ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ സാരാംശം കണ്ടെത്താനാവുക, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും കലകളിലും ആകുന്നു. കാരണം സാഹിത്യമടക്കമുള്ള എല്ലാ കലകളും അതത് കാലത്ത് പരമാവധി ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് സാഹിത്യം. സാഹിത്യരചനയെ പ്രസാധന സംവിധാനവും വിതരണ വ്യവസ്ഥയുമാണ് നിയന്ത്രിക്കുന്നത്. രചനാസ്വാതന്ത്ര്യത്തിന് ഇന്ന് കുറവൊന്നുമില്ല. വ്യക്തമായി, ജനങ്ങളുടെ ഭാഷയില്‍ റെക്കോഡ് ചെയ്യപ്പെടുന്നതാണ് സൃഷ്ടിക്കപ്പെടുന്ന രചന. കേരളത്തിലെ എഴുത്തുകാരെ സംബന്ധിച്ച് പറയാവുന്ന മറ്റൊരു പ്രധാന പരാതി, അവര്‍ക്ക് കൃതികള്‍ വിറ്റഴിക്കാനുള്ള മാര്‍ക്കറ്റിന്റെ പരിമിത വൃത്തമാണ്. മലയാളികള്‍ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും സാഹിത്യം രചിക്കപ്പെടുന്നതും വ്യാപകമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതും അവര്‍ ജീവിക്കുന്ന ജന്മനാട്ടിലാണ്. കേരളം ഭൂവിസ്തൃതി നന്നെ കുറഞ്ഞ ഒരു പ്രദേശമാണെന്നത് സത്യം.
മലയാളഭാഷ ലോകം മുഴുവനും വേര് പടര്‍ത്തിക്കഴിഞ്ഞു എന്നു ഘോഷിക്കുന്നതില്‍ വലിയ അര്‍ഥമില്ല. കാരണം ഏതു മറുനാട്ടിലും വിദേശത്തും അധിനിവേശത്തിനെത്തിയ മലയാളിയുടെ ആദ്യ തലമുറ മാത്രമാണ് മലയാളത്തെ പുണരുന്നത്. തുടര്‍ തലമുറ അതതു നാടിന്റെ ഭാഷ തനതാക്കുന്നു. മറുനാടന്‍ മലയാളികളെല്ലാംതന്നെ സഫലമായെഴുതുന്നത് ഇംഗ്ളീഷിലാണെന്നും ഓര്‍ക്കുക.
അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ മലയാള ഭാഷയ്ക്ക് ചില പ്രത്യേക ദൌത്യമുണ്ട്. അത് മാതൃഭാഷയുടെ ദൌത്യമാണ്. എന്താണത്? വ്യാപകമായ ഗ്രന്ഥശാല ശൃംഖല നമ്മുടെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയിലെ മറ്റൊരു പ്രാദേശികഭാഷയ്ക്കും ഇതവകാശപ്പെടാനാവില്ല. അത്ഭുതകരമായിരിക്കുന്നത് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്, ഒരു കൊളോണിയല്‍ ഭാഷയെ ജനം വിദ്യാഭ്യാസത്തിനു മുറുകെപ്പിടിച്ചിരിക്കുന്ന സംസ്ഥാനത്തിലാണ് എന്നതാണ്.
എന്തുകൊണ്ട് മലയാളിക്ക് തമിഴനെപ്പോലെ മാതൃഭാഷയോട് പ്രതിപത്തിയില്ല എന്നത് വിദ്യാഭ്യാസത്തിന്റെ പൊതുസംഘാടകര്‍ ചിന്തിക്കേണ്ടതുണ്ട്. നമുക്കൊരു മാതൃഭാഷാ സര്‍വകലാശാലയില്ല. സംസ്കൃതത്തിനുവേണ്ടി ആരംഭിച്ച സര്‍വകലാശാലയില്‍പ്പോലും സംസ്കൃതവിദ്യാഭ്യാസം മറ്റു വിജ്ഞാനശാഖകള്‍ക്കു സമമായോ കീഴപ്പെട്ടോ കഴിഞ്ഞുകൂടുന്നു. ഭാഷ ഭാഷയ്ക്കു വേണ്ടിയല്ല. അതൊരു വ്യവഹാര മാര്‍ഗമാണെന്നും സംസ്കാരികത്തനിമയാണെന്നും ഇത് വെളിപ്പെടുത്തുന്നു.
