Saturday, August 9, 2008

അമര്‍നാഥ് പുകയുന്നു

ഒന്നരമാസത്തോളമായി ജമ്മു കശ്‌മീരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനകം അക്രമങ്ങളിലും പൊലീസ് വെടിവയ്പിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ രാജിവച്ച് അധികാരമൊഴിയാന്‍ നിര്‍ബന്ധിതമായി. സംസ്ഥാനം വീണ്ടും പ്രസിഡന്റ് ഭരണത്തിന്‍കീഴിലായി.

ഭൂമിയിലെ സ്വര്‍ഗമെന്ന് അറിയപ്പെട്ടിരുന്ന കശ്മീര്‍ കലാപഭൂമിയാക്കപ്പെടുകയും അത് ഭൂമിയിലെ നരകങ്ങളിലൊന്നായി മാറുകയും ചെയ്ത അവസ്ഥയില്‍നിന്ന് ഏതാനും വര്‍ഷങ്ങളായി തിരിച്ചുവരവ് ദൃശ്യമായിരുന്നു. പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികളുടെ ആക്രമണങ്ങള്‍ തീരെ ഇല്ലാതായി എന്നല്ല; പക്ഷേ, അവര്‍ക്കുള്ള ജനപിന്തുണ കുറഞ്ഞുവന്നു. അങ്ങനെ ശാന്തമാകാന്‍ തുടങ്ങിയ അന്തരീക്ഷത്തിലാണ് അമര്‍നാഥ് പ്രശ്നം പൊട്ടിത്തെറി സൃഷ്ടിക്കുന്നത്; സംസ്ഥാനത്തെ രണ്ട് വര്‍ഗീയധ്രുവങ്ങളായി വേര്‍തിരിച്ചിരിക്കുന്നതും.

നൂറ്റാണ്ടുകളായി ശാന്തമായ അന്തരീക്ഷത്തില്‍ നടന്നുവന്നതാണ് അമര്‍നാഥ് തീര്‍ഥാടനം. സമുദ്രനിരപ്പില്‍നിന്ന് നാലായിരത്തിലേറെ മീറ്റര്‍ ഉയരത്തില്‍, ശ്രീനഗറില്‍നിന്ന് 140 കിലോമീറ്റര്‍ അകലെ, ദുര്‍ഗമമായ മലനിരകളിലെ ഈ ഗുഹാക്ഷേത്രത്തിലെ തീര്‍ഥാടനം വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ്. പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ഓരോവര്‍ഷവും എത്തും.

ബനാഗുണ്ടിലെയും പഹല്‍ഗാമിലെയും മുസ്ലീം മാലിക്കുകളാണ് ഈ സ്ഥലത്തിന്റെ സംരക്ഷകരും പരിപാലകരുമായി കരുതപ്പെട്ടിരുന്നത്; മുസ്ലീം-ഹിന്ദു മതമൈത്രിക്ക് പുകള്‍പെറ്റ പ്രദേശവുമായിരുന്നു. തീര്‍ഥാടകരായെത്തുന്നവരില്‍ മലകയറാന്‍ ബുദ്ധിമുട്ടുള്ളവരെ മഞ്ചലില്‍ ചുമന്ന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചത് തദ്ദേശീയരായ മുസ്ലീങ്ങളാണ്. ഇത് തങ്ങളുടെ കടമയും അവകാശവുമായി അവര്‍ കരുതിയിരുന്നു. ഒരു സേവനമായാണ് അവര്‍ തീര്‍ഥാടകരെ സഹായിച്ചിരുന്നത്. തീര്‍ഥാടകര്‍ കൊടുക്കുന്ന പണം വാങ്ങുമെന്നല്ലാതെ (ഇല്ലെങ്കിലും ചോദിക്കുമായിരുന്നില്ല) പണത്തിനുവേണ്ടിയുള്ള ജോലിയായി ആ പ്രദേശത്തെ പാവങ്ങള്‍ കരുതിയിരുന്നില്ല.

