Monday, August 25, 2008

തോക്കുകള്‍ കഥ പറയുന്നു


മക്കളേ വീഴ്ത്തൂ, ദാ നോക്ക്... ഇങ്ങനെ പിടിക്കൂ... എന്നിട്ട് നേരെ നോക്ക്...''

"അച്ഛാ എനിക്ക് കൈ വേദനിക്കുന്നു. ശരിയാകുന്നില്ല. എനിക്കിതില്‍ താല്‍പര്യമില്ല''

"നിന്റെ താല്‍പര്യം എനിക്കറിയണ്ട. മറിച്ച് എന്റേം നിന്റമ്മേടേം താല്‍പര്യം നീയാണ് മനസ്സിലാക്കേണ്ടത്. പിടിക്ക്... തോക്ക് നേരെ പിടിക്ക്... എന്നിട്ട് ഒരു കണ്ണ് അടച്ചുപിടിക്ക്... എന്നിട്ട് അച്ഛന്‍ ചുവരില്‍ കരിക്കട്ടകൊണ്ട് അടയാളമിട്ടിരിക്കുന്ന ഈ വട്ടത്തില്‍ വെടിവയ്ക്ക്....''

"വേണ്ടച്ഛാ... എനിക്ക് ഷൂട്ടറാവണ്ടാ.''

"നോക്ക്. കരിനാവ് കൊണ്ട് ഓരോന്ന് എഴുന്നള്ളിക്കരുത്. ഏഴുവയസ്സേ ഉള്ളൂ എന്നൊന്നും നോക്കില്ല. മരിച്ചുപോയ ഗുരുകാരണവന്മാരാണെ സത്യം, നിന്നേം ഷൂട്ടിങ് പഠിപ്പിക്കും. നിന്നെക്കൊണ്ടും വാങ്ങിപ്പിയ്ക്കും ഒളിമ്പിക്സ് സ്വര്‍ണ്ണം ഒരെണ്ണം. ഇല്ലെങ്കില്‍ എന്റെ പേര് സദാനന്ദനെന്നല്ല. ഈ നില്‍ക്കുന്ന നിന്റമ്മ സത്യഭാമ അല്ല. ബീജിങ് ഒളിമ്പിക്സില്‍ 'അഭിനവ് ബിന്ദ്ര' സ്വര്‍ണ്ണംവാങ്ങിയപ്പൊ അച്ഛന്‍ എ എസ് ബിന്ദ്രയും അമ്മ ബസ്ലി ബിന്ദ്രയും സന്തോഷിച്ച സന്തോഷിക്കല്‍ മക്കള്‍ കണ്ടില്ലേ. ബിന്ദ്രയാണെടാ മോനേ മോന്‍. ബിന്ദ്രക്കും നിന്നെപ്പോലെ പുറംവേദനയും തലക്കറക്കവും ഒക്കെ ഉണ്ടായി. പക്ഷെ, ആ കൊച്ചന് അവന്റെ അച്ഛനോടും അമ്മയോടും ഒരു കടപ്പാടുണ്ടായിരുന്നു. വെക്ക് വെടിവയ്ക്ക്.''

"വീഴ്ത്തൂ മക്കളേ, അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ. ദേ അച്ഛനും അമ്മയും രണ്ടുമാസത്തെ ലീവ് എടുത്തേക്കുകയാണ് ഓഫീസില്‍നിന്നും. നിന്നെ ഷൂട്ടറാക്കാന്‍.''

"അമ്മേ പക്ഷെ എനിക്ക്...''

"നോക്ക്.. തടസ്സോം തര്‍ക്കുത്തരോം പറഞ്ഞാല്‍ ചവിട്ടി നിന്റെ എല്ലൊടിച്ചുകളയും.''

"വേണ്ട, അവനെ ഒന്നും ചെയ്യണ്ട. നമ്മുടെ വേദന അവന് മനസ്സിലാകുന്നില്ലെങ്കില്‍ വിട്ടേയ്ക്ക്. ആ തോക്ക് വാങ്ങി നമുക്ക് വെടിവെച്ച് മരിക്കാം.''

അമ്മ തോക്ക് തട്ടിപ്പറിക്കുന്നു. എയര്‍ഗണ്‍കൊണ്ട് വെടിവച്ചാല്‍ മരിക്കില്ലെന്ന് ഓര്‍മ്മിക്കാതെ വെടിവെക്കാന്‍ തുടങ്ങുന്നു. സദാനന്ദന്‍ തോക്ക് തട്ടിപ്പറിക്കുവാന്‍ തുടങ്ങുന്നു. ആകെ ബഹളമയം. ആ സീനിലേക്കാണ് ലേഖകന്‍ കയറിച്ചെല്ലുന്നത്.

