Saturday, August 30, 2008

സ്വതന്ത്ര കമ്പോളങ്ങള്‍ തകരുന്നു

അമേരിക്കന്‍ ഭവനവ്യവസായവും ധനകാര്യകമ്പോളവും സമ്പദ്ഘടനയും ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഇന്ത്യയിലെ മുഖ്യധാരാ പത്രമാധ്യമങ്ങള്‍ക്ക് അത്ര വലിയ വാര്‍ത്തയല്ല. മാത്രമല്ല, അശുഭകരമായ ഈ വാര്‍ത്തകളെ മറച്ചുപിടിച്ച്, സ്വന്തം ഈറ്റില്ലങ്ങളില്‍ തന്നെ കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും ഇന്ത്യന്‍ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ അമിതമായ ശുഷ്കാന്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

ജിങ്കിള്‍ മെയില്‍

ഹോളിവുഡ് നഗരമെന്നു പേരുകേട്ട അമേരിക്കയിലെ തെക്കന്‍ ഫ്ലോറിഡാ തെരുവുകളില്‍ ‘വീട് വില്പനക്ക്’എന്നു രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ഇന്ന് സുലഭമാണ്. വാങ്ങാനാളില്ലാതെ വരുമ്പോള്‍ സ്വന്തം കൈപ്പടയില്‍ വീട്ടുടമ തന്ന ‘കുറഞ്ഞ വില’ എന്നോ ‘വില കുറച്ചിരിക്കുന്നു’ എന്നാ എഴുതിവെക്കുന്ന കാഴ്ചകളും കുറവല്ല. ഭവന വായ്പാ തവണകള്‍ അടക്കാന്‍ കഴിയാതെ, വീട്ടുപകരണങ്ങള്‍ പെറുക്കി വിറ്റ്, ഒടുവില്‍ ഗത്യന്തരമില്ലാതെ വജ്രം പതിച്ച സ്വന്തം വിവാഹമോതിരങ്ങളും സ്വര്‍ണ്ണപ്പല്ലുകളും വരെ ഊരിയിളക്കി പണയം വെക്കുന്നവരുടെ കദനകഥകള്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ ജോനാതന്‍ ഫ്രാങ്ക്ലിന്‍ വിവരിക്കുന്നത് ബിസിനസ് ലൈന്‍ പത്രം പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ വഴികളുമടയുമ്പോള്‍ വീട്ടുടമ വീടിന്റെ താക്കോല്‍ കവറിലാക്കി തപാലില്‍ ബാങ്കിലേക്കയക്കുന്നു ; വീട് തുറന്നിട്ട് സ്ഥലം വിടുന്നു. തപാല്‍ ശേഖരിക്കാന്‍ പോകുന്ന ബാങ്ക്ജീവനക്കാര്‍ താക്കോല്‍ കിലുങ്ങുന്ന കവറുകള്‍ക്ക് ഒരു പേരിട്ടിരിക്കുന്നുഃ ജിങ്കിള്‍ മെയില്‍.

ഇന്ത്യയില്‍ ICICI ബാങ്കും HDFC ബാങ്കും പഴയ സെഞ്ചൂറിയന്‍ ബാങ്കും 2005ല്‍ പൊളിഞ്ഞ ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കും തുടര്‍ന്നു പോന്ന ‘ഈസി മണി പോളിസി’ യുടെ ഉറവിടം അമേരിക്കയാണ്. വായ്പയെടുക്കാനെത്തുന്നവരോട് വെറും മൂന്നു ചോദ്യങ്ങളേ ചോദിക്കൂ;
1. ‘വരുമാനമെത്ര?’
2. ‘മുമ്പ് പാപ്പരായിട്ടുണ്ടോ?’
3. ‘എത്ര പണം ആവശ്യമുണ്ട്?’

