Monday, August 11, 2008

മഹ്‌മൂദ് ദര്‍വീശ് ഓര്‍മയായി

പലായനത്തിനും പോരാട്ടങ്ങള്‍ക്കുമിടയില്‍ നാടാകെ പടര്‍ന്ന പലസ്തീന്‍-അറബ് സംഗീതം നിലച്ചു.

ചവിട്ടിനില്‍ക്കാനിടമില്ലാത്ത സ്വന്തം രാഷ്ട്രത്തിന്റെ ഭാഷയും ആത്മാഭിമാനവും ഉണര്‍ത്തിയ പലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശ് ഓര്‍മയായി. ഹൃദയശസ്ത്രക്രിയയെതുടര്‍ന്ന് ഹൂസ്‌റ്റണ്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 67 വയസ്സായിരുന്നു പ്രായം. തോക്കുകള്‍ക്ക് കവിത എങ്ങനെ വെല്ലുവിളിയാകുമെന്ന് ഇസ്രയേലിനെ ബോധ്യപ്പെടുത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്നത്തിന് ശബ്ദം നല്‍കിയ അദ്ദേഹത്തിന്റെ കൃതികള്‍ മലയാളമടക്കം ഇരുപതിലധികം ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. മുപ്പതിലധികം കവിതാസമാഹാരമുള്ള ദര്‍വീശിന്റെ അവസാനമായി പുറത്തുവന്ന കവിത 2008ല്‍ പ്രസിദ്ധീകരിച്ച 'ദി ഇംപ്രഷന്‍സ് ഓഫ് ബട്ടര്‍ഫ്ളൈ'യാണ്. ഫ്രാന്‍സിലെ ഉന്നത ബഹുമതിയായ 'നൈറ്റ് ഓഫ് ആര്‍ട്സ്' അടക്കം നിരവധി ലോകോത്തര പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരേസമയം ഇസ്രായേല്‍ അധിനിവേശത്തെയും പലസ്തീന്‍ നേതൃത്വത്തിന്റെ കൊള്ളരുതായ്മകളെയും വിമര്‍ശിച്ച ദര്‍വീശ് മറ്റ് 21 കവിതാസമാഹാരങ്ങള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. 'ചിറകുകളില്ലാത്ത കുരുവികള്‍', 'സൈത്തൂന്‍ ഇലകള്‍', 'പലസ്തീനില്‍ നിന്ന് ഒരു കാമുകന്‍', 'തോക്കിന്റെ വെളിച്ചത്തില്‍ ഒരു എഴുത്ത്', 'ഓപറേഷന്‍ നമ്പര്‍ എട്ട്'' തുടങ്ങിയവയായിരുന്നു പ്രധാന കവിതകള്‍.

ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന പലസ്തീനിലെ ഹൈഫയ്ക്കുസമീപം ബിര്‍വെ ഗ്രാമത്തില്‍ എട്ടു സഹോദരങ്ങളടങ്ങുന്ന വലിയ കുടുംബത്തില്‍ ഭൂവുടമയുടെ മകനായാണു ദര്‍വീശ് ജനിച്ചത്. ഇസ്രായേല്‍ അധിനിവേശംമൂലം കുട്ടിക്കാലത്തു തന്നെ ദര്‍വീശിന്റെ കുടുംബം ലബനനിലേക്കു താമസംമാറി. ഹൈസ്കൂള്‍ വിദ്യാഭ്യാസശേഷം ദര്‍വീശ് ഇസ്രയേല്‍ കമ്യൂണിസ്റ് പാര്‍ടിയില്‍ അംഗമായി. ദര്‍വീശിന്റെ അധിനിവേശത്തെ വിമര്‍ശിച്ചുള്ള കവിതകള്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പത്രങ്ങളില്‍ വെളിച്ചംകണ്ടിരുന്നു. അതിനാല്‍ വിപ്ളവകവിയെന്ന നിലയിലും കമ്മ്യൂണിസ്റ് അനുഭാവിയെന്ന നിലയ്ക്കും സയണിസ്റുകളുടെ കരിമ്പട്ടികയില്‍ യുവാവായ ദര്‍വീശിനു പെട്ടെന്ന് ഇടംകിട്ടി. അമ്പതുകളില്‍ ഇരമ്പിമറിഞ്ഞ മനസ്സില്‍നിന്ന് രൂപപ്പെട്ട കവിതകള്‍ 22-ാം വയസ്സില്‍ ആദ്യസമാഹാരമായി പുറത്തുവന്നപ്പോള്‍ത്തന്നെ അറബ് സാഹിത്യലോകത്ത് ദര്‍വീശ് തന്റേതായ ഇടംകണ്ടെത്തിയിരുന്നു.

