Friday, August 8, 2008

കുതിച്ചുയരുന്ന എണ്ണവിലയും ഊഹക്കച്ചവടവും

അവിശ്വസനീയമായി തോന്നാമെങ്കിലും കഴിഞ്ഞ 50 വര്‍ഷങ്ങളായി ആഗോള എണ്ണവില ബാരലിന് ശരാശരി 27 അമേരിക്കന്‍ ഡോളറിനേക്കാള്‍ ഉയര്‍ന്നിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ശരാശരി വിലയില്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഉണ്ടായ വിലവര്‍ദ്ധ നവാകട്ടെ കുറച്ചുകാലം മാത്രം നിലനില്‍ക്കുന്നതു മായിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് എഴുപതുകളില്‍ സൃഷ്ടിച്ച വില വര്‍ദ്ധനവാണ്.

1980 കളുടെ മധ്യം മുതല്‍ 2003 വരെ ലോകത്തിലെ പ്രധാന വ്യാപാര എക്സേഞ്ചുകളില്‍ എണ്ണയുടെ യഥാര്‍ത്ഥവില (നാണയപ്പെരുപ്പത്തിന്റെ സ്വാധീനം കൂടി കണക്കിലെടുത്തതിനു ശേഷമുള്ള വില) ബാരലിന് 25 ഡോളറിലും താഴേയായിരുന്നു. ഇറാഖ് അധിനിവേശത്തിലൂടെ അവിടത്തെ എണ്ണ സമ്പത്തിനെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കന്‍ ശ്രമം വിജയിക്കില്ല എന്ന് വ്യക്തമായതോടുകൂടിയാണ് 2004 മുതല്‍ ഇപ്പോള്‍ നാം അനുഭവപ്പെടുന്ന വില വര്‍ദ്ധനവ് ആരംഭിച്ചത്. ഇത് ഉയര്‍ന്നതായിരുന്നു എങ്കിലും ഒരു കുതിച്ചുകയറ്റത്തിന്റെ രൂപം പ്രാപിച്ചിരുന്നില്ല. കഴിഞ്ഞ കൊല്ലം മുതല്‍ക്കാണ് ആഗോള എണ്ണവില എല്ലാ തടസ്സങ്ങളേയും വേഗതയുടെ പരിധികളേയും ഭേദിച്ച് മുന്നേറുന്ന ഒരു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പെരുമാറാന്‍ തുടങ്ങിയത്.

2004 മുതല്‍ 2007 ഏപ്രില്‍ വരെയുള്ള മൂന്നുവര്‍ഷങ്ങളില്‍ എണ്ണ വില 2.3 മടങ്ങ് വര്‍ദ്ധിച്ച് ബാരലിന് 65 ഡോളറായിത്തീരുകയുണ്ടായി. എന്നാല്‍ 2007 മേയ് മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള 14 മാസങ്ങളില്‍ എണ്ണവില വീണ്ടും രണ്ട് മടങ്ങ് വര്‍ദ്ധിക്കുകയും 2008 ജൂണ്‍ 6-ന് ബാരലിന് 139 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന വിലയിലെത്തുകയും ചെയ്തു. തുടര്‍ന്ന് വില അല്പം കീഴ്പ്പോട്ടുവരികയും 2008 ജൂണ്‍ 10-ന് ബാരലിന് 132 ഡോളറില്‍ എത്തുകയും ചെയ്യുകയുണ്ടായി. ബാരലിന് 100 ഡോളറെന്ന 2007-ലെ വിലതന്നെ രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 1980 ലെ വിലയ്ക്ക് തുല്യമാണ്. മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍ ഇന്നത്തെ ആഗോള എണ്ണവില 1920 നുശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍വച്ച് ഏറ്റവും വേഗതയേറിയ നിരക്കിലാണ് കഴിഞ്ഞകൊല്ലം എണ്ണവില വര്‍ദ്ധിച്ചത്. ഏത് പരിധിവരെ ഈ വിലവര്‍ദ്ധനവ് തുടരും എന്നതും ഇപ്പോള്‍ വ്യക്തമല്ല. വിപണിയെ അവലോകനം ചെയ്തുകൊണ്ട് ചില വിദഗ്ദ്ധര്‍ പ്രവചിക്കുന്നത് ഈ വര്‍ഷാവസാനം എണ്ണവില 150 മുതല്‍ 200 ഡോളര്‍വരെ ഉയര്‍ന്നേക്കുമെന്നാണ്.

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള എണ്ണവില വര്‍ദ്ധന സംഭവിച്ചത് എന്നതിന് നിരവധി വിശദീകരണങ്ങള്‍ ഇപ്പോള്‍ നല്‍കപ്പെടുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലെന്നപോലെ ഈ വിശദീകരണങ്ങളിലും പ്രതിഫലിക്കുന്നത് വിലവര്‍ദ്ധനവിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളല്ല, മറിച്ച് വിശദീകരണം നല്‍കുന്നവരുടെ താത്പര്യങ്ങളാണ്. എണ്ണയുടെ ഇപ്പോഴത്തെ ഉയര്‍ന്ന വില വികസ്വരരാജ്യങ്ങളുടെ കുഴപ്പംകൊണ്ടാണ്, അതായത് OPEC രാജ്യങ്ങള്‍ ഉത്പാദനം കുറച്ചതിനാലും ഇന്‍ഡ്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങളില്‍ എണ്ണയ്ക്കുള്ള ഡിമാണ്ട് അതിവേഗം വര്‍ദ്ധിച്ചതിനാലുമാണ്, സംഭവിച്ചതെന്നാണ് എല്ലാ വികസിത രാജ്യങ്ങളിലേയും നയസൃഷ്ടാക്കളും പണ്ഡിതന്മാരും ഒരേ സ്വരത്തില്‍ വാദിക്കുന്നത്.

