ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം വീണ്ടും ഒരുപാട് അക്കാദമിക് ചര്‍ച്ചകള്‍ക്ക് വിധേയമാവുന്നു. ഈ വിഷയത്തെക്കുറിച്ചായിരുന്നു കഴിഞ്ഞവര്‍ഷത്തിന്റെ ഏതാണ്ട് പകുതിഭാഗവും അക്കാദമിക് സമൂഹം ചേരിതിരിഞ്ഞ് വിചിന്തനം നടത്തിയത്. പലരും പലഭാഗങ്ങള്‍ കണ്ടെത്തി കാര്യവിചാരം നടത്തിയെങ്കിലും കാര്യമായ പരിഹാരമൊന്നും കണ്ടെത്താനായില്ല. ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലിത്. ആഗോളതലത്തില്‍ തന്നെ പ്രതിരോധമില്ലാത്ത ഭക്ഷ്യസാധനവിലക്കയറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭീഷണമായൊരവസ്ഥയാണിത്. ഇന്ത്യയില്‍ അത്യാവശ്യഭക്ഷ്യ സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നത്, ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് ജീവിതസുരക്ഷയാണ് നഷ്ടപ്പെടുത്തിയത്.
മിതമായ വരുമാനമുള്ളവര്‍ക്ക് ആ അവസ്ഥയില്‍ ഏറെ പിടിച്ചു നില്‍ക്കാനാവില്ല. ശരാശരി ഇന്ത്യക്കാരന്റെ വരുമാനം, വിവിധ തൊഴില്‍ പദ്ധതികള്‍ കാരണം വര്‍ധിച്ചെന്നു സമ്മതിച്ചാല്‍ തന്നെ, വരുമാന വര്‍ധനയുടെ എത്രയോ ഇരട്ടിയാണ്, നിത്യജീവിതത്തിലെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. ഇതിന്റെ അനുപാതവും അന്തരവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതാണ് ഈ പ്രശ്‌നം അവസാനിക്കാത്ത ചര്‍ച്ചകള്‍ക്കു വിധേയമാവാന്‍ കാരണം. വൈകാതെവില കുറയുമെന്ന് പറയാന്‍ തുടങ്ങിയിട്ട് ഏറെയായി. വിലകുറഞ്ഞില്ലെന്നു മാത്രമല്ല, ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്ന വിദഗ്ധ നിഗമനക്കാര്‍ ഉടനെ ശ്രദ്ധമുഴുവനും ഇതിലേക്കു പതിപ്പിക്കേണ്ടതുണ്ട്.
ഒരുപാട് പ്രത്യക്ഷവും അത്രതന്നെ അപ്രത്യക്ഷവുമായ കാരണങ്ങള്‍, ഈ വിലക്കയറ്റത്തിനു പിന്നിലുണ്ട്. അവയില്‍ പലതും കണ്ടെത്തിയിട്ടും വേണ്ടവിധം പരിഹാരം തേടാന്‍ രാഷ്ട്രീയ, ഔദ്യോഗിക വൃത്തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രധാന പ്രശ്‌നം ഡിമാന്റ് - സപ്ലൈ ചേര്‍ച്ചയില്ലായ്മ തന്നെയാണെങ്കിലും ഭക്ഷ്യമാര്‍ക്കറ്റിലെ അധിക പണവല്‍ക്കരണം ഒരുഘടകം തന്നെയാണ്. ഒരുപാട് ഊഹക്കച്ചവടം നടക്കുന്ന ഭക്ഷ്യവിപണി, കൃത്രിമ ഭക്ഷ്യക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാരാണ് ഇത് തടയേണ്ടത്. ഇത് മുന്‍കൂട്ടി കാണേണ്ടതുമായിരുന്നു. അതൊന്നുമുണ്ടായില്ല. പച്ചക്കറികളുടെ വിലക്കയറ്റം ഒരതിര്‍ത്തിവരെ സീസണലാണെന്നു പറയാം. മഴ, വെള്ളപ്പൊക്കം എന്നിവയും കാരണങ്ങളാണ്. എന്നാല്‍, ഇത് ഒരു ദിവസമുണ്ടായതല്ല. തുടങ്ങിയിട്ട് ഏതാനും ദിവസങ്ങള്‍മാത്രവുമല്ല. ഇതിനിടയില്‍, ഈ അവസ്ഥ നേരിടാന്‍, പച്ചക്കറി ഇറക്കുമതി, കയറ്റുമതി നിരോധനം എന്നിവ മുന്‍കൂട്ടികണ്ട് ചെയ്യാമായിരുന്നില്ലേ. ഇല്ല എന്നുമാത്രമല്ല, ഈ കടുത്ത വിലക്കയറ്റ സമയത്തും ശരത്പവാര്‍, കാര്യ ഗൗരവമുള്ള നടപടികളോ, പ്രസ്താവനകളോ നടത്തിയിട്ടുമില്ല. അതിന്റെ കാര്യമാണ് അറിയാത്തത്.
