കമ്പോള സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണ്. 1980 കള്‍ മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു അത്; എന്നാല്‍ കുതിച്ചുയരുന്ന സാധന വിലകളും മൂക്കിടിച്ചുവീഴുന്ന ഓഹരിക്കമ്പോളവും പറയുന്നത് നവ ഉദാരവല്‍ക്കരണം പരാജയപ്പെട്ടതായാണ്.
1950 കള്‍ മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ് പോലെയുള്ള വിപണി അധിഷ്ഠിത ബുദ്ധികേന്ദ്രങ്ങള്‍ സ്വതന്ത്ര കമ്പോള പ്രതിവിപ്ലവത്തിനായുള്ള ഗൂഢാലോചന തുടങ്ങി. ഈ സാമ്പത്തിക ഉദാരവല്‍ക്കരണ വാദികള്‍ ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ കൈയിലെടുത്തു; ബ്രിട്ടീഷ് സമ്പദ്ഘടനയിലെ വലിയ പങ്കിനെ സ്വകാര്യവല്‍ക്കരിക്കാന്‍ അവരുടെ ആശയങ്ങളെ മിസ്സിസ് താച്ചര്‍ പ്രയോഗിച്ചു; കൌണ്‍സില്‍ ഹൌസിങ്ങ്‌സ്റ്റോക്ക് പൊട്ടവിലയ്ക്ക് വിറ്റഴിക്കുകയും യൂണിയനുകള്‍ക്കെതിരെ കടന്നാക്രമണം ആരംഭിക്കുകയും ചെയ്തു.
ബ്ലെയറിനും ബ്രൌണിനു കീഴില്‍ കമ്പോള പ്രത്യയശാസ്ത്രം അരക്കിട്ടുറപ്പിക്കപ്പെട്ടു; ലിബറല്‍ ഡെമോക്രാറ്റുകളും നവലിബറല്‍ ദിശയിലേക്കുതന്നെ ഉറച്ചകാല്‍വെയ്‌പുകളോടെ നീങ്ങാന്‍ തുടങ്ങി. അമേരിക്കയില്‍ ഇതേപോലെതന്നെ റീഗനും വിപണി അധിഷ്ഠിത അജണ്ട നടപ്പാക്കി; അങ്ങനെ സ്വതന്ത്രകമ്പോളം, കുറഞ്ഞ നികുതി നിരക്ക് (വിശിഷ്യ സമ്പന്നര്‍ക്ക്), സ്വതന്ത്രവ്യാപാരം, തൊഴിലാളികള്‍ക്കുനേരെ കടന്നാക്രമണം എന്നിങ്ങനെയുള്ള വാഷിങ്ടണ്‍ സമവായം ലോകവ്യാപകമായി പിടിമുറുക്കി.
എന്നിട്ടും കമ്പോളങ്ങള്‍, കാര്യക്ഷമത പ്രദര്‍ശിപ്പിച്ചില്ലെന്നു മാത്രമല്ല, അനീതി കുമിഞ്ഞുകൂടിയതിനൊപ്പം സാമ്പത്തികമായി കൂട്ടക്കുഴപ്പത്തില്‍ എത്തിപ്പെടുകയും ചെയ്തു. ഭക്ഷ്യസാധന വിലകള്‍ വാണംപോലെ കുതിച്ചുയരുകയാണ്; ധനമുതലാളിത്തം ബ്രിട്ടന്റെയും അമേരിക്കയുടെയും സമ്പദ്ഘടനകളെ ഏതാണ്ട് പൂര്‍ണ്ണമായ സാമ്പത്തിക മാന്ദ്യത്തില്‍ എത്തിച്ചിരിക്കുകയാണ്; കമ്പോളവല്‍ക്കരണം ലോകമാകെ ഒരുവശത്ത് മൂലധനകൂമ്പാരത്തിന്റെയും മറുവശത്ത് വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിന്റെയും വിരുദ്ധഭാവങ്ങള്‍ക്കിടവരുത്തി. കെയ്‌നീഷ്യന്‍ വിമര്‍ശകരും ന്യായസ്ഥന്മാരുമെല്ലാം വര്‍ദ്ധിച്ചുവരുന്ന നവലിബറല്‍ ദുഃസ്വപ്നങ്ങള്‍ കണ്ട് പേടിച്ചരണ്ടു; പക്ഷെ, നമുക്ക് ഈ വിശകലനം അല്പംകൂടി ആഴത്തില്‍ നടത്തണം - തൊലിപ്പുറമേയുള്ള പരിശോധന പോര.
ബ്രിട്ടീഷ് തപാല്‍ സര്‍വീസിന്റെ ചരമത്തില്‍ നിന്ന് നമുക്ക് ആരംഭിക്കാം. കമ്പോള പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതരായ യൂറോപ്യന്‍ യൂണിയന്‍ എല്ലാ തപാല്‍ സര്‍വീസുകളും കമ്പോളത്തിന് തുറന്നുകൊടുക്കണമെന്ന് ഉത്തരവിട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ നിര്‍ദ്ദേശങ്ങള്‍ ആവേശപൂര്‍വം നടപ്പിലാക്കുകയാണ്. തല്‍ഫലമായി, നൂറുകണക്കിന് പോസ്റ്റാഫീസുകള്‍ അടച്ചിടപ്പെട്ടതായി നാം ഇതിനകംതന്നെ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും 2500 എണ്ണകൂടി അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. തപാല്‍ വിതരണം ദിവസം രണ്ട് പ്രാവശ്യമായിരുന്നത് ഒരു പ്രാവശ്യമായി വെട്ടിച്ചുരുക്കി. തപാല്‍ വിതരണം നിര്‍ത്തലാക്കി. തപാല്‍ കൂലി വര്‍ദ്ധിപ്പിച്ചു. കവറിന്റെ ആകൃതിയെ അടിസ്ഥാനമാക്കി തപാല്‍ക്കൂലി ഈടാക്കുന്ന നിഗൂഢമായ ഒരു സമ്പ്രദായം നടപ്പിലാക്കി - ഇതിനെല്ലാം പുറമെയാണ് തൊഴിലാളികളുടെ ശമ്പളം തൊഴില്‍ വ്യവസ്ഥകള്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുനേരെ നടത്തിയ കടന്നാക്രമണങ്ങള്‍
പോസ്റ്റല്‍ സര്‍വീസിന്റെ 'ഉദാരവല്‍ക്കരണം' ദുരന്തത്തിലേക്ക് നയിക്കും. സാധാരണ സാമ്പത്തികശാസ്ത്ര പാഠപുസ്തകങ്ങള്‍ തപാല്‍ സര്‍വീസിനെ 'സ്വാഭാവികകുത്തക' എന്നാണ് വിശേഷിപ്പിക്കുന്നത്. മത്സരം അതിന്റെ കാര്യക്ഷമത നഷ്ടപ്പെടുന്നതിന് ഇടവരുത്തുന്നു; അത് ശരാശരി ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തപാല്‍ സേവനങ്ങളെയും കൈകാര്യം ചെയ്യുന്നത് ഒരു സ്ഥാപനമാണെങ്കില്‍, കുറഞ്ഞ ചെലവില്‍ വിതരണ സംവിധാനം എല്ലായിടത്തും എത്തിക്കാനാവും, ഇതാണ് നേരായമാര്‍ഗ്ഗം. എന്നാല്‍ രണ്ടോമൂന്നോ അഞ്ചോ ഇരുപതോ പരസ്പര മത്സരത്തിലേര്‍പ്പെട്ടിട്ടുള്ള വ്യത്യസ്ത തപാല്‍ സര്‍വീസുകളാണ് ഉള്ളതെങ്കില്‍, രണ്ടോ, മൂന്നോ അഞ്ചോ ഇരുപതോ സെറ്റ് വാനുകള്‍, തപാല്‍ വിതരണക്കരാര്‍, സോര്‍ട്ടിങ് സംവിധാനം എന്നിവയെല്ലാം ഉണ്ടാകണം. മത്സരം വരുന്നതോടുകൂടി സേവനങ്ങളുടെ നിലവാരം വെട്ടിക്കുറച്ചുകൊണ്ടും തൊഴിലാളികളുടെ ശമ്പളവും സേവന വ്യവസ്ഥകളും വെട്ടിക്കുറച്ചുകൊണ്ടും ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍, ഒരൊറ്റ തപാല്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതിനെക്കാള്‍ ചെലവേറിയതായിരിക്കും അനവധി തപാല്‍ സര്‍വീസുകള്‍.