മുകളില്‍ പരാമര്‍ശിക്കപ്പെട്ട രണ്ടു ഘടകങ്ങളും ഭാവിയുടെ ഒരു ഘട്ടത്തില്‍ ആഗോള എണ്ണവിപണിയുടെ ദീര്‍ഘകാല ഘടനയെ മാറ്റിമറിക്കുന്നതിന് കാരണമായിത്തീര്‍ന്നേയ്ക്കാമെങ്കിലും കഴിഞ്ഞ ഒരു കൊല്ലത്തില്‍ ഉണ്ടായ എണ്ണവില വര്‍ദ്ധനവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. എന്നാല്‍ ഈ വസ്തുതയെ മനസ്സിലാക്കുന്നതിനായി നമുക്ക് പൊതുവില്‍ വിലവര്‍ദ്ധനവിന്റെ കാരണമായി ഉന്നയിക്കപ്പെടുന്ന വാദങ്ങളെ ഒന്നൊന്നായി പരിഗണനയ്ക്ക് വിധേയമാക്കേണ്ടതായിട്ടുണ്ട്.

വിശദീകരണങ്ങളില്‍ മിക്കവയും വിതരണവുമായി ബന്ധപ്പെട്ടതാണ്. ലോകത്താകെയുള്ള എണ്ണയുടെ ശേഖരം ഇതിനകംതന്നെ അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞതിനാലോ അല്ലെങ്കില്‍ ഉടനെതന്നെ എത്തുമെന്നതിനാലോ ശോഷിച്ചുവരുന്നു എന്നതാണ് ഒരു വിശദീകരണം. ഇതിനെ ശക്തമായി അനുകൂലിക്കുന്ന ചിലരാകട്ടെ പുതിയ എണ്ണശേഖരങ്ങള്‍ കണ്ടെത്താനായി കൂടുതല്‍ നിക്ഷേപം നടത്തുന്നതുകൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നതിനുള്ള സാധ്യതകളില്ലെന്നും അതുകൊണ്ട് ലോകം മറ്റേതെങ്കിലും രൂപത്തിലുള്ള ഊര്‍ജ്ജം, അത് ജൈവാവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നതോ അഥവാ പുനര്‍ജീവിപ്പിക്കുവാന്‍ കഴിയുന്നതോ ആകാം, ഉപയോഗിക്കുന്നതിന് ശീലിക്കണമെന്നുമാണ് വിശ്വസിക്കുന്നത്. ഈ കാഴ്ചപ്പാടുള്ളവര്‍ അഭിപ്രായപ്പെടുന്നത് എണ്ണവിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പെട്ടെന്നുള്ള വര്‍ദ്ധവ് ഒരു ദശകത്തിലധികമായി വില ഉയരുന്നതിനെ തടഞ്ഞുനിര്‍ത്തിയതിന്റെ അനന്തരഫലമാണെന്നും അതുകൊണ്ടുതന്നെ ഒഴിവാക്കാന്‍ പറ്റാത്ത ഈ വര്‍ദ്ധനവ് ശക്തമായതും ഏറെ വേദനയുണ്ടാക്കുന്നതും ആയിത്തീര്‍ന്നിരിക്കുന്നു എന്നുമാണ്. എന്നാല്‍ എണ്ണയുടെ ഉപഭോഗവും ആഗോളലഭ്യതയും തമ്മില്‍ വലിയൊരു അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ഈ അഭിപ്രായത്തിന് പ്രസക്തിയുള്ളൂ. അത്തരം ഒരു സാഹചര്യം ഇന്ന് നിലനില്‍ക്കുന്നില്ല എന്ന് താഴെ നല്‍കുന്ന വിശദീകരണങ്ങളില്‍ നിന്ന് തെളിയുകയും ചെയ്യും.

ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ചില പ്രത്യേക രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. തുടര്‍ന്നുവരുന്ന ഭരണ അസ്ഥിരത ഇറാഖിലേയും, സമീപകാലത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നൈജീരിയയിലേയും, എണ്ണഖനികളുടെ കാലപ്പഴക്കം വെനിസ്വലയിലേയും എണ്ണ ഉത്പാദനത്തേയും അതുകൊണ്ട് കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എണ്ണയുടെ വിതരണത്തെയും വിലയെയും സ്വാധീനിക്കുന്ന മറ്റൊരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇസ്രായേല്‍ ഇറാനെ ആക്രമിക്കുമെന്ന ഭയത്തിനാലും പാലസ്തീനില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കലാപങ്ങളുടെ ഫലമായും പശ്ചിമേഷ്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയാണ്.

