ഇട്ടിരാരിശ്ശന് നമ്പൂതിരി രാവിലെ പൂമുഖം പൂകുമ്പോള്‍ കാര്യസ്ഥന്‍ രാമന്‍നായര്‍ മുന്‍കൂറായി ഹാജര്‍, മഴവില്ല് മണ്ണില്‍ കുത്തിയപോലെ. ഇട്ടിരാരിശ്ശന് 'ക്ഷ' പിടിച്ചു. ശീലം മറന്നിട്ടില്ല. ഭാഗ്യവാന്‍.
'ന്താ..രാമാ..രാവിലെ..?'
'റാന്‍' എന്ന ആമുഖത്തിനു ശേഷം ഉള്ളടക്കം വരാന്‍ വൈകി. നിശ്ശബ്ദത ഛേദിക്കാന്‍ ഇട്ടിരാരിശ്ശന്‍ തന്നെ മുന്‍കൈയെടുത്തു.
'ന്താച്ചാ..പറയ്യ്യാ..'
രാമന് തുടക്കം കിട്ടുന്നില്ല.
'പ്രശ്നം സാമ്പത്തീകമോ മറ്റോ ആണോ..വല്ല കടോം ചോദിക്കാനാണെങ്കി..മടങ്ങുന്നതാവും ബുദ്ധി. സമയം തനിക്കും വെലപ്പെട്ടതാണല്ലൊ!'
'ല്യ..പ്രശ്നം..സാമ്പത്തീകമല്ല.അവ്ടത്തെ കാരുണ്യം കൊണ്ട് അടിയന്‍ ഫിനാന്‍ഷ്യലി സാറ്റിസ്ഫൈഡാണ്...'
'പിന്നെ ന്താപ്പോ?.സാമൂഹ്യം? സാംസ്ക്കാരികം?'
ഇട്ടിരാരിശ്ശന്‍ ചര്‍ച്ചക്കൊരുങ്ങി.മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ചു. വെറ്റില, അടയ്ക്ക, പുകയില ഇത്യാദികളെ ഒന്നിനു പുറകെ ഒന്നായി ചുരുട്ടിക്കെട്ടി. പ്രക്രിയ നടക്കുന്നതിനിടയില്‍ അകായിലേക്കു നോക്കി പ്രഖ്യാപിച്ചു.
' പ്രാതലിന് നോം വൈകും.'
ഡയലോഗ് ഇനി രാമന്‍നായരുടെ ഊഴമാണ്.
'ന്തിലാ .. പെടുന്നതെന്നറീല്യ...മതപരമാണോന്നൊരു സംശയോണ്ട്... അടിയന്റെ വിവരക്കേട് പൊറുക്കണം..'
' പൊറുത്തിരിക്ക്ണൂ...പണ്ടേ പൊറുത്തിരിക്ക്ണതു കൊണ്ടാണല്ലൊ..രാമാ..തനിക്കായാലും ഒരു നെലേം വെലേം ഒക്കെ ഒണ്ടായത്...മതപരാന്ന് വെച്ചാല്‍..ആചാരാണോ? അനുഷ്ഠാനാണോ?'
'രണ്ടിലും പെടും'
'തെളിച്ച് പറയ്യ്യാ. തന്നെയെന്താ മണിപ്രവാളത്തിലാണോ പ്രസവിച്ചത്..?'
ഇട്ടിരാരിശ്ശന്‍ ചിരിച്ചു. രാമനും അതില്‍ ചുണ്ടുകൊണ്ട് പങ്കുചേര്‍ന്നു.
'റാന്‍..അവിട്ന്ന്.. ഞെട്ടരുത്..'
'ഞെട്ടറ്റാല്‍ കടയ്ക്കല്‍ എന്നല്ലെ.. ഞെട്ട്യാലും നോം ഇവ്ടെത്തന്നെ..ണ്ട്ാവോല്ലൊ.. താന്‍ ലേഖനമെഴുതാതെ വിഷയത്തിലേക്ക് വര്കാ..'
'വരാം..ന്നാലും..'
