Showing posts with label സ്പെക്ട്രം. Show all posts
Showing posts with label സ്പെക്ട്രം. Show all posts

Tuesday, December 17, 2013

മുങ്ങുന്ന കപ്പല്‍

2ജി സ്പെക്ട്രം കുംഭകോണത്തില്‍ കോണ്‍ഗ്രസ് നടത്തിയ കള്ളക്കളി വീണ്ടുമൊരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുന്നുണ്ട് കോണ്‍ഗ്രസുമായി ഇനി സഖ്യമില്ലെന്ന ഡിഎംകെ നേതാവ് എം കരുണാനിധിയുടെ പ്രഖ്യാപനത്തിലൂടെ. 1,76,643 കോടിയുടേതായിരുന്നു 2ജി സ്പെക്ട്രം കുംഭകോണം. അത് പുറത്തുവരികയും അതേത്തുടര്‍ന്ന് നിവൃത്തിയില്ലാത്ത ഒരു രാഷ്ട്രീയസാഹചര്യം ഉരുത്തിരിയുകയുംചെയ്ത ഘട്ടത്തില്‍ സ്വന്തം മുഖം രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ചില നടപടികളെടുക്കുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഈ കുംഭകോണത്തിന്റെ സര്‍വ ഉത്തരവാദിത്തവും ആ ഘട്ടത്തില്‍ ടെലികോംമന്ത്രിയായിരുന്ന എ രാജയ്ക്കും കരുണാനിധിയുടെ മകള്‍ കനിമൊഴിക്കുമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കലായിരുന്നു. എന്നാല്‍, രാജയുടെയും കനിമൊഴിയുടെയും വഴിക്കുപോയത് 250 കോടി രൂപയാണെന്ന് കണ്ടെത്താനേ എല്ലാ രാഷ്ട്രീയ സമ്മര്‍ദങ്ങളും ഉണ്ടായിട്ടും സിബിഐക്ക് സാധിച്ചുള്ളൂ. രാജയെയും കനിമൊഴിയെയും ജയിലിലടച്ചു.

എന്നാല്‍, അപ്പോഴും ഉത്തരംകിട്ടാതെ വലിയ ഒരു ചോദ്യം ബാക്കിനിന്നു. 250 കോടി രൂപ ഇവര്‍ കൊണ്ടുപോയി എന്നുതന്നെ ഇരിക്കട്ടെ. ബാക്കി 1,76,393 കോടി രൂപ പോയത് ഏത് വഴിക്കാണ്? ആരിലൂടെയാണ്? ആ വഴിക്ക് അന്വേഷണം പോയില്ല. പ്രധാനമന്ത്രിയുടെ ഓഫീസുവരെ അംഗീകരിച്ച ഫയല്‍പ്രകാരമാണ് 2ജി കാര്യത്തില്‍ ഓരോ നീക്കവും നടന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റെയും കാര്‍മികത്വത്തിലാണ് എല്ലാം നടന്നത്. സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥര്‍വരെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. ആ നിലയ്ക്ക് അന്വേഷണം പുരോഗമിച്ചാല്‍ 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ മഹാസിംഹഭാഗവും ചെന്നെത്തിയത് കോണ്‍ഗ്രസ് നേതാക്കളിലേക്കോ, അതിന്റെ അധികാരികളിലേക്കോ ആണെന്നത് വ്യക്തമാകും. അതുകൊണ്ടുതന്നെ കണ്ണില്‍പൊടിയിടുന്ന വിധത്തില്‍ ഒറ്റ നടപടിയില്‍ കാര്യം കഴിച്ചു- ഡിഎംകെ നേതാക്കള്‍ക്കെതിരായ നടപടിയില്‍!

അങ്ങനെ കോണ്‍ഗ്രസ് നേതാക്കളാകെ രക്ഷപ്പെട്ടു; പ്രധാനമന്ത്രിയും ധനമന്ത്രിയും സോണിയ ഗാന്ധിയും ഒക്കെ. രക്ഷപ്പെടാന്‍വേണ്ടി തങ്ങളെയും തങ്ങളുടെ പാര്‍ടിയെയും ബലികൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് എന്ന ചിന്ത ഡിഎംകെയില്‍ നേരത്തെതന്നെയുണ്ട്. ആ ചിന്തയുടെകൂടി ഫലമായാണ് 2013 മാര്‍ച്ച് 19ന് യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചുള്ള ഡിഎംകെയുടെ പ്രഖ്യാപനം വന്നത്. തങ്ങളുടെ പാര്‍ടിയിലുള്ള 18 ലോക്സഭാംഗങ്ങള്‍ പിന്തുണ പിന്‍വലിക്കുന്നു എന്നു കാണിച്ചുള്ള കരുണാനിധിയുടെ കത്ത് ടി ആര്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറുകയായിരുന്നു. ആ പ്രതിനിധിസംഘം തിരിച്ച് ചെന്നൈയില്‍ വരുന്നതിനുമുമ്പുതന്നെയുണ്ടായി പ്രതികാരനടപടി. കരുണാനിധിയുടെ മകന്‍ സ്റ്റാലിന്റെ വസതിയിലും ഓഫീസുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സിബിഐ-ഇന്‍കം ടാക്സ് വിഭാഗങ്ങളുടെ റെയ്ഡ്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് കാട്ടിക്കൊടുക്കുന്ന വിധത്തില്‍. ആ പ്രതികാര നടപടി കോണ്‍ഗ്രസിനെതിരായ ഡിഎംകെ വികാരം ആളിക്കത്തിക്കാന്‍മാത്രമേ ഉപകരിച്ചുള്ളൂ. എങ്കിലും ആ വികാരമടക്കിനിന്നു അന്ന് ഡിഎംകെ. ഈ അടക്കിപ്പിടിച്ച വികാരത്തിന്റെ സ്ഫോടനമാണ് വഞ്ചിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ് എന്ന കഴിഞ്ഞദിവസത്തെ കരുണാനിധിയുടെ പ്രഖ്യാപനത്തിനു പിന്നിലുള്ളത്. നന്ദിയില്ലാത്ത പാര്‍ടിയാണത് എന്നുകൂടി ഡിഎംകെ നേതാവ് കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേരുന്ന പ്രശ്നമില്ല എന്ന് അസന്ദിഗ്ധമായി കരുണാനിധി പ്രഖ്യാപിച്ചതോടെ ഏതാണ്ട് 12 കൊല്ലമായി തുടരുന്ന ബന്ധമാണ് പൊളിഞ്ഞുവീണത്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ഘട്ടത്തില്‍പ്പോലും കോണ്‍ഗ്രസുമായി ഇനി ചേരില്ല എന്ന് ഡിഎംകെ പറഞ്ഞിരുന്നില്ല എന്നോര്‍ക്കണം. നന്ദിയില്ലാത്ത കോണ്‍ഗ്രസിനൊപ്പം പോകുന്നതിനേക്കാള്‍ നല്ലത് ഒറ്റയ്ക്ക് മത്സരിക്കുകയാണ് എന്ന കരുണാനിധിയുടെ വിശദീകരണത്തിനു പിന്നില്‍ കോണ്‍ഗ്രസ് സഖ്യത്തിലിരുന്നപ്പോള്‍ കടിച്ചിറക്കേണ്ടിവന്ന കയ്പ് മുഴുവനുമുണ്ട്. 2ജി കുംഭകോണത്തിലെ 1,76,393 കോടി രൂപയും കടത്തിക്കൊണ്ടുപോയവര്‍ 250 കോടി രൂപയുടെ കണക്ക് മറയാക്കി തങ്ങളെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെട്ടതിനെതിരായ അമര്‍ഷം മുഴുവനുമുണ്ട്. രാജയ്ക്കുമാത്രമാണ് എല്ലാത്തിന്റെയും സമ്പൂര്‍ണ ഉത്തരവാദിത്തം എന്ന് അവര്‍ വരുത്തിത്തീര്‍ത്തു. കനിമൊഴിയെ എട്ടുമാസം അവര്‍ ജയിലിലിട്ടു എന്നൊക്കെ കരുണാനിധി പറയുമ്പോള്‍ ആ വരികള്‍ക്കിടയിലെ മൗനം വിരല്‍ചൂണ്ടുന്നത് 2ജി കുംഭകോണത്തിലെ കോണ്‍ഗ്രസിന്റെ വമ്പന്‍ പങ്കിലേക്കുതന്നെയാണ്.