അമേരിക്കന്‍ നാണയത്തിലാണ് ആഗോള എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും നടക്കുന്നത് എന്നതിനാല്‍ ഡോളറിന്റെ മൂല്യം താഴോട്ടു വരുന്നതും എണ്ണയുടെ വിതരണത്തെ ബാധിക്കുന്നു എന്നതാണ് മറ്റൊരു വാദഗതി. വിലകുറയുന്ന ഡോളര്‍ സ്വീകരിച്ച് എണ്ണ വില്പന നടത്തുന്നതിനു പകരം ഖനനം തന്നെ നിര്‍ത്തിവയ്ക്കുന്ന സമീപനമാണ് ഉത്പാദകര്‍ ഇപ്പോള്‍ കൈകൊള്ളുന്നത്.

എന്നാല്‍ ഇതൊരു ദുര്‍ബലമായ വാദഗതിയാണ്. കാരണം എണ്ണയുടെ വ്യാപാരം ഡോളറില്‍തന്നെ നടത്തണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല എന്നതുതന്നെ. മാത്രവുമല്ല വിതരണത്തില്‍ ഉണ്ടായിരിക്കുന്നതായി പറയുന്ന കുറവ് ഡോളറിന്റെ മൂല്യം ഇടിയുന്നതുകൊണ്ട് സംഭവിക്കുന്നതാണ് എന്ന വാദഗതിയെ പിന്‍തുണയ്ക്കുന്ന യഥാര്‍ത്ഥമായ തെളിവുകളൊന്നും നമ്മുടെ മുന്നിലില്ല. എണ്ണയുടെ വില ഉയരുന്നതുകാരണം അമേരിക്കയുടെ ഇറക്കുമതി ചിലവ് വര്‍ദ്ധിക്കുന്നതുകൊണ്ടാണ് ഡോളറിന്റെ മൂല്യം കുറഞ്ഞുവരുന്നത് എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

വിതരണത്തിലെ കുഴപ്പമാണ് ഇപ്പോഴത്തെ എണ്ണവില വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് കാരണമമെന്ന് വിശ്വസിക്കുന്നവര്‍ ഇതിന് ഒപ്പെക്ക് രാജ്യങ്ങളെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ഒപെക് രാജ്യങ്ങള്‍ വിപണിയില്‍ അവയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് നടത്തുന്ന "അഴിമതി''ക്കെതിരെ രോഷംകൊള്ളുമ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഒരു കാര്‍ട്ടലിനെപ്പോലെ പ്രവര്‍ത്തിച്ച് വിലയില്‍ തിരിമറി നടത്തുന്നു എന്നാരോപിച്ച് ഒപെക് രാജ്യങ്ങള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ശ്രമിക്കുകയാണ്. ഒരു കാര്‍ട്ടല്‍ ആയി പ്രവര്‍ത്തിക്കുന്നതിന് അതിലെ അംഗങ്ങളെ ഒരു നിശ്ചിത അളവില്‍ മാത്രം ഉത്പാദനം നടത്തണമെന്ന നിബന്ധനയ്ക്ക് വിധേയമാക്കേണ്ടതായിട്ടുണ്ടെന്നും 1980 നുശേഷം ഒപെക് അതിന്റെ അംഗങ്ങള്‍ക്ക് ഉത്പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നുമുള്ള വസ്തുതകള്‍ പാടെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള തികച്ചും തെറ്റായ വാദഗതികള്‍ ഉന്നയിക്കപ്പെടുന്നത്.

വാസ്തവത്തില്‍ ആഗോള എണ്ണ വിതരണത്തിന്റെ മുഴുവന്‍ നിയന്ത്രണവും കൈയാളുന്ന ഒരു കാര്‍ട്ടലിനെപോലെയല്ല, മറിച്ച് എണ്ണ ഉത്പാദിപ്പിക്കുന്ന ചില രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു ക്ളബ്ബിനെപ്പോലെയാണ് ഒപെക് ഇന്ന് പ്രവര്‍ത്തിക്കുന്നത്. 1970 കളില്‍ ആഗോള എണ്ണ ഉത്പാദനത്തിന്റെ 70 ശതമാനവും ഒപെകിന്റെ നിയന്ത്രണത്തിലായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 40% മാത്രമാണ്. സ്വന്തം തീരുമാനമനുസരിച്ച് അംഗരാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുകയാണെങ്കില്‍പോലും അവയ്ക്കുമേല്‍ ഏതെങ്കിലും രീതിയിലുള്ള ഒരു ഉത്പാദന പരിധി അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശക്തിയോ അധികാരമോ ഒപെക്കിന് ഇല്ല. ഒപെക് എന്ന സംഘടന രൂപീകരിക്കപ്പെടാത്ത ഒരു ലോക സാഹചര്യത്തില്‍ ഒപെക്ലെ അംഗരാജ്യങ്ങള്‍ ഉല്പാദിപ്പിക്കുമായിരുന്ന അതേ അളവില്‍ തന്നെയാണ് അവ ഇപ്പോള്‍ ഉത്പാദനം നടത്തുന്നത്. മാത്രവുമല്ല ഒപെക് നിലവില്‍ വന്നിട്ട് 50 വര്‍ഷത്തിലേറെയായിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ഒരിക്കല്‍പ്പോലും ആഗോള എണ്ണവില ബാരലിന് 27 ഡോളറിലധികം ഉയര്‍ന്നിട്ടില്ല.

