Thursday, January 13, 2011

പെണ്ണ് പുറത്തിറങ്ങേണ്ട

കേരളത്തിലെ ഇന്നലെകളെ അപേക്ഷിച്ച് ഇന്നത്തെ സ്ത്രീക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. നിഷ്ഠകളും നിയമങ്ങളും ആചാരങ്ങളും കൃത്യമായി മനസ്സിലാക്കിയാല്‍ ഈ വ്യത്യാസം തിരിച്ചറിയാം. സമൂഹത്തിനകത്ത് ഉള്ളവര്‍ സവര്‍ണരെന്നും പുറത്തുള്ളവര്‍ അവര്‍ണരെന്നും വിഭജിക്കപ്പെട്ടിരുന്നു. പുറത്തുള്ളവരെ സമൂഹത്തില്‍നിന്നുമാത്രമല്ല ചരിത്രത്തില്‍നിന്നും മാറ്റിയിരിക്കുകയാണ്. സാമൂഹ്യബന്ധങ്ങളില്‍നിന്നും അകറ്റിനിര്‍ത്തി വിദ്യ, ആരാധന, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെല്ലാം നിരോധിച്ചു. നല്ല വസ്ത്രം ധരിക്കാനും ഇവര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍പ്പോലും ഇതായിരുന്നു അവസ്ഥ. ആധുനിക വിദ്യാഭ്യാസം നേടിയ കേരളത്തിലെ വനിതകള്‍ക്ക് 1930കളാവുമ്പോഴേക്കും യോഗ്യതയനുസരിച്ച് ജോലി കിട്ടണമെന്ന തിരിച്ചറിവ് വന്നു. അത് വലിയ വാദകോലാഹലങ്ങള്‍ ഉണ്ടാക്കി. ഈ സ്വഭാവം മനസ്സിലാക്കാന്‍ അന്നചാണ്ടിയും സദസ്യ തിലകന്‍ ടി കെ വേലുപിള്ളയും തമ്മില്‍ നടന്ന വാദപ്രതിവാദം നോക്കാം.

ടി കെ വേലുപിള്ളയുടെ വാദഗതിയിതാണ്. 'നല്ല കുടുംബത്തിലുള്ളവര്‍' 'പ്രമാണങ്ങള്‍ എങ്ങനെയാണെങ്കിലും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ, വിശേഷിച്ചും മരുമക്കത്തായ കുടുംബങ്ങളിലെ അവസ്ഥ, വളരെ കഷ്ടമായിരുന്നുവെന്ന് മിസിസ് ചാണ്ടി അഭിപ്രായപ്പെട്ടിരിക്കുന്നു. ഉത്സവം കാണാന്‍ പോകുന്ന സ്ത്രീകള്‍ക്ക് ഉദ്യോഗത്തിന് പൊയ്കൂടയോ എന്ന് ഈ മഹതി ചോദിക്കുന്നു. മാനം മര്യാദയായി കഴിയുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ ഉത്സവവും മറ്റും കാണാന്‍ അപൂര്‍വമായിട്ടേ പോകാറുള്ളൂ. പോയാലും തക്കതായ പുരുഷസഹായത്തോടുകൂടിയേയുള്ളൂ. അല്ലാതെ താന്തോന്നിത്തമായി നടക്കാറില്ല' (മഹിള പുസ്തകം 10 ലക്കം 1 1930)

പണിയെടുക്കുന്ന പെണ്ണും പണിയെടുക്കാത്ത പെണ്ണും ഒന്നല്ല! അപ്പോള്‍ പണിയെടുക്കാതെ വീടിനുള്ളില്‍ കഴിയുന്നവള്‍ മാന്യ. പണിയെടുത്തുപജീവനത്തിന് സമ്പാദിക്കുന്നവള്‍ താന്തോന്നിയും! എന്തൊരു കാഴ്ചപ്പാടിത്?

അദ്ദേഹം പറയുന്നത് തുടരട്ടെ.

'ചാലക്കടയില്‍ നെല്ലുകുത്താന്‍ പോകുന്നത് ദാരിദ്ര്യത്തിന്റെ നിര്‍ബന്ധംകൊണ്ടല്ലാതെ സ്വാതന്ത്ര്യം കാണിക്കാനല്ല. ഉദ്യോഗം വേണമെന്നു പറയുന്ന സ്ത്രീകള്‍ക്കും നെല്ലുകുത്താനും വഴിതൂക്കാനും പോകുന്ന സഹോദരികള്‍ക്കും തമ്മില്‍ വലിയ അന്തരമുണ്ട്. ഗവണ്‍മെന്റ് വകുപ്പുകളില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുന്ന വിദുഷികള്‍ ആദായത്തോടുകൂടി മാന്യതയേയും ഇച്ഛിക്കുന്നവരാണ്. മുന്‍കാലങ്ങളില്‍ ഉപാധ്യായ വൃത്തിയിലും സൂതികര്‍മിണി തൊഴിലിലും നല്ല കുടുംബങ്ങളിലുള്ളവര്‍ പ്രായേണ പോകാറുണ്ടായിരുന്നില്ല. ഇക്കാലത്ത് അതിന് അല്‍പ്പം വ്യത്യാസം ഉണ്ടായിട്ടുണ്ട്'