മലയാളത്തിനുവേണ്ടി നിജപ്പെടുത്തുന്ന ഒരു സര്‍വകലാശാലയുടെ പ്രവര്‍ത്തനം എല്ലാ വിജ്ഞാനശാഖകളേയും മാതൃഭാഷാ മാധ്യമത്തിലാക്കണം എന്ന തീരുമാനം എടുക്കേണ്ടിവരും. എന്‍ വി കൃഷ്ണവാര്യരുടെ നേതൃത്വത്തില്‍ രൂപം പൂണ്ട് ആരംഭിച്ച ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് അതിന്റെ പ്രാരംഭമായി വിജ്ഞാനഗ്രന്ഥങ്ങള്‍ പല വിഭാഗത്തിലും ഉല്പാദിപ്പിക്കുകയോ ശില്പശാലകള്‍ വഴി തര്‍ജമ ചെയ്യുകയോ ഉണ്ടായി. ഇതു സഫലമായി മുന്നോട്ടു പോയില്ല. പോകാന്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
ഭാഷാപോഷണത്തിന്റെ പേരില്‍ നടന്ന സംരംഭങ്ങളെല്ലാം തന്നെ, ഇങ്ങനെ പെട്ടെന്ന് വഴികളുടെ ചരമബിന്ദുവില്‍ച്ചെന്നു മുട്ടി നില്‍ക്കുന്നതു കാണാം.
ഭാഷ എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഔപചാരിക തലങ്ങളില്‍ മാത്രം വര്‍ത്തിക്കുന്ന ഒന്നല്ല. അതാരംഭിക്കുന്നത് നിത്യജീവിത വ്യവഹാരത്തിലാണ്. അതിനാല്‍ നിത്യജീവിതത്തിന്റെ ബൃഹത് മണ്ഡലമായ സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ ഭാഷ അടിസ്ഥാനപരമായ പങ്ക് വഹിക്കുന്നു. ഈ പങ്ക് അതത് കാലത്ത് അതതു സമൂഹത്തിലുണ്ടാക്കുന്ന സാംസ്കാരിക നിലവാരത്തെ കാര്യമായി ബാധിക്കുന്നു. ഒരു ഭാഷ ദുഷിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് അത് കൈകാര്യം ചെയ്യുന്ന സമൂഹത്തിന്റെ സംസ്കാരത്തെ മലിനപ്പെടുത്തുന്നു എന്നു തന്നെയാണ്.
കേരളീയസംസ്കാരം ദുഷിക്കുന്നു എന്നു നാം സങ്കടപ്പെടുമ്പോള്‍ നമ്മുടെ ഇടയില്‍ കുടുംബബന്ധങ്ങളിലും വ്യക്തിസൌഹൃദങ്ങളിലും സമൂഹക്കൂട്ടായ്മയിലും ദുഷിപ്പ് കടന്നുകൂടി എന്നര്‍ഥം.
എന്താണ് ഈ ദുഷിപ്പ്. മനുഷ്യനില്‍ മനുഷ്യത്വം ഇല്ലാതാവുന്നു. സമസൃഷ്ടിസ്നേഹം കുറയുന്നു. പിറന്ന മണ്ണിനോടും ഭൂമിയോടും പ്രകൃതിയോടുമുള്ള നാഭീനാളബന്ധം നഷ്ടപ്പെടുന്നു. ആത്യന്തികമായി ജീവിതം ജീവിക്കാന്‍ വേണ്ടിയുള്ള ഒരു മത്സരക്കൂട്ടയോട്ടം ആയിത്തീരുന്നു. ഈ ഓട്ടത്തില്‍ വൃദ്ധര്‍, വികലാംഗര്‍, രോഗികള്‍, മറുനാട്ടുകാര്‍ എന്നിവരെല്ലാം പിന്തള്ളപ്പെടുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ വിഭജിക്കപ്പെടുമ്പോള്‍ ഗോത്ര, ജാതി, മത, വര്‍ണവ്യത്യാസങ്ങളെല്ലാം വിസ്മരിക്കപ്പെടുന്നു. പണമാണ് ചക്രവര്‍ത്തി. അതില്ലാത്തവര്‍ നിസ്വര്‍. തൃഷ്ണ വര്‍ധിപ്പിക്കാന്‍ പുതിയ ഇനം സുഖഭോഗവസ്തുക്കള്‍ ഉല്പാദിപ്പിക്കപ്പെടും. ഒന്നുകൊണ്ടും തൃപ്തി നേടാനാകാതെ സമൂഹം നിരന്തരം അസ്വസ്ഥമാകും. എല്ലാ ബന്ധങ്ങളുടേയും പിരിമുറുകും. ലോകജീവിതം പലതരത്തില്‍ ശിഥിലമാകും.
