10 വര്‍ഷം മുമ്പ് 12 ഡോളറായിരുന്ന ഒരു ബാരല്‍ ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്രവില 2008 ജൂണില്‍ 142 ഡോളറായി. 12 ഇരട്ടി വിലക്കയറ്റം. ഉപഭോഗം 12 മടങ്ങായി ഉയര്‍ന്നുവോ? ഉല്‍പ്പന്നത്തിന്റെ ലഭ്യത കുറഞ്ഞുവോ? ഇല്ലെന്നാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ഉത്തരം.
2008ല്‍ ലോകത്ത് പ്രതിദിനം 1.7 ദശലക്ഷം ബാരല്‍ എണ്ണ അധികം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പ്രതിദിന ഉപഭോഗത്തില്‍ 70,000 ബാരലിന്റെ കുറവാണ് 2008 ല്‍ ഉള്ളത്. ലോകസമൂഹത്തിന്റെ പ്രതിദിന എണ്ണഉപഭോഗം 86.84 ദശലക്ഷം ബാരലായിരുന്നത് 2008 ല്‍ 86.77 ദശലക്ഷമായി കുറഞ്ഞുവെന്നും അവര്‍ പറയുന്നു. എണ്ണയുടെ പ്രതിദിന ഉല്‍പ്പാദനത്തില്‍ 0.5% കുറവാണ്, 2007 നെ അപേക്ഷിച്ച് ഇപ്പോഴുളളത്. എന്നാല്‍ ആഗോള ക്രൂഡോയില്‍ ഉപഭോഗത്തില്‍ ഉണ്ടായ വര്‍ദ്ധനവ് വെറും 1.1 ശതമാനം മാത്രമാണ്..
എന്നിട്ടും ആറുമാസം കൊണ്ട് എണ്ണവില രണ്ടിരട്ടിയായതെങ്ങനെ?
ചൈനയും ഇന്ത്യയും എണ്ണ കുടിച്ചുവറ്റിക്കുകയാണോ?
240 കോടി മനുഷ്യരധിവസിക്കുന്ന രാഷ്ട്രങ്ങളാണിവ. രണ്ടു രാജ്യങ്ങളും ചേര്‍ന്ന് മൊത്തം എണ്ണയുടെ 11 ശതമാനമാണ് ഉപയോഗിക്കുന്നത്. ചൈന 8 ശതമാനവും ഇന്ത്യ 3 ശതമാനവും. അതേസമയം 30 കോടി മനുഷ്യര്‍ മാത്രമുളള അമേരിക്ക ആഗോളഎണ്ണ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം ഉപയോഗിക്കുന്നുണ്ട് !
എണ്ണ നിക്ഷേപം വറ്റുകയാണെന്ന ചിലരുടെ കൂവിവിളിയില്‍ അര്‍ത്ഥമുണ്ടോ?
ഇതുവരെ കണ്ടെത്തിയ എണ്ണ വരുന്ന 41 വര്‍ഷത്തേക്ക് മാത്രമേ തികയുകയുള്ളൂവെന്ന് അന്താരാഷ്ട്രാ ഊര്‍ജ്ജ ഏജന്‍സി പറയുന്നു. കണ്ടെത്താനുളളതിന് കണക്കില്ല. 60 വര്‍ഷത്തേക്കുളള പ്രകൃതി വാതകമാണ് കണ്ടെത്തിയ സ്റ്റോക്ക് എന്നും അവര്‍ പറയുന്നു! ലോകത്തിന് മൊത്തം 130 വര്‍ഷത്തേക്ക് വേണ്ട കല്‍ക്കരിനിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇതേ ഏജന്‍സി കണക്ക് നിരത്തുന്നത്!
വില കയറ്റുന്നത് 'ഒപ്പെക്കാ'ണോ?
ലോകത്തിന് വേണ്ട എണ്ണയുടെ 70%വും അവരായിരുന്നു ഒരിക്കല്‍ സംഭാവന ചെയ്തിരുന്നത്. അഞ്ച് ദശാബ്ദം അത് തുടര്‍ന്നു. എണ്ണവില പരമാവധി 27 ഡോളറില്‍ ഒതുക്കിനിര്‍ത്തി, 70% ഉല്‍പ്പാദനത്തിന്റെ കുത്തക നിലനിര്‍ത്തിയവരാണ് 'ഒപ്പെക്ക്' രാഷ്ട്രങ്ങള്‍. ഇന്നത് 40% മാത്രം. എന്നിട്ടും അവരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമുണ്ടോ?
നൈജീരിയയില്‍ കലാപകാരികളാണോ എണ്ണ വില ഉയര്‍ത്തുന്നത്?
ഷെവറോണ്‍ എന്ന കുത്തകക്കെതിരെ നൈജീരിയയില്‍ സമരം നടക്കുന്നതു കൊണ്ടാണ് വില കയറുന്നതെന്ന് പറയുന്നു. കടുത്ത പരിസ്ഥിതി മലിനീകരണത്തിനെതിരെ നടക്കുന്ന സമരം കലാപമാണോ? അതുകൊണ്ട് വില രണ്ടിരട്ടിയായി കുതിച്ചു കയറുമോ?
ഹ്യൂഗോ ഷാവേസാണോ കാരണം?
വെനിസ്വേലയില്‍ നിന്ന് രണ്ട് കുത്തകകളെ പറഞ്ഞയച്ചതുകൊണ്ട് എണ്ണ ഖനനം നടക്കുന്നില്ലെന്നാണ് പറയുന്നത്.
അതെ, എണ്ണയുടെ വില നിമിഷംപ്രതി കുതിച്ചുയരുന്നതിന് കമ്പോളം, നിരത്തുന്നകാരണങ്ങളാണിതെല്ലാം! കമ്പോളം കാണാത്ത കാരണങ്ങളുണ്ടോ? അതോ, യഥാര്‍ത്ഥ കാരണം. 'കമ്പോളം തന്നെയോ?
ഉത്തരം തേടുമ്പോള്‍ ഈ വാക്കുകള്‍ വഴി പറഞ്ഞുതരും.
"മൂലധനം ലാഭത്തിന്റെ അഭാവത്തെയോ, നിസാരമായ ലാഭത്തെയോ അനുവദിക്കുകയില്ല. തക്ക ലാഭമുണ്ടെങ്കില്‍ മൂലധനം ധീരമായി പെരുമാറും..
10 ശതമാനം ലാഭത്തിന് മൂലധനം എവിടെയും വ്യാപരിക്കും. 20 ശതമാനം ലാഭം ആര്‍ത്തിവളര്‍ത്തും. അമ്പതുശതമാനം ലാഭം സാഹസികതക്കു സന്നദ്ധമാക്കും. 100 ശതമാനം ലാഭം എല്ലാമാനുഷികമൂല്യങ്ങളെയും ചവിട്ടിമെതിക്കാന്‍ തയ്യാറാകും. 300 % ലാഭത്തിന് മൂലധനം ചെയ്യാത്ത പാതകമില്ല.. അത് നേരിടാനറയ്ക്കുന്ന ആപത്തില്ല. ഉടമയെ തൂക്കിലേറ്റുന്ന കടുംകൈയ്യിനുപോലും അത് മുതിരുന്നു''
ടി.ജെ. ഡണ്ണിംഗിനെ ഉദ്ധരിച്ചുകൊണ്ട് കാറല്‍ മാക്സ് (മൂലധനം ഒന്നാം വാല്യം)
ധനമൂലധനവും, കമ്പോളവും അതിന്റെ ഉടമകളെ തന്നെ തൂക്കിലേറ്റുന്ന അതിസാഹസികതയുടെ അതിരുകളിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.. അവര്‍ എണ്ണയല്ല, വെറും കടലാസുകള്‍ മാത്രമാണ് കൈമാറുന്നത്. ആ കടലാസുകള്‍ പക്ഷേ 650 കോടി മനുഷ്യരുടെ രക്തക്കറയാല്‍ കരുവാളിച്ചിരിക്കുന്നു. അതില്‍ നിന്ന് ചോരയും, ചെളിയും ഇറ്റുവീഴുന്നു. എണ്ണയില്‍ തീ പകരുന്നത് മൂലധനത്തിന്റെ ഒടുങ്ങാത്ത രക്തദാഹമാണ്. നമ്മുടെ നെഞ്ചില്‍ അഗ്നികോരി നിറക്കുന്നതും അവര്‍ തന്നെ.