ചിറകുകളില്ലാത്ത കുരുവികള്‍ എന്ന കവിതാസമാഹാരത്തോടെയാണ് അറുപതുകളില്‍ ദര്‍വീശിന്റെ തൂലിക പലസ്തീന്‍ പ്രതിരോധത്തിന്റെ പടവാളായി മാറുന്നത്. 1970ല്‍ ദാര്‍വിഷ് കവിതയുടെ പ്രഹരശേഷി തിരിച്ചറിഞ്ഞ ഇസ്രയേല്‍ പീഡനങ്ങളുടെ പരമ്പര ആരംഭിച്ചപ്പോള്‍ കവിതയും പ്രവാസവും കൂടിക്കലര്‍ന്ന രണ്ടാംഘട്ടത്തിലേക്ക് ദര്‍വീശിന്റെ ജീവിതം കടന്നു. സോവിയറ്റ് യൂണിയനില്‍ പഠനത്തിനുപോയ ദര്‍വീശ് ഈജിപ്തും ലബനനും സന്ദര്‍ശിച്ചെത്തിയതിനുശേഷം പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നു. പലസ്തീനിന്റെ മോചനത്തിന് എല്ലാ വിഭാഗം ജനതയും ഒന്നിച്ച പിഎല്‍ഒയില്‍നിന്ന് അദ്ദേഹം രാജിവച്ചു. ഇസ്രയേലുമായി യാസര്‍ അറഫാത്ത് 1993ല്‍ ഉണ്ടാക്കിയ അപൂര്‍ണമായ സമാധാനസന്ധിയില്‍ (ഒസ്ളോ കരാറില്‍‌) പ്രതിഷേധിച്ചായിരുന്നു രാജി.

ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞു, "എന്റെ തീരുമാനം തെറ്റായിരിക്കണേ എന്നു ഞാന്‍ ആഗ്രഹിച്ചു. ദുഃഖകരമെന്നു പറയട്ടെ, അത് ശരിയായിരുന്നു''.

അറബ് പലസ്തീന്‍ തെരുവുകളില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ദര്‍വീശിന്റെ ചിന്തകള്‍ ഇസ്രയേലിലും വന്‍ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ കവിതകള്‍ ഹൈസ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ വിദ്യാഭ്യാസമന്ത്രി യോസ്സി സറിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദര്‍വീശിന്റെ ആശയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി യഹൂദ് ബറാക് തള്ളുകയായിരുന്നു. പ്രതീകാത്മകമായി സ്വതന്ത്രരാജ്യം പ്രഖ്യാപിക്കുമ്പോള്‍ യാസര്‍ അറഫാത്ത് ദര്‍വീശിന്റെ കവിത ആലപിച്ചിരുന്നു. ഇത്തിഹാദ്, കെയ്റോയിലെ അല്‍ അഹ്റാം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ദര്‍വീശ് പലസ്തീന്‍ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറുമായിരുന്നു.

ഇസ്രായേലിന്റെ ക്രൂരതയില്‍ ഞെരിഞ്ഞമരുന്ന പലസ്തീന്‍ പോരാളികളുടെ ഹൃദയത്തില്‍ വിപ്ളവത്തിന്റെ കനലണയാതെ സൂക്ഷിക്കുന്നതില്‍ ഒരു വലിയ പങ്ക് പലസ്തീന്റെ ദേശീയകവിയായി അറിയപ്പെട്ട ദര്‍വീശിന് അവകാശപ്പെട്ടതാണ്. ദര്‍വീശിന്റെ കവിതകളിലെല്ലാം താനുള്‍പ്പെടുന്ന ജനതയുടെ സ്വരം മുഴങ്ങിക്കേള്‍ക്കാം. ചിറകുകളില്ലാത്ത കുരുവികള്‍ എന്ന കവിതാസമാഹാരത്തിലെ 'തിരിച്ചിറിയല്‍ കാര്‍ഡ്' എന്ന കവിതയില്‍ പറയുന്നു: "ഞാന്‍ മനുഷ്യരെ വെറുക്കുന്നില്ല. ആരുടെയും വസ്തുവില്‍ ഞാന്‍ അതിക്രമിച്ചു കടക്കുന്നില്ല. എന്നാല്‍, എനിക്കു വിശന്നാല്‍ എന്റെ കവര്‍ച്ചക്കാരന്റെ മാംസം ഞാന്‍ തിന്നും. സൂക്ഷിക്കുക, സൂക്ഷിക്കുക എന്റെ വിശപ്പിനെ, എന്റെ കോപത്തെ!'' തങ്ങളുടെ മണ്ണ് കവര്‍ന്നെടുത്തവര്‍ക്കുള്ള പ്രകടമായ താക്കീതാകുന്നു ഈ കവിത.

