Wednesday, January 19, 2011

അനന്യതയുടെ പ്രതീകം

സി.ജെ. തോമസിന്റെ വൈചിത്ര്യമാര്‍ന്ന ജീവിതത്തിലൂടെ എം.കെ. സാനു

ഒരു ജീനിയസ് എന്ന നിലയില്‍ അധൃഷ്യമായ വ്യക്തിത്വമായിരുന്നു സി.ജെ. തോമസിനുണ്ടായിരുന്നത്. ചിന്തകനും എഴുത്തുകാരനുമെന്ന നിലയില്‍ സി.ജെ. സഞ്ചരിച്ച വഴികള്‍ വേറിട്ടതായിരുന്നു; ഒരുപക്ഷേ, അതിനുമുന്‍പോ പിന്‍പോ ആര്‍ക്കും കടക്കാനാകാത്ത വഴികള്‍. രൂക്ഷമായ അഭിപ്രായഭേദങ്ങള്‍ക്കുമതീതമായി, പൊലിപ്പിച്ചെടുക്കപ്പെടാന്‍ ഒരിക്കലും വഴങ്ങാതെ നിന്ന ഒറ്റപ്പെട്ട ആ വ്യക്തിത്വത്തിന്റെ നാനാമുഖസിദ്ധികളെ, സി.ജെ.യുടെ സുഹൃത്തും സന്തതസഹചാരിയുമായിരുന്ന പ്രൊഫ. എം.കെ. സാനു മാസ്‌റ്റര്‍ തിരനീക്കി കാണിച്ചുതരുന്നു.

ഈ ജീനിയസിനെ വിലയിരുത്തുമ്പോള്‍ അവിശ്വസനീയമായ ഒരു പൊരുത്തക്കേട് ദൃശ്യമാണ്. ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്‌റ്റ് ഗവണ്‍മെന്റിനെ അധികാരഭ്രഷ്‌ടമാക്കാന്‍ 1959-ല്‍ നടത്തിയ കുപ്രസിദ്ധമായ വിമോചനസമരത്തെ സഹായിക്കാന്‍ 'വിഷവൃക്ഷം' എന്ന ഒരു നാടകം അദ്ദേഹം എഴുതിക്കൊടുത്തു. അഴിമതിയുടെ കറപുരളാത്ത ആദര്‍ശാത്മകമായ ഒരു സര്‍ക്കാരായിരുന്നു അത്. പല നല്ല കാര്യങ്ങളും ചെയ്‌തു. എന്നിട്ടും സി.ജെ.യെപ്പോലുള്ള വലിയ എഴുത്തുകാര്‍ ചെയ്‌തത് ഇങ്ങനെയാണ്. മാത്രമല്ല, നമ്മുടെ അന്നത്തെ മറ്റു സാംസ്‌കാരികനായകന്മാര്‍ അതിനെ പിന്തുണച്ചില്ലെന്നു മാത്രമല്ല, മനഃപൂര്‍വമെന്ന് തോന്നുംവിധം മൌനം പാലിക്കുകയും ചെയ്‌തു. ആ അവസ്ഥയെ ഒന്നു വിശദീകരിക്കാമോ?

എം.കെ. സാനു : അന്ന് സോവിയറ്റ് യൂണിയനില്‍ സ്‌റ്റാലിനിസത്തിന്റെ കാലമായിരുന്നു. സാഹിത്യകാരന്മാരുടെമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചിരുന്ന കാലം! ഉടനെ സാമൂഹികവ്യവസ്ഥിതിയിലും മാറ്റം വരുമോ എന്ന് ആളുകള്‍ സംശയിച്ചിരുന്നു. ഈ ശക്തികള്‍ ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍ പിന്നെ മാറ്റാന്‍ പറ്റില്ലെന്ന ധാരണ പലര്‍ക്കുമുണ്ടായി. ചിന്താസ്വാതന്ത്ര്യത്തിന് മനുഷ്യര്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ ആഘാതമായിരിക്കുമത്. സഹോദരന്‍ അയ്യപ്പന്‍ വിമോചനസമരത്തെ ശക്തമായി എതിര്‍ത്ത ആളാണ്. ഒരിക്കല്‍ സി.ജെ. സഹോദരന്റെ അടുക്കല്‍ വന്നിരുന്നു. കമ്യൂണിസ്‌റ്റ് ഗവണ്‍മെന്റ് ചെയ്‌ത നല്ല കാര്യങ്ങള്‍ സഹോദരന്‍ എണ്ണിയെണ്ണിപ്പറഞ്ഞു. അപ്പോള്‍ സി.ജെ. പറഞ്ഞത്, "നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ല; അതാണ് രാഷ്‌ട്രീയത്തിന്റെ ഒരു തന്ത്രം. നല്ല കാര്യങ്ങള്‍ ചെയ്യുന്നത് പിന്നീട് നമ്മളെ ചങ്ങലയ്‌ക്കിടുന്നതിനുവേണ്ടിയാണ്.'' സഹോദന്‍ പറഞ്ഞു, അങ്ങനെയൊന്നും പറയരുത്, നല്ല കാര്യങ്ങളെ അംഗീകരിക്കണം. - അത്രയേ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നുള്ളൂ.

സി.ജെ. എന്ന ജീനിയസിന്റെ നാനാര്‍ഥങ്ങള്‍ വ്യക്തമാക്കാമോ?

എം.കെ. സാനു : അല്‍പം ചരിത്രം ഇവിടെ ആവശ്യമാണ്. നവോത്ഥാനഘട്ടത്തിനുശേഷം രണ്ടാമത് വന്നത് പുരോഗമനസാഹിത്യപ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തിന് മൂന്ന് പ്രത്യേകതകളുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. ജീവിതത്തെ സ്വാഭാവികമായ രീതിയില്‍ പ്രതിഫലിപ്പിക്കുക, അതേപടി പകര്‍ത്തുക; യതാതഥപ്രസ്ഥാനം എന്നു പറയുന്നത് അതാണ്. ജീവിതത്തിലെ അരോചക യാഥാര്‍ഥ്യങ്ങളെ പകര്‍ത്തുന്നതില്‍ പുരോഗമനസാഹിത്യകാരന്മാര്‍ പ്രാധാന്യം നല്‍കിയിരുന്നു.

രണ്ടാമത്തേത്, വലിയ വീരനായകന്മാരെ അവതരിപ്പിക്കുന്നതിനുപകരം സാധാരണക്കാരില്‍നിന്നും സാധാരണ ജീവിതത്തിനു താഴെ നില്‍ക്കുന്നവരില്‍ നിന്നും വീരനായകന്മാരെ കണ്ടെത്തുക എന്നതാണ്. തകഴിയുടെ 'തോട്ടിയുടെ മകന്‍', ദേവിന്റെ 'ഓടയില്‍നിന്നി'ലെ പപ്പു - ഇവരെല്ലാം സാധാരണജീവിതത്തിന്റെ താഴെത്തട്ടില്‍നിന്നു വരുന്നവരാണ്. അവരില്‍ കൂടുതല്‍ വെളിച്ചം ഫോക്കസ് ചെയ്യുന്നത് ഈ വീക്ഷണത്തില്‍ വന്ന മാറ്റത്തെ കുറിക്കുന്നു. മൂന്നാമത്തേത്, സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നുള്ളതാണ്. മനുഷ്യനെ അപഥസഞ്ചാരത്തിനു പ്രേരിപ്പിക്കുന്നതോ കുറ്റവാളികളാക്കിത്തീര്‍ക്കുന്നതോ അവരുടെ തിന്മകളെക്കാളധികമായി സാഹചര്യമാണ്. സാഹചര്യം മാറ്റുന്നതിനെപ്പറ്റിയാണ് പുതിയ വ്യവസ്ഥിതി എന്നു പറഞ്ഞുവന്നത്.

ഈ മൂന്നു സംഗതികളും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ വേര്‍തിരിച്ചറിയാവുന്ന പ്രത്യേകതകളായിട്ട് നമുക്ക് കാണാന്‍ കഴിയും. സാഹിത്യത്തില്‍ ഏതു കാര്യത്തിനും കുറെ കഴിയുമ്പോള്‍ ഒരു വിരസത സംഭവിക്കും, ആവര്‍ത്തനം കൊണ്ട്; ഫെയിലാകും. ഫെയിലാകുന്ന സമയത്ത് സൌന്ദര്യബോധപരമായ ഒരു തിരിച്ചടി ഉണ്ടായേ പറ്റൂ; ഇംഗ്ളീഷില്‍ Aesthetic Revolt എന്നുപറയും; സൌന്ദര്യബോധപരമായ ഒരു പ്രക്ഷോഭം. അതിന്റെ വക്താക്കളിലൊരാളായിരുന്നു സി.ജെ. തോമസ്. അദ്ദേഹം തുടങ്ങിയതില്‍നിന്നും വളരെ മുന്നോട്ടോ അഥവാ പിന്നോട്ടോ പോവുകയും ചെയ്‌തു. മാറ്റമുണ്ടായി എന്നത് സത്യമാണ്. ആ മാറ്റത്തില്‍ എം. ഗോവിന്ദനും പങ്കുണ്ട്. സൌന്ദര്യബോധപരമായ മാറ്റം. പുതിയ സിനിമ, പുതിയ ചിത്രകല, പുതിയതരത്തിലുള്ള കലാബോധം, പുതിയ സൌന്ദര്യസങ്കല്‍പങ്ങള്‍ അവയൊക്കെ മലയാളികളെ പരിചയപ്പെടുത്തുന്നതില്‍ എ. ബാലകൃഷ്‌ണപിള്ളയ്‌ക്കുശേഷം - ബാലകൃഷ്‌ണപിള്ള പണ്ടേ അത് നിര്‍വഹിച്ചിരുന്നു - സി.ജെ.യും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചിന്തയുടെ കാര്യത്തിലാണെങ്കില്‍ തികച്ചും വ്യത്യസ്‌തമായിരുന്നു സി.ജെ.യുടെ സ്ഥാനം. ഗോവിന്ദനില്‍ കൂടിയുമല്ല സി.ജെ. ചിന്തിച്ചത്. ഗോവിന്ദന്‍ ആദ്യകാലം മുതല്‍ സംഘടനകളെ സംശയത്തോടെ വീക്ഷിച്ച ഒരു വ്യക്തിയാണ്. എം.എന്‍. റോയിയുടെ പ്രസ്ഥാനത്തില്‍പ്പെട്ട ആളെന്ന നിലയില്‍ റാഡിക്കല്‍ ഹ്യൂമനിസത്തില്‍ വിശ്വസിച്ച ഗോവിന്ദന്‍ സംഘടനകള്‍ എപ്പോഴും മനുഷ്യരെ അടിമകളാക്കുന്നു എന്നു വിശ്വസിച്ച ആളാണ്. എന്നാല്‍ സി.ജെ. തോമസ് സംഘടനകളില്‍ക്കൂടി പ്രവര്‍ത്തിച്ചുവന്ന ആളാണ്. അദ്ദേഹം ഒരിക്കലും സംഘടനകളെ തള്ളിപ്പറഞ്ഞിട്ടില്ല. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യത്തെ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നത്, 'കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കുവേണ്ടി വോട്ടുപിടിച്ച എന്റെ അമ്മയ്‌ക്ക് ' ആണ്. അതില്‍നിന്നു വിട്ടുമാറി പിന്നീട് മറ്റൊരു വഴിയേ പോയി.