ഉപഭോഗത്തില്‍ വന്‍വര്‍ദ്ധനയോ ഉല്പാദനത്തില്‍ കുറവോ വരാത്ത അവസ്ഥയിലും എണ്ണയുടെ വില വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതിനു പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടായേ മതിയാവൂ. പ്രകൃതിയുടെ സമ്പത്തായ എണ്ണ എന്ന ഈ സാമൂഹിക വിഭവം കുത്തകകള്‍ക്ക് കൈമാറിയതാണോ കാരണം? എണ്ണ നിക്ഷേപമുളള രാഷ്ട്രങ്ങളെ ആയുധവും, മൂലധനവും ഉപയോഗിച്ച് കീഴടക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ വികസന രീതിയാണോ കാരണം? മുതലാളിത്തത്തിന് യുദ്ധം പോലും ലാഭം കൊയ്യാനുളള ഉപകരണമായിരിക്കെ അതാണോ.സര്‍വ്വവിനാശകാരിയായ എണ്ണ വിലക്കയറ്റത്തിനു കാരണം?
നമുക്കിതൊന്ന് വിശദമായി പരിശോധിക്കാം.
പ്രകൃതി വിഭത്തിന്റെ കൈമാറ്റം
ലോകബാങ്കിനെ നമുക്ക് അറിയാം. വെളളത്തിന് വിലയിട്ട് വില്‍ക്കാന്‍ ലോകത്തെ പഠിപ്പിച്ചത് അവരാണ്. അവരുടെ വെബ്‌സൈറ്റില്‍ നിന്നാവുമ്പോള്‍ കച്ചവടത്തിന്റെ കണക്ക് തെറ്റില്ല. 2000 മുതല്‍ 2005 വരെയുളള കാലം. അതിസമ്പന്ന രാഷ്ട്രങ്ങളൊഴിച്ച് ബാക്കിയുളള നാടുകളിലാകെ നടന്നപൊതുമുതല്‍ വില്‍പ്പനയുടെ കണക്ക് നോക്കാം. അഞ്ചുവര്‍ഷം കൊണ്ട് 979 സ്വകാര്യവല്‍ക്കരണ ഇടപാടുകളാണത്രെ നടന്നത്. അതില്‍ പകുതിയിലധികവും എണ്ണസമ്പന്നമായ കിഴക്കല്‍ യൂറോപ്പിലും മധ്യേഷയിലുമായിരുന്നു. കൈമാറിയത് പൊതു ഉടമസ്ഥതയിലായിരുന്ന എണ്ണപ്പാടങ്ങളും ഊര്‍ജ്ജ നിക്ഷേപങ്ങളുമായിരുന്നുവെന്ന് ആര് പറഞ്ഞു തരണം?
ലോകബാങ്ക് കഥയവിടെ തീരുന്നില്ല! സ്വകാര്യവല്‍ക്കരണം വഴി ഈ നാടുകളിലെ ദേശീയസര്‍ക്കാരുകള്‍ വാങ്ങിവച്ച പണം എത്രയുണ്ടെന്നും അവര്‍ വിവരിക്കുന്നുണ്ട്. ലോകമാകെ നടന്ന കച്ചവടത്തില്‍ നിന്ന് 56873 ദശലക്ഷം ഡോളര്‍ ലഭിച്ചുവത്രെ! എന്നാല്‍ ഈ തുകയുടെ 60% വും മധ്യേഷ്യയിലും കിഴക്കന്‍ യൂറോപ്പിലുമുളള രാഷ്ട്രങ്ങളുടെ വിഹിതമാണ്! (32,886 ദശലക്ഷം ഡോളര്‍) സ്വകാര്യവല്‍ക്കരണത്തിലൂടെ ഖജനാവുകളിലെത്തിയ പണത്തിന്റെ പകുതിയും (25,691 ദശലക്ഷം ഡോളര്‍) ഊര്‍ജ്ജമേഖലയുടെ കൈമാറ്റത്തില്‍ നിന്നാണ് വന്നതെന്നുകൂടി വെബ്‌സൈറ്റ് പറഞ്ഞുതരുന്നു! ചുരുക്കമിതാണ്. 1980കള്‍ വരെ പൊതുമേഖലയില്‍ നിലനിന്ന എണ്ണപര്യവേഷണം, ഖനനം, സംസ്കരണം തുടങ്ങിയ തന്ത്രപ്രധാന രംഗങ്ങള്‍ 256.91 ബില്യന്‍ ഡോളര്‍ വാങ്ങി അന്താരാഷ്ട്ര എണ്ണകുത്തകകള്‍ക്ക് കൈമാറി (ഊര്‍ജ്ജത്തില്‍ എണ്ണ-ഇതര മേഖലകള്‍ ഉണ്ടെന്നു മറക്കുന്നില്ല)
എണ്ണയുടെ പരമാധികാരം കയ്യടക്കിയ മൂലധന ഉടമകള്‍, അതിന്റെ വില നിശ്ചയിക്കുകയും, വില വെച്ച് ചൂതാടുകയും ചെയ്യുന്നതില്‍ ഖേദിച്ചിട്ടെന്തുകാര്യം! ലാഭം 300 മടങ്ങായി പെരുപ്പിക്കാന്‍ പിറന്ന ആസുരജന്മമല്ലേ മൂലധനത്തിന്റേത്. 300 കോടി മനുഷ്യരുടെ വിയര്‍പ്പിന്റെ പുഴയിലും ലാഭത്തിന്റെ വൈഡൂര്യം മുങ്ങിത്തപ്പാനല്ലേ അവര്‍ക്ക് അറിയൂ. വിയര്‍പ്പില്‍ നിന്ന് ലാഭം വിളയിക്കാന്‍ വില കയറ്റാതെ പറ്റില്ലല്ലോ.
കളളനെ കപ്പല്‍ ഏല്‍പ്പിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനുകളില്‍ ആദ്യത്തെ അഞ്ചെണ്ണം എണ്ണ കുത്തകകളായി മാറിയത് ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ്. വാള്‍മാര്‍ട്ട് എന്ന റീട്ടെയില്‍ ഭീമനെ പിന്തളളി ഒന്നാം സ്ഥാനത്തേക്ക് കടന്നുവന്നത് അമേരിക്കന്‍ എണ്ണ കുത്തക എക്സോണ്‍ മോബില്‍ എന്ന കമ്പനിയാണ്. ആദ്യത്തെ പത്തില്‍ അവശേഷിപ്പിക്കുന്ന നാല് കോര്‍പ്പറേഷനുകളും എണ്ണയുടെ ഉറ്റബന്ധുവായ ഓട്ടോമൊബൈല്‍ വ്യവസായങ്ങളാണ് എന്ന് കൂടി ഓര്‍ക്കണം.
ലോകത്തിലെ ഈ ഒന്നാം നമ്പര്‍ കുത്തകക്ക് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും, പരിസ്ഥിതി മലിനീകരണങ്ങളുടെയും പാരമ്പര്യമാണുളളത്. പ്രതിവര്‍ഷം 6 ബില്യന്‍ ഡോളര്‍ സര്‍ക്കാര്‍ സബ്സിഡികള്‍ വാങ്ങിയ്ക്കുന്ന ഈ കമ്പനി; എണ്ണ പര്യവേഷണത്തിനും പുതിയ പാടങ്ങളുടെ വികസനത്തിനും വേണ്ടിയുളള സര്‍ക്കാര്‍ സൌജന്യങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഗവണ്‍മെന്റുകള്‍ക്ക് വന്‍തുക കൈക്കൂലി കൊടുക്കുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെ വശത്താക്കാനുളള ലോബിയിംഗ് ചെലവ് കമ്പനി കണക്കുപുസ്തകത്തില്‍ നിന്നുതന്നെ എടുത്ത് അവര്‍ ജനസമക്ഷം അവതരിപ്പിക്കുന്നു. ഈ ഇനത്തില്‍ 14.5 ദശലക്ഷം ഡോളറാണ് 2007 ല്‍ കമ്പനി ചിലവഴിച്ചതത്രെ! 870 ദശലക്ഷം ഡോളര്‍ നല്‍കിയിട്ടായിരുന്നു അംഗോളയുടെ തീരങ്ങളില്‍ എണ്ണ ഖനനം ചെയ്യാനുളള അവകാശം അവര്‍ വാങ്ങിയത്. ആഗോളതാപനം ഭീഷണിയല്ലെന്ന് പ്രചരിപ്പിക്കുന്ന കപട ശാസ്ത്ര സംഘങ്ങള്‍ക്ക് വേണ്ടി ഈ കുത്തക വര്‍ഷാവര്‍ഷം ദശലക്ഷകണക്കിന് ഡോളറുകള്‍ നീക്കിവെക്കുന്നുമുണ്ട് !