ആഗോളവത്കരണകാലത്ത് ദേശീയത ചോദ്യം ചെയ്യപ്പെടും. അവകാശികള്‍ പലതരത്തില്‍ അവതരിക്കും. ഉദാഹരണത്തിന് ലോകത്തിലെ മഹാനദികളും പര്‍വതങ്ങളും പൌരാണിക ഈടുവയ്പ്പുകളും ആരുടേയും കുത്തകയല്ലെന്ന വാദം ഉയരും. അതിന്റെ തുടക്കത്തിലാണ് അമേരിക്ക ലോക പൊലീസ് ആവാന്‍ തുടങ്ങിയതും വിവിധ രാജ്യപ്രതിനിധികള്‍ മാര്‍ക്കറ്റ് തേടി ലോക നഗരങ്ങളിലും വനങ്ങളിലും മരുഭൂമികളില്‍പ്പോലും പല തരം പര്യവേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയതും. സമുദ്രാന്തര ഗവേഷണങ്ങളും പുറംകടല്‍ മത്സ്യബന്ധനവും ഇങ്ങനെ സംഭവിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ മാത്രമേ നമുക്ക് കേരളഭാഷ, സംസ്കാരങ്ങളുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനാവൂ. എന്താണ് വികസനം എന്നതിനെപ്പറ്റി ഒരു പുനരാലോചന നടത്താനാവൂ. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മലയാളഭാഷ പുരോഗമിച്ചു എന്നു പറയാനാവുമോ? അച്ചടിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം എത്രയോ മടങ്ങ് വര്‍ധിച്ച മാര്‍ക്കറ്റില്‍ പുസ്തകങ്ങള്‍ പലവിധം ലഭ്യമാകുന്നു. അതിനുവേണ്ടി വിപണിയില്‍ മറ്റേതുല്പന്നങ്ങളും പോലെ പുസ്തകങ്ങളും ആനുകാലികങ്ങളും പെരുകുന്നു. കേരളത്തില്‍ ഇന്നത്തെ വിപണി സമ്പന്നമായിരിക്കുന്നത് കാറുകള്‍, മണ്ണ്, മണല്‍, കെട്ടിടനിര്‍മാണസാമഗ്രികള്‍, കെട്ടിടങ്ങള്‍, പുസ്തകങ്ങള്‍, മരുന്നുഷാപ്പുകള്‍, ടെക്സ്റൈല്‍, പൊന്ന്, ഇരുമ്പ് എന്നിവയാലാണ്.