രാമന്‍ മടി അഭിനയിച്ചു. പിന്നെ ഒന്നു മൂളി, ശേഷം മുക്കി. അതിനിടയില്‍ ഇത്രയും പുറത്തു വന്നു.
' ഇവ്ടത്തെ പാലയില്‍..'
' പാലായില്‍...'
രാമന്‍നായര്‍ ആവര്‍ത്തിച്ചു.
' പാലായില്‍..!'
' ടെന്‍ഷന്‍ നോം അഭിനയിക്കണ്ണ്ട്.. പറയ്യ്യാ.. പാലായില്‍..ന്താ..കേരളാ കോണ്‍ഗ്രസ്സോ?'
'അത് സഹിക്കാമായിരുന്നു.. മറ്റേതാ..'
' ഏത്..?'
' യക്ഷി..'
' ഹാവൂ..' എന്ന് ഇട്ടിരാരിശ്ശന്‍ പറയുന്നതോടെ ഈ രംഗത്തിന് തിരശീല വീഴ്ത്താവുന്നതാണ്. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. ജീവിതനാടകം നീണ്ടു.
രാമന്‍ സുദീര്‍ഘമായി പ്രസംഗിച്ചു.
' നാട്ടുകാരൊക്കെ പറേണ്ണ്ടായിരുന്നു ഇവ്ടത്തെ പാലയില്‍ യക്ഷീണ്ട്...യക്ഷീണ്ട്ന്നൊക്കെ. കൊട്ടാരത്തില്‍ ശങ്കുണ്ണ്യേട്ടന്‍ പറഞ്ഞതില്‍ കൂടുതലൊന്നും ഇവമ്മാര്‍ പറയാതിരുന്നതിനാല്‍ അടിയനും കേട്ടഭാവം നടിച്ചില്ല. ചെറുപ്പക്കാര് പോവുമ്പൊ ചുണ്ണാമ്പു ചോദിച്ച് പൊറകെ ചെന്നെന്നും, ചെറുപ്പക്കാര് ഭ്രമിച്ചു പോയെന്നും, ശിഷ്ടകാലം എല്ലും മുടിയുമായി ജീവിച്ചെന്നുമൊക്കെ കഥകളിറങ്ങി. അടിയന്‍ വിശ്വസിച്ചില്ല...ഇവ്ടത്തെ പാലയില്‍ യക്ഷിയോ..?'
ഇട്ടിരാരിശ്ശന്‍ ഇടപെട്ടു.
' അതെന്താ രാമാ..താന്‍ വിശ്വസിക്കാതിരുന്നെ..?'
'യക്ഷിയായാലും സ്ത്രീ തന്നെയല്ലെ തിരുമേനി..?'
'നോമിന് ബോധിച്ചിരിക്ക്ണു... ഈ ഫലിതത്തിന് രാമന് രണ്ടേക്ര ഭൂമി പാട്ടം ഒഴിവാക്കിത്തരണംന്ന്ണ്ട്... ഇല്ലാതെ പോയി.. കാലം ങ്ങാനും തിരിച്ച് വന്നാ..അപ്പോ ആലോചിക്കാം..രാമാ..തൊടര്..'
നിര്‍ത്ത്യേടത്ത് രാമന്‍നായര്‍ തൊടങ്ങ്യേടത്ത് രാമന്‍ നായരായി. ച്ചാല്‍ കഥ തുടര്‍ന്നൂന്നര്‍ഥം.
'റാന്‍..എന്നാല്‍ അടിയന് ഒരു ദിവസം വിശ്വസിക്കാതിരിക്കാനായില്ല.. കാവിലെ വെളക്കും കഴിഞ്ഞ് അടിയന്‍ വീട്ടിലേക്ക് പോവുകയായിരുന്നു.
വഴിയില്‍ നാട്ടുവെളിച്ചം മാത്രം.. ദൂരെയായി.. ചില ശ്വാനന്മാര്‍ ഓരിയിടുന്ന ശബ്ദം....'
' ട്ടോ രാമാ.. കഥാപ്രസംഗം വേണ്ട. ഇമേജറികളൊക്കെ നോം ചിന്തിച്ചോളാം...ചുരുക്കത്തില്‍ പറയ്യ്യാ..പത്രത്തീ പേജ് കൊറവാ..'
