സമീപകാലത്ത് കേരളത്തില്‍നടന്ന ഏറ്റവും ബൃഹത്തായ വികസന സംവാദമായ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സമാപിച്ചു. പത്തു സിമ്പോസിയങ്ങളിലും 78 സമ്മേളനങ്ങളിലുമായി എഴുന്നൂറോളം അവതരണങ്ങള്‍ നടന്നു. അത്രതന്നെ പ്രതിനിധികള്‍ ചര്‍ച്ചയിലും പങ്കെടുത്തു. മൂവായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ രജിസ്റ്റര്‍ചെയ്തും അഞ്ഞൂറോളംപേര്‍ അല്ലാതെയും പങ്കെടുത്തു. നാലു വാല്യങ്ങളിലായി സമീപനരേഖയും അനുബന്ധ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആകെ 200 മണിക്കൂറിലേറെ വിവിധ വേദികളിലായി സംവാദം നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം മൂന്നുദിവസമായി നടന്ന ഈ സംവാദത്തില്‍ പങ്കാളികളായി.
നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ നീതിപൂര്‍വമായ വിതരണം ഉറപ്പുവരുത്താന്‍ നമുക്കു കഴിഞ്ഞു. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാര്‍ദ്ധം വരെ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. അഖിലേന്ത്യാതലത്തിലുളള ശരാശരി വളര്‍ച്ചയെക്കാള്‍ വളരെ താഴെയായിരുന്നു നാം. സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിച്ചു കൊണ്ടുപോകാനാവില്ല എന്നുളള നിഗമനത്തില്‍ പലരും എത്തിച്ചേര്‍ന്നു. ഈ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് 1994ല്‍ ഒന്നാം കേരള പഠന കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തത്. 1987 മുതല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചുവെങ്കിലും കേരളത്തിന്റെ വികസനം ഒരു പുതിയ ഘട്ടത്തിലേയ്ക്കു കടന്നു എന്ന നിഗമനത്തിലെത്തിച്ചേരാന്‍ അന്നു കഴിയുമായിരുന്നില്ല. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി ഒരു വികസന അജണ്ട രൂപീകരിക്കാനുളള പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പഠനകോണ്‍ഗ്രസ്.
2005ലെ രണ്ടാം കേരള പഠനകോണ്‍ഗ്രസിന്റെ കാലമായപ്പോഴേക്കും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ന്നു എന്നു വ്യക്തമായിരുന്നു. അഖിലേന്ത്യാ ശരാശരിയെക്കാള്‍ വേഗതയില്‍ നമ്മുടെ സമ്പദ്ഘടന വളര്‍ന്നു. ആഗോളവത്കരണ പരിഷ്കാരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളും സാമൂഹ്യക്ഷേമ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളും പുതിയ മുന്നേറ്റത്തിനു മുന്നില്‍ ആശങ്കകള്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനു മൂര്‍ത്തമായ ഒരു ജനകീയ വികസന അജണ്ട മുന്നോട്ടു വെയ്ക്കുന്നതിനുളള ചര്‍ച്ചകളാണ് രണ്ടാം പഠനകോണ്‍ഗ്രസില്‍ നടന്നത്.
അങ്ങനെ രൂപം കൊണ്ട കാഴ്ചപ്പാട് വലിയൊരു പരിധിവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങളെ വിമര്‍ശനപരമായി പരിശോധിക്കാനും ദൌര്‍ബല്യങ്ങള്‍ തിരുത്താനുമാണ് മൂന്നാം പഠനകോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഉയര്‍ന്നെങ്കിലും ഈ അധ്യായത്തിന്റെ അവസാനം വിശദീകരിക്കുന്നതു പോലെ ഗൌരവമായ വൈരുദ്ധ്യങ്ങള്‍ ഈ വളര്‍ച്ചയില്‍ അടങ്ങിയിരിക്കുന്നു. സേവന മേഖലകളിലൂന്നിയാണ് സാമ്പത്തിക കുതിപ്പ്. ഇതിന് അനുസൃതമായി ഉല്‍പാദന മേഖലകളില്‍ മുന്നേറ്റമുണ്ടാകുന്നില്ല. അഭ്യസ്തവിദ്യരായ യുവതലമുറ ആഗ്രഹിക്കുന്ന തോതില്‍ പുതിയ തൊഴില്‍ത്തുറകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗത മേഖലകളെ സംരക്ഷിച്ചാല്‍ മാത്രം പോര, വളര്‍ച്ചയുടെ വേഗതയും ഉയര്‍ത്തണം. പൊതു സാമൂഹ്യക്ഷേമ സൌകര്യങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണം. ആഗോളവത്കരണം സൃഷ്ടിക്കുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ സാമൂഹിക സുരക്ഷിതത്വ പരിപാടിക്ക് രൂപം നല്‍കാന്‍ കഴിയണം. സര്‍വോപരി ഇപ്പോള്‍ കൈവന്നിരിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ സ്ഥായിയാണ് എന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇതിനെല്ലാമുളള കരടു പരിപാടിയാണ് മൂന്നാം പഠനകോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ച രേഖ.