പാരിസ്ഥിതിക ആഘാതം കുറച്ചുകൊണ്ട് വ്യവസായം നടത്താന്‍ ചെലവേറുമെന്നതിനാല്‍ അത്തരം 'ജീവകാരുണ്യം' പാടില്ലെന്നു ഈ വ്യവസായ ഭീമന് നിര്‍ബന്ധമുണ്ട്. 1989 ല്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം സൃഷ്ടിച്ചവരാണ് ഇവര്‍. അലാസ്കയുടെ തീരത്ത് വരുത്തിയ രാസമാലിന്യ ചോര്‍ച്ചയിലൂടെ മൂന്നര ലക്ഷം കടല്‍ പക്ഷികളും, ലക്ഷകണക്കിന് ടണ്‍ കടല്‍ മത്സ്യങ്ങളും ചത്തൊടുങ്ങിയതാണ് സംഭവം. മത്സ്യബന്ധനം നടത്തുന്നവര്‍ക്കും തദ്ദേശ വാസികള്‍ക്കും 287 ദശലക്ഷം ഡോളര്‍ നഷ്ടം വരുത്തിയതിന് 5 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. നീണ്ട 18 വര്‍ഷം കേസ് വലിച്ചിഴച്ച് കൊണ്ടുപോയ എക്സോണ്‍ മോബില്‍, നഷ്ടപരിഹാരതുക 2.5 ബില്യനായി കുറക്കുന്നതില്‍ വിജയിച്ചുവത്രെ! ജിവവായുപോലെ പരമപ്രധാനമായ ഒരു പ്രകൃതി വിഭവം എങ്ങനെ ഉപയോഗിക്കണമെന്ന് മോബിലിന് ആര് പറഞ്ഞുകൊടുക്കണം?
ഷെവ്റോണ്‍ അമേരിക്കയിലെ തന്നെ വേറൊരു എണ്ണ കുത്തകയാണ്. ഇക്വഡോറില്‍ നിന്ന് 1.5 ബില്യന്‍ ബാരല്‍ എണ്ണ ഖനനം ചെയ്തെടുത്ത (1972-1992) കാലത്ത് 19 ബില്യന്‍ ഗ്യാലന്‍ മാലിന്യം ഉപേക്ഷിച്ച് 'ചരിത്രം' സൃഷ്ടിച്ച കമ്പനിയാണത്. ഇതുകാരണം 1500 സ്‌ക്വയര്‍ മൈല്‍ മഴക്കാടുകള്‍ എന്നേക്കുമായി നശിച്ചുപോയി. മലിനമാക്കപ്പെട്ട വിശാലമായ ഭൂവിഭാഗങ്ങളില്‍ നിന്ന് നിരവധി ഗോത്രസമൂഹങ്ങള്‍ കുടിയിറങ്ങുകയും, വംശമറ്റ് പോവുകയോ ചെയ്തുവെന്നാണ് അന്താരാഷ്ട്രഏജന്‍സികള്‍ കോടതിയെ അറിയിച്ചത്. 6 ബില്യന്‍ നഷ്ടപരിഹാരം കൊടുത്ത് പ്രശ്നം ഒതുക്കാന്‍ പുറപ്പെട്ട കമ്പനി പക്ഷേ, ഏതാനും ദശലക്ഷം ഡോളര്‍ ഭരണാധികാരികള്‍ക്കു കൈക്കൂലി നല്‍കി തടിതപ്പി! നൈജീരിയയിലെ എണ്ണ ഖനികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വാര്‍ത്ത ഈ വര്‍ഷം വന്നതാണ്. ഷെവറോണിന് ലഭിച്ച എണ്ണപാടങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണമാണ് അവിടെ കലാപം പടര്‍ത്തിയതിന്റെ മൂല കാരണമെന്ന് ആരും പറഞ്ഞു പോലും കേള്‍ക്കുന്നില്ല.
യുദ്ധചിലവോ ഓഹരി നിക്ഷേപമോ?
ഇറാക്കില്‍ അമേരിക്കന്‍ അധിനിവേശത്തിന് 6 വയസ്സായി. ഇറാക്ക് ഓപ്പറേഷന്‍ തുടരാന്‍ 162 ബില്യന്‍ ഡോളര്‍ കൂടി അമേരിക്ക കഴിഞ്ഞമാസം വകയിരുത്തിയിട്ടുണ്ട്.
ഔദ്യോഗിക കണക്കനുസരിച്ച്, ഇതടക്കം ഇറാക്ക് യുദ്ധത്തിന് 540 ബില്യന്‍ ഡോളര്‍ സ്വന്തം ഖജനാവില്‍ നിന്ന് അമേരിക്ക ചെലവാക്കിയിട്ടുണ്ട്. ഇത്രയും ഡോളര്‍ രൂപയിലാക്കിയാല്‍ (540X100X42 രൂപ) 22,68,000 കോടി എന്ന സംഖ്യ കിട്ടും.
ഇന്ത്യയുടെ 3 പഞ്ചവത്സര പദ്ധതിക്കുളള മൊത്തം അടങ്കല്‍ തുകയ്ക്ക് തുല്യമാണ് ഇത് ! ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിദേശകടമുളള രാഷ്ട്രം അമേരിക്കയാണ്. അമേരിക്ക ഒഴിച്ചുളള എല്ലാ രാജ്യങ്ങളുടെയും വിദേശകടം ചേര്‍ത്തുവെച്ചാല്‍ കിട്ടുന്ന തുകക്ക് സമാനമാണ് അവരുടെ കടബാധ്യത.
2002 നു ശേഷം 11 ലക്ഷം ഇറാക്കികള്‍ യുദ്ധത്തിലോ ചെറുത്തുനില്‍പ്പിലോ കൊല്ലപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തോളം ഇറാക്കികള്‍ അഭയാര്‍ത്ഥികളായി ജോര്‍ദാനിലും, ലിബിയയിലും, സിറിയയിലും, ലബനോണിലും പാര്‍ക്കുന്നുണ്ട്. ഇറാക്കില്‍ 23 ലക്ഷം വിധവകളുണ്ട്!!
അപ്പോള്‍ ദുര്‍ബലമായ ഇറാക്കിനെ ചുട്ടെരിക്കാന്‍ ഭൂമിയോളം വലിയൊരു സംഖ്യ ചെലവഴിക്കുന്നതെന്തിന്?
സാമ്പത്തിക മാന്ദ്യത്തിന്റെയും, ഡോളര്‍ വിലക്കുറവിന്റേയും, ഭീമാകാരമായ വിദേശകടത്തിന്റെയും നടുവില്‍ കിടന്ന് എരിപൊരികൊളളുന്ന ഒരു രാഷ്ട്രം, ഇറാക്കിനെ നിയന്ത്രിക്കാന്‍ ഇത്രയും പണം ചിലവഴിക്കുന്നതു കണ്ട് അമേരിക്കയ്ക്ക് കിറുക്കാണെന്ന് പറയുന്നവരുണ്ട്. അത് കിറുക്കോ, യുദ്ധ ചെലവോ അല്ല, നിക്ഷേപമാണ്
എണ്ണ വിലക്കയറ്റം സൃഷ്ടിച്ച് യുദ്ധചിലവ് 3 മടങ്ങ് ലാഭകരമായ ബിസിനസാക്കിയതിന്റെ ഈ ചരിത്രം ഒന്നു വായിക്കാം...