' അടിയന്‍..കണ്ടു.യക്ഷിയെ.'
ഇട്ടിരാരിശ്ശന്‍ ചോദിച്ചു.
'..ങ്നെ..'
' റാന്‍..ങ്നെന്ന് വെച്ചാല്‍..?'
'ദൃശ്യഭംഗി..'
' വിസ്തരിച്ച് നോക്കീല്ല...ജീവന്‍ കൈയിലുണ്ടായിരുന്നതിനാല്‍ അടിയന്‍ ഓടി..'
കഥ തീര്‍ത്ത് രാമന്‍ നായര്‍ മടങ്ങി. ഇട്ടിരാരിശ്ശന്‍ ചിന്തയില്‍ ആണ്ടു. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഉച്ചഭക്ഷണത്തില്‍ നിന്ന് നാലു പപ്പടം ഒഴിവാക്കി. രസം വെട്ടിച്ചുരുക്കി. ഉച്ചയുറക്കത്തിനു പകരം ഉച്ചിയില്‍ രാമച്ച വിശറി വീശി. അകത്തുള്ളോള്‍ക്ക് സംശയമായി. അവിടുത്തെ തിരുമുഖം ഇതുവരെ കാര്‍മേഘാവൃതമായിട്ടില്ല.
' ..ന്താവോ..?'
ഇട്ടിരാരിശ്ശന്‍ പറഞ്ഞു.
' യക്ഷി..'
അകത്തുള്ളോള്‍ മറിഞ്ഞുവീഴുന്ന ശബ്ദമാണ് കേട്ടത്. ഇട്ടിരാരിശ്ശന്‍ നിരീക്ഷിച്ചു.
' ശ്വാസംണ്ട്. ചത്തിട്ടില്ല.'
അന്ന് രാത്രി യക്ഷിയുമായി ഒരു മുഖാമുഖത്തിന് ഇട്ടിരാരിശ്ശന്‍ തയ്യാറായി. വെള്ളിയാഴ്ചയായതിനാല്‍ 'നേരെ വെള്ളി' എന്നു തന്നെ എപ്പിസോഡിന് പേരിട്ടു.
ഓവര്‍കോട്ടും ടൈയും വേണ്ടെന്ന് വെച്ചു.'ലെസ് ലെഗേജ് ഈസി മാരിയേജ്' എന്നാണല്ലൊ കാരണവന്മാര്‍ കല്‍പ്പിച്ചിരിക്കുന്നത്.വസ്ത്രം കഴിയുന്നത്ര ഒഴിവാക്കി. ഒന്നും ഒരു തടസ്സമാവരുതല്ലൊ! സെന്‍സറിങ്ങില്‍നിന്ന് രക്ഷപ്പെടാന്‍ മാത്രം ധരിച്ചു.
രാത്രിയോടെ ഇട്ടിരാരിശ്ശന്‍ റെഡിയായി. പന്ത്രണ്ട് സെന്റ് മാറിടത്തില്‍ ഒന്നര കിലോ ചന്ദനം പൂശി. കുടുമ കുടഞ്ഞുകെട്ടി. കാതില്‍ കുടക്കടുക്കന്‍. പത്തു വിരലിലും വൈരക്കല്ല് പതിച്ച മോതിരം. മൂന്നു തളിര്‍ വെറ്റില, ജാപ്പാണം പുകയില, ഒരു കുടന്ന അടയ്ക്ക അരിഞ്ഞത്. എല്ലാം കൂടി വായിലെ മിക്സിക്കകത്തിട്ടൊന്ന് ആട്ടി. വായൊരു ചെങ്കടലായി.
വെള്ളികെട്ടിയ ചൂരലുമായി ഇട്ടിരാരിശ്ശന്‍ പാലമരത്തിനു താഴെ കാത്തിരുന്നു. സമയം ഇറ്റിറ്റു വീണു. പെട്ടെന്ന് പരിമളം പൊങ്ങി. മാലേയ മാരുതന്‍ വീശി. മഞ്ജുശിഞ്ജീതമുയര്‍ന്നു. പാലപ്പൂക്കള്‍ കൊഴിഞ്ഞു. ഇട്ടിരാരിശ്ശന്‍ ഞെട്ടി. അവള്‍ വരുന്നു, യക്ഷി.