ആഗോള എണ്ണ വിതരണത്തില്‍ 2008- ഏപ്രില്‍മാസം ചെറിയ ഒരു ഇടിവ് (2007 മായി താരതമ്യം ചെയ്യുമ്പോള്‍) ഉണ്ടായത് ഒപെക് ഇതര എണ്ണരാജ്യങ്ങളുടെ കുഴപ്പംകൊണ്ടുമാത്രമാണ്. 2008 ഏപ്രിലില്‍ ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള വിതരണം യഥാര്‍ത്ഥത്തില്‍ പ്രതിദിനം 1.7 മില്യണ്‍ ബാരലോളം വര്‍ദ്ധിക്കുകയാണുണ്ടായത്. ഒപെക് ലെ അംഗവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരുമായ സൌദിഅറേബ്യ ഡിമാന്റിന് അനുസൃതമായി ഉത്പദനം വര്‍ദ്ധിപ്പിക്കാന്‍ ഇതിനകംതന്നെ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതെല്ലാം വിതരണത്തിന്റെ കാര്യത്തില്‍ ഒപെക് രാജ്യങ്ങളെ പഴിചാരുന്നത് എത്രത്തോളം അസംബന്ധമാണെന്ന് തെളിയിക്കുകയാണ്.

എണ്ണയുടെ ഡിമാന്റുമായി ബന്ധപ്പെട്ടതാണ് വികസിത രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള മറ്റൊരു വാദഗതി. ഈ വാദഗതി ഉന്നയിക്കുന്നവര്‍ എണ്ണവില ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇന്‍ഡ്യയിലേയും ചൈനയിലേയും കുതിച്ചുയരുന്ന ഡിമാന്റിനെയും, ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന ഡിമാന്റിന് ആനുപാതികമായി എണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി വന്‍ സബ്സിഡികള്‍ നല്‍കി എണ്ണവിലയെ പിടിച്ചുനിര്‍ത്തുന്നതിനായി ഈ രാജ്യങ്ങള്‍ എടുക്കുന്ന നടപടികളെയുമാണ്. ഒറ്റനോട്ടത്തില്‍ കുറെയൊക്ക ശരിയാണെന്ന് തോന്നിക്കുന്ന ഈ വാദഗതികളും യഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണ്.

ചൈനയുടെ എണ്ണയ്ക്കുവേണ്ടിയുള്ള ഡിമാന്റ് അതിവേഗം വര്‍ദ്ധിച്ചുവരികയാണ് എന്നത് ശരിയാണെങ്കിലും മൊത്തം ആഗോള ഉപഭോഗത്തില്‍ ചൈനയുടെ പങ്ക് 8% മാത്രമാണ്. ഇന്‍ഡ്യയുടേത് 3 ശതമാനത്തില്‍ താഴേയും. സബ്സിഡികളെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വിലകളെ ഗണ്യമായി ഉയര്‍ത്തുന്ന രീതിയില്‍ അവയക്കുമേല്‍ ചുമത്തപ്പെടുന്ന നികുതികളെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. സമപീകലാത്തുണ്ടായ വില വര്‍ദ്ധനവിനുശേഷവും എണ്ണയ്ക്ക് ഏറ്റവും കുറഞ്ഞ തദ്ദേശീയ വില നിലനില്‍ക്കുന്നത് അമേരിക്കയിലാണ്. ഇത് ഇന്‍ഡ്യയിലെ വിലകളെക്കാളും കുറവാണ്. ഇന്‍ഡ്യയേയും, ചൈനയേയും അപേക്ഷിച്ച് അമേരിക്കയിലാണ് എണ്ണയുടെ ഉപഭോഗത്തെ ത്വരിതപ്പെടുത്തുന്ന സബ്സിഡികള്‍ കൂടുതലായി നല്‍കപ്പെടുന്നത്.

2007-ല്‍ എണ്ണയുടെ ഇറക്കുമതിക്കായുള്ള ഇന്‍ഡ്യയുടേയും ചൈനയുടേയും ഡിമാന്റ് 8.7% വര്‍ദ്ധിക്കുകയുണ്ടായി. അതേസമയം അഞ്ചു വലിയ ഇറക്കുമതി രാജ്യങ്ങളില്‍ (അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി) നിന്നു ള്ള ഡിമാന്റില്‍ 2.6 ശതമാനത്തിന്റെ കുറവു വരികയും ചെയ് തു. ഇതിന്റെ ഫലമായി ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്ന 10 രാജ്യങ്ങളില്‍ നിന്നു ള്ള മൊത്തം ഡിമാന്റില്‍ 0.5 ശതമാനത്തോളം ഇടിവുണ്ടായി. എന്നിട്ടും 2007-ല്‍ ആഗോള എണ്ണവില 170 ശതമാനം വര്‍ദ്ധിക്കുകയാണ് ചെയ്തത്.

സമാനമായ സ്ഥിതിഗതികളാണ് ഇക്കൊല്ലവും രൂപപ്പെട്ടുവരുന്നത്. ഛൃഴമിശമെശീിേ Organisation For Economic Co-operation and Development ല്‍ (OECD) അംഗങ്ങളായ സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്റില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ചൈനയും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഒപെക് ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്റില്‍ 3.7 ശതമാനം എന്ന ഉയര്‍ന്ന വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യും. എന്നിരുന്നാലും ആഗോള ഡിമാന്റ് 1.2 ശതമാനത്തോളമേ വര്‍ദ്ധിക്കുകയുള്ളൂ. എണ്ണയുടെ പ്രതിദിന ആഗോള ലഭ്യത കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ 2008-ലും 86 ബില്യണ്‍ ബാരല്‍ ആയിരിക്കുകയും ചെയ്യും. എന്നിട്ടും 2008-ന്റെ ആദ്യത്തെ 5 മാസങ്ങള്‍ ആഗോള എണ്ണവില 140 ശതമാനത്തിലും അധികം വര്‍ദ്ധിക്കുകയാണുണ്ടായത്.