സിബിഐയെ നിയന്ത്രിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന പരാമര്‍ശത്തിലൂടെ കരുണാനിധി കൃത്യമായി ഇത് സ്ഥിരീകരിച്ചിട്ടുണ്ടുതാനും. ഡിഎംകെ ബിജെപിയുമായി സഹകരിക്കാനിടയില്ല എന്നതാണ് കരുണാനിധി നല്‍കുന്ന സൂചന. വാജ്പേയിയുടെ കാലമല്ല ഇത് എന്നും പുതിയ ഒരാളാണ് ബിജെപിയെ നയിക്കുന്നത് എന്നും ഒക്കെ പറയുമ്പോള്‍ ഈ സൂചന ശക്തമാകുന്നുണ്ടുതാനും. ഡിഎംകെ നേതൃയോഗത്തില്‍ വലിയതോതില്‍ ഉയര്‍ന്നുവന്ന വികാരം കോണ്‍ഗ്രസിതര-ബിജെപിയിതര ഭരണസംവിധാനമുണ്ടാകാന്‍ തക്കവിധത്തിലുള്ള നിലപാട് കൈക്കൊള്ളണമെന്നതാണ്. കരുണാനിധി ഒടുവില്‍ എന്തു തീരുമാനിക്കും? രാജ്യം അക്കാര്യം ഇപ്പോള്‍ സജീവമായി ശ്രദ്ധിക്കുകയാണ്. കോണ്‍ഗ്രസ് ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ല എന്ന് അവര്‍ക്കൊപ്പംനിന്നിരുന്ന കൂടുതല്‍ പാര്‍ടികള്‍ തിരിച്ചറിയുകയാണ് എന്നതും ഡിഎംകെയുടെ പുതിയ പ്രഖ്യാപനത്തിലൂടെ വെളിവാകുന്നുണ്ട്. വിശ്വസിക്കാന്‍ കൊള്ളില്ലാത്ത പാര്‍ടി ആശ്രയിച്ചിട്ട് കാര്യമില്ലാത്ത പാര്‍ടികൂടിയാവുകയാണെന്നര്‍ഥം. മുങ്ങുന്ന കപ്പലിലേക്ക് കയറാന്‍ ആര്‍ക്ക് താല്‍പ്പര്യം?

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, February 1, 2012

ബഹിരാകാശ വകുപ്പില്‍ എല്ലാം ഭദ്രമല്ല

ജി മാധവന്‍നായര്‍ക്കും മറ്റ് മൂന്ന് ശാസ്ത്രജ്ഞര്‍ക്കും വിലക്ക് പ്രഖ്യാപിച്ച് അവസാനിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ല ആന്‍ഡ്രിക്സ്-ദേവാസ് ഇടപാട്. ഒരു സ്വകാര്യകമ്പനിക്ക് വിലപിടിപ്പുള്ള എസ് ബാന്‍ഡ് സ്പെക്ട്രം വഴിവിട്ട് അനുവദിച്ചതിന് അപ്പുറത്തുള്ള ഗുരുതരമായ ഒട്ടേറെ സംഗതികള്‍ ഈ ഇടപാടിലുണ്ട്. കരാര്‍ നടപ്പാക്കാന്‍ ആവശ്യമായ രണ്ട് ഉപഗ്രഹം നിര്‍മിച്ച്, വിക്ഷേപിക്കേണ്ടിയിരുന്നത് പൊതുഖജനാവിലെ പണം ഉപയോഗിച്ചായിരുന്നു. വിക്ഷേപണം പരാജയപ്പെടാനോ ഉപഗ്രഹം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാനോ സാധ്യതയുണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും പൊതുപണമാണ് വിനിയോഗിക്കേണ്ടിയിരുന്നത്. എന്നിരിക്കെ, ബഹിരാകാശവകുപ്പും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് സംശയകരമാണ്. വിവാദമായപ്പോള്‍മാത്രമാണ് കരാര്‍ റദ്ദാക്കിയത്.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പറേഷനും സ്വകാര്യകമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ കരാര്‍ ഒപ്പിട്ടത് 2005 ജനുവരി 28നാണ്. മൊബൈല്‍ ഫോണ്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ "സാറ്റലൈറ്റ് ഡിജിറ്റല്‍ മള്‍ട്ടിമീഡിയ ബ്രോഡ്കാസ്റ്റ്"(എസ്ഡിഎംബി) സേവനം ദേവാസിന് ആന്‍ഡ്രിക്സ് നല്‍കണമെന്നതായിരുന്നു കരാര്‍ . ഇതിനുവേണ്ടി ഐഎസ്ആര്‍ഒ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഇവയുടെ ശേഷിയുടെ 90 ശതമാനം ദേവാസിന് നീക്കിവയ്ക്കാനും കരാറായി. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂര്‍ എന്ന നിലയില്‍ 12 വര്‍ഷം ഉപഗ്രഹങ്ങളുടെ സേവനം ലഭ്യമാക്കും. തുടര്‍ന്ന് 12 വര്‍ഷംകൂടി ഈ പാട്ടം ദീര്‍ഘിപ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഐഎസ്ആര്‍ഒ മുമ്പ് നിര്‍മിച്ചിരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ജിസാറ്റ്-6, ജിസാറ്റ്-6എ ഉപഗ്രഹങ്ങളാണ് ദേവാസിനുവേണ്ടി വിക്ഷേപിക്കേണ്ടിയിരുന്നത്. ഐഎസ്ആര്‍ഒ മുന്‍കാലങ്ങളില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് മാതൃക വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ തന്നെ പ്രതീക്ഷിച്ച രീതിയില്‍ ഫലപ്രദമായില്ല. കൂടുതല്‍ സങ്കീര്‍ണമായ ജിസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണസമയത്തും പിന്നീട് ബഹിരാകാശത്ത് ഇവയുടെ ആന്റിന നിവര്‍ത്തുന്ന ഘട്ടത്തിലും പരാജയസാധ്യത കൂടുതലാണ്. ഉപഗ്രഹങ്ങള്‍ ഫലപ്രദമായില്ലെങ്കില്‍ വിക്ഷേപണം പരാജയപ്പെട്ടതായി പ്രഖ്യാപിക്കാന്‍ ദേവാസിന് അനുകൂലമായ വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. വിക്ഷേപണം പരാജയപ്പെടുന്നപക്ഷം ദേവാസില്‍നിന്ന് അധികം പണമൊന്നും ഈടാക്കാതെ പകരം പുതിയ ഉപഗ്രഹം നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കണം. ലോകമെങ്ങുമുള്ള അനുഭവം ബോധ്യപ്പെടുത്തുന്നത് എസ്-ബാന്‍ഡ്, എല്‍ -ബാന്‍ഡ് ആവൃത്തിയിലുള്ള മൊബൈല്‍ ഉപഗ്രഹസേവനം സാമ്പത്തികമായി ലാഭകരമല്ലെന്നാണ്. ഇത് പരിഹരിക്കാന്‍ അമേരിക്കപോലുള്ള രാജ്യങ്ങളില്‍ എസ് ബാന്‍ഡ് തരംഗങ്ങളുടെ ഒരു ഭാഗം ലാഭകരമായ രീതിയില്‍ മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്നു. ദേവാസുമായുള്ള കരാറിലും ഇതിനുള്ള വ്യവസ്ഥ ഉണ്ടായിരുന്നെങ്കില്‍ കാര്യമായ വരുമാനം ലഭിച്ചേനേ.

സിഎജിയുടെ പ്രാഥമിക കണക്കുകള്‍പ്രകാരം രണ്ട് ലക്ഷം കോടി രൂപ വിലവരുന്ന സ്പെക്ട്രമാണ് ദേവാസിന് അനുവദിച്ചത്. പകരം 12 വര്‍ഷത്തിനുള്ളില്‍ ദേവാസ് നല്‍കുമായിരുന്നത് 1,500 കോടി രൂപമാത്രം. രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഖജനാവില്‍നിന്ന് ചെലവിടേണ്ടിവരുമായിരുന്നത് 766 കോടി രൂപയായിരുന്നു. 12 വര്‍ഷത്തേക്ക് ആന്‍ഡ്രിക്സിന് ദേവാസില്‍നിന്ന് ലഭിക്കുമായിരുന്നത് 1350 കോടി രൂപയും. ഇത് മതിയായ വരുമാനമല്ലെന്ന് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിതന്നെ കുറിപ്പ് നല്‍കിയിരുന്നു. ദേവാസ് പോലുള്ള ഒരു കമ്പനിയെ ഇടപാടിനായി തെരഞ്ഞെടുത്തത് എങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്. ഉദ്ദേശിച്ച തരത്തിലുള്ള മള്‍ട്ടിമീഡിയ സേവനം നല്‍കാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നത് ദേവാസ് മാത്രമാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ നിലപാട്. എന്നാല്‍ , ദേവാസിനെ കണ്ടെത്തിയത് പരസ്യവും സുതാര്യവുമായ ടെന്‍ഡര്‍ നടപടിയിലൂടെ ആയിരുന്നില്ല. മുമ്പ് ഐഎസ്ആര്‍ഒയില്‍ ഉന്നതപദവി വഹിച്ച വ്യക്തിയാണ് ദേവാസിന്റെ തലവന്‍ എന്നതുകൂടി പരിഗണിക്കുമ്പോള്‍ ബഹിരാകാശവകുപ്പിന്റെയും ഐഎസ്ആര്‍ഒയുടെയും ആന്‍ഡ്രിക്സിന്റെയും മാന്യതയ്ക്ക് കൂടുതല്‍ മങ്ങലേല്‍ക്കുന്നു. ഇതെല്ലാം നോക്കുമ്പോള്‍ , ഉപഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ അനുമതി തേടിയപ്പോള്‍ത്തന്നെ ആന്‍ഡ്രിക്സ്-ദേവാസ് ഇടപാടിന്റെ പൂര്‍ണവിവരങ്ങളും ഇതിന്റെ പ്രത്യാഘാതവും സംബന്ധിച്ച് ബഹിരാകാശ കമീഷനെയും കേന്ദ്രമന്ത്രിസഭയെയും ധരിപ്പിച്ചുവെന്ന് ബഹിരാകാശ വകുപ്പ് ഉറപ്പാക്കേണ്ടിയിരുന്നു.