പ്രധാന ഭക്ഷ്യവിളകള്‍ക്ക്, യാതൊരു നിയന്ത്രണവുമില്ലാത്ത ഊഹപ്പണം ഒഴുകിയെത്തുന്നു എന്ന താക്കീത് പല വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ വന്നതാണ്. ഈ കോളത്തില്‍ തന്നെ ഞാനത് സൂചിപ്പിച്ചിരുന്നു. ഈ കോളം അദ്ദേഹം കാണുന്നില്ലെന്നു സമ്മതിച്ചാല്‍ തന്നെ, അദ്ദേഹം വായിക്കുന്ന ഏതെങ്കിലും പഠനങ്ങളുണ്ടാവില്ലേ! ഈ അധിക ഊഹപ്പണം വിലക്കയറ്റമുണ്ടാക്കുന്നു. ഈ വര്‍ഷം തന്നെ ഭക്ഷ്യസാധനങ്ങളുടെ ചോദനം, പ്രദാനത്തേക്കാള്‍ വളരെ കൂടുതലാവും. അതോടൊപ്പം ഈ ഊഹപ്പണത്തിന്റെ വിഹാരവുമായാല്‍, പുതിയ വര്‍ഷം സാധാരണക്കാര്‍ക്കേല്‍പ്പിക്കുന്ന സാമ്പത്തിക പ്രഹരം കഠിനമാവും. ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായും, ആനുപാതികമല്ലാത്ത ചോദനവര്‍ധനവുണ്ടായത്. വിലക്കയറ്റത്തിന്റെ ഒരുപ്രധാന കാരണമാണിത്. ശക്തമായ നാഗരികവല്‍ക്കരണം, സാധാരണക്കാരുടെ വരുമാനവര്‍ധന, ക്രൂഡ്‌വിലക്കയറ്റം എന്നിവ ശ്രദ്ധിക്കേണ്ട മേഖലകളാണ്.
ഭക്ഷ്യവിപണി കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. അവരാണ് പ്രദാനം നിയന്ത്രിച്ച്, ഭക്ഷ്യസാധനങ്ങളുടെ വിലകയറ്റുന്നത്. നല്ല സ്റ്റോറേജ് സംവിധാനമുണ്ടാക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാരിന് ഇവരുടെ ഭക്ഷ്യവിപണിയിലെ ഊഹക്കച്ചവടവും കൃത്രിമ ദൗര്‍ലഭ്യമുണ്ടാക്കലും തടയാനാവുന്നുമില്ല. ഫലത്തില്‍ ഭക്ഷ്യസാധനങ്ങളുടെവിലക്കയറ്റം പരിഹാരമില്ലാതെ തുടരാനാവുന്നു. ഈ വിലക്കയറ്റം ഫലത്തില്‍ ഒരുതരം പരോക്ഷനികുതിയുടെ ഫലമാണ് ചെയ്യുന്നത് എന്നകാര്യം പലരും ഓര്‍ക്കുന്നില്ല.
ജൈവ ഇന്ധനവും ഭക്ഷ്യക്ഷാമവും പരിഗണനാ വിധേയമായിട്ട് കുറച്ചായി. ഇന്ധനവില ഉയര്‍ന്നു നില്‍ക്കുന്നത് കൃഷി നടത്തിപ്പിന്റെയും കാര്‍ഷികോല്‍പന്നങ്ങളുടെ കടത്തല്‍ ക്രമാതീതമായി വര്‍ധിപ്പിച്ചു. ഹൈ എനര്‍ജി വില തീര്‍ച്ചയായും വ്യാപാര പ്രവാഹത്തെയും വിളകളെയും പ്രതികൂലമായി ബാധിക്കും. ഭക്ഷണവും ഇന്ധനവും കൂടുതല്‍ ഗൗരവ പൂര്‍ണമായ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നത് നിശ്ചയമാണ്. കാര്‍ഷിക വിളകളുപയോഗിച്ച് വന്‍തോതില്‍ ഇന്ധനമുണ്ടാക്കല്‍ ഒരു പരിഹാരമായി പല രാജ്യങ്ങളും കാണാന്‍ തുടങ്ങിയത്, അത്രതന്നെയോ അതിലേറെയോ പ്രാധാന്യമുള്ള ഭക്ഷ്യകമ്മിയെ അവഗണിച്ചുകൊണ്ടാണ്. ഒരുപരിഹാരം അതിലും വലിയൊരു പ്രശ്‌നത്തിലാണ് എത്തിച്ചേരുന്നത്. ആഗോളതലത്തില്‍ തന്നെ, ഈ പ്രശ്‌നം ഇന്ന് സജീവ ചര്‍ച്ചയ്ക്കു വിധേയമായിട്ടുണ്ട്. കരിമ്പ്, ഗോതമ്പ്, വെജിറ്റബിള്‍ എണ്ണ തുടങ്ങിയവയെയാണ് പ്രധാനമായും ബാധിക്കുന്നത് എന്നതണ് വസ്തുത.