സ്വന്തം കാലത്ത് അംഗീകരിക്കപ്പെടാതെ പോയി എന്നുള്ളത് എത്രത്തോളം ശരിയാണ് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. സാധാരണക്കാരുടെ മധ്യത്തില്‍ അദ്ദേഹം ചര്‍ച്ച ചെയ്യപ്പെടാതെ പോയി എന്നത് ശരിയായിരിക്കാം. എങ്കിലും അദ്ദേഹത്തെ, സാഹിത്യത്തില്‍ പരിജ്ഞാനവും സാഹിത്യാസ്വാദനത്തില്‍ താല്‍പര്യവുമുള്ള അനേകം ആളുകള്‍ പ്രാരംഭം മുതല്‍ തന്നെ ശ്രദ്ധിച്ചു പോന്നിട്ടുണ്ട്. ഒരു ഉദാഹരണം. അദ്ദേഹത്തിന്റെ ആദ്യത്തെ നാടകം, 'അവന്‍ വീണ്ടും വരുന്നു' തിരുവനന്തപുരത്തെ ഒരു സ്‌റ്റേജില്‍ അവതരിപ്പിച്ചു. കേരളത്തിലെ മികച്ച നടീനടന്മാര്‍ അതില്‍ പങ്കെടുത്തിരുന്നു; വിക്രമന്‍ നായരും മറ്റും. അത് എല്ലാവരും ശ്രദ്ധിച്ച നാടകമായിരുന്നു. പത്രങ്ങള്‍ നല്ല കവറേജ് കൊടുത്തു. ഒരു ചെറിയ വൃത്തത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ശ്രദ്ധ ഒതുങ്ങിനിന്നു എന്നുമാത്രമേയുള്ളൂ. ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. അദ്ദേഹത്തിന്റെ ആദ്യകാല പുസ്‌തകങ്ങള്‍ - 'മതവും കമ്യൂണിസവും' പോലുള്ളവ - വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടില്ലെന്നേയുള്ളൂ. പക്ഷേ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് വസ്‌തുതയാണ്. ഒരു ന്യൂനപക്ഷത്തില്‍ മാത്രമേ ശ്രദ്ധേയനായിരുന്നുള്ളുവെങ്കിലും അതിലൂടെ അത് ജനങ്ങളിലേക്കു പൊയ്‌ക്കൊള്ളും: ആ നിലയില്‍ ശ്രദ്ധേയമായിരുന്നു.

വൈദികവിദ്യാര്‍ഥിയായിട്ട് സി.ജെ. പോകുന്നത് ളോഹയിട്ടുകൊണ്ടാണ്. 'ചെമ്മാച്ചന്‍' എന്നോ മറ്റോ ആണ് അവര്‍ പറയുന്നത്. ക്രിസ്‌തുമതത്തിന് ലോകത്തില്‍ ആശാവഹമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല; അധികമാളുകളും ദുരിതമനുഭവിക്കുകയാണ്. പക്ഷേ ധാര്‍മികമായ വിധത്തിലും ലൌകികമായ തരത്തിലും മാറ്റങ്ങളുണ്ടാക്കാന്‍ ക്രിസ്‌തുമതത്തിനു കഴിയുന്നില്ല. ആ വിചാരമാണ് അദ്ദേഹത്തെ മാര്‍ക്സിസത്തിലേക്ക് ആകര്‍ഷിച്ചത്. അന്ന് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന കാലം. അതിനെ സംബന്ധിക്കുന്ന ചില പുസ്‌തകങ്ങള്‍ ആരോ വായിക്കാന്‍ കൊടുക്കുന്നു. അതോടെ അങ്ങോട്ട് ഒരു മാനസാന്തരം വന്നപോലെയായി. അതോടെ വൈദികപഠനത്തോട് തീര്‍ത്തും മുഷിവായി. ഇന്നത്തെപ്പോലെ ബാഗ്, സ്യൂട്ട്കേസ് തുടങ്ങിയവ അന്നില്ല; ട്രങ്കാണ് കൈയിലുണ്ടായിരുന്നത്. അതില്‍ ളോഹ മടക്കിവച്ച്, ഒരു തൊഴിലാളിയെപ്പോലെ മുണ്ടു മടക്കിക്കുത്തി കൂത്താട്ടുകുളത്തെത്തുകയാണ് ചെയ്‌തത്. പിതാവ് വളരെ ഉദാരാശയനായതുകൊണ്ട് പിണങ്ങിയില്ല; 'നിനക്ക് ഏതാണിഷ്‌ടം, ആ വഴിക്ക് പൊയ്‌ക്കോ.' സഹോദരിമാരും അങ്ങനെയായിരുന്നു; പ്രശസ്‌ത കവയിത്രി കൂത്താട്ടുകുളം മേരി ജോണ്‍ തുടങ്ങിയവര്‍. അവരൊക്കെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു. ളോഹ കൊണ്ടുവന്ന് സഹോദരിമാര്‍ക്ക് കൊടുത്തിട്ട് "നിങ്ങള്‍ക്ക് ചട്ടയുണ്ടാക്കാന്‍ കൊള്ളാം'' എന്നു പറഞ്ഞു. പിന്നെയാണ് കുറെക്കാലം കമ്യൂണിസ്‌റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി പോകുന്നത്. പുതിയൊരു ലോകം സൃഷ്‌ടിക്കുന്നതിന് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മാത്രമാണുപകരിക്കുക എന്നു വിശ്വസിച്ചു. മികച്ച പ്രസംഗകനായിരുന്നില്ല. സ്‌റ്റഡിക്ളാസെടുക്കാന്‍ മിടുക്കനായിരുന്നു. കമ്യൂണിസ്‌റ്റുകാര്‍ക്കു പ്രസംഗത്തിനുള്ള നോട്ട് തയ്യാറാക്കിക്കൊടുത്തിരുന്നു; സമകാലിക വാര്‍ത്തകളെയും മറ്റും അധികരിച്ച് പി.ടി. പുന്നൂസ് തുടങ്ങി അനേക നേതാക്കള്‍ക്ക് അങ്ങനെ കൊടുത്തിട്ടുണ്ട്.

എന്നാല്‍ സാംസ്‌കാരിക രംഗത്തേക്ക് ശ്രദ്ധിക്കപ്പെടേണ്ട ആളാണെന്ന് പാര്‍ട്ടികാര്‍ക്കുതന്നെ തോന്നിയില്ല. അങ്ങനെ ഒരു കഴിവ് ഒളിഞ്ഞിരിക്കുന്നത് അവര്‍ അറിഞ്ഞില്ല. ഒരിക്കല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഒരു നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ - വടക്ക് എവിടെയോ ആണ് - ഒരു കൊച്ചു മനുഷ്യന്‍ മുണ്ട് മടക്കിക്കുത്തി കയറിച്ചെന്ന്, ഒരുവശത്ത് രണ്ട് ലൈറ്റ് ഇട്ടിരുന്നത് ഓഫാക്കാനും മുന്‍വശത്ത് ഒരെണ്ണമിടാനും പറഞ്ഞു. നാടകത്തിന്റെ ഇഫക്റ്റ് പെട്ടെന്നുമാറി. അപ്പോള്‍ ആരാണിയാള്‍ എന്ന അന്വേഷണമായി. അവര്‍ക്ക് ആളെ അറിയില്ലായിരുന്നു. അപ്പോള്‍ ആരോ ഒരാള്‍ - പി. ഭാസ്‌കരനാണെന്നാണ് ഓര്‍മ - അത് സി.ജെ. തോമസ് എന്നു പേരുള്ള ഒരാളാണെന്നു പറഞ്ഞു.
അധികം താമസിയാതെ പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസം വന്ന് അകലാന്‍ തുടങ്ങിയിരുന്നു. അങ്ങനെ വഴി മാറിപ്പോവുകയാണുണ്ടായത്.

സി.ജെ. തോമസ് എന്തെഴുതിയാലും വ്യത്യസ്‌തമാകും.

അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന് സാനുമാസ്‌റ്റര്‍ പറഞ്ഞു. പാര്‍ട്ടി എന്തെങ്കിലും സെന്‍സര്‍ഷിപ്പ് നടത്തിയോ എന്നും അറിയില്ല. അങ്ങനെയൊന്നും ആയിരിക്കയില്ല എന്ന് തോന്നുന്നു. വിപുലമായ വായനയുണ്ടായിരുന്നു. അതിനാല്‍ ഒരു സ്വതന്ത്രചിന്താശീലമുണ്ടായിരുന്നു. അങ്ങനെയുള്ളവരെ അതിര്‍ത്തിവച്ച് നിയന്ത്രിക്കാനാവില്ലല്ലോ. എല്ലാ അതിര്‍ത്തികള്‍ക്കും അപ്പുറത്തേക്ക് അദ്ദേഹം പോവുകയാണുണ്ടായത്.

