Friday, January 14, 2011

ശിഷ്ടാചാരം

"ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം എടുത്തുമാറ്റിയാണ് ബഹുമാനം കാണിക്കേണ്ടത്'' (റവ. മെറ്റിയര്‍)

ഇത് അന്നത്തെ അംഗീകൃത ശിഷ്ടാചാരം.

അത്ഭുതപ്പെടാനൊന്നുമില്ല. ഈ ശിഷ്ടാചാരത്തെപ്പറ്റി പറയുമ്പോള്‍ പ്രൊഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള കാര്‍ത്തികപ്പള്ളി രാജാവിന്റെ ഒരു വിളംബരം എടുത്തുകാണിക്കുന്നു.

"നമ്മുടെ രാജ്യത്ത് സ്വജാതിയിലോ

ഉയര്‍ന്ന ജാതിയിലോപെട്ട പുരുഷന്

വശംവദയാകാത്ത സന്മാര്‍ഗഹീനകളായ

സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ

ഉടന്‍ വധിക്കേണ്ടതാകുന്നു''

ഡച്ച്, പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്മാരുടെ വിവരണങ്ങളില്‍ രാജകല്‍പ്പന എല്ലാവരും അനുസരിച്ചിരുന്നതായി കാണാമെന്നും അദ്ദേഹം പറയുന്നു.

ഇത് അന്നെത്രമാത്രം പ്രബലമായിരുന്നു. രണ്ടുദാഹരണങ്ങള്‍ നോക്കുക.

ആദ്യത്തേത് പതിനെട്ടാം ശതകത്തില്‍ നടന്നത്. കുറച്ചുകാലം ഒരു യൂറോപ്യന്‍ താവളത്തില്‍ താമസിച്ചിരുന്ന ഒരു സ്ത്രീ മാറുമറച്ചുകൊണ്ട് ആറ്റിങ്ങല്‍ റാണിയുടെ അരികിലെത്തി. സദാചാരബോധനിരതയായ റാണി അവളുടെ മുലകള്‍ മുറിച്ചുകളയാന്‍ ഉടന്‍ കല്‍പ്പിച്ചു.

മറ്റൊന്ന് കൊച്ചിയിലാണ്. തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ കൊച്ചി രാജകുടുംബത്തിലെ ഒരു അമ്മറാണി ഉള്ള സമയം. പ്രഭുകുടുംബത്തില്‍പ്പെട്ട ഒരു നായര്‍യുവതി റവുക്കയും ധരിച്ചു ചെന്നു. രാജകിങ്കരന്മാര്‍ അവളോട് റവുക്ക അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. അവള്‍ തയാറായില്ല. അവര്‍ ഉടനെ അത് വലിച്ചുകീറി.

രാജാവിനോട് ഇക്കാര്യം അറിയിച്ചു; പരാതി പറഞ്ഞു. ഫലമുണ്ടായില്ല. മറുപടിപോലും കിട്ടിയില്ല. ശിഷ്ടാചാരം നടപ്പാക്കാന്‍ ബാധ്യസ്ഥനായ രാജാവ് അത് പാലിക്കാന്‍ കല്‍പ്പനയിറക്കി. ജാക്കറ്റിട്ടുകൊണ്ടു അമ്പലത്തില്‍വരുന്ന നായര്‍ യുവതികളെ കയറ്റണ്ടാ എന്നൊരു കല്‍പ്പന ക്ഷേത്രത്തില്‍ എത്തി. ജാക്കറ്റില്‍ റവുക്കയും പെടും എന്നുപറഞ്ഞു റവുക്ക അഴിപ്പിക്കാന്‍ വടിയുമായി ക്ഷേത്രഅധികാരികള്‍ കാവലിരുന്നു.

ഉദ്യോഗസ്ഥന്മാരെയും മറ്റും കാണുമ്പോള്‍ സ്ത്രീകള്‍ മേല്‍മുണ്ട്എടുത്തുമാറ്റണ്ട എന്ന് 1856ല്‍ ഒരു വിളംബരമുണ്ടായി. പക്ഷേ പിന്നെയും ആറേഴ് പതിറ്റാണ്ട് 'ശിഷ്ടാചാരം' നിലനിന്നു.

മുലക്കരം

അധികാരമുള്ളതിന്റെ ധൈര്യത്തില്‍ നടപ്പാക്കിയ അക്രമപ്പിരിവുകള്‍ക്കെതിരെ പ്രതിഷേധങ്ങളൊന്നും പ്രകടിപ്പിച്ചില്ലെ ഒരാളും? നമ്മുടെ ചരിത്രപുസ്തകങ്ങളിലൊന്നും അതിന്റെ സൂചന കാണാനില്ല. അതിനെപ്പറ്റി തിരക്കണമെന്ന് അവര്‍ക്ക് തോന്നിയിട്ടും ഉണ്ടാവില്ല. പൊന്നുതമ്പുരാക്കന്മാരെ വാഴ്ത്താനുണ്ടല്ലോ അവര്‍ക്കേറെ.