കുറേക്കൂടി യാഥാര്‍ഥ്യ ബോധത്തോടെ ദേശീയ സര്‍ക്കാരുകള്‍ ഈ പ്രശ്‌നത്തെ നേരിടണം. ആഗോളഭക്ഷ്യ വിപണിയില്‍ പലതും സംഭവിക്കുന്നുണ്ട്. അതൊക്കെ ദേശീയ, പ്രാദേശിക വിപണികളില്‍ അതേപടി ഇംപാക്ട് ചെയ്താല്‍, പിന്നെ ദേശീയ തലത്തില്‍ സ്വാധികാരമുള്ള ഒരു സര്‍ക്കാരിന്റെ പ്രസക്തിയെന്താണ്. പുറം ആഘാതത്തെ പരമാവധി കുറയ്ക്കാന്‍ കഴിയലാണ് നാഷണല്‍ ഗവണ്‍മെന്റുകളുടെ കടമ. അത്തരത്തില്‍ എന്തുനീക്കമാണ്, ഈ ഭക്ഷ്യവിലക്കയറ്റത്തില്‍ കേന്ദ്രം ചെയ്തതെന്ന് വ്യക്തമാവുന്നില്ല.
വിലക്കയറ്റം ഉടനെകുറയും, ഉള്ളിവില താഴും എന്നൊക്കെ പ്രസ്താവനകള്‍ ഏറെ ഉണ്ടായിരുന്നു. ഉള്ളി പാകിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്തത്രേ. അതില്‍ വലിയൊരുഭാഗം ചില സാങ്കേതിക കാരണങ്ങളാല്‍, കെട്ടിക്കിടക്കുകയാണത്രേ. അതെന്നാണെന്നൊന്നും ആര്‍ക്കും അറിയില്ല. രണ്ടുമൂന്നുനാള്‍ വില അല്‍പം കുറഞ്ഞെങ്കിലും ക്രിസ്മസും പുതുവര്‍ഷവുമൊക്കെ വിലക്കയറ്റത്തില്‍ കലുഷമായി കടന്നുപോയി. അടുക്കളകള്‍ അസ്വസ്ഥമായി. ക്രമേണ കേന്ദ്രത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ചും കേള്‍ക്കാതായി.
ഏതാണ്ട് 270 ദിവസം സൂര്യപ്രകാശവും 900 മില്ലിമീറ്റര്‍ വാര്‍ഷിക മഴയും കിട്ടുന്ന, സമൃദ്ധമായ ഈ രാജ്യത്താണ്, ഭക്ഷ്യവിലക്കയറ്റം ദുസ്സഹമായി തുടരുന്നത്.
പ്രകൃതി വിചാരിച്ചാല്‍ പോരല്ലോ, മനുഷ്യനും വിചാരിക്കേണ്ടേ?
*
പി എ വാസുദേവന്‍ കടപ്പാട്: ജനയുഗം ദിനപത്രം 08 ജനുവരി 2011
Subscribe to:
Post Comments (Atom)
1 comment:
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം വീണ്ടും ഒരുപാട് അക്കാദമിക് ചര്‍ച്ചകള്‍ക്ക് വിധേയമാവുന്നു. ഈ വിഷയത്തെക്കുറിച്ചായിരുന്നു കഴിഞ്ഞവര്‍ഷത്തിന്റെ ഏതാണ്ട് പകുതിഭാഗവും അക്കാദമിക് സമൂഹം ചേരിതിരിഞ്ഞ് വിചിന്തനം നടത്തിയത്. പലരും പലഭാഗങ്ങള്‍ കണ്ടെത്തി കാര്യവിചാരം നടത്തിയെങ്കിലും കാര്യമായ പരിഹാരമൊന്നും കണ്ടെത്താനായില്ല. ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലിത്. ആഗോളതലത്തില്‍ തന്നെ പ്രതിരോധമില്ലാത്ത ഭക്ഷ്യസാധനവിലക്കയറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭീഷണമായൊരവസ്ഥയാണിത്. ഇന്ത്യയില്‍ അത്യാവശ്യഭക്ഷ്യ സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നത്, ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് ജീവിതസുരക്ഷയാണ് നഷ്ടപ്പെടുത്തിയത്.
Post a Comment