ഇതില്‍ നിന്നെല്ലാം യഥാര്‍ത്ഥ ഡിമാന്റിനെയും വിതരണത്തെയും മാത്രം ആസ്പദമാക്കിയുള്ള ലളിതമായ വിശദീകരണങ്ങള്‍ ഇപ്പോഴത്തെ എണ്ണവില വര്‍ദ്ധനവിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഒട്ടുംതന്നെ ഉപയോഗപ്രദമാകുന്നില്ല എന്ന് തെളിയുകയാണ്. വളരെയേറെ പ്രത്യേകതയുള്ളതും ലോകത്തെയാകെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ഈ ഉത്പന്നത്തിന്റെ വില ഇന്ന് തീരുമാനിക്കുന്നത് ഉത്പന്നങ്ങളുടെ ഭാവിവില നിശ്ചയിക്കുന്ന വിപണികളിലെ (Commodity Future Markets) പ്രവര്‍ത്തനങ്ങളിലൂടെ ഊഹക്കച്ചവടം നടത്തുന്ന ശക്തികളാണ്.

സാമ്പത്തിക മേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് മറ്റുനിരവധി പ്രാഥമിക ഉത്പന്നങ്ങളുടെ (Primary commodities) കാര്യത്തില്‍ സംഭവിച്ചതുപോലെ എണ്ണയുടെ വ്യാപാരത്തിലും ഊഹക്കച്ചവടം അനുവദിക്കുന്നതിന് വഴിയൊരുക്കിയിരിക്കുകയാണ്. അമേരിക്കയിലെ Newyork Marcantile Exchange (NYMEX) ലണ്ടനിലെ International Exchange (ICE) എന്നീ രണ്ട് പ്രമുഖ എക്സ്ചെഞ്ചുകളാണ് ഈ പ്രക്രിയക്കു പിന്നിലെ നിര്‍ണ്ണായകമായ ഘടകങ്ങള്‍. ആഗോളതലത്തില്‍ ഏറ്റവുമധികം വ്യാപാരം ചെയ്യപ്പെടുന്ന West Texax Intermediate, North Sea Brunt എന്നീ രണ്ട് ഉയര്‍ന്ന എണ്ണ ഇനങ്ങളുടെ ഭാവി വിലകള്‍ നിശ്ചയിക്കുന്ന കരാറുകളെ (Futures contract) ഈ രണ്ട് എക്സ്ചേഞ്ചുകളാണ് നിയന്ത്രിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന എണ്ണയുടെ വില നിശ്ചയിക്കുന്നത് future contractന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എണ്ണയുടെ ഭാവി വില നിര്‍ണ്ണയിക്കുന്ന കരാറുകള്‍ക്ക് വ്യാപാരം ചെയ്യപ്പെടുന്ന എണ്ണയുടെ യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് നിശ്ചയിക്കപ്പെട്ടുവരുന്നത്. എണ്ണ വിപണിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനരീതി "Contago" എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

വിതരണത്തിന്റെയും ഉപഭോഗത്തിന്റെയും യഥാര്‍ത്ഥ സ്ഥിതിയുമായി അത്രയധികം പൊരുത്തമൊന്നുമില്ലാതെ Futuresകളുടെ വില ഉയരുന്നതിനനുസരിച്ച് എണ്ണയുടെ വിലയും വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Futures Market യാതൊരു നിയന്ത്രണത്തിനും വിധേയമാകാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാന പ്രശ്നം. ഇത് "ഇന്നത്തെ പുതിയതും വിചിത്രവുമായ "കടലാസ് എണ്ണയുടെ'' ലോകത്ത് എണ്ണയുടെ വില നിശ്ചയിക്കുന്ന futures കളേയും derivatives കളേയും ആര് ആര്‍ക്കാണ് വില്‍ക്കുന്നത് എന്നതിനെക്കുറിച്ചുള്ള എന്തെങ്കിലും ധാരണ Goldman Saches, Morgan Stanly തുടങ്ങിയ എണ്ണ വ്യാപാരത്തില്‍ പങ്കാളികളായ ചില പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമാത്രം ഉണ്ടാകുന്ന ഒട്ടും സുതാര്യമല്ലാത്ത ഒരു പ്രക്രിയയ്ക്ക് ജന്മം നല്‍കിയിരിക്കുന്നു'' എന്നാണ് F. William Engdahl അഭിപ്രായപ്പെടുന്നത്.