അടിസ്ഥാനവികാസം സാധാരണക്കാരന്റെ ജീവിതത്തില്‍ എത്രകണ്ട് ലഭ്യമാകുന്നു എന്നതാണ് ജനപ്രധാനമായ ഒരു രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ പ്രധാനം. ഭൂമിക്ക് വില കൂടുന്തോറും ഇന്ത്യയില്‍ മുഴുവനും ഗ്രാമ-കാര്‍ഷിക പ്രദേശങ്ങളെ ഭൂമാഫിയ കൈവശപ്പെടുത്തുകയും ഈ ദേശങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുന്ന വമ്പിച്ച ജനവിഭാഗം കൂടുതല്‍ നിരാശ്രയരാകുകയും അവരില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ ദാക്ഷിണ്യത്തിലേയ്ക്ക് എറിയപ്പെടുകയും ചെയ്യുന്നു. സാധാരണക്കാരന്‍ അടിസ്ഥാന ആഹാരത്തിനുവേണ്ടി സബ് ഡിസൈഡഡ് വിപണിയെ ആശ്രയിക്കേണ്ടി വരുന്നു. ജോലിചെയ്യേണ്ട, വിലപിടിച്ച അനേകായിരം മണിക്കൂറുകള്‍ അങ്ങനെ റേഷന്‍ കടകള്‍ക്കു മുമ്പില്‍ ക്യൂവില്‍ നില്‍ക്കാന്‍ ചെലവാക്കുന്നു. വിശക്കുന്ന വയറിന്റെ എണ്ണം പെരുകുന്നതിനനുസരിച്ച് നമ്മള്‍ എന്തുത്പാദിപ്പിക്കുന്നു എന്ന ചോദ്യം ഇവിടെയാണാരംഭിക്കുന്നത്. കേരളത്തിലേയ്ക്ക് വരുന്ന ചരക്കുലോറികള്‍ ഒരു ദിവസം പണി മുടക്കുമ്പോള്‍ നമ്മുടെ വിപണിയില്‍ പരിഭ്രമം തിളയ്ക്കുന്നു. ജനം അസ്വസ്ഥരാകുന്നു. ആഹാരത്തിനു ഭേദപ്പെട്ട നിലവാരം കണ്ടെത്തിയ കേരളത്തിലെ മധ്യവര്‍ത്തിവര്‍ഗം പോലും ഈ ഉത്കണ്ഠയ്ക്ക് വിധേയമാകുന്നു. സ്റാര്‍ ഹോട്ടലുകളിലേയ്ക്ക് കപ്പ പ്പുഴുക്കിന് ക്ളാസ് കയറ്റം കിട്ടിയതുകൊണ്ടൊന്നും പരിഹരിക്കപ്പെടാവുന്നതല്ല നമ്മുടെ ഭക്ഷ്യപ്രതിസന്ധി. ഇന്ത്യ മുഴുവനും കാലാവസ്ഥമാറ്റത്തിനു വിധേയമാകുമ്പോള്‍ നമ്മുടെ ഭേദപ്പെട്ടിരുന്ന ഇന്ത്യന്‍ ഭക്ഷ്യോത്പന്ന വിപണിയും തകിടം മറിയുന്നു. നൂറുകോടിയിലധികം വരുന്ന ഇന്ത്യന്‍ വയറും അതിന്റെ ഒരു ഭാഗമായ കേരളത്തിന്റെ വിശപ്പും പ്രതിസന്ധിയിലേയ്ക്കു തന്നെയാണ് നീങ്ങുന്നത്. വികസിത ഗതാഗതവും പെരുകുന്ന വാഹനങ്ങളും ഈ പ്രതിസന്ധിയുടെ അടിത്തറയെ ഉറപ്പിക്കുകയില്ല.
കേരളത്തിന്റെ മണ്ണും ജലവും കുറെയെങ്കിലും ഇന്നും ഭക്ഷ്യോല്പാദനത്തിനു ലഭ്യമാകുന്നു. അല്ലെങ്കില്‍ അതിനുവിധേയമാക്കണം. ഭക്ഷ്യത്തെപ്പറ്റി ഇത്രയും പറയാന്‍ കാരണം, അന്നമുണ്ടെങ്കിലേ അക്ഷരം വിളയൂ എന്നതിനാലാണ്. വിദ്യാരംഗത്തും പാര്‍പ്പിടമേഖലയിലും നാം ഉണ്ടാക്കിയ പുരോഗതി ചീട്ടുകൊട്ടാരം പോലെ തകരാതിരിക്കണമെങ്കില്‍ ആഹാരസുരക്ഷിതത്വം നേടാനുള്ള തൊഴില്‍ വേണ്ടതുപോലെ വികസിക്കണം.