ആല്‍ബേര്‍ കാമുവിന്റെ പുസ്‌തകങ്ങള്‍ അദ്ദേഹം വായിച്ചിരുന്നു. അരാജകവാദത്തോട് അടുത്തുനില്‍ക്കുന്ന ചില വീക്ഷണങ്ങള്‍ അവയിലുണ്ട്. ഒരു സാഹചര്യം കൊണ്ടുമാത്രം മനുഷ്യനെ മാറ്റാന്‍ പറ്റുകയില്ല. മറ്റുതരത്തിലുള്ള മാറ്റങ്ങളും അവനെ സ്വാധീനിക്കുന്നുണ്ട്. മാര്‍ക്സിന്റെ സങ്കല്‍പം മറ്റൊന്നാണ്. നിശ്ചിതരീതിയിലൂടെ വരണമെന്നൊക്കെ പറയുമ്പോള്‍ അവിടെ അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെടുന്നു. വ്യക്തിക്കു പ്രാധാന്യമില്ലാതാകുന്നു. ഏത് ചട്ടക്കൂട്ടില്‍ ചെന്നുപെട്ടാലും പ്രക്ഷോഭബുദ്ധിയില്‍ അതിനെത്തന്നെ എതിര്‍ക്കുന്നതിലാണ് അവന്റെ അസ്‌തിത്വം നിലനില്‍ക്കുന്നത്. ആല്‍ബേര്‍ കാമുവിന്റെ ഒരു വാക്യം മൂപ്പര്‍ എപ്പോഴും ഉദ്ധരിക്കാറുണ്ടായിരുന്നു. ‘I rebel, therefore I am’. (ഞാന്‍ പ്രതിഷേധിക്കുന്നു അതിനാല്‍ എനിക്ക് അസ്‌തിത്വമുണ്ട്). അത് തിരുത്തി, 'ഞാന്‍ കലഹിക്കുന്നു; അതിനാല്‍ എനിക്ക് അസ്‌തിത്വമുണ്ട്' എന്നാക്കി പറയുമായിരുന്നു. അതിന്റെ അര്‍ഥം 'എന്റെ മനസ്സ് എപ്പോഴും തുടിച്ചുകൊണ്ടിരിക്കുന്നു' എന്നാണ്. ആ വിധത്തിലുള്ള ഒരു ചിന്താരീതി അദ്ദേഹത്തിനുണ്ടായിരുന്നു. ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹമെഴുതിയപ്പോള്‍ അത് പലരെയും തെറ്റിദ്ധരിപ്പിച്ചു. പക്ഷേ അത് കമ്യൂണിസത്തെ നിരാകരിക്കുന്ന വിധമായിരുന്നു എന്ന് തോന്നിയിട്ടില്ല. 'ദാരിദ്ര്യം അടിസ്ഥാനശത്രു' എന്നതിലദ്ദേഹം വിശ്വസിച്ചു. ഒരിക്കല്‍ ഒരുമിച്ച് ഒരു മീറ്റിങിന് പോയിരുന്നു. അവിടെവച്ച്, 'ഞങ്ങള്‍ സ്വാതന്ത്ര്യമെന്നു പറയുന്നത് പൂര്‍ണമായ അര്‍ഥത്തിലാണ്. സോവിയറ്റ് യൂണിയനിലുള്ളതുപോലെ ഞങ്ങള്‍ നിങ്ങളെ ചങ്ങലയ്‌ക്കിടുന്നില്ല. നിങ്ങളുടെ ഇഷ്‌ടമനുസരിച്ചുള്ള സ്വാതന്ത്ര്യം തരുന്നുണ്ട് എന്നു പ്രസംഗിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാട്ടുകയും അതിനു വാദിക്കുകയും ചെയ്‌തിരുന്നു അദ്ദേഹം. ഈ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ദാരിദ്ര്യമാണ്. 'എന്നെ പട്ടിണിക്കിട്ടാല്‍ ഞാനൊരു പണക്കാരന്റെ കൂടെ പോകും' എന്നു പറയേണ്ടിവരുന്ന അവസ്ഥയേക്കാള്‍ വലിയ പാരതന്ത്ര്യമില്ലെന്നാണ് അവസാനകാലത്തെ ഒരു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

ഊര്‍ജസ്വലമായി ചിന്തിക്കുന്ന മനസ്സായിരുന്നു. 'വിശ്വാസാത്മകനായ സി.ജെ.യുടെ വിശ്വാസനിഷേധത്തിന്റെ സൃഷ്‌ടികളാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍' എന്നൊരു പക്ഷമുണ്ട്. വിശ്വാസനിഷേധമെന്നു പറയുന്നതും ഒരു വിശ്വാസമാണ്. അത് അറിയുന്നില്ലെന്നേയുള്ളൂ. ചില കാര്യങ്ങളില്‍ നിഷേധശബ്ദമുയര്‍ത്തുന്നത് ചില മൂല്യങ്ങള്‍ മനസ്സിലുള്ളതുകൊണ്ടാണ്. ആ മൂല്യങ്ങള്‍ വ്യക്തമായി പറയാനാവില്ല.

ആദ്യം കമ്യൂണിസത്തോടുള്ള അടുപ്പവും പിന്നീട് അധികാരത്തില്‍ വന്നപ്പോഴുണ്ടായ എതിര്‍പ്പും - ഇത് സ്വഭാവഘടനയുടെ പ്രത്യേകതയാണ്. വിപ്ളവകാരിക്ക് ഒരു സങ്കല്‍പമുണ്ട്; ഇന്നവിധത്തില്‍ കാര്യങ്ങള്‍ വരണം. അതിന്റെ മാര്‍ഗത്തെപ്പറ്റി വിശദമായ ധാരണയുണ്ട്; മറിച്ച് ഇതൊന്നുമില്ലാത്ത ആളാണ് കലാപകാരി.

തൊട്ടുരുമ്മി നില്‍ക്കുന്ന അരോചകകാര്യങ്ങളുടെ നേര്‍ക്കും അധര്‍മത്തിന്റെ നേര്‍ക്കും പ്രതികരിച്ചുകൊണ്ടു മുന്നോട്ടുപോവുക; നിശ്ചിതമായ ഒരു രാഷ്‌ട്രസങ്കല്‍പമില്ലാതെ അനന്തമായ വിപ്ളവത്തിന്റെ വീഥിയിലൂടെ നീങ്ങിപ്പോവുക - ഒരു റിബലിന്റെ സ്വഭാവഘടന ഇതാണ്.

കോണ്‍ഗ്രസ്സിനോട് അനുഭാവമുള്ള കാലത്തും അവര്‍ക്ക് അരോചകമായ ലേഖനങ്ങളെഴുതിയിരുന്നു. അത് അവരുടെ അഹിതത്തിനുപാത്രമാക്കി. മുട്ടിയുരുമ്മുന്ന എന്തിനോടും തനിക്കു താല്‍പര്യം തോന്നിയാല്‍ പ്രതികരിക്കുന്ന പ്രത്യേകതയുണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും സാമ്പത്തികമായി നന്നേ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒരിക്കല്‍ കാണുമ്പോള്‍, താമസിക്കുന്ന വീടിന് മൂന്നുമാസമായി വാടക (മാസം 60 രൂപ) കൊടുത്തിട്ടില്ല.

'വിഷവൃക്ഷ'ത്തിന്റെ കാര്യം ഒന്നുകൂടി പറയേണ്ടതുണ്ട്. അത് എഴുതുന്നത് അറിഞ്ഞില്ല. അറിഞ്ഞാലും ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. എഴുതിക്കഴിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ വിളിച്ചിരുന്നു; കാണാന്‍ വേണ്ടി. അതിനെപ്പറ്റി റിവ്യൂ എഴുതണമെന്ന് പറഞ്ഞു. പക്ഷേ എഴുതിയില്ല. പിന്നെ രണ്ടുമാസങ്ങള്‍ കഴിഞ്ഞാണ് തമ്മില്‍ കാണുന്നത്. ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. 'എഴുതാന്‍ പറ്റിയില്ല.' അപ്പോള്‍ സി.ജെ.യുടെ മറുപടി, 'എഴുതാന്‍ വേണ്ടി അതിലൊന്നുമില്ലല്ലോ, അതൊരു മോശം നാടകമല്ലേ?' താന്‍ എഴുതുന്നത് പിന്നീട് തള്ളിപ്പറയുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് സ്വഭാവഘടന എന്നു പറയുന്നത്. സ്വഭാവത്തിലെ ഒരംശം അതായിരുന്നു. ജീനിയസുകള്‍ക്ക് എല്ലാവര്‍ക്കും മേല്‍പ്പറഞ്ഞ സ്വഭാവഘടനയുണ്ടാകണമെന്നില്ല; മാര്‍ക്കേസിനും മറ്റും അങ്ങനെയില്ലല്ലോ. ചിലര്‍ക്കു മാത്രമുണ്ടാകുന്ന പ്രത്യേകതയാണത്.

ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്‌തിട്ടും ആദ്യത്തെ കമ്യൂണിസ്‌റ്റ് ഗവണ്‍മെന്റിനെ സി.ജെ. എതിര്‍ത്തതിനും മറ്റു സാംസ്‌കാരിക നേതാക്കള്‍ മൌനം പാലിച്ചതിനും പിന്നില്‍ ആ കാലഘട്ടത്തിന്റേതായി ചില കാരണങ്ങളുണ്ടായിരുന്നു. നേരത്തെ totalitarianism അഥവാ സമഗ്രാധിപത്യത്തെപ്പറ്റി പറഞ്ഞല്ലോ. അന്ന് ഒരു ഭീഷണിയായി കണ്ടത് സ്‌റ്റാലിനെയാണ്. അന്ന് റഷ്യയില്‍ സാഹിത്യകാരന്മാര്‍ക്ക് അസ്വാതന്ത്ര്യമുണ്ടായിരുന്നു; പല എഴുത്തുകാരും അപ്രത്യക്ഷരായി. ഇത് ഇവിടത്തെ എഴുത്തുകാരെയും സ്വാധീനിക്കുകയുണ്ടായി. കമ്യൂണിസ്‌റ്റ് ഭരണം ചിന്താസ്വാതന്ത്ര്യത്തിനും രചനാസ്വാതന്ത്ര്യത്തിനും തടസ്സമുണ്ടാക്കുമെന്ന് അന്ന് എഴുത്തുകാര്‍ ധരിച്ചിരുന്നു എന്നു തോന്നുന്നു. പാസ്‌റ്റര്‍നാക്ക് സംഭവം ഓര്‍ക്കുക. പാസ്‌റ്റര്‍നാക്കിനെ വായിച്ചിട്ടില്ലാത്തവര്‍പോലും അന്ന് അതുപറഞ്ഞ് പ്രൊട്ടസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. സാഹിത്യകാരന്മാര്‍ക്ക് ഈ പ്രൊട്ടസ്‌റ്റ് ഒരു ഫാഷനായിരുന്നു അന്ന്. ഈ സാഹചര്യമായിരിക്കാം, അന്ന്, സാംസ്‌കാരികരംഗത്തെ ചിലരെ എതിര്‍പ്പുകാരും ചിലരെ മൌനികളും ആക്കി മാറ്റിയത്. ജോര്‍ജ് ഓര്‍വലിന്റെ '1984' എന്ന ഗ്രന്ഥം സി.ജെ. തര്‍ജമ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കമ്യൂണിസം വന്നാല്‍ ഇതായിരിക്കും സ്ഥിതി എന്ന് ആ പുസ്‌തകത്തെ പ്രതി അദ്ദഹം ചിന്തിച്ചിരിക്കാം. ഓര്‍വലിന്റെ ‘Animal Farm’ ആരെക്കൊണ്ടോ സി.ജെ. തര്‍ജമ ചെയ്യിച്ചിട്ടുണ്ട്. അതിന്റെ സാരാംശം കമ്യൂണിസത്തിനെതിരാണ്. കമ്യൂണിസം ഉണ്ടാക്കിത്തീര്‍ക്കുന്ന പ്രത്യേകതരം പ്രചാരണം, അതിനുള്ള അവരുടെ വൈഭവം, അതിലൂടെ മനുഷ്യരെ കൂച്ചുവിലങ്ങിടുന്നു എന്നൊക്കെയുള്ള ആശയമാണ് അതിലുള്ളത്. എങ്കിലും അത് ഒരു അന്യാപദേശകഥയാണ്. അതിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചത് റോസി തോമസാണ്.