രാജ്യത്തിന്റെ ബഹിരാകാശനയം ആവിഷ്കരിക്കാനും ബഹിരാകാശ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും നാല് പതിറ്റാണ്ട് മുമ്പാണ് ബഹിരാകാശ കമീഷന്‍ രൂപീകരിച്ചത്. എല്ലാ പ്രധാന പദ്ധതികള്‍ക്കും ബഹിരാകാശ കമീഷന്റെ അനുമതി തേടേണ്ടതുണ്ട്. പണം ചെലവിടുന്നതിനും ബഹിരാകാശകമീഷന്റെ അനുമതി വേണം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍കൂടിയായ ബഹിരാകാശവകുപ്പ് സെക്രട്ടറിയാണ് ശക്തമായ അധികാരങ്ങളുള്ള കമീഷന്റെ തലവന്‍ . നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ധനവ്യയ വകുപ്പിലെ ഒരു സെക്രട്ടറി, ധനകാര്യ മന്ത്രാലയത്തിലെ ഒരു സെക്രട്ടറി (മെമ്പര്‍ , ഫിനാന്‍സ്), സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്നിവര്‍ ബഹിരാകാശ കമീഷനില്‍ അംഗങ്ങളാണ്. കമീഷന്റെ അംഗീകാരം ലഭിച്ചശേഷം കേന്ദ്രമന്ത്രിസഭ 2005 ഡിസംബറിലാണ് ജിസാറ്റ്-6 നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. നാലു വര്‍ഷത്തിനുശേഷം ജിസാറ്റ്-7എ നിര്‍മിക്കാനും കമീഷന്‍ അനുമതി നല്‍കി. ജിസാറ്റ്-6, ജിസാറ്റ്-6എ എന്നിവ നിര്‍മിക്കാന്‍ അനുമതി തേടിയപ്പോള്‍ ബഹിരാകാശവകുപ്പ് ആന്‍ഡ്രിക്സ്-ദേവാസ് കരാറിന്റെ കാര്യം അറിയിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഐഎസ്ആര്‍ഒ വ്യക്തമാക്കിയത്. 2010 ജൂലൈയില്‍ കരാര്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ച യോഗത്തില്‍ മാത്രമാണ് ഇക്കാര്യം ബഹിരാകാശ കമീഷന്റെ ശ്രദ്ധയില്‍പ്പെട്ടതത്രെ.

എന്നാല്‍ , ആന്‍ഡ്രിക്സ്-ദേവാസ് ഇടപാടിന്റെ ഓരോ ഘട്ടത്തിലും ഇതേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ അറിയിച്ചിരുന്നതായി മാധവന്‍നായര്‍ പറയുന്നു. മാത്രമല്ല, ബഹിരാകാശ കമീഷനിലും ആന്‍ഡ്രിക്സ് ഭരണസമിതിയിലും ഒരേ സമയം അംഗങ്ങളായ വ്യക്തികളുണ്ട്. ഫിനാന്‍സ് മെമ്പറും ഐഎസ്ആര്‍ഒ ഉപഗ്രഹകേന്ദ്രം ഡയറക്ടറും ഉദാഹരണം. അതുകൊണ്ട് ദേവാസ് ഇടപാടിനെക്കുറിച്ച് ബഹിരാകാശ കമീഷന്‍ ഇരുട്ടിലായിരുന്നെന്ന വാദം വിശ്വസനീയമല്ല. 1999ല്‍ ഇന്‍സാറ്റ്-2ഇ പാട്ടത്തിന് നല്‍കിയപ്പോള്‍ എല്ലാ വിവരങ്ങളും ബഹിരാകാശവകുപ്പ് ബഹിരാകാശ കമീഷനെയും മന്ത്രിസഭയെയും ധരിപ്പിച്ചു. ബഹിരാകാശവകുപ്പ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍നിന്ന് ഇത് വ്യക്തമാണ്. എന്നാല്‍ , ബഹിരാകാശ വകുപ്പിന്റെ വാര്‍ഷികറിപ്പോര്‍ട്ടുകള്‍ ജിസാറ്റ്-6ന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു. ക്രമക്കേടുകള്‍ക്ക് വ്യക്തിപരമായ ഉത്തരവാദികളെ കണ്ടെത്തുന്നത് നല്ലതുതന്നെ. എന്നാല്‍ , ഇവിടെ സംവിധാനംതന്നെ കുഴപ്പത്തിലാണ്.

*
സാജന്‍ ദേശാഭിമാനി 01 ഫെബ്രുവരി 2012

Monday, January 30, 2012

എസ് ബാന്‍ഡ് ഇടപാട്: പ്രധാനമന്ത്രിക്ക് ഒഴിയാനാകില്ല

എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ പദവികളില്‍ നിയമിക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണ്. തനിക്കെതിരായ നടപടി നീതീകരിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമാണ് മാധവന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള പൊതുമേഖലാകമ്പനിയായ ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിയുമായി തന്റെ കാലത്ത് ഉണ്ടാക്കിയ കരാറിനെ പരോക്ഷമായി ന്യായീകരിക്കുകയും ഈ കരാര്‍ തകര്‍ക്കാനും ഐഎസ്ആര്‍ഒയെത്തന്നെ ഇല്ലാതാക്കാനും ഇപ്പോഴത്തെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ശ്രമിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, മാധവന്‍നായര്‍ . സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിനും ബഹിരാകാശവകുപ്പ് കൈകാര്യംചെയ്യുന്ന പ്രാധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഒരുപാട് കാര്യങ്ങള്‍ ഇനിയും വിശദീകരിക്കേണ്ടിവരും.

ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് രാജ്യത്തിന്റെ പൊതുസമ്പത്തായ എസ് ബാന്‍ഡ് (2500 മെഗാഹെര്‍ട്സ് തരംഗദൈര്‍ഘ്യമുള്ള) സ്പെക്ട്രം തുച്ഛമായ പ്രതിഫലം വാങ്ങി ദേവാസിന് നല്‍കാന്‍ പോകുന്നുവെന്ന കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത് 2010 മെയ് മാസത്തില്‍ ദി ഹിന്ദു ഗ്രൂപ്പില്‍പ്പെട്ട ബിസിനസ് ലൈന്‍ പത്രമാണ്. തുടര്‍ന്ന് 2010 ജൂലൈയില്‍ കരാര്‍ റദ്ദാക്കാന്‍ ബഹിരാകാശ കമീഷന്‍ തീരുമാനമെടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഫലപ്രദമായ ഒരു നടപടിയും ഐഎസ്ആര്‍ഒയോ കേന്ദ്രസര്‍ക്കാരോ എടുത്തില്ല. രണ്ടുലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രമാണ് വെറും 1500 കോടി രൂപയ്ക്ക് സ്വകാര്യകമ്പനിക്ക് നല്‍കാന്‍ പോകുന്നതെന്ന് സിഎജിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് 2008ല്‍ ഇടതുപക്ഷം ഉന്നയിച്ചപ്പോള്‍ നിഷേധിക്കുകയും അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുംചെയ്യുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ . എസ് ബാന്‍ഡ് അഴിമതി ആരോപണവും കെട്ടടങ്ങുമെന്നാണ് യുപിഎ സര്‍ക്കാര്‍ കരുതിയത്. 2011 ഫെബ്രുവരിയില്‍ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേട് ബിസിനസ് ലൈന്‍ വീണ്ടും പുറത്തുകൊണ്ടുവരികയും വിവാദമുണ്ടാകുകയും ചെയ്തപ്പോഴാണ് കേന്ദ്രമന്ത്രിസഭ പ്രശ്നം പുനഃപരിശോധിക്കാനും ആന്‍ട്രിക്സ്-ദേവാസ് കരാര്‍ റദ്ദാക്കാനും തീരുമാനിച്ചത്.

പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നു 2011 ഫെബ്രുവരി 24ന് രാജ്യസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിലൂടെ ഞാന്‍ പ്രധാനമന്ത്രിയോട് മൂന്ന് കാര്യങ്ങളില്‍ മറുപടി ആവശ്യപ്പെട്ടിരുന്നു.

1) ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഐഎസ്ആര്‍ഒയുടെ രണ്ട് ഉപഗ്രഹങ്ങള്‍ ദേവാസിന് ലീസിന് നല്‍കാനും 70 മെഗാഹെര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് നല്‍കാനും വ്യവസ്ഥയുണ്ടോ?

2) സ്പെക്ട്രം അനുവദിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡമെന്താണ്?

3) എന്തുകൊണ്ട് ഇക്കാര്യത്തില്‍ മത്സരാധിഷ്ഠിതമായ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചില്ല.

പ്രധാനമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള വകുപ്പായിരുന്നിട്ടും അദ്ദേഹത്തിനുപകരം സഹമന്ത്രി നാരായണസ്വാമിയാണ് ഉത്തരം നല്‍കിയത്. ആന്‍ട്രിക്സും ദേവാസും തമ്മില്‍ 2005 ജനുവരിയില്‍തന്നെ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഈ കരാര്‍ പ്രകാരം എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉപഗ്രഹ ടെലികമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഫോര്‍ജ് അഡൈ്വസേഴ്സ് എന്ന അമേരിക്കന്‍ കമ്പനിയുമായി 2003 ജൂലൈയില്‍ ഐഎസ്ആര്‍ഒ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഈ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ഉപഗ്രഹ ട്രാന്‍സ്പോണ്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ വിളിക്കുന്ന രീതി നിലവിലില്ല എന്നും മറ്റുപല സ്വകാര്യകമ്പനികള്‍ക്കും ഈ രീതിയില്‍ ഐഎസ്ആര്‍ഒ ട്രാന്‍സ്പോണ്ടര്‍ ലീസിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചു.

മന്ത്രിയുടെ ഉത്തരം പൂര്‍ണമല്ലാത്തതിനാല്‍ ഞാന്‍ രണ്ട് ഉപചോദ്യങ്ങള്‍ ഉന്നയിച്ചു. കരാര്‍ പ്രകാരം സ്പെക്ട്രം ലൈസന്‍സ് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരില്‍നിന്നുമുള്ള എല്ലാ അനുമതികളും ദേവാസിന് വാങ്ങിക്കൊടുക്കേണ്ട ബാധ്യത ആന്‍ട്രിക്സിനാണെന്നതിനാല്‍ ഇക്കാര്യം തീരുമാനിച്ചപ്പോള്‍ ബഹിരാകാശവകുപ്പ് എപ്പോഴെങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ എന്നായിരുന്നു ആദ്യചോദ്യം. എന്നാല്‍ , മന്ത്രി നാരായണസ്വാമി ഇതിനുത്തരം പറയാതെ കരാറിന്റെ വിശദാംശങ്ങള്‍ പരത്തിപ്പറയാനാണ് ശ്രമിച്ചത്. പ്രധാനമന്ത്രി ഈ കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഇല്ലെങ്കില്‍ സര്‍ക്കാരില്‍ ആര്‍ക്കാണ് ഈ കരാറിന്റെ ഉത്തരവാദിത്തമെന്ന് പറയാമോ? എന്നീ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചു. ഈ ചോദ്യത്തിനും കൃത്യമായ ഉത്തരം കിട്ടാതെ വന്നപ്പോള്‍ മറ്റു എംപിമാര്‍ ഇടപെടുകയും രാജ്യസഭ ബഹളമയമാകുകയുംചെയ്തു. അപ്പോള്‍ പ്രധാനമന്ത്രി എഴുന്നേറ്റുനിന്നു പറഞ്ഞത് ആന്‍ട്രിക്സ്- ദേവാസ് കരാറിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും എന്നാല്‍ , ഉപഗ്രഹത്തിന്റെ കാര്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണെന്നുമാണ്. ക്യാബിനറ്റിനുള്ള കുറിപ്പില്‍ ആന്‍ട്രിക്സും ദേവാസുമായുള്ള കരാറിന്റെ കാര്യം വ്യക്തമായി പറഞ്ഞിരുന്നില്ല എന്ന വാദമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. ഈ വാദമാണ് ഇപ്പോള്‍ മാധവന്‍നായരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയസുരക്ഷാ ഉപദേഷ്ടാവും ക്യാബിനറ്റ് സെക്രട്ടറിയും കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രിയും ഉള്‍പ്പെടുന്ന ബഹിരാകാശ കമീഷന്‍ അംഗീകരിച്ചതാണ് ആന്‍ട്രിക്സ്-ദേവാസ് കരാറിലെ വ്യവസ്ഥകള്‍ എന്നാണ് മാധവന്‍നായര്‍ പറയുന്നത്. ഇക്കാര്യം ഫെബ്രുവരില്‍ 24ന് രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവുള്‍പ്പെടെയുളള അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ പൊതുമേഖലാ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞ് ഒഴിയാനാണ് അന്ന് മന്ത്രി നാരായണസ്വാമി ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസിനും ഐഎസ്ആര്‍ഒയിലെയും ബഹിരാകാശവകുപ്പിലെയും ഉന്നതര്‍ക്കെല്ലാം അറിയാവുന്ന വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെയും മറ്റു മൂന്ന് ഉദ്യോഗസ്ഥരെയും മാത്രം ബലിയാടാക്കുന്നതെന്തിനാണെന്നാണ് മാധവന്‍നായരുടെ പ്രതികരണത്തിന്റെ കാതല്‍ . ഇതെല്ലാം വ്യക്തമാക്കുന്നത്, കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ പലതും ഒളിക്കാനുണ്ടെന്നുള്ളതാണ്. രാജ്യതാല്‍പ്പര്യം ബലികഴിച്ച് ആന്‍ട്രിക്സും സ്വകാര്യകമ്പനിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നത് കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. ഉന്നതല അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്ന് 2011 ആഗസ്തിലും ഡിസംബറിലും ആവശ്യമുയര്‍ത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ല. റിപ്പോര്‍ട്ട് പഠിക്കുകയാണെന്നും ആവശ്യമായ തിരുത്തല്‍ നടപടികളെടുക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്.

ദേവാസ് ആര്‍ബിട്രേഷനിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കരാര്‍ റദ്ദാക്കാന്‍ ആന്‍ട്രിക്സ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയെങ്കിലും റദ്ദാക്കിയിട്ടില്ല. ഇതിനെതിരെ ദേവാസ് മള്‍ട്ടിമീഡിയ പാരീസിലുള്ള അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ തീരുമാനപ്രകാരം ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന വാദമാണ് ദേവാസ് ഉയര്‍ത്തിയിട്ടുള്ളത്. കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ രാജ്യത്തിന് പുറത്തുള്ള ആര്‍ബിട്രേഷന്‍ കോടതിയില്‍ കൊണ്ടുപോകാനുള്ള വ്യവസ്ഥയും ബുദ്ധിപൂര്‍വം കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഇതില്‍ അത്ഭുതമില്ല; കാരണം ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍ ഡോ. എം ജി ചന്ദ്രശേഖര്‍ ഉള്‍പ്പെടെ പല ഉന്നതരും ഐഎസ്ആര്‍ഒയില്‍നിന്നും പിരിഞ്ഞുപോയ ഉദ്യോഗസ്ഥരാണ്. സിഎജിയുടെയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സമയോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് രണ്ടുലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമുണ്ടാകുമായിരുന്ന ഇടപാട് താല്‍ക്കാലികമായെങ്കിലും തടയപ്പെട്ടത്. രാജ്യസഭയില്‍ പ്രശ്നം കോളിളക്കം സൃഷ്ടിച്ചതിനു ശേഷം മാത്രമാണ് (2011 ഫെബ്രുവരി 25) കരാര്‍ അവസാനിപ്പിക്കാനുള്ള നോട്ടീസുപോലും ദേവാസിന് ആന്‍ട്രിക്സ് നല്‍കിയത്.

