Friday, August 15, 2008

സ്വാതന്ത്ര്യദിന ചിന്തകള്‍

ഒരു സ്വാതന്ത്ര്യദിനംകൂടി കഴിഞ്ഞുപോകുകയാണ്; ഔദ്യോഗിക ആഘോഷങ്ങളുടെ അകമ്പടിയോടെ. 61 സംവത്സരം പിന്നിടുമ്പോള്‍ സ്വാതന്ത്ര്യലബ്ധി ഒരു ചരിത്രസംഭവംമാത്രമായി അവശേഷിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന ആദര്‍ശങ്ങളും വൈകാരികതയും രാഷ്ട്രപ്രതിബദ്ധതയുമൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി സ്വാതന്ത്ര്യംതന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പലരും സംശയിക്കാന്‍പോലും തുടങ്ങിയിരിക്കുന്നു.

ലോകരാഷ്ട്രങ്ങളുടെ മുമ്പന്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇന്ത്യയെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നതില്‍ സാംഗത്യമുണ്ടോ? ഈ ചോദ്യം ഉന്നയിക്കുന്ന ഒരുപിടി ഉപചോദ്യമുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്തായിരുന്നു എന്നതാണ് അവയിലൊന്ന്.

ആധുനിക ദേശീയതയുടെ സൃഷ്ടി ഇന്ത്യയില്‍ ആരംഭിക്കുന്നത് കൊളോണിയല്‍ ഭരണത്തെ പുറന്തള്ളാനുള്ള ശ്രമങ്ങളിലൂടെയാണ്. തല്‍ഫലമായാണ് 'ഇന്ത്യ എന്ന ആശയം' ഉരുത്തിരിയുന്നത്. ഈ ആശയം ഇന്ത്യന്‍ ജനതയെ ദേശീയതയുടെ ചരടില്‍ കോര്‍ത്തിണക്കാന്‍ ആവശ്യമായ പ്രത്യയശാസ്ത്രം സൃഷ്ടിക്കാന്‍ ശ്രമിച്ചു. അതൊരു സങ്കീര്‍ണപ്രക്രിയയായിരുന്നു. അതിന്റെ തുടക്കം ദേശി-പരദേശി വിവേചനത്തിലൂടെയാണ്. കൊളോണിയല്‍ ഭരണം നിലവില്‍വന്നപ്പോള്‍ വെള്ളക്കാരെ മുഴുവന്‍ 'അന്യരാ'യി കണക്കാക്കുന്ന ഒരു കാഴ്ചപ്പാട് ജാതിമതഭേദമെന്യേ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രകടമായിരുന്നു. വെള്ളക്കാരുമായി ചങ്ങാത്തമുണ്ടായിരുന്നവരില്‍ക്കൂടി ഈ ധാരണയുണ്ടായിരുന്നു. ഈ 'അന്യത്വ'ത്തിന് രണ്ട് ഉറവിടമുണ്ടായിരുന്നു- സാമ്പത്തികവും സാംസ്കാരികവും. ഈ തിരിച്ചറിവാണ് കൊളോണിയല്‍വിരുദ്ധ അവബോധത്തിലേക്കും ദേശീയതയിലേക്കും ഇന്ത്യന്‍ജനതയെ നയിച്ചത്. അതായത്, സ്വാതന്ത്ര്യം എന്നത് ഒരു സമഗ്രസങ്കല്‍പ്പമായിരുന്നു എന്നര്‍ഥം. കൊളോണിയല്‍ അടിമത്തത്തില്‍നിന്നുള്ള മുക്തി ആധുനികഭാരതം സൃഷ്ടിക്കുന്നതിന് ആവശ്യമായ ആദ്യപടിയായാണ് പരിഗണിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ സങ്കല്‍പ്പം രാഷ്ട്രീയംമാത്രമായിരുന്നില്ല. സാമ്പത്തികവും സാംസ്കാരികവും സാമൂഹ്യവുംകൂടിയായിരുന്നു.
അധിനിവേശത്തിന്റെ ദൌത്യം അടിമരാജ്യങ്ങളുടെ ആധുനികവല്‍ക്കരണമാണെന്ന് സ്ഥാപിക്കാന്‍ കൊളോണിയല്‍ ഭരണാധികാരികള്‍ ശ്രമിക്കുകയുണ്ടായി. ഇന്ത്യന്‍ ബുദ്ധിജീവികളില്‍ പലരും അത് ഏറ്റുപാടുകയുംചെയ്തു. പക്ഷേ, സാമ്പത്തിക-സാംസ്കാരിക രാഷ്ട്രീയ വിമര്‍ശങ്ങളില്‍ അധിഷ്ഠിതമായ ദേശീയതയുടെ വളര്‍ച്ചയോടെ ഈ അഭിപ്രായം പുറന്തള്ളപ്പെടുകയുണ്ടായി. സാമ്രാജ്യത്വം അടിസ്ഥാനപരമായി ഒരു ചൂഷണവ്യവസ്ഥയാണെന്ന തിരിച്ചറിവായിരുന്നു ഈ അഭിപ്രായത്തെ തിരസ്കരിക്കാന്‍ കാരണമായത്.

പക്ഷേ, ഈയിടെ ഒരു തിരുത്തല്‍വാദത്തിന് സ്വാധീനം സിദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ വാദത്തിന്റെ സത്ത അധിനിവേശസ്വാധീനം അടിമരാജ്യങ്ങളില്‍ സാമ്പത്തിക സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്ക് വഴിവച്ചെന്നും അതിലൂടെ ഈ രാജ്യങ്ങളുടെ ആധുനീകരണത്തിന് കാരണമായി എന്നുമാണ്. അതുകൊണ്ട് അധിനിവേശം അപ്പാടെ തിരസ്കരിക്കേണ്ട ഒന്നല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വാദത്തിന്റെ ഏറ്റവും പുതിയ വക്താവാണ് പണ്ഡിതനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം 19-ാംനൂറ്റാണ്ടിലെ ബുദ്ധിജീവികളുടെ കാലഹരണപ്പെട്ട ആശയങ്ങളുടെ ആവര്‍ത്തനമായിരുന്നു. പക്ഷേ, പ്രസക്തമായ ചോദ്യം എന്തുകൊണ്ട് അധിനിവേശപ്രത്യയശാസ്ത്രത്തിന് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന നവ കൊളോണിയല്‍ വ്യവസ്ഥിതിയുടെ ന്യായീകരണമാണോ?

ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യയെപ്പോലുള്ള വികസനോന്മുഖമായ രാജ്യങ്ങളിലെ സാമ്പത്തിക- സാമൂഹ്യ പ്രക്രിയകളെ എങ്ങനെ വായിച്ചെടുക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ ഭരണകര്‍ത്താക്കളും മധ്യവര്‍ഗവും ആഗോളവല്‍ക്കരണത്തെ വികസനത്തിനുള്ള അവസരമായി കാണുന്നു. ആധുനികസമൂഹം സൃഷ്ടിക്കാനുള്ള അവസരം. കഴിഞ്ഞ പത്തുകൊല്ലങ്ങളില്‍ ഒരു ചെറിയ വിഭാഗം ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നു. പക്ഷേ, ജനസംഖ്യയുടെ ഒരു വലിയ വിഭാഗം ഈ ആധുനികജീവിതത്തില്‍ പങ്കാളികളല്ലെന്ന ദുഃഖസത്യം വിസ്മരിക്കുന്നു. 70 ശതമാനം പൌരന്മാര്‍ ഒരു ദിവസം ചെലവഴിക്കുന്നത് 20 രൂപയാണെന്നാണ് ഔദ്യോഗികകണക്ക്. അതായത്, ഇന്ത്യന്‍സമൂഹത്തില്‍ രണ്ട് സമാന്തരപ്രക്രിയ സംഭവിച്ചുകൊണ്ടിരിക്കുന്നു- ആധുനികവികസനവും ദരിദ്രവല്‍ക്കരണവും. ആധുനികവികസനം ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ, ആധുനികവല്‍ക്കരണം രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിക്കുമെന്നത് പ്രസക്തമാണ്.
ഈ സന്ദര്‍ഭത്തിലാണ് ആണവകരാറിനെക്കുറിച്ച് ഇടതുപക്ഷം പ്രകടിപ്പിച്ച ആശങ്കകള്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. ആണവകരാര്‍ ഊര്‍ജലഭ്യതയെക്കുറിച്ചല്ലെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കാരണം, കരാറിന്റെ ഫലമായി ഉണ്ടാകാന്‍പോകുന്ന ഊര്‍ജത്തിന്റെ വൃദ്ധി ഇന്ത്യയുടെ ആവശ്യത്തെ സാരമായി നികത്താന്‍ പോകുന്നില്ല. പക്ഷേ, കരാര്‍ ഇന്ത്യയുടെ ആഗോളനിലപാടില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാനിടയുണ്ടുതാനും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം നഷ്ടപ്പെടാനും സാധ്യതയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ നിലയുറപ്പിച്ചത് സാമ്രാജ്യത്വവിരുദ്ധ ചേരിയിലായിരുന്നു. ചേരിചേരാനയത്തിന്റെ പ്രണേതാവായിരുന്നല്ലോ ഇന്ത്യ. ചേരിചേരാനയം വാസ്തവത്തില്‍ സാമ്രാജ്യത്വവിരുദ്ധനയമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ അമേരിക്കയെ സംശയത്തോടെ വീക്ഷിച്ചത്. ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആശ്ളേഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുകയാണെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ കാണാതിരുന്നുകൂടാ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ ആന്തരികപ്രശ്നങ്ങളില്‍ ഇടപെടാനുള്ള സാധ്യത തുറന്നിടുകയാണോ ഇന്ത്യന്‍ ഭരണവര്‍ഗം ചെയ്യുന്നത്? അത്തരം നിരവധി ഇടപാട് മറ്റു രാജ്യങ്ങളില്‍ നടത്തിയതാണ് അമേരിക്കയുടെ ചരിത്രം. കഴിഞ്ഞ വിശ്വാസപ്രമേയപ്രശ്നത്തില്‍ അമേരിക്കയുടെ ഭൂമിക എന്താണെന്നത് അജ്ഞാതമാണ്. പക്ഷേ, ഇത്രയുംകാലം ആണവകരാറിനെ എതിര്‍ത്തിരുന്ന സമാജ്‌വാദി പാര്‍ടി, അമര്‍സിങ്ങിന്റെ അമേരിക്കന്‍ ചികിത്സയ്ക്കുശേഷം അഭിപ്രായം മാറ്റിയെന്നത് ഗൌരവപൂര്‍വമായ അന്വേഷണം അര്‍ഹിക്കുന്നു. അതിനുകാരണം അബ്ദുള്‍കലാമിന്റെ അഭിപ്രായംമാത്രമാകാന്‍ ഇടയില്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി സാമ്രാജ്യത്വത്തില്‍നിന്നാണ്. ഇന്ത്യയിലെ ഭരണവര്‍ഗവും പ്രതിപക്ഷത്തിരിക്കുന്ന ഭാരതീയ ജനതാപാര്‍ടിയും സാമ്രാജ്യത്വത്തിന്റെ കൈയേറ്റത്തിന് വഴിതുറന്നുകൊണ്ടിരിക്കുകയാണ്. ഭാരതീയ ജനതാപാര്‍ടി ആണവകരാറിനെ എതിര്‍ത്തെങ്കില്‍ക്കൂടി സാമ്രാജ്യത്വത്തിന്റെ ചേരിയിലാണ് അതിന്റെ സ്ഥാനം. ഭാരതീയ ജനതാപാര്‍ടിയില്‍ രണ്ട് അപകടം കുടിയിരിക്കുന്നു. സാമ്രാജ്യത്വവും വര്‍ഗീയതയും. ഇവ രണ്ടും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നവയാണ്.

ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷത്തിന്റെ നിലപാട് പ്രാധാന്യം അര്‍ഹിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ സാമ്രാജ്യത്വത്തിനെതിരായി സന്ധിയില്ലാത്ത നിലപാടെടുത്ത് ഇടതുപക്ഷം ഇന്ത്യയുടെ പരമാധികാരത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ്.

സ്വാഭാവികമായും ഇടതുപക്ഷത്തിന്റെ ജനസമ്മതി വര്‍ധിച്ചിരിക്കുന്നു. വര്‍ഗീയതയെയും സാമ്രാജ്യത്വത്തെയും ചെറുക്കുന്ന ഒരു രാഷ്ട്രീയകൂട്ടായ്മയാണ് ഇന്ന് ആവശ്യം. അതിന് നേതൃത്വവും ദിശാബോധവും നല്‍കാനുള്ള കഴിവും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. ഇന്ന് ഇന്ത്യ നേരിടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ഇടതുപക്ഷം ഈ ദൌത്യം ഏറ്റെടുക്കണമെന്നതായിരിക്കും സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും കെടുതികള്‍ക്ക് ഇരയാകാനിടയുള്ള ബഹുഭൂരിപക്ഷം ജനങ്ങളുടെയും പ്രതീക്ഷ.

***

കെ എന്‍ പണിക്കര്‍

18 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു സ്വാതന്ത്ര്യദിനംകൂടി കഴിഞ്ഞുപോകുകയാണ്; ഔദ്യോഗിക ആഘോഷങ്ങളുടെ അകമ്പടിയോടെ. 61 സംവത്സരം പിന്നിടുമ്പോള്‍ സ്വാതന്ത്ര്യലബ്ധി ഒരു ചരിത്രസംഭവംമാത്രമായി അവശേഷിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന ആദര്‍ശങ്ങളും വൈകാരികതയും രാഷ്ട്രപ്രതിബദ്ധതയുമൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി സ്വാതന്ത്ര്യംതന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പലരും സംശയിക്കാന്‍പോലും തുടങ്ങിയിരിക്കുന്നു.
ലോകരാഷ്ട്രങ്ങളുടെ മുമ്പന്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇന്ത്യയെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നതില്‍ സാംഗത്യമുണ്ടോ? ഈ ചോദ്യം ഉന്നയിക്കുന്ന ഒരുപിടി ഉപചോദ്യമുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്തായിരുന്നു എന്നതാണ് അവയിലൊന്ന്.

chithrakaran ചിത്രകാരന്‍ said...

ഷണ്ഡമായ ഇടതുപക്ഷമാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധി.
വെറും ഭരണത്തിന്റെ ഭിക്ഷക്കു കാത്തു നില്‍ക്കുന്ന മുഖം മൂടി അണിഞ്ഞ വലതു പക്ഷം തന്നെയാണ് ഇടതുപക്ഷത്തിന്റെ ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്.