'1984' സി.ജെ. നല്ലപോലെ വായിച്ചിട്ടുണ്ട്. ‘All men are equal, some are more than equal’ തുടങ്ങിയ വാക്യങ്ങള്‍ അതിലുള്ളതാണല്ലോ. പാര്‍ട്ടി പറയുന്നു സമത്വത്തേക്കാളും കൂടുതല്‍ സമത്വം പാലിക്കുന്നവര്‍ വേറെയുണ്ടാകും - ഈ ആശയങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. ഈ ആശയപ്രചാരണത്തില്‍ സാഹിത്യകാരന്മാര്‍ക്കും പണം കിട്ടിയിരുന്നു. അതായത് ഈ ആശയപ്രചാരണത്തില്‍ അവരും പങ്കുവഹിച്ചിരുന്നു. കൂടുതല്‍ എനിക്കറിയില്ല. വര്‍ത്തമാനപത്രങ്ങളും ഇതിനു കൂട്ടുനിന്നിട്ടുണ്ട്. പരിഭാഷകള്‍ പരിശോധിക്കുന്ന രീതിയിലാണ് സാഹിത്യകാരന്മാരെ പത്രങ്ങള്‍ സ്വാധീനിച്ചത്. പരിഭാഷ സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്നു; അതിനോടൊപ്പം ഒരു ചോദ്യാവലിയുണ്ടാകും. മൂന്ന് ചോദ്യങ്ങള്‍ മാത്രം. നല്ലതാണോ? ഇടത്തരമാണോ? ചീത്തയാണോ? ഓരോ ചോദ്യത്തിനും നേരെ ചതുരത്തിലുള്ള അടയാളമുണ്ടാകും. അതില്‍ 'ടിക്' മാര്‍ക്ക് ചെയ്‌താല്‍ മതി, പ്രതിഫലമോ? 500 രൂപ. അന്ന് അത് വലിയ തുകയാണ്. ആ കാലത്ത് എന്റെ ശമ്പളം 200 രൂപയാണ്. അപ്പോള്‍ അഞ്ഞൂറിന്റെ 'വലുപ്പം' മനസ്സിലാക്കാമല്ലോ. അങ്ങനെ അനേകം പേര്‍ക്ക് കിട്ടിയിരുന്നു. അത് വിദേശപണമാകാം. എനിക്കറിയില്ല. അമേരിക്കന്‍ ന്യൂസ് ഏജന്‍സിക്കൊക്കെ അതില്‍ പങ്കുണ്ടാകാം, പ്രൊഫ. സാനു കൂട്ടിച്ചേര്‍ത്തു.

തിരുവന്തപുരത്തു വച്ച്, 'സാഹിത്യവും ദേശീയതയും' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ നടന്നു. ഞാനും പോയിരുന്നു. സി.ജെ. തോമസാണ് കൊണ്ടുപോയത്. പാതിരാത്രി കാറില്‍ ഇവിടെനിന്നുപോയി. അവിടെ പ്രമുഖര്‍ പലരുമുണ്ടായിരുന്നു. കൈനിക്കര പത്മനാഭപിള്ള, കൈനിക്കര കുമാരപിള്ള, എം.പി. മന്മഥന്‍, ജി. ശങ്കരക്കുറുപ്പ്, ശൂരനാട് കുഞ്ഞന്‍പിള്ള മുതല്‍പേര്‍. പി.കെ. ബാലകൃഷ്‌ണന്‍ വന്നില്ല. ഞാന്‍ വിളിക്കാന്‍ ചെന്നപ്പോള്‍, "നിങ്ങള്‍ മണ്ടനായതുകൊണ്ട് പോകുന്നതാണ്. ഇത് കാശുവാങ്ങി ഈ സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള പരിപാടിയല്ലേ?'' എന്നൊക്കെ ബാലകൃഷ്‌ണന്‍ പറഞ്ഞു. ഞാന്‍ പങ്കെടുത്തെങ്കിലും പ്രസംഗിച്ചില്ല. ബാലകൃഷ്‌ണന്‍ അന്നേ കാര്യം തിരിച്ചറിഞ്ഞിരുന്നു.

സി.ജെ. പല കാര്യങ്ങള്‍ക്കും എതിരായിരുന്നു. സ്ഥിരമായി ഒരു കാര്യത്തിലും ഒരു നിലപാട് ഉണ്ടായിരുന്നില്ല. സംഘടനയെക്കുറിച്ച് ഒരു യോഗത്തില്‍ വിമര്‍ശനപരമായി സി.ജെ. സംസാരിച്ചപ്പോള്‍, ഞാനെഴുന്നേറ്റ് 'സംഘടനകൊണ്ട് ശക്തരാകുക' എന്ന ആഹ്വാനം കേട്ടുവളര്‍ന്ന ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന എനിക്കതിനോടു യോജിക്കാനാവില്ലെന്നു പറഞ്ഞു. പല സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഇന്നുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെ പലപ്പോഴും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. കമ്യൂണിസത്തിന്റെ കാര്യത്തില്‍ എനിക്കഭിപ്രായമുണ്ടായിരുന്നു. സ്‌റ്റാലിന്റെ കാലത്തെ സമഗ്രാധിപത്യത്തോട് എനിക്ക് യോജിപ്പില്ലായിരുന്നു. അത് മറ്റൊരു കാര്യം. അതേസമയം കേരളംകണ്ട അഴിമതിയില്ലാത്ത ഒരു ഗവണ്‍മെന്റ് എന്ന അഭിപ്രായം 57-ലെ കമ്യൂണിസ്‌റ്റ് ഗവണ്‍മെന്റിനെക്കുറിച്ച് എനിക്കുണ്ട്. എം. ഗോവിന്ദനും മറ്റുമുണ്ടാക്കിയ 'ഗോപുരം' എന്ന സംഘത്തോടൊന്നും ആഭിമുഖ്യമുണ്ടായിരുന്നില്ല. ഒരവസരത്തില്‍ ഗോവിന്ദനും സി.ജെ.യും തമ്മില്‍ത്തന്നെ അഭിപ്രായവ്യത്യാസമുണ്ടായി. കാരണം എനിക്കറിയില്ല; എന്തുമാകാം. അതുപോലെ പി.കെ. ബാലകൃഷ്‌ണനും സി.ജെ.യും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട് പലപ്പോഴും. ഇതൊക്കെ വ്യക്തിപരമായ നക്കാപ്പിച്ചയുടെ അടിസ്ഥാനത്തിലുണ്ടായ പ്രശ്നങ്ങളൊന്നുമല്ല. അത് പലപ്പോഴും ആശയപരവും വീക്ഷണപരവുമായ വ്യത്യാസം കൊണ്ടായിരുന്നു.

ഞാന്‍ 57-ലെ ഗവണ്‍മെന്റില്‍ രണ്ട് പ്ളസ് പോയിന്റുകള്‍ കണ്ടിരുന്നു. ഒന്ന്, ഇത് ജാതീയ - വര്‍ഗീയ സ്വാധീനമില്ലാത്ത ഒരു ഗവണ്‍മെന്റാണ്; രണ്ടാമത് അഴിമതിമുക്തമായ ഒരു ഗവണ്‍മെന്റ്. പലരെയും എനിക്ക് അടുത്തറിയാം. ഗൌരിയമ്മ, ടി.വി. തോമസ് ഇവരെയൊക്കെ. ഇ.എം.എസിനെ അന്ന് അടുത്തറിയില്ല. പക്ഷേ, കേട്ടിരിക്കുന്നു, കേരളത്തിലെ ഏറ്റവും സംശുദ്ധമായ ജീവിതത്തിന്റെ ഉടമയെന്ന്. ആ അര്‍ഥത്തില്‍ ആ ഗവണ്‍മെന്റ് താഴെപ്പോകുന്നതില്‍ ഞാനെതിരായിരുന്നു; സഹോദരന്‍ അയ്യപ്പനും ആ വീക്ഷണമാണുണ്ടായിരുന്നത്.

സി.ജെ. രാഷ്‌ട്രീയം പറയുമായിരുന്നില്ല. അതാണ് വലിയ തമാശ. നമ്മള്‍ കാണാന്‍ ചെന്നാല്‍ ആവക കാര്യമൊന്നുമല്ല പറയുക. ചിലപ്പോള്‍ ഒരു പെയിന്റിങ് എടുത്ത് നമ്മെ കാണിക്കും. 'ഇതു നോക്കൂ. ഇതില്‍ ഒരു പ്രത്യേക സ്‌റ്റൈല്‍ ഉണ്ട്.' അല്ലെങ്കില്‍ ഒരു പുസ്‌തകം, അതിനെപ്പറ്റി ചര്‍ച്ച ചെയ്യും. ഈ നിലയ്‌ക്കേ പോകാറുള്ളൂ. കോണ്‍ഗ്രസുകാരുമായി കാണുമ്പോള്‍ രാഷ്‌ട്രീയം പറഞ്ഞിരിക്കാം. 'ദീനബന്ധു' (കോണ്‍ഗ്രസിന്റെ അന്നത്തെ മുഖപത്രം) ആഫീസിലൊക്കെ പോകുമായിരുന്നു. അപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടാകാം. സാധാരണഗതിയില്‍ രാഷ്‌ട്രീയമേ പറയാറില്ല. ഫര്‍ണിച്ചര്‍ - അതൊരു വിഷയമായിരുന്നു. അതുണ്ടാക്കുന്ന വിവിധ രീതികളറിയാമായിരുന്നു. ഞാനാദ്യം കാണുമ്പോഴും ഒടുവില്‍ കണ്ടപ്പോഴും ഫര്‍ണിച്ചര്‍ സംസാരവിഷയമായി.

