനേതാക്കളുമായി പരിചയം, 48 വയസ്സ്. എല്ലാത്തിനേക്കാള്‍ പ്രധാനം ചാച്ചാജിയുടെ പ്രിയപ്പെട്ട മകള്‍ .

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടന്നു. സത്യസന്ധതയിലും കഴിവിലും താന്‍ ബഹുമാനിക്കുന്ന ചുരുക്കം നേതാക്കളില്‍ ഒരാള്‍ എന്ന് നെഹ്റു പ്രശംസിച്ച മൊറാര്‍ജി ദേശായിക്ക് 169 വോട്ട്. ഇന്ദിരയ്ക്ക് 355 വോട്ട്. കാമരാജിന്റേതായിരുന്നു അവസാന ചിരി. എന്നാല്‍ , ചാച്ചാജിയായിരുന്നില്ല ഇന്ദിര. കാര്‍നിര്‍മാണ കമ്പനിക്കുവേണ്ടി 18 അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അതില്‍നിന്ന് ഒരെണ്ണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. സഞ്ജയ് ഗാന്ധിയുടേതായിരുന്നു അത്. ഹരിയാന മുഖ്യമന്ത്രി ബന്‍സിലാല്‍ കമ്പനിക്ക് 300 ഏക്കര്‍ ഭൂമി വിലകുറച്ചു നല്‍കി. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ മുഴങ്ങി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എന്‍ ഹക്സര്‍ ഉപദേശിച്ചു- "ഈ മാരുതിപദ്ധതി ഉപേക്ഷിക്കണം. മകനെച്ചൊല്ലി ചീത്തപ്പേര് വലിച്ചുവയ്ക്കരുത്".

ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ച ഹക്സറുടെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയുടേതായിരുന്നു. വിവിധ വിഷയങ്ങളില്‍ പണ്ഡിതനാണ് ഹക്സര്‍ . കണക്കില്‍ പ്രാവീണ്യം, ചരിത്രത്തില്‍ പരന്ന വായന, നരവംശശാസ്ത്രത്തില്‍ താല്‍പ്പര്യം. അനുഭവസമ്പത്തും ധാരാളം. ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ , നൈജീരിയയിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമീഷണര്‍ . ഇതിനെല്ലാം മീതെ ഒന്നാന്തരം പാചകക്കാരനും. പക്ഷേ, ഹക്സര്‍ പാകംചെയ്ത ഏറ്റവും നല്ല രാഷ്ട്രീയനിര്‍ദേശം ഇന്ദിര തള്ളി. സഞ്ജയ് ഗാന്ധിയുടെ അമ്മയായി ഇന്ദിര ഗാന്ധി ചുരുങ്ങി. സ്വന്തം ശരീരത്തിലേക്ക് മാത്രമല്ല, രാഷ്ട്രശരീരത്തിലേക്കാണ് ആ ആലിംഗനം എത്തിയത്. അവസാനിച്ചതാകട്ടെ അടിയന്തരാവസ്ഥയിലും. ഒരു ഗ്രഹണത്തിന്റെ ഭ്രമണപഥത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം പ്രവേശിച്ചു. ജനാധിപത്യത്തിന്റെ പൂജാമുറികളില്‍നിന്ന് ജനങ്ങളെ ഇറക്കിവിട്ടു. സ്വാര്‍ഥതാല്‍പ്പര്യത്തിന്റെ കാട്ടുമൃഗങ്ങളെ കൃഷ്ണശിലകളാക്കി കൊത്തിവച്ചു. സ്തുതിപാഠകരും കോമാളികളും മന്ത്രങ്ങള്‍ ഉരുക്കഴിച്ചു. അഴിമതി പെരുകി. ആയുധക്കച്ചവടത്തിലെ ഇടനിലക്കാരുടെ പണം തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകി. കോണ്‍ഗ്രസ് എന്ന സംഘടനയില്‍ ജനാധിപത്യം നിലച്ചു; നിയമനങ്ങള്‍ തുടങ്ങി. ഗുജറാത്തിലെ മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിനെ ചിമന്‍ ചോര്‍ (കള്ളന്‍) പട്ടേല്‍ എന്ന് ജനങ്ങള്‍ അപഹസിച്ചു. ബിഹാറില്‍ അഴിമതിക്കെതിരെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ആദര്‍ശത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് അവസരവാദത്തിന്റെ സഞ്ചാരപഥത്തിലേക്ക് രാഷ്ട്രീയഗ്രഹം തെറിച്ചുവീണു. അശോകചക്രത്തിന്റെ മുദ്രകള്‍ക്കുമീതെ ബൊഫോഴ്സ് തോക്കുകള്‍ ഗര്‍ജിച്ചു. രാഷ്ട്രീയപ്രവര്‍ത്തകരെ രണ്ടായി തിരിച്ചു ജര്‍മനിയിലെ പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞന്‍ മാക്സ് വെബെര്‍ . ഒന്ന്- രാഷ്ട്രീയത്തിനുവേണ്ടി ജീവിക്കുന്നവര്‍ , രണ്ട്- രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര്‍ .

വാക്കുകളുടെ വ്യാകരണശാസ്ത്രംകൊണ്ട് നിര്‍വചിക്കാവുന്നത്ര ലളിതമല്ല ഇതിന്റെ അര്‍ഥവ്യത്യാസം. ഇത് ഒരു വഴിപിരിയലാണ്. ബലിത്തറയില്‍നിന്ന് ഓഹരിക്കമ്പോളത്തിലേക്കുള്ള അകലം. ഇതിനിടയില്‍ ഋതുപ്പകര്‍ച്ചയുടെ സംക്രമണവഴിയില്‍ എത്രയോ മന്വന്തരങ്ങള്‍ ഉടഞ്ഞുവീണു! മൃത്യുവിനു നേരെ ജീവിതത്തിന്റെ കൊടിപ്പടം ഉയര്‍ത്തി അമര്‍ത്തി ചവിട്ടിപ്പോയവരാണ് രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവര്‍ . സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനുള്ള യുദ്ധഭൂമിയിലേക്ക് അവര്‍ സ്വന്തം ശരീരത്തെ യാഗാശ്വമായി അഴിച്ചുവിട്ടു. ഈ രക്തം നിനക്കും നിന്റെ അനന്തര തലമുറകള്‍ക്കുമായി ചിന്തുന്നു എന്ന തിരുവെഴുത്ത് നിവൃത്തിയാകാന്‍ കുരിശുമരങ്ങളില്‍ മരണം ഏറ്റുവാങ്ങിയവരുടെ അടയാത്ത കണ്ണുകളിലെ പ്രതീക്ഷകളാണ് ചരിത്രം അതിന്റെ ഉമ്മറപ്പടിയില്‍ വിളക്കായി കൊളുത്തിയത്. അവര്‍ നടന്ന വഴിയിലാണ് പിന്നെ വസന്തങ്ങള്‍ ഉണ്ടായതെന്ന് ചരിത്രം രേഖപ്പെടുത്തി. ഭ്രമണപഥം വീണ്ടും മാറി. രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവരെ രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര്‍ കള്ളച്ചൂതെറിഞ്ഞ് തോല്‍പ്പിച്ചു. രാഷ്ട്രീയത്തെ "ഔട്ട്ഡേറ്റഡ്" ആക്കുന്ന രാഷ്ട്രീയംകൊണ്ട് "കള്‍ച്ചറല്‍ ക്യാപ്പിറ്റലിസ്റ്റു"കള്‍ വന്നു. ഗര്‍ഭപാത്രമില്ലാതെ ഒരു കുട്ടിയും ജനിക്കില്ല. അമ്മയുടെ നെഞ്ചിടിപ്പിന്റെ താളംകേള്‍ക്കാതെ ഒരു കുഞ്ഞിന്റെ വളര്‍ച്ചയും പൂര്‍ണമാകില്ല. ഗര്‍ഭപാത്രങ്ങള്‍ "ഔട്ട്ഡേറ്റഡ്" ആകില്ല. ഇളംനെറ്റിയില്‍ ചാര്‍ത്തുന്ന ജീവന്റെ ചൂടുള്ള നൂറ്നൂറ് കുഞ്ഞുചുംബനങ്ങള്‍ "ഔട്ട് ഡേറ്റഡ്" ആകില്ല.

കളിത്തൊട്ടിലില്‍ മസൃണമായി പതിയുന്ന വിരല്‍പ്പാടുകള്‍ "ഔട്ട്ഡേറ്റഡ്" ആകില്ല- അമ്മ ചരിത്രത്തിലേക്കും കുഞ്ഞ് ഭാവിയിലേക്കുമാണ് നടക്കുന്നതെങ്കിലും. പൈതൃകങ്ങള്‍ കാഴ്ചബംഗ്ലാവുകളല്ല. ഭൂതകാലം വര്‍ത്തമാനകാലത്തോട് നടത്തുന്ന അവസാനിക്കാത്ത സംഭാഷണമാണ് ചരിത്രം. ഇത് ഭൂതകാലസ്മൃതിയില്‍മാത്രം രമിക്കുന്ന വാര്‍ധക്യസഹജമായ അസുഖമല്ല. "എന്തുനേടി, യറിയില്ലന്നിളം തലമുറ- പക്ഷെ എന്തു നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേപറ്റൂ" - എന്ന് തറപ്പിച്ചു പറയുന്നു ഇടശ്ശേരി. അതൊക്കെ അറിഞ്ഞേപറ്റൂ. ഡൂണ്‍ പബ്ലിക് സ്കൂളിലെ സിലബസില്‍ അത് ഉണ്ടാകില്ല. രാജീവ് ഗാന്ധി തന്റെ "കിച്ചണ്‍ ക്യാബിനറ്റി"നെ കണ്ടെത്തിയത് അവിടത്തെ ക്ലാസ്മേറ്റ്സില്‍നിന്നാണ്. രാഹുല്‍ഗാന്ധിയിലെത്തിയപ്പോള്‍ അത് "ടാലന്റ് സെര്‍ച്ചാ"യി. ചമ്പാരനിലെ നീലം കൃഷിക്കാരുടെ സമരം നയിക്കാന്‍ ഗാന്ധിജി "പൊളിറ്റിക്കല്‍ സയന്‍സ്" പഠിച്ചില്ല. പകരം കസ്തൂര്‍ബയെ ആ ഗ്രാമത്തിലേക്ക് അയച്ചു. മാറുമറയ്ക്കാന്‍ ഒരു കീറത്തുണിപോലുമില്ലാതെ, കുടിലില്‍നിന്ന് പുറത്തിറങ്ങാനാകാതെ നരകിക്കുന്ന സ്ത്രീകളെ കസ്തൂര്‍ബ കണ്ടു.

ഭ്രമണപഥം വീണ്ടും മാറുകയാണ്. ആദര്‍ശത്തിന്റെയും അവസരവാദത്തിന്റെയും ആകര്‍ഷണവലയത്തില്‍നിന്ന് ആര്‍ഭാടത്തിന്റെ ഭ്രമണപഥത്തിലേക്കെത്തി സഞ്ചാരം. ഫിറോസ് ഗാന്ധിയല്ല, രാഹുല്‍ഗാന്ധി. ഇത് അല്ലെങ്കില്‍ ഇനി രാഹുല്‍ഗാന്ധിയുടെ കാലം. 1.26 കോടിയുടേതായിരുന്നു മുന്ദ്രയുടെ അഴിമതിയെങ്കില്‍ 2ജി സ്പെക്ട്രത്തില്‍ അത് 1.76 ലക്ഷം കോടിയാണ്. സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഇന്ത്യയുടേതാണ്. ഇത് ആര്‍ഭാടങ്ങളുടെ ലോകം. ലളിതമായി ജീവിക്കാന്‍പോലും ഒരു ദിവസം ആയിരം രൂപ വേണമെന്ന് ഫലിതമായി പരിതപിക്കേണ്ടിവരുന്ന കാലം! ഒരു പാളത്താറുമാത്രം ഉടുത്ത് ബ്രിട്ടീഷ് കൊട്ടാരത്തിലേക്കു പോകാന്‍ ഗാന്ധിക്കു മടിയുണ്ടായില്ല. ഇന്ത്യ ഒരുക്കിയ സ്വര്‍ണക്കസേരയിലിരിക്കാന്‍ വിയറ്റ്നാമിന്റെ പ്രിയപ്പെട്ട ഹോചിമിന്‍ തയ്യാറായില്ല. അഴിമതിക്കെതിരെ സമരംചെയ്യാന്‍ സ്വാമി വന്നത് സ്വകാര്യ വിമാനത്തില്‍! കാലം മാറാം. കാലത്തിനനുസരിച്ച് മാറുന്നത് രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിന്റെ പെരുമാറ്റരീതികളാണ്. ആചാരങ്ങള്‍ മാറാം, വേഷവിധാനങ്ങള്‍ മാറാം, സ്വീകരണമുറിയുടെ ലേ ഔട്ട് മാറാം, വിഭവങ്ങള്‍ മാറാം, രുചികള്‍ മാറാം, ആസ്വാദനങ്ങള്‍ മാറാം, ഹോബികള്‍ മാറാം. പക്ഷേ, നിലവിളിക്ക് ഇപ്പോഴും ആ പഴയ ശബ്ദംതന്നെയാണ്! ഹൈദരാബാദിനടുത്തെ കോകപ്പെട്ട് ഗ്രാമത്തിലെ രാജണ്ണ എന്ന കര്‍ഷകന് ആഗോളവല്‍ക്കരണം എന്നു പറഞ്ഞാല്‍ എന്താണെന്നറിയില്ല. ജിഡിപി, സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്റ്, റിസോഴ്സ് എന്നൊക്കെപ്പറഞ്ഞാലും അറിയില്ല. ഹൈദരാബാദ് അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഒഡഉഅ) വരാന്തയില്‍ കുത്തിയിരിക്കുകയാണ് രാജണ്ണ. അവിടെ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. രണ്ടാഴ്ചമുമ്പാണ് രാജണ്ണ അത് അറിഞ്ഞത്. ഇംഗ്ലീഷിലാണ് നോട്ടീസ്. രാജണ്ണയ്ക്ക് ഇംഗ്ലീഷ് അറിയില്ല. ആരെങ്കിലും അതൊന്ന് വായിച്ചുകൊടുക്കണം. ഒടുവില്‍ മനസ്സിലായി തന്റെ ഒന്നരയേക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പോകുന്നതിന്റെ നോട്ടീസാണത്.

ഹൈദരാബാദിന് വികസിക്കാന്‍ രാജണ്ണയുടെ ഭൂമി വേണം. പാറയായിരുന്നു ആദ്യം ആ ഭൂമി. അച്ഛനപ്പൂപ്പന്മാരായി കഠിനാധ്വാനംചെയ്താണ് പാറപൊട്ടിച്ച് നീക്കി അത് കൃഷിഭൂമിയാക്കിയത്. രാജണ്ണയ്ക്ക് ആകെയുള്ള ഭൂമി. ഹുഡ ഇതിന് വില നിശ്ചയിച്ചു. ഏക്കറിന് മൂന്നുലക്ഷംവച്ച് ഒന്നരയേക്കറിന് 4.5 ലക്ഷം. പക്ഷേ, പിന്നെ ഈ ഭൂമി ലേലത്തില്‍വച്ചപ്പോള്‍ ഹുഡ തീരുമാനിച്ച ഏറ്റവും കുറഞ്ഞ തുക 4.5 കോടി! രാജണ്ണമാര്‍ എത്രയുണ്ട് ഇന്ത്യയില്‍ ? ഗ്രാമീണവികസനത്തിനുവേണ്ടി ചെലവാക്കുന്ന തുകയില്‍ 90 ശതമാനവും പാഴാവുകയാണെന്ന് ബംഗളൂരുവിനെ ഉദാഹരിച്ച് പ്ലാനിങ് കമീഷന്‍ . ഒരു റോഡിന് നൂറു രൂപ നീക്കിവച്ചാല്‍ അവിടെ 40 രൂപ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും കവരുന്നു. 20 രൂപ കരാറുകാരന്. ബാക്കി നാല്‍പ്പതാണ് റോഡിന് കിട്ടുന്നത്.

ഇന്ത്യയുടെ സിലിക്കോണ്‍ സിറ്റിയാണ് ബംഗളൂരു. എത്രയെത്ര യെദ്യൂരപ്പമാരുണ്ട് അവിടെ? ഭ്രമണപഥം മാറുകയാണ്. കാണുന്നതിനപ്പുറത്തെ കാഴ്ചകള്‍ കാണാതെ, കേള്‍ക്കുന്നതിനപ്പുറത്തെ ശബ്ദങ്ങള്‍ കേള്‍ക്കാതെ, ഏതോ ചലനനിയമത്തിന്റെ ഭ്രാന്തമായ ആവേശത്തില്‍ ആടിത്തിമിര്‍ക്കുകയാണ്. മനുഷ്യന്റെ ദുഃഖത്തിന് കാരണം ആഗ്രഹങ്ങളാണെന്ന് ബുദ്ധന്‍ ഉപദേശിച്ചു. ആര്‍ഭാടങ്ങളുടെ ലോകം ഈ നീതിസാരം തിരുത്തുകയാണ്. ആവശ്യങ്ങളാണ് ആഹ്ലാദങ്ങളുടെ കാരണമെന്നാണ് പുതിയ കാലത്തിന്റെ അവതരണഗാനം. ആഗ്രഹങ്ങളെ ആവശ്യങ്ങളാക്കുന്ന, ആവശ്യങ്ങളെ അനിവാര്യതകളാക്കുന്ന ദുര്‍മന്ത്രവാദം. ലോകോത്തര പരസ്യക്കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. "മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യും?" "ഞങ്ങള്‍ പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കും." പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. നമുക്കുചുറ്റും പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്ന വലക്കണ്ണികള്‍ മുറുകുകയാണ്. അതിന്റെ പ്രലോഭനങ്ങളിലേക്ക് തെറിച്ചുവീഴുകയാണ് ലെജിസ്ലേച്ചറും, എക്സീക്യൂട്ടിവും പിന്നെ..... (ജുഡീഷ്യറിയും?)

*
എം എം പൗലോസ്

Monday, January 31, 2011

സിവില്‍ സര്‍വീസ് പരിഷ്കരണം കാര്യപരിപാടി വേണം

കേരളത്തിന്റെ വികസനത്തിന് ഒരു രേഖ ഉണ്ടാക്കുന്നതിനായി എകെ ജി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠന കോൺഗ്രസില്‍ നടന്ന സമാപന പ്രസംഗമാണ് സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ആധാരമായത്. രേഖ മുന്നോട്ടു വയ്ക്കുന്ന വികസനനേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ അതിന് അനുയോജ്യമായ ഭരണയന്ത്രം അനിവാര്യമാണെന്നും അതിനുള്ള ഇടപെടല്‍ ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യവുമാണ് അതില്‍ പറഞ്ഞിരുന്നത്. പഠന കോൺഗ്രസിന്റെ രേഖയില്‍ ചൂണ്ടിക്കാണിച്ച കാര്യം ഒന്നുകൂടി ഊന്നിപ്പറയുകയാണ് സമാപന പ്രസംഗത്തില്‍ ചെയ്തത്.