എതിര്‍പ്പുണ്ടായിരുന്നു . ശക്തമായ എതിര്‍പ്പ്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുലക്കരത്തിനെതിരായി ചേര്‍ത്തലക്കാരി നടത്തിയ പ്രതിഷേധം. (അവരുടെ പേരുപോലും അറിയില്ല)

ഇതിലും വലിയൊരു പ്രതിഷേധം ആര്‍ക്കും കാട്ടാന്‍ കഴിയില്ല.

ആ പ്രതിഷേധം നന്മയുള്ള മനസ്സുകളില്‍ ഇന്നും ഒരു നീറ്റലുണ്ടാക്കും; അന്നത്തെ അധികാരിവര്‍ഗത്തിനുനേരെ ശക്തമായ രോഷമുണ്ടാക്കും.

ചേര്‍ത്തലയിലെ കാപ്പുന്തല കുടുംബത്തിലെ ഒരു ചെറുപ്പക്കാരിയാണ് അത് ചെയ്തത്.

മാത്തൂര്‍ പണിക്കന്മാര്‍ കുട്ടനാട് അടക്കിവാഴുന്ന കാലം. നാട്ടില്‍ എവിടെ ഒരു സ്ത്രീ പ്രസവിച്ചാലും ആ വിവരം മാത്തൂര്‍ പണിക്കരെ അറിയിക്കണം; മുലക്കരം ഒടുക്കണം. അതിനുശേഷം മാത്രമെ കുഞ്ഞിന് മുലയൂട്ടാന്‍പോലും പാടുള്ളൂ.

ഇതിന് അപ്പീലില്ല.

കാപ്പുന്തലയിലെ പെണ്ണ് പ്രസവിച്ചു. എന്നാല്‍ ആ വിവരം ആരെയും അറിയിച്ചില്ല. മാത്തൂര്‍ പണിക്കരെയും അറിയിച്ചില്ല.

പക്ഷേ ആ രഹസ്യം പുറത്തായി. പണിക്കരുടെ മുമ്പിലും വാര്‍ത്തയെത്തി. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ അയാള്‍ നേരിട്ടുതന്നെ വന്നു.

കാപ്പുന്തലയിലെ പ്രസവിച്ച ചെറുപ്പക്കാരി പെണ്ണ് വാതില്‍പ്പടി ചാരിനിന്നു, തല ഉയര്‍ത്തി.

അവളുടെ വിവരം അറിയിക്കാതെയുള്ള ധിക്കാരവും കൂസാതെയുള്ള നില്‍പ്പും അയാളെ ചൊടിപ്പിച്ചു. അയാള്‍ കോപത്തോടെ ചോദിച്ചു.

"നീയ്യ് എന്താടി തോന്ന്യാസി, മുലക്കരം തരാണ്ടേ?

"തരാമേ...''

അവള്‍ അകത്തേക്ക് പോയി.

പുറത്തേക്കു വന്ന അവള്‍ ഒരു തൂശനില അയാളുടെ മുമ്പില്‍ വച്ചു. ചോരയില്‍ നനഞ്ഞ രണ്ടു മുലകള്‍! അവള്‍ ചങ്കുറപ്പോടെ പറഞ്ഞു.

"ഇതാ മുലക്കരം. കൊണ്ടുപോയാട്ടെ'' അവള്‍ അവിടെ മറിഞ്ഞുവീണു.


*****


ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

"ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം എടുത്തുമാറ്റിയാണ് ബഹുമാനം കാണിക്കേണ്ടത്'' (റവ. മെറ്റിയര്‍)

ഇത് അന്നത്തെ അംഗീകൃത ശിഷ്ടാചാരം.

അത്ഭുതപ്പെടാനൊന്നുമില്ല. ഈ ശിഷ്ടാചാരത്തെപ്പറ്റി പറയുമ്പോള്‍ പ്രൊഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള കാര്‍ത്തികപ്പള്ളി രാജാവിന്റെ ഒരു വിളംബരം എടുത്തുകാണിക്കുന്നു.

"നമ്മുടെ രാജ്യത്ത് സ്വജാതിയിലോ

ഉയര്‍ന്ന ജാതിയിലോപെട്ട പുരുഷന്

വശംവദയാകാത്ത സന്മാര്‍ഗഹീനകളായ

സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ

ഉടന്‍ വധിക്കേണ്ടതാകുന്നു''

ഡച്ച്, പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്മാരുടെ വിവരണങ്ങളില്‍ രാജകല്‍പ്പന എല്ലാവരും അനുസരിച്ചിരുന്നതായി കാണാമെന്നും അദ്ദേഹം പറയുന്നു

സത്യാന്വേഷി said...

ഇത്തരം സത്യങ്ങളൊക്കെ ഇപ്പോഴാണോ വര്‍ക്കേഴ്സ് ഫോറം അറിഞ്ഞുതുടങ്ങുന്നതെന്ന ഒരു സംശയമേയുള്ളൂ. ഏതിനും ഇതു പ്രസിദ്ധീകരിച്ചതിന് നന്ദി.