നിയമപണ്ഡിതനും തിരുവിതാംകൂര്‍ നിയമനിര്‍മാണസഭാംഗവും ചരിത്ര പണ്ഡിതനുമൊക്കെയായിരുന്നു ടി കെ വേലുപിള്ള. അദ്ദേഹം പ്രകടിപ്പിച്ചത് യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു. രണ്ടുതട്ടുകളിലാണ് സ്ത്രീകള്‍ കഴിയുന്നത് എന്ന കാര്യം ഇത് വ്യക്തമാക്കുന്നു.

1. അതില്‍ 'നല്ലവര്‍' കുടുംബങ്ങളില്‍നിന്ന് പുറത്തുകടക്കാതെ കഴിഞ്ഞുകൂടുന്നവര്‍.

2. ജീവിക്കാന്‍ മാര്‍ഗമില്ലാതെ തെരുവിലിറങ്ങി പണിയെടുത്ത് ജീവിക്കുന്നവര്‍. അവര്‍ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ താന്തോന്നികള്‍!

ഈ 'ചാലയില്‍ പോകുന്ന സ്ത്രീകളുടെ ദയനീയാവസ്ഥ വളരെമുമ്പ് ചങ്ങനാശേരി പരമേശ്വരന്‍പിള്ള, സാഹിത്യപഞ്ചാനന്‍ പി കെ നാരായണപിള്ള പൊതുജനമധ്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. തിരുവിതാംകൂര്‍ അസംബ്ളിയില്‍ നായര്‍ബില്ലിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ പി കെ നാരായണപിള്ള പറഞ്ഞു.

'തിരുവനന്തപുരത്ത് ചാലക്കടയിലേക്ക് പോകുന്ന സ്ത്രീകളുടെ പ്രവാഹത്തിലേക്ക് ഞാന്‍ എന്റെ സ്നേഹിതന്റെ ശ്രദ്ധയെ ക്ഷണിച്ചുകൊള്ളുന്നു...'ശരീരവും ആത്മാവും സംയോജിപ്പിച്ചിരിക്കുന്നതിന് അവര്‍ അവരുടെ ശ്രമത്തെത്തന്നെ ആശ്രയിക്കേണ്ടതായി വരുന്നു' (സര്‍വീസ്: പുസ്തകം 3. ലക്കം 4)

കാരാപ്പുഴ, മൈനാഗപ്പള്ളി എന്നിവിടങ്ങളിലെ രണ്ട് നായര്‍ മഹായോഗങ്ങളില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസംഗിച്ച ചങ്ങനാശേരി പരമേശ്വരന്‍പിള്ള സ്ത്രീകളുടെ സ്ഥിതി വിവരിച്ചു.

'തിരുവനന്തപുരം, കൊല്ലം മുതലായ പട്ടണങ്ങളില്‍ ചെന്ന് നോക്കിയാല്‍ അനേകായിരം സ്ത്രീകളെ അന്യജാതിക്കാരുടെ കടകളില്‍പോയിനിന്നുവലഞ്ഞു നെല്ലു വാങ്ങി നാലും അഞ്ചും നാഴിക ചുമന്ന് വീട്ടില്‍ കൊണ്ടുപോയി, പുഴുങ്ങി ഉണക്കി കുത്തി അരിയാക്കി തിരികെ ചുമന്നുകടയില്‍ കൊണ്ടുപോയി വളരെനേരം കാത്തുനിന്ന് അളവേല്‍പ്പിച്ച് വീണ്ടും ശുപാര്‍ശ ചെയ്ത് നെല്ലുവാങ്ങിക്കൊണ്ടുപോയി ജീവിക്കുന്നവരായി കാണാം. ഈ സംസ്ഥാനത്തെ കൊട്ടാരങ്ങള്‍, കോവിലുകള്‍, പബ്ളിക് ആപ്പീസുകള്‍, ബ്രാഹ്മണാലയങ്ങള്‍, മൂത്തത്, ഇളയത്, നമ്പിടി മുതല്‍ പേരുടെ ഭവനങ്ങള്‍, പല നായര്‍ ഗൃഹങ്ങള്‍ ഇവിടെയെല്ലാം വേലക്കാരായി എത്രയോ നായര്‍ സ്ത്രീകളെയാണ് ഇന്ന് നാം കാണുന്നത്. തിരുവനന്തപുരത്ത് വലിയ കൊട്ടാരത്തിലും പത്മനാഭസ്വാമി കോവിലിലുമായി ആയിരം അച്ചിമാരെ കാണാം. ഇതിനുംപുറമെ നായര്‍ സ്ത്രീകള്‍ മധുര, തിരുനെല്‍വേലി, തഞ്ചാവൂര്‍, മദ്രാസ്, തൂത്തുക്കുടി, കൊളമ്പ്, സിംഗപ്പൂര്‍, ബോംബൈ തുടങ്ങി പട്ടണങ്ങളിലും ചെന്ന് പാര്‍ത്ത് അധിക്ഷേപാര്‍ഹമായ കാലക്ഷേപ മാര്‍ഗത്തെ തുടര്‍ന്നുവരുന്നു' (സര്‍വീസ്. പുസ്തകം5. ലക്കം4 1104 വൃശ്ചികം)