ഉന്നതതല കമ്മിറ്റി ഏതുതരത്തിലുള്ള അന്വേഷണമാണ് നടത്തിയതെന്നോ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നോ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി പുറത്തുവന്നപ്പോള്‍ ആദ്യം മന്ത്രി എ രാജയെ ന്യായീകരിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി പിന്നീട്് പറഞ്ഞത് കൂട്ടുകക്ഷി ഭരണമായതുകൊണ്ടാണ് തനിക്ക് അഴിമതി തടയാന്‍ കഴിയാതെ പോയതെന്നാണ്. എന്നാല്‍ , തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബഹിരാകാശവകുപ്പില്‍ നടന്നതും പ്രധാനമന്ത്രിയുടെ ഓഫീസിലെ നാല് ഉന്നതരുടെ അംഗീകാരമുള്ളതുമായ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകളുടെ ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തത്തില്‍നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

*
ഡോ. ടി എന്‍ സീമ ദേശാഭിമാനി 30 ജനുവരി 2012

Friday, March 4, 2011

കുത്തകകള്‍ക്കായുള്ള നയം: കുംഭകോണങ്ങള്‍, കുതിച്ചുയരുന്ന വില

ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി 2 ജി സ്‌പെക്‌ട്രം ഇടപാടിലെ അഴിമതികള്‍ അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി സമിതിയെയെനിയോഗിച്ചു. 2 ജി സ്‌പെക്‌ട്രം ഇടപാടിലൂടെ രാജയും കൂട്ടരും സര്‍ക്കാരിന് വരുത്തിയ നഷ്ടം 1.76 ലക്ഷം കോടി രൂപ. ഈ അഴിമതിയുടെ കുടുക്കില്‍ നിന്നും ഊരുന്നതിന് മുമ്പ് 2 ജി സ്‌പെക്‌ട്രം ഇടപാടിനെ വെല്ലുന്ന മറ്റൊരു അഴിമതിക്കേസിലാണ് യു പി എ സര്‍ക്കാര്‍ ചെന്ന് പതിച്ചത്. ബഹിരാകാശ വകുപ്പിന്റെ സബ്‌സിഡിയറിയായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് എന്ന സ്വകാര്യ കമ്പനിയുമായി നടത്തിയ 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. 2.5 ജിഗാ ഹെര്‍ട്‌സില്‍ നിന്നും 2 ജി സ്‌പെക്‌ട്രത്തിലേക്ക് മാറിയത്തിന്റെ ഭാഗമായാണ് രണ്ട് ലക്ഷം കോടിയുടെ അഴിമതി നടന്നത്. ഈ വെളിപ്പെടുത്തലിലൂടെ ദന്തഗോപുര സങ്കല്‍പ്പത്തിലുണ്ടായിരുന്ന മറ്റൊരു സ്ഥാപനം കൂടി അഴിമതിയില്‍ മുങ്ങിയ കഥയാണ് മറനീക്കി പുറത്ത് വന്നത്.

പലപ്പോഴും ഐ എസ് ആര്‍ ഒ യില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ വരാറില്ല. നിരവധി ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് പുരോഗതിയുടെ കൊടുമുടിയിലെത്തിയ സ്ഥാപനം പുതിയ എസ് ബാന്‍ഡ് ഇടപാടിലൂടെ സംശയത്തിന്റെ കരിനിഴലിലായി. അതുപോലെതന്നെ രാജ്യത്തിന്റെ കാര്‍ഷിക മേഖലയിലെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ശാസ്‌ത്ര സാങ്കേതിക ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കൗണ്‍സില്‍ ഫോര്‍ സയിന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്ന സ്ഥാപനവും സംശയത്തിന്റെ നിഴലിലാണ്. ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഈ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും പൊതുജനങ്ങള്‍ക്ക് അപ്രാപ്യമാണ്.

വാര്‍ഷിക ബജറ്റില്‍ ഒരു ബില്യണ്‍ നീക്കിവയ്ക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അറ്റോമിക് എനര്‍ജി വകുപ്പും ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളും സംശയത്തോടെ വീക്ഷിക്കേണ്ട സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഈ സ്ഥാപനങ്ങള്‍ യഥാസമയം ഗവഷണങ്ങള്‍ പൂര്‍ത്തിയാക്കില്ല അഥവാ പൂര്‍ത്തിയാക്കിയാല്‍തന്നെ എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടുതല്‍ ചെലവാക്കുമ്പോഴാണ് പല പ്രജക്ടുകളും പൂര്‍ത്തിയാക്കുന്നത്. ബഹിരാകാശ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആണവോര്‍ജ്ജ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ മെച്ചമാണെങ്കിലും ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ മേധാവിത്വം കാരണം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവസരങ്ങളില്ല.

70 മെഗാ ഹെര്‍ട്‌സ് ശേഷിയുള്ള വൈദ്യുത കാന്തിക സ്‌പെക്‌ട്രമാണ് വളരെ കുറഞ്ഞ നിരക്കില്‍ ഐ എസ് ആര്‍ ഒ യുടെ മുന്‍ മേധാവികളുടെ അധീനതയിലുള്ള ദേവാസ് എന്ന കമ്പനിക്ക് വിറ്റത്. ഇത് തികച്ചും പരിതാപകരവും ജനദ്രോഹപരവുമായ ഇടപാടെന്ന് പകല്‍പോലെ വ്യക്തം. ഉപഗ്രഹങ്ങളും റോക്കറ്റുകളും നിര്‍മ്മിക്കുന്നതിനും വിക്ഷേപിക്കുന്നതിനും ആവശ്യമായ എസ് ബാന്‍ഡ് സ്‌പെക്‌ട്രം അന്‍ട്രിക്‌സ് എന്ന കമ്പനി മുഖേന ദേവാസിന് ആയിരം കോടി രൂപക്കാണ് വിറ്റത്. സി എ ജിയുടെ കണക്കുകള്‍ പ്രകാരം രണ്ട് ലക്ഷം കോടിയുടെ തിരിമറിയാണ് ഈ ഇടപാടിലൂടെ നടന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ദേവാസ് 1.14 ലക്ഷം കോടി രൂപ ലാഭമായി നേടി. ഇത് കേവലം നാമമാത്രമായ കണക്കും. ഡച്ച് ടെലികോം എന്ന കമ്പനിക്ക് 17 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ മാത്രമാണ് 1.14 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കിയത്.

എസ് ബാന്‍ഡ് സ്‌പെക്‌ട്രത്തിന്റെ സവിശേഷതകള്‍ അമൃത് പോലെയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദേവാസ് ഈ കച്ചവടങ്ങള്‍ നടത്തിയത്. മൊബൈല്‍, ഇന്റര്‍നെറ്റ് വരിക്കാര്‍ വര്‍ധിമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ എസ് ബാന്‍ഡ് സ്‌പെക്‌ട്രം ആവശ്യമാണ്. സാധാരണ ഉപഭോക്താക്കള്‍ 2. 6 ജിഗാ ഹെര്‍ഡ്‌സ് ശേഷിയുള്ള സ്‌പെക്‌ട്രം ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വേഗതയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിക്കാറില്ല. ഇത്തരം ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ കുംഭകോണമായ 2 ജി സ്‌പെക്‌ട്രത്തിന് വഴിയൊരുക്കിയത്. അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ ആവശ്യമായത് ഐ എസ് ആര്‍ ഒ പോലുള്ള സ്ഥാപനങ്ങള്‍ക്കാണ്. ഈ അവസരമാണ് ഐ എസ് ആര്‍ ഒയിലെ ഒരു വിഭാഗം ജീവനക്കാരും ദേവാസും ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഈ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചില്ല അഥവാ അറിഞ്ഞെങ്കിലും അറിയില്ലെന്ന് നടിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയവും ഇക്കാര്യം അറിഞ്ഞില്ല. ടെലികോം താരിഫുകള്‍ നിര്‍ണ്ണയിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം അറിഞ്ഞില്ല. വര്‍ഷങ്ങളായി നടക്കുന്ന ഈ അഴിമതി ഇടപാട് 2009ലാണ് അല്‍പ്പമെങ്കിലും വെളിച്ചത്തായത്. എസ് ബാന്‍ഡ് ഇടുപാടിലെ ക്രമക്കേടുകള്‍ അറിഞ്ഞില്ലെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ പരസ്യമായി സമ്മതിച്ചു. മാത്രമല്ല ഇക്കാര്യങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2 ജി സ്‌പെക്‌ട്രം ഇടപാടുപോലെ എസ് ബാന്‍ഡ് ഇടപാടുകളും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല നല്‍കിയിട്ടുള്ളത്. 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ എ രാജ സ്വകാര്യ കമ്പനികളുമായി അഴിമതി കരാറുണ്ടാക്കിയപ്പോള്‍ എസ് ബാന്‍ഡ് ഇടപാടില്‍ ഐ എസ് ആര്‍ ഒയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ തങ്ങളുടെ സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ദേവാസിന് നല്‍കി. രണ്ടിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നത് വാസ്‌തവം. എസ് ബാന്‍ഡ് അഴിമതി ഇടപാടിന് ചുക്കാന്‍ പിടിച്ചത് ഐ എസ് ആര്‍ ഒ യുടെ മുന്‍ ശാസ്‌ത്രകാര്യ സെക്രട്ടറിയും ദേവാസിന്റെ ഇപ്പോഴത്തെ ചെയര്‍മാനുമായ എം ജി ചന്ദ്രശേഖറാണ്. ചന്ദ്രശേഖര്‍ ഐ എസ് ആര്‍ ഒയില്‍ നിന്നും വിരമിച്ച ശേഷം വേള്‍ഡ് സാറ്റലൈറ്റ് റേഡിയോ ഓപ്പറേഷന്‍സ് എന്ന സ്ഥാപനത്തിലും മേധാവിയായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് എസ് ബാന്‍ഡ് ഇടപാടിലൂടെയുണ്ടായ അഴിമതിയുടെ തുടക്കം. ഈ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ യു പി എ സര്‍ക്കാര്‍ ഇനിയും തയ്യറായിട്ടില്ല.

