Sunday, January 16, 2011

പിന്‍നോക്കി യന്ത്രങ്ങളുടെ കേരളം

കാലത്തെ പിന്നോട്ട് പായിക്കാന്‍ ശ്രമിക്കുന്ന പിന്‍നോക്കി യന്ത്രങ്ങളുടെ സ്വന്തം നാടായി കേരളം മാറുകയാണോ? സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ മ്ലേച്ഛമായ ചില ചരിത്രാധ്യായങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന സംശയത്തിന് ബലം നല്‍കുന്നുണ്ട്.
കേരളത്തിന്റെ സര്‍വ ഐശ്വര്യങ്ങള്‍ക്കും കാരണക്കാരായ കീഴാള ജനതയെ അടിമകളായിട്ടാണ് മ്ലേച്ഛമായ ആ ചരിത്രാധ്യായം ചിത്രീകരിച്ചത്. ആണടിമയും പെണ്ണടിമയും പ്രത്യേകം പ്രത്യേകം മുതലുകളായിരുന്നു. അവര്‍ക്കു കസേരകളിലിരിക്കാനോ പൂമുഖത്തു നില്‍ക്കാനോ കഴിഞ്ഞിരുന്നില്ല. കണ്‍വെട്ടത്തെങ്ങാനും ഒരു കീഴാളനിരുന്നാല്‍ അയാളെ തെങ്ങില്‍ പിടിച്ചുകെട്ടി അടിക്കുകയും നീറിന്‍കൂടു ദേഹത്ത് കുടഞ്ഞിടുകയും ചെയ്യുമായിരുന്നു. മാത്രമല്ല, കീഴാളന്‍ പ്രത്യക്ഷപ്പെട്ട സ്ഥലം അടിച്ചുവാരി ചാണക വെള്ളം തളിച്ചു ശുദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. ഈ അശുദ്ധീകരണ പ്രക്രിയയ്ക്ക് ശുദ്ധീകരണമെന്നു പറഞ്ഞിരുന്നതു തന്നെ ഒരു ഫലിതമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും കീഴാള ജനത കാറ്റും വെയിലും മഴയും മഞ്ഞും കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ധാന്യങ്ങള്‍ക്കും മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കും അശുദ്ധി ഇല്ലായിരുന്നു. കീഴാളന്റെ കുടില്‍മുറ്റത്ത് ഇളം പുല്ലുണ്ടു വളര്‍ന്ന പശുവിന്റെ പാലിന് പതിത്വമില്ലായിരുന്നു. ഒരു തുള്ളി പാലു പോലും കീഴാളന്‍ കുടിക്കരുതെന്നേ നിയമമുണ്ടായിരുന്നുളളൂ.

ഐതിഹാസികമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ കീഴാള ജനത ജീവിക്കാനുള്ള അവകാശം നേടിയെടുത്തത്. ഈ പോരാട്ടത്തില്‍ മരിച്ചു വീണവര്‍ നിരവധിയാണ്. അടികൊണ്ട് പുറം പൊളിഞ്ഞവരും ചുണ്ണാമ്പെഴുതിയതിനാല്‍ കണ്ണില്ലാതായവരും ധാരാളമാണ്. വളര്‍ന്ന മാറിന്റെ നികുതി പിരിക്കാന്‍ വന്ന തമ്പുരാന് മുലതന്നെ മുറിച്ചുകൊടുത്തവരും ഭൂതകേരളത്തിന്റെ ഇരുണ്ട ചരിത്രത്തിലുണ്ട്. മാറുമറച്ചതിന് ആക്രമിക്കപ്പെട്ടവരും കിടപ്പാടം തീവയ്ക്കപ്പെട്ടവരുമുണ്ട്. അക്രമികളായ മേലാളരെ നേരിടാന്‍ അയ്യന്‍കാളിക്ക് ഒരു സൈന്യം പോലും രൂപീകരിക്കേണ്ടിവന്നു. വിദ്യാലയ പരിസരത്തും ചന്തയിലുമൊക്കെ അയ്യന്‍കാളിപ്പടയുടെ ഇടപെടല്‍ സാര്‍ഥകമായിരുന്നു.