നാടകത്തെപ്പറ്റി, എറണാകുളത്ത് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ ഒരു സെമിനാര്‍ നടന്നു. അതില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍, കാളിദാസ നാടകങ്ങള്‍ പോലുള്ള ക്ളാസിക് നാടകങ്ങള്‍ അവതരിപ്പിച്ചുകൂടേ എന്ന് ഞാന്‍ ചോദിച്ചു; അതുപോലെ യൂറോപ്യന്‍ നാടകങ്ങള്‍ പരീക്ഷിച്ചുകൂടേ എന്നും ഞാന്‍ ചോദിച്ചു. പ്രസംഗം കഴിഞ്ഞപ്പോള്‍, അതു കേട്ടുകൊണ്ടിരുന്ന സി.ജെ. എന്റെ അടുത്തേക്ക് ഓടിവന്നു. അദ്ദേഹം പ്രസംഗത്തിനൊന്നും മുതിര്‍ന്നില്ല. എന്നോടു പറഞ്ഞു, 'എനിക്ക് സാനുവിനോട് ഒരു കാര്യം പറയാനുണ്ട്.' ഞങ്ങള്‍ അവിടെനിന്നും പോന്നു. 'സീവ്യൂ'വില്‍ വന്ന് (സീവ്യൂ ഹോട്ടല്‍ അന്ന് സാഹിത്യകാരന്മാരുടെയും രാഷ്‌ട്രീയനേതാക്കളുടെയും ഒരു താവളമായിരുന്നു. എറണാകുളത്ത് ഷണ്‍മുഖം റോഡില്‍ സ്ഥിതി ചെയ്‌തിരുന്ന ആ ഹോട്ടല്‍ ഇപ്പോഴില്ല.) ചായയും കഴിച്ച് നാടകത്തെക്കുറിച്ച് മൂന്നുനാല് മണിക്കൂര്‍ സംസാരിച്ചു. സി.ജെ.യ്‌ക്ക് നാടകത്തെ സംബന്ധിച്ച് A to Z അറിയാം.

എന്‍.ബി.എസിന്റെ പുസ്‌തകങ്ങള്‍ക്ക് കവര്‍ വരച്ചിരുന്നു. ഒരിക്കല്‍ അവിടെ ഒരു അമേരിക്കക്കാരന്‍ വന്നു. ഇദ്ദേഹത്തെ ആരും ശ്രദ്ധിച്ചില്ല. സായ്പ് എഴുത്തുകാരനായിരുന്നു. സി.ജെ. തോമസ് എന്തോ കാര്യം അങ്ങോട്ടു ചോദിച്ചു. അപ്പോഴാണ്, വളരെ വിവരമുള്ള ആളാണ് സി.ജെ. എന്ന് സായ്പിന് മനസ്സിലായത്. പ്രസിദ്ധ അമേരിക്കന്‍ നാടകകൃത്തായ ആര്‍തര്‍ മില്ലറുമായിട്ട് സി.ജെ. നേരിട്ട് എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു. മറ്റൊരു അമേരിക്കന്‍ നാടകകര്‍ത്താവായ ടെന്നസിവില്യംസുമായും പരിചയമുണ്ടായിരുന്നു. രണ്ടു പുസ്‌തകങ്ങള്‍ അയാള്‍ സി.ജെ.യ്‌ക്ക് അയച്ചുകൊടുത്തിരുന്നു. ഒന്ന് ‘Summer and Smoke’ മറ്റൊന്ന് ‘Rose Statue’. ഇതുരണ്ടും എനിക്ക് വായിക്കാന്‍ തന്നു. അങ്ങനെ, നാടകസംബന്ധമായി ആഴത്തിലുള്ള അറിവുമാത്രമല്ല, വിശ്വനാടകകാരന്മാരുമായുള്ള അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു.

1948 ഫെബ്രുവരിയിലെഴുതിയ (ഗാന്ധിജിയെപ്പറ്റി) ഒരു ലേഖനത്തില്‍, 'വര്‍ഗീയതയില്‍ പൊതിഞ്ഞ ഫാസിസം' എന്ന് ഹിന്ദുവര്‍ഗീയതയെ അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ ഈ വിശേഷണം ആദ്യമായി പറഞ്ഞത് സി.ജെ. ആകാം. സഹോദരനോടൊപ്പം ഒരിക്കല്‍ ഞങ്ങളിരിക്കുമ്പോള്‍, അഴിമതിയും സ്വജനപക്ഷപാതവും കൈവിട്ടില്ലെങ്കില്‍ ഇന്ത്യയില്‍ ഒരു കക്ഷിക്കും ഭരണം കൈയാളാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ വരുമെന്ന് സി.ജെ. പറഞ്ഞു. അതിനദ്ദേഹം ഉപയോഗിച്ച വാക്ക് ‘Political Vacuum’ എന്നാണ്. പക്ഷേ പ്രകൃതി ഒരു ശൂന്യത നിലനിറുത്തുകയില്ല. അതിനാല്‍ അത്തരമൊരാവസ്ഥയില്‍ ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നത് ഹിന്ദുവര്‍ഗീയതയായിരിക്കും. അത് കമ്യൂണിസ്‌റ്റ് ഏകാധിപത്യത്തേക്കാള്‍ രൂക്ഷമായിരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്‌തു. കാരണം കമ്യൂണിസത്തിന് ഒരു രാഷ്‌ട്രീയാടിത്തറയുണ്ട്; ഭൌതികവാദതത്വമുണ്ട്. അതൊന്നും മറ്റവര്‍ക്കില്ല. അതേസമയം അനുഷ്ഠാനങ്ങള്‍, ദൃഢമായ അന്ധവിശ്വാസങ്ങള്‍, നൂറ്റാണ്ടുകളായുള്ള ഐതിഹ്യങ്ങള്‍ - ഇതെല്ലാം പിന്‍ബലമായി അവര്‍ക്കുണ്ട്. അതിനാല്‍ അതിനെ ചെറുക്കാനോ അംഗീകരിക്കാനോ പ്രയാസം വരും എന്നുകൂടി അദ്ദേഹം പറഞ്ഞു.

സ്വയം തള്ളിപ്പറയുന്ന സ്വഭാവമുണ്ടായിരുന്നു സി.ജെ.യ്‌ക്ക് എന്ന് നേരത്തേ സൂചിപ്പിച്ചു. തന്റെ നാടകങ്ങളില്‍ ഒരുപാട് അപര്യാപ്തതകളുണ്ടെന്നു പറയുന്ന ആള്‍ സി.ജെ. തോമസ് തന്നെയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഓരോ നാടകവും പരീക്ഷണത്തിന്റെ ഓരോ നവീനമേഖല സൃഷ്‌ടിക്കുന്നു. 1128ല്‍ ക്രൈം 27 എന്ന നാടകം നോക്കുക - മലയാളനാടകത്തിലെന്നല്ല, ലോകനാടകങ്ങളില്‍ത്തന്നെ രൂപപരമായ ഒരു പരീക്ഷണം ഇതുപോലെ കാണില്ല. ലൂയി പിരാന്തലോയുടെ ‘Six Characters in search of the author’ എന്ന നാടകവും നാടകത്തിനകത്തുള്ള ഒരു നാടകമാണ്; തികച്ചും വ്യത്യസ്‌തം; 'ക്രൈം' മറ്റൊരുതരത്തില്‍ വ്യത്യസ്‌തം.

യുദ്ധം തുടങ്ങിയ കെടുതികള്‍ക്ക് വാസനാപരമായി എതിരായിരുന്നു സി.ജെ; അതാണ് വര്‍ഗസമരത്തിനും എതിരായിരുന്നത്. സമരത്തിലൂടെ നമുക്ക് ഒരിക്കലും സമാധാനം സ്ഥാപിക്കാന്‍ സാധിക്കുകയില്ല. നമ്മള്‍ സമാധാനപ്രസ്ഥാനത്തിനുവേണ്ടി ഘോരഘോരം പ്രസംഗിച്ചതിനുശേഷം പട്ടാളത്തില്‍ ചേരുന്നവരുടെ മധ്യത്തിലാണല്ലോ ജീവിക്കുന്നത്. അങ്ങനെയുള്ള വൈരുധ്യങ്ങള്‍ ഒരുപാട് ചൂണ്ടിക്കാണിക്കുമായിരുന്നു സി.ജെ. യുദ്ധം പ്രധാന പ്രശ്നമാണ്; ദാര്‍ശനികപ്രശ്നമുണ്ടെങ്കിലും. അവസാനത്തെ നാടകം, 'ആ മനുഷ്യന്‍ നീ തന്നെ'യാണ്. യുദ്ധമാണ് പ്രമേയം. ആദ്യംതന്നെ വായിച്ചുകേള്‍ക്കുന്ന ബൈബിള്‍ ഭാഗം യുദ്ധത്തെപ്പറ്റിയുള്ളതാണ്. അവസാനിക്കുന്നത് യുദ്ധശേഷമുള്ള കാര്യവും. യുദ്ധം എന്നു പറയുന്നത്, മനുഷ്യനിലെ ഒരു നല്ല വശവും പുറത്തുകൊണ്ടുവരുന്നില്ല. വീരമരണമെന്താണെന്നു പറഞ്ഞപ്പോള്‍ ദാവീദ്, അപ്പോള്‍ ത്തന്നെ, വീരമരണമെന്താണെന്ന് മരിച്ചുപോയ ഭടന്റെ അമ്മയോടു ചോദിച്ചാല്‍ പറയുമെന്നു പറഞ്ഞു. കൊല, മരണം - അതല്ലാതെ ഒരു വീരത്വവും അതിലില്ല. അപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വളരെ സിനിക്കല്‍ ആയതും മനുഷ്യവംശത്തെ മുഴുവന്‍ ചോദ്യം ചെയ്യുന്നതുമായ വീക്ഷണവുമുണ്ടായിരുന്നു. അതാണ് താന്‍ എഴുതിയതൊക്കെ അപര്യാപ്തമാണെന്നു പറഞ്ഞ് അടുത്തതിലേക്ക് പോകുന്നത്.