ഒന്ന്) പൊതുവില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തിസ്രോതസ് സേവനത്തുറകളായി തുടരുകയാണ്. ഭൌതിക ഉല്പാദന രംഗങ്ങളില്‍ വളര്‍ച്ചയുണ്ടാകാതെ സേവന മേഖലയിലെ വളര്‍ച്ച നിലനിര്‍ത്താനാകില്ല. സേവന മേഖലയിലെ ഇപ്പോഴത്തെ വളര്‍ച്ച വിദേശത്തുനിന്നുളള വരുമാനത്തെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഈ വരുമാനത്തിലുളള ഇടിവ് പ്രശ്നങ്ങളുണ്ടാക്കും. ഗള്‍ഫിലുളള തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണ്. വിദേശത്തുനിന്നുളള വരുമാനം കുറയുമ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമെന്നത് കഴിഞ്ഞകാലത്തും അനുഭവപ്പെട്ടിട്ടുളളതാണ്. ഉദാഹരണത്തിന്, 1991 ലെ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുളള സ്ഥിതി. അതിനാല്‍ ഉല്‍പ്പാദന മേഖലകളിലെ വളര്‍ച്ചയുടെ അനുപൂരകമായി സേവന മേഖലയിലെ വളര്‍ച്ചയും ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് സ്ഥായിയാകുക.
രണ്ട്) ഏറ്റവും പ്രധാനപ്പെട്ട കാര്യം കാര്‍ഷിക മേഖലയിലെ മുരടിപ്പാണ്. വാണിജ്യവിളകളുടെ വിലകള്‍ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച ഗണ്യമായി ഉയരും എന്നതിനു സംശയമില്ല. പക്ഷേ, വിലത്തകര്‍ച്ചയുടെ ചക്രം എന്നാണിനി തിരിഞ്ഞെത്തുക എന്നു പ്രവചിക്കാനാവില്ല. ഭക്ഷ്യവിളകളുടെ പിന്നോട്ടടിക്കു വിരാമമിടാന്‍ കഴിഞ്ഞെങ്കിലും ആവശ്യത്തിന്റെ നാലരികിലെത്താന്‍ കഴിഞ്ഞിട്ടില്ല. 1987-88ല്‍ സംസ്ഥാന വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം 5.21 ശതമാനമായിരുന്നത് ഇന്നു 1.53 ശതമാനമായി താണിരിക്കുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നു പറയാനാവില്ല. ഇത് അവരുടെ വരുമാനത്തെയും ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു.
മൂന്ന്) വ്യവസായ വളര്‍ച്ചയ്ക്കായി നാം തിരഞ്ഞെടുത്ത പാത വഴിമുട്ടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാം ഊന്നിയത് മുഖ്യമായും രണ്ടുമേഖലകളിലാണ്. ഒന്ന്, തൊഴില്‍പ്രധാനമായ പരമ്പരാഗത വ്യവസായങ്ങള്‍, രണ്ട്, ഊര്‍ജപ്രധാനമായ രാസവ്യവസായങ്ങള്‍. പരമ്പരാഗത വ്യവസായങ്ങളെ നിലനിര്‍ത്തിയിരുന്ന കുറഞ്ഞകൂലി എന്നെന്നേയ്ക്കുമായി ഇല്ലാതായിക്കഴിഞ്ഞു. വളരെയേറെ തൊഴിലാളികള്‍ ഇന്ന് ഉപജീവനത്തിന് ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ തന്നെ ഈ മേഖലകള്‍ പരമ്പരാഗത രീതിയില്‍ ഇനി തുടരാനാവില്ല എന്ന യാഥാര്‍ത്ഥ്യവും മനസിലാക്കണം. കേരളത്തില്‍ ശക്തിപ്പെടുന്ന പാരിസ്ഥിതിക അവബോധം അനിവാര്യമാക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളും സംസ്ഥാനത്തെ ഊര്‍ജദാരിദ്ര്യവും രാസവ്യവസായങ്ങളുടെ അടിസ്ഥാനത്തിലുളള വളര്‍ച്ചയ്ക്കു വളരെയേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുളള തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും വരുമാനം ഉറപ്പുവരുത്തുന്നതിനും അനുബന്ധ വ്യവസായങ്ങള്‍ക്കു കൂടുതല്‍ സാധ്യതകള്‍ ഉളളതും പാരിസ്ഥിതികമായി അനുയോജ്യവുമായ വ്യവസായങ്ങളെ ബോധപൂര്‍വം പ്രോത്സാഹിപ്പിക്കണം. രണ്ടാം കേരള പഠനകോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചതുപോലെ ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുളള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ് എഞ്ചിനീയറിംഗ് പോലെ വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നമ്മള്‍ ഊന്നേണ്ടുന്ന മേഖലകള്‍. ഈ തുറകളിലെ മുന്നേറ്റം എങ്ങനെ ഉറപ്പുവരുത്താം?