ശമ്പള സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ തൊഴിലുടമകള്‍ ഒരു പിശുക്കും കാണിച്ചില്ല. ഇഷ്ടമുള്ള ശമ്പളമെഴുതി വിടും. പോയി വായ്പയെടുത്ത് അടിച്ചു പൊളിക്കാനായിരുന്നു ഉപദേശം. ഇടപാടുകാരന്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ബാങ്കുകളും തുനിഞ്ഞില്ല. ഈടു വസ്തു കണ്ടുകെട്ടി, തകര്‍ന്ന അമേരിക്കന്‍ സ്വപ്നങ്ങളുടെ കഥകളാണ് ജോനാതന്‍ ഫ്രാങ്ക്ലിന്‍ പറയുന്നത്.

വായ്പയില്‍നിന്ന് സമൃദ്ധി

പൊളിയുന്ന സ്വകാര്യ ബാങ്കുകളെ കരകയറ്റാന്‍ നികുതി ദായകന്‍ പണം മുടക്കണമോ? ഇത് അമേരിക്കയില്‍ വലിയ സൈദ്ധാന്തിക ചര്‍ച്ചാ വിഷയമാണിപ്പോള്‍. വസന്തകാലങ്ങളില്‍ കൊള്ളലാഭമെല്ലാം ഊറ്റിയെടുത്തുല്ലസിച്ചു നടന്ന അത്യാഗ്രഹികളായ സ്ഥാപനമുടമകളും അമിതോത്സാഹികളായ ജീവനക്കാരും സമര്‍ത്ഥമായി രക്ഷപ്പെടുന്നു. നിര്‍ദ്ദോഷിയായ നികുതിദായകര്‍ പതനത്തിന്റെ പാപഭാരം ചുമക്കുന്നു. സര്‍ക്കാര്‍ ഇടപെടലിനെ ‘ധീരവും സൃഷ്ടിപരവും ആക്രമണോത്സുകവുമായ’ നടപടിയെന്ന് വിശേഷിപ്പിക്കുന്ന വലിയൊരു വിഭാഗം അമേരിക്കയില്‍ ഇന്നുണ്ട്. 1930 കളില്‍ പ്രസിഡന്റ് റൂസ്‌വെല്‍ട്ട് ഖജനാവില്‍ നിന്ന് പണമിറക്കിയ കാര്യമിവര്‍ എടുത്തു കാട്ടുന്നു. ഇടപെടലിനെ വിമര്‍ശിക്കുന്നവരുടെ മാനസികാവസ്ഥയിലാണ് മാറ്റം വരേണ്ടതെന്നാണവരുടെ വാദം.

20 വര്‍ഷക്കാലം പണമിറക്കി പണം കൊയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച യു.എസ്. ഫെഡ് ചെയര്‍മാന്‍ അല്ലന്‍ ഗ്രീന്‍സ്പാന്‍ വിരമിച്ചതിനു ശേഷമാണ് ഇന്നത്തെ ദുര്‍ദ്ദശയാരംഭിക്കുന്നത്. അല്ലന്‍ ഗ്രീന്‍സ്പാന്‍ സമസ്തവും സ്വകാര്യമേഖലക്കും കമ്പോളത്തിനും വിട്ടുകൊടുത്തു. മത്സരവും ലാഭമെടുപ്പും ആഘോഷിച്ചു. സര്‍ക്കാരിനെ ധനകാര്യമേഖലയില്‍ നിന്ന് തീര്‍ത്തും വിച്ഛേദിച്ചു. നിയന്ത്രണവും മേല്‍നോട്ടവും ഉപേക്ഷിച്ചു. പലിശ കുറച്ചു. വായ്പ വര്‍ദ്ധിപ്പിച്ചു. തൊഴിലും വരുമാനവും കൂടി. ഉപഭോഗം വര്‍ദ്ധിച്ചു. എങ്ങും ഉത്സവഭേരിയായിരുന്നു. വായ്പയെടുത്ത് ആഘോഷം. വായ്പയില്‍ നിന്നുള്ള സമൃദ്ധി. വിലയും കൂലിയും കമ്പോളം നിര്‍ണ്ണയിച്ചു. സര്‍വ്വശക്തനായ കമ്പോളം എങ്ങും എപ്പോഴും നന്മ വര്‍ഷിക്കുമെന്ന് കമ്പോളവേദക്കാര്‍ വിശ്വസിച്ചു.