ചേണുറ്റ ചിലങ്ക കിലുങ്ങി. വാര്‍തിങ്കള്‍ നാണിച്ചു.നക്ഷത്രങ്ങള്‍ കണ്ണിറുക്കി. വെണ്‍മേഘങ്ങള്‍ തിരക്കുകൂട്ടി.
അവള്‍ നടന്നു.
ഇട്ടരാരിശ്ശന്‍ അടിമുടി പൂത്തു.
ഇതിനിടയില്‍ അവള്‍ നടന്നു മറഞ്ഞു.
'ഛേ..' ഇട്ടിരാരിശ്ശന്‍ നിരാശനായി. ഒറ്റ നിമിഷത്തെ പിടിപ്പുകേട്. വികാരം വിചാരത്തെ ഭരിച്ചു. കാഴ്ചയുടെ ഭ്രമം.
ഇനി സംഭവിക്കില്ല. പോയ വണ്ടി തിരിച്ചു വരും. അപ്പോള്‍ കൈ കാണിക്കാം. ഇട്ടിരാരിശ്ശന്‍ കാത്തിരുന്നു. ഉറക്കം വരാതിരിക്കാന്‍ വെണ്‍മണി ശ്ളോകങ്ങള്‍ ചൊല്ലി.
അരമണിക്കൂര്‍.
പരിമളം വണ്‍സ് മോര്‍, മാലേയ മാരുതന്‍ വണ്‍സ് മോര്‍, മഞ്ജുശിഞ്ജീതം വണ്‍സ് മോര്‍.
അവള്‍ തിരിച്ചു വന്നു.
ഇട്ടിരാരിശ്ശന്‍ ഇട്ടിരാരിശ്ശനോട് തന്നെ ആജ്ഞാപിച്ചു.
'വിടുവായനാവരുത്.'
യക്ഷി അടുത്തു വന്നു.
ഇട്ടിരാരിശ്ശന്‍ വെള്ളികെട്ടിയ ചൂരല്‍ കൊണ്ട് തടുത്തു.
' നില്‍ക്കവിടെ.'
അവള്‍ നിന്നു. ചിരിച്ചു.
മഞ്ഞിന്‍കണങ്ങളില്‍ സൂര്യകിരണങ്ങള്‍ തട്ടിയ പോലെ.
യക്ഷി സിലബസ് തെറ്റിക്കാതെ ചോദിച്ചു.
'ചുണ്ണാമ്പുണ്ടോ?'
ഇട്ടിരാരിശ്ശന്‍ പറഞ്ഞു.
'സ്റ്റോക്കില്ല.'
ഇട്ടിരാരിശ്ശന്‍ ഒരടി പിന്നോക്കം മാറി ആവശ്യത്തിന് വ്യായാമം ചെയ്ത് ഒറ്റ അലര്‍ച്ച.
'ഇരിക്കടി അവിടെ!'
അവള്‍ കെഞ്ചി.
'ങ്ഹൂം.'
ഇട്ടിരാരിശ്ശന്‍ അടവൊന്ന് മാറ്റി. സംസ്കൃതത്തില്‍ കഥിച്ചു.
യക്ഷിക്കൊന്നും മനസ്സിലായില്ല. അവള്‍ കടക്കണ്ണ് കൊണ്ടൊരു കവിതയെഴുതി.
'ഇട്ടിരാരു.. ഐ ഡോണ്‍ട് നോ സാന്‍സ്ക്രിറ്റ്...സേ.. ഇന്‍ ഇംഗ്ളീഷ്. ഞാന്‍ സെന്‍ട്രല്‍ സ്ക്കൂളിലാ പഠിച്ചത്.. ഇട്ടിരാരു...'