ഇത്തരത്തില്‍ യാതൊരു നിയന്ത്രണത്തിനും വിധേയമാകാതെ പ്രവര്‍ത്തിക്കുന്ന വിപണികള്‍ നിരവധി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു എന്ന കാര്യം കുറേക്കാലമായി വ്യക്തമായി വരികയാണ്. 2006 ജൂണില്‍ അമേരിക്കയിലെ Senet Permanant Subcommittee on Investigation "എണ്ണ വിലവര്‍ദ്ധനവില്‍ വിപണിയിലെ ഊഹക്കച്ചവടത്തിന്റെ പങ്ക്'' എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. അമേരിക്കയിലെ മാധ്യമങ്ങളും നയസൃഷ്ടാക്കളും റിപ്പോര്‍ട്ടിനെ അവഗണിക്കുകയാണുണ്ടായതെങ്കിലും അതിന്റെ പല കണ്ടെത്തലുകള്‍ക്കും ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്.

റിപ്പോര്‍ട്ടിലെ ചില നിഗമനങ്ങള്‍ വിശദമായിതന്നെ ഉദ്ധരിക്കേണ്ടതായിട്ടുണ്ട്. "പ്രത്യക്ഷത്തില്‍ futures contract കളെപ്പോലെ തോന്നുന്നതും അവയ്ക്ക് സമാനമായ ഘടനയുള്ളതും എന്നാല്‍ യാതൊരു വിധ നിയന്ത്രണങ്ങള്‍ക്കും വിധേയമല്ലാത്ത over the counter (OTC) electronic വിപണികളില്‍ വ്യാപാരം ചെയ്യപ്പെടുന്നതുമായ കരാറുകളുടെ ഗണ്യമായ വര്‍ദ്ധനവിന് വഴിയൊരുക്കുന്ന വിപണികളിലെ വലിയ തോതിലുള്ള ഊഹക്കച്ചടമാണ് എണ്ണ വിലവര്‍ദ്ധനവിന് കാരണമെന്ന നിഗമനത്തിന് ശക്തമായ തെളിവുകളാണുള്ളത്.''

ഇതിന്റെ ഫലമായി വിപണിയെ നിരീക്ഷണത്തിനു വിധേയമാക്കാനുള്ള സാധ്യതകളും വളരെയേറെ കുറഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നു. "ഊഹക്കച്ചവടത്തിനായി ഒഴുകിയെത്തുന്ന അളവറ്റ ധനവിലയും ഉത്പാദനവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മാറ്റിമറിക്കുകയും വേണ്ടത്ര അളവില്‍ ഉത്പന്നങ്ങള്‍ ലഭ്യമായിട്ടും അവയ്ക്ക് ഉയര്‍ന്നവില നല്‍കേണ്ട ഒരു സ്ഥിതി ഇന്നത്തെ എണ്ണ വിപണിയില്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.''

വിപണിക്കുമേല്‍ യാതൊരുവിധത്തിലുള്ള നിയന്ത്രണവും ഇല്ലാത്തതിനാല്‍ ഊഹക്കച്ചവടത്തിനു പിന്നിലെ പ്രധാന ശക്തികള്‍ (അതുകൊണ്ടുതന്നെ എണ്ണയുടെ വിലവര്‍ദ്ധനവിന്റെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിക്കുന്നവര്‍) ആരൊക്കെയാണെന്ന് കണ്ടുപിടിക്കുന്നതിനുപോലും സാധ്യമല്ലാതായിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ദുരിതമനുഭവിക്കുന്നു എന്നതും അതുപോലെതന്നെ വിലവര്‍ദ്ധനവ്കൊണ്ട് ഉത്പാദകര്‍ക്ക് വലിയ പ്രയോജനമൊന്നും ലഭിക്കുന്നില്ല എന്നതും വ്യക്തമാകുന്നുമുണ്ട്. Commodity futures വ്യാപാരത്തില്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള ധനകാര്യസ്ഥാപനങ്ങളെ കൂടാതെ അമേരിക്കയിലെ Housing വിപണി തകര്‍ന്നതിനാല്‍ തങ്ങള്‍ക്കു നേരിട്ട വന്‍ നഷ്ടത്തെ എങ്ങിനെയെങ്കിലും തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ബാങ്കുകളും ഊഹക്കച്ചവടത്തിലൂടെ എണ്ണയുടെ വില വര്‍ദ്ധിപ്പിച്ച് വളരെ പെട്ടെന്ന് ലാഭം കൊയ്യുന്നതിനായി എണ്ണവിപണിയില്‍ പ്രവേശിക്കുകയാണ്.

വലിയ ശക്തികളുടെ വിപണിയിലെ ഇടപെടലിനെക്കുറിച്ച് ചില തെളിവുകളും ലഭ്യമാണ്. Goldman Sachs, Morgan Stanely എന്നിവ എണ്ണ വ്യാപാരത്തില്‍ സ്ഥിരം പങ്കാളികളായ അമേരിക്കയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളാണ്. Goldman Sachs, Morgan Stanely എന്നീ സ്ഥാപനങ്ങളാകട്ടെ എണ്ണ വ്യാപാരത്തില്‍ ഇടപെടുന്നതോടൊപ്പംതന്നെ ഊഹക്കച്ചവട വിപണിയില്‍ സജീവമായി പങ്കെടുക്കുന്ന നിരവധി Hedge ഫണ്ടുകളില്‍ നിക്ഷേപം നടത്തുകയും ചെയ്തുവരുന്നു. കഴിഞ്ഞ 5 വര്‍ഷംകൊണ്ട് commodity futures വിപണിയില്‍ നിക്ഷേപം നടത്തുന്ന ഫണ്ടുകളുടെ മൂല്യം 13 ബില്യണ്‍ ഡോളറില്‍ നിന്ന് 260 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. Hedge fund, pension fund, Investment Banks എന്നിവ ഉള്‍പ്പെടെയുള്ള വന്‍ നിക്ഷേപകര്‍ ഇപ്പോള്‍ അവരുടെ ധനസ്ത്രോതസ്സുകളെ കൂടുതലായി എണ്ണയുടെയും മറ്റ് പ്രാഥമിക ഉപഭോഗ ഉത്പ്പന്നങ്ങളുടേയും വിപണികളിലേയ്ക്ക് തിരിച്ചുവിടുകയാണ്.