കമ്പോളം ചതിക്കുന്നു

പക്ഷെ, വൈകാതെ കമ്പോളം ചതിച്ചു. കടമെടുത്ത ഐശ്വര്യങ്ങള്‍ അസ്തമിച്ചു. ആഘോഷങ്ങള്‍ കെട്ടടങ്ങി. തൊഴിലുകള്‍ നഷ്ടപ്പെട്ടു. വരുമാനം കുറഞ്ഞു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം പടിയിറങ്ങി. 168 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ പാക്കേജിനു പോലും അമേരിക്കന്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനായില്ല. 50 ബില്യണ്‍ ഡോളറിന്റെ പുതിയ പാക്കേജ് വേണ്ടിവരും. 50 എന്നത് 150 ബില്യണ്‍ ഡോളറായേക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്.

കമ്പോള മൌലികവാദികള്‍ ഇപ്പോഴും വാദിക്കുന്നത് ഇതൊരു താല്‍കാലിക ചാക്രിക മാന്ദ്യമാണെന്നാണ്. മുതലാളിത്തത്തിന്റെ വളര്‍ച്ച തരംഗരൂപത്തിലായിരിക്കും. കയറ്റിറക്കങ്ങള്‍ സാധാരണയാണ്. ഇക്കുറി തരംഗത്തിന്റെ കീഴ്‌ഭാഗം കുത്തനെ ഇറങ്ങിപ്പോയി. താമസിയാതെ കീഴറ്റത്തു നിന്ന് കയറ്റമാരംഭിക്കും. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘V’ ആകൃതിയില്‍. പക്ഷെ കാര്യവിവരമുള്ളവര്‍ ഇതംഗീകരിക്കുന്നില്ല. കീഴറ്റത്തു നിന്നുള്ള പ്രയാണം നിരപ്പായിട്ടായിരുക്കുമെന്നവര്‍ പ്രവചിക്കുന്നു. ചുരുങ്ങിയ പക്ഷം 2011 വരെ വളര്‍ച്ച ‘L’ രൂപത്തിലായിരിക്കുമത്രെ. മാന്ദ്യം അഗാധമാണ്. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കും.

ജെഫ്രി സാക്സ് പ്രശസ്തനായ അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് ‘കോമണ്‍വെല്‍ത്ത് : ജനസാന്ദ്രമായ ഒരു ഗ്രഹത്തിനാവശ്യമായ ധനശാസ്ത്രം’ എന്നാണ്. പുസ്തകത്തില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു:
‘കമ്പോള ശക്തികള്‍ക്കു മാത്രമായി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ല. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അനന്തമായ മത്സരം പരസ്പര സഹകരണത്തിന് വഴിമാറേണ്ടിയിരിക്കുന്നു.’

നിയന്ത്രണത്തിന്റെ മഹത്വം

2008 മാര്‍ച്ച് 16 ന് അമേരിക്കന്‍ കേന്ദ്രബാങ്ക് സ്വന്തം നിയമപുസ്തകം തിരുത്തിയെഴുതിയതായി മാര്‍ച്ച് 22 ലെ ‘ദ ഇക്കണോമിസ്റ്റ്’ വാരികയെഴുതി. ‘വാള്‍ സ്ട്രീറ്റ് പ്രതിസന്ധി’ എന്നായിരുന്നു ലേഖനത്തിന്റെ പേര്. ബിയര്‍ സ്റ്റിയേണ്‍സ് അമേരിക്കയിലെ അഞ്ചാമത്തെ വലിയ നിക്ഷേപ ബാങ്കായിരുന്നു. ഈ ബാങ്ക് പൊളിയുന്നത് തടയുകയായിരുന്നു ലക്ഷ്യം. 3000 കോടി ഡോളര്‍ ഖജനാവില്‍ നിന്നാഴുക്കി. താരതമ്യേന സുശക്തമായ ജെ. പി. മോര്‍ഗനെക്കൊണ്ട് ബിയറിനെ ഏറ്റെടുപ്പിച്ചു. ഇതില്‍ 600 കോടി ഡോളര്‍ വ്യവഹാരത്തിനായി മാത്രം മോര്‍ഗന്‍ നീക്കിവെച്ചു.