എന്റെ ദൃഷ്‌ടിയില്‍ ടോള്‍ സ്‌റ്റോയി ആണ് സാഹിത്യത്തിലൂടെ യുദ്ധത്തെ എതിര്‍ത്ത ആദ്യത്തെ ആള്‍. അദ്ദേഹം നേരെ ചോദിക്കുന്നത് ഇതാണ്: "ഒരു രാജ്യത്ത് പണം കൂടുതല്‍ മുടക്കുന്നത് ഡിഫന്‍സിനാണ്. അതിന് പട്ടാളം ആവശ്യമാണ്. പട്ടാളത്തില്‍ ആരോഗ്യവും ബുദ്ധിശക്തിയുമുള്ള ചെറുപ്പക്കാരെ തെരഞ്ഞെടുക്കുന്നു. എന്നിട്ട് പരിശീലനം കൊടുക്കുന്നു. അവസാനം കൊടുക്കുന്നത് തോക്കാണ് - മനുഷ്യനെ കൊല്ലാന്‍. എന്നിട്ട് ഒരു ദിവസം അവനെ കൊണ്ടുപോകുന്നു. എവിടെയോ കൊണ്ടുചെന്നിട്ട് ശത്രു എന്നുപറഞ്ഞ് ഒരു കൂട്ടരെ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു സാഹചര്യത്തില്‍ കണ്ടാല്‍ അവരും ഒരുമിച്ചിരുന്ന് ചായകുടിച്ച് സ്നേഹം പങ്കുവയ്‌ക്കും. ഇതാണ് യുദ്ധം എന്ന പേരില്‍ ലോകം ആരംഭിച്ചകാലം മുതല്‍ മനുഷ്യനിലെ കാടത്തം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള ഒരു നിലപാടായിരുന്നു സി.ജെ. എന്നും പുലര്‍ത്തിയിരുന്നത്.

ഗാന്ധിജിയും യുദ്ധത്തോട് പൊരുത്തപ്പെട്ടിരുന്നില്ലല്ലോ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലോ, ചൈനയും തമ്മിലോ യുദ്ധമുണ്ടായാല്‍ അക്രമരാഹിത്യത്തെക്കുറിച്ച് പറയാമെന്നല്ലാതെ ഗാന്ധിജിക്കും ഒന്നും ആവില്ലായിരുന്നല്ലോ. ഒരു സ്വപ്നാടനക്കാരന്റെ മനസ്സായിരുന്നു ആവക കാര്യങ്ങളില്‍ സി.ജെ. തോമസിനുണ്ടായിരുന്നത്.

ഞാന്‍ നെയ്യാറ്റിന്‍കര കുറെക്കാലം അധ്യാപകജോലി നോക്കിയിട്ടുണ്ട്. രാഷ്‌ട്രീയത്തില്‍ ഐക്യമുന്നണിയുണ്ടാകുന്ന കാലം. ഡി. വിവേകാനന്ദന്‍ (K.S.P) അന്ന് അവിടെ ഐക്യമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. എന്നെ അവിടെയുള്ളവര്‍ക്കിഷ്‌ടമായിരുന്നു. വിവേകാനന്ദന്‍ എന്നെ വിളിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കൊണ്ടുപോയി. അവിടെവച്ച്, 'ദേശാഭിമാനി സാംസ്‌കാരികസംഘടന' എന്നൊരു സംഘമുണ്ടാക്കി. മഹാകവി വള്ളത്തോളിനെ കൊണ്ടുവന്ന് ഒരു യോഗത്തില്‍ പ്രസംഗിപ്പിച്ചു. 'സാഹിത്യത്തില്‍ ഐക്യമുന്നണി' എന്നൊരു വിഷയം ആധാരമാക്കി ഒരു സമ്മേളനം നടത്താന്‍ തീരുമാനിച്ചു. അതില്‍ പ്രസംഗിക്കാന്‍ സി.ജെ.യെ വിളിക്കാന്‍ പോയി. അവിടെ ചെന്നപ്പോള്‍ ഫര്‍ണിച്ചറിനെ സംബന്ധിക്കുന്ന ഒരു മാസികയും നോക്കിയിരിക്കുകയാണ് കക്ഷി. കാര്യം പറഞ്ഞപ്പോള്‍ തനിക്കിതിലൊന്നും താല്‍പര്യമില്ലെന്നു പറഞ്ഞു. "എന്ത്, സാഹിത്യമുന്നണിയോ? ജനങ്ങള്‍ക്ക് ഇത് എന്തിനാണ്. നിങ്ങള്‍ വല്ല ഫാക്ടറിയിലോ മറ്റോ പോവുക'' എന്നൊക്കെപ്പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, "പക്ഷേ, ഞങ്ങള്‍ക്കു മുന്നണിയല്ല, സൃഷ്‌ടിയാണ് വേണ്ടത്.''

സി.ജെ. വന്നില്ല. എന്നാല്‍ ആ വിഷയം സി.ജെ. ഒരു ലേഖനത്തിന്റെ ടൈറ്റിലാക്കി; 'മുന്നണിയല്ല, സൃഷ്‌ടി'. അന്ന് സാഹിത്യത്തിലെ ഐക്യമുന്നണിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ ലേഖനമെഴുതാന്‍ പ്രചോദനം കിട്ടിയത്. കെ. ബാലകൃഷ്‌ണന്റെ 'കൌമുദി' വാരികയില്‍ അത് എഴുതുകയും ചെയ്‌തു. 'നിങ്ങള്‍ പോയി ഐക്യമുന്നണിയുണ്ടാക്ക്; ഞാന്‍ വരില്ല.' എന്ന് ഞങ്ങളോട് പറഞ്ഞ് തിരിച്ചയച്ചെങ്കിലും അതുമൂലം നല്ലൊരു ലേഖനം പിറവിയെടുത്തു; അതായിരുന്നു സി.ജെ.

വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന ആളായിരുന്നു; സ്നേഹസമ്പന്നന്‍. ഒരിക്കല്‍ എനിക്കു സുഖമില്ലാതായപ്പോള്‍ ഡോക്ടറേയും വിളിച്ചുകൊണ്ട് വീട്ടില്‍ വന്നതോര്‍ക്കുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും ഉറ്റ സൌഹൃദത്തിലായിരുന്നു. എം.പി. പോള്‍ സാറിനെയും എനിക്ക് അടുത്തറിയാമായിരുന്നു. അവസാനം സി.ജെ.യ്‌ക്ക് സുഖമില്ലാതായപ്പോള്‍ പലപ്പോഴും തുണയായി കൂടെ നടന്നിരുന്നത് ഞാനാണ്. പല കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ പലപ്പോഴും വിചിത്രമായി തോന്നിയിട്ടുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ വിമോചകനായിക്കണ്ടത് കളത്തില്‍ വേലായുധന്‍ നായരെയായിരുന്നു. അങ്ങേരുടെ കൈകളില്‍ കേരളത്തിന്റെ ഭാവി വളരെ ഭദ്രമാകുകയും ശോഭനമായ ഭാവി കേരളത്തിനുണ്ടാകുകയും ചെയ്യുമെന്നു പറയുമായിരുന്നു. അതിന്റെ കാരണം പറഞ്ഞില്ല. ‘He will be the saviour of Kerala’ ഈ വാചകമാണ് പറഞ്ഞത്. അങ്ങനെ ആളുകളെ വിലയിരുത്തുന്നതില്‍ അപര്യാപ്തതകളും പരിചയക്കുറവും സംഭവിച്ചിട്ടുണ്ട്.

രോഗം മൂര്‍ഛിച്ച ഘട്ടത്തില്‍ ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ ഭയങ്കര തലവേദനയുമായി വയ്യാത്ത നിലയിലാണ് കണ്ടത്. പുസ്‌തകമെടുത്തുനോക്കും; അടച്ചുവയ്‌ക്കും, കണ്ണുനിറയും. ഒരുദിവസം വേദന കൂടിയതറിഞ്ഞ് ഞാന്‍ ഒരു ഡോക്ടറെയും കൂട്ടിയാണ് ചെന്നത്. ഡോക്ടര്‍ കുറച്ചു വിറ്റാമിന്‍ ഗുളികകള്‍ കൊടുത്തു. അന്നുരാത്രി അല്‍പം ഉറങ്ങി. മാനസികമായ എന്തോ കുഴപ്പമാണെന്നാണ് എല്ലാവരും കരുതിയത്. ഒടുവില്‍ കൂടുതല്‍ പരിശോധനയ്‌ക്ക് വെല്ലൂരേക്കു കൊണ്ടു പോയി. പോള്‍ പി. മാണി ഒരു വലിയ കാറുമായി വന്ന് അതില്‍ കയറ്റിയാണ് കൊണ്ടുപോയത്. ധനികനായ കോണ്‍ട്രാക്ടറായിരുന്നു പോള്‍ പി. മാണി. സ്നേഹമുള്ളവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാതിരുന്ന ആള്‍.

പെട്ടെന്ന് നീരസമുണ്ടാകുകയും പെട്ടെന്ന് പിണങ്ങുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. ഒരിക്കല്‍ പി.കെ. ബാലകൃഷ്‌ണനുമായി വഴക്കായി. "ഇനി അവനെ ഞാന്‍ എറണാകുളത്തേക്കു കടത്തില്ല.'' എന്നൊക്കെയാണ് പിണങ്ങുമ്പോള്‍ പറഞ്ഞത്. ബാലകൃഷ്‌ണനോട് ഞാന്‍ പറഞ്ഞു - ഇങ്ങനെ വിളംബരം ചെയ്‌തിരിക്കുകയാണ്. അതിനാല്‍ ഉടനെ കാണേണ്ട. പിന്നീടവര്‍ പരസ്പരം മിണ്ടാതായി. മരിച്ചതിനുശേഷം ബാലകൃഷ്‌ണന്‍ വല്ലാതെ കരഞ്ഞു. ബ്രയിന്‍ ക്യാന്‍സര്‍ വന്നതുകൊണ്ടാണ് അങ്ങനെയൊക്കെ പെരുമാറുകയും വഴക്കടിക്കുകയുമൊക്കെ ചെയ്‌തത്. 'നമ്മള്‍ വല്ലാതെ തെറ്റിദ്ധരിച്ചല്ലോ' - എന്ന് ബാലകൃഷ്‌ണന്‍ ദുഃഖത്തോടെ പറഞ്ഞു.