1991-ല്‍ ഇറാക്കും കുവൈറ്റും ഒരു യുദ്ധം നടത്തി.. കുവൈറ്റിനെ രക്ഷിക്കാന്‍ അമേരിക്ക വന്നു. ഈ ഗള്‍ഫ് യുദ്ധത്തില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചുവെങ്കിലും അതിന്റെ കണക്കല്ല അമേരിക്ക ലോകത്തോട് പറഞ്ഞത്. യുദ്ധത്തിന് 40 ബില്യന്‍ ഡോളര്‍ പണം ചെലവായതായിട്ടാണ് അവര്‍ ലോകത്തെ അറിയിച്ചത്. 10 ബില്യന്‍ അമേരിക്ക നേരിട്ടാണ് ചെലവാക്കിയതത്രെ! ബാക്കി കുവൈറ്റും സൌദിയും ചേര്‍ന്ന് മുടക്കി. യുദ്ധത്തിന് മുമ്പ് തന്നെ ക്രൂഡോയിലിന് വില കൂടിയിരുന്നു. 15 ഡോളര്‍ ! യുദ്ധം കഴിഞ്ഞപ്പോള്‍ വില 3 ഇരട്ടിയായി കുതിച്ചുയര്‍ന്നു. (45 ഡോളര്‍) എണ്ണവില 3 മടങ്ങായി തീര്‍ന്നതുവഴി എണ്ണയുടെ ഉടമസ്ഥര്‍ക്ക് 60 ബില്യന്‍ ഡോളറിന്റെ അധിക വരുമാനം ഉണ്ടായി.!
അറബ് നാടുകളില്‍ എണ്ണയുടെ ഉടമസ്ഥതയും ലാഭവും 'പപ്പാതി' യായാണ് പങ്കുവെക്കുന്നത്. ഷെല്‍, ഷെവറോണ്‍, ടാമോയില്‍, എസ്സോ തുടങ്ങിയ 7 അന്താരാഷ്ട്ര എണ്ണകമ്പനികളായിരുന്നു മധ്യേഷ്യയിലെ അവരുടെ പങ്കാളികള്‍. എണ്ണ വിലക്കയറ്റത്തിലൂടെ വന്ന 60 ബില്യന്‍ ഡോളറിന്റെ പകുതി കുവൈറ്റും സൌദിയും ചേര്‍ന്നെടുത്തപ്പോള്‍ മറുപകുതി ലഭിച്ചത് ഈ കമ്പനികള്‍ക്കാണ് ! ഇവ അമേരിക്കന്‍ കമ്പനികളായതിനാല്‍ ഫലത്തില്‍ അമേരിക്കന്‍ നാണയശേഖരത്തിലേക്കാണ് 30 ബില്യന്‍ ഒഴുകിയെത്തിയത്. 10 ബില്യന്‍ ചെലവാക്കിയപ്പോള്‍ 30 ബില്യന്‍ തിരിച്ചുവന്നു! അതുകൊണ്ട് തീരില്ല. യുദ്ധത്തിന് ചെലവായ 40 ബില്യന്‍ ഡോളറിന്റെ മുക്കാല്‍ ഭാഗവും അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനികള്‍ക്ക് ലഭിച്ചതാണെന്ന് ഓര്‍ക്കണം. ചുരുക്കമിതാണ്, ഗള്‍ഫ് യുദ്ധം കൊണ്ട് അമേരിക്കയിലേക്ക് 60 ബില്യന്‍ ഡോളര്‍ ഒഴുകിചെന്നു!
ഒരു ചോദ്യം പ്രസക്തമാണ്. ഈ പണമെല്ലാം എവിടുന്നാണ് അമേരിക്കക്ക് ലഭിച്ചത്. ഉത്തരം ലളിതം. 3 മടങ്ങ് വില കൊടുത്ത് എണ്ണ വാങ്ങിയ ലോകരാഷ്ട്രങ്ങളും അവിടുത്തെ ജനങ്ങളുമാണ് പണം നല്‍കിയത്.. ജനങ്ങളുടെ പണം മരത്തില്‍ കായിച്ചതല്ല. വിയര്‍പ്പില്‍ നിന്ന് വിളഞ്ഞാണ്... അദ്ധ്വാനിച്ച് നടുവൊടിഞ്ഞതിന്റെ ഫലമാണ്! ഗള്‍ഫ് യുദ്ധം നടത്തിയതും ലാഭം കൊയ്തതും അമേരിക്കയാണെങ്കിലും 60 ബില്യന്‍ ഡോളര്‍ അതിന് വേണ്ടി സമാഹരിച്ചെത്തിച്ചത് ലോകജനത തന്നെ.
വില കയറ്റാന്‍ യുദ്ധമാവാം.. യുദ്ധം വഴി വിലയുയര്‍ത്തിയാലും, സര്‍ക്കാര്‍ നേരിട്ട് വില കയറ്റിയാലും പണം നല്‍കുന്നത് സാധാരണക്കാര്‍ തന്നെ! അവരുടെ അധ്വാനത്തിന്റെ വിഹിതമാണത്.. ആഗോളവല്‍ക്കരിച്ചപ്പോള്‍, ചൂഷണം ആഗോളമായെന്ന് മാത്രം! വ്യവസ്ഥിതി മാറാതെ സ്ഥായിയായ പരിഹാരമില്ല.
അമേരിക്കന്‍ ട്രഷറി നിറയ്‌ക്കാന്‍ ഇറാഖിലെ എണ്ണ
2008 ജൂണ്‍ 30 : ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട് നിരന്തരം ബോംബ് വര്‍ഷിക്കുമ്പോഴും ഇറാക്കിലെ എണ്ണ പാടങ്ങളില്‍ അബദ്ധത്തില്‍ പോലും ബോംബ് വീഴാതെ നോക്കിയ അമേരിക്കയ്ക്ക് അതെല്ലാം 'സ്വന്ത'മാവുന്നതിനുളള കരാര്‍ ഒപ്പിട്ടത് ഈ ദിവസമാണ്.
1972 ല്‍ ഇറാക്കിലെ എണ്ണപാടങ്ങള്‍ ദേശസാല്‍ക്കരിച്ചതോടെ അവിടുത്തെ മൂന്നില്‍രണ്ട് ഭാഗം എണ്ണയുടെ അവകാശികളായി വിലസിയിരുന്ന മധ്യേഷ്യയിലെ സഹോദരിമാര്‍ (എസോ, ഷെല്‍, ടാമോയില്‍ തുടങ്ങിയ 7 എണ്ണക്കമ്പനികള്‍) ഇറാക്കില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.
എക്സോണ്‍ മോബില്‍, ഷെല്‍, ടോട്ടല്‍, ബി.പി. എന്നീ കമ്പനികള്‍ക്ക് ഇറാക്കിലെ എണ്ണകിണറുകള്‍ ഏല്‍പ്പിച്ചുകൊടുക്കുന്ന കരാറാണ് ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്. ഇറാക്കില്‍ പ്രവര്‍ത്തിച്ചിരുന്ന റഷ്യന്‍, ചൈനീസ് കമ്പനികള്‍- പുതിയ കരാറോടെ സ്ഥലം കാലിയാക്കി പോകണം.. പുതിയ കരാര്‍ 'പ്രൊഡക്ഷന്‍ ഷെയറിംഗ്' ആവണമെന്നുള്ള അമേരിക്കന്‍ നിര്‍ദേശം തളളി, പകരം 'സര്‍വ്വീസ് കരാറാക്കി’ മാറ്റിയാണ് ഒപ്പിട്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ പങ്കുവയ്ക്കുന്നതിനോട് ഇറാക്കിലെ പാവസര്‍ക്കാറിന് വിയോജിപ്പായതിനാലാണ് പുതിയ പേരില്‍ കൈമാറ്റം തരപ്പെടുത്തിയത്. കരാര്‍ പ്രകാരം എണ്ണഖനനം മുതല്‍ വിപണനം വരെയുളള ജോലികളെല്ലാം ഈ കമ്പനികള്‍ നടത്തും, മേല്‍നോട്ടത്തിനും സേവനത്തിനും കൂലിയും ഉണ്ടാവും. കൂലി കാശായിട്ടല്ല, എണ്ണയായിതന്നെ അവര്‍ക്കെടുക്കാം 'ബില്‍ഡ്, ഓപ്പറേറ്റ് ആന്റ് മേക്ക് പ്രോഫിറ്റ് ' തന്നെ!