ആധുനിക ധനകാര്യകമ്പോളത്തിന്റെ വിമര്‍ശകര്‍ ഇതിനെ സ്വതന്ത്രകമ്പോള ദര്‍ശനത്തിന്റെ അനിവാര്യ പതനമെന്ന് മുദ്രകുത്തി. കനേഡിയന്‍ ഗവേഷണസ്ഥാപനമായ ബി.സി.എ യിലെ മാര്‍ട്ടിന്‍ ബേണ്‍സ് പറയുന്നതു ശ്രദ്ധിക്കുക: അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്റെ 40% ഇപ്പോള്‍ ധനകാര്യ സേവനവ്യവസായത്തിന്റെ വകയാണ്. 1980 ല്‍ ഇത് വെറും 10% ആയിരുന്നു. ഓഹരിവിപണിയില്‍ നിന്നുള്ള ലാഭം 1980 ല്‍ 6% ആയിരുന്നു. ഇപ്പോഴത് 19% ആയി ഉയര്‍ന്നു. എന്നാല്‍ കോര്‍പ്പറേറ്റ് അമേരിക്കയുടെ മൊത്തം മൂല്യ വര്‍ദ്ധനവില്‍ ധനകാര്യമേഖലയുടെ പങ്ക് 15% മാത്രമാണ്. സ്വകാര്യമേഖലാ തൊഴിലില്‍ വെറും 5 ശതമാനവും. ഇത് സുസ്ഥിരമല്ല.

ബിയറിന്റെ പതനം രണ്ടു സത്യങ്ങള്‍ സ്ഥിരീകരിച്ചു.

1. പണം അപൂര്‍വ്വ വസ്തുവായി മാറുമ്പോള്‍ ആഴമുള്ള കീശയുടെ ഉടമ രാജാവാകും. ജെ.പി.മോര്‍ഗനെപ്പോലെ. ഇതൊരു പഴഞ്ചന്‍ സത്യമാണ്.
2. രണ്ടാമത്തേത് ഒരു പുതിയ സത്യമാണ്. അത് കേന്ദ്രബാങ്കിന്റെ നിയന്ത്രണാധികാരത്തെ പരാമര്‍ശിക്കുന്നു. അവസാനത്തെ ആശ്രയമെന്ന ധര്‍മ്മം(lender of last resort) ഫെഡറല്‍ റിസര്‍വ്വ് വീണ്ടെടുത്തു. ബിയര്‍ സ്റ്റിയേണ്‍സ് ഒരു സ്വകാര്യ ബാങ്കായിരുന്നു. എന്നിട്ടും ഫെഡ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെ പൊതുപണമിറക്കി തകര്‍ച്ചയെ തടഞ്ഞു. കാരണം, ബിയര്‍ അത്ര വലുതായിരുന്നു. തകര്‍ച്ചയുടെ ആഘാതം അത്രക്ക് ഭീകരമാകുമായിരുന്നു.

‘’ദി ഇക്കണോമിസ്റ്റ് ’വാരികയുടെ മാര്‍ച്ച് 29 ലക്കത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘നിയന്ത്രണാധികാരികള്‍ വരുന്നു’ എന്നായിരുന്നു. നിയന്ത്രണ, മേല്‍നോട്ട ചട്ടക്കൂടാകെ പൊളിച്ചെഴുതണമെന്ന് ഹെന്‍ട്രി പോള്‍സന്‍ വാദിക്കുന്നു.