ബില്യണ്‍ കണക്കിനു ഡോളറിനെ എണ്ണയുടേയും മറ്റു അവശ്യവസ്തുക്കളുടേയും വിപണികളിലേയ്ക്ക് തിരിച്ചുവിടുന്ന പ്രക്രിയ പണപ്പെരുപ്പത്തെ തടയുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇത് പണപ്പെരുപ്പത്തിന്റെ ആക്കം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഇത്തരത്തിലുള്ള ഊഹക്കച്ചവടം വളരെ ലാഭകരമായ ഒരു സാമ്പത്തിക ഇടപാടായി മാറിക്കഴിഞ്ഞിരിക്കുകയുമാണ്. HSBC യുടെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്നുമാസങ്ങളായി ധനവിപണികളില്‍ "ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നത്'' അവശ്യവസ്തുക്കളുടേയും ഊര്‍ജ്ജത്തിന്റേയും വിപണികളില്‍ ഊഹകച്ചവടത്തിനായി നിഷേപിക്കുന്ന ഫണ്ടുകളാണ്. മറ്റു പല ഫണ്ടുകളും നഷ്ടത്തിലായപ്പോള്‍ ഇവയില്‍ നിന്ന് 30 ശതമാനത്തോളം വാര്‍ഷിക ലാഭമാണ് ലഭിച്ചത്.

ഈ പ്രവണതയ്ക്കെതിരെ ചില നടപടികള്‍, അവ വളരെ കാലതാമസം വന്നതും ലഘുവായതുമാണെങ്കില്‍പോലും, ഇപ്പോള്‍ സ്വീകരിക്കപ്പെടുകയാണ്. കടുത്ത വിമര്‍ശനങ്ങളെ നേരിടുന്ന NYMEX ഉം ലണ്ടനിലെ ICE യും ഇക്കഴിഞ്ഞ മേയ് 30-ന് എണ്ണ വ്യാപാരത്തില്‍ പങ്കെടുക്കുന്നവര്‍ - അതിനായി നിക്ഷേപം നടത്തുന്ന അവസരത്തില്‍ കൂടുതല്‍ ധനം, deposit ആയി നല്‍കണമെന്നത് ഉറപ്പുവരുത്തുന്നതിനായി അവരുടെ കാരറിനുള്ള "Margin calls"' മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഇതിനുശേഷം Brent Crude Oil ന്റെ വില ബാരലിന് 134 ഡോളറില്‍ നിന്ന് 132 ഡോളറായി കുറഞ്ഞത് ഈ നടപടിയിലൂടെ ഊഹക്കച്ചവടത്തിന് ചെറിയ രീതിയിലെങ്കിലും തടയിടുവാന്‍ കഴിഞ്ഞു എന്ന വസ്തുതയിലേയ്ക്കും വിരല്‍ചൂണ്ടുകയാണ്.

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലെന്നപോലെ ധനവിപണികളിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതാണ് എണ്ണയുടെ വില ഇത്രയധികം കുതിച്ചുയരുവാനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇത് ഊഹക്കച്ചവടത്താല്‍ സൃഷ്ടിക്കപ്പെട്ട വിലവര്‍ദ്ധനവാകാനാണ് സാധ്യത. അങ്ങിനെയാണെങ്കില്‍ വിപണികളിലെ മറ്റെല്ലാ കുമിളകളേയുംപോലെ ഇതിനും ഒരു അന്ത്യമുണ്ടാകും. എണ്ണവിപണിയിലെ കുമിള പൊട്ടുന്നതിന് തീര്‍ച്ചയായും നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവന്നേയ്ക്കാം. അമേരിക്കയിലെ Housing കുമിള നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് തകര്‍ന്നതെന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് ഈ സാധ്യതകൂടി കണക്കിലെടുത്തുകൊണ്ടുവേണം വികസ്വരരാജ്യങ്ങള്‍ അവയുടെ നയങ്ങള്‍ രൂപീകരിക്കേണ്ടത്. പ്രത്യേകിച്ചും എണ്ണവില വര്‍ദ്ധനവിന്റെ ദുരന്തഫലങ്ങളുടെ ഭാരം അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ചുമലില്‍ കെട്ടിവെയ്ക്കുന്നതിന് മുന്‍പ്.

*
ജയതി ഘോഷ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അവിശ്വസനീയമായി തോന്നാമെങ്കിലും കഴിഞ്ഞ 50 വര്‍ഷങ്ങളായി ആഗോള എണ്ണവില ബാരലിന് ശരാശരി 27 അമേരിക്കന്‍ ഡോളറിനേക്കാള്‍ ഉയര്‍ന്നിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ശരാശരി വിലയില്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഉണ്ടായ വിലവര്‍ദ്ധ നവാകട്ടെ കുറച്ചുകാലം മാത്രം നിലനില്‍ക്കുന്നതു മായിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് എഴുപതുകളില്‍ സൃഷ്ടിച്ച വില വര്‍ദ്ധനവാണ്.