ആറുവര്‍ഷത്തെ യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഫലം എണ്ണയായി തന്നെ വാങ്ങിയെടുക്കുന്ന ഈ കരാര്‍ തയ്യാറാക്കിയത് അമേരിക്കയിലെ എണ്ണ കമ്പനികളുടെ മേധാവികള്‍ തന്നെയാണ്. 150 വര്‍ഷത്തേക്ക് തടസ്സമില്ലാതെ പതഞ്ഞൊഴുകുന്ന എണ്ണ ശേഖരത്തിന്റെ മൂല്യമെത്രവരും! സര്‍വ്വീസ് കരാറുകളിലൂടെ സ്വന്തമാക്കിയ ഇറാക്കിലെ എണ്ണപ്പാടങ്ങള്‍ ചുരുത്തുന്ന ലാഭം 540 ബില്യന്‍ ഡോളറിന്റെ എത്ര മടങ്ങുവരും!
യുദ്ധചിലവ് ദീര്‍ഘകാല നിക്ഷേപമായി എത്ര പെട്ടെന്നാണ് പരിണമിച്ചത്. കഴിഞ്ഞ 6 മാസം കൊണ്ട് ലോകകമ്പോളത്തില്‍ എണ്ണ വില എത്ര മടങ്ങായാണ് പെരുകിയത്..! അമേരിക്കയുടെ യുദ്ധചിലവ് ലാഭത്തിന്റെയും, നിക്ഷേപത്തിന്റെയും പെരുമഴയായി പെയ്തിറങ്ങുകയാണിപ്പോള്‍! ലോകത്തിന്റെ മുക്കിനും മൂലയിലുമുളള ഓരോ എണ്ണ ഉപഭോക്താവിന്റെയും വിയര്‍പ്പിന്റെ വിഹിതം ലാഭത്തിന്റെ മഹാനദിയായി അമേരിക്കയുടെ ട്രഷറികളില്‍ ഒഴുകി എത്തുന്നു. അതാണ്, യുദ്ധം നിക്ഷേപമാണെന്ന് അമേരിക്ക പറയുന്നത്.!
ലോകത്തിലെ 60% എണ്ണയുടെ സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ ഇറാനൊഴികെയുളള നാല് രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ട്രഷറി നിക്ഷേപകരാണ്. കൂടാതെ അമേരിക്കന്‍ കുത്തകകളുടെ കൊയ്ത്ത്പാടങ്ങളും. മധ്യേഷ്യയിലെ രാഷ്ട്രീയ- സാമ്പത്തിക മേല്‍കോയ്മ നിലനിര്‍ത്താന്‍ വേണ്ടി അമേരിക്ക ചിലവഴിക്കുന്ന പണം അതിന്റെ നൂറിരട്ടിയായി മടങ്ങി വരുന്ന നിക്ഷേപമാണെന്ന് പറയുന്നതിന്റെ കാരണമിതാണ്. മധ്യേഷ്യയിലെ എണ്ണ പടുത്തുയര്‍ത്തുന്ന നിക്ഷേപങ്ങള്‍ കൊണ്ടാണ് അമേരിക്കന്‍ സമ്പദ്ഘടന പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.
എക്സോണ്‍ മോബില്‍, ഷെവ്റോണ്‍ തുടങ്ങി 40-ല്‍ അധികം അമേരിക്കന്‍ എണ്ണ കമ്പനികള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നു. എണ്ണയുടെ പേരില്‍ അവര്‍ തടുത്തു കൂട്ടുന്ന 'കൊളളമുതല്‍' അമേരിക്കന്‍ സമ്പദ്ഘടനയുടെ നടത്തിപ്പിനുളള പ്രാണവായു തന്നെയാണ്. തടസമില്ലാത്ത ഈ ധനഒഴുക്കാണ് കടം കയറി കുത്തുപാളയെടുക്കുന്ന ഒരു രാഷ്ട്രത്തെ പ്രതാപത്തോടെ നില നിര്‍ത്തുന്നത്.
മധ്യേഷ്യയിലേക്ക് വലിച്ചെറിയുന്ന ഓരോ ഡോളറും പതിനായിരം ഡോളറായി സ്വന്തം ട്രഷറിയിലേക്ക് മടങ്ങി വരുമെന്നിരിക്കെ ഇറാക്കില്‍ അവര്‍ കത്തിച്ചു കളഞ്ഞ 540 ബില്യന്‍ ഡോളറിനെ കുറിച്ച് എന്തിന് വേവലാതിപ്പെടണം?
മുതലാളിത്തത്തിന് യുദ്ധങ്ങളൊക്കെ ലാഭത്തിന്റെ ചാകര ഒരുക്കുന്ന 'നിക്ഷേപ'മാണെന്ന് സാരം.
എണ്ണയ്ക്ക് തീ പകരുന്നവര്‍ ആരാണ്?
ന്യൂയോര്‍ക്ക് മര്‍ക്കന്റയില്‍ എക്സ്ചേഞ്ചും ലണ്ടനിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്സ്ചേഞ്ചുമാണ്. എണ്ണ വ്യാപാരത്തില്‍ ഊഹക്കച്ചവടത്തിന് നേതൃത്വം നല്‍കുന്നത്. ആഗോള ഓയില്‍ വിപണിയിലെ പ്രമുഖമായ ട്രേഡ് ഓയില്‍ 'വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ്' നോര്‍ത്ത് സീ ബ്രാന്റ്' എന്നിവയുടെ അവധി വ്യാപാര ഉടമ്പടികളാണ് ചൂതാട്ടത്തിനുപയോഗിക്കുന്നത്. നേരത്തെ നിശ്ചയിക്കപ്പെട്ട വിലക്കുമേല്‍ ചൂതാട്ടം വഴി കയറിവരുന്ന അധികവിലയാണ് ആഗോള എണ്ണ വിലയായി ലോകം നല്‍കേണ്ടി വരുന്നത്. ധനമൂലധനത്തിന്റെ ലാഭ താല്‍പര്യങ്ങള്‍ക്കു വിധേയമായി ആഗോള സമൂഹത്തിന് ചരിക്കേണ്ടിവരുന്നു എന്നതാണ് സത്യം.!
2006 ജൂണില്‍ അമേരിക്കയുടെ സെനറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ഈ ഊഹക്കച്ചവടത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. എണ്ണ വിലക്കയറ്റിനു പിന്നില്‍ വലിയ അളവിലുളള ചൂതാട്ടം നടക്കുന്നതിന് തെളിവുകളുണ്ട്. അവധി വ്യാപാര ഉടമ്പടികളെന്നപേരിലുളള കച്ചവട ഉടമ്പടികളുടെ പെരുപ്പമാണ് യഥാര്‍ത്ഥ വില്ലന്‍. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ കച്ചവടം നടക്കുന്നത്.'' ആരും നിയന്ത്രിക്കാത്തതിനാല്‍ ചൂതാട്ടക്കാരെ കണ്ടെത്താന്‍ പോലുമാവുന്നില്ലെന്ന് കൂടി റിപ്പോര്‍ട്ട് സ്വയം കുറ്റപ്പെടുത്തുന്നു. ആരായിരിക്കും ഈ ചൂതാട്ടക്കാര്‍:- അമേരിക്കയിലെ ബാങ്ക് പ്രതിസന്ധിയില്‍ കൈപൊളളിയ, അന്താരാഷ്ട്ര ബാങ്കുകളാവാം, എണ്ണയുടെ ഉടമസ്ഥത പിടിച്ചെടുത്ത കുത്തകളാവാം, സാമ്പത്തിക മാന്ദ്യത്തില്‍ നിറം കെട്ട കുത്തകമൂലധനമാവാം, ഓഹരി കമ്പോളവും, ഡോളവും ചതിച്ചതിന്റെ നഷ്ടം നികത്താനിറങ്ങിയ ആഗോളധനകാര്യ സ്ഥാപനങ്ങളാവാം. എന്തായാലും, കഴിഞ്ഞ 5 വര്‍ഷമായി ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട നിക്ഷേപം 13 ബില്യന്‍ ഡോളറില്‍ നിന്ന് 260 ബില്യനായി കുതിച്ചുയര്‍ന്നുവെന്ന് ഓര്‍ക്കണം.