നാല്) കേരളത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു മുഖ്യദൌര്‍ബല്യം വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നുളളതാണ്. ഉദാഹരണത്തിനു 2007-08ല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുപ്രകാരം സര്‍വെ നടത്തുന്നതിനു മുമ്പുളള ഒരു വര്‍ഷത്തിനിടയില്‍ സാധാരണഗതിയില്‍, അതായത്, വര്‍ഷത്തില്‍ കൂടുതല്‍ ദിവസം തൊഴിലില്ലാതിരുന്നവര്‍ കേരളത്തില്‍ 8.5 ശതമാനവും ഇന്ത്യയില്‍ 2.2 ശതമാനവും ആണ്. സര്‍വെയുടെ തലേ ആഴ്ച തൊഴില്‍ അന്വേഷിച്ചിട്ടും ഒരുദിവസം ഒരു മണിക്കൂര്‍പോലും ലഭിക്കാത്തവര്‍ കേരളത്തില്‍ 11.4 ശതമാനവും ഇന്ത്യയില്‍ 4.3 ശതമാനവുമാണ്. സര്‍വെയുടെ തലേദിവസം തൊഴില്‍ തേടിയിട്ടും ഒരു മണിക്കൂര്‍ പോലും തൊഴില്‍ ലഭിക്കാത്തവരുടെ എണ്ണം കേരളത്തില്‍ തൊഴില്‍സേനയുടെ 23.4 ശതമാനവും ഇന്ത്യയില്‍ 8.9 ശതമാനവുമാണ്.
വിദ്യാഭ്യാസം കഴിഞ്ഞു വര്‍ഷങ്ങള്‍ കാത്തിരുന്നാലേ ഒരു ജോലി ലഭിക്കൂ. ഈ കാത്തിരിപ്പു വേളയില്‍ പുതിയ ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കാനുളള ശ്രമത്തിലാണ് തൊഴിലില്ലാത്തവര്‍. ഏതു പുതിയ കോഴ്സും പഠിക്കാന്‍ ആളുണ്ട്. പഠിത്തത്തിന് അനുസൃതമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഉയര്‍ന്ന ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും ഉളളത് എന്തെങ്കിലും മെച്ചപ്പെട്ട ജോലി കിട്ടുന്നതിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും ഉന്നത വിദ്യാഭ്യാസത്തിനുളള തിക്കും തിരക്കും കൂടാന്‍ കാരണമിതാണ്.
അനുയോജ്യമായ ജോലിക്കു വേണ്ടിയുളള കാത്തിരിപ്പിനിടയില്‍ ഉപജീവനത്തിനായി എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാന്‍ പലരും നിര്‍ബന്ധിതരാവും. അങ്ങനെ അഭ്യസ്തവിദ്യര്‍ക്കുള്ള അനൌപചാരിക തൊഴില്‍മേഖലകള്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നു. പാരലല്‍ കോളെജുകള്‍ ഇതിനു നല്ല ഉദാഹരണമാണ്. കൂലിപ്പണിക്കു പോകാന്‍ തയ്യാറല്ലെങ്കിലും കൂലി കുറവായ സെയില്‍സ് ഗേളായി ജോലി ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാണ്.
അതേസമയം തൊഴില്‍ തേടി കേരളത്തിലേയ്ക്കു ഒഴുകുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകുകയാണ്. ഇവരുടെ സാന്നിദ്ധ്യം നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറത്തും ഇന്ന് സജീവമാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറ കായികാദ്ധ്വാനം ആവശ്യമുളള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ഇതിനു കാരണം.