"എന്താ എന്താ സംഗതി...'' ലേഖകന്‍ ഏതു സമയവും ഓടാന്‍ തയ്യാറെടുത്തുനിന്ന് ചോദിച്ചു.

"നോക്കണം എന്റെ ചേട്ടാ'' സദാനന്ദന്‍ പറഞ്ഞുതുടങ്ങി. "കണ്ണേ പൊന്നേ എന്നുവളര്‍ത്തികൊണ്ടുവരുന്ന മകന്‍. ഇവനില്‍ ഞങ്ങള്‍ക്ക് ഒരുപാട് ആശയുണ്ട്. സ്വപ്നമുണ്ട്. അഭിനവ് ബിന്ദ്രയെപ്പോലെ ഇവനെയും ഒരു ഷൂട്ടറാക്കണമെന്നാണ് ഇപ്പോഴത്തെ സ്വപ്നം. തെക്കേപ്പറമ്പില് ഷൂട്ടിങ് റേഞ്ച് സെറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകളൊക്കെ ആയി. പക്ഷെ, ഇവന്‍ കയറി ഇടഞ്ഞുനില്‍ക്കുകാ.''

"അല്ല... കഴിഞ്ഞ മാസം കണ്ടപ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള റിഹേഴ്സലുകളായിരുന്നല്ലോ...'' ലേഖകന്‍ ചോദിച്ചു.

"അതെ...'' സത്യഭാമയാണ് മറുപടി പറഞ്ഞത്.

"ട്രെന്‍ഡ് പെട്ടെന്നല്ലേ മാറിയത്. ഇപ്പോള്‍ അറ്റന്‍ഷന്‍ ഷൂട്ടിങ്ങിലേക്ക് വന്നില്ലേ...''

"ഇതാണ് നമ്മുടെ കുഴപ്പം'' ലേഖകന്‍ പേടിച്ചു പേടിച്ചുപറഞ്ഞു. "അന്നന്നു കാണുന്നതിന്റെ പിറകെ നമ്മള്‍ പായുകയാണ്. സാനിയ മിര്‍സ കളികള്‍ ജയിച്ചുകൊണ്ടിരുന്നാല്‍ ഏവരും ടെന്നിസിനുപിറകെ. ട്രോഫികള്‍ കിട്ടിക്കൊണ്ടിരുന്നാല്‍ ക്രിക്കറ്റിനുപിറകെ, രാകേഷ് ശര്‍മ്മ ബഹിരാകാശത്തുപോയപ്പോള്‍ ബഹിരാകാശഗവേഷണത്തിനു പിറകെ...''

"അതിനെന്താകുഴപ്പം...'' സദാനന്ദന്‍ ഒട്ടും ആനന്ദമില്ലാതെ ചോദിച്ചു. "ഒരു നല്ല കാര്യത്തിലേക്ക് നമ്മളെ ആകര്‍ഷിക്കാന്‍ ഉള്ള പ്രേരണകള്‍ വേണം. ട്രോഫിയും മെഡലുമൊക്കെ അതാണ്.''

"അതെ, സമ്മതിച്ചു. ജയവും ട്രോഫിയും മെഡലുമൊക്കെ അത്യന്താപേക്ഷിതമാണ്. പക്ഷെ, ഈ മെഡല്‍ കിട്ടുന്നതിനുമുമ്പ് ഇവിടുത്തെ ഷൂട്ടിങ് ഗെയിമിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല... ഓട്ടത്തിന് പ്രൈസുകിട്ടിയില്ലെങ്കില്‍ പാവം ഓട്ടക്കാരെക്കുറിച്ചും ചാട്ടക്കാരെക്കുറിച്ചും ആരും ശ്രദ്ധിക്കുന്നില്ല. എത്രയോ മികച്ച ഫുട്ബോള്‍ താരങ്ങള്‍ നമുക്കുണ്ട്. അവരെ അറിയുന്നില്ല. അവരുടെയൊന്നും അവസ്ഥ അറിയുന്നില്ല. അവരുടെയൊന്നും അവസ്ഥ അറിയുന്നില്ല. 'അഭിനവ് ബിന്ദ്ര' എന്ന അഭിമാനം അനുഭവിച്ച കഠിന പരിശ്രമങ്ങള്‍ സ്വര്‍ണ്ണം കിട്ടിയില്ലായിരുന്നെങ്കില്‍ ആരും അറിയില്ലായിരുന്നു. നമ്മള്‍ക്കിപ്പോള്‍ ഏതും അന്നത്തെ വാര്‍ത്തയും അന്നത്തെ ട്രെന്‍ഡും മാത്രമാണ്. അഭിനവ് ബിന്ദ്രയും ഇതുദ്ദേശിച്ചായിരിക്കും പറഞ്ഞത്.