അവസാനകാലത്തെ മാറ്റങ്ങള്‍ സങ്കടകരമായിരുന്നു. എറണാകുളത്തെ ബാനര്‍ജി റോഡിന്റെ പേര് ഒരിക്കല്‍ മറന്നുപോയി. "എന്നെ ആര്‍ക്കും ആവശ്യമില്ല. ഇംഗ്ളീഷില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും എളുപ്പം തര്‍ജമ ചെയ്യാന്‍ കഴിയുന്ന ആരെങ്കിലും ഇവിടെയുണ്ടോ? എങ്കിലും എന്നെ ആര്‍ക്കും വേണ്ട.'' എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ആ നിസ്സഹായാവസ്ഥ ഞാന്‍ കണ്ടതാണ്.

ബി.എല്‍. പാസായശേഷം വടക്കന്‍പറവൂരില്‍ പോയി കുറെക്കാലം വക്കീലായി പ്രാക്ടീസ് ചെയ്‌തു. അധികം താമസിയാതെ അതു നിറുത്തി മടങ്ങി. "തൂറാന്‍ പറ്റാതെ മനുഷ്യന്‍ എങ്ങനെ കഴിഞ്ഞുകൂടും?'' എന്നാണ് ചോദിച്ചത്. അവിടെ മലമൂത്രവിസര്‍ജനത്തിനുണ്ടായിരുന്ന അസൌകര്യത്തെ സി.ജെ. സൂചിപ്പിച്ചത് ഇങ്ങനെയാണ്. പിന്നെ എ.ഐ. ആറില്‍ ചേര്‍ന്നു. അഭിപ്രായവ്യത്യാസം മൂലം അതും ഉപേക്ഷിച്ചു. പിന്നെയാണ് മുന്‍പ് സൂചിപ്പിട്ടുള്ള, എന്‍.ബി.എസില്‍ പുസ്‌തകത്തിന് മുഖചിത്രം വരയ്‌ക്കുന്ന ജോലി ഏറ്റെടുത്തത്. അത് ഇഷ്‌ടമായിരുന്നു. അവിടെവച്ചുകണ്ട അമേരിക്കന്‍ സായ്പ്, സി.ജെ.യുടെ വിജ്ഞാനം മനസ്സിലാക്കി. സായ്പ്, സി.ജെ.യെ Southern Book Trust ലേക്ക് (മദിരാശി) കൂട്ടിക്കൊണ്ടുപോയി. കുറെക്കാലം കഴിഞ്ഞപ്പോള്‍ അതും ഇഷ്‌ടപ്പെടാതെയായി. അതിനോടും യാത്ര പറഞ്ഞു. തുടരെത്തുടരെ ജോലികള്‍ ഇങ്ങനെ രാജിവയ്‌ക്കുന്നതിനെ സൂചിപ്പിച്ച് തമാശയ്‌ക്ക് ഞങ്ങള്‍ ചോദിക്കുമായിരുന്നു "സി.ജെ. വീട്ടില്‍ നിന്നും രാജി വയ്‌ക്കുന്നത് എന്നാണ്?'' എന്ന്. തൊട്ടുരുമ്മിനില്‍ക്കുന്നതിനോടെല്ലാം കലാപമുയര്‍ത്തിവിട്ടുപോകുന്ന സ്വഭാവം; നിശ്ചിതലക്ഷ്യമൊന്നുമില്ല.

ഇത്രമാത്രം അഗാധമായി ചിന്തിക്കാനും എഴുതാനും കഴിഞ്ഞതിന്റെ ഒരു കാരണം രോഗപീഡയാണെന്ന് ഒരു ഡോക്ടര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. കോഴിമുട്ട നല്ലതാണ്. ചീഞ്ഞാലോ? ദുര്‍ഗന്ധം വമിക്കും. ആദര്‍ശങ്ങളുടെ അവസ്ഥയും ഇതാണ്. ജനാധിപത്യം ഒരു യാത്രയാണ്.കാശിയിലേക്കുള്ള പോക്കില്‍ അവിടെ എത്തുന്നതുവരെയുള്ള യാത്രയിലാണ് അതിന്റെ പരിശുദ്ധി. ഇതെല്ലാം സി.ജെ. പറയുന്നതിന്റെ പിന്നിലുള്ള പ്രത്യേകബുദ്ധി മുന്‍സൂചിപ്പിച്ച രോഗത്തില്‍ നിന്നുമാണുണ്ടാകുന്നതെന്നും അത് പറഞ്ഞ ഡോക്ടര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ഒരു ചിന്താവിഷയമാണത്; രോഗവും പ്രതിഭയും.

കോമഡി ആസ്വദിക്കുന്ന ആളായിരുന്നു. നാടകങ്ങള്‍ കാണുന്നതില്‍ ഏറെ താല്‍പര്യമുണ്ടായിരുന്നു. ദേവ്, തോപ്പില്‍ ഭാസി - ഇവരുടെ നാടകങ്ങളെല്ലാം പോയി കണ്ടിരുന്നു.

നാടകാവതരണത്തില്‍ വേഷം, ലൈറ്റിങ് തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. നാടകസംബന്ധമായ മലയാളത്തിലെ ആദ്യത്തെ പുസ്‌തകം സി.ജെ.യുടെ 'ഉയരുന്ന യവനിക'യാവാം. നാടകത്തില്‍ നല്ല പാണ്ഡിത്യമുള്ള ആളായിരുന്നു എന്റെ ഗുരുനാഥന്‍ പ്രൊഫ. എന്‍. കൃഷ്‌ണപിള്ള. പിന്നെ രണ്ടുപേര്‍ സഹോദരന്മാരായ കൈനിക്കര പത്മനാഭപിള്ളയും കൈനിക്കര കുമാരപിള്ളയും. തിരുവനന്തപുരത്ത് അക്കാലത്ത് ഏറെ ആദരിക്കപ്പെട്ടവരായിരുന്നു രണ്ടുപേരും. നാടകത്തെ സംബന്ധിച്ച് സര്‍വജ്ഞര്‍ എന്ന് അവരെ പറയാം. ആ ഘട്ടത്തില്‍ നാടകവതാരണരീതി ആധാരമാക്കി ആദ്യമായി പുസ്‌തകമെഴുതിയ ആള്‍ സി.ജെ. തോമസാണ്. നാടകസംബന്ധമായി ഉള്‍ക്കാഴ്ചയുള്ള പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ വേദിയാണ് മുഖ്യമായും പരാമര്‍ശിക്കപ്പെടുന്നത്. നാടകത്തെക്കുറിച്ച് ഇത്രയ്‌ക്ക് അറിവുള്ള ആള്‍ വേറെയില്ല എന്ന് സി.ജെ.യെക്കുറിച്ച് കൈനിക്കര പത്മനാഭപിള്ള പറഞ്ഞത് വെറുതെയല്ല. അത്രയധികം വായിച്ച ആളായിരുന്നു സി.ജെ.

'ഈഡിപ്പസ്' നാടകം കോളെജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ വായിച്ചിരുന്നു. അതിന്റെ എട്ടോ ഒന്‍പതോ ഇംഗ്ളീഷ് തര്‍ജമകള്‍ സി.ജെ.യുടെ കൈവശമുണ്ടായിരുന്നു. അതെല്ലാം താരതമ്യം ചെയ്‌തിട്ടാണ് അദ്ദേഹം തര്‍ജമ ചെയ്‌തത്.
സമരങ്ങളെല്ലാം തട്ടിപ്പുകളാണെന്ന വിശ്വാസമായിരുന്നു. ആ മാനസികാവസ്ഥ അന്ന് പലര്‍ക്കുമുണ്ടായിരുന്നു; തകഴിയെപ്പോലെ. ഹരിപ്പാട് വച്ചു നടന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ ഇ.എം.എസ്. ജാതിബോധമുള്ള വ്യക്തിയാണെന്ന് തകഴി പ്രസംഗിച്ചു. 'ചെറുപ്പത്തിലേ പൂണൂല്‍ ഊരിയ ആളാണ് ഞാന്‍. ഒന്നുമില്ലെങ്കില്‍ അതെങ്കിലും സമ്മതിച്ചുതന്നുകൂടേ?'' എന്നായിരുന്നു ഇ.എം.എസിന്റെ പ്രതികരണം. ജന്മിത്വത്തിന്റെ കാലം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ വന്ന് ആധിപത്യം ഉറപ്പിക്കുകയായിരുന്നു ഇ.എം.എസ്. എന്നാണ് തകഴി പറഞ്ഞത്.
പി.കെ. ബാലകൃഷ്‌ണനും ഏതാണ്ട് ഇതേ അഭിപ്രായം പറഞ്ഞ ആളാണ്.

സ്വന്തമായ ഒരു ചിന്താപദ്ധതി സി.ജെ.ക്കില്ലായിരുന്നു. ശിഥിലമായ മിന്നല്‍പ്പിണരുകള്‍ പോലുള്ള ചിന്തകളായിരുന്നു. അത്തരം ചിന്തകള്‍ മലയാളത്തില്‍ മറ്റാരില്‍നിന്നും കിട്ടിയിട്ടില്ല; വേറെ ഒരെഴുത്തുകാരനില്‍ നിന്നും. ആസൂത്രണത്തോടുകൂടി ഗ്രന്ഥം രചിക്കാന്‍ കഴിവുള്ള ആളായിരുന്നില്ല. ദാര്‍ശനികമായ വിഷയങ്ങളെടുത്ത് എഴുതാന്‍ സി.ജെ.യ്‌ക്ക് കഴിയുമായിരുന്നില്ലെന്നും എനിക്കു തോന്നിയിട്ടുണ്ട്. അതേസമയം നവീനാശയങ്ങളുടെ മിന്നല്‍പ്പിണരുകള്‍ സൃഷ്‌ടിക്കാന്‍ ഇതുപോലെ കഴിവുണ്ടായിരുന്ന വ്യക്തികളും കുറവായിരുന്നു. ഓരോ രചനയും പരീക്ഷണമാകണം എന്ന രീതിയിലെഴുതാന്‍ കഴിയാത്തവന്‍ എഴുത്തുകാരനല്ല എന്ന് സ്വന്തം ജീവിതത്തിലൂടെ സി.ജെ. തെളിയിച്ചു. എല്ലാം കളഞ്ഞ് പുതിയതിലേക്ക് വരിക. അതായിരുന്നു ആദര്‍ശം. വ്യക്തിപരമായി വളരെയധികം സ്നേഹമുണ്ടായിരുന്ന ആള്‍; വളരെ ആര്‍ദ്രവും വികാരഭരിതവുമായ സ്നേഹമുണ്ടായിരുന്ന ആള്‍! അസദൃശമായ ഒരു വ്യക്തിത്വം!