ഈ സ്ഥിതി വിശേഷത്തിന്റെ മുഖ്യ ഇര സ്ത്രീകളാണ്. സാധാരണഗതിയിലുളള തൊഴിലില്ലാത്തവരുടെ നിര്‍വചന പ്രകാരം കേരളത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 6.1 ശതമാനമാണ്. സ്ത്രീകളുടേത് 25 ശതമാനവും. രൂക്ഷമായ തൊഴിലില്ലായ്മ മൂലം കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും തൊഴിലന്വേഷണം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങുന്നു. അതുകൊണ്ടാണ് കേരളം ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകള്‍ തൊഴിലെടുക്കുന്ന സംസ്ഥാനമായിരിക്കുന്നത്. താരതമ്യേനെ വേതനം കുറഞ്ഞ തൊഴിലുകളാണ് സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കപ്പെടുന്നത്.
തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നം മാത്രമല്ല സാമൂഹ്യ സാംസ്കാരിക പ്രശ്നം കൂടിയാണ്.
അഞ്ച്) പുതിയ സാമ്പത്തിക മുന്നേറ്റത്തിന്റെ കാലത്ത് കേരളത്തിലെ അസമത്വം ഭീതിജനകമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൃഷിയും കാര്‍ഷികേതര മേഖലയും തമ്മില്‍, നഗരവും നാട്ടിന്‍പുറവും തമ്മില്‍, വിവിധ ജില്ലകള്‍ തമ്മില്‍ എല്ലാമുളള അന്തരം ഈ പുതിയ കാലഘട്ടത്തില്‍ വളര്‍ന്നു. കുടുംബങ്ങള്‍ തമ്മിലുളള ഉപഭോഗനിലവാരത്തിലെ വ്യത്യാസമെടുത്താല്‍ ഈ പ്രവണത വ്യക്തമായി മനസിലാക്കാനാവും. 1983നും 2004-05നും ഇടയ്ക്കു ഉപഭോഗ നിലവാരത്തിലെ അസമത്വ സൂചികയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാവരും സമന്മാരാണെങ്കില്‍ സൂചിക പൂജ്യമായിരിക്കും. ഒന്നിനോട് അടുക്കുന്തോറും അസമത്വം കൂടുതല്‍ രൂക്ഷമായി മാറും. 1983നും 1999-2000നും ഇടയ്ക്ക് കേരളത്തിലെ അസമത്വസൂചിക 0.35 ആയി വലിയ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ 2004-05 ആകുമ്പോഴേയ്ക്കും അസമത്വ സൂചിക 0.39 ആയി ഉയര്‍ന്നു. പുതിയ കാലഘട്ടത്തില്‍ കേരളത്തിലെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 20 ശതമാനത്തോളം കുടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും താഴെയുളള 30 ശതമാനത്തിലേറെ വരുന്നവരുടെ യഥാര്‍ത്ഥ വരുമാനം ഇടിയുകയാണ് ഉണ്ടായിട്ടുളളത്. ഇത്തരത്തില്‍ വര്‍ദ്ധിക്കുന്ന അസമത്വം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്.
ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമകാലിക വെല്ലുവിളികളെ താഴെ പറയുംവിധം സംക്ഷേപിക്കാം.
1. ഭൂരിപക്ഷം ജനങ്ങളും ഇന്നും ഉപജീവനം നടത്തുന്നത് കാര്‍ഷിക മേഖലയിലും പരമ്പരാഗത വ്യവസായങ്ങളിലുമാണ്. എന്നാല്‍ ആഗോളവത്കരണം അവയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിച്ചുകൊണ്ടല്ലാതെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതനിലവാരം പിടിച്ചുനിര്‍ത്താനാവില്ല. ഈ മേഖലകളില്‍ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും എങ്ങനെ ഉയര്‍ത്താം?
2. പരമ്പരാഗത മേഖലകളിലെ ഉല്‍പാദനം താരതമ്യേന പതുക്കെ മാത്രമെ ഉയരുകയുളളൂ. ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നമുക്ക് അനുയോജ്യമായ, എന്നാല്‍ അതിവേഗം വളരാന്‍ സാധ്യതയുളള ആധുനിക വ്യവസായങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇത്തരം വ്യവസായത്തുറകള്‍ ഏതെല്ലാം? ഇവിടങ്ങളിലേയ്ക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് എന്തുനടപടികള്‍ സ്വീകരിക്കണം? അനിവാര്യമായ പശ്ചാത്തലസൌകര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം?
3. സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖല കേരളത്തിനുണ്ട്. എന്നാല്‍ ഇവയുടെ ഗുണനിലവാരം ഗണ്യമായി ഉയര്‍ത്തിയേ തീരൂ. ജനങ്ങളുടെ ആവശ്യത്തിനും പ്രതീക്ഷകള്‍ക്കുമനുസരിച്ച് പൊതുവിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും പൊതുക്ഷേമ സൌകര്യങ്ങളും ഉയരുന്നില്ല. ഈ പരിമിതി മറികടക്കേണ്ടിയിരിക്കുന്നു.