ആ സൌഹൃദത്തിന്റെ, മതമൈത്രിയുടെ കടയ്ക്കലാണ് 1990കളുടെ തുടക്കം മുതല്‍ സംഘപരിവാര്‍ കത്തിവച്ചുതുടങ്ങിയത്. സംഘപരിവാര്‍ വിതച്ച വര്‍ഗീയവിഷത്തിന്റെ വിളവെടുപ്പാണ് ഇപ്പോള്‍ കശ്‌മീരിനെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്. 1990കളില്‍, പ്രത്യേകിച്ചും ബാബറിമസ്‌ജിദ് തകര്‍ക്കപ്പെട്ട ശേഷമുള്ള വര്‍ഷങ്ങളില്‍ സംഘപരിവാര്‍ ആസൂത്രിതമായി ആളുകളെ സംഘടിപ്പിച്ച് നടത്തിയ അമര്‍നാഥ് തീര്‍ഥയാത്രകളില്‍ വര്‍ഗീയവിഷം വമിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്രാദേശിക മുസ്ലീം ജനവിഭാഗങ്ങളുമായി ബോധപൂര്‍വം അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സ്വാഭാവികമായും ഇത് തീവ്രവാദികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും വളക്കൂറുള്ള മണ്ണൊരുക്കി.

2008 ജൂണില്‍ അമര്‍നാഥ് ഗുഹാക്ഷേത്രത്തോടനുബന്ധിച്ചുള്ള 39.88 ഹെക്ടര്‍ വനഭൂമി തീര്‍ഥാടകര്‍ക്ക് പാര്‍പ്പിട സൌകര്യമൊരുക്കാന്‍ ഗുഹാക്ഷേത്രട്രസ്റ്റിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് ഇപ്പോള്‍ കലാപം കൊടുമ്പിരിക്കൊണ്ടത്. യഥാര്‍ഥത്തില്‍ ജനറല്‍ എസ് കെ സിന്‍ഹ ജമ്മു കശ്‌മീര്‍ ഗവര്‍ണറായി എത്തിയതോടെയാണ് അമര്‍നാഥ് പ്രശ്നം പുകയാന്‍ തുടങ്ങിയത്. സംഘപരിവാറിന്റെ സ്വന്തം ആളായ ഈ മുന്‍ പട്ടാള ഉദ്യോഗസ്ഥനെ ബിജെപി സര്‍ക്കാര്‍ അസമിലെ ഗവര്‍ണറായാണ് ആദ്യം നിയമിച്ചത്. അസമിലെ കാലാവധി പൂര്‍ത്തിയായശേഷം ഒഴിവാക്കുന്നതിനുപകരം ജനറല്‍ സിന്‍ഹയെ കശ്‌മീര്‍പോലെ സംഘര്‍ഷമേഖലയായ സംസ്ഥാനത്ത് ഗവര്‍ണറായി വീണ്ടും നിയമിക്കുകയും 2008 ജൂണ്‍ 25ന് കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഈ ബിജെപി മനോഭാവക്കാരനെ തല്‍സ്ഥാനത്ത് തുടരാന്‍ യുപിഎ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

ജനറല്‍ സിന്‍ഹ ഗവര്‍ണറായി എത്തിയശേഷമാണ് ശ്രീ അമര്‍നാഥ് ഷ്രൈന്‍ബോര്‍ഡ് രൂപീകരിച്ച് ഗുഹാക്ഷേത്രത്തിന്റെ നിയന്ത്രണം അതിനുകീഴിലാക്കിയത്. സംസ്ഥാന ഗവര്‍ണറാണ് അതിന്റെ അധ്യക്ഷന്‍. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണാധികാരമൊന്നുമില്ലാത്ത ബോര്‍ഡ് രൂപീകരണം നൂറ്റാണ്ടുകളായി ഗുഹാക്ഷേത്രത്തിന്റെ കസ്റ്റോഡിയന്മാരായി കരുതിയിരുന്ന മാലിക്കുകളെ അന്യവല്‍ക്കരിക്കുകയും അകറ്റുകയുംചെയ്തു. അതിനുംപുറമെ ഗവര്‍ണര്‍ സിന്‍ഹയുടെ അധ്യക്ഷതയിലുള്ള ബോര്‍ഡ് (മറ്റ് അംഗങ്ങളെല്ലാം സംഘപരിവാര്‍ വിശ്വസ്തരുമാണ്) അവശരായ തീര്‍ഥാടകരെ മഞ്ചലിലും മറ്റും മലകയറാന്‍ സഹായിച്ച മുസ്ലീങ്ങളില്‍നിന്ന് ചുങ്കംപിരിക്കാന്‍ തുടങ്ങി. തീര്‍ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശമാകെ, ഒരു സ്വയംഭരണവികസന അതോറിറ്റി രൂപീകരിച്ച് അതിനുകീഴിലാക്കാനുള്ള നീക്കവും ഗവര്‍ണര്‍ നടത്തി. അന്ന് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹദ് സെയ്ദിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ നീക്കം നടക്കാതെപോയതാണ്.
അതോടെയാണ് 39.88 ഹെക്ടര്‍ വനഭൂമി ഷ്രൈന്‍ബോര്‍ഡിന്, തീര്‍ഥാടകര്‍ക്ക് പാര്‍പ്പിടമൊരുക്കാനെന്നപേരില്‍ നല്‍കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