ഈ വെട്ടിക്കുറവുകള്‍ മാത്രമല്ല പ്രശ്നം, പോസ്റ്റാഫീസുകള്‍ അടച്ചുപൂട്ടുന്നത് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരവും അളവും വീണ്ടും ഇടിയാന്‍ ഇടവരുത്തും; മത്സരത്തില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ ലാഭമുള്ള റൂട്ടുകള്‍ മാത്രം എടുക്കും; ഇത് തപാല്‍ സര്‍വീസിന്റെ തകര്‍ച്ചയ്ക്ക് തന്നെ വേഗതകൂട്ടും. സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇതിനെ തടഞ്ഞില്ലെങ്കില്‍, ക്രമേണ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കുത്തക ആധിപത്യം സ്ഥാപിക്കും. തപാലുകള്‍ അയക്കുന്നതിന് വലിയതോതില്‍ പണം മുടക്കാന്‍ കഴിയാത്ത മഹാഭൂരിപക്ഷം വരുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഏതായാലും പ്രയാസമുണ്ടാക്കും.
ആരോഗ്യസേവന രംഗമാണ് മറ്റൊരു ഉദാഹരണം. ബ്രിട്ടീഷ് ആരോഗ്യ സംരക്ഷണ മേഖലയെ ഗോര്‍ഡണ്‍ ബ്രൌണ്‍ ഇപ്പോള്‍ വീണ്ടും കൂടുതലായി സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്. എന്‍ എച്ച് എസ് ആശുപത്രികളുടെ നിയന്ത്രണം കോര്‍പ്പറേഷനുകള്‍ക്ക് വിട്ടുകൊടുക്കുമെന്ന പ്രഖ്യാപനം അതാണ് കാണിക്കുന്നത്. ഇതാണ് കമ്പോളത്തിന്റെ കാര്യക്ഷമത ഇല്ലായ്മ വെളിപ്പെടുത്തുന്ന മറ്റൊരു മേഖല. പരസ്പര മത്സരത്തിലേര്‍പ്പെട്ടിട്ടുള്ള ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ വിവരങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രമായി ഒഴുകിയെത്തിയാല്‍ മാത്രമെ കമ്പോളങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് കമ്പോളത്തെ താത്വികമായി ന്യായീകരിക്കുന്ന അതിന്റെ വക്താക്കള്‍പോലും സമ്മതിക്കും. വിവരങ്ങള്‍ തുല്യ അളവിലുള്ളവയുമായിരിക്കണം - അതായത്, വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരുല്പന്നത്തെക്കുറിച്ച് ഒരേ തരത്തിലുള്ള അറിവ് ഉണ്ടായിരിക്കണം. വാങ്ങുന്നവര്‍ക്കാണ് കൂടുതല്‍ അറിവ് ഉള്ളതെങ്കില്‍ അവര്‍ക്ക് വില്പനക്കാരെ ചൂഷണം ചെയ്യാം.
അനാവശ്യമായി മരുന്ന് കഴിപ്പിക്കുന്ന ഏര്‍പ്പാടും നടപടിക്രമങ്ങളും കമ്പോളാധിഷ്ഠിത ആരോഗ്യ സംവിധാനത്തിന്റെ വലിയൊരു പ്രലോഭനമാണ്. ശസ്ത്രക്രിയകളുടെ എണ്ണത്തിനനുസരിച്ചാണ് തുക കൊടുക്കേണ്ടതായി വരുന്നതെങ്കില്‍, കാലുകള്‍ മുറിക്കപ്പെടാനും പല്ല് പറിച്ചു മാറ്റപ്പെടാനും കൂടുതല്‍ കരളുകള്‍ മാറ്റിവയ്ക്കപ്പെടാനും ഇടവരുത്തും. അതേസമയംതന്നെ, പണംകൊടുക്കാന്‍ കഴിവില്ലാത്തവര്‍ക്ക് അത്യാവശ്യം വേണ്ട ചികിത്സപോലും നിഷേധിക്കുകയും ചെയ്യും.