നിര്‍വഹണം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തിന് നിരവധി അനുഭവങ്ങള്‍ കേരളത്തിന് അകത്തും പുറത്തും ഉണ്ട്. ഉദാഹരണമായി 1961ല്‍ 13.28 കോടി രൂപ മതിപ്പുചെലവില്‍ തുടങ്ങിയ കല്ലട പദ്ധതി ലക്ഷ്യംവച്ച നേട്ടം പകുതി പോലും കൈവരിക്കാതെ കഴിഞ്ഞ വര്‍ഷം അവസാനിപ്പിക്കേണ്ടിവന്നു. അപ്പോഴേക്കും ചെലവായതാവട്ടെ 763 കോടി രൂപയും. ഈ രീതിക്ക് ഒരു തിരുത്തലുണ്ടാവുക എന്നത് പ്ളാനിങ്ങിന് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങുന്നതിന് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ട് സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട് ദേശാഭിമാനി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ക്രിയാത്മകമായ രീതിയില്‍ വിവിധ മേഖലയില്‍പെട്ടവര്‍ പ്രതികരിച്ചിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന പല നിര്‍ദേശങ്ങളും ഭാവിയില്‍ കേരളത്തിന്റെ സിവില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് സഹായകമായിത്തീരും. അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സിവില്‍ സര്‍വീസിലെ പ്രശ്‌നങ്ങള്‍ക്ക് നിലനില്‍ക്കുന്ന വ്യവസ്ഥയാണ് കാരണം എന്ന് പലരും വ്യക്തമാക്കുകയുണ്ടായി. എല്ലാ ബന്ധങ്ങളെയും പണത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്ന മുതലാളിത്ത വ്യവസ്ഥയെ ശരിയായ രീതിയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് ചര്‍ച്ചയില്‍ പലരും തയ്യാറായി. നിലനില്‍ക്കുന്ന ബൂര്‍ഷ്വ-ഭൂപ്രഭു വ്യവസ്ഥ സിവില്‍ സര്‍വീസിനെ ജനവിരുദ്ധമാക്കിത്തീര്‍ക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ആ വ്യവസ്ഥ മാറുംവരെ ഒന്നും മാറ്റാന്‍ കഴിയില്ല എന്ന നിരാശാബോധത്തിലേക്ക് നാം എത്തിക്കൂടാ. അങ്ങനെ വന്നാല്‍ വര്‍ത്തമാനകാലത്ത് ഇടപെടാനുള്ള സാധ്യതകളെ അത് സ്വയം ഇല്ലാതാക്കും. നിലനില്‍ക്കുന്ന വ്യവസ്ഥ മാറ്റാനുള്ള സമരത്തോടൊപ്പം അതിനെ ക്രിയാത്മകമായി പരിവര്‍ത്തിപ്പിക്കാനുള്ള സമീപനവും അനിവാര്യമാണ് എന്ന് കാണണം. എങ്കിലേ ജനജീവിതത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നമുക്ക് മുന്നോട്ട് പോകാനാവൂ. സൈദ്ധാന്തികമായ ചര്‍ച്ചകള്‍ക്കൊപ്പം അതിനെ പ്രയോഗവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍കൂടി നടത്താന്‍ നമുക്കാകണം.

ഈ വ്യവസ്ഥയ്ക്കെതിരായ പോരാട്ടം തുടരുമ്പോള്‍ത്തന്നെ ഇന്നത്തെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അകത്തുനിന്നുകൊണ്ടും അതോടൊപ്പം അവയില്‍ അടിയന്തരമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കഴിയണം. വ്യവസ്ഥ മാറ്റപ്പെടുന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന സമീപനം ഉയര്‍ത്തിപ്പിടിക്കുന്നത് ഫലത്തില്‍ വര്‍ത്തമാനകാലത്ത് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറിപ്പോകുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

ഈ സമീപനത്തോടുകൂടി ഇടപെടുമ്പോള്‍ രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് സിവില്‍ സര്‍വീസിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനെ സംബന്ധിച്ച് കാഴ്ചപ്പാട് ഉണ്ടാവണം എന്ന ചര്‍ച്ചയിലെ അഭിപ്രായം ഏറെ ശരിയാണ്. അത്തരം ഒരു വ്യക്തതയ്ക്ക് വേണ്ടിയുള്ള ശ്രമം എന്ന നിലയിലാണ് ഈ ചര്‍ച്ചകളെ നാം കാണേണ്ടത്. ആ ചര്‍ച്ചകളില്‍നിന്ന് പൊതുസമീപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയും വേണം. എന്നാല്‍, പൊതുസമീപനം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാവും എന്ന നല്ല ധാരണയും ഉണ്ടാവേണ്ടതുണ്ട്. ഇത് മനസിലാക്കണമെങ്കില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ സമീപിച്ച രീതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപിച്ച രീതിയും തമ്മിലുള്ള വ്യത്യാസം പരിശോധിച്ചാല്‍ മതിയാകും. ഭരണപരിഷ്കാര കമീഷനുകള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയല്ല യുഡിഎഫ് ശ്രമിച്ചത്. ഭരണനവീകരണത്തിന് കസള്‍ട്ടന്റുമാരെ നിയമിക്കുന്നതിനാണ് അവര്‍ താല്‍പ്പര്യമെടുത്തത്. ആഗോളവല്‍ക്കരണസമീപനത്തെ പിന്‍പറ്റി സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുക എന്ന നയമായിരുന്നു ആ സമീപനത്തിന്റെ ആകത്തുക. ഇതിന്റെ ഭാഗമായി ഏകദേശം 11,658 തസ്തികകള്‍ ഇല്ലാതാക്കുകയും ജീവനക്കാരുടെ വേതനംതന്നെ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഭരണപരിഷ്കാരത്തിന്റെ സമീപനം എന്നാല്‍ ഓഫീസ് മോടിപിടിപ്പിക്കല്‍ മാത്രമാണ് എന്ന നിലയില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു. ഇത്തരം നയങ്ങള്‍ സിവില്‍ സര്‍വീസ് രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇടയാക്കുകയുള്ളൂ. അതുകൊണ്ടാണ് അന്ന് ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധത്തിനിറങ്ങിയത് എന്നും തിരിച്ചറിയേണ്ടതുണ്ട്.

മറ്റെല്ലാ രംഗത്തും എന്നപോലെ ഈ നയത്തില്‍നിന്ന് വ്യത്യസ്തമായ നയമാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 30,000 തസ്തികകള്‍ പുതുതായി സൃഷ്‌ടിച്ചു. തസ്തികകള്‍ സൃഷ്‌ടിക്കുന്നതില്‍ നിയന്ത്രണം വേണം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ അത് കാര്യക്ഷമതയെ തകര്‍ക്കുന്ന വിധത്തില്‍ ആവരുത്. ജീവനക്കാരുടെ ആനുകൂല്യം പുനഃസ്ഥാപിക്കുന്നതിനും അവര്‍ക്ക് അര്‍ഹതപ്പെട്ട സേവനവേതന വ്യവസ്ഥ കൊണ്ടുവരുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംതൃപ്തരായ ജീവനക്കാര്‍ എന്നത് സിവില്‍ സര്‍വീസിന്റെ മെച്ചപ്പെടുത്തലിന് അനിവാര്യമാണെന്ന കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കാന്‍ ഈ സര്‍ക്കാരിനായി.

ഭരണനവീകരണത്തില്‍ ഇ-ഗവേണന്‍സിന്റെ ഇടപെടല്‍ വേണമെന്നുള്ളത് ഈ ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശമാണ്. ഈ കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിനുള്ള നിരവധി നടപടികള്‍ ഈ ഭരണകാലയളവില്‍ നടക്കുകയുണ്ടായി. ട്രഷറി, രജിസ്ട്രേഷന്‍, ഗതാഗതം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി ഏതാണ്ട് എല്ലാ വകുപ്പിലും കംപ്യൂട്ടര്‍വല്‍ക്കരണം വലിയ ഒരളവോളം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ രേഖകളുടെ ഡിജിറ്റല്‍ രൂപം തയ്യാറാക്കല്‍, ഇ-പേമെന്റ് സംവിധാനം, ഇന്റഗ്രേറ്റഡ് ഗവമെന്റ് സര്‍വീസ് ഗവേണന്‍സ്, കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഇ-ഗവേണന്‍സ് പരിപാടി എന്നിവ ഇതില്‍പെടുന്നു. വാണിജ്യനികുതി, ജനന-മരണ രജിസ്ട്രേഷന്‍, ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനം, പിഎസ് സി പരീക്ഷകളുടെ അപേക്ഷ നടപടികള്‍ തുടങ്ങിയവ ഇ-ഗവേണന്‍സ് സഹായത്തോടെ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഫയലുകള്‍ സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് അറിയുന്നതിനും ഫയല്‍നീക്കം ചിട്ടപ്പെടുത്തുന്നതിനുമായി ഐഡിയാസ് എന്ന സോഫ്‌റ്റ് വെയര്‍ സെക്രട്ടറിയറ്റിലും മറ്റു ചില വകുപ്പുകളിലും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ഉതകുന്ന തരത്തിലുള്ള ജനകീയ ഇടപെടല്‍ പിടിഎ കമ്മിറ്റികളും ആശുപത്രി ഡവലപ്മെന്റ് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചതിലൂടെ സാധ്യമായിട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ നടത്തിയ ചില പരിഷ്കാരങ്ങള്‍ ഇന്ത്യയ്ക്കു തന്നെ മാതൃകാപരമായി. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ജനമൈത്രി പോലീസ്. ട്രഷറി വകുപ്പ് പൌരവകാശ രേഖ പ്രസിദ്ധീകരിച്ച് അതിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലും സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കിയത് ഇന്ത്യയിലെ ആദ്യത്തെ അനുഭവമാണ്. പൊതുജനങ്ങളുടെ താല്‍പ്പര്യാര്‍ഥം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസുകളിലും മറ്റും റിസപ്‌ഷന്‍ കൌണ്ടറുകള്‍ സ്ഥാപിച്ചതും ജനസൌഹാര്‍ദ ഇടപെടലിന്റെ ഭാഗമാണ്. അഴിമതി രഹിത വാളയാര്‍ പരിപാടി, അഴിമതി ഒരിക്കലും ഒഴിവാക്കാനാവില്ല എന്നുകരുതിയ സ്ഥലത്തുപോലും അത് നടപ്പാക്കാനാകും എന്നതിന്റെ തെളിവാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിരവധി പരിഷ്കാരങ്ങള്‍ ഈ രംഗത്ത് നടപ്പാക്കിയിട്ടുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. ഇതോടൊപ്പം ചില മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം റൂള്‍സ് ഓഫ് ബിസിനസില്‍ വരുത്തേണ്ടതുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ പത്ത് തലങ്ങളിലാണ് ഉദ്യോഗസ്ഥ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇത് നാലോ അഞ്ചോ തട്ടായി കുറയ്ക്കണം എന്ന നിര്‍ദേശം പരിശോധിക്കപ്പെടേണ്ടതുണ്ട്.

സെന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം വിവിധ വകുപ്പുകളില്‍ അധികമെന്നു കണ്ട ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയേണ്ടതുണ്ട്. അത് പൂര്‍ത്തീകരിക്കുക എന്നത് പ്രധാനമാണ്. ചില ഓഫീസുകളില്‍ ജോലികള്‍ തീരെ കുറവാണ്. മറ്റു ചിലയിടത്ത് വളരെ കൂടുതലുമാണ്. നിലവിലുള്ള സേവന-വേതന വ്യവസ്ഥകള്‍ സംരക്ഷിച്ച് പുനര്‍വിന്യാസത്തെക്കുറിച്ച് ആലോചിക്കേണ്ടതാണ്. ഭരണനിര്‍വഹണത്തിനായി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തണം എന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്.

ഉദ്യോഗസ്ഥരെ കുറ്റമറ്റനിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ മേല്‍ത്തട്ടുകളില്‍നിന്ന് ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യവും ശരിയാണ്. അത്തരം ഇടപെടല്‍ നടത്തുന്നവര്‍ക്ക് ഭരണനേതൃത്വത്തിലുള്ളവര്‍ പ്രോത്സാഹനവും പ്രേരണയും നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ ചിലത് പരിഹരിക്കാനാകും എന്നതും വസ്തുതയാണ്.

സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില വിമര്‍ശങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ജനസൌഹൃദപരമായി സിവില്‍ സര്‍വീസ് മാറേണ്ടതിന്റെ ആവശ്യകതയും അതിനായി ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങളും സംഘടനാ നേതാക്കള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തരം കാര്യങ്ങള്‍ മുഴുവന്‍ ഗൌരവകരമായി പരിഗണിക്കേണ്ടതുണ്ട്. ക്രമക്കേടുകള്‍ക്കും അഴിമതിക്കും ഗുരുതരമായ കുറ്റാരോപണങ്ങള്‍ക്കും വിധേയരാകുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും ഒരു സംഘടനയും പിന്തുണയ്ക്കരുത് എന്നത് പൊതുവായ കാഴ്ചപ്പാടായി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

ചില ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ വരേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്ന പല കാര്യങ്ങളും ശരിയാണ്. പലരും അവരുടെ മുന്നില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ തള്ളിക്കളയാം എന്നാണ് ചിന്തിക്കുന്നത്. ഈ മനോഭാവം തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്. കൂടുതല്‍ സമയം ജോലിചെയ്ത് ഫയല്‍ തീര്‍പ്പാക്കുന്ന സംസ്കാരം വളര്‍ന്നുവരണം. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങാതിരിക്കാന്‍ താഴെതലം മുതല്‍ മേലുദ്യോഗസ്ഥന്മാരുടെ നിരീക്ഷണം അനിവാര്യമാണ്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പഠിക്കാന്‍ നല്ലൊരു ശതമാനം ജീവനക്കാരും തയ്യാറാകുന്നില്ല എന്ന വിമര്‍ശവും ശരിയാണ്. ഇക്കാര്യത്തില്‍ ഒരു പരിശീന പരിപാടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. മാസത്തിലൊരിക്കൽ ജീവനക്കാരുടെ പ്രവർത്തനം ഓഫീസിൽ പരിശോധനയ്‌ക്ക് വിധേയമാക്കണം. നൂറു ജീവനക്കാരിൽ കൂടുതൽ ഉള്ളിടത്ത് പഞ്ചിങ്ങ് സംവിധാനം ഏർപ്പെടുത്തണം എന്നത് ആലോചിക്കേണ്ടതാണ്. ചില ഓഫീസുകളിൽ നടപ്പിലാക്കിയ മാതൃകാപരമമായ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ചയിൽ പരാമർശമുണ്ടായി. ഇവ പഠിച്ച് മറ്റു ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ആത്യന്തികമായി സിവിൽ സർവീസ് ജനങ്ങൾക്ക് സേവനം നൽകാനാണെന്നുള്ള ബോധം പൊതുവിൽ വളർന്നുവരേണ്ടതുണ്ട്. അതിന് അനുയോജ്യമായ സംവിധാനമായി മാറ്റുന്നതിനുള്ള പരിഷ്‌കാരമാണ് ഉണ്ടാവേണ്ടത്.

അതോടൊപ്പം, ജീവനക്കാർ എന്ന നിലയിലുള്ള അവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുക എന്നതും പ്രധാനമാണ്. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്‌തുകൊണ്ട് ഇതിനായുള്ള കർമ്മപരിപാടി തയ്യാറാക്കാനാവണം.


*****

പിണറായി വിജയന്‍, കടപ്പാട് : ദേശാഭിമാനി

Thursday, January 27, 2011

ജനിതകമാറ്റത്തിനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം

ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചു സംവാദം നടക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംവാദമുണ്ടാകണമെന്ന ആഗ്രഹത്തോടെയാണു തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ഞാന്‍ ഇൌ വിഷയം പരാമര്‍ശിച്ചത്. ജനതിക മാറ്റം വരുത്താനുള്ള മനുഷ്യന്റെ അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പുതിയ ഈ വിജ്ഞാന ശാഖയ്ക്കു മാനവരാശിയെ അനവധി മേഖലകളില്‍ വളരെയേറെ സഹായിക്കാന്‍ കഴിയും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താതെ മുഖംതിരിഞ്ഞു നില്‍ക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ചില ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും സുരക്ഷ സംബന്ധിച്ചു പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിശോധിക്കപ്പെടേണ്ടതില്ലെന്നല്ല; അവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കുകയും സുരക്ഷ ഉറപ്പു വരുത്തുകയും വേണം.

ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിജ്ഞാനം ഒരു കാരണവശാലും ഉപയോഗിക്കരുതെന്നു ശഠിക്കുന്നവരുടെ മുഖ്യവാദം അത്തരം സാങ്കേതികവിദ്യ പ്രയോഗിച്ചാല്‍ സസ്യങ്ങള്‍ക്കും മനുഷ്യനടക്കമുള്ള ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും വലിയ അപകടമുണ്ടാകുമെന്നാണ്. യുഗ യുഗാന്തരങ്ങളായി പരിണാമത്തിലൂടെ പ്രകൃതി ഉയര്‍ത്തിക്കൊണ്ടു വന്ന സന്തുലനാവസ്ഥ മനുഷ്യന്റെ ഇടപെടലിന്റെ ഫലമായി തകരാറിലാകുമെന്ന് അഭിപ്രായപ്പെടുന്നു. ഏതു ശാസ്ത്ര, സാങ്കേതികവിദ്യയുടെ ഉപയോഗത്തെയും ഇക്കാരണം പറഞ്ഞ് എതിര്‍ക്കാന്‍ കഴിയും.
പ്രകൃതിയിലും സമൂഹത്തിലും ബോധപൂര്‍വം മാറ്റം വരുത്തി കൂടുതല്‍ പ്രയോജനകരമാക്കാനുള്ള കഴിവിന്റെ വികാസമാണു മാനവരാശിയുടെ വളര്‍ച്ചയിലുടനീളം കാണുന്നത്. ഏതു ശാസ്ത്ര - സാങ്കേതിക ശാഖയായാലും കരുതലില്ലാതെ ഉപയോഗിച്ചാല്‍ അപകടം സംഭവിക്കാം. വൈദ്യുതിയുടെയും അണുശക്തിയുടെയും കാര്യത്തില്‍ മാത്രമല്ല, ജീവരക്ഷാ മരുന്നുകളുടെ കാര്യത്തിലും ഇതു ബാധകമാണ്. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടം വരുത്തുകയില്ലെന്ന് ഉറപ്പുള്ള ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ മാത്രമേ വിതരണം ചെയ്യാറുള്ളൂ. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനുള്ള അറിവും കഴിവും വികസിച്ചു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ആശങ്കകളുടെ പേരില്‍ ശാസ്ത്ര - സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ പൊതുവില്‍ എതിര്‍ക്കുന്നതു ശരിയായ നിലപാടല്ല.