ഇടതു പക്ഷം എന്നും ശുദ്ധമായ നന്മയുടെ ഉണര്‍ത്തുപാട്ടാകണം. ഭരണത്തിന്റെ ഭിക്ഷാടകരാകരുത്.

ഇടതുപക്ഷം ഇന്ന് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചിറ്റമ്മ മാത്രമാണ്. ചിത്രകാരന്‍ തിരയുന്നത് ഒരു പെറ്റമ്മയെയാണ്.തൊഴിലാളിയുടെ വിയര്‍പ്പിനു അയിത്തം കല്‍പ്പിക്കാത്ത സാക്ഷാല്‍ അമ്മ.

എത്ര ചുമട്ടു തൊഴിലാളികള്‍ മന്ത്രിമാരായി നിങ്ങളുടെ ഇടതുപക്ഷ ചിറ്റമ്മയുടെ കൈകളിലൂടെ ? വിയര്‍ക്കാനും,അദ്ധ്വാനിക്കാനും തൊഴിലാളികളും, ഭരിക്കാന്‍ പ്രഫഷണല്‍ മാനേജര്‍മാരായ ചിറ്റമ്മയുടെ സ്വന്തം മക്കളും.

നിര്‍ത്തിക്കൂടെ ... ഈ പൊലയാടിത്വ ചാരിത്ര്യ പ്രസംഗം ?

സ്വാതന്ത്ര്യദിനാശംസകള്‍ !!!

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
"പൊലയാടിത്വ ചാരിത്ര്യ പ്രസംഗം ?"

താങ്കളുടെ നിഘണ്ടുവിലേക്കുള്ള ലിങ്ക് കൂടി ഇടാ‍മായിരുന്നു.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ചിത്രകാരന്‍

സ്വാതന്ത്ര്യദിനാശംസകള്‍ക്ക് നന്ദി

സ്വാതന്ത്ര്യദിനാശംസകള്‍ നേരുമ്പോള്‍ 61 വര്‍ഷങ്ങള്‍ക്ക് മുമ്പെ നാം എന്തില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിയത് അവര്‍ക്ക് നമ്മള്‍ കീഴടങ്ങുകയാണ് എന്ന് ചൂണ്ടിക്കാട്ടുന്നത് പൊലയാടിത്വ ചാരിത്ര്യ പ്രസംഗം ആണെന്ന് പറയാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.

ഇടതു പക്ഷം ശുദ്ധമായ നന്മയുടെ ഉണര്‍ത്തുപാട്ടാകണം... ഭരണത്തിന്റെ ഭിക്ഷാടകരാകരുത്.. എന്നതിനോടും യോജിപ്പുണ്ട് . ഈ ദിശയില്‍ താങ്കളുടെ ഇനീഷ്യേറ്റീവുകള്‍ക്കായി കാത്തിരിക്കുന്നു. ഞങ്ങളാലാവുന്നത് ഇത്തരം ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരിക, അത്തരം മുന്നേറ്റങ്ങളെ കക്ഷി-രാഷ്ട്രീയ പരിഗണനയില്ലാതെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതു ഞങ്ങളാലാവും വിധം ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം.

സ്വാതന്ത്ര്യദിനാശംസകള്‍.

ഓടോ: ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിലെ മന്ത്രിമാരുടെ , മുഖ്യമന്ത്രിയുള്‍പ്പെടെ, വിദ്യാഭ്യാസം , ജാതി, കുല മഹിമ ഒക്കെ ഈ സൈബര്‍സ്പേസില്‍ പലവുരു കറങ്ങി നടന്നത് ഓര്‍മ്മയില്ലേ?

മാവേലി കേരളം said...

വര്‍ക്കേഴ്സ് ഫോറത്തിനും വായനക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

ലേഖനത്തിലുള്‍ക്കൊള്ളിച്ചീ‍രിക്കുന്ന വിവരങ്ങളെ എതിര്‍ക്കാന്‍ കഴിയുന്നില്ല. പക്ഷെ ഇന്ത്യന്‍ സ്വതന്ത്രസമരത്തിനും ഇന്ത്യന്‍ ചരിത്രത്തിനു പോലും കൊളോണിയലിറ്റുകള്‍ കൊടുത്ത അര്‍ഥത്തിനപ്പുറം വേറെങ്കിലും ഒരര്‍ത്ഥം ഇന്ത്യന്‍ ബുദ്ധിജീവികള്‍ കൊടുത്തിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ്‍് എന്റെ അഭിപ്രായം. ഇന്ത്യന്‍ കോപ്പികാറ്റ്സ്.

പ്രശ്നങ്ങള്‍ക്കു സ്വന്തമായി പരിഹാരം കണ്ടെത്തുന്നവരാണ്‍് യദ്ധാര്‍ഥ വിജയികള്‍.ഒരാള്‍ ജയിക്കുന്നതിനുപയോഗിച്ച മോഡല്‍ മറ്റൊരാള്‍ കോപ്പി ചെയ്യുമ്പോള്‍ സ്വാഭാവിമകായും കോപ്പി ചെയ്യുന്നവ‍ന്‍ അടിമയാകുന്നു.

ഈ അര്‍ഥത്തില്‍ ഇന്ത്യ ഇന്ന് വെറിമൊരടീമരാജ്യം മാത്രമാണ്‍്.

ഇടതു പക്ഷവും ഈ വഴി തന്നെയല്ലേ പിന്തുടരുന്നത്. കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യ്യിലെ തന്നെ ബുദ്ധിജീവികളുടെ പാര്‍ട്ടിയായിട്ടാണ്‍് ഞാന്‍ ഇടതുപക്ഷ പാര്‍ട്ടികളെ കാണുന്നത്.നിലവിലുള്ള അനാചാരങ്ങളേയും അനീതികളേയും ചോദ്യം ചെയ്യുക ബുദ്ധിയുടേയും ചിന്താശേഷിയുടേയും അടയാളങ്ങളാണ്‍്. അങ്ങനെ ബുദ്ധിയുള്ളവര്‍ അമിതമായി വിശ്വാസം അര്‍പ്പിച്ച ഒരു പാര്‍ട്ടിയായിരൂന്നു ഇടതുപക്ഷ പാര്‍ട്ടികള്‍.

എന്നിട്ടും ഇന്ത്യന്‍ ബുദ്ധിയുടെ ഒറിജിനാലീറ്റി വളത്തിയെടുത്ത് എത്ര ഇന്ത്യന്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഇടതു പാര്‍ട്ടികള്‍ക്കു കഴിഞ്ഞു?

ഉദ. എത്ര വിദേശ പണം കേരളത്തിലേക്കൊഴുകി. ഈ പണത്തെ ക്രിയാത്മകമായീ നിക്ഷേപത്തിനുപയോഗിച്ച് എത്ര വാണിജ്യവ്യവസായങ്ങള്‍ കേരളത്തില്‍ നിര്‍മ്മിച്ചു?

ഇപ്പോള്‍ മറ്റെവിടെയോ ഒരു ജനത തങ്ങളുടെ ജീവിത-വികസന രീതിയാക്കിയ ലിബറലിസവും മാര്‍ക്കറ്റ് രീതികളും അവിടെ നിന്നും കടം വാങ്ങി നാട്ടില്‍ കൊണ്ടു വന്നിരിക്കുന്നു.