കേരളത്തിലേയ്ക്ക് തൊഴിലും അന്നവും തേടി കൂട്ടത്തോടെ ഓടിയെത്തുന്ന വലിയൊരു തൊഴില്‍ സേനയെ പോറ്റാനുള്ള ആഹാരം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അവര്‍ കൂടെ കൊണ്ടുവരുന്ന ഇന്ത്യന്‍ ഭാഷകള്‍ നമ്മുടെ മാതൃഭാഷയുമായി ചേരുമ്പോള്‍ ഭാഷ സമ്പുഷ്ടമാക്കാനുള്ള സാധ്യത കാണുന്നുണ്ട്. മലയാളഭാഷയുടെ വികാസത്തിനു തടസ്സമായി നിന്ന പ്രധാന ഘടകങ്ങളിലൊന്ന് അതിനു സജീവവും നിരന്തരവുമായ സമ്പര്‍ക്കം മറ്റിന്ത്യന്‍ ഭാഷകളുമായി ഇല്ലാതിരുന്നതാണ്. ഗതാഗതവികസനം ഭാഷാവികസനത്തിനു പ്രോത്സാഹജനകമാണെന്ന് ഇന്ത്യന്‍ റെയില്‍വേ ഒരു നൂറ്റാണ്ടായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അത് തീര്‍ത്തും പരിമിതമാണ്.
ഇവിടെ നമ്മള്‍ വിദ്യാഭ്യാസവും സംസ്കാരവും തമ്മിലുള്ള സംബന്ധത്തെക്കുറിച്ചും ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസം ഇംഗ്ളീഷിലൂടെ എന്നു തീരുമാനിക്കപ്പെട്ട സ്ഥിതിക്ക് അത് പ്രധാനമാണ്. മാതൃഭാഷയിലൂടെ ആകണമെന്ന് ഒരു ചിന്ത മുന്‍കാലത്ത് മുളച്ചുവന്നതിനെ നാം അപ്പാടെ നിരസിച്ചു. കാരണം വിജ്ഞാനം ഉല്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും മറു നാട്ടിലാണെന്ന, അതും പാശ്ചാത്യരാജ്യങ്ങളിലാണെന്ന ഒരു മുന്‍ധാരണയിലാണ് നാം എത്രയോ കാലമായി എത്തിചേര്‍ന്നിരിക്കുന്നത്. ഇന്ത്യ വിജ്ഞാനോത്പാദനത്തില്‍ പുറകിലായിരുന്നുവെന്നു നമ്മുടെ ശത്രുക്കള്‍പോലും പറയുകയില്ല. എന്നാല്‍ കേരളം വിദ്യാസമ്പന്നരുടെ നാടാണെന്ന് അഭിമാനിക്കുമ്പോഴും അതൊരു പൊങ്ങച്ചം മാത്രമാണെന്നു നാം അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ഉപരി വിദ്യാഭ്യാസരംഗത്ത് നാം പിന്നിലാണ്.
ഡിഗ്രിയും ഗവേഷണ ബിരുദങ്ങളുമെല്ലാം ഇവിടെ ശൂന്യമായ അളവു പാത്രങ്ങള്‍ പോലെയാണ്. പ്രൊഫഷണല്‍ ബിരുദധാരികളില്‍പോലും മാര്‍ക്ക് വാങ്ങുന്ന യാന്ത്രികതയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവര്‍ നമ്മുടെ പൊങ്ങച്ച സംസ്കാരത്തിന്റെ കിരീടത്തിലെ തൂവലുകളാണെന്നു പറയാം. ജീവിതാനുഭവങ്ങളെ നേരിടുന്നതില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികള്‍ പിറകിലാണ്. അതിനാലാണ് പ്രൊഫഷണല്‍ മേഖലയിലെ ആണും പെണ്ണും പലപ്പോഴും കുടുബ ബന്ധങ്ങളില്‍ തോറ്റുപോകുന്നത്. ഉന്നത വിദ്യാഭ്യാസം ഉന്നതമാനുഷികതയെ വളര്‍ത്തുന്നില്ല. നമ്മുടെ പിഎച്ച്ഡി ബിരുദത്തിന്റെ പൊള്ളത്തരമിന്ന് സാധാരണക്കാര്‍ക്കുപോലും തിരിച്ചറിയാവുന്നതാണ്.