4. പൊതുവില്‍ ജീവിതനിലവാരം മെച്ചമാണെങ്കിലും ദാരിദ്യത്തിന്റെ തുരുത്തുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, അഗതികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ നില ഇപ്പോഴും പരിതാപകരം തന്നെയാണ്. ഇവരെ എത്രയും പെട്ടെന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് സുപ്രധാനകടമയാണ്. സമ്പൂര്‍ണവും സമഗ്രവുമായ സാമൂഹ്യസുരക്ഷിതത്വ പരിപാടിക്ക് എങ്ങനെ രൂപം നല്‍കാം?
5. പുരുഷന്മാര്‍ക്കൊപ്പം വിദ്യാസമ്പന്നരും ആരോഗ്യമുളളവരുമാണ് കേരളത്തിലെ സ്ത്രീകള്‍. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് അവരുടെ സ്ഥിതി മെച്ചമാണ്. എന്നാല്‍ സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തവും സാമൂഹ്യപദവിയും പരിശോധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സ്ത്രീകളുടെ നില പിന്നോക്കമാണ്. ജാതി അനാചാരങ്ങള്‍ വലിയ അളവു വരെ നിര്‍ത്തലാക്കുകയും പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്ത കേരളം ഏറ്റെടുക്കേണ്ട സുപ്രധാന സാമൂഹ്യചുമതല സ്ത്രീപുരുഷ സമത്വം കൈവരിക്കലാണ്.
6. വീണ്ടുവിചാരമില്ലാത്ത പ്രകൃതിവിഭവ ചൂഷണവും മലിനീകരണവും മൂലം നമ്മുടെ സംസ്ഥാനം പാരിസ്ഥിതിക തകര്‍ച്ച നേരിടുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
എന്നാല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ആഗോളവത്കരണ പ്രക്രിയ കേരളത്തിന്റെ വികസനത്തിന് ഇന്നും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി നില്‍ക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കു വന്‍ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആസിയാന്‍ കരാറില്‍ കേന്ദ്രം ഒപ്പുവെച്ചിരിക്കുന്നു. ഈ കരാറിന്റെ ദോഷഫലങ്ങള്‍ കേരളം അനുഭവിക്കാനിരിക്കുന്നതേയുളളൂ. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍ കൂട്ടായ ഇടപെടലിന്റെയും സാമൂഹ്യ നിയന്ത്രണങ്ങളുടെയും പ്രസക്തി പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്.
പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച വികസനരേഖ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വേണ്ട ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി സമ്പുഷ്ടമാക്കേണ്ടതുണ്ട്. ഈ രേഖകള്‍ പൂര്‍ണ്ണമായും പഠന കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവിടെയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിരിക്കും. അവകൂടി പരിഗണിച്ചാണ് വികസനരേഖയ്ക്ക് അവസാനരൂപം നല്‍കുക. ഇത് മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ മാര്‍ച്ച് ലക്കം പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുന്നതാണ്.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു പുതിയ വിതാനത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് അനുക്രമം ഉയരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച സ്ഥിരവിലയില്‍ 10 ശതമാനമാണ്. ഇത് താമസിയാതെ 12-13 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ വളര്‍ച്ചയിലെ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിന് ഒരു ജനപക്ഷ വികസന പരിപാടിക്കു രൂപം നല്‍കുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ഈ വികസന പരിപാടിക്ക് സാമ്രാജ്യത്വ ആഗോളവത്കരണം വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആഗോള ധന മൂലധനത്തിനുമേലുള്ള ആശ്രിതത്വം വര്‍ദ്ധിക്കുന്നത് കേരളവും ഇന്ത്യയും പോലുള്ള വികസ്വരപ്രദേശങ്ങള്‍ക്ക് സ്വതന്ത്രവികസനപാത തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകള്‍ വെട്ടിച്ചുരുക്കുന്നു. എന്നാല്‍ ആഗോളവത്കരണം എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. നിലനില്‍ക്കുന്ന ലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ടും സക്രിയമായി പ്രതികരിച്ചും മാത്രമേ ആഗോളവത്കരണത്തിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രതിസന്ധിനിറഞ്ഞ സാമ്രാജ്യത്വ ചട്ടക്കൂടിനുള്ളില്‍ കേരളത്തിന്റെ എല്ലാ വികസനപ്രശ്നങ്ങളും പരിഹരിക്കാം എന്ന വ്യാമോഹമില്ലാതെതന്നെ അതിന്റെ പരിമിതിക്കുള്ളില്‍നിന്ന് പരമാവധി പുരോഗതി നേടാനാവശ്യമായ ഒരു വികസന അജണ്ടയാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്.
പഠനകോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന ഈ ഭാവി പരിപാടിയുടെ വിജയത്തിന്റെ നിര്‍ണായകമായ ഒരു മുന്നുപാധി കേരള സമൂഹത്തിന്റെ മതനിരപേക്ഷതയാണ്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാത്ത തരത്തിലുള്ള മതനിരപേക്ഷത ഉയര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം കേരളീയ സമൂഹത്തില്‍ കൂടുതല്‍ ശക്തമായി നടത്തേണ്ടതുണ്ട്.
ഉപഭോക്തൃ സേവനത്തുറകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച. ഉല്‍പാദനമേഖലകളുടെ അടിത്തറയും വളര്‍ച്ചയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വേണ്ടതോതില്‍ തുറക്കുക എന്നതും ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്. കൂടുതല്‍ മത്സരശേഷിയുള്ളതും അനുയോജ്യവുമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, സേവന പ്രധാനമായ വ്യവസായങ്ങള്‍, വൈദഗധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഖനിജ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ എന്നിവയില്‍ ഊന്നണം. ഇതിനുവേണ്ടി മൂര്‍ത്തമായൊരു കര്‍മ്മപരിപാടി കോണ്‍ഗ്രസ് അംഗീകരിച്ചു.
മേല്‍പ്പറഞ്ഞ മേഖലകളിലെല്ലാം ഫലപ്രദമായ സര്‍ക്കാര്‍ പ്രോത്സാഹനവും നേതൃത്വവും അനിവാര്യമാണ്. അതോടൊപ്പം വലിയതോതില്‍ സ്വകാര്യ മൂലധനനിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ട്. കേരളത്തിലെ പൊതുമേഖലകള്‍ മുഴുവന്‍ ലാഭത്തിലാക്കാന്‍ കഴിഞ്ഞതോടെ കേരളത്തില്‍ നിക്ഷേപസൌഹൃദ അന്തരീക്ഷമില്ല എന്ന വാദം പൊളിഞ്ഞു.
പുത്തന്‍ വളര്‍ച്ചാമേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ച സമീപവര്‍ഷങ്ങളില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇങ്ങനെയുള്ള പുതിയ സമീപനങ്ങളോടും നിര്‍ദ്ദേശങ്ങളോടും ബന്ധപ്പെട്ട് സംവാദങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, ഇവ വിവാദങ്ങളായി പരിണമിച്ച് വികസന സാദ്ധ്യതകളെ കൊട്ടിയടയ്ക്കുന്ന അനുഭവങ്ങള്‍ വൈദ്യുതി, ടൂറിസം, റോഡ്, വിവര - വിനിമയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുണ്ടായത് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. വിവാദമല്ല സംവാദമാണ് ആവശ്യം. പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപഥത്തിലേക്ക് നീങ്ങുകയാണ് വേണ്ടത്. ഇതിനായി കേരളത്തിലെ രാഷ്ട്രീയപാര്‍ടികള്‍, നയരൂപീകരണ വക്താക്കള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഒരു സമന്വയം അടിയന്തിരമായി ഉണ്ടാക്കേണ്ടതുണ്ട്. അതിന് നേതൃത്വം നല്‍കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ട്. നിരുത്തരവാദപരമായ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ പരിസ്ഥിതിയുടെയും തൊഴിലവകാശങ്ങളുടെയും പുനരധിവാസത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വികസന പദ്ധതികള്‍ നടപ്പാക്കാനാകും.
മേല്‍പ്പറഞ്ഞ വ്യവസായക്കുതിപ്പ് ഉറപ്പുവരുത്തണമെങ്കില്‍ കേരളത്തിലെ പശ്ചാത്തല സൌകര്യങ്ങള്‍ ദ്രുതഗതിയില്‍ വികസിക്കേണ്ടതുണ്ട്. വല്ലാര്‍പ്പാടം കണ്ടയിനര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, പ്രകൃതിവാതക ശൃംഖല, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, താപ-ജലവൈദ്യുതി നിലയങ്ങള്‍, വിഴിഞ്ഞം ഹാര്‍ബര്‍, ദേശീയപാതകളും സംസ്ഥാന പാതകളും നാലുവരിയാക്കല്‍, തെക്കു-വടക്ക് അതിവേഗ റെയില്‍വെ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞവയില്‍ സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും നമ്മുടെ ഗ്രാമ-ബ്ളോക്ക്-ജില്ലാ സംസ്ഥാനതല റോഡുകളുടെ അതിബൃഹത്തായ ശൃംഖല നവീകരിക്കുന്നതിന് സര്‍ക്കാര്‍തന്നെ മുതല്‍മുടക്കണം. ഇതിനായി അടുത്ത അഞ്ചുവര്‍ഷം 10,000 കോടിയോളം രൂപയുടെ നിക്ഷേപം വേണ്ടിവരും. യാഥാസ്ഥിതിക ധനനയംവെടിഞ്ഞ് വികസനോന്മുഖ ധനനയം സ്വീകരിച്ചാല്‍ മാത്രമേ ഇതിന് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. ഒപ്പം നിര്‍മ്മാണരംഗത്ത് ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍, വിശേഷിച്ചും നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം, പരിഹരിക്കുന്നതിന് ഹ്രസ്വ-ദീര്‍ഘകാല പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.