സോഷ്യലിസത്തിന്റെ ഔദാര്യത്തിനപ്പുറം , ജാതിമത കോമരങ്ങളുടെ വെട്ടിത്തിരിക്കലിനപ്പുറം, വ്യക്തിത്വമോ, മാനവികമൂല്യങ്ങളോ സ്വന്തം ജീവിതത്തില്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയൂടെ പുറത്ത് ലിബറിലത്തിന്റെ ആദര്‍ശങ്ങളും മുതലാളിത്വത്തിന്റെ ക്രൂരതയും അടിച്ചേല്‍പ്പിക്കയല്ലേ ഈ ഇടതു പക്ഷവും ഇന്നു ചെയ്യുന്നത്.

അതു വഴി ഇടതു പക്ഷവും മറ്റൊരു രാഷ്ട്രീ‍യ പാര്‍ട്ടി മാത്രമായി മാറുകയല്ലേ ചെയ്തുള്ളൂ.

മുതലാളിത്വത്തെ എതിര്‍ക്കുകയല്ല, നല്ല മുതലാളിത്വത്തിനു വികസനത്തിനു സാദ്ധ്യതകളുണ്ട്. പക്ഷെ അതു മുതലാളിത്തിന്റെ പേരില്‍ ഇന്നു വൈറ്റ് ഹൌസ് മുതല്‍ അനന്തപുരി വരെ നടക്കുന്ന മുതലാളിത്ത മാമാ പണിയല്ല.

Yes, if the leftist parties can make a breakthrough, using original thinking and Indian ideas that will be welcome. But it is too late. However I agree that leftist party is the only party that at least talk about the lower sections of the people. But unfortunately that is not good enough.

simy nazareth said...

സര്‍, വായിച്ചു. വിദേശനയം, ആണവ കരാര്‍, ചേരിചേരാനയം തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നില്ല. ഒരു കാര്യത്തില്‍ പ്രധാനമായും വിയോജിപ്പുണ്ട്.

“ഇന്ത്യയുടെ സ്വാതന്ത്ര്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി സാമ്രാജ്യത്വത്തില്‍നിന്നാണ്.“ - ഇതു തെറ്റാണ് സര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യവും, നിലനില്‍പ്പുതന്നെയും നേരിടുന്ന ഭീഷണികളില്‍ ഏറ്റവും പ്രധാനം വര്‍ഗ്ഗീയതയാണ്. പലപ്പൊഴും തീവ്ര ദേശീയതയും വര്‍ഗ്ഗീയതയും ഒന്നാവുന്നു.

12 കോടിയില്‍പ്പരം മുസ്ലീം ജനങ്ങളുള്ള നമ്മള്‍ക്ക് ഇന്ന് മത-നിരപേക്ഷതയും തുല്യ അവകാശങ്ങളും പുസ്തകങ്ങളില്‍ മാത്രമേയുള്ളൂ. തത്ഭലമായി ഒരു വലിയ കൂട്ടം യുവാക്കള്‍ തീവ്രവാദത്തിലേയ്ക്ക് തിരിയുന്നു. മറ്റൊരു വലിയ കൂട്ടം ജനങ്ങള്‍ പ്രത്യാശനശിച്ച്, എന്നാല്‍ ഒന്നും ചെയ്യാതെ, കഴിഞ്ഞുകൂടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ (ഇടതും, വലതും, എല്ലാം) ഇതിനെ മുതലെടുക്കുന്നു.

ഇതും ഇടതുപക്ഷത്തിന്റെ ആണവനയവുമായി കൂട്ടിക്കുഴയ്ക്കരുത് സര്‍. സര്‍ക്കാര്‍ ജോലികളില്‍ മുസ്ലീങ്ങള്‍ക്ക് ഏറ്റവും കുറവ് പ്രാധിനിധ്യം ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമബംഗാള്‍.

സാമ്രാജ്യത്വം കൊണ്ട് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുണ്ടോ? - ഇന്നു വരെയ്ക്കും ബ്ലോഗില്‍ അഭിപ്രായം പറയാനുള്ള അവകാശം എനിക്കുണ്ട്. അനില്‍ അംബാനിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഈ സാമ്രാജ്യത്വം, സാമ്രാജ്യത്വം എന്ന പൂച്ചയെ വര്‍ഗ്ഗീയതയിലും (തീവ്ര ദേശീയതയിലും) വലിയ പുലിയാക്കരുത് സര്‍.

kaalidaasan said...

സിമി,

“ഇന്ത്യയുടെ സ്വാതന്ത്ര്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി സാമ്രാജ്യത്വത്തില്‍നിന്നാണ്.“ - ഇതു തെറ്റാണ് സര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യവും, നിലനില്‍പ്പുതന്നെയും നേരിടുന്ന ഭീഷണികളില്‍ ഏറ്റവും പ്രധാനം വര്‍ഗ്ഗീയതയാണ്. പലപ്പൊഴും തീവ്ര ദേശീയതയും വര്‍ഗ്ഗീയതയും ഒന്നാവുന്നു.

ഈ പ്രസ്ഥാവനയോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വര്‍ഗ്ഗീയത എത്ര ഭീകരമായി അഴിഞ്ഞാടിയാലും , ഗുജറാത്തില്‍ സംഭവിച്ചത് ഇന്‍ഡ്യ മുഴുവനും ആവര്‍ത്തിച്ചേക്കാം . ഇത് ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തേയോ നില നില്‍പ്പിനേയൊ ഒരു തരത്തിലും ബാധിക്കില്ല. സിമി ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സ്വാതന്ത്ര്യവും ദേശീയതയും ആയിരിക്കില്ല അതെന്നേ ഉള്ളൂ. തീവ്ര ദേശീയതയും വര്‍ഗ്ഗീയതയും ഒന്നായാലും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യവും നിലനില്‍ പ്പും അപകടത്തിലാവില്ല. അതിനു ഉദാഹരണം മതാധിഷ്ടിത രാജ്യങ്ങളായ സൌദി അറേബ്യയും ഇസ്രായേലുമാണ്. ഇന്‍ഡ്യ ആ വഴിക്കു പോയാലും , നമുക്ക് ഒരു നിലനില്‍ പ്പുണ്ടാവും . തീവ്ര ദേശീയതയോ വര്‍ ഗ്ഗീയതയോ ഇന്‍ഡ്യയുടെ മുഖമായി ഭൂരിപക്ഷം ഇന്‍ഡ്യക്കാരും സ്വീകരിച്ചാലും , നമ്മുടെ സ്വാതന്ത്ര്യത്തിനു കോട്ടം വരില്ല.

ഇതിനര്‍ ത്ഥം തീവ്ര ദേശീയതയും വര്‍ഗ്ഗീയതയും ഞാന്‍ അംഗീകരിക്കുന്നു എന്നല്ല. അത് ഇന്‍ഡ്യയുടെ മത നിരപേഷതക്കും മത സൌഹാര്‍ദ്ദത്തിനും ആപത്തു തന്നെയാണ്. പക്ഷെ ഇന്നത്തെ ഇന്‍ഡ്യയില്‍ , ഒരു super power പദവിയിലേക്കു കുതിക്കുന്ന ഇന്‍ഡ്യയില്‍ , പരമാധികാരവും സ്വതന്ത്ര്യവും തീവ്ര ദേശീയതയും വര്‍ഗ്ഗീയതയും പോലെ പ്രധാനമാണ്.

പക്ഷെ ഇന്‍ഡ്യയുടെ ആഭ്യന്തര വിദേശ നയങ്ങളില്‍ , ഒരു വിദേശ രാജ്യം കൈ കടത്തുമ്പോള്‍ , നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു.