എണ്ണയുടെ കടലാസു വ്യാപാരം
ഈആഴ്ച ക്രൂഡോയിലിന്റെ വില 145 ഡോളറാണ്. കഴിഞ്ഞ 6 മാസംകൊണ്ട് 110% വില കയറി. ഉല്‍പ്പാദനം കുറഞ്ഞിട്ടല്ല.. ഉപഭോഗം വര്‍ദ്ധിച്ചതുകൊണ്ടുമല്ല... ഉല്‍പ്പാദകനോ, ഉപഭോക്താവോ അറിയാതെ ഇടക്കൊരു കൂട്ടര്‍ നിന്ന് വിലക്കൂട്ടുകയാണ്! ഇത് പൂഴ്ത്തി വെയ്പ്പല്ല... ക്ഷാമം സൃഷ്ടിച്ച് വിലകുത്തനെ കയറ്റുന്ന സാധാരണ കച്ചവട തന്ത്രമാണ് പൂഴ്‌ത്തിവയ്പ്പ് ! ഇത് അവധിവ്യാപാരമെന്ന ആധുനിക മൂലധന തന്ത്രം. ഉല്‍പ്പന്നത്തിന്റെ വില അടിസ്ഥാനമാക്കിയുള്ള ചൂതാട്ടം.
എന്‍റോണ്‍ കമ്പനിയുടെ കഥ ഓര്‍മ്മയുണ്ടോ? കമ്പനിയുടെ വളര്‍ച്ച കണ്ട്, പണമുളളവരാകെ (ബാങ്കുകളും, മ്യൂച്ചല്‍ ഫണ്ടുകാരും കച്ചവടക്കാരും) എന്‍റോണ്‍ ഓഹരി വാങ്ങിക്കൂട്ടി.. കളളക്കണക്കെഴുതി ഉണ്ടാക്കിയ വളര്‍ച്ചയാണെന്ന് കണ്ടെത്തിയപ്പോള്‍ ഓഹരി വില താണു. 990 ഡോളറില്‍ നിന്ന് 70 സെന്റിലേക്കുളള വീഴ്ച!
തീപ്പൊളളി പിടഞ്ഞു വീണതില്‍ അതി ഭീമന്‍ കമ്പനികള്‍ മുതല്‍ സാധാരണ തൊഴിലാളികള്‍ വരെ ഉള്‍പ്പെട്ടു...
22,000 പോയിന്റ് ഉയര്‍ന്ന ബോംബെ എക്സ്ചേഞ്ചിലെ പട്ടിക 11000 ആയിട്ട് ഇടിഞ്ഞതിന്റെ നഷ്ടകണക്ക് പത്രത്തില്‍ വായിച്ചില്ലേ, 42,00,000 കോടിരൂപ!!
യഥാര്‍ത്ഥത്തില്‍ ഈ നഷ്ടമോ ലാഭമോ ഒന്നും കമ്പനിയുടെ ഉല്‍പ്പാദനത്തെ നേരിട്ട് ബാധിക്കില്ല.. കമ്പനി ഉടമകളുടെ ആസ്തി കുറയുമെന്നേ ഉളളൂ. കമ്പനിയല്ലല്ലോ ഓഹരി വില്‍ക്കുന്നത്.. കമ്പനിക്ക് അതിന്റെ മൂല്യം നേരത്തെ കിട്ടിയതുമാണ് ! ഈ പറഞ്ഞത് ഓഹരി സര്‍ട്ടിഫിക്കറ്റ് കൊണ്ടുള്ള ചൂതാട്ടം.
കരാര്‍ കൊണ്ടുള്ള ചൂതാട്ടം
മൂലധന വ്യാപാരം പോലെ അവശ്യ സാധനങ്ങളും ഉപഭോഗ ഉല്‍പ്പന്നങ്ങളും വില്‍ക്കാനാവുമോ? കഴിയും. ഉദാഹരണത്തിന് നേരത്തെ തന്നെ എണ്ണവില പറഞ്ഞുറപ്പിച്ച് കരാറുണ്ടാക്കുന്നു. കമ്പോളത്തില്‍ ഭാവിയിലുണ്ടാവുന്ന വിലക്കുറവോ - അമിതമായ വില കയറ്റമോ ഉല്‍പ്പാദകനേയും വ്യാപരിയേയും ബാധിക്കാതിരിക്കാന്‍ ഇവിടംവരെ ഈ സംവിധാനം കുഴപ്പമില്ലെന്ന് തോന്നും.! സാധനത്തിനുപകരം കൂടുതല്‍ വിലക്ക് മൂന്നാമതൊരു കച്ചവടക്കാരന് കരാര്‍ വില്‍ക്കുമ്പോഴാണ് കുഴപ്പം ആരംഭിക്കുന്നത്. അയാള്‍ അത് വീണ്ടും കൈമാറുന്നു. ഇങ്ങനെ അവധിവ്യാപാരകരാറുകള്‍ വില്‍ക്കാനും വാങ്ങാനും എക്സ്ചേഞ്ചുകള്‍ തന്നെ ഇപ്പോഴുണ്ട്!
കരാറുകള്‍ വിറ്റഴിക്കപ്പെടുന്നതോടെ അതിന്റെ ആദ്യവില അപ്രസക്തമാവും.. ഉല്‍പ്പാദനവും ഉപഭോഗവും കൂടുന്നില്ല. ഉടമ്പടിയുടെ വിലയാണ് കൂടുന്നത്. ഒപ്പം ഉല്‍പ്പന്നത്തിന്റെയും! ഒരിക്കലും ഉല്‍പ്പാദനത്തിന്റെയോ ഉപഭോഗത്തിന്റെയോ കാര്യങ്ങള്‍ 'കരാര്‍ വ്യാപാരികള്‍' അറിയുന്നില്ല.
കൊളള ലാഭം കൊയ്യാന്‍, ഉല്‍പ്പന്നമില്ലാതെ തന്നെ കരാറുകളുണ്ടാക്കുന്നു. 81 ദശലക്ഷം ബാരല്‍ എണ്ണയാണ് ലോകത്തിന്റെ പ്രതിദിന ഉല്‍പ്പാദനമെങ്കിലും അതിന്റെ 100 മടങ്ങിന്റെ കച്ചവടം മെര്‍ക്കന്റയില്‍ എക്സ്ചേഞ്ചില്‍ നടക്കുന്നു. ഈ ചൂതുകളി അടിക്കടി എണ്ണ വിലകൂട്ടിക്കൊണ്ടിരിക്കുന്നു..
ആലോചിച്ചുനോക്കുക- എണ്ണ ഉല്‍പ്പാദകരും, എണ്ണ വ്യാപാരം നടത്തുന്നവരും മര്‍ക്കന്റയില്‍ എക്സ്ചേഞ്ചിലെ വിലക്കാണ് പിന്നീട് എണ്ണ വില്‍ക്കുന്നത്. അതായത് വില കുറയില്ല, കൂടിക്കൊണ്ടേയിരിക്കുന്നു.
അവധി വ്യാപാര ഉടമ്പടി വച്ച് ലാഭം കൊയ്തവര്‍ക്ക് വന്‍നഷ്ടം വരാം. വില കുത്തനെ താഴാം- പക്ഷേ അതുണ്ടാവുമ്പോഴേക്കും 600 കോടി മനുഷ്യര്‍ ഒരുമിച്ച് ചേര്‍ന്ന് എണ്ണ കുത്തകകള്‍ക്ക് ഒരു നൂറ്റാണ്ടിലെ മുഴുവന്‍ ലാഭവും അടച്ചുകൊടുത്തിരിക്കുമെന്നതാണ് വാസ്തവം.