"രണ്ടു ആഴ്ച കഴിഞ്ഞാല്‍ നിങ്ങള്‍ ഇതൊക്കെ മറക്കും.'' നേരാണ്. അപ്പോള്‍ ഒരു പുതിയ ആകര്‍ഷണസംഗതിവരും. ആളുകള്‍ അങ്ങോട്ടുപായും. മുമ്പ് എസ്എസ്എല്‍സിക്ക് റാങ്കുണ്ടായിരുന്നപ്പോള്‍ എല്ലാ അച്ഛനമ്മമാരും റാങ്കിന്റെ പിറകെ ഓടുകയായിരുന്നു.''

മകന്റെ കയ്യില്‍നിന്നും സദാനന്ദന്‍ പെട്ടെന്ന് തോക്കുപിടിച്ചു വാങ്ങി. ലേഖകന്റെ നെഞ്ചടത്തേക്ക് ഒരൊറ്റ വെടി.

"അയ്യോ എന്നെ കൊന്നേ'' ലേഖകന്‍ അലറിവിളിച്ചു.

"എന്താ എന്തുപറ്റി?'' ലേഖകന്റെ ഭാര്യ ലേഖകനെ തട്ടിവിളിക്കുന്നു. ലേഖകന്‍ കണ്ണു തുറന്നു. ങേ! സദാനന്ദന്‍ എവിടെ? സത്യഭാമയും മകന്‍ വിഷ്ണുവും എവിടെ? തോക്കെവിടെ... ലേഖകന്‍ കയ്യിലെ ദിനപ്പത്രം നോക്കി. മെഡലുമായി അച്ഛനമ്മമാരുടെ നടുവില്‍നില്‍ക്കുന്ന അഭിനവ് ബിന്ദ്ര. ഓ അതുശരി. പത്രം വായനക്കിടയില്‍ കണ്ടുപോയ ഒരു പകല്‍സ്വപ്നം.

****

കൃഷ്ണപൂജപ്പുര

6 comments:

വര്‍ക്കേഴ്സ് ഫോറം said...

"നോക്കണം എന്റെ ചേട്ടാ'' സദാനന്ദന്‍ പറഞ്ഞുതുടങ്ങി. "കണ്ണേ പൊന്നേ എന്നുവളര്‍ത്തികൊണ്ടുവരുന്ന മകന്‍. ഇവനില്‍ ഞങ്ങള്‍ക്ക് ഒരുപാട് ആശയുണ്ട്. സ്വപ്നമുണ്ട്. അഭിനവ് ബിന്ദ്രയെപ്പോലെ ഇവനെയും ഒരു ഷൂട്ടറാക്കണമെന്നാണ് ഇപ്പോഴത്തെ സ്വപ്നം. തെക്കേപ്പറമ്പില് ഷൂട്ടിങ് റേഞ്ച് സെറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകളൊക്കെ ആയി. പക്ഷെ, ഇവന്‍ കയറി ഇടഞ്ഞുനില്‍ക്കുകാ.''

കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന

കുടുംബംകലക്കി said...

കൊള്ളാം...

Anonymous said...

പോക്കു നോക്കുകയാണ്‍കില്‍ തോക്ക് കഴിഞ്ഞാല്‍ കുറച്ച് നേരം ഗുസ്തിയും കുറച്ച് നേരം ബോക്സിങ്ങും പിള്ളാരെ പഠിപ്പിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്. ക്രിക്കറ്റ് പോലുള്ള മനോഹരമായ കളിയെ എല്ലാരും കൂടി നശിപ്പിക്കും.

Anonymous said...

ആദ്യമായി നമ്മള്‍ മൂന്നു ഒളിമ്പിക്സ്‌ മെഡല്‍ ഒപ്പിച്ചു അതിനവരെ അനുമോദിക്കുക , ഏതു ഗെയിമും ലോകോത്തരനിലവാരത്തില്‍ ജയിക്കുന്നത്‌ നിസ്സാരമല്ല, നമ്മള്‍ക്കു വളിപ്പടിക്കാനല്ലേ അറിയു, താന്‍ ബെയ്ജിങ്ങില്‍ ചെല്ലാത്തതുകൊണ്ടാണു അന്‍ ജു ബോബി ജോര്‍ജു ഫൌള്‍ ആയിപ്പോയതെന്നു വിജയകുമാര്‍ സ്വകാര്യമായി പറയുന്നു ഹ ഹ

Baiju Elikkattoor said...

ഹൊ! അരൂഷിടെ ഓരോ തമാശേ, ചിരിക്കാതിരിക്കുന്നതെങ്ങനെ......ഹാ, ഹാ, ഹാ.

simy nazareth said...

കൊള്ളാം... നല്ല പോസ്റ്റ്