മത-നിരപേക്ഷതയും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യവുമായി കൂട്ടി കുഴക്കുന്നതില്‍ ഒരു സാം ഗത്യവുമില്ല. ചൈനക്കു മത-നിരപേക്ഷതയും തുല്യ അവകാശങ്ങളും ഇല്ല എന്നു ലോകം മുഴുവന്‍ പ്രസംഗിച്ചു നടക്കുന്ന ബുഷ്, ചൈനയില്‍ പോയി ദിവസങ്ങളോളം ഒളിമ്പിക്സ് കണ്ടത്, ലോകം മുഴുവന്‍ തത്സമയം കണ്ടതാണ്.

ഇടതുപക്ഷത്തിന്റെ ആണവ നയം ഇന്‍ ഡ്യയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും സംബന്ധിച്ചുള്ളതു തന്നെയാണ്. അമേരിക്കയുമായി ഒരാണവ കരാര്‍ ഉണ്ടാക്കുന്നതല്ല പ്രധാനം , അതിന്റെ മറവില്‍ ഇന്‍ ഡ്യയെ അമേരിക്കയുടെ ഒരു സാമന്ത രാജ്യമാക്കുന്നതിലാണ്. അതിനെയാണ്, ഇടതു പക്ഷം എതിര്‍ക്കുന്നത്.അത് സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിങ്ങള്‍ക്ക് ബംഗാളില്‍ എത്രപ്രാതിനിധ്യം ഉണ്ടെന്നുള്ളതുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ല.

അംബാനിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യം എന്നു കരുതുന്ന സിമിയോട്, സ്വാതന്ത്ര്യത്തേപറ്റി പറഞ്ഞിട്ട് കര്യമുണ്ടെന്നു തോന്നുന്നില്ല.

Anonymous said...

അന്നൊരുനാള്‍ അമേരിക്ക സൂജി ഗോതമ്പ് തന്നു, അന്നൊരുനാള്‍ അമേരിക്ക പാല്‍പ്പൊടി തന്നു. അതിന്റെ നന്ദി ഇന്നൊരുനാളുമുണ്ട് എന്ന വായ്ത്താരി സാമ്രാജ്യത്വം നിഷ്കളങ്കം എന്നതിനു തെളിവായി പറയുന്നവരുടെ ലോകമിത്‍. അംബാനിമാരുടെ താല്പര്യങ്ങള്‍ക്ക് വിഘാതമായ തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഭരണകൂടം അതിന്റെ മുഖപടങ്ങള്‍ അഴിച്ചുമാറ്റി രക്ഷക്കു വരുന്നതു കാണാം. പ്രവര്‍ത്തിച്ചവരുടെ അല്ല, അംബാനിമാരുടെ.

അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കുറഞ്ഞപക്ഷം വേണ്ടത് അടിമത്തം തിരിച്ചറിയുകയെങ്കിലും ചെയ്യുക എന്നതാണ്. അടിമയാവാതിരിക്കാനും ഇതുപ്രധാനം.

simy nazareth said...

"അംബാനിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യം എന്നു കരുതുന്ന സിമിയോട്, സ്വാതന്ത്ര്യത്തേപറ്റി പറഞ്ഞിട്ട് കര്യമുണ്ടെന്നു തോന്നുന്നില്ല." - എങ്കിലും പറഞ്ഞുനോക്കൂ സര്‍. അമേരിക്കയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നടത്താവുന്ന കൈകടത്തലുകളുടെ impact-ഉം ഇന്ത്യയില്‍ ഇന്ന് കത്താന്‍ തയ്യാറെടുക്കുന്ന - എല്ലാ‍വരും എണ്ണയൊഴിക്കുന്ന - വര്‍ഗ്ഗീയതയും തീവ്ര ദേശീയതയും - ഇത് രണ്ടും ഒന്ന് താരതമ്യം ചെയ്യൂ.

ഇന്ത്യ കത്തുകയാണെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ലേ? വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിയോ? അന്ന് മരിച്ചവര്‍ എത്രയെന്ന് ഓര്‍മ്മയുണ്ടോ? ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനമായിരുന്നു അത്. അഞ്ചുലക്ഷം പേര്‍ മരിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍ -മതത്തിന്റെ പേരില്‍.

2020-ല്‍ ഇന്ത്യ ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് (എക്കൊണോമിസ്റ്റ് മാഗസിന്‍). ഇത്തരം ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അമേരിക്കയ്ക്ക് എങ്ങനെയൊക്കെയാണ് ഹനിക്കാനാവുക? ഇന്ന് അമേരിക്കയുടെ സാമന്തരാജ്യങ്ങളായ ആസ്ത്രേലിയ, ജപ്പാന്‍, ജെര്‍മ്മനി, ബ്രിട്ടണ്‍ എന്നിവയുടെ സ്വാതന്ത്ര്യത്തെ അമേരിക്ക എങ്ങനെയാണ് ഹനിച്ചിട്ടുള്ളത് - അവര്‍ക്ക് അതിന്റെ ഫലമായി എത്ര സ്വാതന്ത്ര്യം അടിയറവ് വെയ്ക്കേണ്ടി വന്നു? അതിലും വലുതാണോ നമുക്ക് നഷ്ടപ്പെടാന്‍ പോവുന്നത്?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ സിമി,

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

ഇന്ത്യയുടെ സ്വാതന്ത്ര്യവും, നിലനില്‍പ്പുതന്നെയും നേരിടുന്ന ഭീഷണികളില്‍ ഏറ്റവും പ്രധാനം വര്‍ഗ്ഗീയതയാണ് എന്നതിനോട് യോജിപ്പില്ല. എന്നാല്‍ വര്‍ഗീയത ഒരു ഭീഷണി തന്നെയാണ്. ഒരു തരത്തില്‍ വര്‍ഗീയത നവലിബറല്‍ നയങ്ങളുടെ തന്നെ ഉത്പന്നം പോലുമല്ലേ?

സാമ്രാജ്യത്വം ഇന്നു പുതിയ രൂപത്തിലാണ് ദൃശ്യമാവുന്നത്. അത് ഫൈനാന്‍സ് മൂലധനത്തിന്റെ രൂപത്തില്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പറന്നു നടക്കുകയാണ്, ലാഭം തേടി. അതിന്റെ സുഗമമായ പ്രയാണത്തിനും ലാഭാര്‍ജനത്തിനുമായി നയങ്ങള്‍ (നവ ലിബറല്‍ നയങ്ങള്‍) ഒരുക്കിക്കൊടുക്കുക ദേശീയ ഭരണകൂടങ്ങള്‍ തങ്ങളുടെ കടമയായി ഏറ്റെടുക്കുകയും സ്വന്തം ജനതയെ പാപ്പരീകരിക്കുകയുമല്ലേ? ഇത്തരം സാമ്പത്തിക പാപ്പരീകരണമല്ലേ വര്‍ഗീയത വളരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നത്? ഇങ്ങനെ ഒരു കമന്റില്‍ ഒതുക്കാവുന്ന ഒരു വിഷയമല്ല ഇത്...എങ്കിലും സൂചിപ്പിച്ചു എന്നേ ഉള്ളൂ.