"പുരുഷായുസ്സ് എനിക്ക് മതിയാവില്ല... എന്റെ അന്ത്യത്തെ ആരംഭത്തിലേക്ക് വലിച്ചടുപ്പിക്കാന്‍...''- ഏറെ പ്രശസ്തമായ 'മ്യൂറലി'ല്‍ അദ്ദേഹം എഴുതി. "ഒരു സ്ത്രീ മേഘങ്ങളോട് യാചിച്ചു... എന്റെ പ്രിയതമനെ ആശ്ളേഷിക്കൂ. എന്റെ വസ്ത്രങ്ങള്‍ അവന്റെ ചോരയാല്‍ കുതിര്‍ന്നിരിക്കുന്നു...'' ഇങ്ങനെ തേങ്ങിയ ദര്‍വീശിന്റെ കവിതയില്‍ പലസ്തീന്റെ ദീനരോദനമാണ് ലോകം ശ്രവിച്ചത്. വ്യക്തി-ആള്‍ക്കൂട്ട സമസ്യ അദ്ദേഹത്തിന്റെ കവിതകളിലും ഉത്തരംകിട്ടാതെ തുടര്‍ന്നുപോകുന്നുണ്ട്. "എപ്പോഴെല്ലാം ഞാന്‍ എന്നെ തിരഞ്ഞുവോ; ഞാന്‍ കണ്ടത് മറ്റുള്ളവരെ. ഞാന്‍ അവരെ തിരഞ്ഞപ്പോള്‍, ഏകനായ എന്നെമാത്രം കണ്ടു. അതിനാല്‍ ഞാനാണ് വ്യക്തി- ആള്‍ക്കൂട്ടം?''. പ്രണയം, മരണം എന്നിവയും അദ്ദേഹത്തിന്റെ കവിതയുടെ തീവ്രവിഷയങ്ങളായിരുന്നു.

പലസ്തീനിലെ ഹമാസ്-ഫത്ഹ് വിഭാഗങ്ങള്‍ക്കിടയിലെ കലഹങ്ങളെ രൂക്ഷമായ ഭാഷയില്‍ ദര്‍വീശ് വിമര്‍ശിച്ചിരുന്നു. ശത്രുവിന്റെ മുന്നില്‍ തമ്മില്‍ത്തല്ലുന്നവര്‍ സ്വന്തം ശവക്കുഴി തോണ്ടുന്നവരാണെന്നായിരുന്നു ദര്‍വീശിന്റെ കാഴ്ചപ്പാട്. എഴുത്തിലും പ്രസംഗത്തിലും ഹമാസിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും 'യാ യഹൂദ് ഖൈബര്‍ ഖൈബര്‍, ജെയ്ശ് മുഹമ്മദ് സൌഫ യഊദു (യഹൂദരേ, ഖൈബര്‍ യുദ്ധമോര്‍ക്കുക; മുഹമ്മദിന്റെ സൈന്യം തിരിച്ചു വരും)' എന്നു പാടി ഒരിക്കല്‍ സയണിസത്തെ കെട്ടുകെട്ടിക്കുമെന്നു കവിതകളിലൂടെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന ദര്‍വീശിനെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായിട്ടായിരുന്നു ഹമാസ് കണ്ടിരുന്നത്. നൊബേല്‍ ജേതാവ് നജീബ് മഹ്ഫൂസിനു ശേഷം അറബ് സാഹിത്യത്തില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായി ഇദ്ദേഹം പരിഗണിക്കപ്പെടുന്നു. അവസാനകാലത്ത് അനാരോഗ്യം കാരണം വിശ്രമത്തിലായിരുന്നെങ്കിലും അരനൂറ്റാണ്ടോളം ഇസ്രായേലിനെതിരേ അക്ഷരം കൊണ്ട് ഇന്‍തിഫാദയുടെ ബാലപാഠങ്ങള്‍ പലസ്തീനിലെ കൌമാരങ്ങള്‍ക്കു ചൊല്ലിക്കൊടുത്ത ആ കനല്‍ക്കട്ട അണഞ്ഞിരുന്നില്ല.