ജനിതക മാറ്റം വരുത്തിയ ഒട്ടേറെ വസ്തുക്കള്‍ അനവധി രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളും ഇവയില്‍പ്പെടും. ഇന്ത്യയില്‍ വിപുലമായി കൃഷി ചെയ്യുന്ന ജനിതക മാറ്റം വരുത്തിയ വിള ബിടി പരുത്തിയാണ്. 2002 മുതലാണ് ഇന്ത്യയില്‍ ഇതു കൃഷി ചെയ്തു തുടങ്ങിയത്. പരുത്തിക്കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ 90% ഭാഗവും ഇന്നു ബിടി പരുത്തി വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ആരും അടിച്ചേല്‍പിച്ചതു കൊണ്ടുണ്ടായ മാറ്റമല്ലിത്. ബിടി പരുത്തി കൃഷി ചെയ്താല്‍ ഉല്‍പാദനം വര്‍ധിക്കുമെന്നു കണ്ടു കൃഷിക്കാര്‍ സ്വമേധയാ മുന്നോട്ടു വന്നതിന്റെ ഫലമായിരുന്നു.

മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിച്ചതിനോടു ബിടി പരുത്തിയുടെ വ്യാപനത്തെ താരതമ്യപ്പെടുത്താം. മൊബൈല്‍ ഫോണും ആരും ബലമായി ജനങ്ങളില്‍ അടിച്ചേല്‍പിച്ചതല്ല. സൌകര്യമാണെന്നു കണ്ടു ജനങ്ങള്‍ സ്വമേധയാ സ്വീകരിച്ചതാണ്. ബിടി പരുത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പരുത്തിയുടെ ഉല്‍പാദനം 2002ല്‍ 136 ലക്ഷം മൊബെയിലായിരുന്നത് 325 ലക്ഷം മൊബെയിലായി ഇന്നു വര്‍ധിച്ചു.

തലമുറകള്‍ കഴിഞ്ഞു മാത്രമേ ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ വരുന്ന അപകടങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മറ്റൊരു വാദം. മനുഷ്യര്‍ ഇതിനകം ആര്‍ജിച്ച ശാസ്ത്രീയ പരിജ്ഞാനം വെളിപ്പെടുത്തുന്നത് അങ്ങനെ അപകടമുണ്ടാവില്ലെന്നാണ്. സുരക്ഷ ഉറപ്പുള്ള വസ്തുക്കള്‍ മാത്രമാണ് ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുള്ളത്. ഭാവിയില്‍ അപകടമുണ്ടാകാനിടയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുടെ വാദം മഹാ ഭൂരിപക്ഷം ശാസ്ത്രജ്ഞരും അടിസ്ഥാനമില്ലാത്ത ആശങ്ക മാത്രമാണെന്നു ചൂണ്ടിക്കാട്ടുന്നു. അന്‍പതോ നൂറോ കൊല്ലം കഴിയുമ്പോള്‍ ഒരുപക്ഷേ ഏതെങ്കിലും അപകടമുണ്ടായാല്‍ അതിനെ അന്നു നേരിടുന്നതിനു ശാസ്ത്രം തീര്‍ച്ചയായും കരുത്താര്‍ജിച്ചിരിക്കും.

ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങളില്‍നിന്നു നാടിനെ വിമുക്തമാക്കി നിര്‍ത്താനാവുമെന്ന വാദം പ്രായോഗികമാക്കാന്‍ പ്രയാസമാണ്. ജനിതക മാറ്റം വരുത്തിയ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്നു വരുന്നുണ്ട്. ഇന്ത്യയിലെ പരുത്തി ഉല്‍പാദനത്തിന്റെ സിംഹ ഭാഗവും ബിടി പരുത്തിയാണെന്ന വസ്തുത, നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ബിടി പരുത്തി ഉണ്ടാകാനിടയുണ്ടെന്നാണു സൂചിപ്പിക്കുന്നത്.

ബിടി പരുത്തിക്കുരു ആട്ടിയ എണ്ണ പാചകത്തിന് ഇന്ന് ഉപയോഗിച്ചു വരുന്നു. കന്നുകാലിത്തീറ്റയ്ക്കായി ബിടി പരുത്തിയുടെ പിണ്ണാക്ക് ഉപയോഗപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ഫലമായി ചിലരെല്ലാം ആശങ്കപ്പെടുന്നതുപോലെയോ, പ്രചരിപ്പിക്കുന്നതുപോലെയോ എന്തെങ്കിലും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. പരുത്തിക്കൃഷിക്കാരുടെ ആത്മഹത്യയുടെ കാരണം മറ്റു പലതുമാണ്. ബിടി പരുത്തിയിലെ വിരകള്‍ക്കു നാശമുണ്ടാക്കുന്ന വിഷാംശത്തെ ചെറുക്കാന്‍, ബാള്‍ വിരകള്‍ പ്രതിരോധ ശക്തിയാര്‍ജിച്ചു വരുന്നു എന്ന റിപ്പോര്‍ട്ട് മാത്രമാണു ബിടി പരുത്തിക്ക് എതിരായി പുറത്തു വന്നിട്ടുള്ളത്.

ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ അതിന്റെ പ്രയോജനം മൊണ്‍സാന്റോയ്ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും മാത്രമായിരിക്കുമെന്നും അതുകൊണ്ടു ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാനേ പാടില്ലെന്നതുമാണു മറ്റൊരു പ്രധാന വാദം. മൊണ്‍സാന്റോയുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഈ രംഗത്തെ കുത്തക ഒഴിവാക്കാന്‍, ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ പൊതുമേഖല മുന്നോട്ടു വരണമെന്നാണു ഞാന്‍ അഭിപ്രായപ്പെട്ടത്. പൊതുമേഖല ഇൌ രംഗത്തു വന്നാല്‍, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കുറഞ്ഞ വിലയ്ക്കു കര്‍ഷകനു നല്‍കാന്‍ കഴിയും.

ഇപ്പോള്‍ മൊണ്‍സാന്റോയും കൂട്ടുകാരും ബിടി പരുത്തി വിത്തിനു കൃഷിക്കാരില്‍നിന്നു വലിയ വിലയാണ് ഈടാക്കുന്നത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനും പൊതുമേഖലയ്ക്കു വലിയ സംഭാവന ചെയ്യാനാകും. ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള മേഖലകളില്‍ ഗവേഷണം വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ പ്രയോജനം ജനങ്ങള്‍ക്കു നല്‍കാനും പൊതുമേഖലയ്ക്കു സഹായിക്കാനാകും. സ്വകാര്യമേഖല ലാഭത്തിനാണ് മുന്‍ഗണന നല്‍കുക.

ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കി അതിനെപ്പറ്റിയുള്ള അറിവും പ്രയോഗിക്കാനുള്ള പാടവവും മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ ഈ മേഖല എന്നെന്നേക്കും മൊണ്‍സാന്റോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ കൈപിടിയില്‍ത്തന്നെ അമര്‍ന്നിരിക്കും. നാം എന്നും പിന്നാക്ക രാജ്യക്കാരായി തുടരുകയും ചെയും. ബഹുരാഷ്ട്ര കമ്പനികളുടെ ശാസ്ത്ര - സാങ്കേതിക രംഗത്തെ കുത്തകയും മേധാവിത്തവും പേറ്റന്റ് നിയമത്തെ ഉപയോഗിച്ചു നിലനിര്‍ത്താനാണവര്‍ ശ്രമിച്ചു വരുന്നത്. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിദ്യ ഉപയോഗിക്കുകയില്ലെന്നു തീരുമാനിച്ചാല്‍ മൊണ്‍സാന്റോ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ എന്താഗ്രഹിക്കുന്നോ അതു നടപ്പാക്കാന്‍ നാം സ്വയം തീരുമാനിച്ചു നീങ്ങുന്ന ഫലമാണുണ്ടാകുക.

ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാല്‍ ഉപ്പുരസമുള്ള മണ്ണിലും വരള്‍ച്ച പ്രദേശങ്ങളിലും വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ധാന്യങ്ങളിലും കിഴങ്ങുകളിലും പഴ വര്‍ഗങ്ങളിലും പച്ചക്കറികളിലും ധാതുക്കളുടെയും വൈറ്റമിനുകളുടെയും അളവു വര്‍ധിപ്പിച്ചു കൂടുതല്‍ പോഷകാംശങ്ങളുള്ളവയാക്കി മാറ്റാനാകുമെന്നും ശാസ്ത്രം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതകളാകെ തള്ളിക്കളയാന്‍ പാടില്ല. കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാതെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ പുരോഗതി നേടാനോ സാധ്യമല്ല. ഇതിനു മനുഷ്യരാശിയുടെ കയ്യിലുള്ള ആയുധങ്ങള്‍ ശാസ്ത്രം നല്‍കുന്ന അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവുമാണ്.

റബര്‍ മേഖലയില്‍ ജനിതക മാറ്റം വരുത്താനുള്ള വിദ്യ ഉപയോഗിക്കുകയില്ലെന്ന നിലപാടു സ്വീകരിക്കുന്നത് അപകടകരമാകും. റബറിന്റെ ഉല്‍പാദനക്ഷമതയില്‍ കേരളം ഇന്നു ലോകത്തിന്റെ മുന്‍നിരയിലാണ്. റബര്‍ക്കൃഷിക്കാര്‍ പിടിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്. ഏതെങ്കിലും തെക്കു കിഴക്കന്‍, ഏഷ്യന്‍ രാജ്യമോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമോ ജനിതക മാറ്റം വരുത്താനുള്ള ശാസ്ത്ര - സാങ്കേതിക വിദ്യ വിജയകരമായി പ്രയോഗിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ച് അത്തരം റബറുമായി ലോക കമ്പോളത്തിലെത്തിയാല്‍ കേരളത്തിലെ റബര്‍ക്കൃഷിക്കാരുടെ നില അപകടത്തിലാവും. പൂമ്പാറ്റകളെയും തേനീച്ചകളെയും പറവകളെയും മറ്റു സസ്യജന്തു ജാലങ്ങളെയും അപകടത്തില്‍ അകപ്പെടുത്താതെ ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനാകും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇതിനുള്ള കഴിവ് ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുമേഖല ഇൌ രംഗത്തു കടന്നു വരണം.

ശാസ്ത്ര - സാങ്കേതിക വിദ്യയുടെ മേലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയും മേധാവിത്തവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അതിനു പകരം ശാസ്ത്ര - സാങ്കേതിക വിദ്യയെത്തന്നെ എതിര്‍ക്കുന്നതു ശരിയായ സമീപനമല്ല. ശാസ്ത്ര - സാങ്കേതിക പുരോഗതി കരുതലില്ലാതെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉയര്‍ന്നു വരുന്ന സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ ലോക -ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്വകാര്യ മേഖല ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെ മൊത്തത്തില്‍ ഒഴിവാക്കി നിര്‍ത്താനാവില്ല. നാം ഇന്നുപയോഗിക്കുന്ന ഉല്‍പന്നങ്ങളില്‍ വലിയ പങ്കും സ്വകാര്യ മേഖലയും അവയില്‍ പലതും ബഹുരാഷ്ട്ര കമ്പനികളും ഉല്‍പാദിപ്പിക്കുന്നവയാണ്. ഉല്‍പാദന രംഗത്തു പൊതുമേഖലാ മേധാവിത്തം സ്ഥാപിക്കുന്നതു വരെ ഇൌ നില തുടരും.

ഇന്നു നടക്കുന്ന സംവാദത്തിനു മറ്റൊരു വശമുണ്ടെന്നതും വിസ്മരിക്കരുത്. ലോക കാര്‍ഷിക കമ്പോളം പിടിക്കാന്‍ യുഎസും യൂറോപ്പും തമ്മില്‍ കടുത്ത മല്‍സരമാണു നടക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ ഏറെ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ജനിതക വിളകള്‍ക്കെതിരെ പ്രചാര വേല നടത്തിയാണു യൂറോപ്പ് അമേരിക്കയെ ചെറുക്കുന്നത്. ഇരു വിഭാഗവും പ്രചാരണത്തിനു പല മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും വന്‍ തുകകള്‍ ചെലവഴിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും ഇൌ പ്രചാര വേലകളില്‍ കുടുങ്ങരുത്. നമ്മുടെ സമീപനം ശാസ്ത്രീയമാവണം. സാമൂഹിക പ്രശ്നങ്ങള്‍ പരിഗണിച്ചുള്ളതാകണം. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കു നടത്തി അറിവും അറിവു പ്രയോഗിക്കാനുള്ള ശാസ്ത്ര - സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തേണ്ടതു രാജ്യ പുരോഗതിക്ക് ആവശ്യമാണ്.

*
എസ്. രാമചന്ദ്രന്‍പിള്ള(സിപിഎം പൊളിറ്റ് ബ്യൂറോ അംഗം)
കടപ്പാട്: മലയാള മനോരമ 25 ജനുവരി 2011

Sunday, January 23, 2011

കേരളത്തെക്കുറിച്ച് ചിന്തിക്കുന്ന ഇടതുപക്ഷം

ലോകത്തു തന്നെ ഏറെ സവിശേഷമായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക സാഹചര്യം നിലനില്‍ക്കുന്ന നാടാണ് കേരളം എന്നതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് വഴി രാഷ്ട്രീയമായി പലപ്പോഴും ഇടതുപക്ഷത്തിന് ലഭിക്കുന്ന മേല്‍ക്കൈ കേരളത്തിന്റെ സവിശേഷതകളില്‍ പ്രധാനമാണ്. ഇതുവഴി ജനാധിപത്യപരമായ വികസനപാത ആവിഷ്കരിക്കാനും സാധിക്കുന്നു. എന്നാല്‍ സാമ്പത്തിക-സാമൂഹിക ഘടകങ്ങള്‍ ഇതോടൊപ്പം പരസ്പരപൂരകമായി പ്രവര്‍ത്തിക്കാത്തതിനാല്‍ അഞ്ച് വര്‍ഷം എന്ന കാലാവധി പിന്നിടുമ്പോള്‍ സംഗതി കുഴഞ്ഞുമറിയുന്നു. വികസനവും വളര്‍ച്ചയും സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷവും അരാഷ്ട്രീയപക്ഷവും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളില്‍ പലരും ഭ്രമിക്കുന്നു. ഇതുമൂലമുണ്ടാകുന്ന രാഷ്ട്രീയമാറ്റങ്ങള്‍ നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുള്ള വികസനം എന്ന കേരളത്തിന്റെ സ്വപ്നത്തെ തകര്‍ക്കുന്നതാണ് നമ്മുടെ അനുഭവം.

വലതുപക്ഷത്തിനും അരാഷ്ട്രീയവാദികള്‍ക്കും വികസനമെന്നാല്‍ കൊട്ടിഘോഷിക്കലുകളും കോലാഹലങ്ങളും പൊള്ളയായ വിവാദങ്ങളുമാണ്. വലതുപക്ഷം വികസനത്തിന്റെ പേരിലുള്ള മായാജാലങ്ങളില്‍ അഭിരമിക്കുമ്പോള്‍ അരാഷ്ട്രീയവാദികള്‍ ദിശാബോധമില്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നു. വികസനപ്രക്രിയ സുസ്ഥിരമാക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിയുന്നില്ല. വികസനത്തെ നീതിബോധത്തോടെ മുന്നോട്ടുകൊണ്ടുപോകാനും പ്രതീക്ഷാ നിര്‍ഭരമായും ജാഗ്രതയോടെയും ഭാവി ആവശ്യങ്ങള്‍ മുന്നില്‍കണ്ടുള്ള ആസൂത്രണം നടത്താനും ഇടതുപക്ഷത്തിനേ കഴിയൂ. ഇത് കേവലം രാഷ്ട്രീയ അവകാശവാദമല്ല. ഐക്യകേരളം എന്ന ആശയം കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവച്ചതുമുതലുള്ള മലയാളികളുടെ അനുഭവം മാത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകുന്ന വസ്തുത. പ്രതിപക്ഷത്തായാലും ഭരണത്തിലിരിക്കുമ്പോഴും കേരളത്തെക്കുറിച്ച് യാഥാര്‍ഥ്യബോധമുള്ള വികസനകാഴ്ചപ്പാടാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് തിരുവനന്തപുരത്ത് സമാപിച്ച മൂന്നാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിലും പ്രകടമായി. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കെ എകെജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഒന്നും രണ്ടും കോണ്‍ഗ്രസുകളും ഇപ്പോള്‍ നാലരവര്‍ഷമായി തുടരുന്ന ഭരണത്തിന്റെ അനുഭവത്തില്‍ നടന്ന മൂന്നാം കോണ്‍ഗ്രസും ഒരേ നിശ്ചയത്തിന്റെ സൃഷ്ടികളാണ്. നാടിന്റെ സമഗ്രവളര്‍ച്ച സാധ്യമാക്കണമെന്ന ദൃഢനിശ്ചയത്തിന്റെ സംഭാവന.