പ്രൊഫസര്‍ പ്രഭാത് പടനായിക്ക് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നുണ്ട്, ഫാഷിസം അല്ലെങ്കില്‍ വര്‍ഗ്ഗീയത നവ ലിബറലിസത്തിന്റെ ഉല്പന്നവും സന്തതസഹചാരിയുമാണ്. നവലിബറലിസം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും സുരക്ഷിതത്വമില്ലായ്മയുമാണ് ഇതിന്റെ (വര്‍ഗീയ ഫാസിസത്തിന്റെ) വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. നവ ലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കാതെ അത് ഈ പ്രതിസന്ധികള്‍ മാറ്റമില്ലാതെ തുടരാന്‍ ബോധപൂര്‍വം അവസരം ഒരുക്കുകയും ചെയ്യുന്നു.ചുരുക്കത്തില്‍ വര്‍ഗീയ ഫാസിസം എന്നത് കൃത്യമായ ഉദ്ദേശത്തോടെയും ബോധപൂര്‍വമായും സൃഷ്ടിക്കപ്പെട്ട നവ ലിബറലിസത്തിന്റെ സ്വന്തം രക്ഷകനാണ്....

സാമ്രാജ്യത്വം കൊണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ല എന്നത് വെറും തെറ്റിദ്ധാരണയാണ്. ബ്ലോഗില്‍ കമന്റിടുന്നതും അനില്‍ അംബാനിയെ വിമര്‍ശിക്കുന്നതും പോലുള്ള സ്വാതന്ത്ര്യമാണോ ആ പദം കൊണ്ട് സിമി ഉദ്ദേശിക്കുന്നത്? നമ്മുടെ നയങ്ങളെയും പരിപാടികളെയും സ്വാധീനിക്കുക വഴിയാണ് നമ്മുടെ സ്വാതന്ത്യത്തെ ഇല്ലാതാക്കുന്നത്.

വര്‍ഗീയത, അത് ഏത് തരത്തിലുള്ളതായാലും, ആപത്താണെന്ന് കാര്യത്തില്‍ തര്‍ക്കമില്ല. മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടണമെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനനുസരിച്ച് ആക്ഷന്‍ പ്ലാന്‍ വേണമെന്നും ഏറ്റവും ശക്തമായി ആവശ്യപ്പെട്ടതും ഇവിടെ ഇടതുപക്ഷമാണെന്നത് മറക്കരുത്. ഈ അവശത പരിഹരിക്കാന്‍ കമീഷനെ വയ്ക്കുകയും കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മുസ്ലീം പ്രീണനം നടത്തുന്നു എന്ന പഴി കേള്‍ക്കുന്നവരും അവര്‍ തന്നെ.

അതുപോലെ തന്നെ സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന ശക്തികളെ തുറന്നുകാട്ടാനുള്ള ശ്രമത്തില്‍ രക്തസാക്ഷികളാവുന്നവരെപ്പോലും മാര്‍ക്സിസ്റ്റ് കാപലികര്‍, അക്രമികള്‍, ഗുണ്ടകള്‍ എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.
താല്പര്യമുണ്ടെങ്കില്‍ നോക്കാവുന്ന പ്രസക്തമായ ചില ലിങ്കുകള്‍ താഴെ;

1

2

3

പ്രിയപ്പെട്ട മാവേലി കേരളം,

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ഇടതുപക്ഷം എന്നു പറയുമ്പോള്‍ താങ്കള്‍ എന്താണര്‍ത്ഥമാകുന്നത് ? നമ്മളെല്ലാം ഉള്‍പ്പെടുന്നതല്ലേ അത്? നമുക്കെല്ലാം ഊഹിക്കാന്‍ പോലുമാകാത്ത വേഗത്തിലാണ് നവലിബറല്‍ നയങ്ങളുടെ കുത്തൊഴുക്ക് . തിരിച്ചടിക്കാന്‍ പോയിട്ട് പിടിച്ചു നില്‍ക്കാന്‍ പോലും പണിപ്പെടുകയാണ് സാധാരണ ജനങ്ങള്‍ . ഇവയെക്കുറിച്ചൊക്കെ പഠിപ്പിക്കാനും മറ്റും വ്യവസ്ഥാപിത ഇടതു പാര്‍ട്ടികള്‍ ശ്രമിക്കുന്നില്ല എന്നല്ല. പക്ഷെ പോരാ. ഇത്തരം പോരാട്ടങ്ങള്‍ക്കൊരു തുണയാവുക എന്ന ഉദ്ദേശത്തോടെയാണ് ഈ ബ്ലോഗില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. താങ്കള്‍ ചൂണ്ടിക്കാണിച്ച വിഷയത്തിലുള്‍പ്പെടെ ബദലുകള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍ തീര്‍ച്ചയായും നടക്കുന്നുണ്ട്.

എങ്കിലും ഇനിയും കൂടുതല്‍ മുന്നേറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത്തരം അന്വേഷണങ്ങളെക്കുറിച്ച് കൂടുതല്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന് ശ്രമിക്കാം.

പ്രിയപ്പെട്ട കാളിദാസന്‍. അനോണിമസ്, വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. അഭിവാദ്യങ്ങള്‍

nalan::നളന്‍ said...

തീര്‍ച്ചയായും ഇന്ന് ഇന്ത്യ നേരിടുന്ന രണ്ടു പ്രധാന പ്രശ്നങ്ങള്‍ വര്‍ഗ്ഗീയതയുടേയും സാമ്രാജത്തത്തിന്റേതുമാണു. ഈ രണ്ടു കാര്യങ്ങളിലും ശക്തമായ നിലപാടുള്ളത് ഇടതുപക്ഷത്തിനുമാത്രമാണു താനും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള ഇടതുപക്ഷ നയങ്ങളെ ന്യൂനപക്ഷപ്രീണനമായി വ്യാഖ്യാനിക്കാറുണ്ടെന്നത് നേരു തന്നെ. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ശ്ലാഘനീയം തന്നെ. എങ്കിലും നിരുത്തരപരമായ നിലപാടുകള്‍, ഉദ്ദാഹരണത്തിനു തസ്ലിമ നസ്രീന്റെ കാര്യത്തില്‍ ഇടതുപക്ഷത്തു നിന്നും വരുന്നത് അപലപനീയമാണെന്നു പറയാതെ വയ്യ.

nalan::നളന്‍ said...

ആസ്ത്രേലിയ, ജപ്പാന്‍, ജെര്‍മ്മനി, ബ്രിട്ടണ്‍ എന്നിവയുടെ സ്വാതന്ത്ര്യത്തെ അമേരിക്ക എങ്ങനെയാണ് ഹനിച്ചിട്ടുള്ളത് -

ഇറാഖ് പ്രശ്നം (ഇത് ഒന്നു മാത്രം) വന്നപ്പോള്‍ ഇവരെല്ലാം അമേരിക്കയ്ക്കെതിരായ നിലാപാ‍ടാണെടുത്തത് എന്നാണോ മനസ്സിലാക്കേണ്ടത്.
മുണ്ടഴിച്ചുവച്ച് കുമ്പിട്ടു നില്‍ക്കുന്നത് ലോകം മുഴുവന്‍ കണ്ടതല്ലേ. ഓ ഇനി ഇക്കണോമിക്ക് സൂപ്പര്‍ പവറായാല്‍ ഉടുതുണിയില്ലാതെ നടന്നാലും സാരമില്ല എന്നാനെങ്കില്‍ ഒന്നും പറയാനില്ല.

nalan::നളന്‍ said...