ജനാധിപത്യ ഭരണ സംവിധാനമുണ്ടായി. കീഴാള വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു നാടു ഭരിക്കാമെന്നായി. വ്യവസ്ഥിതിയുടെ ഈ നേര്‍മറിയലില്‍ പലരും അസ്വസ്ഥരായി. മനസ്സില്‍ ഊറിക്കൂടിയ അസ്വസ്ഥതയുടെ വിഷദ്രാവകം മറ്റാരും കാണാതെ സൂക്ഷിച്ചു.

കേരളത്തിലെ രണ്ടു പഞ്ചായത്തുകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം അയിത്ത വിഷസര്‍പ്പം ഫണം വിരിക്കുകയുണ്ടായി. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം പഞ്ചായത്തില്‍ ദളിതനായ പഞ്ചായത്ത് പ്രസിഡന്റ് അധികാരമൊഴിഞ്ഞപ്പോള്‍, പുതിയ പ്രസിഡന്റ് ഇരിക്കാന്‍ കൂട്ടാക്കിയില്ല. കസേരമാറ്റി, മുറി ശുദ്ധീകരിച്ചു, പുണ്യാഹം തളിച്ചു, തേങ്ങയുടച്ചു, പടിയില്‍ നാരങ്ങവച്ചു ചവിട്ടിപ്പൊട്ടിച്ച് അകത്തുകടന്നു. അവിശ്വസനീയമായ ഈ ജാതിനാടകത്തിനു സാക്ഷിയായി, പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ മഹാത്മാഗാന്ധിയുടെ പുഞ്ചിരിക്കുന്ന ചിത്രം.
ഇതില്‍ കൂടിയ ഗാന്ധിസ്മൃതി ഏതാണ്? അയിത്തം മനുഷ്യര്‍ക്കും ദൈവത്തിനുമെതിരായ കുറ്റകൃത്യമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞത് സമൂഹം മറന്നുതുടങ്ങിയപ്പോഴാണ് ഈ ഓര്‍മിപ്പിക്കല്‍ ഉണ്ടായത്. ഈ ഗാന്ധിനിന്ദയ്‌ക്കെതിരേ ഗാന്ധിയന്‍മാര്‍ പ്രതികരിച്ചതേയില്ല. അസ്പൃശ്യത ഒഴിവാക്കാന്‍ ദൈവം ഒന്നും ചെയ്തില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. മനുഷ്യനെതിരേയുള്ള ഈ കുറ്റകൃത്യത്തെ മനുഷ്യരാണ് നേരിട്ടുതോല്‍പിച്ചത്. എന്നാല്‍ ഒഴിഞ്ഞുപോയ ആ മാരകരോഗത്തിന്റെ അണുക്കള്‍ മനസ്സില്‍ത്തന്നെയുണ്ടെന്നാണ് ഈ സംഭവം തെളിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിലും പരിഷ്‌കൃത സമൂഹത്തിനു നിരക്കാത്ത സംഭവങ്ങളുണ്ടായി. അവിടെ വനിതാ പ്രസിഡന്റിനെ ആദരവോടെ യാത്രയാക്കുന്നതിനു പകരം അവര്‍ വന്നവഴി ചാണകവെള്ളം തളിച്ച് 'ശുദ്ധീകരിക്കുക'യായിരുന്നു.