ഗവര്‍ണറുടെ സമ്മര്‍ദം കാരണവും ആസന്നമായ തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടില്‍ കണ്ണുവച്ചും ഗുലാം നബി ആസാദിന്റെ മന്ത്രിസഭ ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ച് സ്ഥിരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന വ്യവസ്ഥയോടെ വനഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി പ്രാധാന്യമുള്ള ഈ വനഭൂമി, വെട്ടിത്തെളിച്ച് താല്‍ക്കാലികമായിട്ടാണെങ്കിലും പാര്‍പ്പിടത്തിന് നല്‍കിയത് വനഭൂമി സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളുമെല്ലാം മറികടന്നാണ്. ഈ നിയമവിരുദ്ധമായ നടപടിയെടുക്കുന്നതിന് ജമ്മു കശ്‌മീരിലെ ഹൈക്കോടതിയുടെ വിധിയും സംസ്ഥാന സര്‍ക്കാരിനെ നിബന്ധിതമാക്കിയിരുന്നു.

ഈ തീരുമാനം സയ്യദ് അലിഷാ ഗിലാനിയെപ്പോലുള്ള മതമൌലികവാദികളായ ഹൂറിയത്ത് കോഫറന്‍സുകാര്‍ക്ക് സുവര്‍ണാവസരമായിരുന്നു. പക്ഷേ, തീവ്രവാദി സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഹ്വാനംചെയ്ത ആദ്യദിവസങ്ങളിലെ പ്രക്ഷോഭം ജനപിന്തുണയില്ലാതെ ഒറ്റപ്പെടുമെന്ന സ്ഥിതിവന്നു. പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സും അവരോട് മത്സരിച്ച് ഭരണമുന്നണിയിലും മന്ത്രിസഭയിലും അംഗമായിരുന്ന പിഡിപിയും പ്രകടനങ്ങള്‍ക്കും ബന്ദിനും ആഹ്വാനം ചെയ്തതോടെയാണ് മുസ്ലീം ജനവിഭാഗങ്ങളുടെ പിന്തുണയോടെ പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്. തങ്ങളുടെ കശ്മീരി മുസ്ലീം സ്വത്വം ഇല്ലാതാക്കാനും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഹിന്ദുകുടിയേറ്റം സംഘടിപ്പിച്ച് സംസ്ഥാനത്ത് തങ്ങളെ ന്യൂനപക്ഷമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വനഭൂമി ബോര്‍ഡിന് നല്‍കാനുള്ള തീരുമാനം എന്നുമുള്ള ധാരണയാണ് പ്രക്ഷോഭത്തിന് ശക്തിപകര്‍ന്നത്.

ഈ പ്രക്ഷോഭത്തെത്തുടര്‍ന്നും ജൂണ്‍ 25 ന് ശേഷം ഗവര്‍ണറായെത്തിയ മോത്തിലാല്‍ വോറയുടെ സമയോചിതമായ ഇടപെടലുംമൂലവും ജൂലൈ രണ്ടിന് മുന്‍ തീരുമാനം പിന്‍വലിക്കാനും തീര്‍ഥാടകര്‍ക്ക് സൌകര്യമൊരുക്കാനുള്ള ഭൂമി സംസ്ഥാന വിനോദസഞ്ചാരവകുപ്പിനെ ഏല്‍പ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തീര്‍ഥാടകരെയോ തീര്‍ഥാടനത്തെയോ പ്രതികൂലമായി ഒരുവിധത്തിലും ബാധിക്കാത്ത ഈ തീരുമാനത്തോടെ പ്രശ്നം അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, സംഘപരിവാര്‍ നേരിട്ട് രംഗപ്രവേശം ചെയ്ത് ജൂലൈ മൂന്നിന് ഭാരതബന്ദും തുടര്‍ന്ന് കശ്മീരില്‍ നിരന്തരപ്രക്ഷോഭവും ജമ്മുവില്‍നിന്ന് കശ്‌മീര്‍ താഴ്വരയിലേക്കുള്ള ഉപരോധവുമാണ് ഇപ്പോള്‍ സംസ്ഥാനത്തെ വര്‍ഗീയമായി ചേരിതിരിച്ചിരിക്കുന്നത്. കശ്‌മീര്‍ ഭാഗത്ത് ഗിലാനിയുടെ ഹൂറിയത്തുകാര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ തൊഗാഡിയയുടെ ഹിന്ദുത്വശക്തികള്‍ ജമ്മുവില്‍ ഒരു മാസത്തോളമായി നിരന്തര ഉപരോധവും ബന്ദും നടത്തുകയാണ്. കശ്‌മീരികളെ പട്ടിണിക്കിടുമെന്നാണ് തൊഗാഡിയയുടെ പ്രതിജ്ഞ. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഷയമായി കശ്‌മീര്‍ ഉയര്‍ത്താനുള്ള തീരുമാനമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനുപിന്നിലുള്ളത്.