പുതിയൊരു വികസനോന്മുഖ ധനനയത്തിനു കേരളത്തില്‍ തുടക്കംകുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ യാഥാസ്ഥിതിക ധനനയമാണ് ഇതു നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. കേരളത്തിന്റെ പശ്ചാത്തലസൌകര്യ പാക്കേജിന് 10,000 കോടി രൂപയെങ്കിലും വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. കേരളം കടക്കെണിയിലാണെന്നും മറ്റുമുള്ള വാദങ്ങള്‍ പഠന കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായതിലും ഏറെ താഴെയാണ് കേരളത്തിന്റെ ഇന്നത്തെ കടബാധ്യത. ഒപ്പം, കടഭാരം സംബന്ധിച്ച സാമ്പത്തികശാസ്ത്രത്തിലെ തീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മൂലധനച്ചെലവിനായി ഇപ്രകാരം വായ്പയെടുക്കുന്നതുകൊണ്ട് ഒരു തകരാറും വരാനുമില്ല. കേരളത്തിന്റെ റവന്യു വരുമാനവും ഗണ്യമായി ഉയരുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്.
വളരുന്ന സാമ്പത്തിക അസമത്വമാണ് ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയുടെ പ്രമുഖ ദൌര്‍ബല്യം. താഴേക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരം ഭീഷണി നേരിടുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ മുഴുവന്‍ ഉള്‍പ്പെടുത്തുന്ന ഒരു സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് പഠന കോണ്‍ഗ്രസ് രൂപം നല്‍കി. ജനനംമുതല്‍ മരണംവരെ സാധാരണക്കാരെ സംരക്ഷിക്കുന്ന ഒരു ക്ഷേമസമൂഹമായി കേരളം മാറണം. ഏറ്റവും അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരു കാര്യമാണിത്. ഇതുമായി ബന്ധപ്പെട്ട് ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബ്ബല വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍, ലിംഗനീതിയുടെ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. വ്യത്യസ്ത ശേഷികളുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളാണ് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്ത മറ്റൊരു മേഖല. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വീട്, കുടിവെള്ളം, വെളിച്ചം, ശുചിത്വം എന്നതാവണം കേരളത്തിന്റെ ലക്ഷ്യമെന്ന് പഠന കോണ്‍ഗ്രസ് വിലയിരുത്തി.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പോരായ്മയും കേരളത്തിന്റെ വികസനത്തിന് പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിന്റെ പ്രശ്നങ്ങളും പഠനകോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. നയ രൂപീകരണത്തില്‍ ഈ രംഗത്ത് സമീപഭാവിയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്.
പാവങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പംതന്നെ അവര്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കേണ്ടതുണ്ട്. 1999-2004ലെ കാര്‍ഷികത്തകര്‍ച്ചയുടെ കെടുതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് കേരളം കരകയറിത്തുടങ്ങിയത്. ഈ അനുകൂല സാഹചര്യത്തില്‍ കേരളത്തിലെ ഭക്ഷ്യസുരക്ഷാ പരിപാടി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയും നാണ്യവിളകളുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുകയും കൃഷിക്കാര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു കര്‍മ്മപരിപാടിക്ക് രൂപം നല്‍കേണ്ടതുണ്ട്. മണ്ണ്-ജല സംരക്ഷണത്തിനും വിള പരിപാലനത്തിനും ജനകീയ സംവിധാനങ്ങള്‍ വ്യാപിപ്പിക്കണം. പരമ്പരാഗത വ്യവസായങ്ങളുടെ സമയബന്ധിതമായ ആധുനികവല്‍ക്കരണം പ്രധാനമാണ്.
ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് രംഗത്തെ കോര്‍പ്പറേറ്റ്വത്കരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ വ്യത്യസ്തമായ ഒരു ജനകീയ മാതൃക ഉയര്‍ത്തിപ്പിടിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ബന്ധപ്പെടുത്തി സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍നല്‍കി എങ്ങനെ മൈക്രോക്രെഡിറ്റും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളും നടപ്പാക്കാം എന്നതിന് കുടുംബശ്രീ മാതൃകയാവുകയാണ്. ഇതിനകം ബാങ്കേതര ധനകാര്യ ഏജന്‍സിയായി രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജനശ്രീ തികച്ചും പ്രതിലോമകരമാണെന്ന് ആന്ധ്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പഠന കോണ്‍ഗ്രസ് വിലയിരുത്തി.
പരിസ്ഥിതി സൌഹൃദ സമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച സ്ഥായിയാക്കാന്‍ ഇത് കൂടിയേതീരു. എല്ലാ മേഖലകളിലെയും ലിംഗനീതിയുടെ പ്രശ്നങ്ങളും കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. കേരളത്തില്‍ അടുത്തതായി നടക്കേണ്ട സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നം ലിംഗനീതിയുടേതാണ്.
വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്ക് കേരളം നല്‍കിക്കൊണ്ടിരുന്ന മുന്‍ഗണന തുടരണം. ഇടക്കാലത്തുവന്ന അവഗണന തിരുത്തുന്നതിന് ഈ മേഖലയിലെ നിക്ഷേപം സമീപകാലത്ത് ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയതോതില്‍ മുതല്‍മുടക്ക് കൂടിയേതീരു. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെയും പ്രാഥമിക ആരോഗ്യസൌകര്യങ്ങളുടെയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയര്‍ച്ച ഇനിയും മുന്നോട്ടുകൊണ്ടുപോകണം. ആരോഗ്യകരമായ കായിക സംസ്കാരത്തിനായി ആവിഷ്കരിച്ച സ്കീമുകള്‍ സമയബന്ധിതമായി നടപ്പാക്കപ്പെടണം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണ്ണായക പങ്ക് സര്‍ക്കാരിനുണ്ട്. ഇതിന് സര്‍ക്കാരിന്റെ വിഭവശേഷി ഗണ്യമായിട്ടുയരണം. അതോടൊപ്പം കര്‍മ്മശേഷിയിലും സമൂലമാറ്റം വേണ്ടതുണ്ട്. വിവിധ ഭരണമേഖലകളിലെ പരിഷ്കാരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല. സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗവേണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത്. സമഗ്ര നിയമപരിഷ്കാര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോണ്‍ഗ്രസ് വിലയിരുത്തി. ഭരണപരിഷ്കാരരംഗത്തെ ഏറ്റവും പ്രധാന കാല്‍വയ്പായി അധികാരവികേന്ദ്രീകരണരംഗത്തെ ഇതുവരെയുള്ള നേട്ടങ്ങളെ കണക്കാക്കണം. എന്നാല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ വിവിധ തലങ്ങളിലെ ഏകോപനം സാധ്യമാക്കിയും ഈ രംഗത്തെ കടമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഭരണസംവിധാനംപോലെ വികസനത്തില്‍ സുപ്രധാനപങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിരസ്കരിക്കുമ്പോള്‍തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പുന:സംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി.
പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്കാരം അത്യന്താപേക്ഷിതമാണ്. സാംസ്കാരിക മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. സമവായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്തതാല്‍പര്യങ്ങളും ഇതിനു തടസ്സം നില്‍ക്കരുത്.
പഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടര്‍ച്ചയാണ് ഇനി വേണ്ടത്. ഈ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ടീയ പൊതുജനാഭിപ്രായം ഉണ്ടാകണം.
*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011
ചിത്രങ്ങള്‍ക്ക് കടപ്പാട്: BodhiCOMMONS
Subscribe to:
Post Comments (Atom)
1 comment:
സമീപകാലത്ത് കേരളത്തില്‍നടന്ന ഏറ്റവും ബൃഹത്തായ വികസന സംവാദമായ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സമാപിച്ചു. പത്തു സിമ്പോസിയങ്ങളിലും 78 സമ്മേളനങ്ങളിലുമായി എഴുന്നൂറോളം അവതരണങ്ങള്‍ നടന്നു. അത്രതന്നെ പ്രതിനിധികള്‍ ചര്‍ച്ചയിലും പങ്കെടുത്തു. മൂവായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ രജിസ്റ്റര്‍ചെയ്തും അഞ്ഞൂറോളംപേര്‍ അല്ലാതെയും പങ്കെടുത്തു. നാലു വാല്യങ്ങളിലായി സമീപനരേഖയും അനുബന്ധ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആകെ 200 മണിക്കൂറിലേറെ വിവിധ വേദികളിലായി സംവാദം നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം മൂന്നുദിവസമായി നടന്ന ഈ സംവാദത്തില്‍ പങ്കാളികളായി.
Post a Comment