കേരളത്തിലെ ദളിത് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനാണ് എലിക്കുളം ജയകുമാര്‍. കല്ലറ സുകുമാരന്റെ ജീവചരിത്രം തയ്യാറാക്കിയത് ജയകുമാറാണ്. വളരെയധികം ശ്രദ്ധിക്കപ്പെട്ട 'ടീച്ചറമ്മയുടെ ബാബു' അടക്കം നാലു ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനം, കേരള സര്‍വകലാശാല സ്റ്റാഫ് അസോസിയേഷന്‍ രജത ജൂബിലി തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നടത്തിയ ലേഖന മത്സരങ്ങളില്‍ ജയകുമാര്‍ സമ്മാനിതനായിട്ടുണ്ട്. ഇദ്ദേഹമടക്കമുള്ള ഒരു സംഘം എഴുത്തുകാരെ കോട്ടയത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തില്‍ കവി സമ്മേളനത്തിന് ക്ഷണിക്കുന്നു. കവി സമ്മേളനത്തിനു മുമ്പ് പ്രസാദമൂട്ട്. ഭക്ഷണം കഴിക്കലിന്റെ അമ്പലവാസി സവര്‍ണ ഹിന്ദു ഭാഷ്യമാണ് പ്രസാദമൂട്ട്. ആഹാരം കഴിക്കാനായി ഊട്ടുപുരയിലെത്തിയ അതിഥിയായ ജയകുമാറിനെ, ബ്രാഹ്മണര്‍ക്ക് മാത്രമേ ഇവിടെനിന്ന് ചോറുള്ളൂ എന്നു പറഞ്ഞു മാറ്റി നിര്‍ത്തുകയായിരുന്നു. സഹകവികളുടെ ഇടപെടലും ജയകുമാറിന്റെ ഇച്ഛാശക്തിയും കൊണ്ട് ചോറുണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഇത് ഏതു നൂറ്റാണ്ടിലെ കഥയാണെന്നു സംശയിക്കരുത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ തന്നെയാണ്. ബ്രാഹ്മണര്‍ക്കു മാത്രമായി ആഹാരം കൊടുക്കാനുള്ള ഊട്ടുപുരകള്‍ കേരളത്തിലിപ്പോഴുമുണ്ടെന്നാണ് ഈ സംഭവം തെളിയിച്ചത്. എന്താണ് ബ്രാഹ്മണന്റെ തെളിവ്? പൂണൂല്‍ കാണിക്കണമായിരിക്കാം. ഊണുകിട്ടാനുള്ള ഒരുപിടിവള്ളി തെളിവെന്ന നിലയില്‍ ഈ നൂല്‍ചുറ്റ് ഊണുനൂലായിരുന്നെന്നു കേട്ടിട്ടുണ്ട്. പൂണൂലിനുള്ള നൂലുണ്ടാക്കിയതും കീഴാളനാണ്. പൂണൂല്‍ മുറിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു വിപ്ലവ പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ കേരളീയ സമൂഹം കൂടുതല്‍ ബലമുള്ള പൂണൂല്‍ സംസ്‌കാരത്തിന്റെ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്നതിന്റെ സൂചനകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പൊട്ടന്‍ തെയ്യത്തിന്റെ ചോദ്യം മനുഷ്യന്‍ വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു.

നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, പിന്നെന്തിന് ചൊവ്വറ് കുലംപെശകുന്നു?

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാലത്തെ പിന്നോട്ട് പായിക്കാന്‍ ശ്രമിക്കുന്ന പിന്‍നോക്കി യന്ത്രങ്ങളുടെ സ്വന്തം നാടായി കേരളം മാറുകയാണോ? സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ മ്ലേച്ഛമായ ചില ചരിത്രാധ്യായങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന സംശയത്തിന് ബലം നല്‍കുന്നുണ്ട്.
കേരളത്തിന്റെ സര്‍വ ഐശ്വര്യങ്ങള്‍ക്കും കാരണക്കാരായ കീഴാള ജനതയെ അടിമകളായിട്ടാണ് മ്ലേച്ഛമായ ആ ചരിത്രാധ്യായം ചിത്രീകരിച്ചത്. ആണടിമയും പെണ്ണടിമയും പ്രത്യേകം പ്രത്യേകം മുതലുകളായിരുന്നു. അവര്‍ക്കു കസേരകളിലിരിക്കാനോ പൂമുഖത്തു നില്‍ക്കാനോ കഴിഞ്ഞിരുന്നില്ല. കണ്‍വെട്ടത്തെങ്ങാനും ഒരു കീഴാളനിരുന്നാല്‍ അയാളെ തെങ്ങില്‍ പിടിച്ചുകെട്ടി അടിക്കുകയും നീറിന്‍കൂടു ദേഹത്ത് കുടഞ്ഞിടുകയും ചെയ്യുമായിരുന്നു. മാത്രമല്ല, കീഴാളന്‍ പ്രത്യക്ഷപ്പെട്ട സ്ഥലം അടിച്ചുവാരി ചാണക വെള്ളം തളിച്ചു ശുദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. ഈ അശുദ്ധീകരണ പ്രക്രിയയ്ക്ക് ശുദ്ധീകരണമെന്നു പറഞ്ഞിരുന്നതു തന്നെ ഒരു ഫലിതമാണ്.