കേന്ദ്രബാങ്കുകളുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ്സിന്റെ (ബി. ഐ.എസ്) വാര്‍ഷിക റിപ്പോര്‍ട്ട് ഈ നിലപാടിനെ പിന്തുണക്കുന്നുണ്ട്.

പകര്‍ച്ചവ്യാധി

മാര്‍ച്ച് മാസത്തില്‍ നിന്ന് ജൂലായ് മാസത്തിലേക്കെത്തുമ്പോള്‍ ഇന്‍ഡി മാക് എന്നു പേരായ മറ്റൊരു അമേരിക്കന്‍ ബാങ്കിന്റെ തകര്‍ച്ചയുടെ കഥയാണ് നാം കേള്‍ക്കുന്നത്. പൊളിഞ്ഞ ശാഖയുടെ മുന്നില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിന്നിടയിലൂടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോയ ഒരു യുവാവിനെക്കുറിച്ച് പോള്‍ ക്രൂഗ്മാന്‍ വിവരിക്കുന്നുണ്ട്. ബാങ്കു തകര്‍ച്ചക്കുത്തരവാദികള്‍ പെരുങ്കള്ളന്മാരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണെന്ന് ചെറുപ്പക്കാരന്‍ വിളിച്ചു കൂവിയപ്പോള്‍ ജനം ആര്‍ത്തട്ടഹസിച്ചുവത്രെ.

ഇന്ത്യക്കാര്‍ മാതൃകാ ബാങ്കെന്നു കരുതുന്ന സിറ്റി ബാങ്ക് 500 ബില്യണ്‍ ഡോളറിന്റെ കിട്ടാക്കടം വെറും 100 ബില്യണ്‍ ഡോളറിനു വിറ്റു. 400 ബില്യണ്‍ ഡോളറിന്റെ നഷ്ടം. ഈ ഭീമമായ പൈതൃക ആസ്തികള്‍ കൈകാര്യം ചെയ്യുക എളുപ്പമല്ലന്ന് ഇന്ത്യക്കാരനായ ബാങ്ക് മേധാവി വിക്രം പണ്ഡിറ്റ് പ്രസ്താവിക്കുന്നു.

ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ലങ്കിലും അമേരിക്കന്‍ ധനകാര്യവ്യവസായത്തിന്റെ പതനം സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കു നയിച്ചു കഴിഞ്ഞു. ഇത് പറയുന്നത് മറ്റാരുമല്ല. അമേരിക്കയിലെ ധനാഢ്യനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് തന്നെ. തുടര്‍ച്ചയായി രണ്ട് കാല്‍ വര്‍ഷങ്ങളില്‍(quarter) സാമ്പത്തിക വളര്‍ച്ച കീഴ്പ്പോട്ടായിരുന്നു. ജനങ്ങള്‍ക്ക് ഇതനുഭവപ്പെടുന്നുണ്ട്. സിറ്റി ബാങ്കിന്റെയും മെറിള്‍ ലിന്‍ചിന്റെയും ബാലന്‍സ് ഷീറ്റുകള്‍ക്കിപ്പോള്‍ തീരെ തിളക്കമില്ല. ഒരു പകര്‍ച്ചവ്യാധി കണക്കെ പണയ ദുരന്തം( mortgage crisis) യൂറോപ്പിലേക്കും ഏഷ്യയിലേക്കും പടരുകയാണ്. കരടികളുടെ ബറ്റാലിയന്‍ ആഗോളവിപണികളിലേക്കിറങ്ങിക്കഴിഞ്ഞു. പൊളിഞ്ഞ നോര്‍ത്തേണ്‍ റോക്ക് ബാങ്കിനെ പ്രത്യയശാസ്ത്രം മറന്ന്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശസാല്‍ക്കരിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ ഭവനനിര്‍മ്മാണ കമ്പനിയായ ടെയ്‌ലര്‍ വിംപിയും വസ്ത്രവ്യാപാരികളായ മാര്‍ക്സ് ആന്റ് സ്പെന്‍സറും തകര്‍ച്ചയുടെ വക്കിലാണ്. സ്വിസ് ബാങ്കുകളായ യു. ബി.എസ്സും ക്രെഡിറ്റ് സ്യൂസ്സും തകര്‍ച്ചയോട് മല്ലിട്ടുകൊണ്ടിരിക്കുന്നു. തകര്‍ച്ച സ്പെയിനെയും പിടികൂടിക്കഴിഞ്ഞു. സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ജോസ് ലൂയീസ് സപാട്ടെരോ തുറന്നു സമ്മതിക്കുന്നില്ലന്നു മാത്രം. കടകമ്പോളങ്ങള്‍ക്കു മുമ്പില്‍ തൂങ്ങുന്നത് ‘വാടകക്ക് ‘ എന്നോ ‘അടച്ചുപൂട്ടും മുമ്പുള്ള ക്ലിയറന്‍സ് വില്‍പ്പന’ എന്നോ എഴുതിയ ബോര്‍ഡുകളാണ്. വടക്കന്‍ നോര്‍വ്വേയിലെ മുനിസിപ്പാലിറ്റികള്‍ പ്രതിസന്ധിയിലാണ്. കാരണം അവരുടെ പണവും ഭൂപണയ ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിക്കോളാസ് സര്‍ക്കോസിയുടെയും ബ്രിട്ടണില്‍ ഗോര്‍ഡണ്‍ ബ്രൌണിന്റെയും ജനപിന്തുണയിടിഞ്ഞിട്ടുണ്ട്.