ദര്‍വീശ് തങ്ങളുടെ ഹൃദയവും ജിഹ്വയുമായിരുന്നുവെന്ന് ഇസ്രയേല്‍ കമ്യൂണിസ്റ് പാര്‍ടി പോളിറ്റ് ബ്യൂറോ അംഗം ഇസാം മഖൂല്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദാര്‍വീശിന്റെ മരണത്തില്‍ അനുശോചിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പലസ്തീനില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

'ചിറകില്ലാത്ത പക്ഷി'യെന്നു സ്വയം വിശേഷിപ്പിച്ചു പലസ്തീന്‍ രാഷ്ട്രത്തിന്റെ സ്വപ്നങ്ങള്‍ക്കു സ്വരംപകര്‍ന്ന ദര്‍വീശിന്റെ സംസ്കാരച്ചടങ്ങുകള്‍ നാളെ വെസ്റ്ബാങ്കിലെ റാമല്ലയില്‍ നടക്കും. 2004ലെ യാസിര്‍ അറഫാത്തിന്റെ സംസ്കാരച്ചടങ്ങിനുശേഷം നടക്കുന്ന ഏറ്റവും വലിയ ചടങ്ങായിരിക്കും ദര്‍വീശിന്റേതെന്നു സാംസ്കാരികമന്ത്രി തഹാനി അബൂദക്ക പറഞ്ഞു. ദര്‍വീശിന്റെ കൃതികള്‍ കൊണ്ട് അലംകൃതമായ സ്മാരകം ഖബറിടത്തിനരികെ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

*
കടപ്പാട്: ദേശാഭിമാനി, മാധ്യമം, തേജസ്

അധിക വായനയ്ക്ക്

ഒരു രാജ്യഭ്രഷ്ടന്‍ നാടു നീങ്ങുന്നു

Mahmoud Darwish: Palestine's 'Poet of Resistance'

പലസ്തീനിന്റെ ഹൃദയവും നാക്കും

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പലായനത്തിനും പോരാട്ടങ്ങള്‍ക്കുമിടയില്‍ നാടാകെ പടര്‍ന്ന പലസ്തീന്‍-അറബ് സംഗീതം നിലച്ചു.

ചവിട്ടിനില്‍ക്കാനിടമില്ലാത്ത സ്വന്തം രാഷ്ട്രത്തിന്റെ ഭാഷയും ആത്മാഭിമാനവും ഉണര്‍ത്തിയ പലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശ് ഓര്‍മയായി. ഹൃദയശസ്ത്രക്രിയയെതുടര്‍ന്ന് ഹൂസ്റ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 67 വയസ്സായിരുന്നു പ്രായം. തോക്കുകള്‍ക്ക് കവിത എങ്ങനെ വെല്ലുവിളിയാകുമെന്ന് ഇസ്രയേലിനെ ബോധ്യപ്പെടുത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്നത്തിന് ശബ്ദം നല്‍കിയ അദ്ദേഹത്തിന്റെ കൃതികള്‍ മലയാളമടക്കം ഇരുപതിലധികം ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

ഫസല്‍ ബിനാലി.. said...

ഒരു ജനത നെഞ്ചിലേറ്റിയ അവരുടെ സ്വന്തം കവിയുടെ വിടവാങ്ങലില്‍ ഉള്ളു വിങ്ങുമ്പോഴും അദ്ധേഹം കൊളുത്തി വെച്ച രാജ്യ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ കൈവിളക്ക് കെടാതെ സൂക്ഷിക്കാന്‍ അരപ്പട്ടിണിയിലും കൊടും ചൂടിലും സുരക്ഷിത്ത്തമില്ലായ്മയിലും അടിമത്തത്തിലും അഭിമാനത്തോടെ സാമ്രാജ്യത്വത്തിനെതിരെ പൊരുതുവാന്‍ അവരുടെ വഞ്ചനയുടെ കഥ ലോകത്തെ അറിയിക്കാന്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കുമെതിരെ പാറച്ചീളുകളും ചങ്കൂറ്റവും കൈമുതലാക്കിയ ഒരു ജനതയോടോപ്പം സ്ത്യത്തിന്‍റെ ന്യായത്തിന്‍റെ മാര്‍ഗ്ഗത്തില്‍....ധീര യോദ്ധാവ് മഹ്മൂദ് ദാര്‍വീശിന്‍ അഭിവാദ്യങ്ങളോടെ.....