കഴിഞ്ഞ നൂറ്റാണ്ടില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ഭൂപരിഷ്കരണ നടപടികളും വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യവല്‍ക്കരണവും പ്രവാസികളുടെ സംഭാവനയും നാണ്യവിളകൃഷിയും കേരളത്തിന് ഉണര്‍വ് പകര്‍ന്നു. എന്നാല്‍ 1980കളുടെ ഉത്തരാര്‍ധം വരെ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. ദേശീയശരാശരിയെക്കാള്‍ താഴ്ന്ന നിരക്കില്‍. സാമൂഹികനീതിയും സാമ്പത്തികവളര്‍ച്ചയും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന വാദം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി. സംസ്ഥാനം നേരിടുന്ന സാമ്പത്തികമുരടിപ്പ് ഇവരുടെ വാദത്തിന് ശക്തി പകര്‍ന്ന പശ്ചാത്തലത്തിലാണ് 1994ല്‍ ഒന്നാം പഠനകോണ്‍ഗ്രസ് വിളിച്ചത്. സാമൂഹികക്ഷേമനേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ സാമ്പത്തികവളര്‍ച്ച കൈവരിക്കാനുള്ള വികസനഅജണ്ടയ്ക്ക് പഠന കോണ്‍ഗ്രസ് രൂപംനല്‍കി. 2005ലെ രണ്ടാം കോണ്‍ഗ്രസിന്റെ കാലമായപ്പോഴേക്കും അഖിലേന്ത്യാ ശരാശരിയെക്കാള്‍ വേഗത്തില്‍ കേരളത്തിന്റെ സമ്പദ്ഘടന വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നവഉദാരവല്‍ക്കരണനയങ്ങള്‍ കേരളത്തനിമയുള്ള വികസനത്തെ ദുര്‍ബലപ്പെടുത്തി. ഈ സാഹചര്യത്തില്‍ കേരളത്തിനുള്ള മൂര്‍ത്തമായ ജനകീയ വികസന അജണ്ട ആവിഷ്കരിക്കാനുള്ള ശ്രമമാണ് രണ്ടാം കോണ്‍ഗ്രസില്‍ നടന്നത്. ഇവിടെ ഉയര്‍ന്ന ചര്‍ച്ചകളാണ് വി എസ് സര്‍ക്കാരിന്റെ വികസനകാഴ്ചപ്പാടിന് രൂപവും ഭാവവും പകര്‍ന്നത്. ഈ കാഴ്ചപ്പാട് വലിയ പരിധിയോളം നടപ്പാക്കാനായി. എന്നാല്‍ കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീമമായ അസമത്വം നമ്മുടെ നേട്ടങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. സാമ്പത്തികവളര്‍ച്ചയുടെ മുഖ്യസ്രോതസ് സേവനമേഖലകളായി തുടരുന്നു. വളര്‍ച്ചയുടെ തോതനുസരിച്ച് തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. കാര്‍ഷിക-കാര്‍ഷികേതര മേഖലകള്‍ തമ്മില്‍, നഗരവും ഗ്രാമങ്ങളും തമ്മില്‍, എന്തിന് ജില്ലകള്‍ തമ്മില്‍പോലും വന്‍തോതില്‍ അന്തരം വളരുന്നു. ഉപഭോഗനിലവാരം പരിശോധിച്ചാല്‍ ഇത് പെട്ടെന്ന് ബോധ്യമാകും. 1983നും 2004-2005നും മധ്യേ ഉപഭോഗനിലവാരത്തിലെ അസമത്വസൂചികയില്‍ വന്ന മാറ്റം പരിശോധിക്കേണ്ടതാണ്. എല്ലാവരും സമന്മാരാണെങ്കില്‍ സൂചിക പൂജ്യമായിരിക്കും. 2004-05ല്‍ സൂചിക 0.39 ശതമാനമായി. സംസ്ഥാനത്ത് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 20 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നു. താഴ്ന്ന തട്ടിലുള്ള 30 ശതമാനം കുടുംബങ്ങളുടെ വരുമാനം യഥാര്‍ഥത്തില്‍ ഇടിഞ്ഞു. കൂലിപ്പണിക്കാരുടെയും മറ്റും വേതനം വര്‍ധിക്കുന്നതായി പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അവര്‍ക്ക് സാമ്പത്തികവളര്‍ച്ചയുടെ നേട്ടം ലഭ്യമാകുന്നില്ല.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ന്നതിന്റെ പ്രതിഫലനമല്ല. വിദ്യാഭ്യാസം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമേ ബഹുഭൂരിപക്ഷത്തിനും തൊഴില്‍ ലഭിക്കുന്നുള്ളു. തൊഴിലിനായുള്ള കാത്തിരിപ്പിനിടെ പുതിയ യോഗ്യതകള്‍ നേടാനുള്ള വ്യഗ്രതയിലാണ് യുവജനങ്ങള്‍. യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും തൊഴില്‍ കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് ഇവര്‍ പലതരം കോഴ്സുകള്‍ക്ക് ചേരുന്നത്. ഇത് വിദ്യാഭ്യാസമേഖലയുടെയും അഭ്യസ്തവിദ്യരുടെയും ഗുണമേന്മ ഉയര്‍ത്തുന്നില്ല. മറിച്ച്, വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിപരമല്ലാത്ത തള്ളിക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്നു.

പൊതുവെ സാമൂഹികനീതി മെച്ചപ്പെട്ട നിലയില്‍ കൈവരിച്ച കേരളത്തില്‍ സ്ത്രീകളുടെ നില ശോചനീയമാണ്. പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്കിന്റെ നാലിരട്ടിയാണ് സ്ത്രീകളുടേത്. തൊഴിലന്വേഷണത്തിനുപോലും ഗണ്യമായ വിഭാഗം സ്ത്രീകള്‍ക്ക് കഴിയുന്നില്ല. തൊഴിലില്ലായ്മ സാമൂഹിക-സാംസ്കാരിക പ്രശ്നംകൂടിയായി മാറുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനോപാധി ഇന്നും കാര്‍ഷിക-പരമ്പരാഗതവ്യവസായ മേഖലകളാണ്. ഈ മേഖലകളെ സംരക്ഷിക്കാതെ കേരളത്തിന് സ്ഥായിയായ വളര്‍ച്ച സാധ്യമല്ല. കാര്‍ഷിക-പരമ്പരാഗതവ്യവസായ തൊഴിലാളികളുടെ വേതനം ആകര്‍ഷകമായ തോതില്‍ വര്‍ധിക്കുന്നില്ലെന്ന് മാത്രമല്ല, ആഗോളവല്‍ക്കരണം ഈ മേഖലകളെ തകര്‍ക്കുകയും ചെയ്യുന്നു. തകര്‍ച്ചയില്‍നിന്ന് പരമ്പരാഗത മേഖലകളെ കരകയറ്റാനും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍ പഠനകോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും നീണ്ടനിര കേരളത്തിലുണ്ട്. എന്നാല്‍ ഇവയില്‍നിന്ന് ലഭിക്കുന്ന സേവനത്തില്‍ പൊതുവെ തൃപ്തിയില്ല. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിരക്ഷയുടെയും മേന്മ ഉയര്‍ത്തേണ്ടത് അടിയന്തരാവശ്യമാണെന്ന് പഠനകോണ്‍ഗ്രസ് വിലയിരുത്തി.

ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, അന്യസംസ്ഥാനതൊഴിലാളികള്‍ എന്നിവരുടെ പാര്‍ശ്വവല്‍ക്കരണത്തിന് തടയിടാന്‍ കഴിയണം. ജാതിഅനാചാരങ്ങള്‍ അവസാനിപ്പിച്ച കേരളത്തിന് ദരിദ്രരുടെ ജീവിതനിലവാരം ഉയര്‍ത്താനും ബാധ്യതയുണ്ട്. സ്ത്രീപുരുഷ സമത്വവും ഇതോടൊപ്പം ഉറപ്പാക്കണം. ലിംഗനീതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഉടന്‍ നടപ്പാക്കേണ്ട സാമൂഹിക പരിവര്‍ത്തനത്തിന്റെ ഏറ്റവും മുഖ്യമേഖല ലിംഗനീതിയുടേതാണ്. തദ്ദേശസ്ഥാപനങ്ങളിലെ പകുതിയോളം സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണംചെയ്ത് കേരളം ഇക്കാര്യത്തില്‍ വന്‍കുതിപ്പ് നടത്തിയിരിക്കുകയാണ്. പരിശീലനവും പ്രവൃത്തിപരിചയവും വഴി അറിവിന്റെ കാര്യസ്ഥതയിലേക്കും സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിലേക്കും വഴി തുറക്കാനുള്ള ശ്രമമാണിത്. ഇതിനേയും അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണം.

കാര്‍ഷികഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സംസ്കരണകേന്ദ്രങ്ങള്‍ കേരളത്തില്‍ കാര്യമായി വന്നിട്ടില്ല. ഇതിന്റെ ഫലമായി ഉല്‍പന്നവിലയിടിച്ച് ഇതേ വിളകള്‍ കൂലിക്കുറവുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി മൂല്യവര്‍ധിത ഉല്‍പന്നമാക്കുന്നു. ഇന്ന് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ വിളകളും ഏതെങ്കിലും തരത്തില്‍ മൂല്യവര്‍ധനയ്ക്ക് വിധേയമാകുന്നു. എന്നാല്‍ ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്കും സംസ്ഥാനത്തിനും വേണ്ടവിധത്തില്‍ ലഭിക്കുന്നില്ല. സംസ്ഥാനം കൈവരിച്ച ശാസ്ത്രീയനേട്ടങ്ങള്‍ പോലും പ്രയോഗിക്കാന്‍ കഴിയുന്നില്ല. അരി, നാളികേരം, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏത്തപ്പഴം എന്നിവയെല്ലാം ഇവിടെത്തന്നെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാം. കശുവണ്ടി ഉല്‍പാദനത്തില്‍ കേരളം പുറകോട്ട്പോയത് ഇതേ മണ്ണില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന റബറിന്റെ വരവോടെയാണ്. ഇത് പരിഹരിക്കാന്‍ കഴിയണമെങ്കില്‍ കശുമാവ് കൃഷി വഴി ലഭിക്കുന്ന വരുമാനം വര്‍ധിപ്പിക്കാനാകണം. കശുവണ്ടിക്കൊപ്പം കശുമാങ്ങയും വ്യാവസായികാടിസ്ഥാനത്തില്‍ സംസ്കരിക്കണം.

ഭൂമി മൂലധനമായി മാറിയതോടെ ഇത് കൈയിലുള്ളവര്‍ ക്രയവിക്രയത്തിനുള്ള ചരക്ക് എന്ന നിലയില്‍ മാത്രം സ്ഥലത്തെ കാണുന്നു. കൂറ്റന്‍ വീടും ചുറ്റും കൃഷി ചെയ്യാതെ കിടക്കുന്ന വിശാലമായ പറമ്പും കേരളത്തില്‍ സര്‍വസാധാരണമായ കാഴ്ചയാണ്. ഇത്തരം കുടുംബങ്ങളെ സമീപിച്ച് അനായാസ വിളകള്‍ നട്ടുപിടിപ്പിക്കുന്നതിനും രണ്ടുദിവസമെങ്കിലും പോയി പണിയെടുക്കുന്നതിനുമുള്ള സംവിധാനം കുടുംബശ്രീ പ്രസ്ഥാനം ആവിഷ്കരിക്കണം. വിളവിന്റെ ഭൂരിഭാഗവും വീട്ടുടമയ്ക്ക് ലഭിക്കണം. നാടന്‍ കോഴി വളര്‍ത്തലും സങ്കരയിനം കോഴി വളര്‍ത്തലും വന്‍സാധ്യതയുള്ള രംഗങ്ങളാണ്.

സംസ്ഥാനത്ത് എട്ടുലക്ഷത്തോളം പേര്‍ ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുന്നു. ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വിദ്യാഭ്യാസ-സേവന രംഗങ്ങളിലും അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തിലും വളര്‍ച്ച സൃഷ്ടിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിശീര്‍ഷവരുമാനം പൊതുസമൂഹത്തിന്റെ വരുമാനത്തിന്റെ പകുതിപോലും വരുന്നില്ല. മത്സ്യമേഖലയില്‍ സഹകരണപ്രസ്ഥാനം ശക്തമാക്കിയും ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ചും ഈ പോരായ്മ പരിഹരിക്കാന്‍ കഴിയും. വിപണനമേഖല നവീകരിക്കുകയും അനുബന്ധതൊഴില്‍മേഖലകള്‍ കാലോചിതമായി സൃഷ്ടിക്കുകയും ചെയ്യണം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് ആവശ്യമായ തുക മത്സ്യമേഖലയ്ക്കായി നീക്കിവെക്കുകയും വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യണം. അലങ്കാര മത്സ്യകൃഷിയുടെ ആഗോളസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഗൌരവത്തോടെ കാണണം. ജനപങ്കാളിത്തം കുറയുന്നു, ഗ്രാമസഭകള്‍ നിര്‍ജീവമാകുന്നു, സുതാര്യത കുറയുന്നു, അഴിമതി വര്‍ധിക്കുന്നു, ഉല്‍പാദനപ്രക്രിയയില്‍ കാര്യമായി ഇടപെടാന്‍ കഴിയുന്നില്ല, സേവനമേഖലയില്‍ അര്‍ഥപൂര്‍ണമായ രീതിയില്‍ ചുമതല നിറവേറ്റുന്നില്ല, റഗുലേറ്ററി ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നില്ല എന്നീ വിമര്‍ശനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുനേരെ ഉയരുന്നു. സര്‍ക്കാര്‍ വകുപ്പ് എന്ന നിലയിലുള്ള പരമ്പരാഗതമായ പരിമിതിയും സാങ്കേതികവൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലുള്ള വീഴ്ചകളും ഇടത്തരം വിഭാഗക്കാര്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നതും പോരായ്മകളാണ്. നിലവിലുള്ള വാര്‍ഡ് സങ്കല്‍പവും സമഗ്രവികസന കാഴ്ചപ്പാടിന് തടസ്സമാണ്. വര്‍ധിച്ച അധികാരവും ചുമതലകളും നിറവേറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ജനകീയാടിത്തറ വിപുലമാക്കണം. പൌരസമിതികളെയും യുവജനസംഘടനകളെയും സാംസ്കാരിക സംഘടനകളെയും പ്രാദേശികഭരണത്തില്‍ കണ്ണിചേര്‍ക്കണം. സാമൂഹിക ആസ്തികളുടെ സംരക്ഷണത്തിനും മേല്‍നോട്ടത്തിനും വിപുലമായ സാമൂഹിക ഉത്തരവാദിത്തം വളര്‍ന്നുവരണം. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഗ്രാമസഭകളുടെ നിലവിലുള്ള പ്രവര്‍ത്തനരീതിക്ക് മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം ഉയര്‍ന്നു.

കേരളം നേരിടുന്ന മറ്റൊരു മുഖ്യപ്രശ്നം മാലിന്യങ്ങളുടെ ശേഖരണവും നിര്‍മാര്‍ജനവുമാണ്. സ്വന്തം ശരീരം മിനുക്കുന്ന മലയാളി പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ അധികമൊന്നും ചെയ്യുന്നില്ല. എന്നാല്‍ സമൂഹത്തെ അലട്ടുന്ന മാരകവിപത്തിന്റെ കാര്യം പറയുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തി അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെ കടമയായി കണ്ടു തന്നെ ഈ പ്രശ്നം പരിഹരിക്കണം. പല പരിഷ്കൃത രാജ്യങ്ങളിലും ഒരുകാലത്ത് ഇതേ അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ബോധവല്‍ക്കരണത്തിന്റെ ഫലമായി മാലിന്യത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട്ടില്‍ മാലിന്യഉറവിടസ്ഥലങ്ങളിലെ വേര്‍തിരിക്കലിന്റെയും ശേഖരണത്തിന്റെയും കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടന്നിട്ടില്ല. ബോധവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി കര്‍ശനമായ നിയമവ്യവസ്ഥകളും ആവശ്യമാണ്.

വിനോദസഞ്ചാര-വിവരസാങ്കേതികവിദ്യാ മേഖലകളുടെ സാധ്യത പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു. വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്. ജനകീയവും ശാസ്ത്രീയവുമായ ആരോഗ്യനയത്തിന്റെ ആവശ്യകത കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കണം.

പരിസ്ഥിതി സൌഹൃദസമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണ്. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതും വരുമാനം ഉറപ്പാക്കുന്നതും അനുബന്ധവ്യവസായങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉള്ളതും പരിസ്ഥിതിക്ക് യോജിച്ചതുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. രണ്ടാം പഠനകോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എടുത്ത സമീപനം ഇന്നും പ്രസക്തമാണ്.

അന്യരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ അതിനുള്ള ശ്രമം തുടങ്ങുമ്പോള്‍ തന്നെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. റിക്രൂട്ടിങ് ഏജന്‍സികളില്‍നിന്ന് രക്ഷപ്പെട്ട് വിദേശത്ത് എത്തിയാലും ബഹുഭൂരിപക്ഷവും ദുരിതപൂര്‍ണമായ സാഹചര്യങ്ങളിലാണ്. പ്രവാസികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരവധിയാണ്. വിദേശമണ്ണില്‍ തൊഴില്‍ അന്വേഷിച്ച് പോകുന്നവര്‍ക്ക് ഇവിടെത്തന്നെ മതിയായ കൌണ്‍സലിങ് നല്‍കണം. വീഴ്ച വരുത്തുന്ന ഏജന്‍സികളെ കരിമ്പട്ടികയില്‍പെടുത്തണം. എംബസികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. രാജ്യാന്തരനിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. വിദേശരാജ്യങ്ങളില്‍ കുടിയേറുന്നവരുടെ അവസ്ഥ കാലാകാലങ്ങളില്‍ പഠനവിധേയമാക്കണം.

ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്ക് നിര്‍ണായകമാണ്. സര്‍ക്കാര്‍സംവിധാനത്തിന്റെ വിഭവശേഷിയും കര്‍മശേഷിയും ഉയരണം. ചുവപ്പ്നാട സംസ്കാരത്തില്‍നിന്ന് സര്‍ക്കാര്‍ജീവനക്കാര്‍ പുറത്തുവരണം. സര്‍ക്കാര്‍ ഓഫീസുകള്‍ ഫയല്‍കെട്ടിക്കിടക്കുന്ന താവളങ്ങളായി മാറരുത്. കേരളം കൈവരിച്ച സാമൂഹികപുരോഗതിക്ക് അനുസൃതമായ തോതില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ലെന്ന് പഠനകോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. പുത്തന്‍വികസന സംസ്കാരത്തെക്കുറിച്ച് ഇഎംഎസ് പലപ്രാവശ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയവ്യത്യാസങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണത്തോടുള്ള എതിര്‍പ്പ് തുടരും. അതേസമയം, സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗിക പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്ന് കോണ്‍ഗ്രസിന്റെ അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ. ടി എം തോമസ് ഐസക് പറയുന്നു. ഇത്തരമൊരു സംസ്കാരത്തിന് ജനാധിപത്യപരവും മതനിരപേക്ഷപരവുമായ സമീപനം ഉയര്‍ന്നുനില്‍ക്കണം. സാംസ്കാരിക പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമമേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് കാര്യമായ ചര്‍ച്ച നടത്തി. അഭിപ്രായസമന്വയം രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്ത താല്‍പര്യങ്ങളും ഇതിന് തടസ്സം നില്‍ക്കരുത്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വികസനകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സന്തുലിതമായ വളര്‍ച്ചയാണ് കേരളത്തിന് വേണ്ടത്. ഇക്കാര്യത്തില്‍ ശ്രദ്ധേയമായ പുരോഗതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ചു. ഇത് തുടര്‍ന്നുകൊണ്ടുപോകാനുള്ള ചര്‍ച്ചകളാണ് മൂന്നാം പഠനകോണ്‍ഗ്രസ് നടത്തിയത്. ഇതില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടിവരും. വികസനത്തിന്റെ ഈ കണ്ണി മുറിയാതിരിക്കാന്‍ തികഞ്ഞ ജാഗ്രതയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സമകാലം ആവശ്യപ്പെടുന്നത്. ഇടതുപക്ഷവും വലതുപക്ഷവും ഭരണത്തില്‍ മാറിമാറിവരുന്ന അവസ്ഥ കേരളത്തിന്റെ വികസനത്തെ ബാധിക്കുന്നു. ഉത്തരവാദിത്തപൂര്‍ണമായ വീക്ഷണത്തോടെ ഇടതുപക്ഷസര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ തുടര്‍ന്നുവരുന്ന വലതുപക്ഷഭരണം അട്ടിമറിക്കുന്നു. ഭൂപരിഷ്കരണം, വിഭ്യാഭ്യാസപരിഷ്കരണം, സാക്ഷരതപ്രസ്ഥാനം, ജനകീയാസൂത്രണം , പൊതുവിതരണ സമ്പ്രദായം, പരമ്പരാഗത വ്യവസായമേഖലകളുടെ നവീകരണം എന്നിവയ്ക്ക് വലതുപക്ഷഭരണത്തില്‍ സംഭവിക്കുന്ന ദുര്‍ഗതി ഉദാഹരണം മാത്രം. ഇനിയും ഇത് ആവര്‍ത്തിക്കുന്നത് ഒരുപക്ഷേ, കേരളത്തിന് താങ്ങാന്‍ കഴിയില്ല. ഉപരിപ്ളവമായ കാഴ്ചപ്പാടുകളുടെയും അഭിപ്രായരൂപീകരണത്തിന്റെയും ബലത്തില്‍ ഇടതുപക്ഷഭരണത്തുടര്‍ച്ച ഒഴിവാക്കുന്ന പ്രതിഭാസത്തിന് അന്ത്യംകുറിക്കണം. ഇതാണ് മൂന്നാം പഠനകോണ്‍ഗ്രസ് കേരളത്തിന് നല്‍കുന്ന സന്ദേശം.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011

Monday, January 17, 2011

ആശയങ്ങളുടെ ഉത്സവം

ലോകത്തില്‍തന്നെ സമാനതകളില്ലാത്തവിധം വ്യത്യസ്തത ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും സംഘാടനത്തിലും പ്രതിഫലിക്കുന്ന ഒന്നാണ് കേരള പഠന കോണ്‍ഗ്രസ്. ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം പഠന കോണ്‍ഗ്രസില്‍ തന്നെ അതു വ്യക്തമായിരുന്നു. അക്കാദമിക് - മാനേജ്മെന്റ് രംഗങ്ങളിലെ വിദഗ്ധര്‍, രാഷ്ട്രീയ ചിന്തകര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ ജീവനുള്ള പരിച്ഛേദത്തിന്റെ ക്രിയാത്മകമായ ഒത്തുചേരലാണ് ഇവിടെ നടക്കുന്നത്. സിദ്ധാന്തത്തില്‍ ആഴത്തില്‍ ധാരണയുള്ളവരും പ്രായോഗിക അനുഭവസമ്പത്തുള്ളവരും വിവിധ മേഖലകളെ സംബന്ധിച്ചുള്ള നയരൂപീകരണത്തില്‍ ഒരുപോലെ ഇടപെടുകയാണ്. സാധാരണ ഇത്തരം കോണ്‍ഗ്രസുകള്‍ അക്കാദമിക വിദഗ്ധരുടെ വേദിയാണ്. അതില്‍ നടക്കുന്ന മിക്കവാറും ചര്‍ച്ചകള്‍ക്ക് ജീവിതവുമായും നിലവിലുള്ള സാഹചര്യങ്ങളുമായും വലിയ ബന്ധമുണ്ടായിരിക്കുകയുമില്ല. ഡോക്ടറേറ്റുകളുടെ പിന്‍ബലം സര്‍വജ്ഞാനത്തിന്റെയും അവസാനവാക്കാണെന്ന് കരുതുന്ന ചില ദന്തഗോപുരവാസികള്‍പഠന കോണ്‍ഗ്രസുപോലുള്ള പരിപാടികളോട് വലിയ താല്‍പ്പര്യവും കാണിക്കാറില്ല. എന്നാല്‍, വര്‍ത്തമാന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ കഴിഞ്ഞ ഒന്നും രണ്ടും കോണ്‍ഗ്രസുകള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.

വിഖ്യാതമായ കേരള മാതൃകയുടെ പരിമിതികളെക്കുറിച്ച് അതിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന സംഭാവന നല്‍കിയ വ്യക്തികളില്‍ ഒരാളായ ഇ എം എസ് ക്രിയാത്മകമായ വിമര്‍ശനം ഉന്നയിച്ചത് ഒന്നാം പഠന കോണ്‍ഗ്രസിലായിരുന്നു. കാര്‍ഷിക, വ്യവസായ മേഖലകളിലെ മുരടിപ്പ് മറികടക്കുന്നതിനുള്ള നടപടികളുടെ അനിവാര്യത സംബന്ധിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതില്‍നിന്നാണ് ജനകീയാസൂത്രണത്തിലേക്കുള്ള വഴി തുറക്കുന്നത്. ഇത്തവണത്തെ പഠന കോണ്‍ഗ്രസില്‍ ഭരണ സംവിധാനത്തെ അടിമുടി മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതിനു പ്രത്യേക പ്രാധാന്യമുണ്ട്. കേരളം എങ്ങനെ ബദല്‍ നയങ്ങളുടെ പ്രയോഗവേദിയാകുന്നുവെന്ന കാര്യമാണ് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ഈ ഭരണത്തിന്റെ നേട്ടങ്ങളുടെ സംഗ്രഹം അവതരിപ്പിച്ച മുഖ്യമന്ത്രി വി എസ് അതിനു അടിവരയിടുകയും ചെയ്തു.

പുതിയ തലമുറ വ്യവസായങ്ങളെ കുറിച്ചുള്ള സെഷന് അധ്യക്ഷത വഹിച്ചപ്പോള്‍ വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരില്‍ കേള്‍ക്കാന്‍ അവസരം ലഭിച്ചു. അതില്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ സിഇഒയായ ബിനു പാഴൂര്‍ തന്റെ അനുഭവം വിവരിക്കുകയുണ്ടായി. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുമ്പോള്‍ ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. കേരളത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആളെ നിശ്ചയിച്ച് കഴിഞ്ഞായിരിക്കും പത്രപരസ്യം ക്ഷണിച്ചിട്ടുണ്ടാവുകയെന്നാണത്രേ കരുതിയിരുന്നത്. ഇന്റര്‍വ്യൂവിന് ക്ഷണിച്ചപ്പോഴും ഒരു കാട്ടിക്കൂട്ടലാണെങ്കിലും നാട്ടില്‍ പോയി വരാമെന്നു കരുതിയാണ് വന്നതത്രേ. പക്ഷേ, ദിവസങ്ങള്‍ക്കുശേഷം തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചപ്പോള്‍ പ്രചാരണവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. കഴിവും യോഗ്യതയുമുള്ളവരെ മറ്റു പരിഗണനകള്‍ ഒന്നുമില്ലാതെ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ഇന്ന് നാട് ഭരിക്കുന്നതെന്നതിന്റെ തെളിവായിരുന്നു ഈ അനുഭവസാക്ഷ്യം. വിദ്യാഭ്യാസ വകുപ്പിലും വ്യവസായ വകുപ്പിലും മറ്റും നടത്തിയിട്ടുള്ള നിയമനങ്ങള്‍ നോക്കിയാലും ഇത് നേരിട്ട് മനസ്സിലാക്കാന്‍ കഴിയും.

ഐടി, ബിടി, നാനോ എന്നിങ്ങനെയുള്ള പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളായി നവ വ്യവസായങ്ങള്‍ക്ക് ഏറ്റവും യോജ്യമായ പ്രദേശമാണ് കേരളം. ഭൂമിയുടെ ലഭ്യതക്കുറവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, വൈദ്യുതിയുടെ ഉപഭോഗം എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാല്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല നമ്മുടേത്. സമ്പന്നമായ അതിവൈദഗ്ധ്യ മാനവവിഭവശേഷി പുതുതലമുറ വ്യവസായത്തിനുള്ള പരിസരം ഒരുക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമായി നമ്മുടെ സര്‍വകലാശാലകള്‍ മാറണമെന്ന വിമര്‍ശനം പ്രസക്തമാണ്. ഇന്ന് മറ്റു ഗവേഷണപ്രബന്ധങ്ങളില്‍ ഉദ്ധരിക്കുന്നതിനുള്ള ഉപയോഗ്യത മാത്രമാണ് നല്ലൊരു പങ്ക് സര്‍വകലാശാലാ ഗവേഷണത്തിനുമുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനുള്ള ശ്രമം ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത് അഭിനന്ദനാര്‍ഹമാണ്.

മാധ്യമങ്ങളും വികസനവും എന്ന സെഷനിലും പങ്കെടുക്കുകയുണ്ടായി. നമ്മുടെ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന ദൌത്യം തുറന്നുകാണിക്കുന്നതിന് ആ സെഷന്‍ ഏറെ സഹായകരമായിരുന്നു. ചെറിയ പ്രശ്നങ്ങളെ പര്‍വതീകരിക്കുകയും ചെറിയ കൂടിച്ചേരലുകളെ ആഘോഷപൂര്‍വം അവതരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ദൌത്യം ഭരണവര്‍ഗ താല്‍പ്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്. വലുതെല്ലാം തെറ്റെന്നും ബൃഹത്തായ ആശയങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും വാദിക്കുന്ന ഉത്തരാധുനികതയുടെ പ്രയോഗമാണ് ഇവര്‍ നടത്തുന്നത്. വികസന വിരുദ്ധമാണ് പൊതുവെ മലയാള മാധ്യമങ്ങളുടെ നിലപാട്. ഭൂപരിഷ്കരണം നടപ്പാക്കിയ സമയത്ത് അതിനെതിരെ നിലപാട് സ്വീകരിച്ച മാധ്യമം ചെങ്ങറ ആഘോഷിക്കുന്നു. എന്നാല്‍, വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന സമരം ഇക്കൂട്ടര്‍ക്ക് കൈയേറ്റമാണ്. തങ്ങളുടെ പ്രചാരവേല തുറന്നുകാണിക്കപ്പെടുമ്പോള്‍ തെറ്റു സമ്മതിക്കാന്‍പോലും ഇവര്‍ തയ്യാറല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഉണ്ടായത്. പൊലീസിന്റെ അന്വേഷണത്തിനെതിരെ പ്രചാരവേല അഴിച്ചുവിട്ട മാധ്യമങ്ങള്‍ രണ്ടു ഗുണ്ടകളെ സംരക്ഷിക്കാന്‍ സിപിഐ എമ്മും ആഭ്യന്തര വകുപ്പും നടത്തുന്ന നീക്കമായി വ്യാഖ്യാനങ്ങളും പടച്ചുവിട്ടു. ഒടുവില്‍ ഇവരെ പ്രതിയാക്കിയിട്ടും അരിശം തീര്‍ന്നില്ല. സിബിഐ തന്നെ അന്വേഷിക്കണമെന്ന വാദം ശക്തിപ്പെടുത്തി. ഇപ്പോള്‍ സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചു. അതില്‍ പുതിയ കണ്ടുപിടുത്തമൊന്നുമില്ലെന്ന് മാത്രമല്ല ഓംപ്രകാശിനെയും മറ്റും പ്രതിപ്പട്ടികയില്‍നിന്ന് നീക്കുകയുംചെയ്തു. തങ്ങള്‍ നടത്തിയ പ്രചാരവേലയില്‍ ഇപ്പോഴും മാധ്യമങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ സിബിഐ റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രചാരവേല നടത്തേണ്ടതല്ലേ. പൊലീസിനു കുറവുണ്ടെന്ന് പറയുകയും അതിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ അപവാദ പ്രചാരവേല നടത്തുകയും ചെയ്തവര്‍ ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിക്കേണ്ടതല്ലേ?

മാധ്യമങ്ങളുടെ ഈ സ്വഭാവം കേരളത്തിന്റെ പുരോഗമനത്തിനു വിലങ്ങുതടിയാണെന്ന കാര്യം എന്‍ റാമും സായിനാഥും ശശികുമാറും മറ്റും പങ്കെടുത്ത മാധ്യമ സെമിനാറും വ്യക്തമാക്കുകയുണ്ടായി. വ്യത്യസ്ത ആശയങ്ങളുടെ കൈമാറലിലൂടെ പഠന കോണ്‍ഗ്രസ് ഇന്നത്തെ കേരളത്തിന്റെ വികസനത്തിന്റെ പദ്ധതിയും ഭാവികേരളത്തിന്റെ രൂപരേഖയുമാണ് മുന്നോട്ടുവച്ചത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 16 ജനുവരി 2011

Wednesday, January 12, 2011

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട

(എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ സമാപനപ്രസംഗം വികസനം സംബന്ധിച്ച സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയതും ഭരണപരിഷ്കരണ നടപടികളുടെ ആവശ്യകതയില്‍ ഊന്നുന്നതുമായിരുന്നു. സിവില്‍സര്‍വീസ് പൊളിച്ചെഴുതുക, സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനം കിട്ടുക, നാടിന്റെ വികസനത്തിന് ചുവപ്പ് നാടയുടെ കുരുക്കുകള്‍ ഇല്ലാതാക്കുക, നാടിന് ദോഷമില്ലാത്ത വികസനകാര്യങ്ങളില്‍ എല്ലാവരും യോജിക്കുക, കരാര്‍ പണിക്ക് ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളുടെ കുതന്ത്രങ്ങളില്‍ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും കുരുങ്ങാതിരിക്കുക- തുടങ്ങിയ അഭിപ്രായങ്ങള്‍ പിണറായി അവതരിപ്പിച്ചു. ഭരണ-രാഷ്ട്രീയ-സര്‍വീസ് ബഹുജനസംഘടനാതലങ്ങളില്‍ യുക്തിഭദ്രമായ ചിന്തയ്ക്കു വഴിതെളിക്കേണ്ട ആ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനുമായി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു‍)

കേരള പഠനകോണ്‍ഗ്രസ് സംസ്ഥാനവികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറി. ഇന്നത്തെ കേരളം വാര്‍ത്തെടുക്കുന്നതിനിടയാക്കിയ ഒരുപാട് ചരിത്രഘടകങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നായി ഈ കേരള പഠനകോണ്‍ഗ്രസിനെയും ഭാവിചരിത്രം രേഖപ്പെടുത്തും. ഒന്നാമത്തെ പഠനകോണ്‍ഗ്രസ് 1994ല്‍ സ. ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ അതിന് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചത്. അതിന്റെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍ പൊതുവെ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയുംചെയ്തു. ഇപ്പോള്‍ മൂന്നാം പഠനകോണ്‍ഗ്രസ് വിവിധ വിഷയങ്ങള്‍ സമഗ്രമായി വിശകലനംചെയ്തു. അതു മൂര്‍ത്തമായ രൂപത്തില്‍ കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യനീതിയാണ്. ആ സാമൂഹ്യനീതിക്ക് പ്രാധാന്യം കൊടുത്ത് കേരളത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്, കേരളത്തെ വലിയ പ്രത്യേകതയോടെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത്.

ഇതില്‍ ഗവണ്‍മെന്റുകളുടെ ചരിത്രമെടുത്താല്‍, കേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവണ്‍മെന്റ്, ഇ എം എസ് നേതൃത്വം വഹിച്ച ഗവണ്‍മെന്റാണ് ഇതിനെല്ലാം അടിത്തറയിട്ടത്. ആ അടിത്തറയിലാണ് കേരളം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നുവന്നത്. ഈ അടിത്തറ ദുര്‍ബലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലായി നമ്മുടെ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയാണ് കേരളവികസനത്തിനൊരു തുടര്‍ച്ചയില്ല എന്നു കാണാന്‍ കഴിയുന്നത്. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. '59ല്‍ ആ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെട്ടു. പിന്നീട്, '67ലാണ് ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത്. ഇങ്ങനെയുള്ള ഇടവേളകള്‍, അത് നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ വലിയ ശ്രമം നടന്ന ഇടവേളകളാണ്. ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഘട്ടത്തില്‍, സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍, കേരളത്തിലെ വലതുപക്ഷത്തിന് മുന്‍കൈ കിട്ടിയ എല്ലാ ഘട്ടങ്ങളിലും സമൂഹത്തെ പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നു.

പഴയ എല്ലാ കാര്യങ്ങളിലേക്കും വിശദമായി പോകുന്നില്ല. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തില്‍ യുഡിഎഫിന്റെ ഗവണ്‍‌മെന്റുകള്‍ മൂന്നുതവണ അധികാരത്തില്‍ വന്നു. അതായത്, കേരളത്തിലെ വലതുപക്ഷത്തിന് മൂന്നുതവണ അധികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഒന്ന്, 82-87, രണ്ടാമത്തേത് 91-96, മൂന്നാമത്തേത് 2001-06. ഈ ഓരോ ഘട്ടത്തിലും അതിനുമുമ്പു അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷനേതൃഗവമെന്റിന്റെ നേട്ടങ്ങള്‍ തുടരാനല്ല ശ്രമിച്ചത്. അതിനാല്‍, നമ്മുടെ വികസനത്തിന് തുടര്‍ച്ചയുണ്ടായില്ല. വന്‍തോതിലുള്ള തിരിച്ചടി സംഭവിച്ചു. അതുകൊണ്ടാണ് പൊതുവില്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം ഉയര്‍ന്നുവരാതിരുന്നത്. വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ, അവര്‍ ഉദ്ദേശിച്ചിടത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാഘട്ടത്തിലും ഇത്തരം ഗവണ്‍‌മെന്റുകള്‍ അതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ മര്‍ദനസംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. പക്ഷേ, ഇഞ്ചിനിഞ്ചിനുള്ള ചെറുത്തുനില്‍പ്പ് കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നിരവധി ആളുകള്‍ കഠിനമായ പീഡനത്തിരയായി. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍, എല്ലാം കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ സമൂഹം പിറകോട്ടുപോയില്ല. എല്ലാ മര്‍ദനസംവിധാനത്തെയും ചെറുത്തുകൊണ്ടുതന്നെ ഇതു സമ്മതിക്കില്ല എന്ന വാശിയോടെ ഉറച്ചുനിന്നു. രക്തം വാര്‍ന്നൊലിക്കുന്ന കുട്ടികളുടെ പടങ്ങള്‍, ഭീകരമായ ലാത്തിച്ചാര്‍ജുകള്‍ നടന്ന സന്ദര്‍ഭങ്ങള്‍, വെടിവയ്പുകള്‍ നടന്ന ഘട്ടങ്ങള്‍, ഇതെല്ലാം കടന്നുവന്നിട്ടുണ്ട്. അനേകായിരങ്ങളുടെ പേരില്‍ കേസും അറസ്റ്റും ജയിലിലടയ്ക്കലും എല്ലാം ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് ആ ഗവണ്‍‌മെന്റുകള്‍ ആഗ്രഹിച്ച തരത്തില്‍ നമ്മുടെ നാടിനെ തകര്‍ക്കാന്‍ കഴിയാതിരുന്നത്. പിന്നീട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്നിട്ടുള്ള ഗവണ്‍‌മെന്റുകള്‍ ആദ്യസമയം ചെലവഴിക്കുന്നത് കഴിഞ്ഞ ഗവമെന്റ് ഉണ്ടാക്കിയിട്ടുള്ള പരിക്ക് ഇല്ലാതാക്കാനാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും ഇടതുപക്ഷ ഗവണ്‍‌മെന്റുകള്‍ക്ക് പഴയതിന്റെ നേരെ തുടര്‍ച്ചയിലേക്കു പോകാനല്ല, തകര്‍ത്ത സമൂഹത്തെ പുനരുദ്ധരിക്കാന്‍വേണ്ടി നല്ലൊരു സമയം മാറ്റിവയ്ക്കേണ്ടിവന്നു. അതുകൊണ്ട് ഇവിടെ വികസനരംഗത്ത് തുടര്‍ച്ച വേണം എന്നു പൊതുവില്‍ നമ്മുടെ സമൂഹം ചിന്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കിലും കൂടുതല്‍ നേട്ടങ്ങളിലേക്കു പോകാന്‍ കഴിയണമെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടര്‍ഭരണം ഇവിടെ ഉണ്ടാകണം. അല്ലെങ്കില്‍, ഓരോ ഘട്ടത്തിലുമുണ്ടായതുപോലെ ഈ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികളാണ് വരിക.