ഫാനി & ഫ്രെഡി

പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ഫാനിയും ഫ്രെഡിയുമാണ്. രണ്ടും ഫെഡറല്‍ നാഷണല്‍ മോര്‍ട്ട്ഗേജ് അസോസിയേഷനുകള്‍. മുഴുവന്‍ പേര് ഫാനി മേ, ഫ്രെഡി മാക് എന്നാണ്. രണ്ടു സ്ഥാപനങ്ങളും അനിവാര്യമായ തകര്‍ച്ചയിലേക്കു നീങ്ങുന്നു. ഭൂപണയാടിസ്ഥാനത്തില്‍ വീട് സ്വന്തമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ 1930 കളില്‍ സ്ഥാപിതമായ തീര്‍ത്തും സ്വകാര്യസ്ഥാപനങ്ങളാണിവ. ബാങ്കുകളില്‍ നിന്ന് ഭൂപണയങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന ഫാനിക്കും ഫ്രെഡിക്കും ഫെഡറല്‍ ഗവണ്മെന്റിന്റെ ഗ്യാരന്റിയില്ലങ്കിലും സ്പോണ്‍സര്‍ഷിപ്പുണ്ടെന്നാണ് നിക്ഷേപകരുടെ ധാരണ. അതിനര്‍ത്ഥം ഫാനി യും, ഫ്രെഡിയും ലാഭത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഓഹരിയുടമകള്‍ക്ക് നേട്ടമാണെന്നാണ്. എന്നാല്‍ സ്ഥാപനം പൊളിഞ്ഞാല്‍ നഷ്ടം സര്‍ക്കാരിനും നികുതിദായകര്‍ക്കുമായിരിക്കും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ലാഭം സ്വകാര്യവല്‍ക്കരിക്കുകയും നഷ്ടം സാമൂഹ്യവല്‍ക്കരിക്കുകയും ചെയ്യുന്ന അതീവ വിചിത്രമായ അവസ്ഥ.