മര്‍ക്കന്റയില്‍ എക്സ്ചേഞ്ചിലെ ഊഹ വ്യാപാരത്തിലൂടെ എണ്ണയുടെ വില നിശ്ചയിക്കപ്പെടുന്നതിന് 4 പ്രധാന കാരണങ്ങളുണ്ട്.
* അവധിവ്യാപാരം അനുവദിക്കപ്പെടുന്നു.
* എണ്ണയുടെ ഉല്‍പ്പാദകരല്ല, വ്യാപാരികളാവുന്നത്.
* ഉല്‍പ്പാദകരും വ്യാപാരികളും സ്വകാര്യമൂലധന ഉടമകളാണ്.
* എണ്ണയുടെ കുത്തകാവകാശം സ്വകാര്യമൂലധനത്തിന്റെ കൈകളിലാണ്.
അവധിവ്യാപാരം ചില നാണ്യ വിളകള്‍ക്കുപറ്റും. ഭക്ഷ്യധാന്യമടക്കമുളള അവശ്യ സാധനങ്ങളുടെ അവധിവ്യാപാരം അനുവദിച്ചാല്‍ മനുഷ്യന്‍ പട്ടിണി കിടന്നു ചാവേണ്ടി വരുമെന്ന് ആഗോളധാന്യവിലക്കയറ്റം പഠിപ്പിച്ചുതന്നിട്ടുണ്ട്.
എണ്ണ കൊണ്ടുളള തീക്കളി അതിന് സമാനമാണ്. എണ്ണ വില കുത്തനെ ഉയരുമ്പോള്‍ ലോകത്തിലെ പാവങ്ങള്‍ കടുത്ത ദുരിതത്തിലാവും വിരലിലെണ്ണാവുന്ന ധന-പണവ്യാപാരികള്‍ മാത്രം ലാഭം കൊയ്യും.
'കമ്പോളം' എന്ന ഓമന പേരില്‍ നടക്കുന്ന ചൂതാട്ടത്തെ ലോകമാകെ ഒരുമിച്ചു ചേര്‍ന്ന് പരാജയപ്പെടുത്തുകയേ വഴിയുളളൂ.
* എണ്ണ ഒരു പൊതു ഉല്‍പ്പന്നമാണ്. അതിന്റെ ഉടമസ്ഥത സ്വകാര്യ മൂലധനത്തില്‍ നിന്ന് തിരിച്ചു പിടിക്കണം
* എണ്ണയടക്കമുളള അവശ്യ സാധനങ്ങളുടെ അവധി വ്യാപാരം എല്ലാ രാജ്യങ്ങളും നിരോധിക്കണം.
* എണ്ണ ഇറക്കുമതിയും കയറ്റുമതിയും രാഷ്ട്രങ്ങള്‍ തമ്മിലുളള കരാര്‍ പ്രകാരം ആയിരിക്കണം.
* എണ്ണയുടെ വില- കമ്പോളമല്ല, ഉല്‍പ്പാദക രാഷ്ട്രമാണ് നിശ്ചയിക്കേണ്ടത്.
ചില ഇന്ത്യന്‍ കണക്കുകള്‍
ഒരു ദശാബ്ദം കൊണ്ട് ഇന്ത്യയില്‍ മൂന്നര മടങ്ങ് ഡീസല്‍ വില ഉയര്‍ന്നു. ഗ്യാസിന് രണ്ടര ഇരട്ടിയും മണ്ണെണ്ണക്ക് മൂന്നര മടങ്ങും വില കൂടി. ഡീസലിന്റെ വിലയുടെ 34 ശതമാനവും പെട്രോളിന്റെ 53ശതമാനവും നികുതികളാണ്. ഗ്യാസിനാണെങ്കില്‍ കമ്മീഷനടക്കം 50% വും നികുതികളാണ്.
ഇന്ത്യക്കാവശ്യമുളളതിന്റെ നാലിലൊന്ന് എണ്ണ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എണ്ണ ഖനനം ചെയ്യുന്ന ഇന്ത്യന്‍ കമ്പനി (ബാരലിന് 55 ഡോളര്‍ വിലയിട്ടാണ് ഇപ്പോഴും എണ്ണകമ്പനിലള്‍ക്ക് എണ്ണ വില്‍ക്കുന്നത്. 140 ഡോളറിന് ബാക്കി ഇറക്കുമതി ചെയ്യുന്നതെന്ന് കരുതിയാലും ബാരലിന് 111 ഡോളറില്‍ താഴെയേ വില വരുകയുളളൂ. ഒരു ബാരല്‍ ക്രൂഡോയില്‍ എന്നാല്‍ 158.98 ലിറ്റര്‍ വരും. മുകളില്‍ പറഞ്ഞ നിരക്കില്‍ വിലയിട്ടാല്‍ ഒരു ലിറ്റര്‍ എണ്ണക്ക് 29.39 രൂപാ! ഒരു ലിറ്റര്‍ പെട്രോള്‍ ശുദ്ധീകരിക്കാന്‍ ഒരു രൂപ ചെലവിട്ടാലും പരമാവധി വില 30.39 രൂപാ. ഇതിന്റെ 53% നികുതി കൂടി വേണ്ടെന്നു വച്ചാല്‍ പെട്രോള്‍ വില വെറും 15 രൂപയേ വരൂ!
2006-07ല്‍ ഇന്ത്യയുടെ മൊത്തം എണ്ണഉപഭോഗം 147 ദശലക്ഷം ബാരലായിരുന്നു. ഇതില്‍ 34 ദശലക്ഷം ടണ്‍ ആഭ്യന്തര ഉല്‍പ്പാദനമായിരുന്നു. അന്താരാഷ്ട്ര വിലക്കാണ് സര്‍ക്കാര്‍ ഉപഭോക്താവില്‍ നിന്ന് നികുതി പിരിക്കുന്നത്.
ഇന്ത്യയിലെ സ്വകാര്യഎണ്ണഉല്‍പാദകര്‍, ഒരു ബാരല്‍ ഉല്‍പ്പാദിപ്പിക്കാന്‍ പരമാവധി 30 രൂപയാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഈ എണ്ണ ഇന്ത്യന്‍ കമ്പോളത്തില്‍ വില്‍ക്കുന്നില്ല. അന്താരാഷ്ട്ര വിലക്ക്, കയറ്റുമതി ചെയ്യുകയാണ്. ഓരോ ബാരല്‍ ക്രൂഡോയിലിനും ചുരുങ്ങിയത് 100 ഡോളര്‍ ലാഭം! കൂടാതെ പ്രതിവര്‍ഷം കുറഞ്ഞത് 1500 കോടിയോളം രൂപാ, കയറ്റുമതി സബ്സിഡി നല്‍കുന്നുവെന്നതാണ് ചേര്‍ത്തുവായിക്കേണ്ട തമാശ!
'ഓയില്‍ വ്യവസായ നിയമം' വഴി ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു സെസ് പിരിക്കുന്നുണ്ട്. എണ്ണ പര്യവേഷണം, വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടാണ് ഈ തുക വിനിയോഗിക്കേണ്ടത് ! 2007 മാര്‍ച്ച് പത്ത് വരെ 72649 കോടി രൂപയുടെ സഞ്ചിത നിക്ഷേപം ഈ ഇനത്തില്‍ സര്‍ക്കാര്‍ ഫണ്ടിലുണ്ട്. (ആഭ്യന്തര എണ്ണക്ക്മേല്‍ ടണ്ണിന് 2500 രൂപയാണ് സെസ്) 1992നുശേഷം ഈ ഫണ്ടില്‍ നിന്ന് ചില്ലിക്കാശുപോലും ചെലവഴിക്കപ്പെട്ടിട്ടില്ലന്നതാണ് ക്രൂരമായ വേറൊരു തമാശ!