ജനാധിപത്യത്തെ മറികടന്ന്, ചുളുവില്‍ ആണവക്കരാറുമായി പിന്‍‌വാതിലിലൂടെ(ഇതിന്റെ പിന്നാമ്പുറങ്ങള്‍ വേറെ കാര്യം) ഒളിച്ചു നടന്ന മന്‍‌മോഹനകുമാരന്റെ കുത്തിനു പിടിച്ചു ജനാധിപത്യ മര്യാദ പഠിപ്പിച്ചതാണോ ഇനി ഇടതുപക്ഷം ചെയ്ത അപരാധം?

Anonymous said...

വര്‍ഗീയതയാണ് ഏറ്റവും ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നവര്‍ വര്‍ഗീയ വിഷം തുപ്പുന്ന ബ്ലോഗുകളിലും ക്രിയാത്മകമായി ഇടപെടുന്നത് വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധിപ്പിക്കും.

kaalidaasan said...

എങ്കിലും പറഞ്ഞുനോക്കൂ സര്‍. അമേരിക്കയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നടത്താവുന്ന കൈകടത്തലുകളുടെ impact-ഉം ഇന്ത്യയില്‍ ഇന്ന് കത്താന്‍ തയ്യാറെടുക്കുന്ന - എല്ലാ‍വരും എണ്ണയൊഴിക്കുന്ന - വര്‍ഗ്ഗീയതയും തീവ്ര ദേശീയതയും - ഇത് രണ്ടും ഒന്ന് താരതമ്യം ചെയ്യൂ.


പറഞ്ഞു നോക്കാം . അമേരിക്ക ഇറാക്കിന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തിയതും അവിടെ സംഭവിച്ചതും ,സിമി കണ്ടില്ലെന്നു നടിക്കുകയാണോ? സിമി പറയുന്ന വര്‍ഗ്ഗീയത ആണ്, ഇപ്പോഴും ബുഷ് ഇറാക്കില്‍ ആരോപിക്കുന്നത്. ആ വര്‍ഗ്ഗീയതക്കെതിരെ യുദ്ധ കാഹളം മുഴക്കി, അവിടെ ചെന്ന് എല്ലാം നശിപ്പിച്ച്, അവിടം മതതീവ്രാദത്തിന്റെ ലോകതലസ്ഥാനമാക്കിയതും അമേരിക്കയാണെന്നുള്ള സത്യം എന്തേ സിമി മറന്നു പോകുന്നു?

അമേരിക്ക എങ്ങനെ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നു എന്നു മനസിലാകണമെങ്കില്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മതി.

kaalidaasan said...

ഇന്ത്യ കത്തുകയാണെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ലേ? വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിയോ? അന്ന് മരിച്ചവര്‍ എത്രയെന്ന് ഓര്‍മ്മയുണ്ടോ? ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനമായിരുന്നു അത്. അഞ്ചുലക്ഷം പേര്‍ മരിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍ -മതത്തിന്റെ പേരില്‍.


ഇന്ത്യ കത്തുകയാണെങ്കില്‍ പലതും സംഭവിക്കും . ഹിന്ദു മുസ്ലിം സ്പര്‍ദ്ധയെ വിഭജനത്തില്‍ തളച്ചിടുന്നതുകൊണ്ടാണ്, ഈ അഭിപ്രായം വരുന്നത്. വിഭജനം തന്നെ ഹിന്ദു മുസ്ലിം സ്പര്‍ദ്ധയുടെ ഫലമായിരുനു. അതിനു സഹസ്രബ്ദത്തോളം പഴക്കമുണ്ട്. വിഭജനം എന്ന പ്രക്രീയ നടന്നില്ലായിരുന്നെങ്കിലും അതിവിടെ നില നില്‍ ക്കുമായിരുന്നു. താങ്കളുടെ ഈ തെറ്റിദ്ധാരണ ഒരു വികലമായ കാഴ്ചപ്പാടില്‍ നിന്നാണ്. വിഭജനം ഹിന്ദു മുസ്ലിം പ്രശ് നങ്ങള്‍ പരിഹരിക്കാനുണ്ടാക്കിയ ഒറ്റമൂലി ആയിരുന്നു എന്ന കഴ്ചപ്പാടില്‍ നിന്ന്. വിഭജനം പ്രശ്നങ്ങള്‍ പരിഹരിക്കില്ല എന്നു മനസിലാക്കിയ ഒരു നേതാവേ ഇന്ഡ്യഡ്യയില്‍ ഉണ്ടായിരുന്നുള്ളു. മഹത്മാഗാന്ധി. മതത്തിന്റെ പേരില്‍ ഇന്‍ ഡ്യയില്‍ മരിച്ചവരുടെ കണക്കെടുക്കുന്ന കൂടെ മറ്റു ചില കണക്കുകള്‍ ക്കൂടി എടുക്കുന്നത് നല്ലതായിരിക്കും . കുരിശുയുദ്ധത്തില്‍ മരിച്ചതും , ഇസ്രായേല്‍ എന്ന മത രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ മരിച്ചവരും പലായനം ചെയ്തവരും ആ കണക്കില്‍ വരാത്തത്, സിമിയുടെ വിവരക്കുറവാണെന്നു ഞാന്‍ കരുതില്ല. പാക്കിസ്താന്‍ എന്ന മതാധിഷ്ടിത രാജ്യത്തെ ഇത്ര കാലം പിന്തുണച്ചതും മത തീവ്രവാദ സം ഘടനകളായ അല്‍ ഖയിദയേയും താലിബാനേയും പിന്താങ്ങിയതും , ഗള്‍ഫ് നാടുകളിലെ പല മത തീവ്രവാദ ഫാക്റ്ററികളെ കലവറയില്ലാതെ പിന്തുണക്കുന്നതും അമേരിക്കയാണെന്ന് സിമിക്ക് അറിയാമെന്നു തന്നെയാണ്.

kaalidaasan said...

2020-ല്‍ ഇന്ത്യ ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് (എക്കൊണോമിസ്റ്റ് മാഗസിന്‍). ഇത്തരം ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അമേരിക്കയ്ക്ക് എങ്ങനെയൊക്കെയാണ് ഹനിക്കാനാവുക? ഇന്ന് അമേരിക്കയുടെ സാമന്തരാജ്യങ്ങളായ ആസ്ത്രേലിയ, ജപ്പാന്‍, ജെര്‍മ്മനി, ബ്രിട്ടണ്‍ എന്നിവയുടെ സ്വാതന്ത്ര്യത്തെ അമേരിക്ക എങ്ങനെയാണ് ഹനിച്ചിട്ടുള്ളത് - അവര്‍ക്ക് അതിന്റെ ഫലമായി എത്ര സ്വാതന്ത്ര്യം അടിയറവ് വെയ്ക്കേണ്ടി വന്നു? അതിലും വലുതാണോ നമുക്ക് നഷ്ടപ്പെടാന്‍ പോവുന്നത്?.

അമേരിക്കയുടെ സാമന്തരാജ്യങ്ങളായ ആസ്ത്രേലിയ, ജപ്പാന്‍, ജെര്‍മ്മനി, ബ്രിട്ടണ്‍ എന്ന പ്രസ്ഥാവനയുടെ അര്‍ത്ഥം സിമിക്കു ഗ്രഹിക്കാന്‍ പറ്റുന്നുണ്ടോ അവോ? ഇതു പോലെ ഇന്‍ഡ്യയേയും ഒരു സാമന്തരാജ്യമാക്കാനാണ്, അമേരിക്കയുടെ ആഗ്രഹം .