സുഖലോലുപമായ ഒരു ജീവിതസങ്കല്‍പം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരിക്കല്‍ പി. ഉദയഭാനുവിന്റെ വീട്ടില്‍ ഞങ്ങള്‍ പോയി. വെട്ടൂര്‍ രാമന്‍ നായരും അവിടെ വന്നിരുന്നു. വെട്ടൂര്‍, ക്ളീന്‍ഷേവ് ചെയ്‌ത് ഭംഗിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ചാണ് വന്നിരുന്നത്. അപ്പോള്‍ സി.ജെ. പറഞ്ഞു, "ഇവരെപ്പോലെയൊക്കെ രാവിലെ എഴുന്നേറ്റ് സോപ്പ് തേച്ചു കുളിച്ച്, ഷേവ് ചെയ്‌ത് പൌഡറിട്ട്, ഒരുങ്ങിവരുന്ന ആളുകള്‍ക്ക് ഈ ലോകത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റുകയില്ല.''

സഹോദരന്‍ അയ്യപ്പനെ മതിപ്പായിരുന്നു. ഒരിക്കല്‍ സഹോദരനുമായി സംസാരിക്കവേ, സി.ജെ.യ്‌ക്കെതിരെ സഹോദരന്‍ പറഞ്ഞ വാദങ്ങള്‍ക്ക് സി.ജെ. മറുപടി പറഞ്ഞില്ല. മടങ്ങുമ്പോള്‍, ഒന്നും പറയാതിരുന്നതെന്താണെന്ന് ഞാന്‍ ചോദിച്ചു. കമ്യൂണിസ്‌റ്റ് ഗവണ്‍മെന്റിനെപ്പറ്റിയാണ് സഹോദരന്‍ പറഞ്ഞത്. "ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റല്ലേ? അവരെ അഞ്ചുകൊല്ലം ഭരിക്കാനനുവദിക്കാത്തത് എവിടത്തെ ജനാധിപത്യമര്യാദയാണ്?'' - എന്നെല്ലാം സഹോദരന്‍ ചോദിച്ചു. സി.ജെ. പറഞ്ഞത്, "ആ മനുഷ്യന്റെ ആത്മാര്‍ഥതയുടെ മുന്‍പില്‍ തോല്‍ക്കുകയേ നിവൃത്തിയുള്ളൂ'' എന്നാണ്.
നല്ല ഫോട്ടോഗ്രാഫര്‍കൂടിയായിരുന്നു സി.ജെ. കൈയില്‍ ക്യാമറ എപ്പോഴും കാണും. സംസാരിക്കുന്നതിനിടയില്‍ നമ്മളറിയാതെ നമ്മുടെ ഫോട്ടോ എടുക്കും.

ശിഥിലമായിരുന്നു ആ ചിന്തകള്‍ എന്നു മുന്നേ പറഞ്ഞു. പക്ഷേ, അവയില്‍ മൌലികതയുടെ സൌരഭ്യമുണ്ടായിരുന്നു. നിസ്വാര്‍ഥതയും ആത്മാര്‍ഥതയും അവയുടെ തിളക്കം കൂട്ടിയിരുന്നു. വിചിത്രസ്വഭാവങ്ങളുണ്ടായിരുന്നെങ്കിലും, ആഴങ്ങളുള്ള മനസ്സിന്റെ ഉടമയായിരുന്ന തികച്ചും വ്യത്യസ്‌തനായ ജീനിയസ്! ഒരര്‍ഥത്തില്‍, ഇതുപോലെ എന്ന് മറ്റൊന്നിനെ ചൂണ്ടിക്കാട്ടാനില്ലാത്ത അനന്യതയുടെ പ്രതീകം; അതായിരുന്നു സി.ജെ. തോമസ്.


*****

അഭിമുഖം തയ്യാറാക്കിയത് : പൂയപ്പിള്ളി തങ്കപ്പന്‍, കടപ്പാട് : ഗ്രന്ഥാലോകം ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്‌തിട്ടും ആദ്യത്തെ കമ്യൂണിസ്‌റ്റ് ഗവണ്‍മെന്റിനെ സി.ജെ. എതിര്‍ത്തതിനും മറ്റു സാംസ്‌കാരിക നേതാക്കള്‍ മൌനം പാലിച്ചതിനും പിന്നില്‍ ആ കാലഘട്ടത്തിന്റേതായി ചില കാരണങ്ങളുണ്ടായിരുന്നു. നേരത്തെ totalitarianism അഥവാ സമഗ്രാധിപത്യത്തെപ്പറ്റി പറഞ്ഞല്ലോ. അന്ന് ഒരു ഭീഷണിയായി കണ്ടത് സ്‌റ്റാലിനെയാണ്. അന്ന് റഷ്യയില്‍ സാഹിത്യകാരന്മാര്‍ക്ക് അസ്വാതന്ത്ര്യമുണ്ടായിരുന്നു; പല എഴുത്തുകാരും അപ്രത്യക്ഷരായി. ഇത് ഇവിടത്തെ എഴുത്തുകാരെയും സ്വാധീനിക്കുകയുണ്ടായി. കമ്യൂണിസ്‌റ്റ് ഭരണം ചിന്താസ്വാതന്ത്ര്യത്തിനും രചനാസ്വാതന്ത്ര്യത്തിനും തടസ്സമുണ്ടാക്കുമെന്ന് അന്ന് എഴുത്തുകാര്‍ ധരിച്ചിരുന്നു എന്നു തോന്നുന്നു. പാസ്‌റ്റര്‍നാക്ക് സംഭവം ഓര്‍ക്കുക. പാസ്‌റ്റര്‍നാക്കിനെ വായിച്ചിട്ടില്ലാത്തവര്‍പോലും അന്ന് അതുപറഞ്ഞ് പ്രൊട്ടസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. സാഹിത്യകാരന്മാര്‍ക്ക് ഈ പ്രൊട്ടസ്‌റ്റ് ഒരു ഫാഷനായിരുന്നു അന്ന്. ഈ സാഹചര്യമായിരിക്കാം, അന്ന്, സാംസ്‌കാരികരംഗത്തെ ചിലരെ എതിര്‍പ്പുകാരും ചിലരെ മൌനികളും ആക്കി മാറ്റിയത്. ജോര്‍ജ് ഓര്‍വലിന്റെ '1984' എന്ന ഗ്രന്ഥം സി.ജെ. തര്‍ജമ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കമ്യൂണിസം വന്നാല്‍ ഇതായിരിക്കും സ്ഥിതി എന്ന് ആ പുസ്‌തകത്തെ പ്രതി അദ്ദഹം ചിന്തിച്ചിരിക്കാം. ഓര്‍വലിന്റെ ‘Animal Farm’ ആരെക്കൊണ്ടോ സി.ജെ. തര്‍ജമ ചെയ്യിച്ചിട്ടുണ്ട്. അതിന്റെ സാരാംശം കമ്യൂണിസത്തിനെതിരാണ്. കമ്യൂണിസം ഉണ്ടാക്കിത്തീര്‍ക്കുന്ന പ്രത്യേകതരം പ്രചാരണം, അതിനുള്ള അവരുടെ വൈഭവം, അതിലൂടെ മനുഷ്യരെ കൂച്ചുവിലങ്ങിടുന്നു എന്നൊക്കെയുള്ള ആശയമാണ് അതിലുള്ളത്. എങ്കിലും അത് ഒരു അന്യാപദേശകഥയാണ്. അതിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചത് റോസി തോമസാണ്.

'1984' സി.ജെ. നല്ലപോലെ വായിച്ചിട്ടുണ്ട്. ‘All men are equal, some are more than equal’ തുടങ്ങിയ വാക്യങ്ങള്‍ അതിലുള്ളതാണല്ലോ. പാര്‍ട്ടി പറയുന്നു സമത്വത്തേക്കാളും കൂടുതല്‍ സമത്വം പാലിക്കുന്നവര്‍ വേറെയുണ്ടാകും - ഈ ആശയങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. ഈ ആശയപ്രചാരണത്തില്‍ സാഹിത്യകാരന്മാര്‍ക്കും പണം കിട്ടിയിരുന്നു. അതായത് ഈ ആശയപ്രചാരണത്തില്‍ അവരും പങ്കുവഹിച്ചിരുന്നു. കൂടുതല്‍ എനിക്കറിയില്ല. വര്‍ത്തമാനപത്രങ്ങളും ഇതിനു കൂട്ടുനിന്നിട്ടുണ്ട്. പരിഭാഷകള്‍ പരിശോധിക്കുന്ന രീതിയിലാണ് സാഹിത്യകാരന്മാരെ പത്രങ്ങള്‍ സ്വാധീനിച്ചത്. പരിഭാഷ സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്നു; അതിനോടൊപ്പം ഒരു ചോദ്യാവലിയുണ്ടാകും. മൂന്ന് ചോദ്യങ്ങള്‍ മാത്രം. നല്ലതാണോ? ഇടത്തരമാണോ? ചീത്തയാണോ? ഓരോ ചോദ്യത്തിനും നേരെ ചതുരത്തിലുള്ള അടയാളമുണ്ടാകും. അതില്‍ 'ടിക്' മാര്‍ക്ക് ചെയ്‌താല്‍ മതി, പ്രതിഫലമോ? 500 രൂപ. അന്ന് അത് വലിയ തുകയാണ്. ആ കാലത്ത് എന്റെ ശമ്പളം 200 രൂപയാണ്. അപ്പോള്‍ അഞ്ഞൂറിന്റെ 'വലുപ്പം' മനസ്സിലാക്കാമല്ലോ. അങ്ങനെ അനേകം പേര്‍ക്ക് കിട്ടിയിരുന്നു. അത് വിദേശപണമാകാം. എനിക്കറിയില്ല. അമേരിക്കന്‍ ന്യൂസ് ഏജന്‍സിക്കൊക്കെ അതില്‍ പങ്കുണ്ടാകാം, പ്രൊഫ. സാനു കൂട്ടിച്ചേര്‍ത്തു.