നാടിന്റെ നേട്ടം, സമൂഹത്തിന്റെ പുരോഗതി, അതിനെക്കുറിച്ചൊക്കെ ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായൊക്കെ താരതമ്യപ്പെടുത്തിയാല്‍ സമാനതകളില്ലാതെ പുരോഗതി പ്രാപിച്ച മേഖലകള്‍ കാണാം. എന്നാല്‍, നമ്മുടെ എല്ലാ മേഖലയിലും അങ്ങനെയാണോ? സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നല്ല പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവില്‍ ഭരണരംഗത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എന്താണ് നമ്മുടെ ഭരണസംവിധാനം? ഭരണസംവിധാനമെന്നു പറയുന്നത് മന്ത്രിസഭ മാത്രമല്ലല്ലോ. മന്ത്രിസഭമുതല്‍ താഴെയുള്ള വില്ലേജ് ഓഫീസുവരെ ഈ ഭരണസംവിധാനത്തില്‍ പെടുമല്ലോ. നമ്മുടെ സമൂഹം നല്ല രീതിയില്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ, ഈ ഭരണസംവിധാനവുമായി ബന്ധപ്പെടുന്നവര്‍ക്ക് ആ പുരോഗതി നേരിട്ട് അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ അനുഭവവേദ്യമാകുമാറുള്ള ഒരു പുരോഗതി നമ്മുടെ സിവില്‍സര്‍വീസില്‍ ഉണ്ടായിട്ടുണ്ടോ? മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ആഗ്രഹിക്കുന്ന സേവനം ലഭിക്കുന്നുണ്ടോ?

എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. പക്ഷേ, ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനം കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണല്ലോ. കേരളത്തിലെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടേണ്ടിവരുന്ന പതിനായിരക്കണക്കിനാളുകള്‍; എന്താണവരുടെ അനുഭവം? എത്രമാത്രം നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? നമ്മള്‍ ഭരണപരിഷ്കാരത്തെക്കുറിച്ച് പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭരണപരിഷ്കാര കമീഷനുകളുണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രമൊക്കെ നല്ല ആവേശപൂര്‍വം പറയാന്‍ നമുക്ക് സാധിക്കും. പക്ഷേ, മറ്റു രംഗങ്ങളിലുണ്ടായതുപോലുള്ള നേട്ടം ഈ രംഗത്ത് ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള സ്വയംവിമര്‍ശനം അതികഠിനമായി നടത്തേണ്ട കാലമെത്തിക്കഴിഞ്ഞു. ഏതൊരു ഓഫീസിലും ബന്ധപ്പെടുന്ന ഒരു സാധാരണക്കാരന് അല്ലെങ്കില്‍ ഒരു സാധാരണക്കാരിക്ക്, ആ ഓഫീസില്‍നിന്ന് സംതൃപ്തമായി തിരിച്ചുവരാന്‍ കഴിയുമോ? പല ഓഫീസാകാം. സാധാരണ നമ്മുടെ പഞ്ചായത്താണല്ലോ ഏറ്റവും അടിയിലുള്ള ജനകീയസ്ഥാപനം. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എല്ലാം നല്ല ജനകീയബന്ധമുള്ളവരാണ്; ജനകീയ അംഗീകാരമുള്ളവരാണ്. ആര്‍ക്കും അവരെക്കുറിച്ച് പരാതിയില്ല. ഒരുപാടുകാലം ജനങ്ങളോടൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അടിയും കേസും ജയിലും എല്ലാം അനുഭവിക്കേണ്ടിവന്നവരുമായിരിക്കും. ആ പഞ്ചായത്തോഫീസില്‍ നാട്ടുകാര്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വരുന്നത്?

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയൊക്കെ നഗരപ്രദേശങ്ങളാണ്. പണ്ടുപണ്ടേ ചില അവകാശങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്നു ധരിക്കുന്നവരാണ് അവിടെ. ഈ ഓഫീസുകളില്‍ ചെല്ലുന്ന, ഒരു സാധാരണക്കാരന്‍ എന്തു മനോഭാവത്തോടെയാണ് തിരിച്ചുവരുന്നത്. നല്ല ഉത്തമനായ പൊതുപ്രവര്‍ത്തകനായിരിക്കും അവിടെ മേയറായോ, മുനിസിപ്പല്‍ ചെയര്‍മാനായോ ഒക്കെ ഇരിക്കുന്നത്. പക്ഷെ, എന്തു മനോഭാവത്തോടെയാണ് ഈ ചെന്നയാള്‍ തിരിച്ചുവരുന്നത്. എന്താണ് നമ്മുടെ മറ്റു ഓഫീസുകളുടെ സ്ഥിതി? സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി? നമ്മള്‍ ചിലതിനൊക്കെ പേരിട്ടിട്ടുണ്ട്. ചുവപ്പുനാട! എത്രകാലമാണ് ഈ ചുവപ്പുനാടയുംകൊണ്ട് നടക്കുക? ഏതെങ്കിലും ഒരു പ്രശ്നം, വളരെ നിസ്സാരമായ പ്രശ്നമെടുത്തോളിന്‍. എല്ലാതരത്തിലും അംഗീകരിച്ചുകൊടുക്കേണ്ടുന്ന ഒരു കാര്യം. അതിനായി ഒരു ഗവണ്‍മെന്റ് ഓഫീസിലേക്കു ചെല്ലുന്നു. അതിന്റെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുത്തു കൊടുക്കുമോ? എത്ര നടത്തം നടക്കേണ്ടിവരും? എത്രതവണ ചെല്ലേണ്ടിവരും? എത്രതവണ ചെന്നാലും അതിന്റെ ചില മാമൂലുകള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയല്ലേ? അല്ലെങ്കില്‍, ഈ വളരെ നല്ല കാര്യത്തിനും ശുപാര്‍ശ വേണം. ഇതിനി കണ്ടില്ല എന്നു നടിച്ചു പോകാന്‍ നമുക്കു കഴിയില്ല. ഇതു ജനങ്ങള്‍ അതീവഗൌരവമായി കാണുന്ന പ്രശ്നമാണ്. മറ്റ് ഒരുപാട് നേട്ടങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നുണ്ട്. ആ നേട്ടങ്ങളടക്കം തട്ടിത്തകരുന്ന ഒരു പാറയായി നില്‍ക്കുകയാണ്. ഇത് പൂര്‍ണമായും പൊളിച്ചെഴുതാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്.

II

സംസ്ഥാനത്തിന്റെ പൊതുവികസനകാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണം. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും എല്ലാവരും നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണല്ലോ പറയുന്നത്. നാടിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാട്ടില്‍ വികസനമുണ്ടാകണ്ടേ? നാടിന് ദോഷം ചെയ്യുന്ന വികസനം വേണ്ട. ഒരു ദോഷവും ഇല്ലാത്ത വികസനമാണെങ്കില്‍ എന്തിന് അതിന് തടസ്സം നില്‍ക്കണം? അപ്പോള്‍ ഈ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. അത് വികസനമെന്നത് ഭരണപക്ഷത്തിരിക്കുന്നവരുടെ ഒരു പ്രത്യേക അവകാശമായി കാണരുത്. ഭരണപക്ഷത്തിരിക്കുന്നവര്‍ വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടവരും എന്ന മനോഭാവത്തില്‍ മാറ്റം വരണം. കാരണം, നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇനി ഇതില്‍ രണ്ടിലും പെടാത്ത ഒരു കൂട്ടര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരായാലും - ഇവരെല്ലാം നാടിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നതുകൊണ്ട് പൊതുവികസനകാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍, ഒരു പദ്ധതി വരുന്നു. ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ടെന്‍ഡറുകള്‍ വരും. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന വിവിധ ആളുകള്‍, വിവിധ കമ്പനികളുണ്ടാകും. ആ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നു. ഒരുകൂട്ടര്‍ക്കല്ലേ കിട്ടൂ. പലവിധത്തിലുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരുകൂട്ടര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കുന്നു. ടെന്‍ഡര്‍ അനുവദിക്കപ്പെട്ടു കഴിയുന്നതോടെ ടെന്‍ഡര്‍ കിട്ടാത്തവര്‍ പുറപ്പെടുകയാണ്. എന്തിന്? ഈ ടെന്‍ഡര്‍ നടപ്പിലാകാതിരിക്കാന്‍. ആ പദ്ധതി നടപ്പിലാകാതിരിക്കാന്‍. അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് ടെന്‍ഡര്‍ കിട്ടണമെന്നുള്ളതാണ്. അവര്‍ക്ക് ടെന്‍ഡര്‍ കിട്ടിയില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു പ്രയോഗമില്ലേ. അതായത്, ഒന്നിനെ മോശമാക്കിയിട്ട് അത് തന്റേതാക്കി മാറ്റുക. വടക്കന്‍ പ്രയോഗമാണ് ഇത്. ആ ഒരു പ്രയോഗത്തിലേക്ക് അവരങ്ങ് കടക്കും. അപ്പോള്‍ അവര്‍ക്ക് അതിനുള്ള മര്‍മങ്ങള്‍ അറിയാം. എവിടെയൊക്കെ സമീപിക്കണമെന്ന്. എങ്ങനെയൊക്കെ സമീപിക്കണമെന്ന്. അവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ ഇതു കേള്‍ക്കേണ്ട താമസം. ഉടനെ അവര്‍ എടുത്തു പുറപ്പെടും. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു. വലിയ അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അപ്പോള്‍ അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇതു കൈകാര്യംചെയ്യുന്ന ആള്‍ക്കും ആള്‍ക്കാര്‍ക്കും സ്വാഭാവികമായും ഒരു ശങ്ക വരും. എന്തിന് വെറുതെ പൊല്ലാപ്പ് നമ്മള്‍ തലയില്‍ എടുത്തുവയ്ക്കണം. എന്നാപ്പിന്നെ തല്‍ക്കാലം എങ്ങനെ ഒഴിയാന്‍ പറ്റും എന്നായി നോട്ടം. ഇങ്ങനെ ഒഴിവായിപ്പോയ പദ്ധതികള്‍ നമ്മുടെ കേരളത്തില്‍ എത്രയുണ്ട് എന്ന് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകള്‍ ഒരു പഠനം നടത്തണം. അപ്പോള്‍ കാണാം എത്ര പദ്ധതികള്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന്. ഇതില്‍ മാറ്റം വരണ്ടേ?

ഇതു പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളുടെ സ്ഥിതി. എന്നാല്‍, അവര്‍ ആരെയെല്ലാം സമീപിക്കും? ചിലപ്പോള്‍ അവര്‍ വളരെ രഹസ്യമായി ചില മാധ്യമങ്ങളെ സമീപിക്കും. പലേ രീതികളും അവര്‍ സമീപിക്കുന്നുണ്ട്. ഉടനെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയാണ്. അപ്പോള്‍ നമ്മുടെ നാടിന്റെ താല്‍പ്പര്യമാണല്ലോ അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ നാടിന്റെ താല്‍പ്പര്യം അപകടപ്പെടുത്താന്‍ പാടുണ്ടോ? നാട് അപകടത്തിലാകണമെന്ന് ആഗ്രഹിക്കില്ലല്ലോ പ്രതിപക്ഷമായാലും. രാഷ്ട്രീയമായി ഭരണപക്ഷത്തോട് എതിര്‍പ്പുണ്ടാകും. പക്ഷേ, നാടിന് വികസനം വേണ്ട എന്ന് അവര്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഒരു മാധ്യമവും നാടിന്റെ വികസനത്തിന് എതിരായി നില്‍ക്കുന്നവരല്ലല്ലോ. തെറ്റായ കാര്യങ്ങളാണെങ്കില്‍ ആ തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കണം. തെറ്റല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ എന്തിന് പുറപ്പെടുന്നു? ആര്‍ക്കെങ്കിലും ടെന്‍ഡര്‍ ലഭിച്ചില്ല എന്നതിന്റെ മേലെ അവരുടെ കുതന്ത്രത്തില്‍പെട്ടുപോകുന്ന നില, അത് നല്ലതാണോ എന്ന് നമ്മുടെ കഴിഞ്ഞകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറ്റിപ്പോയവര്‍ ഇനിയെങ്കിലും ആലോചിക്കണം.

നമ്മുടെ സമൂഹത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എപ്പോഴും നാടിന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ളതായിരിക്കണം. വീര്‍ സാങ്വിയുടെയും ബര്‍ക്ക ദത്തിന്റെയുമൊക്കെ കാര്യം സഖാവ് സി കെ ചന്ദ്രപ്പന്‍ ഇവിടെ പറഞ്ഞു. ആ മാതിരി ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് നമ്മള്‍ മറന്നേക്കരുത്. പക്ഷേ, പൊതുവില്‍ മാധ്യമങ്ങള്‍ നാടിനുവേണ്ടിയാണല്ലോ നിലകൊള്ളേണ്ടത്. ഏതെങ്കിലും ഒരു കൂട്ടരെ എതിര്‍ക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു പോകാന്‍ പാടില്ലല്ലോ. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ഉണ്ടാകും. പക്ഷേ, അതിലൊരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ തകര്‍ക്കലാണ് ഞങ്ങളുടെ പങ്ക് എന്ന നിലപാട് പല കൂട്ടരും എടുത്തു പോകുകയല്ലേ. അത് കേരളത്തില്‍ വലിയ തോതില്‍ തെറ്റായ ചില പ്രവണതകള്‍ ഉണ്ടാക്കുന്നില്ലേ എന്നതും നാം ആലോചിക്കേണ്ട ഒരു കാര്യമാണ്.

ഇവിടെ വ്യവസായങ്ങളുടെ കാര്യം പറയുമ്പോള്‍ വേറൊരു ഭാഗം പറയണം. അതു നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടുതന്നെ. നമ്മുടെ നാട്ടുകാരനായ ഒരാള്‍ ഒരുതവണ കണ്ടപ്പോള്‍ ഒരു അനുഭവം പറഞ്ഞു. ഒരു സംസ്ഥാനത്ത് ഒരു വ്യവസായത്തിന്റെ നിര്‍ദേശവുമായി അയാള്‍ ചെന്നു. ഒരു ഉദ്യോഗസ്ഥനെ കണ്ടു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ഇന്ന ഉദ്യോഗസ്ഥനെയാണ് കണേണ്ടത് എന്നു പറഞ്ഞു. ആ ഉദ്യോഗസ്ഥനെ പോയി കണ്ടു ഒരു വ്യവസായത്തിന്റെ നിര്‍ദേശം വച്ചു. നിങ്ങള്‍ നാളെ വരിന്‍ എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥന്‍. ഇദ്ദേഹം പിറ്റേദിവസം ചെന്നു. പിറ്റേദിവസം ചെന്നപ്പോള്‍ അവിടെ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ മനുഷ്യനെ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ സംസാരിച്ചു. എവിടെ വ്യവസായം തുടങ്ങണമെന്ന് നിശ്ചയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്റെ കാര്യങ്ങളങ്ങ് നീങ്ങാമെന്നായി. പിന്നെ ഇദ്ദേഹം യാതൊന്നും അവിടെ ചെയ്യേണ്ടതില്ലായെന്നായി. ഇതിന്റെ പെര്‍മിഷന്‍ കിട്ടാന്‍വേണ്ടി യാതൊരു നടപടിയും ഇദ്ദേഹം ചെയ്യേണ്ട. അതീ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യുകയാണ്. മുഴുവന്‍ പെര്‍മിഷനുകളും.

നമ്മുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഈ കേരളത്തില്‍ അങ്ങനെയൊരു നിര്‍ദേശവുമായി ഒരാള്‍ വന്നാല്‍ അയാള്‍ ഓടിയ ഓട്ടം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. ഏകജാലകമെന്നൊക്കെ പറയും. പക്ഷേ, ജാലകങ്ങളെത്രയാ നമ്മുടെ നാട്ടില്‍? അവസാനം എല്ലാ ജാലകങ്ങളുംകൂടി ഇതിനെ മുടക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതാണല്ലോ നോക്കുക. എന്തുകൊണ്ട് നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്നില്ല? നമ്മള്‍ വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ വികസനത്തിന് തടസ്സമുണ്ടാക്കുന്ന ഒരുപാട് ഘടകങ്ങള്‍ നില്‍ക്കുകയാണല്ലോ. അതു ചെറിയ തടസ്സങ്ങളല്ലല്ലോ ഉണ്ടാക്കുന്നത്. നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. രീതികളില്‍ മാറ്റം വരണം. സമ്പ്രദായങ്ങളില്‍ മാറ്റം വരണം. ആ പൊതുസമ്പ്രദായത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കാന്‍ തയ്യാറാകണം. നമുക്കങ്ങനെ കഴിയുന്നുണ്ടോ? അപ്പോള്‍, ഒരു പുതിയ സംസ്കാരം നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവരണം. അത് വികസനത്തിന് ഒന്നിച്ചുനില്‍ക്കുന്ന സംസ്കാരമായിരിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നല്ല രീതിയില്‍ അതിന് ശ്രമിക്കേണ്ടതുണ്ട് എന്ന് നാം കാണേണ്ടതായിട്ടുണ്ട്.