ഇവിടെയാണ് മാതൃഭാഷയുടെ പ്രസക്തി. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ പിറന്നു വീഴുന്നവയില്‍ ഒട്ടുമുക്കാലും വിപണിയില്‍ വിറ്റുപോകുന്നു എന്നത് സത്യം. വായന എത്ര കണ്ടു വളര്‍ന്നു എന്ന് ആലോചിക്കുമ്പോള്‍ പരാജയത്തില്‍ ചെന്നെത്തും. നമ്മുടെ സംസ്കാരത്തിന്റെ ഒരു ചിത്രം പുസ്തകങ്ങള്‍ തരുന്നു. എങ്ങനെ? വായിക്കപ്പെടാതിരിക്കുന്നതില്‍. ഗ്രന്ഥങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന വായനശാലകളും ഗ്രന്ഥശാലകളും വായനക്കാരെ കാത്തുനില്‍പ്പുണ്ട് ഇന്നും. വൃദ്ധരും കുട്ടികളുമാണ് വായനക്കാര്‍. കുട്ടികളുടെ വായന ഒരു വാഗ്ദാനമാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര പുസ്തകങ്ങള്‍ കടയില്‍ ഇല്ല. വൃദ്ധരുടെ വായന ഒരു പരിമിതിയാണ്. വായിക്കാത്ത ഒരു യുവജനതയാണ് ഇന്ന് കേരളത്തിലുള്ളത്. എഴുതുന്നത് അധികവും യുവാക്കളാണ്. എന്നാല്‍ അവര്‍ വായിക്കുന്നവരല്ല. വായന ആവശ്യമില്ലെന്നും എഴുതുന്നവര്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കാലം! ഒരു നാട്! ഇതും നമ്മുടെ സംസ്കാരത്തിന്റെ വൈചിത്യ്രമാണ്.
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മീഡിയം മാതൃഭാഷയിലാക്കാത്തതിന്റെ ഫലം പ്രതിഫലിക്കുന്നത് നമ്മുടെ ഗവേഷണരംഗത്താണെന്നു പറയുമ്പോള്‍ അത്ഭുതം തോന്നാം. സത്യത്തില്‍ അതങ്ങനെയാണ്. ഒരു കാലത്ത് ഇന്ത്യയില്‍നിന്ന് ഗണിതത്തിലും സയന്‍സിലും ഭാഷാശാസ്ത്രത്തിലും അതിവിദഗ്ധരായ യുവാക്കളെ തങ്ങളുടെ ഗവേഷണാലയങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നു ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍-യൂറോപ്യന്‍ സര്‍വകലാശാലകള്‍ പറയുന്നു. അങ്ങനെ പോയവരെല്ലാം അതതു രാജ്യങ്ങളിലെ പൌരത്വം സ്വീകരിച്ചു. കാരണം ഗവേഷണത്തിന്റെ കവാടങ്ങള്‍ ഇന്ത്യാരാജ്യത്ത് (കേരളത്തിലും) ഇന്നും പാതിയടഞ്ഞും ഇരുട്ടുകേറിയും ഇരിക്കുന്നു. സ്കൂള്‍ കാലത്താണ് കുട്ടികളുടെ ബുദ്ധിയുടെ കവാടങ്ങള്‍ തുറക്കേണ്ടത്. അപ്പോഴവര്‍ ഇംഗ്ളീഷിന്റെ പാതയില്‍ തപ്പിത്തടയുകയാണ്. യഥാര്‍ഥ വിദ്യയുടെ വെളിച്ചം ഏവരുടേയും വഴിയില്‍ വീഴുന്നത് വൈകിയാണ്. ഇത് പുതുതലമുറയുടെ ബൌദ്ധിക വളര്‍ച്ചയേയും പ്രതിഭയേയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ന് വിദ്യാലയങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ കുറെ പുത്തനാണെങ്കിലും അത് ഫലിപ്പിക്കാനുള്ള സംവിധാനം അപര്യാപ്തമാണ്. ഇന്ത്യയിലെ കുട്ടികള്‍ മികച്ച ബുദ്ധിയും പ്രതിഭയും ഉള്ളവരാണെങ്കിലും അവരോളം മികച്ച പഠന സംവിധാനം നാം ഇനിയും ഉണ്ടാക്കിയിട്ടില്ല. മാതൃഭാഷയുടെ സ്റാറ്റസ് ഉയര്‍ത്തിയാലെ അത് വികസിക്കുകയുള്ളു. അപ്പോഴേ, അതൊരു ജ്ഞാനസമ്പാദന ഉപകരണവും സംസ്കാരപുരോഗതിയുടെ അടിത്തറയും ആവുകയുള്ളു.