ഇന്ത്യയില്‍ വിപണനം ചെയ്യുന്ന എണ്ണക്കുമേല്‍ വിവിധയനം നികുതികള്‍ ചുമത്തി ദേശീയ സംസ്ഥാന സര്‍ക്കാരുകള്‍ 2007-08 ല്‍ സമാഹരിച്ചത് 1,64,000 കോടി രൂപയാണ്. 2001-ല്‍ ഇത് 73, 800 കോടി ആയിരുന്നു. ഈ പണം രാജ്യത്തെ എണ്ണ ഉപഭോക്താക്കള്‍ നല്‍കുന്ന 'അധിക വില'യാണെന്ന് ഓര്‍ക്കുക.
ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്...
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ നേര്‍പകുതി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നികുതികളാണ്. നികുതികളും സെസുകളും ഒഴിവാക്കിയിട്ട് ഓയില്‍ വ്യവസായ നിയമം വഴി സമാഹരിക്കുന്ന പണം സര്‍ക്കാരിന്റെ നികുതി വരുമാനത്തിലേക്ക് മാറ്റുകയും ചെയ്താല്‍ ഇന്ത്യയിലെ എണ്ണ /ഗ്യാസ് ഉല്‍പ്പന്നങ്ങളുടെ വില ഇന്നത്തേതിന്റെ മൂന്നിലൊന്നായി കുറക്കാം.
സ്വകാര്യ എണ്ണ ഉല്‍പ്പാദകര്‍ക്കു നല്‍കുന്ന കയറ്റുമതി സബ്സിഡി ഒഴിവാക്കുകയും, അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില്‍ക്കുന്നതുകൊണ്ടുണ്ടാവുന്ന ലാഭത്തിനുമേല്‍ നികുതി ഈടാക്കുകയും ചെയ്താല്‍ റീട്ടയില്‍ എണ്ണക്കുമേലുളള നികുതികള്‍ ഒഴിവാക്കുന്നതുകൊണ്ടുണ്ടാവുന്ന ചോര്‍ച്ച ഫലപ്രദമായി തടയാം.
ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് അന്താരാഷ്ട്രാ വിലക്കയറ്റം വഴിയുണ്ടാകുന്ന അധികഭാരം നേരിടാന്‍, 1991 ന് മുമ്പ് നിലവിലുണ്ടായിരുന്ന 'വില സ്ഥിരതാഫണ്ട്' വീണ്ടും രൂപീകരിക്കണം.
ബോംബെ ഹൈയില്‍ കത്തിച്ചു കളയുന്ന പ്രകൃതി വാതകം രാജ്യത്തെ ഗാര്‍ഹിക വ്യവസായ ഇന്ധനമായി മാറ്റുവാനുളള പൈപ്പ് ലൈന്‍ ശൃംഖല ഇനിയും ഫലപ്രദമായ ബദല്‍ ഊര്‍ജ്ജ ഉറവിടമായി ഭരണകൂടം കാണുന്നില്ല.
ഗള്‍ഫ് രാഷ്ട്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള വാതക പൈപ്പ് ലൈന്‍ പദ്ധതി. ഇന്ത്യയുടെ സ്ഥായിയായ ഊര്‍ജ്ജാവശ്യങ്ങള്‍ക്കുളള ഒരു പരിഹാരമാണെന്ന് അംഗീകരിച്ചു കൊണ്ടുളള അന്താരാഷ്ട്രാ നീക്കങ്ങള്‍ നടത്തുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നു.
അന്താരാഷ്ട്ര അവധി വ്യാപാര കമ്പോളത്തെ അവലംബിച്ചു കൊണ്ടുളള എണ്ണ ഇറക്കുമതിക്കുപകരം എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുമായി നേരിട്ട് കരാറുണ്ടാക്കാനുളള സാധ്യത വളരെ വലുതാണ്. റഷ്യ, വെനിസ്വേല, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇത്തരം ഉടമ്പടികള്‍ക്ക് തയ്യാറാണെന്ന വസ്തുത നാം മറന്നു കളയുന്നു.
എണ്ണ വില പകുതിയോ, മൂന്നിലൊന്നോ ആയി കുറക്കുന്നതിന് അടിയന്തിര സ്വഭാവമുളള ഹൃസ്വകാല / ദീര്‍ഘകാല നടപടികള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ക്രയശേഷി 3 ഇരട്ടിയാക്കും. വിലകുറവിന്റെ ഫലം ഉല്‍പ്പാദന രംഗത്തെ കുതിപ്പും ഉപഭോഗത്തിന്റെ വര്‍ദ്ധനവുമായിരിക്കും. ഇത് സമ്പദ് ഘടനയില്‍ ദരിദ്രരുടെ പങ്ക് ഇന്നത്തേതിന്റെ 3 മടങ്ങെങ്കിലുമായി ഉയര്‍ത്തുമെന്നാണ് ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രകാരന്മാരുടെ വിലയിരുത്തല്‍
വിലക്കയറ്റം കൂലിയുടെ മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ആരും കണക്കിലെടുക്കുന്നില്ല. വില 100% ഉയരുമ്പോള്‍, കൂലിയില്‍ ആനുപാതിക വര്‍ദ്ധനവുണ്ടാവണം. ഇവിടെ ഈ പ്രക്രീയ നടക്കുന്നില്ല. അതുകൊണ്ട് ഉപഭോഗവും ഡിമാന്റും കുറയുന്നു. ഇത് ഉല്‍പ്പാദനമുരടിപ്പായി മാറുന്നു. കടുത്ത ദാരിദ്ര്യവും അസമത്വവുമാണ് ഫലം. എണ്ണ വിലക്കയറ്റം സമസ്ത സാധനങ്ങളുടെയും വിലക്കയറ്റത്തിന് കാരണമാവുന്നതിനാല്‍ കൂലിയിലെ ചോര്‍ച്ച പിടിച്ചു നിര്‍ത്താന്‍ ഗവണ്‍മെന്റ് ഇടപെടണം.
സാധനങ്ങളുടെയും ചരക്കുകളുടെയും, അവധി വ്യാപാരം നിരോധിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തി കൊണ്ടു വരാന്‍ ഭരണ കൂടത്തിനുമേല്‍ ശക്തമായ ജനകീയ സമ്മര്‍ദ്ദം ആവശ്യമുണ്ട്. ആഗോളവല്‍ക്കരണ വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുമ്പില്‍ തുറന്നുകിടക്കുന്ന പുതിയ സമരമുഖമാണ് ഇത്.
നാം ഇങ്ങനെ ഉറക്കുകസേരയില്‍ ഉണ്ടും, ഉറങ്ങിയും സ്വപ്നം കണ്ടും ഇരിക്കുകയാണെങ്കില്‍ എണ്ണയുടെ ദുരന്തം, നാളെ വെളളത്തിനും, വായുവിനും മേല്‍ പടര്‍ന്നു കയറും.
*
കടപ്പാട്: പീപ്പില്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍, ജൂലൈ 2008
Subscribe to:
Post Comments (Atom)
2 comments:
10 വര്‍ഷം മുമ്പ് 12 ഡോളറായിരുന്ന ഒരു ബാരല്‍ ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്രവില 2008 ജൂണില്‍ 142 ഡോളറായി. 12 ഇരട്ടി വിലക്കയറ്റം. ഉപഭോഗം 12 മടങ്ങായി ഉയര്‍ന്നുവോ?
ചൈനയും ഇന്ത്യയും എണ്ണ കുടിച്ചുവറ്റിക്കുകയാണോ?
വില കയറ്റുന്നത് 'ഒപ്പെക്കാ'ണോ? നൈജീരിയയില്‍ കലാപകാരികളാണോ എണ്ണ വില ഉയര്‍ത്തുന്നത്?
ഹ്യൂഗോ ഷാവേസാണോ കാരണം?
എണ്ണയുടെ വില നിമിഷംപ്രതി കുതിച്ചുയരുന്നതിന് കമ്പോളം, നിരത്തുന്നകാരണങ്ങളാണിതെല്ലാം! കമ്പോളം കാണാത്ത കാരണങ്ങളുണ്ടോ? അതോ, യഥാര്‍ത്ഥ കാരണം. 'കമ്പോളം തന്നെയോ?
എണ്ണവില വര്‍ദ്ധനയുടെ രാഷ്ട്രീയം ഒരല്പം വിശദമായ പരിശോധന........
Very informative and extremely helpful.
Thanks and congrats to workers forum.
Post a Comment