ഇവിടെ നമ്മള്‍ നല്ല രീതിയില്‍ അഭിമാനം കൊള്ളുന്ന കാര്യമാണ് അധികാരവികേന്ദ്രീകരണരംഗം. അധികാരവികേന്ദ്രീകരണ നടപടികളും അതിന്റെ ഭാഗമായി നടന്ന കാര്യങ്ങളും നേട്ടങ്ങളും വളരെ വലുതാണ്. ഒരു സംശയവുമില്ല. അധികാരവികേന്ദ്രീകരണത്തിന് ഏകദേശം പ്രായപൂര്‍ത്തിയായല്ലോ. യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞല്ലോ. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാ എന്നു വന്നാല്‍ അതു നമ്മുടെ കുറവല്ലേ. ആ കുറവ് നമ്മള്‍ കണ്ടുപോകണമല്ലോ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ചെല്ലുന്ന ഉദ്യോഗസ്ഥന്‍ (ആ പാവം പ്രസിഡന്റ് നോക്കിനില്‍ക്കുകയാണ്) എന്റെ ശീലം ഇങ്ങനെയാണ്. അതിങ്ങു തന്നാല്‍ മാത്രമേ കാര്യം നടക്കൂ എന്നു പറഞ്ഞിട്ട് വാങ്ങുകയാണ്. എങ്ങനെയാണ് വാങ്ങാന്‍ കഴിയുന്നത്. ആ പഞ്ചായത്തിന് ആ ഉദ്യോഗസ്ഥനുമേല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണം മേലെയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പറഞ്ഞാല്‍ അവരെയാകെ ആക്ഷേപിക്കുകയാണെന്നു തോന്നുമെന്നുള്ളതുകൊണ്ട് ആ വിഭാഗം ഏതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതു വന്നല്ലോ. വളരെ കടുത്ത അനുഭവം ഈ കേരളത്തിലുണ്ടായല്ലോ. ബില്‍ഡിങ് റൂള്‍സ് പാസായി കിട്ടിയപ്പോള്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന്റെ അവസരമായെന്നു ചിന്തിച്ച ചില ആളുകളുണ്ടായില്ലേ? അത് ഈ നിയന്ത്രണം ആ പഞ്ചായത്തിന് ഇല്ലാത്തതിന്റെ ഭാഗമായിട്ടാണല്ലോ. അപ്പോള്‍ പഞ്ചായത്തിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കൊടുക്കാന്‍ നമുക്കു കഴിയണം. ആ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കുതന്നെ കൊടുക്കുകയും ചെയ്യണം. അത് ഇല്ലാത്തത് വലിയ തോതിലുള്ള കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് കണ്ടുപോകാന്‍ നമുക്കു കഴിയേണ്ടതായിട്ടുണ്ട്.

*
പിണറായി വിജയന്‍ കടപ്പാട്: ദേശാഭിമാനി 12 ജനുവരി 2011
ചിത്രങ്ങള്‍ക്ക് കടപ്പാട്: BodhiCOMMONS, ദേശാഭിമാനി

Tuesday, January 11, 2011

മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍

സമീപകാലത്ത് കേരളത്തില്‍നടന്ന ഏറ്റവും ബൃഹത്തായ വികസന സംവാദമായ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സമാപിച്ചു. പത്തു സിമ്പോസിയങ്ങളിലും 78 സമ്മേളനങ്ങളിലുമായി എഴുന്നൂറോളം അവതരണങ്ങള്‍ നടന്നു. അത്രതന്നെ പ്രതിനിധികള്‍ ചര്‍ച്ചയിലും പങ്കെടുത്തു. മൂവായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ രജിസ്റ്റര്‍ചെയ്തും അഞ്ഞൂറോളംപേര്‍ അല്ലാതെയും പങ്കെടുത്തു. നാലു വാല്യങ്ങളിലായി സമീപനരേഖയും അനുബന്ധ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആകെ 200 മണിക്കൂറിലേറെ വിവിധ വേദികളിലായി സംവാദം നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം മൂന്നുദിവസമായി നടന്ന ഈ സംവാദത്തില്‍ പങ്കാളികളായി.

നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ നീതിപൂര്‍വമായ വിതരണം ഉറപ്പുവരുത്താന്‍ നമുക്കു കഴിഞ്ഞു. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാര്‍ദ്ധം വരെ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. അഖിലേന്ത്യാതലത്തിലുളള ശരാശരി വളര്‍ച്ചയെക്കാള്‍ വളരെ താഴെയായിരുന്നു നാം. സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിച്ചു കൊണ്ടുപോകാനാവില്ല എന്നുളള നിഗമനത്തില്‍ പലരും എത്തിച്ചേര്‍ന്നു. ഈ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് 1994ല്‍ ഒന്നാം കേരള പഠന കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തത്. 1987 മുതല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചുവെങ്കിലും കേരളത്തിന്റെ വികസനം ഒരു പുതിയ ഘട്ടത്തിലേയ്ക്കു കടന്നു എന്ന നിഗമനത്തിലെത്തിച്ചേരാന്‍ അന്നു കഴിയുമായിരുന്നില്ല. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി ഒരു വികസന അജണ്ട രൂപീകരിക്കാനുളള പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പഠനകോണ്‍ഗ്രസ്.

2005ലെ രണ്ടാം കേരള പഠനകോണ്‍ഗ്രസിന്റെ കാലമായപ്പോഴേക്കും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ന്നു എന്നു വ്യക്തമായിരുന്നു. അഖിലേന്ത്യാ ശരാശരിയെക്കാള്‍ വേഗതയില്‍ നമ്മുടെ സമ്പദ്ഘടന വളര്‍ന്നു. ആഗോളവത്കരണ പരിഷ്കാരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളും സാമൂഹ്യക്ഷേമ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളും പുതിയ മുന്നേറ്റത്തിനു മുന്നില്‍ ആശങ്കകള്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനു മൂര്‍ത്തമായ ഒരു ജനകീയ വികസന അജണ്ട മുന്നോട്ടു വെയ്ക്കുന്നതിനുളള ചര്‍ച്ചകളാണ് രണ്ടാം പഠനകോണ്‍ഗ്രസില്‍ നടന്നത്.

അങ്ങനെ രൂപം കൊണ്ട കാഴ്ചപ്പാട് വലിയൊരു പരിധിവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങളെ വിമര്‍ശനപരമായി പരിശോധിക്കാനും ദൌര്‍ബല്യങ്ങള്‍ തിരുത്താനുമാണ് മൂന്നാം പഠനകോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഉയര്‍ന്നെങ്കിലും ഈ അധ്യായത്തിന്റെ അവസാനം വിശദീകരിക്കുന്നതു പോലെ ഗൌരവമായ വൈരുദ്ധ്യങ്ങള്‍ ഈ വളര്‍ച്ചയില്‍ അടങ്ങിയിരിക്കുന്നു. സേവന മേഖലകളിലൂന്നിയാണ് സാമ്പത്തിക കുതിപ്പ്. ഇതിന് അനുസൃതമായി ഉല്‍പാദന മേഖലകളില്‍ മുന്നേറ്റമുണ്ടാകുന്നില്ല. അഭ്യസ്തവിദ്യരായ യുവതലമുറ ആഗ്രഹിക്കുന്ന തോതില്‍ പുതിയ തൊഴില്‍ത്തുറകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗത മേഖലകളെ സംരക്ഷിച്ചാല്‍ മാത്രം പോര, വളര്‍ച്ചയുടെ വേഗതയും ഉയര്‍ത്തണം. പൊതു സാമൂഹ്യക്ഷേമ സൌകര്യങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണം. ആഗോളവത്കരണം സൃഷ്ടിക്കുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ സാമൂഹിക സുരക്ഷിതത്വ പരിപാടിക്ക് രൂപം നല്‍കാന്‍ കഴിയണം. സര്‍വോപരി ഇപ്പോള്‍ കൈവന്നിരിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ സ്ഥായിയാണ് എന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇതിനെല്ലാമുളള കരടു പരിപാടിയാണ് മൂന്നാം പഠനകോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ച രേഖ.

ഒന്ന്) പൊതുവില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തിസ്രോതസ് സേവനത്തുറകളായി തുടരുകയാണ്. ഭൌതിക ഉല്പാദന രംഗങ്ങളില്‍ വളര്‍ച്ചയുണ്ടാകാതെ സേവന മേഖലയിലെ വളര്‍ച്ച നിലനിര്‍ത്താനാകില്ല. സേവന മേഖലയിലെ ഇപ്പോഴത്തെ വളര്‍ച്ച വിദേശത്തുനിന്നുളള വരുമാനത്തെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഈ വരുമാനത്തിലുളള ഇടിവ് പ്രശ്നങ്ങളുണ്ടാക്കും. ഗള്‍ഫിലുളള തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണ്. വിദേശത്തുനിന്നുളള വരുമാനം കുറയുമ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമെന്നത് കഴിഞ്ഞകാലത്തും അനുഭവപ്പെട്ടിട്ടുളളതാണ്. ഉദാഹരണത്തിന്, 1991 ലെ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുളള സ്ഥിതി. അതിനാല്‍ ഉല്‍പ്പാദന മേഖലകളിലെ വളര്‍ച്ചയുടെ അനുപൂരകമായി സേവന മേഖലയിലെ വളര്‍ച്ചയും ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് സ്ഥായിയാകുക.

രണ്ട്) ഏറ്റവും പ്രധാനപ്പെട്ട കാര്യം കാര്‍ഷിക മേഖലയിലെ മുരടിപ്പാണ്. വാണിജ്യവിളകളുടെ വിലകള്‍ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച ഗണ്യമായി ഉയരും എന്നതിനു സംശയമില്ല. പക്ഷേ, വിലത്തകര്‍ച്ചയുടെ ചക്രം എന്നാണിനി തിരിഞ്ഞെത്തുക എന്നു പ്രവചിക്കാനാവില്ല. ഭക്ഷ്യവിളകളുടെ പിന്നോട്ടടിക്കു വിരാമമിടാന്‍ കഴിഞ്ഞെങ്കിലും ആവശ്യത്തിന്റെ നാലരികിലെത്താന്‍ കഴിഞ്ഞിട്ടില്ല. 1987-88ല്‍ സംസ്ഥാന വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം 5.21 ശതമാനമായിരുന്നത് ഇന്നു 1.53 ശതമാനമായി താണിരിക്കുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നു പറയാനാവില്ല. ഇത് അവരുടെ വരുമാനത്തെയും ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു.

മൂന്ന്) വ്യവസായ വളര്‍ച്ചയ്ക്കായി നാം തിരഞ്ഞെടുത്ത പാത വഴിമുട്ടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാം ഊന്നിയത് മുഖ്യമായും രണ്ടുമേഖലകളിലാണ്. ഒന്ന്, തൊഴില്‍പ്രധാനമായ പരമ്പരാഗത വ്യവസായങ്ങള്‍, രണ്ട്, ഊര്‍ജപ്രധാനമായ രാസവ്യവസായങ്ങള്‍. പരമ്പരാഗത വ്യവസായങ്ങളെ നിലനിര്‍ത്തിയിരുന്ന കുറഞ്ഞകൂലി എന്നെന്നേയ്ക്കുമായി ഇല്ലാതായിക്കഴിഞ്ഞു. വളരെയേറെ തൊഴിലാളികള്‍ ഇന്ന് ഉപജീവനത്തിന് ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ തന്നെ ഈ മേഖലകള്‍ പരമ്പരാഗത രീതിയില്‍ ഇനി തുടരാനാവില്ല എന്ന യാഥാര്‍ത്ഥ്യവും മനസിലാക്കണം. കേരളത്തില്‍ ശക്തിപ്പെടുന്ന പാരിസ്ഥിതിക അവബോധം അനിവാര്യമാക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളും സംസ്ഥാനത്തെ ഊര്‍ജദാരിദ്ര്യവും രാസവ്യവസായങ്ങളുടെ അടിസ്ഥാനത്തിലുളള വളര്‍ച്ചയ്ക്കു വളരെയേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുളള തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും വരുമാനം ഉറപ്പുവരുത്തുന്നതിനും അനുബന്ധ വ്യവസായങ്ങള്‍ക്കു കൂടുതല്‍ സാധ്യതകള്‍ ഉളളതും പാരിസ്ഥിതികമായി അനുയോജ്യവുമായ വ്യവസായങ്ങളെ ബോധപൂര്‍വം പ്രോത്സാഹിപ്പിക്കണം. രണ്ടാം കേരള പഠനകോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചതുപോലെ ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുളള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ് എഞ്ചിനീയറിംഗ് പോലെ വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നമ്മള്‍ ഊന്നേണ്ടുന്ന മേഖലകള്‍. ഈ തുറകളിലെ മുന്നേറ്റം എങ്ങനെ ഉറപ്പുവരുത്താം?

നാല്) കേരളത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു മുഖ്യദൌര്‍ബല്യം വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നുളളതാണ്. ഉദാഹരണത്തിനു 2007-08ല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുപ്രകാരം സര്‍വെ നടത്തുന്നതിനു മുമ്പുളള ഒരു വര്‍ഷത്തിനിടയില്‍ സാധാരണഗതിയില്‍, അതായത്, വര്‍ഷത്തില്‍ കൂടുതല്‍ ദിവസം തൊഴിലില്ലാതിരുന്നവര്‍ കേരളത്തില്‍ 8.5 ശതമാനവും ഇന്ത്യയില്‍ 2.2 ശതമാനവും ആണ്. സര്‍വെയുടെ തലേ ആഴ്ച തൊഴില്‍ അന്വേഷിച്ചിട്ടും ഒരുദിവസം ഒരു മണിക്കൂര്‍പോലും ലഭിക്കാത്തവര്‍ കേരളത്തില്‍ 11.4 ശതമാനവും ഇന്ത്യയില്‍ 4.3 ശതമാനവുമാണ്. സര്‍വെയുടെ തലേദിവസം തൊഴില്‍ തേടിയിട്ടും ഒരു മണിക്കൂര്‍ പോലും തൊഴില്‍ ലഭിക്കാത്തവരുടെ എണ്ണം കേരളത്തില്‍ തൊഴില്‍സേനയുടെ 23.4 ശതമാനവും ഇന്ത്യയില്‍ 8.9 ശതമാനവുമാണ്.

വിദ്യാഭ്യാസം കഴിഞ്ഞു വര്‍ഷങ്ങള്‍ കാത്തിരുന്നാലേ ഒരു ജോലി ലഭിക്കൂ. ഈ കാത്തിരിപ്പു വേളയില്‍ പുതിയ ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കാനുളള ശ്രമത്തിലാണ് തൊഴിലില്ലാത്തവര്‍. ഏതു പുതിയ കോഴ്സും പഠിക്കാന്‍ ആളുണ്ട്. പഠിത്തത്തിന് അനുസൃതമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഉയര്‍ന്ന ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും ഉളളത് എന്തെങ്കിലും മെച്ചപ്പെട്ട ജോലി കിട്ടുന്നതിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും ഉന്നത വിദ്യാഭ്യാസത്തിനുളള തിക്കും തിരക്കും കൂടാന്‍ കാരണമിതാണ്.

അനുയോജ്യമായ ജോലിക്കു വേണ്ടിയുളള കാത്തിരിപ്പിനിടയില്‍ ഉപജീവനത്തിനായി എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാന്‍ പലരും നിര്‍ബന്ധിതരാവും. അങ്ങനെ അഭ്യസ്തവിദ്യര്‍ക്കുള്ള അനൌപചാരിക തൊഴില്‍മേഖലകള്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നു. പാരലല്‍ കോളെജുകള്‍ ഇതിനു നല്ല ഉദാഹരണമാണ്. കൂലിപ്പണിക്കു പോകാന്‍ തയ്യാറല്ലെങ്കിലും കൂലി കുറവായ സെയില്‍സ് ഗേളായി ജോലി ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാണ്.

അതേസമയം തൊഴില്‍ തേടി കേരളത്തിലേയ്ക്കു ഒഴുകുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകുകയാണ്. ഇവരുടെ സാന്നിദ്ധ്യം നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറത്തും ഇന്ന് സജീവമാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറ കായികാദ്ധ്വാനം ആവശ്യമുളള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ഇതിനു കാരണം.

ഈ സ്ഥിതി വിശേഷത്തിന്റെ മുഖ്യ ഇര സ്ത്രീകളാണ്. സാധാരണഗതിയിലുളള തൊഴിലില്ലാത്തവരുടെ നിര്‍വചന പ്രകാരം കേരളത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 6.1 ശതമാനമാണ്. സ്ത്രീകളുടേത് 25 ശതമാനവും. രൂക്ഷമായ തൊഴിലില്ലായ്മ മൂലം കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും തൊഴിലന്വേഷണം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങുന്നു. അതുകൊണ്ടാണ് കേരളം ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകള്‍ തൊഴിലെടുക്കുന്ന സംസ്ഥാനമായിരിക്കുന്നത്. താരതമ്യേനെ വേതനം കുറഞ്ഞ തൊഴിലുകളാണ് സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കപ്പെടുന്നത്.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നം മാത്രമല്ല സാമൂഹ്യ സാംസ്കാരിക പ്രശ്നം കൂടിയാണ്.

അഞ്ച്) പുതിയ സാമ്പത്തിക മുന്നേറ്റത്തിന്റെ കാലത്ത് കേരളത്തിലെ അസമത്വം ഭീതിജനകമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൃഷിയും കാര്‍ഷികേതര മേഖലയും തമ്മില്‍, നഗരവും നാട്ടിന്‍പുറവും തമ്മില്‍, വിവിധ ജില്ലകള്‍ തമ്മില്‍ എല്ലാമുളള അന്തരം ഈ പുതിയ കാലഘട്ടത്തില്‍ വളര്‍ന്നു. കുടുംബങ്ങള്‍ തമ്മിലുളള ഉപഭോഗനിലവാരത്തിലെ വ്യത്യാസമെടുത്താല്‍ ഈ പ്രവണത വ്യക്തമായി മനസിലാക്കാനാവും. 1983നും 2004-05നും ഇടയ്ക്കു ഉപഭോഗ നിലവാരത്തിലെ അസമത്വ സൂചികയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാവരും സമന്മാരാണെങ്കില്‍ സൂചിക പൂജ്യമായിരിക്കും. ഒന്നിനോട് അടുക്കുന്തോറും അസമത്വം കൂടുതല്‍ രൂക്ഷമായി മാറും. 1983നും 1999-2000നും ഇടയ്ക്ക് കേരളത്തിലെ അസമത്വസൂചിക 0.35 ആയി വലിയ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ 2004-05 ആകുമ്പോഴേയ്ക്കും അസമത്വ സൂചിക 0.39 ആയി ഉയര്‍ന്നു. പുതിയ കാലഘട്ടത്തില്‍ കേരളത്തിലെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 20 ശതമാനത്തോളം കുടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും താഴെയുളള 30 ശതമാനത്തിലേറെ വരുന്നവരുടെ യഥാര്‍ത്ഥ വരുമാനം ഇടിയുകയാണ് ഉണ്ടായിട്ടുളളത്. ഇത്തരത്തില്‍ വര്‍ദ്ധിക്കുന്ന അസമത്വം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്.

ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമകാലിക വെല്ലുവിളികളെ താഴെ പറയുംവിധം സംക്ഷേപിക്കാം.