2008ല്‍ വിദേശരാഷ്ട്രങ്ങളുടെ പക്കലുള്ളത് ഏകദേശം 1500 ബില്യണ്‍ ഡോളര്‍ മതിക്കുന്ന ഫാനി, ഫ്രെഡിയുള്‍പ്പെടെയുള്ള അര്‍ദ്ധസര്‍ക്കാര്‍, ട്രഷറിയേതര സെക്യൂരിറ്റികളുടെ ശേഖരമാണ്. 2001ല്‍ ഇത് വെറും 504 ബില്യണായിരുന്നു. ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ചൈനയുടെ പക്കല്‍ 376 ബില്യണ്‍ ഡോളറും ജാപ്പാന്റെ കൈവശം 228 ബില്യണ്‍ ഡോളറും വിലമതിക്കുന്ന . സെക്യൂരിറ്റികളുണ്ട്. നിരവധി വിദേശ ഗവണ്മേന്റുകളും, ബാങ്ക് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും ട്രഷറി സെക്യൂരിറ്റികള്‍ക്കു പകരം ഫാനിയുടെയും, ഫ്രെഡിയുടെയും സെക്യൂരിറ്റികളാണ് സൂക്ഷിക്കുന്നത്. ഈ രണ്ടു കമ്പനികളെയും എപ്രകാരം രക്ഷപ്പെടുത്തുന്നു എന്നതിലാണ് അമേരിക്കയുടെ വിശ്വാസ്യത കുടികൊള്ളുന്നത്. വായ്പയെടുക്കാനുള്ള അമേരിക്കയുടെ ശേഷി തുലാസില്‍ തൂങ്ങുന്നു. വിദേശകമ്പനികള്‍ അമേരിക്കന്‍ സെക്യൂരിറ്റികള്‍ ബഹിഷ്കരിച്ചാല്‍ സ്ഥിതി വഷളാകും. ഫാനി, ഫ്രെഡി ഓഹരി വില നിലം പൊത്തി. എന്നിട്ടും സെക്യൂരിറ്റികളുടെ വിലയില്‍ മാറ്റമില്ല. ഈ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് ട്രഷറി സെക്രട്ടറി ഹെന്റ്റി പോള്‍സന്‍ പരിധിയില്ലാത്ത തുകയനുവദിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മുമ്പില്‍ തൊഴുകൈകളോടെ നില്‍ക്കുന്നത്.

സ്വതന്ത്ര കമ്പോളവാദം പാശ്ചാത്യലോകത്താകെ പരാജയപ്പെട്ടുവെന്നും മത്സരം കാര്യക്ഷമതയിലേക്കുമാത്രമല്ല തകര്‍ച്ചയിലേക്കും നയിക്കുമെന്നു ബോധ്യപ്പെടാന്‍ ഇതില്‍പരം തെളിവ് നിരത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. പാശ്ചാത്യ സര്‍ക്കാരുകള്‍ കമ്പോളത്തില്‍ ഇടപെടുന്നു. ഖജനാവില്‍ നിന്നു പണമിറക്കി, പൊളിയുന്ന സ്വകാര്യ നിക്ഷേപ ബാങ്കുകളെപ്പോലും ജാമ്യത്തിലെടുക്കുന്നു. ബാങ്കുകളെ ദേശസാല്‍ക്കരിക്കുന്നു. ഇത്രയൊക്കെയായിട്ടും സ്വതന്ത്ര കമ്പോളം ദിവ്യമാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഘോരപാപമാണെന്നും അന്ധമായി വിശ്വസിച്ച്, ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യമേഖലകളെയും പടുകുഴിയിലേക്കു നയിക്കുന്ന രഘുറാം രാജനെപ്പോലുള്ള വിദഗ്ദ്ധരെയും അവരുടെ ശുപാര്‍ശകളെയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