ഇട്ടിരാരിശ്ശന്‍ പതറി. പുറത്ത് കാണിച്ചില്ല. കുളിച്ചില്ലെങ്കിലും പുരുഷമേധാവിത്വം പുരപ്പുറത്ത് തന്നെ വേണമല്ലൊ. ആപത്തില്‍ സംസ്കൃതം സഹായിക്കും എന്ന് ഇട്ടിരാരിശ്ശനറിയാം. സംസ്കൃതത്തില്‍ തന്നെ അലറി.
സഹികെട്ട് യക്ഷി ഇരുന്നു.
' നീ ആരാണ്?'
നിലവാരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടെന്ന് യക്ഷി തീരുമാനിച്ചു.
ഇട്ടിരാരിശ്ശന്‍ ആവര്‍ത്തിച്ചു.
'ഹൂ ആര്‍ യൂ?'
യക്ഷി പറഞ്ഞു.
'ഇട്ടിരാരു..നിങ്ങള്‍ക്കൊരു മാനേഴ്സില്ലല്ലോ..എന്തൊരു ന്യൂയിസന്‍സാണ്. ബി ക്വയറ്റ്. ഞാന്‍ പറയാം.'
അവള്‍ തുടങ്ങി,അവളുടെ കഥ.കണ്ണീരില്‍ ഡ്രൈവാഷ് ചെയ്ത കഥ.
'ഞങ്ങള്‍ യക്ഷികളുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. കഷ്ടമാണ് ഞങ്ങളുടെ ജീവിതം. പെന്‍ഷന്‍ പോലുമില്ല. ഭക്ഷണം കഴിച്ചിട്ട് എത്ര നാളായെന്ന് അറിയാമോ? ഇപ്പോള്‍ ഇരകളെ ഒന്നും കിട്ടുന്നില്ല. ആരും ചുണ്ണാമ്പുകൊണ്ട് നടക്കുന്നില്ല. മുറുക്കുന്നവരുടെ എണ്ണം തീര്‍ത്തും കുറഞ്ഞു. കാല്‍നടക്കാര്‍ തീരെ ഇല്ല. എല്ലാവരും ടൂ വീലറിലല്ലെ. ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്ന് നിങ്ങള്‍ അന്വേഷിക്കുന്നുണ്ടോ? ആത്മഹത്യയുടെ മുന്നിലാണ് ഞങ്ങള്‍. പിടിച്ചു നില്‍ക്കാന്‍ ഒറ്റ മാര്‍ഗമേയുള്ളു.
' എന്താണത്?'
' സീരിയല്‍. അതില്‍ കയറിപ്പറ്റാന്‍ ഒരു ചാനലുകാരനെ അന്വേഷിച്ചു പോയതാണ് ഞാന്‍ .'
' ഈ അസമയത്തോ?'
'അസമയമാണ് അതിനു പറ്റിയ സമയം.. ഇട്ടിരാരൂ.. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ..പ്ളീസ്..'
ഇട്ടിരാരിശ്ശന്‍ ഒരാഴ്ച പനിച്ചുകിടന്നെന്ന് ഞങ്ങളുടെ ഗോസ്റ്റ് ലേഖകന്‍ റിപ്പോര്‍ട് ചെയ്യുന്നു.
*
എം എം പൌലോസ്
Subscribe to:
Post Comments (Atom)
6 comments:
യക്ഷി സിലബസ് തെറ്റിക്കാതെ ചോദിച്ചു.
'ചുണ്ണാമ്പുണ്ടോ?'
ഇട്ടിരാരിശ്ശന്‍ പറഞ്ഞു.
'സ്റ്റോക്കില്ല.'
എം.എം.പൌലോസിന്റെ നര്‍മ്മഭാവന
ഹാഹാ...ആ നര്‍മ്മം രസിച്ചു..:)
:))))
ഹ..ഹ...ഹഹഹ....എന്റമ്മോ..എനിക്ക് ചിരിച്ചിട്ട് ചിരിക്കാന്മേലേ...
കലക്കി...
കുഞ്ഞിപണ്ണ്
assalaayittundu!!!!
കൊള്ളാം..!! ഭേഷ്..!! "ക്ഷ" ബോധിച്ചു..!!
Post a Comment