1980 കളുടെ മധ്യം മുതല്‍ 2003 വരെ ലോകത്തിലെ പ്രധാന വ്യാപാര എക്സേഞ്ചുകളില്‍ എണ്ണയുടെ യഥാര്‍ത്ഥവില (നാണയപ്പെരുപ്പത്തിന്റെ സ്വാധീനം കൂടി കണക്കിലെടുത്തതിനു ശേഷമുള്ള വില) ബാരലിന് 25 ഡോളറിലും താഴേയായിരുന്നു. ഇറാഖ് അധിനിവേശത്തിലൂടെ അവിടത്തെ എണ്ണ സമ്പത്തിനെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കന്‍ ശ്രമം വിജയിക്കില്ല എന്ന് വ്യക്തമായതോടുകൂടിയാണ് 2004 മുതല്‍ ഇപ്പോള്‍ നാം അനുഭവപ്പെടുന്ന വില വര്‍ദ്ധനവ് ആരംഭിച്ചത്. ഇത് ഉയര്‍ന്നതായിരുന്നു എങ്കിലും ഒരു കുതിച്ചുകയറ്റത്തിന്റെ രൂപം പ്രാപിച്ചിരുന്നില്ല. കഴിഞ്ഞ കൊല്ലം മുതല്‍ക്കാണ് ആഗോള എണ്ണവില എല്ലാ തടസ്സങ്ങളേയും വേഗതയുടെ പരിധികളേയും ഭേദിച്ച് മുന്നേറുന്ന ഒരു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പെരുമാറാന്‍ തുടങ്ങിയത്.

ജയതിഘോഷ് എഴുതിയ ലേഖനം.

ഒരു “ദേശാഭിമാനി” said...

ലളിതമായി പറഞ്ഞാല്‍ ആവശ്യവും ഉല്‍പ്പാദനവും തമ്മിലുള്ള ബന്ധമാണു വിലയെ നിയന്ത്രിച്ചിരുന്നതു. എന്നാല്‍ ഇന്നു വില നിശ്ചയിക്കുന്നതു, പ്രധാനമായും അമേരിക്കന്‍ കമ്മോഡിറ്റിമാര്‍ക്കറ്റിലെ ജൂതന്മാരാണു. നിങ്ങള്‍ ദിവസവും കമ്മോഡിറ്റി മാര്‍ക്കറ്റ്ലെ സ്പെക്കുലേഷന്‍സ് നോക്കുകയാണങ്കില്‍ അതു മനസ്സിലാകും. ഇന്ത്യന്‍ സമയം 4മണിക്കു ലണ്ടന്‍ മാര്‍ക്കറ്റ് തുറ്ക്കുമ്പൊഴും 6 മണിക്കു അമേരിക്കന്‍ മാര്‍ക്കറ്റ് തുറക്കുമ്പോഴും ഉണ്ടാകുന്ന വിലകളുടെ ഏറ്റക്കുറച്ചിലുകള്‍ കാണേണ്ടതുതന്നെ! ഡിമാന്റ് ആന്റ് സപ്ലെക്കു ഇന്നു മാര്‍ക്കറ്റില്‍ യാതൊരു സ്താനവുമില്ല! മാര്‍ക്കറ്റ് സ്പെക്കുലേറ്റേര്‍സ് എന്തു വിചാരിക്കുന്നുവോ അത് മാത്രമേ നടപ്പാവുകയുള്ളു.

ഇനി എണ്ണയുടെ കാര്യം, 86 ബില്ല്യന്‍ ബാരല്‍ എണ്ണ ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ എണ്ണവില ഉദ്ദേശം ശരാശരി 125 ഡോളര്‍ ആണു. അതായതുന്യായവില 100 ഡോളര്‍ എന്നു നിശ്ചയിച്ചാല്‍ പോലും,25 ഡോളര്‍ അധികം. അപ്പോള്‍ കഴിഞ്ഞ മൂന്നു മാസം കൊണ്ട് മാത്രം 86x25x130DAYS= 279500 ബില്യന്‍ ഡോളര്‍! ഈ അധികപണം എവിടെക്കു ഒഴൂകുന്നു?

പ്രക്രുതിയില്‍ നിന്നും ഊറ്റിയെടുക്കൂന്ന ഈ ഊര്‍ജ്ജത്തിന്റെ വില.. പോകുന്നത്, മനുഷ്യരാശിയെ നശിപ്പിക്കുന്നതിനുള്ള യുദ്ധസാമഗ്രികളുടെ നിര്‍മ്മാണത്തിനും, സംരക്ഷണത്തിനും, കുറച്ചു സമ്പന്നരുടെ സുഖഭോഗങ്ങള്‍ക്കും! (ഇതു ലളിതമായ വാക്കില്‍ പറഞ്ഞാല്‍)!

Anonymous said...

Go to hell.

Baiju Elikkattoor said...

Yes, the hell is already at our door-step! അമേരികൃയെന്ന ഭീമാകാരമായ, മൂനംലോക ജനതയെ ശ്വാസം മുട്ടിക്കുന്ന, കുമിള പൊട്ടി ഇല്ലാതാവാന്‍ കാതോര്‍ക്കാം!