വഴിപിഴച്ച സ്വകാര്യസമ്പ്രദായത്തിലൂടെ ആരോഗ്യസംരക്ഷണത്തിന് ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും അധികം പ്രതിശീര്‍ഷചെലവ് ചെയ്യുന്ന രാജ്യമാണ് അമേരിക്ക . 2000-ല്‍ ലോകാരോഗ്യസംഘടന കണ്ടെത്തിയത് അമേരിക്കന്‍ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ മൊത്തം പ്രവര്‍ത്തനം, അവര്‍ വിശകലനത്തിന് ഉള്‍പ്പെടുത്തിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ 37-ാം സ്ഥാനത്താണെന്നാണ്; എന്നാല്‍ അതേസമയം ആരോഗ്യസംരക്ഷണത്തിന് അവിടത്തെ പ്രതിശീര്‍ഷചെലവാകട്ടെ 7,000 ഡോളറും. വരുമാനം കുറഞ്ഞ അമേരിക്കക്കാര്‍ക്ക് ആരോഗ്യസംരക്ഷണം ലഭിക്കാറേയില്ല. ലഭിക്കുന്നെങ്കില്‍ത്തന്നെ പരിമിതവുമായിരിക്കും. ചെലവിടുന്ന ഓരോ ഡോളറിനും ലഭിക്കുന്ന ആരോഗ്യസേവനത്തിന്റെ കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ ക്യൂബയ്ക്ക് അമേരിക്കയെ അനായാസം പിന്നിലാക്കാം.
ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനുകളും ആരോഗ്യസുരക്ഷയെ അപകടപ്പെടുത്തുന്നുണ്ട് - ഔഷധവില വര്‍ദ്ധിപ്പിച്ച് ആരോഗ്യസംരക്ഷണം ആവശ്യമുള്ളവരെ അനാരോഗ്യത്തിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിടുകയാണ്. സംഗതി വളരെ എളുപ്പമാണ് - ഒരു പുതിയ മരുന്ന് കണ്ടെത്തുക, അതിന് പാറ്റന്റ് എടുക്കുക, അതിന്റെ 100% കുത്തക അനുവദിക്കുക; പണം വന്ന് കറങ്ങിക്കൊണ്ടിരിക്കും. എയ്‌ഡ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് വികസ്വര രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് സമാനസ്വഭാവമുള്ള മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനോടുള്ള കോര്‍പ്പറേറ്റുകളുടെ എതിര്‍പ്പ് ഇതിന്റെ ഉത്തമോദാഹരണമാണ് ; ഇതുമാത്രമല്ല, ഇതേപോലെ ഒട്ടേറെ സംഗതികളുണ്ട്.
ബഹുരാഷ്ട്ര ഔഷധ കുത്തകകള്‍ പാറ്റന്റ് സമ്പ്രദായത്തിലൂടെ വമ്പന്‍ ലാഭം കൊയ്തെടുക്കുകയാണ്. ഒരു കാര്യം തടയുന്നതിന് ലക്ഷ്യമാക്കി ഉണ്ടാക്കിയതാണ് . വിവരങ്ങളുടെ സ്വതന്ത്രമായ പ്രവാഹം എന്ന കമ്പോളാനുകൂല്യസിദ്ധാന്തം അനുസരിച്ച് കമ്പോളങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനുവേണ്ടി മാത്രമാണത്. 2008 ജനുവരിയില്‍ സാറ ബോസ്ലെ ഇങ്ങനെ എഴുതി:
"പാറ്റന്റുകള്‍ തങ്ങളുടെ ജീവരക്തമാണെന്നാണ് ഔഷധ നിര്‍മ്മാ ണ കുത്തകകള്‍ വാദിക്കുന്നത്. പുതിയ ഔഷധങ്ങള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടിവരുന്ന ഭീമമായ ചെലവുകള്‍ വീണ്ടെടുക്കുന്നതിന് കുറഞ്ഞപക്ഷം സമ്പന്നരാജ്യങ്ങളിലെങ്കിലും തങ്ങളുടെ ഔഷധങ്ങള്‍ക്ക് സാധ്യമാകുന്നേടത്തോളംകാലം ഉയര്‍ന്നവില നിലനിര്‍ത്തണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരുടെ സൂക്ഷ്മ ഗവേഷണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നീണ്ടകാലം സസന്തോഷം ജീവിക്കാന്‍ അവസരം ഒരുക്കിക്കൊണ്ട് ഹൃദ്രോഗത്തിനോ കാന്‍സറിനോ ഉള്ള പുതിയ ഔഷധങ്ങള്‍ കണ്ടുപിടിക്കാന്‍ ആവുമായിരുന്നില്ല. പക്ഷെ, കമ്പനികള്‍ അവകാശപ്പെടുന്നതുപോലെ, പുതുതായി ഒരു മരുന്ന് കണ്ടുപിടിച്ച് കമ്പോളത്തില്‍ എത്തിക്കുന്നതിന് 80 കോടി ഡോളര്‍ യഥാര്‍ത്ഥത്തില്‍ ചിലവാകുമോ? അതൊരു സങ്കീര്‍ണ്ണവും അവ്യക്തവുമായ പ്രശ്നമാണ്. മരുന്ന് ഉണ്ടാക്കുന്നതിനിടയ്ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള തുക മാത്രമല്ല ഈ അമിതമായ വിലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മറിച്ച്, കമ്പോളത്തില്‍ അതിന് അവതരിപ്പിക്കുന്നതിനും അതിന്റെ പരസ്യത്തിനും വേണ്ടിവരുന്ന തുകയും ഉള്‍പ്പെടുന്നതാണ്. ഇക്കാലത്ത് ഗവേഷണത്തിനും വികസനത്തിനും വേണ്ടി വരുന്നതിനേക്കാള്‍ ഏറെതുക ചെലവഴിക്കുന്നതിന് ഇതിനായാണ്. ഇതിനെയാണ് ചോദ്യം ചെയ്യേണ്ടതും.''