ഇന്ത്യയ്ക്ക് ഇന്ത്യയുടെ സാഹിത്യരംഗം വികസിക്കുന്നില്ല. എന്നും മറ്റു നാട്ടിലേയ്ക്ക് പ്രചോദനത്തിനായി ഉറ്റുനോക്കുന്ന എഴുത്തുകാരാണ് ഇവിടെ പാതിയും ഉണ്ടായിരുന്നത്. ഇപ്പോഴും. ഇന്ത്യന്‍ ജീവിതം എന്തുകൊണ്ട് ഇന്ത്യയിലെ യുവ എഴുത്തുകാര്‍ക്ക് പ്രചോദനമാവുന്നില്ല? മേലേക്കിട ലോക സമ്മാനം വാങ്ങുന്ന ചില എഴുത്തുകാര്‍ ഇന്ത്യക്കാരാണ്. അവരാകട്ടെ ഇംഗ്ളീഷില്‍ എഴുതുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍ പുറത്തുവരുന്നത് എണ്ണത്തില്‍ ധാരാളമുണ്ടെങ്കിലും ഒരു നൊബേല്‍ സമ്മാനം മേടിക്കാന്‍ മഹാകവി ടാഗോറിനുശേഷം ഇവിടെ ഇന്ത്യക്കാരുണ്ടായില്ല. സ്വന്തം ജീവിതം കീറിമുറിച്ച് വിശകലനം ചെയ്യാനും അതിസൂക്ഷ്മമായ തന്തുക്കള്‍ കണ്ടെടുക്കാനും ഇന്ത്യന്‍ ഭാഷയിലെഴുതുന്നവര്‍ക്ക് കഴിയുന്നില്ല. കാരണം അവര്‍ ഇന്ത്യയുടെ വികാരവും ചരിത്രവും ഉള്‍ക്കൊണ്ടതായി മാറി.?
*
പി വത്സല കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011
Saturday, January 22, 2011
Subscribe to:
Post Comments (Atom)
3 comments:
>കേരളത്തില്‍ ഇന്നത്തെ വിപണി സമ്പന്നമായിരിക്കുന്നത് കാറുകള്‍, മണ്ണ്, മണല്‍, കെട്ടിടനിര്‍മാണസാമഗ്രികള്‍, കെട്ടിടങ്ങള്‍, പുസ്തകങ്ങള്‍, മരുന്നുഷാപ്പുകള്‍, ടെക്സ്റൈല്‍, പൊന്ന്, ഇരുമ്പ് എന്നിവയാലാണ്.
എത്ര വാസ്തവം
>കേരളത്തില്‍ ഇന്നത്തെ വിപണി സമ്പന്നമായിരിക്കുന്നത് കാറുകള്‍, മണ്ണ്, മണല്‍, കെട്ടിടനിര്‍മാണസാമഗ്രികള്‍, കെട്ടിടങ്ങള്‍, പുസ്തകങ്ങള്‍, മരുന്നുഷാപ്പുകള്‍, ടെക്സ്റൈല്‍, പൊന്ന്, ഇരുമ്പ് എന്നിവയാലാണ്.
എത്ര വാസ്തവം. ഇന്നത്തെ കേരളത്തെ ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു
കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായി മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ്‍ എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.മാതൃഭാഷയെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത് ?ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്.എല്ലാ സംസ്ഥാനത്തിന്റെയും മാതൃ ഭാഷകളെ Prevention of Insults to National Honour Act,1971 ഉൾപെടുത്തി ,മാതൃഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടി എടുക്കേണ്ടതാണ് .
malayalatthanima.blogspot.in
Post a Comment