സാമ്പത്തികമായ അഴിമതികള്‍ക്ക് പുറമേ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പലകാര്യങ്ങളും എസ് ബാന്‍ഡ് ഇടപാടിലൂടെ കൊള്ളയടിക്കപ്പെട്ടു. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ബി എസ് എഫ്, സി ഐ എസ് എഫ് , കോസ്റ്റ് ഗാര്‍ഡ്, റെയില്‍വേ തുടങ്ങിയ സംരക്ഷണ സേനകളുടെ രഹസ്യങ്ങളാണ് ഇതിലൂടെ കൊള്ളയടിക്കപ്പെട്ടത്. ആശയവിനിമയത്തിനും ട്രെയിന്‍ ട്രാക്കിംഗിനും ഉയോഗിക്കുന്നത് എസ് ബാന്‍ഡ് സാങ്കേതിക വിദ്യയാണ്. ടെലിവിഷന്‍ പ്രക്ഷേപണ രംഗത്തും എസ് ബാന്‍ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറെ പുരോഗതി കൈവരിക്കാന്‍ കഴിയുമായിരുന്നു. അഴിമതി ആരോപണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഡോ ബി എന്‍ സുരേഷിന്റെ നേതൃത്വത്തില്‍ കമ്മിഷനെ ഐ എസ് ആര്‍ ഒ നിയോഗിച്ചിരുന്നു. അഴിമതിയുടെ സൂചനകള്‍ നല്‍കുന്ന ബി എന്‍ സുരേഷിന്റെ റിപ്പോര്‍ട്ടിനെ ഐ എസ് ആര്‍ ഒ അധികൃതര്‍ പൂഴ്ത്തി. ഇതിനിടെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ദേവാസുമായുള്ള കരാര്‍ റദ്ദാക്കാനുള്ള തീരുമാനം ഐ എസ് ആര്‍ ഒ സ്വീകരിച്ചു.

ദേവാസിന്റെ മുന്‍കാലഇടപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് ഇന്നും ഭീഷണിയായി നില്‍ക്കുന്നു. കരാറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ആന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ബി കെ ചതുര്‍വേദി, റോദം നരസിംഹ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതില്‍ ചതുര്‍വേദി ഉള്‍പ്പെടുന്ന സമിതിയാണ് ദേവീസുമായുള്ള കരാറിന് അനുമതി നല്‍കിയതെന്നത് തികച്ചും അതിശയം ഉളവാക്കുന്നു. അഴിമതി ആരോപണങ്ങളുടെ ഘോഷയാത്രയിലെ അവസാന കണ്ണിയാണ് 2 ജി സ്‌പെക്‌ട്രം, എസ് ബാന്‍ഡ് ഇടപാടുകള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങിയ ആരോപണങ്ങള്‍ യു പി എ സര്‍ക്കാരിന്റെ ജനസമ്മിതി നഷ്ടമാക്കി.

മുന്‍ ടെലികോം മന്ത്രി എ രാജ ഉള്‍പ്പെടുന്ന ഡി എം കെയ്ക്ക് എതിരെ ശക്തമായ സമീപനങ്ങള്‍ സ്വീകരിച്ചതിലൂടെയും മന്‍മോഹന്‍സിംഗിന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കൂടാതെ ദേശീയ തലത്തില്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരായ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. എ രാജ, വിലാസ് റാവു ദേശ്‌മുഖ്, കമല്‍നാഥ്, പ്രഫുല്‍ പട്ടേല്‍ എന്നിവരാണ് യു പി എ സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടപ്പെടുത്തിയത്. കര്‍ഷകര്‍ക്ക് കൊള്ള പലിശയ്ക്ക് വായ്പകള്‍ നല്‍കി അവരെ ആത്മഹത്യകളിലേക്ക് നയിച്ച സംഭവത്തില്‍ വിലാസ് റാവു ദേശ്‌മുഖ് യു പി എ സര്‍ക്കാരിന് കളങ്കം വരുത്തി. 2008 ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ വിലാസ് റാവു ദേശ് മുഖിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എന്നാല്‍ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ഗ്രാമവികസന വകുപ്പില്‍ ക്യാബിനറ്റ് മന്ത്രിയായി കോണ്‍ഗ്രസ് അദ്ദേഹത്തിന് സ്ഥാന കയറ്റം നല്‍കി. അഴിമതിക്കാരെ ശിക്ഷിക്കുന്നതിന് പകരം പ്രോത്സാഹനം നല്‍കുന്ന സമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കമല്‍നാഥ്, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ അഴിമതിയുടെ നിഴല്‍ വീണ നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇനിയും യു പി എ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

രാജ്യത്തെ പട്ടിണിപാവങ്ങളായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യു പി എ സര്‍ക്കാര്‍ അമ്പേ പരാജയമാണ്. അവശ്യ ഭക്ഷ്യ വസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ യു പി എ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പണപ്പെരുപ്പം പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉള്ളിയുടെ വില മൂന്നുമാസത്തിലേറെക്കാലം ഏറെ ഉയര്‍ന്നു നിന്ന ഗുരുതരമായ ഘട്ടത്തിലും ഉള്ളി കയറ്റുമതി ചെയ്യുന്ന കുത്തകള്‍ക്ക് അനുകൂലമായ നിലപാടാണ് ശരദ് പവാര്‍ സ്വീകരിച്ചത്. എല്ലാ വര്‍ഷവും 7.9 മില്യണ്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്. ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതിന് ആനുപാതികമായ കയറ്റുമതിയുടെ അളവ് കുറയ്ക്കാനുള്ള നടപടികള്‍ യു പി എ സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതിനിടെയാണ് വന്‍കിട കോര്‍പ്പറേറ്റുകളെ സാമ്പത്തികമായി സഹായിക്കുന്ന നിലപാടുകള്‍ യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്ത് കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കീഴടക്കാനുള്ള നയങ്ങളാണ് യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്.

സമഗ്ര വികസനവും സാമൂഹ്യ സമത്വവും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങല്‍ നടപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് വേളയില്‍ യു പി എ നേതാക്കള്‍ പറഞ്ഞത്. അധികാരത്തിലെത്തിയ ഇവര്‍ നയം നടപ്പാക്കാനായി നാഷണല്‍ അഡൈ്വസറി കൗണ്‍സിലൂം രൂപീകരിച്ചു. പാവപ്പെട്ടവന്റെ അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതിന് സഹായിക്കുക എന്നതാണ് കൗണ്‍സിലിന്റെ കടമ. നാഷണല്‍ അഡൈ്വസറി കൗണ്‍സിലിനെ ഒരു സ്വയം ഭരണ സ്ഥാപനമായാണ് യു പി എ സര്‍ക്കാര്‍ നിയോഗിച്ചത്. പൊതു വിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്‍ എ സിയോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ എ സിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ യു പി എ സര്‍ക്കാര്‍ തയ്യറായില്ല. എന്‍ എ സിയുടെ റിപ്പോര്‍ട്ടിന് വിപരീതമായ ശുപാര്‍ശകള്‍ നല്‍കാന്‍ മന്‍മോഹന്‍ സിംഗ്, രംഗരാജന്‍ കമ്മിറ്റിയെ നിയോഗിച്ചു.

രംഗരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും യു പി എ സര്‍ക്കാര്‍ നിരാകരിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം കൂലിയുടെ കാര്യത്തിലും തികഞ്ഞ നിസംഗതയാണ് യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിലൂടെ എല്ലാ വിധ ജോലികള്‍ക്കും മിനിമം കൂലി നല്‍കണം എന്ന സുപ്രിം കോടതി വിധിയാണ് യു പി എ സര്‍ക്കാര്‍ കാറ്റില്‍ പറത്തിയത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിസാരമായ തുകയാണ് യു പി എ സര്‍ക്കാര്‍ വിനിയോഗിച്ചത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളാണ് നല്‍കിയത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കടുത്ത ഭീഷണിയാണ്. യു പി എ സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയുകയും വമ്പിച്ച പ്രതിഷേധത്തിന് കാരണമാവുകയും ചെയ്യും.