വന്‍കിട ഔഷധകമ്പനികള്‍ ഡോളറുകളാണ് ഓരോ ഔഷധവും കമ്പോളത്തില്‍ അവതരിപ്പിക്കുന്നതിന്ചെലവഴിക്കുന്നത്. അതില്‍ ഡോക്ടര്‍മാരെ വന്‍തുക കൈക്കൂലികൊടുത്ത് വിലയ്ക്കെടുക്കുന്ന സംവിധാനമടക്കമുണ്ട്. അതില്‍പ്പെടുന്ന ഡോക്ടര്‍ മാരാകട്ടെ അനാവശ്യമായതും ചിലപ്പോള്‍ അപകടകരംപോലുമായ ഉല്പന്നങ്ങള്‍ രോഗികള്‍ക്ക് കുറിച്ച് നല്‍കുന്നു. ഫിലിപ്പ് റിവൈറെ 2003-ല്‍ ഇങ്ങനെ രേഖപ്പെടുത്തി:
"മാധ്യമങ്ങള്‍ രാഷ്ട്രീയാധികാരത്തിന്റെ ഇടനാഴികളിലെ അഴിമതിയെയും കൈക്കൂലിയെയും സംബന്ധിച്ച കഥകള്‍ മാത്രമാണ് ഇഷ്ടപ്പെടുന്നത്. ഗ്ലാക്സോ സ്മിത്ത് ക്ലൈന്‍ (ജിഎസ്‌കെ) ഈ വര്‍ഷം ആദ്യം ഇറ്റലിയില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായപ്പോള്‍ മാധ്യമങ്ങള്‍ അത് കണ്ടില്ലെന്ന് നടിച്ചു. ഇറ്റാലിയന്‍ പൊലീസ് 2,900 ഡോക്ടര്‍മാരെ ചോദ്യം ചെയ്തു; ഇറ്റലിയിലെ ജിഎസ്‌കെയുടെ 37 ജീവനക്കാരുടേയും 35 ഡോക്ടര്‍മാരുടേയും മേൽ അഴിമതി കുറ്റം ചുമത്തപ്പെട്ടു; 80 മെഡിക്കല്‍ റെപ്രസന്റേറ്റീവ്മാര്‍ ഡോക്ടര്‍മാര്‍ക്ക് നിയമവിരുദ്ധമായി പണംകൊടുത്തു എന്ന ആരോപണത്തിന് വിധേയരായി. ഈ ഡോക്ടര്‍മാര്‍ തത്തുല്യമായ മറ്റുമരുന്നുകള്‍ക്ക് പകരം ജിഎസ്‌കെ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാമെന്ന് സമ്മതിച്ചു. ഈ വന്‍ അപവാദത്തെ സംബന്ധിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ ജേർണലിലും (ബിഎംജെ) ഗാര്‍ഡിയനിലും മാത്രമാണ് റിപ്പോര്‍ട്ട് വന്നത്. ഈ കുറ്റാന്വേഷണത്തിനിടയില്‍ പൊലീസ് അതിവിപുലമായ കമ്പ്യൂട്ടര്‍ സംവിധാനം സജ്ജീകരിച്ചു; ജ്യോവ് (വ്യാഴം) എന്ന ഈ സംവിധാനത്തില്‍ ജിഎസ്‌കെയുടെ വ്യാപാര പ്രതിനിധികള്‍ക്ക് തങ്ങള്‍ പണം കൊടുത്ത ഡോക്ടര്‍മാര്‍ മരുന്ന് വാങ്ങാന്‍ രോഗികള്‍ക്ക് കൊടുത്ത കുറിപ്പടി ഏതെന്ന് കണ്ടെത്താന്‍ കഴിയുമായിരുന്നു. ബിഎംജെ റിപ്പോര്‍ട്ട് പ്രകാരം, 13,000 മണിക്കൂറുകള്‍ നീണ്ട ഫോൺ ചോര്‍ത്തല്‍ ഡോക്ടര്‍മാര്‍ നല്‍കിയ ഔഷധകുറിപ്പുകളും ഔഷധ കമ്പനികളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്ക് ലഭിച്ച സമ്മാനങ്ങളുടെ മൂല്യവും തമ്മിലുള്ള ബന്ധം വ്യക്തമായും വെളിപ്പെടുത്തി. മോണ്ടെകാര്‍ലോ ഗ്രാന്‍സ് പ്രീക്സിലേക്കോ കരീബിയനിലേക്കോ ഉള്ള മെഡിക്കല്‍ വിനോദയാത്ര, 1700 ഡോളര്‍വരെ പണമായി നല്‍കിയത് എന്നിവ ഉള്‍പ്പെടെ സമ്മാനങ്ങള്‍ പലവിധത്തിലായിരുന്നു. അമേരിക്കയിലും ജര്‍മ്മനിയിലും സമാനസംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.''
കമ്പോളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്ക് കാരണം യഥാര്‍ത്ഥ ലോകത്തില്‍ ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് ശരാശരി സാമ്പത്തിക പാഠപുസ്തകങ്ങൾ നിങ്ങളെ ഏറെ സഹായിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ വ്യവസ്ഥാപിത സാമ്പത്തിക ശാസ്ത്രത്തില്‍ ഉള്‍പ്പെടുന്ന വിശകലനത്തില്‍ കാണാന്‍ കഴിയാത്ത ഒട്ടേറെ ഉള്‍ക്കാഴ്ചകള്‍ മാര്‍ക്സ് പ്രദാനം ചെയ്യുന്നുണ്ട്.
കൈമാറ്റമൂല്യത്തിന്റെ സൃഷ്ടിയെ അടിസ്ഥാനമാക്കിയുള്ളതാണ് കമ്പോളങ്ങള്‍.... മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നോട്ടുകെട്ടുകളുടെ കൂമ്പാരം. ലക്ഷ്യം പണത്തെ മൂലധനമാക്കലാണ്; മൂലധനം കൂടുതല്‍ പണമുണ്ടാക്കുന്നു. പണം പെരുപ്പിക്കുന്നതിനായാണ് കമ്പോളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്ന സംഗതി. കമ്പോളങ്ങള്‍ ഒരിക്കലും മനുഷ്യരാശിയുടെ നന്മയ്ക്കായി ഒന്നും ചെയ്യുന്നില്ല.
ഉപയോഗമൂല്യങ്ങളും വിനിയമ മൂല്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് മാര്‍ക്സിന്റെ അര്‍ഥശാസ്ത്രത്തിലെ അടിസ്ഥാന സവിശേഷതകളില്‍ ഒന്ന്. മനുഷ്യര്‍ക്ക് ഉപയോഗപ്രദമായ ഏതു സംഗതിയ്ക്കും അത് പണം ഉല്പാദിപ്പിക്കുന്നില്ലായെങ്കില്‍ കമ്പോളാധിഷ്ഠിത വ്യവസ്ഥയില്‍ യാതൊരു പ്രയോജനവും ഉണ്ടാവില്ല. ഉപയോഗശൂന്യവും വൃത്തികെട്ടതും വിനാശകാരിയും അപകടം പിടിച്ചതും ആസക്തി ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍, അവ പണം ഉണ്ടാക്കാന്‍ പറ്റിയതാണെങ്കില്‍ കമ്പോളം അവയെയെല്ലാം പ്രോത്സാഹിപ്പിക്കും. തപാല്‍ സര്‍വീസും ആരോഗ്യപരിരക്ഷയും തന്നെയാണ് ഇക്കാര്യത്തിലും ഉത്തമ ഉദാഹരണം. നാം കുറച്ച് ഭൌതികവസ്തുക്കള്‍ മെയില്‍ ചെയ്യുകയും കുറച്ച് തപാലുകള്‍ മാത്രം അയക്കുകയും ചെയ്താല്‍ അതുമൂലം വളരെയേറെ ഊര്‍ജ്ജവും വിഭവങ്ങളും ലാഭിക്കാം. എന്നാല്‍ കമ്പോളവല്‍ക്കരണത്തോടെ കൂടുതല്‍ തപാല്‍ എന്നാല്‍ കൂടുതല്‍ ലാഭം എന്ന് അര്‍ത്ഥം ലഭിക്കുന്നു.