***

ജി വിജയകുമാര്‍, കടപ്പാട്:ദേശാഭിമാനി

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒന്നരമാസത്തോളമായി ജമ്മു കശ്‌മീരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനകം അക്രമങ്ങളിലും പൊലീസ് വെടിവയ്പിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി.
കശ്‌മീര്‍ വീണ്ടും പുകയുന്നതിലേക്ക് വഴിവച്ച സംഭവങ്ങളെക്കുറിച്ച് ഒരന്വേഷണം.

Anonymous said...

ഈ തീരുമാനം സയ്യദ് അലിഷാ ഗിലാനിയെപ്പോലുള്ള മതമൌലികവാദികളായ ഹൂറിയത്ത് കോഫറന്‍സുകാര്‍ക്ക് സുവര്‍ണാവസരമായിരുന്നു. പക്ഷേ, തീവ്രവാദി സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഹ്വാനംചെയ്ത ആദ്യദിവസങ്ങളിലെ പ്രക്ഷോഭം ജനപിന്തുണയില്ലാതെ ഒറ്റപ്പെടുമെന്ന സ്ഥിതിവന്നു.

ആ കൂടെ നമ്മളും ഒണ്ടാരുന്നല്ലൊ

http://koosism-exposed.blogspot.com/2008/08/blog-post.html

Anonymous said...

In fact, it is the Muslim families of Batagund who have been the virtual custodians of the holy cave and prepare the facilities for this annual yatra.

ഇത് കൂടി നോക്കാം..

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
Baiju Elikkattoor said...

പ്രവീണ്‍ തൊഗാഡിയ പോലുള്ള വര്‍ഗ്ഗീയ വൈറസുകളെ നിര്‍മാര്‍ജ്ജനം ചെയ്യേണ്ടിയിരിക്കുന്നു.....!!

Anonymous said...

ബുണ്ടാല (പഞ്ചാബ്): ജമ്മു കശ്മീരിലെ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അമര്‍നാഥ് സംഘര്‍ഷ് സമിതിയും താഴ്വരയിലെ രാഷ്ട്രീയനേതൃത്വവും സര്‍ക്കാരുമായുള്ള ചര്‍ച്ച തുടരണമെന്നും അതില്‍ തീരുമാനമുണ്ടാകുന്നതുവരെ പ്രക്ഷോഭത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും യെച്ചൂരി അഭ്യര്‍ഥിച്ചു. സുര്‍ജിത്തിന്റെ അനുശോചനയോഗത്തില്‍ പങ്കെടുക്കാനെത്തിയ യെച്ചൂരി 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു. താഴ്വരയിലേക്ക് അവശ്യസാധനങ്ങളു മറ്റും കൊണ്ടുപോകാന്‍ വിടില്ലെന്നാണ് ജമ്മുവിലെ ചില സംഘടനകള്‍ പറയുന്നത്. ജമ്മുവിലേക്കുള്ള പാത തുറക്കാത്ത പക്ഷം പാകിസ്ഥാനിലേക്കുള്ള മുസഫറാബാദ് പാത തുറക്കുമെന്നാണ് താഴ്വരയിലെ ചില സംഘടനകള്‍ പറയുന്നത്. ഈ രണ്ടു വാദഗതിയും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്നതാണെന്ന് യെച്ചൂരി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോടൊപ്പം യെച്ചൂരി ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

വിശാഖ് ശങ്കര്‍ said...

വര്‍ഗ്ഗീയ ഫാസിസ്റ്റ് കൂട്ടായ്മകള്‍ ശത്രുതയുടെ കച്ചവടത്തിലൂടെയാണ് നിലനില്‍ക്കുന്നത്.അമര്‍നാഥില്‍ ഇന്നു സംഭവിച്ചതും, ശബരിമലയില്‍ നാളെ സംഭവിക്കാവുന്നതും അതു തന്നെ.