*****


പ്രഫുല്‍ ബിദ്വായ്, കടപ്പാട് : ജനയുഗം

Friday, February 18, 2011

അഴിമതിക്കൂടാരത്തിന്റെ കാവല്‍ക്കാരന്‍

ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ 70 മിനിറ്റ് അഭിമുഖം കോടികളുടെ അഴിമതികളെ ന്യായീകരിക്കാന്‍ നടത്തിയ വൃഥാശ്രമമായിരുന്നു. 1.76 ലക്ഷം കോടി രൂപ രാജ്യത്തിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് സിഎജി കണ്ടെത്തിയ രണ്ടാം തലമുറ സ്പെക്ട്രം കേസില്‍ എല്ലാം പ്രധാനമന്ത്രിക്ക് അറിയാമായിരുന്നെന്നുതന്നെയാണ് അഭിമുഖം വ്യക്തമാക്കിയത്. എന്നുമാത്രമല്ല അഴിമതിയെ ന്യായീകരിക്കാന്‍ പുതിയ ചില വ്യാഖ്യാനങ്ങളും അവതരിപ്പിക്കുകയുണ്ടായി.

രണ്ടാം തലമുറ സ്പെക്ട്രത്തിന്റെ വിതരണം സുതാര്യമായിരിക്കണമെന്നും അത് ലേലത്തിലൂടെ നല്‍കുന്നതായിരിക്കും നല്ലതെന്നും 2001ലെ വിലയ്ക്ക് 2008ല്‍ നല്‍കുന്നത് ശരിയായിരിക്കുകയില്ലെന്നും രാജയ്ക്ക് താന്‍ കത്ത് എഴുതിയ കാര്യം അഭിമുഖത്തിലും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ആ കത്തിനു അന്നുതന്നെ രാജ മറുപടിയും നല്‍കി. അതില്‍ തൃപ്തനായിരുന്നെന്നാണ് പ്രധാനമന്ത്രിയുടെ മറുപടിയില്‍നിന്നു വ്യക്തമാകുന്നത്. എന്നുമാത്രമല്ല, സ്പെക്ട്രത്തിന് ഉയര്‍ന്ന വില ലഭിക്കണമെന്ന് ആദ്യം വാദിച്ച ധനമന്ത്രാലയം രാജയുമായി പലവട്ടം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കണമെന്ന നിലവിലുള്ള നയം പിന്തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലേക്ക് എത്തിയെന്നും ഇതെല്ലാമാണ് തന്റെ മൌനത്തിനു കാരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാല്‍, പ്രധാനമന്ത്രിക്ക് രാജ എഴുതിയ മറുപടി കത്തില്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മന്‍മോഹന്‍സിങ്ങുമായി നടത്തിയ ചര്‍ച്ചയുടെ കാര്യം അനുസ്മരിക്കുന്നുണ്ട്. അതോടൊപ്പം അന്നത്തെ വിദേശമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയുമായി നടത്തിയ ചര്‍ച്ചയില്‍നിന്നു ലഭിച്ച വെളിച്ചത്തില്‍നിന്നാണ് താന്‍ മുന്നോട്ടുപോകുന്നതെന്നും വ്യക്തമാക്കുന്നു. ഈ കത്തിനുള്ള മറുപടി കിട്ടി ബോധിച്ചെന്ന ഒറ്റവാക്കില്‍ മന്‍മോഹന്‍സിങ് ഒതുക്കി. ഇതിനാണ് യഥാര്‍ഥത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കേണ്ടത്.

രണ്ടാം തലമുറ സ്പെക്ട്രം വിതരണംചെയ്യേണ്ട രീതി തീരുമാനിക്കാന്‍ മന്ത്രിതല സമിതി വേണമെന്ന അന്നത്തെ നിയമമന്ത്രി ഭരദ്വാജിന്റെ അഭിപ്രായം എന്തുകൊണ്ട് പ്രധാനമന്ത്രി അവഗണിച്ചു? കൂടിയ വില ലഭിക്കണമെന്ന് ആദ്യം വാദിച്ച ധനമന്ത്രാലയവുമായി ചര്‍ച്ച നടക്കുന്നെങ്കില്‍ എന്തുകൊണ്ട് അതു സംബന്ധിയായ കാര്യങ്ങള്‍ രാജ എഴുതിയ കത്തിലോ പ്രധാനമന്ത്രിയുടെ കിട്ടിബോധിച്ചെന്ന മറുപടിയിലോ പ്രതിപാദിച്ചില്ല? മന്ത്രിസഭ ചര്‍ച്ചചെയ്യണമെന്ന് ആദ്യം അഭിപ്രായപ്പെട്ട ധനമന്ത്രാലയത്തിന്റെ അഭിപ്രായം എന്തുകൊണ്ട് അതിന്റെ തലവന്‍കൂടിയായ പ്രധാനമന്ത്രി പരിഗണിച്ചില്ല? 2003ലെ മന്ത്രിസഭായോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി എന്തേ തനിക്കു ചുമതലയുള്ള സമയത്ത് യോഗത്തിന്റെ അജന്‍ഡയില്‍പ്പോലും വച്ചില്ല? രാജ്യത്തിന്റെ ഖജനാവിനു ലക്ഷം കോടികള്‍ നഷ്ടപ്പെടുത്താന്‍ ഇടയുണ്ടെന്ന് പലരും മുന്നറിയിപ്പു നല്‍കിയെന്ന് പ്രധാനമന്ത്രിതന്നെ സമ്മതിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ തലവന്‍ ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച ചരിത്രം എവിടെയെങ്കിലും കാണാന്‍ കഴിയുമോ? ഇതെല്ലാം കാണിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിനും പ്രധാനമന്ത്രിക്കും സ്പെക്ട്രം ഇടപാടില്‍ പങ്കാളിത്തമുണ്ടായിരുന്നെന്നുതന്നെയാണ്.

അഭിമുഖം പ്രധാനമന്ത്രിയുടെ പങ്ക് കൂടുതല്‍ തുറന്നുകാണിക്കുകയാണ് ചെയ്തത്. നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ഇപ്പോഴത്തെ ടെലികോംമന്ത്രി കപില്‍ സിബലിന്റെ അഭിപ്രായത്തോട് യോജിക്കുന്നോ എന്ന നേരിട്ടുള്ള ചോദ്യത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി അമ്പരപ്പിക്കുന്നതാണ്. അതു നിങ്ങള്‍ എങ്ങനെ പ്രശ്നത്തെ സമീപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലേ വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നു പറഞ്ഞ അദ്ദേഹം ഫലത്തില്‍ കപില്‍സിബലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് ഭരണഘടനാസ്ഥാപനമായ സിഎജിയുടെ നിഗമനങ്ങളെ പരോക്ഷമായി തള്ളിക്കളയുന്നതും അദ്ദേഹത്തിന്റെതന്നെ നിയന്ത്രണത്തിലുള്ള സിബിഐ കോടതിയിലും പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി മുമ്പാകെയും നല്‍കിയ മറുപടിയെ നിഷേധിക്കുന്നതുമാണ്.

ഭക്ഷ്യവിതരണത്തിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 80,000 കോടി രൂപ മുടക്കുന്നുണ്ടെന്നും കമ്പോളനിരക്കില്‍ മാത്രമേ ഭക്ഷ്യധാന്യം വില്‍ക്കാന്‍ പാടുള്ളൂവെന്നും വാദിക്കുന്നവരുടെ ദൃഷ്ടിയില്‍ ഇതുവഴി രാജ്യത്തിന് 80,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നായിരിക്കുമെന്ന് മന്‍മോഹന്‍ പറഞ്ഞു. അതുപോലെ വളത്തിനു നല്‍കുന്ന സബ്സിഡി വഴി 60,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇത്തരക്കാര്‍ വാദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയെ ന്യായീകരിക്കുന്നതിനായി അങ്ങേയറ്റം അപകടകരമായ താരതമ്യമാണ് പ്രധാനമന്ത്രി നടത്തിയത്.

പ്രകൃതിവിഭവമായ സ്പെക്ട്രം ചുളുവില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയതിനെ 1.76 ലക്ഷം കോടി രൂപയുടെ സബ്സിഡിയായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കാണുന്നത് ! യഥാര്‍ഥത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രണ്ടുവര്‍ഷത്തേക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന പണം നഷ്ടപ്പെടുത്തിയതിന് രാജ്യത്തോട് പരസ്യമായി മാപ്പുപറയുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ രാജയെ യുപിഎ രണ്ടില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ അംഗീകാരമായി കണ്ടാല്‍ മതി.