കമ്പോളങ്ങളും പരിസ്ഥിതിയും തമ്മില്‍ അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യമുണ്ട്. നീണ്ടകാലം ഈട് നില്‍ക്കുന്ന സാധനങ്ങള്‍ ഉണ്ടാക്കുക, അനുയോജ്യമായ ഇടങ്ങളില്‍ പങ്കുവെച്ച് അനുഭവിക്കുക, അനായാസമായി സാധനങ്ങളുടെ കേടുപാട് തീര്‍ത്ത് ഉപയോഗിക്കുക - ഇങ്ങനെയായാല്‍ നമുക്ക് പരിസ്ഥിതിസംവിധാനത്തിന് കാര്യമായ കോട്ടമൊന്നുമുണ്ടാക്കാതെ പുരോഗമിക്കാനാകും. എന്നാല്‍ ഉപഭോഗം കുറയ്ക്കുന്നത് ലാഭം ചുരുങ്ങാന്‍ ഇടവരുത്തും. കമ്പോളവല്‍ക്കരണം ക്രമേണ ഈ ഭൂഗോളത്തിലെ ജീവന്റെ തുടിപ്പുകളെതന്നെ തകര്‍ക്കുന്നതിനിടവരുത്തും. ആരോഗ്യരക്ഷാരംഗത്ത്, നാം നന്നായി ഭക്ഷിച്ചാല്‍, ബുദ്ധിമുട്ടുകള്‍ കുറഞ്ഞിരിക്കും; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ആരോഗ്യമുള്ള സമൂഹമാണ് ഇവിടെ ഉള്ളതെങ്കില്‍, വിലപിടിപ്പുള്ള ഔഷധങ്ങള്‍ വലുതായി വേണ്ടിവരില്ല. അങ്ങനെയായാല്‍ ഔഷധക്കമ്പനികളുടെ ലാഭവും ഓഹരിമൂല്യവും ഡിവിഡന്റുകളും എല്ലാം കുറയും.
സ്വകാര്യവല്‍ക്കരണവും കമ്പോളവല്‍ക്കരണവും കൈയേറ്റങ്ങളുടെ നാനാരൂപങ്ങളാണ്. കമ്പോളങ്ങള്‍ വെറുതെ കിട്ടുന്ന എന്തിനെയും ഏറ്റെടുക്കും; എന്നിട്ട് വേലികെട്ടി സ്വന്തമാക്കും; അത് നമുക്ക് വിറ്റ് നമ്മില്‍നിന്നും പണംപറ്റും. കമ്പോളങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യം അപഹരിക്കും; അത് സ്വാതന്ത്ര്യം പരിപോഷിപ്പിക്കുന്നതല്ല.
സമ്പത്ത് കേന്ദ്രീകരിക്കുന്ന പ്രവണതയാണ് കമ്പോളങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈയില്‍ അധികാരം കേന്ദ്രീകരിക്കുന്നതിലാണ് അതിന് താല്പര്യം. 19-ാം നൂറ്റാണ്ടില്‍ മാര്‍ക്സ് നടത്തിയ നിരീക്ഷണം ഇതായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ കമ്പോളങ്ങളുടെ വിപുലീകരണം നടന്നതില്‍ നിന്നുള്ള അനുഭവം ഇക്കാര്യംതന്നെയാണ് സംശയാതീതമായി നമ്മെ ബോധ്യപ്പെടുത്തുന്നത്. പക്ഷെ നാം എപ്പോഴും മറന്നുപോകുന്ന ഒരു സംഗതിയുണ്ട് - അസമത്വംമൂലം വരുമാനം കുറവുള്ളവര്‍ക്ക് വിഭവങ്ങളുടെ ലഭ്യതയും കുറയുന്നു; പ്രത്യേകിച്ചും കമ്പോളാധിഷ്ഠിത സമൂഹങ്ങളില്‍ ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും പണമില്ലാത്തവര്‍ക്ക് നിഷേധിക്കപ്പെടുന്നു.
ആപേക്ഷികമായ ദാരിദ്ര്യം പരമമായ ദാരിദ്ര്യമായി മാറുന്നു എന്നാണ് നോബല്‍ സമ്മാനം ലഭി ച്ച ബംഗാളി സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാസെന്‍ നിരീക്ഷിക്കുന്നത്. സമ്പദ്ഘടന വളരുംതോറും, വിഭവങ്ങളുടെ ലഭ്യത നിഷേധിക്കുന്നത് ദരിദ്രസമൂഹങ്ങളില്‍ കൂടുതല്‍ നാശം വിതക്കും. ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ആയൂര്‍ദൈര്‍ഘ്യം മറ്റുപല വികസ്വര രാജ്യങ്ങളിലെ പൌരന്മാരുടേതിനേക്കാള്‍ കുറവായിരിക്കുന്നത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിശ്ചയമായും ഇന്ന് ഈ ഭൂഗോളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഭാവനാ സമ്പന്നനായ സാമ്പത്തിക ശാസ്ത്രജ്ഞനായിട്ടും സെന്‍ ഇപ്പോഴും പുരോഗതിക്കാവശ്യമായ ശക്തിയായി കമ്പോളത്തെ കാണുകയാണ്. എന്നാല്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനത്തിന്റെ അനിവാര്യമായ ഉപോല്പന്നമാണ് ഈ അസമത്വം എന്ന കാര്യം നിഷേധിക്കാനാവാത്ത വസ്തുതയുമാണ്.
ഈ ഭൂഗോളത്തിലെ ഏറ്റവും വലിയ കമ്പോളാധിഷ്ഠിതമായ സമൂഹമാണ് അമേരിക്ക; ഇതുതന്നെയാണ് ഏറ്റവും അധികം അസമത്വമുള്ള സമൂഹവും. ഈ അടുത്തകാലത്ത് വാള്‍ട്ടമ്പെ മൈക്കിള്‍ ഇങ്ങനെ രേഖപ്പെടുത്തി.
"സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ച ജല്പനങ്ങള്‍ സുപരിചിതരായിട്ടുള്ള വായനക്കാര്‍ക്ക് അമേരിക്കന്‍ അസമത്വം കുറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വളരെ വേഗം പിടികിട്ടും. 1947-ല്‍ ജിം ക്രോയുടെയും ദക്ഷിണ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളെ വേറിട്ടു മാറ്റുന്ന നിയമങ്ങളുടെയും അത്യുച്ചാവസ്ഥയില്‍ അമേരിക്കന്‍ ഗിനി കോയഫിഷന്റ് .376 ആയിരുന്നു; എന്നാല്‍ 2006-ല്‍ അത് .464 ആയി വര്‍ദ്ധിച്ചു. ഗിനി സ്കെയിലില്‍ '0' പ്രതിനിധാനം ചെയ്യുന്നത് സമ്പൂര്‍ണ്ണ തത്വത്തെ ആയിരിക്കുമ്പോള്‍ (എല്ലാപേരും ഒരേപോലെ ഒരേ വരുമാനം നേടുന്നു) '1' പ്രതിനിധാനം ചെയ്യുന്നത് പരിപൂര്‍ണ്ണമായ അസമത്വത്തെയാണ്. ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. എന്നാല്‍, അമേരിക്ക പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളുടെ അതേ ഗണത്തിലായിരുന്നു; എന്നിരുന്നാലും അവയെക്കാള്‍ അല്പംകൂടി അസമവുമായിരുന്നു. 1947-ല്‍ അമേരിക്കന്‍ ജനസംഖ്യയിലെ ഏറ്റവും ഉന്നതരായ 20% പേരാണ് രാഷ്ട്രം സമ്പാദിച്ച ആകെ പണത്തിന്റെ 43% നേടുന്നത്. 2006-ല്‍ ഏറ്റവും ഉന്നതരായ 20% പേര്‍ 50.5% നേടുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നനായിരിക്കുന്നു.''
“കമ്പേളങ്ങള്‍ എല്ലാവിധത്തിലും സര്‍വതിനെയും അലങ്കോലമാക്കുന്നു - സമൂഹത്തെ, പരിസ്ഥിതിയെ, സമ്പദ്ഘടനയെ എല്ലാം”, 1944-ല്‍ പ്രവാചകസമാനമായി എഴുതിയ കാള്‍ മാക്സ് കമ്പോളത്തിന്റെ വിപുലീകരണം വിനാശം വിതയ്ക്കും എന്ന് വാദിച്ചു.
"മാനവരാശിയുടെയും അവരുടെ സ്വാഭാവിക പരിസ്ഥിതിയുടെയും ഒരേയൊരു വിധികര്‍ത്താവായി കമ്പോള സംവിധാനത്തെ കയറൂരി വിടുന്നത് സമൂഹത്തിന്റെയാകെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. 'അധ്വാനശക്തി' എന്നറിയപ്പെടുന്ന ചരക്ക് ഈ സവിശേഷമായ ചരക്കിന്റെ ഉടമയെ ഒരുവിധത്തിലും ബാധിക്കാത്തവിധം വിവേചന രഹിതമായി ഉപയോഗിച്ചിട്ട് വലിച്ചെറിയാന്‍ പറ്റുന്ന ഒന്നല്ല; അതിനെ ഉപയോഗിക്കാതെ ഉപേക്ഷിക്കാന്‍ പോലുമാവില്ല. ഒരാളിന്റെ അധ്വാനശക്തിയെ ചിട്ടപ്പെടുത്താന്‍ ആ സംവിധാനം ആ 'മനുഷ്യനി'ല്‍ അന്തര്‍ലീനമായിട്ടുള്ള ഭൌതികവും മാനസികവും ധാര്‍മികവുമായ അസ്തിത്വത്തെ ആദ്യം ചിട്ടപ്പെടുത്തണം. സാംസ്കാരിക സ്ഥാപനങ്ങളുടെ സംരക്ഷണ വലയത്തില്‍ നിന്നും അകറ്റിമാറ്റപ്പെടുന്ന മനുഷ്യര്‍ സാമൂഹികമായ വെളിപ്പെടുത്തലില്‍ നിന്ന് വേര്‍പ്പെട്ടുപോകും. ദുശ്ശീലങ്ങള്‍, ദുരുപയോഗം, കുറ്റകൃത്യങ്ങള്‍, പട്ടിണി എന്നിവയിലൂടെ സാമൂഹിക സ്ഥാനചലനം സംഭവിച്ച ഇരകള്‍ എന്നപോലെ അവരും ചത്തൊടുങ്ങും. പ്രകൃതി ചുറ്റുപാടുകളെയും ഭൂപ്രകൃതിയെയും മലീമസമാക്കി അതിന്റെ മൂലഘടനയെതന്നെ ചെറുതാക്കുന്നു. നദികള്‍ മലിനമാക്കപ്പെടുന്നു, സൈനിക സുരക്ഷിതത്വം അപകടപ്പെടുന്നു, ഭക്ഷണവും അസംസ്കൃത വസ്തുക്കളും ഉല്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. 'സാമൂഹിക'മായ എന്തിനെയെങ്കിലും സ്വാഭാവികമായതായും അതുകൊണ്ടുതന്നെ അനിവാര്യമായതായും അവതരിപ്പിക്കലാണ് എപ്പോഴത്തെയും വേലത്തരം. കമ്പോളത്തെ 'നല്ലതെ'ന്ന നിലയില്‍ മാത്രമല്ല അനുപേക്ഷണീയമായതായും ചിത്രീകരിക്കുന്നു. എന്നാല്‍ കഴിഞ്ഞകാലങ്ങളിലുള്ള മിക്കവാറും എല്ലാ സമൂഹങ്ങളിലും കമ്പോളത്തിന് കാര്യമായ പ്രാധാന്യമൊന്നും ഇല്ലായിരുന്നെന്നാണ് ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. പൊളാന്നി ഇങ്ങനെ രേഖപ്പെടുത്തി. "കമ്പോളസമ്പദ്ഘടന കമ്പോളങ്ങളുടെ സ്വയം നിയന്ത്രിതമായ ഒരു സംവിധാനം നടപ്പാക്കുന്നു; കുറേക്കൂടി സാങ്കേതികമായ പദാവലി പ്രയോഗിച്ചാല്‍, അത് കമ്പോളത്തിലെ വിലകളുടെ താളത്തിനൊത്ത് തുള്ളുന്ന സമ്പദ്ഘടനയാണ്; വിപണി വിലകളല്ലാതെ മറ്റൊന്നുമല്ല അത്. പുറത്തുനിന്നുള്ള സഹായമോ ഇടപെടലോ കൂടാതെ സാമ്പത്തിക ജീവിതത്തെ അപ്പാടെ സംഘടിപ്പിക്കാന്‍ ശേഷിയുള്ള അത്തരമൊരു സംവിധാനം നിശ്ചയമായും സ്വയം നിയന്ത്രിതമെന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ്. ഈ ഏകദേശ സൂചനകള്‍തന്നെ മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ ഇത്തരം ഒരു സംരംഭത്തിന്റെ തികച്ചും അഭൂതപൂര്‍വമായ പ്രകൃതം വെളിപ്പെടുത്താന്‍ തികച്ചും പര്യാപ്തമാണ്.''