******

കെ.വി.ജോര്‍ജ്

(BEFI-Kerala ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വതന്ത്ര കമ്പോളവാദം പാശ്ചാത്യലോകത്താകെ പരാജയപ്പെട്ടുവെന്നും മത്സരം കാര്യക്ഷമതയിലേക്കുമാത്രമല്ല തകര്‍ച്ചയിലേക്കും നയിക്കുമെന്നു ബോധ്യപ്പെടാന്‍ ഇതില്‍പരം തെളിവ് നിരത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. പാശ്ചാത്യ സര്‍ക്കാരുകള്‍ കമ്പോളത്തില്‍ ഇടപെടുന്നു. ഖജനാവില്‍ നിന്നു പണമിറക്കി, പൊളിയുന്ന സ്വകാര്യ നിക്ഷേപ ബാങ്കുകളെപ്പോലും ജാമ്യത്തിലെടുക്കുന്നു. ബാങ്കുകളെ ദേശസാല്‍ക്കരിക്കുന്നു. ഇത്രയൊക്കെയായിട്ടും സ്വതന്ത്ര കമ്പോളം ദിവ്യമാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഘോരപാപമാണെന്നും അന്ധമായി വിശ്വസിച്ച്, ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യമേഖലകളെയും പടുകുഴിയിലേക്കു നയിക്കുന്ന രഘുറാം രാജനെപ്പോലുള്ള വിദഗ്ദ്ധരെയും അവരുടെ ശുപാര്‍ശകളെയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Anonymous said...

വിദ്യാഭ്യാസ ലോണ്‍ എന്ന പേരില്‍ കണ്ണില്‍ കണ്ടവനെല്ലാം വാരിക്കോരി ലോണ്‍ കൊടുക്കുന്നതായിരിക്കും ഇനി ഉണ്ടാവ്വാന്‍ പോകുന്ന ഒരു ദുരനതം, ഒരു സെക്യൂറിറ്റിയും ചോദിക്കാന്‍ ബാങ്കു മാനേജറ്‍ക്ക്‌ അധികാരമില്ല , വരവിനു അനുസരിച്ചു ചെലവു ചെയ്തു ജീവിക്കുന്നതാണു കടക്കെണിയില്‍ നിന്നും രക്ഷപെടാനുള്ള ഏകവഴി, ലോണ്‍ എടുത്തു വീടു വയ്ക്കുന്നത്‌ എപ്പോഴും ലാഭം ആണൂ കാരണം വീടു വെക്കലിണ്റ്റെ ചെലവു ദിനം പ്റതി കൂടുന്നു, എന്നാല്‍ ക്റെഡിറ്റ്‌ കാറ്‍ഡില്‍ നിന്നും ലോണ്‍ എടുത്തു ജീവിക്കാന്‍ തുടങ്ങിയാല്‍ ജീവിതം നരകമാകും. അമേരിക്ക അല്ല ഇന്ത്യ, ഇവിടെ എത്റ മള്‍ടിനാഷണല്‍ വന്നാലും പഴയ ഒരു ഗോഡ്‌ റെജ്‌ ഫ്റിഡ്ജ്‌ പ്റവറ്‍തിക്കുന്നെങ്കില്‍ ആരും അതു കളയില്ല ബജാജ്‌ സ്കൂട്ടറ്‍ ആരും കളയില്ല അതിനാല്‍ ഇന്ത്യയില്‍ ഈ ഭീതിക്കൊന്നും അവകാശമില്ല , ഐ സീ ഐ സീ വന്നതു കൊണ്ട്‌ എസ്‌ ബീ ഐ സേവനം മെച്ചപ്പെടുത്തിയിട്ടുണ്ട്‌ അമേരിക്കയിലെ ആളക്കാരെപോലെ കടത്തില്‍ ജനിച്ചു കടത്തില്‍ വളറ്‍ന്നു കടത്തില്‍ മരിക്കുന്നവരല്ല ഇന്ത്യന്‍ മിഡില്‍ ക്ളാസ്‌ പക്ഷെ യൂണിയണ്റ്റെ കളികള്‍ ഒക്കെ തീരുകയാണു യൂണീയന്‍ ഉണ്ടെങ്കിലും പണീ എടുത്തേ ശപളം കിട്ടു എന്ന അവസ്ഥ വന്നുകൊണ്ടിരിക്കുന്നു, ഇത്റ സന്തോഷിക്കുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല

PIN said...

വളരെനല്ല ലേഖനം.ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യേണ്ടതിന് മുങ്കരുതൽ എടുക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള അവതരണം.

നന്ദി...