1. ഭൂരിപക്ഷം ജനങ്ങളും ഇന്നും ഉപജീവനം നടത്തുന്നത് കാര്‍ഷിക മേഖലയിലും പരമ്പരാഗത വ്യവസായങ്ങളിലുമാണ്. എന്നാല്‍ ആഗോളവത്കരണം അവയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിച്ചുകൊണ്ടല്ലാതെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതനിലവാരം പിടിച്ചുനിര്‍ത്താനാവില്ല. ഈ മേഖലകളില്‍ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും എങ്ങനെ ഉയര്‍ത്താം?

2. പരമ്പരാഗത മേഖലകളിലെ ഉല്‍പാദനം താരതമ്യേന പതുക്കെ മാത്രമെ ഉയരുകയുളളൂ. ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നമുക്ക് അനുയോജ്യമായ, എന്നാല്‍ അതിവേഗം വളരാന്‍ സാധ്യതയുളള ആധുനിക വ്യവസായങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇത്തരം വ്യവസായത്തുറകള്‍ ഏതെല്ലാം? ഇവിടങ്ങളിലേയ്ക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് എന്തുനടപടികള്‍ സ്വീകരിക്കണം? അനിവാര്യമായ പശ്ചാത്തലസൌകര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം?

3. സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖല കേരളത്തിനുണ്ട്. എന്നാല്‍ ഇവയുടെ ഗുണനിലവാരം ഗണ്യമായി ഉയര്‍ത്തിയേ തീരൂ. ജനങ്ങളുടെ ആവശ്യത്തിനും പ്രതീക്ഷകള്‍ക്കുമനുസരിച്ച് പൊതുവിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും പൊതുക്ഷേമ സൌകര്യങ്ങളും ഉയരുന്നില്ല. ഈ പരിമിതി മറികടക്കേണ്ടിയിരിക്കുന്നു.

4. പൊതുവില്‍ ജീവിതനിലവാരം മെച്ചമാണെങ്കിലും ദാരിദ്യത്തിന്റെ തുരുത്തുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, അഗതികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ നില ഇപ്പോഴും പരിതാപകരം തന്നെയാണ്. ഇവരെ എത്രയും പെട്ടെന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് സുപ്രധാനകടമയാണ്. സമ്പൂര്‍ണവും സമഗ്രവുമായ സാമൂഹ്യസുരക്ഷിതത്വ പരിപാടിക്ക് എങ്ങനെ രൂപം നല്‍കാം?

5. പുരുഷന്മാര്‍ക്കൊപ്പം വിദ്യാസമ്പന്നരും ആരോഗ്യമുളളവരുമാണ് കേരളത്തിലെ സ്ത്രീകള്‍. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് അവരുടെ സ്ഥിതി മെച്ചമാണ്. എന്നാല്‍ സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തവും സാമൂഹ്യപദവിയും പരിശോധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സ്ത്രീകളുടെ നില പിന്നോക്കമാണ്. ജാതി അനാചാരങ്ങള്‍ വലിയ അളവു വരെ നിര്‍ത്തലാക്കുകയും പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്ത കേരളം ഏറ്റെടുക്കേണ്ട സുപ്രധാന സാമൂഹ്യചുമതല സ്ത്രീപുരുഷ സമത്വം കൈവരിക്കലാണ്.

6. വീണ്ടുവിചാരമില്ലാത്ത പ്രകൃതിവിഭവ ചൂഷണവും മലിനീകരണവും മൂലം നമ്മുടെ സംസ്ഥാനം പാരിസ്ഥിതിക തകര്‍ച്ച നേരിടുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

എന്നാല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ആഗോളവത്കരണ പ്രക്രിയ കേരളത്തിന്റെ വികസനത്തിന് ഇന്നും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി നില്‍ക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കു വന്‍ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആസിയാന്‍ കരാറില്‍ കേന്ദ്രം ഒപ്പുവെച്ചിരിക്കുന്നു. ഈ കരാറിന്റെ ദോഷഫലങ്ങള്‍ കേരളം അനുഭവിക്കാനിരിക്കുന്നതേയുളളൂ. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍ കൂട്ടായ ഇടപെടലിന്റെയും സാമൂഹ്യ നിയന്ത്രണങ്ങളുടെയും പ്രസക്തി പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്.

പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച വികസനരേഖ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വേണ്ട ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി സമ്പുഷ്ടമാക്കേണ്ടതുണ്ട്. ഈ രേഖകള്‍ പൂര്‍ണ്ണമായും പഠന കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവിടെയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിരിക്കും. അവകൂടി പരിഗണിച്ചാണ് വികസനരേഖയ്ക്ക് അവസാനരൂപം നല്‍കുക. ഇത് മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ മാര്‍ച്ച് ലക്കം പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുന്നതാണ്.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു പുതിയ വിതാനത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് അനുക്രമം ഉയരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച സ്ഥിരവിലയില്‍ 10 ശതമാനമാണ്. ഇത് താമസിയാതെ 12-13 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ വളര്‍ച്ചയിലെ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിന് ഒരു ജനപക്ഷ വികസന പരിപാടിക്കു രൂപം നല്‍കുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ഈ വികസന പരിപാടിക്ക് സാമ്രാജ്യത്വ ആഗോളവത്കരണം വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആഗോള ധന മൂലധനത്തിനുമേലുള്ള ആശ്രിതത്വം വര്‍ദ്ധിക്കുന്നത് കേരളവും ഇന്ത്യയും പോലുള്ള വികസ്വരപ്രദേശങ്ങള്‍ക്ക് സ്വതന്ത്രവികസനപാത തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകള്‍ വെട്ടിച്ചുരുക്കുന്നു. എന്നാല്‍ ആഗോളവത്കരണം എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. നിലനില്‍ക്കുന്ന ലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ടും സക്രിയമായി പ്രതികരിച്ചും മാത്രമേ ആഗോളവത്കരണത്തിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രതിസന്ധിനിറഞ്ഞ സാമ്രാജ്യത്വ ചട്ടക്കൂടിനുള്ളില്‍ കേരളത്തിന്റെ എല്ലാ വികസനപ്രശ്നങ്ങളും പരിഹരിക്കാം എന്ന വ്യാമോഹമില്ലാതെതന്നെ അതിന്റെ പരിമിതിക്കുള്ളില്‍നിന്ന് പരമാവധി പുരോഗതി നേടാനാവശ്യമായ ഒരു വികസന അജണ്ടയാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്.

പഠനകോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന ഈ ഭാവി പരിപാടിയുടെ വിജയത്തിന്റെ നിര്‍ണായകമായ ഒരു മുന്നുപാധി കേരള സമൂഹത്തിന്റെ മതനിരപേക്ഷതയാണ്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാത്ത തരത്തിലുള്ള മതനിരപേക്ഷത ഉയര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം കേരളീയ സമൂഹത്തില്‍ കൂടുതല്‍ ശക്തമായി നടത്തേണ്ടതുണ്ട്.

ഉപഭോക്തൃ സേവനത്തുറകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച. ഉല്‍പാദനമേഖലകളുടെ അടിത്തറയും വളര്‍ച്ചയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വേണ്ടതോതില്‍ തുറക്കുക എന്നതും ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്. കൂടുതല്‍ മത്സരശേഷിയുള്ളതും അനുയോജ്യവുമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, സേവന പ്രധാനമായ വ്യവസായങ്ങള്‍, വൈദഗധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഖനിജ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ എന്നിവയില്‍ ഊന്നണം. ഇതിനുവേണ്ടി മൂര്‍ത്തമായൊരു കര്‍മ്മപരിപാടി കോണ്‍ഗ്രസ് അംഗീകരിച്ചു.

മേല്‍പ്പറഞ്ഞ മേഖലകളിലെല്ലാം ഫലപ്രദമായ സര്‍ക്കാര്‍ പ്രോത്സാഹനവും നേതൃത്വവും അനിവാര്യമാണ്. അതോടൊപ്പം വലിയതോതില്‍ സ്വകാര്യ മൂലധനനിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ട്. കേരളത്തിലെ പൊതുമേഖലകള്‍ മുഴുവന്‍ ലാഭത്തിലാക്കാന്‍ കഴിഞ്ഞതോടെ കേരളത്തില്‍ നിക്ഷേപസൌഹൃദ അന്തരീക്ഷമില്ല എന്ന വാദം പൊളിഞ്ഞു.

പുത്തന്‍ വളര്‍ച്ചാമേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ച സമീപവര്‍ഷങ്ങളില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇങ്ങനെയുള്ള പുതിയ സമീപനങ്ങളോടും നിര്‍ദ്ദേശങ്ങളോടും ബന്ധപ്പെട്ട് സംവാദങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, ഇവ വിവാദങ്ങളായി പരിണമിച്ച് വികസന സാദ്ധ്യതകളെ കൊട്ടിയടയ്ക്കുന്ന അനുഭവങ്ങള്‍ വൈദ്യുതി, ടൂറിസം, റോഡ്, വിവര - വിനിമയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുണ്ടായത് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. വിവാദമല്ല സംവാദമാണ് ആവശ്യം. പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപഥത്തിലേക്ക് നീങ്ങുകയാണ് വേണ്ടത്. ഇതിനായി കേരളത്തിലെ രാഷ്ട്രീയപാര്‍ടികള്‍, നയരൂപീകരണ വക്താക്കള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഒരു സമന്വയം അടിയന്തിരമായി ഉണ്ടാക്കേണ്ടതുണ്ട്. അതിന് നേതൃത്വം നല്‍കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ട്. നിരുത്തരവാദപരമായ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ പരിസ്ഥിതിയുടെയും തൊഴിലവകാശങ്ങളുടെയും പുനരധിവാസത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വികസന പദ്ധതികള്‍ നടപ്പാക്കാനാകും.

മേല്‍പ്പറഞ്ഞ വ്യവസായക്കുതിപ്പ് ഉറപ്പുവരുത്തണമെങ്കില്‍ കേരളത്തിലെ പശ്ചാത്തല സൌകര്യങ്ങള്‍ ദ്രുതഗതിയില്‍ വികസിക്കേണ്ടതുണ്ട്. വല്ലാര്‍പ്പാടം കണ്ടയിനര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, പ്രകൃതിവാതക ശൃംഖല, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, താപ-ജലവൈദ്യുതി നിലയങ്ങള്‍, വിഴിഞ്ഞം ഹാര്‍ബര്‍, ദേശീയപാതകളും സംസ്ഥാന പാതകളും നാലുവരിയാക്കല്‍, തെക്കു-വടക്ക് അതിവേഗ റെയില്‍വെ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞവയില്‍ സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും നമ്മുടെ ഗ്രാമ-ബ്ളോക്ക്-ജില്ലാ സംസ്ഥാനതല റോഡുകളുടെ അതിബൃഹത്തായ ശൃംഖല നവീകരിക്കുന്നതിന് സര്‍ക്കാര്‍തന്നെ മുതല്‍മുടക്കണം. ഇതിനായി അടുത്ത അഞ്ചുവര്‍ഷം 10,000 കോടിയോളം രൂപയുടെ നിക്ഷേപം വേണ്ടിവരും. യാഥാസ്ഥിതിക ധനനയംവെടിഞ്ഞ് വികസനോന്മുഖ ധനനയം സ്വീകരിച്ചാല്‍ മാത്രമേ ഇതിന് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. ഒപ്പം നിര്‍മ്മാണരംഗത്ത് ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍, വിശേഷിച്ചും നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം, പരിഹരിക്കുന്നതിന് ഹ്രസ്വ-ദീര്‍ഘകാല പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.

പുതിയൊരു വികസനോന്മുഖ ധനനയത്തിനു കേരളത്തില്‍ തുടക്കംകുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ യാഥാസ്ഥിതിക ധനനയമാണ് ഇതു നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. കേരളത്തിന്റെ പശ്ചാത്തലസൌകര്യ പാക്കേജിന് 10,000 കോടി രൂപയെങ്കിലും വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. കേരളം കടക്കെണിയിലാണെന്നും മറ്റുമുള്ള വാദങ്ങള്‍ പഠന കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായതിലും ഏറെ താഴെയാണ് കേരളത്തിന്റെ ഇന്നത്തെ കടബാധ്യത. ഒപ്പം, കടഭാരം സംബന്ധിച്ച സാമ്പത്തികശാസ്ത്രത്തിലെ തീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മൂലധനച്ചെലവിനായി ഇപ്രകാരം വായ്പയെടുക്കുന്നതുകൊണ്ട് ഒരു തകരാറും വരാനുമില്ല. കേരളത്തിന്റെ റവന്യു വരുമാനവും ഗണ്യമായി ഉയരുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്.

വളരുന്ന സാമ്പത്തിക അസമത്വമാണ് ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയുടെ പ്രമുഖ ദൌര്‍ബല്യം. താഴേക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരം ഭീഷണി നേരിടുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ മുഴുവന്‍ ഉള്‍പ്പെടുത്തുന്ന ഒരു സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് പഠന കോണ്‍ഗ്രസ് രൂപം നല്‍കി. ജനനംമുതല്‍ മരണംവരെ സാധാരണക്കാരെ സംരക്ഷിക്കുന്ന ഒരു ക്ഷേമസമൂഹമായി കേരളം മാറണം. ഏറ്റവും അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരു കാര്യമാണിത്. ഇതുമായി ബന്ധപ്പെട്ട് ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബ്ബല വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍, ലിംഗനീതിയുടെ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. വ്യത്യസ്ത ശേഷികളുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളാണ് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്ത മറ്റൊരു മേഖല. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വീട്, കുടിവെള്ളം, വെളിച്ചം, ശുചിത്വം എന്നതാവണം കേരളത്തിന്റെ ലക്ഷ്യമെന്ന് പഠന കോണ്‍ഗ്രസ് വിലയിരുത്തി.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പോരായ്മയും കേരളത്തിന്റെ വികസനത്തിന് പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിന്റെ പ്രശ്നങ്ങളും പഠനകോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. നയ രൂപീകരണത്തില്‍ ഈ രംഗത്ത് സമീപഭാവിയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്.

പാവങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പംതന്നെ അവര്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കേണ്ടതുണ്ട്. 1999-2004ലെ കാര്‍ഷികത്തകര്‍ച്ചയുടെ കെടുതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് കേരളം കരകയറിത്തുടങ്ങിയത്. ഈ അനുകൂല സാഹചര്യത്തില്‍ കേരളത്തിലെ ഭക്ഷ്യസുരക്ഷാ പരിപാടി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയും നാണ്യവിളകളുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുകയും കൃഷിക്കാര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു കര്‍മ്മപരിപാടിക്ക് രൂപം നല്‍കേണ്ടതുണ്ട്. മണ്ണ്-ജല സംരക്ഷണത്തിനും വിള പരിപാലനത്തിനും ജനകീയ സംവിധാനങ്ങള്‍ വ്യാപിപ്പിക്കണം. പരമ്പരാഗത വ്യവസായങ്ങളുടെ സമയബന്ധിതമായ ആധുനികവല്‍ക്കരണം പ്രധാനമാണ്.

ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് രംഗത്തെ കോര്‍പ്പറേറ്റ്വത്കരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ വ്യത്യസ്തമായ ഒരു ജനകീയ മാതൃക ഉയര്‍ത്തിപ്പിടിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ബന്ധപ്പെടുത്തി സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍നല്‍കി എങ്ങനെ മൈക്രോക്രെഡിറ്റും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളും നടപ്പാക്കാം എന്നതിന് കുടുംബശ്രീ മാതൃകയാവുകയാണ്. ഇതിനകം ബാങ്കേതര ധനകാര്യ ഏജന്‍സിയായി രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജനശ്രീ തികച്ചും പ്രതിലോമകരമാണെന്ന് ആന്ധ്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പഠന കോണ്‍ഗ്രസ് വിലയിരുത്തി.

പരിസ്ഥിതി സൌഹൃദ സമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച സ്ഥായിയാക്കാന്‍ ഇത് കൂടിയേതീരു. എല്ലാ മേഖലകളിലെയും ലിംഗനീതിയുടെ പ്രശ്നങ്ങളും കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. കേരളത്തില്‍ അടുത്തതായി നടക്കേണ്ട സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നം ലിംഗനീതിയുടേതാണ്.

വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്ക് കേരളം നല്‍കിക്കൊണ്ടിരുന്ന മുന്‍ഗണന തുടരണം. ഇടക്കാലത്തുവന്ന അവഗണന തിരുത്തുന്നതിന് ഈ മേഖലയിലെ നിക്ഷേപം സമീപകാലത്ത് ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയതോതില്‍ മുതല്‍മുടക്ക് കൂടിയേതീരു. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെയും പ്രാഥമിക ആരോഗ്യസൌകര്യങ്ങളുടെയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയര്‍ച്ച ഇനിയും മുന്നോട്ടുകൊണ്ടുപോകണം. ആരോഗ്യകരമായ കായിക സംസ്കാരത്തിനായി ആവിഷ്കരിച്ച സ്കീമുകള്‍ സമയബന്ധിതമായി നടപ്പാക്കപ്പെടണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണ്ണായക പങ്ക് സര്‍ക്കാരിനുണ്ട്. ഇതിന് സര്‍ക്കാരിന്റെ വിഭവശേഷി ഗണ്യമായിട്ടുയരണം. അതോടൊപ്പം കര്‍മ്മശേഷിയിലും സമൂലമാറ്റം വേണ്ടതുണ്ട്. വിവിധ ഭരണമേഖലകളിലെ പരിഷ്കാരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല. സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗവേണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത്. സമഗ്ര നിയമപരിഷ്കാര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോണ്‍ഗ്രസ് വിലയിരുത്തി. ഭരണപരിഷ്കാരരംഗത്തെ ഏറ്റവും പ്രധാന കാല്‍വയ്പായി അധികാരവികേന്ദ്രീകരണരംഗത്തെ ഇതുവരെയുള്ള നേട്ടങ്ങളെ കണക്കാക്കണം. എന്നാല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ വിവിധ തലങ്ങളിലെ ഏകോപനം സാധ്യമാക്കിയും ഈ രംഗത്തെ കടമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭരണസംവിധാനംപോലെ വികസനത്തില്‍ സുപ്രധാനപങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിരസ്കരിക്കുമ്പോള്‍തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പുന:സംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി.

പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്കാരം അത്യന്താപേക്ഷിതമാണ്. സാംസ്കാരിക മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. സമവായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്തതാല്‍പര്യങ്ങളും ഇതിനു തടസ്സം നില്‍ക്കരുത്.

പഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടര്‍ച്ചയാണ് ഇനി വേണ്ടത്. ഈ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ടീയ പൊതുജനാഭിപ്രായം ഉണ്ടാകണം.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011
ചിത്രങ്ങള്‍ക്ക് കടപ്പാട്: BodhiCOMMONS