നാം ഇവിടെ സൂചിപ്പിച്ച ആശയം കുറെക്കൂടി സംക്ഷിപ്തമാക്കാം. സ്വാഭാവികമായിതന്നെ, ഒരു സമൂഹത്തിനും ഏതെങ്കിലും തരത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ ഉള്‍ക്കൊള്ളാതെ അധികകാലം നിലനില്‍ക്കാനാവില്ല. പക്ഷെ. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ഒരു സമ്പദ്ഘടനയും തത്വത്തില്‍ പോലും കമ്പോളത്താല്‍ നിയന്ത്രിക്കപ്പെട്ടതായിരുന്നില്ല. 19-ാം നൂറ്റാണ്ടില്‍ അങ്ങനെ നിലനിന്നിരുന്നുവെന്ന അക്കാദമികമായ ആഭിചാര പ്രയോഗക്കാരുടെ കൂട്ടമന്ത്രോച്ചാരണങ്ങള്‍ക്കുപരി, വിനിമയത്തിലെ നേട്ടങ്ങളും ലാഭവും മുന്‍പൊരിക്കലും മാനവസമ്പദ് വ്യവസ്ഥയുടെ സുപ്രധാനഭാഗമായിരുന്നിട്ടില്ല എന്നതാണ് സത്യം. പില്‍ക്കാല ശിലായുഗം മുതല്‍ കമ്പോളം എന്ന സ്ഥാപനം സര്‍വസാധാരണമായിരുന്നെങ്കിലും അതിന് സാമ്പത്തിക ജീവിതത്തില്‍ സഹജമായുള്ളത് എന്നതിനപ്പുറം ഒരു പങ്കുമുണ്ടായിരുന്നില്ല.
സമൂഹത്തെ പരിപൂര്‍ണ്ണമായും കമ്പോളവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ നമ്മെ പില്‍ക്കാല ശിലായുഗത്തിനും മുന്‍പുള്ള കാലത്തിലേക്ക് കൊണ്ടുപോകുന്നതിലേ അവസാനിക്കൂ എന്ന് ഇപ്പോള്‍ നാം കൂട്ടിച്ചേര്‍ക്കണം.
സമൃദ്ധിപ്രദാനം ചെയ്യുന്നതും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യന്റെ സൃഷ്ടിപരമായ കഴിവുകളെ സ്വതന്ത്രമാക്കുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതുമായ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയെന്നാല്‍ പ്രായോഗികമായ അര്‍ത്ഥം 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം നടപ്പിലാക്കുകയെന്നാണ്. അതിന്റെ അര്‍ത്ഥം ആശയങ്ങളുടേതായ ഒരു യുദ്ധം വിജയിപ്പിക്കുകയെന്നതാണ്. ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷം കൈവരിച്ച നേട്ടങ്ങളോടുകൂടി, നവ ഉദാരവല്‍ക്കരണം പ്രത്യക്ഷത്തില്‍തന്നെ പരാജയപ്പെട്ടതോടുകൂടി കാലം ഇപ്പോള്‍ തികച്ചും പാകമായിരിക്കുകയാണ്. ഇടതുപക്ഷം, ഇപ്പോള്‍ സാമ്പത്തികമായ ബദലുകളെക്കുറിച്ച് സംസാരിച്ചു തുടങ്ങേണ്ടതാണ്.
*
ഡെറക് വാള്‍
ശ്രീ ഡെറക് വാള്‍ എഴുതിയ The Myth of the Market എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
Subscribe to:
Post Comments (Atom)
7 comments:
കമ്പോളസമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണ്. 1980 കള്‍ മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു അത്; എന്നാല്‍ കുതിച്ചുയരുന്ന സാധന വിലകളും മൂക്കിടിച്ചുവീഴുന്ന ഓഹരിക്കമ്പോളവും പറയുന്നത് നവ ഉദാരവല്‍ക്കരണം പരാജയപ്പെട്ടതായാണ്.
***
എന്നിട്ടും കമ്പോളങ്ങള്‍, കാര്യക്ഷമത പ്രദര്‍ശിപ്പിച്ചില്ലെന്നു മാത്രമല്ല, അനീതി കുമിഞ്ഞുകൂടിയതിനൊപ്പം സാമ്പത്തികമായി കൂട്ടക്കുഴപ്പത്തില്‍ എത്തിക്കുകയും ചെയ്തു. ഭക്ഷ്യസാധന വിലകള്‍ വാണംപോലെ കുതിച്ചുയരുകയാണ്.
**
ഡെറിക് വാന്‍ എഴുതിയ ലേഖനം.
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
ഈ ലേഖനം പൂര്‍ണ്ണമായും ‘വണ്‍ സൈഡഡ്’ ആണ്. കമ്പോള സമ്പദ് വ്യവസ്ഥയ്ക്ക് ദോഷങ്ങള്‍ മാത്രമേ ഉള്ളൂവെങ്കില്‍ ഇത്രയും കാലം ജനങ്ങള്‍ അതിനെ സ്വീകരിക്കില്ലായിരുന്നല്ലോ.
“സമ്പത്ത് കേന്ദ്രീകരിക്കുന്ന പ്രവണതയാണ് കമ്പോളങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ എക്കാലത്തേക്കാളും ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈയില്‍ അധികാരം കേന്ദ്രീകരിക്കുന്നതിലാണ് അതിന് താല്പര്യം“ - അധികാര കേന്ദ്രീകരണം കമ്യൂണിസ്റ്റ് രാജ്യങ്ങളിലും കാണപ്പെടുന്ന പ്രവണതയല്ലേ? റഷ്യ, ചൈന, ക്യൂബ, ഉത്തര കൊറിയ - ഏത് രാജ്യമുണ്ട് അധികാര വികേന്ദ്രീകരണത്തിന് ഉദാഹരണമായി?
പൊതുവില്‍ വര്‍ക്കേഴ്സ് ഫോറം പറഞ്ഞതിനോടു യോജിക്കുന്നു.
പക്ഷേ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു തന്നെ പറയണം.
പ്രത്യേകിച്ചും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍.
ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ കാര്യമെടുക്കുക.