വീട്ടില്‍ സ്വസ്ഥമായിരുന്ന് കുടുംബജീവിതം നയിക്കാന്‍ ആഗ്രഹമില്ലാതെ, താന്തോന്നിത്തം കാട്ടുന്നതിനുവേണ്ടിയായിരുന്നോ ആ സഹോദരികള്‍ പണിക്ക് പോയിരുന്നത്? അല്ല, ജീവിക്കാന്‍ മറ്റുമാര്‍ഗമില്ലാത്തതുകൊണ്ടായിരുന്നു. അത് തോന്ന്യാസവുമായിരുന്നില്ല; ധിക്കാരവുമായിരുന്നു. ജീവിക്കാനുള്ള ധീരമായ ശ്രമമായിരുന്നു. അതാണ് വേലുപിള്ളയെപ്പോലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാനാവാതിരുന്നത്. അതുകൊണ്ടാണ് സ്ത്രീകള്‍ പണിക്ക് പോകണ്ട എന്ന് അദ്ദേഹത്തെപ്പോലുള്ളവര്‍ വാദിച്ചത്.

വേലുപ്പിള്ള പറയുന്നു: 'ഭാര്യാപുത്രാദികളുടെ സുഖത്തിനും സമാധാനത്തിനുമായി, നട്ടെല്ലുമുറിഞ്ഞു വേലചെയ്യാന്‍ പുരുഷന്‍ സന്നദ്ധനായിരിക്കെ, ന്യായമായ പദവി വിട്ട് സ്ത്രീകള്‍ ജോലിക്കിറങ്ങേണ്ടുന്ന ആവശ്യമില്ല'.

ഈ ചിന്താഗതി ലോകമാകെ നിലനിന്നിരുന്നു. രാഹുല്‍ സാം കൃത്യായന്‍ പറയുന്നത്. 'ഏഷ്യയില്‍ ഭൂരിഭാഗത്തും സ്ത്രീകള്‍ മറയില്ലാതെ പുറത്തിറങ്ങുകപോലും ധാര്‍മികച്ചട്ട പൊളിക്കലാണെന്ന് വിധിക്കപ്പെട്ടിരുന്നു'

*
ആണ്ടലാട്ട് കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ ഇന്നലെകളെ അപേക്ഷിച്ച് ഇന്നത്തെ സ്ത്രീക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. നിഷ്ഠകളും നിയമങ്ങളും ആചാരങ്ങളും കൃത്യമായി മനസ്സിലാക്കിയാല്‍ ഈ വ്യത്യാസം തിരിച്ചറിയാം. സമൂഹത്തിനകത്ത് ഉള്ളവര്‍ സവര്‍ണരെന്നും പുറത്തുള്ളവര്‍ അവര്‍ണരെന്നും വിഭജിക്കപ്പെട്ടിരുന്നു. പുറത്തുള്ളവരെ സമൂഹത്തില്‍നിന്നുമാത്രമല്ല ചരിത്രത്തില്‍നിന്നും മാറ്റിയിരിക്കുകയാണ്. സാമൂഹ്യബന്ധങ്ങളില്‍നിന്നും അകറ്റിനിര്‍ത്തി വിദ്യ, ആരാധന, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെല്ലാം നിരോധിച്ചു. നല്ല വസ്ത്രം ധരിക്കാനും ഇവര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍പ്പോലും ഇതായിരുന്നു അവസ്ഥ. ആധുനിക വിദ്യാഭ്യാസം നേടിയ കേരളത്തിലെ വനിതകള്‍ക്ക് 1930കളാവുമ്പോഴേക്കും യോഗ്യതയനുസരിച്ച് ജോലി കിട്ടണമെന്ന തിരിച്ചറിവ് വന്നു. അത് വലിയ വാദകോലാഹലങ്ങള്‍ ഉണ്ടാക്കി. ഈ സ്വഭാവം മനസ്സിലാക്കാന്‍ അന്നചാണ്ടിയും സദസ്യ തിലകന്‍ ടി കെ വേലുപിള്ളയും തമ്മില്‍ നടന്ന വാദപ്രതിവാദം നോക്കാം.