ചൈനയേപ്പോലെ ഇന്‍ ഡ്യയും ഒരു വന്‍ സാമ്പത്തിക ശക്തിയാവുമെങ്കില്‍ എന്തിനാണ്, ഇന്‍ ഡ്യ ഒരു സാമന്തരാജ്യത്തിന്റെ തലത്തിലേക്കു താഴുന്നത്?

ആസ്ത്രേലിയ, ജപ്പാന്‍, ജെര്‍മ്മനി, ബ്രിട്ടണ്‍ എന്നിവക്കു ആധുനിക ലോകത്തില്‍ വ്യക്തമായ സ്വതന്ത്രമായ ഒരു നയം ഇല്ലായിരുന്നു. ഇവര്‍ ക്കെല്ലാം അമേരിക്കയുടെ ഒരു ഉപഗ്രഹം എന്നതില്‍ കവിഞ്ഞ പ്രാധാന്യം ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്‍ഡ്യക്കുണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം , ജപ്പാനോ ജെര്‍ മ്മനിക്കോ സ്വതന്ത്രമായ ഒരു വിദേശനയം അനുവദിച്ചില്ല. ഇന്നും ജപ്പാനോ ജെര്‍ മ്മനിക്കോ, വിദേശത്തു സേനയെ നിയോഗിക്കന്‍ സാധിക്കില്ല.

അമേരിക്കയുടെ ഭീകരതിക്കെതിരെ യുദ്ധം എന്ന കാപട്യത്തില്‍ നിന്നും പല സഖ്യ രാജ്യങ്ങളും അകന്നു പോയി. ബ്രിട്ടന്‍ മാത്രമേ മനസില്ലാ മനസോടെ അമേരിക്കയുടെ കൂടെ നല്‍ക്കുന്നുള്ളൂ. ഇപ്പോള്‍ അമേരിക്കക്കു ഇന്‍ഡ്യയെ അതില്‍ വേണം . അതിനാണ്, ഇറാന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്‍ഡ്യയെ ഉപയോഗിക്കുന്നത്.

സ്വാതന്ത്ര്യം എന്നു പറയുന്നത്, അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല.അഭിപ്രയ സ്വാതന്ത്ര്യത്തിലേക്ക് ചുരുക്കുന്നതു കൊണ്ടാണ്, അംബാനിയെ കുറ്റം പറയാനുള്ള സ്വാതന്ത്ര്യമാണ്, യധര്‍ത്ഥ സ്വാതന്ത്ര്യം എന്ന്, സിമി കാണുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം , വിദേശനയ സ്വാതന്ത്ര്യം , വ്യാപാര സ്വാതന്ത്ര്യം , തുടങ്ങി പല സ്വാതന്ത്ര്യവും മനുഷ്യര്‍ക്കും രാജ്യങ്ങള്‍ ക്കും ഉണ്ട്. അമേരിക്കയുമായി കരാറുണ്ടാക്കുന്ന ഏതൊരു രാജ്യവും പല പല വരിഞ്ഞുമുറുകലും അനുഭവിച്ചിട്ടുണ്ട്. അവര്‍ പല നിബന്ധനകള്‍ക്ക് വിധേയരാണ്. ചൈന ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അവര്‍ ഒരു വിധ നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നില്ല. സുഡാനുമായി കരറിലേര്‍പ്പെട്ടാല്‍ , ഡാര്‍ഫറില്‍ എന്തു നടക്കുന്നു എന്നവര്‍ അന്വേഷിക്കാറില്ല. പക്ഷെ അമേരിക്ക അങ്ങനെയല്ല. സഹായം കിട്ടുന്ന രാജ്യക്കാര്‍ മൂത്രമൊഴിക്കുനതു പോലും എങ്ങനെ എന്ന്, അമേരിക്ക തീരുമാനിക്കും . വ്യക്തി സ്വാതന്ത്ര്യവും മനുഷ്യാവകാശവുമാണ്, അമേരിക്കക്കിഷ്ടപ്പെട്ട വിനോദങ്ങള്‍ . അതു കൊണ്ടാണ്, ഡാര്‍ഫറിലെ അതിക്രമങ്ങള്‍ക്ക്, ചൈനയാണ്, ഉത്തരവാദി എന്നവര്‍ പറയുന്നതും . അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നവരുടെയോ, ലോകത്തിന്റെ പല ഭാഗങ്ങളിലും അവര്‍ നടത്തുന്ന ജയിലുകളില്‍ കഴിയുന്നവരുടെയോ, അവരുടെ സാമന്ത രാജ്യമായ ഇസ്രയേല്‍ അടിച്ചമര്‍ത്തുന്ന മനുഷ്യരുടേയോ, അവകാശങ്ങളേക്കുറിച്ചൊന്നും ആരും ചോദിക്കാന്‍ പാടില്ല. ചൈനയെ കണ്ണുരുട്ടി പേടിപ്പിക്കാന്‍ ചെന്നപ്പോള്‍ , അവര്‍ ഇതെല്ലാം എടുത്തിട്ടു. ബുഷോ കോന്തിയോ പിന്നെ ഒന്നും മിണ്ടിയില്ല.

നമ്മുടെ വ്യാപാര സ്വാതന്ത്ര്യം നമ്മള്‍ അടിയറ വെച്ചതു കൊണ്ടാണ്, ഇന്‍ഡ്യയുടെ നാണ്യവിളകള്‍ക്കൊന്നും വില കിട്ടാതായത്. അടുത്തയിടെ കച്ചവട രംഗം ,കൂടുതല്‍ തുറന്നു കിട്ടാനായി അമേരിക്ക ആവതു ശ്രമിച്ചു. ഇന്‍ഡ്യയും ചൈനയും അതിനു സമ്മതിക്കാത്തതിനാലാണ്, ദോഹ ചര്‍ച്ചകള്‍ പരാജയപ്പെട്ടതും . ഇങ്ങനെയുള്ള പല പല നിബന്ധനകളും ഉള്ളതാണ്, അമേരിക്കയുമായുള്ള ഏതു കരാറും .തുല്യ പരിഗണനയിലുള്ള ഏതു കാരാറും ആരും അംഗീകരിക്കും . ഇന്‍ഡ്യയെ ഒരു ആണവ രാജ്യമായി അംഗീകരിച്ച്, അതു പോലുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടാല്‍ ആരും എതിര്‍ ക്കില്ല.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ നളന്‍,

വാ‍യനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..

സി.പി.എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിന്റെ വകയായി ഒഴിവാക്കാമായിരുന്ന ഒരു പരാമര്‍ശം ഉണ്ടായി എന്നത് നേരാണ്. എങ്കിലും അത് ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തുവാന്‍ തയ്യാറായി എന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ഈ ലിങ്കില്‍ അല്പം കൂടി വിവരങ്ങള്‍ ഉണ്ട്. തസ്ലീമയുടെ ഒറ്റവിഷയത്തില്‍ സംസ്ഥാനം കത്തിക്കുവാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ ശ്രമങ്ങള്‍, അതിനോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ പത്രക്കാരുടെ ചോദ്യത്തിന് അത്ര ചിന്തിക്കാതെ പെട്ടെന്ന് പറഞ്ഞ ഒരു അഭിപ്രായമായിരുന്നു അത്. എങ്കിലും അത് ഒഴിവാക്കേണ്ടത് തന്നെ ആയിരുന്നു.