കാര്‍ഷികരംഗത്ത് ചരക്കുകള്‍(ഉദാ.ധാന്യങ്ങള്‍)കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതു ശരി. പക്ഷെ ഉല്പാദന രീതി കമ്പോളവല്‍ക്കരിക്കപ്പെട്ടിട്ടില്ല . അത് മുതലാളിത്യവല്‍ക്കരണ പ്രക്രിയക്ക് വിധേയമായിട്ടുമില്ല.
അങ്ങിനെ സംഭവിച്ചാല്‍ മാത്രമേ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ഉല്പാദനബന്ധങ്ങളെ തകര്‍ക്കാനും കഴിയൂ.
ഇന്ന് ഇന്ത്യ നേരിടുന്ന ഒരു വെല്ലുവിളി ഇതാണ്.
എവിടെയെങ്കിലും ഈ വികാസം ഉണ്ടാവുന്നുവെങ്കില്‍ അത് സ്വതന്ത്രമുതലാളിത്തത്തെ അല്ല സാമ്രാജ്യത്വ വികാസത്തെ ആണ് ഉന്നം വെക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്പോളങ്ങളെ കുറിച്ച് പറയുമ്പോള്‍ ഈ അര്‍ത്ഥത്തില്‍ കൂടി മനസ്സിലാക്കണം. ചെറുതായി സൂചിപ്പിച്ചുവെന്നേ ഉള്ളൂ. ആവശ്യമെങ്കില്‍ പിന്നീട് ചര്‍ച്ച ആകാം.
സ്നേഹപൂര്‍വ്വം
ബാബുരാജ്
കമ്പോള സമ്പദ് വ്യവസ്ഥയെക്കുറിച്ചൊരു വിക്കി മോഡല്‍ നിഷ്പക്ഷ ലേഖനം പ്രസിദ്ധീകരിക്കൂ ഫോറമേ. കമ്പോള വ്യവസ്ഥയുടെ ഗുണങ്ങള്‍ കൂടി അറിഞ്ഞിരിക്കാമല്ലോ.
റഷ്യ, ചൈന, ക്യൂബ, ഉത്തര കൊറിയ എന്നിവയുടെ ഗുണങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ട് ‘വണ്‍ സൈഡഡ്’ അല്ലാത്തതോ ആയതോ ആയ ഒരു കമന്റ് ആരെങ്കിലും ഇട്ടിരുന്നെങ്കില്‍...
സിമി ,
ഇംഗ്ലണ്ടിലെ ഗ്രീന്‍ പാര്‍ട്ടിയുടെ വക്താവായ ശ്രീ ഡെറക് വാള്‍ എഴുതിയ The Myth of the Market എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഈ പോസ്റ്റ്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പോസ്റ്റില്‍ സ്വാഭാവികമായും പക്ഷമുണ്ടാകും. എന്നാല്‍ അതു ഗൌരവമായി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ തന്നെയാണ് അദ്ദേഹം ലേഖനം എഴുതിയിട്ടുള്ളത് എന്നു തന്നെ കരുതുന്നു. സമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിഷ്‌പക്ഷത എന്നത് നിലവില്‍ മേധാവിത്വം പുലത്തുന്നവര്‍ക്കനുകൂലമായ സ്റ്റാറ്റസ്ക്കോ തുടരാന്‍ മൌനസമ്മതം നല്‍കലല്ലേ?
ഈ ലേഖനം പൂര്‍ണ്ണമായും ‘വണ്‍ സൈഡഡ്’ ആണ് എന്ന പരാമര്‍ശം നടത്തുന്നതിനു മുമ്പ് എവിടെയാണ് താങ്കള്‍ക്ക് യോജിക്കാനാവത്തത് എന്ന് സവിസ്തരം ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.
“സമ്പത്ത് കേന്ദ്രീകരിക്കുന്ന പ്രവണതയാണ് കമ്പോളങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈയില്‍ അധികാരം കേന്ദ്രീകരിക്കുന്നതിലാണ് അതിന് താല്പര്യം.“ എന്ന പ്രസ്താവനയെ “അധികാര കേന്ദ്രീകരണം കമ്യൂണിസ്റ്റ് രാജ്യങ്ങളിലും കാണപ്പെടുന്ന പ്രവണതയല്ലേ?” എന്ന ചോദ്യത്തിലൂടെ നേരിടുന്നത് എത്ര മാത്രം സംഗതമായിരിക്കും?
“കമ്പേളങ്ങള്‍ എല്ലാവിധത്തിലും സര്‍വതിനെയും അലങ്കോലമാക്കുന്നു - സമൂഹത്തെ, പരിസ്ഥിതിയെ, സമ്പദ്ഘടനയെ എല്ലാം”, ഇതാണ് അടിസ്ഥാനപരമായ കുഴപ്പം. ഈ കുഴപ്പം തരണം ചെയ്യാനുള്ള അന്വേഷണത്തില്‍ നിന്നാണ് സോഷ്യലിസത്തെക്കുറിച്ചുള്ള വിഭിന്ന മാതൃകകള്‍ ഉല്‍ഭവിക്കുന്നത്. സമ്പത്തിന്റെ കേന്ദ്രീകരണത്തെയും പാര്‍ട്ടി സംഘടനാ തത്വമായ ജനാധിപത്യ കേന്ദ്രീകരണത്തെയും കൂട്ടിക്കെട്ടാന്‍ നോക്കുന്നത് അറിഞ്ഞോ അറിയാതെയോ?
ബാബുരാജ്.
വായനയ്ക്ക് നന്ദി
വിലയിരുത്തലുകളോട് പൊതുവില്‍ യോജിക്കുന്നു.
ഇന്ത്യന്‍ ബൂര്‍ഷ്വാസി സാമ്രാജ്യത്വത്തോടും ഒപ്പം ഫ്യൂഡലിസത്തോടും സന്ധി ചെയ്യുക വഴി മുതലാളിത്ത ചര്‍ക്കുല്‍പ്പാദനത്തിന്റേതായ ഉല്‍പ്പാദനബന്ധങ്ങള്‍ സാംശീകരിച്ചിട്ടില്ല എന്നത് ശരിയാണ്. അതിനാല്‍ തന്നെ മുതലാളിത്തം പൂര്‍ത്തീകരിക്കാത്ത കടമകള്‍ ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിലൂടെ പൂര്‍ത്തിയാക്കണമെന്ന ആശയം പ്രസക്തമാണെന്നു തോന്നുന്നു.
അനോണിമസ്,
താങ്കള്‍ പറഞ്ഞത് ശരിയാണ്, ഇതൊരു വിക്കി ലേഖനമല്ല, എല്ലാ വശവും വിസ്തരിക്കാന്‍.
:)
Post a Comment