സിനിമാ ടിക്കറ്റ് വില്‍ക്കുന്ന ലാഘവത്തോടെ എങ്ങനെയാണ് അമൂല്യമായ പ്രകൃതിവിഭവം നിങ്ങള്‍ വിറ്റുതുലച്ചതെന്ന അതിരൂക്ഷമായ വിമര്‍ശം ഡല്‍ഹി ഹൈക്കോടതി നടത്തുന്നത് മന്ത്രിസഭാ രൂപീകരണത്തിന്റെ ദിവസമാണ് എന്നത് മന്‍മോഹന്‍സിങ് മറന്നുപോകരുത്. ഇപ്പോള്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലും പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തിന്റെ ഭാഗമായും വിലയിരുത്തുമ്പോള്‍ കുറ്റക്കാരനായ പ്രധാനമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ വകുപ്പില്‍ത്തന്നെ നടന്നെന്നു പറയപ്പെടുന്ന രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ എസ് സ്പെക്ട്രം വിതരണത്തെ സംബന്ധിച്ചും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രിക്കായില്ല. അഴിമതിയുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നെന്ന പ്രതീതി സൃഷ്ടിക്കുന്ന മാധ്യമങ്ങളെ അപലപിച്ച പ്രധാനമന്ത്രി അഴിമതിക്കൂടാരത്തെയാണ് നയിക്കുന്നതെന്ന യാഥാര്‍ഥ്യം മറന്നുപോകരുത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രമാത്രം അഴിമതിക്ക് നേതൃത്വം നല്‍കിയ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയില്ല. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ അഴിമതിയുടെ പ്രധാനവും പ്രാഥമികവുമായ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുതന്നെയാണ്. ജെപിസി ഉള്‍പ്പെടെ ഏതു പാര്‍ലമെന്ററി സമിതിയുടെ മുമ്പാകെ ഹാജരാകുന്നതിലും തനിക്കു മടിയില്ലെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ശൈത്യകാല സമ്മേളനസമയത്ത് പാര്‍ലമെന്റ് നടക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതിന് അപ്പോള്‍ പ്രധാനമന്ത്രിയല്ലേ പ്രധാന ഉത്തരവാദി? ഈ വാചകം അന്നു പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ ജെപിസി രൂപീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ പാര്‍ലമെന്റ് ശാന്തമായി നടക്കുമായിരുന്നു. അപ്പോള്‍, പാര്‍ലമെന്റ് നടക്കാതിരുന്നതിന്റെ ഉത്തരവാദിത്തം ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി എഴുതുന്നതുപോലെ പ്രതിപക്ഷസമീപനമല്ലെന്നും പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിഷേധാത്മക നിലപാടാണെന്നും ഇതോടെ വ്യക്തമായി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനതയോട് മാപ്പുപറയാന്‍ പ്രധാനമന്ത്രി തയ്യാറാകണം.

വിലക്കയറ്റംപോലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരനടപടി ഒന്നും വ്യക്തമാക്കാന്‍ പ്രധാനമന്ത്രിക്കായില്ല. ഈ സാമ്പത്തികവര്‍ഷം കഴിയുമ്പോള്‍ പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിലേക്ക് എത്തിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, ഇതുപോലെ പ്രഖ്യാപനം കഴിഞ്ഞവര്‍ഷവും നടത്തിയിരുന്നു. ഒരു മാറ്റവും ജനജീവിതത്തില്‍ പ്രതിഫലിച്ചില്ല. ഇപ്പോള്‍ പറയുന്ന ഏഴുശതമാനം പണപ്പെരുപ്പംപോലും സാധാരണക്കാരനു താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ്. വിലക്കയറ്റം രൂക്ഷമാക്കിയ നടപടികള്‍ തിരുത്തുന്നതിനും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സൂചനയും നല്‍കാത്ത പ്രധാനമന്ത്രി കൂടുതല്‍ ഉദാരവല്‍ക്കരണനടപടി തുടങ്ങുമെന്നും പ്രഖ്യാപിച്ചു. യഥാര്‍ഥത്തില്‍ പട്ടിണിക്കാരുടെ ഇന്ത്യയോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രി നടത്തിയത്.

എഴുപതുമിനിറ്റിന്റെ അഭിമുഖം പരാജിതനായ പ്രധാനമന്ത്രിയെയാണ് പുറത്തുകൊണ്ടുവന്നത്. അഴിമതിസംഘത്തിനു നേതൃത്വം നല്‍കുകയും പരോക്ഷ പിന്തുണ നല്‍കുകയും ചെയ്ത പ്രധാനമന്ത്രിയെയാണ് തെളിഞ്ഞുകണ്ടത്. സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ഏതറ്റവുംവരെ പോകാന്‍ മടിയില്ലാത്ത പുതിയ മുന്നണി ധര്‍മമാണ് മന്‍മോഹന്‍സിങ് മുറുകെ പിടിക്കുന്നതെന്ന് വ്യക്തമായി. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് ഉദാരവല്‍ക്കരണത്തിന്റെ വക്താവായ പ്രധാനമന്ത്രിയും കോൺഗ്രസും തയ്യാറാകുന്നതെന്ന മുന്നറിയിപ്പും അഭിമുഖത്തിലുണ്ട്.
ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത എസ് ബാന്‍ഡ് സ്പെക്ട്രം കരാര്‍ റദ്ദാക്കാന്‍ മന്ത്രിസഭയുടെ സുരക്ഷാകാര്യ കമ്മിറ്റി റദ്ദാക്കി എന്നാണ്. ടു ജി സ്പെക്ട്രം ഇടപാട് നടന്നപ്പോള്‍ മന്ത്രിയായിരുന്ന രാജ ഇരുമ്പഴിക്കുള്ളിലാണ്. ഇപ്പോള്‍ റദ്ദാക്കേണ്ടിവന്ന എസ് ബാന്‍ഡ് ഇടപാടിന് കാര്‍മികത്വം വഹിച്ച വകുപ്പുമന്ത്രിക്ക് ഇനി തുടരാനാകുമോ?

വാല്‍ക്കഷ്ണം:

പ്രധാനമന്ത്രി അപൂര്‍വമായാണ് മാധ്യമപ്രതിനിധികളെ കാണാറുള്ളത്. സര്‍ക്കാരും പ്രധാനമന്ത്രിയും വിവാദങ്ങളില്‍ മുങ്ങിനില്‍ക്കുമ്പോള്‍ നടത്തിയ അഭിമുഖത്തിനു സാധാരണഗതിയില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാല്‍, മലയാളമനോരമയുടെ ഒന്നാമത്തെ പേജില്‍ ഇതു സംബന്ധിച്ച് ഒരു വരിപോലുമില്ല. എത്രമാത്രം പ്രധാനമന്ത്രിയും കോൺഗ്രസും ഈ അഭിമുഖത്തില്‍ തുറന്നുകാട്ടപ്പെട്ടെന്ന് ഈ പാര്‍ശ്വവല്‍ക്കരണം വിളിച്ചുപറയുന്നു.


*****

പി രാജീവ് എംപി, കടപ്പാട് :ദേശാഭിമാനി

Tuesday, January 4, 2011

ജനാധിപത്യത്തെ വിഴുങ്ങുന്ന അഴിമതി

ഇന്ത്യന്‍ ജനാധിപത്യ സംവിധാനം കടുത്ത വെല്ലുവിളി നേരിടുകയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിവിധ മേഖലകളിലെ സ്വതന്ത്രസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും കഴിയേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നടപടികളാണ് അടുത്ത കാലത്തായി ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് കാണുന്നത്.

ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഭരണസംവിധാനത്തിന് അകത്തുള്ള കെട്ടുറപ്പ് നഷ്‌ടപ്പെടുന്നു. വിവിധ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തത്തിനും വ്യക്തിഗത താല്‍പ്പര്യത്തിനും ഊന്നല്‍ നല്‍കിയതോടെ ഭരണരംഗത്തെ സുതാര്യത നഷ്‌ടപ്പെടുകയും അഴിമതിയും കെടുകാര്യസ്ഥതയും വര്‍ധിക്കുകയും ചെയ്യുന്നു. അതേ സമയം ഇതിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ ചെറുത്തുനില്‍പ്പും ജനകീയ ഇടപെടലും ശക്തിപ്പെടുന്നുവെന്നത് സ്വാഗതാര്‍ഹമാണ്. അടുത്ത കാലത്ത് ഭരണരംഗത്ത് പ്രത്യക്ഷപ്പെട്ട അഴിമതി ക്യാന്‍സര്‍പോലെ പടരുകയാണ്. ഭരണകക്ഷിയായ കോൺ‌ഗ്രസും യുപിഎ സര്‍ക്കാരും ഈ അഴിമതിക്ക് വളംവച്ച് കൊടുക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഈ പ്രാവശ്യം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും സ്‌തംഭിക്കുന്ന സ്ഥിതി വന്നു. രാജ്യസഭയും ലോക്‌സഭയും ഒരു നടപടിയും പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയാണ് പാര്‍ലമെന്റ്. അതുകൊണ്ട് പാര്‍ലമെന്റ് സ്‌തംഭിച്ചത് സംബന്ധിച്ച് പ്രതിപക്ഷത്തിനും ഇടതുപക്ഷത്തിനും എതിരായ വിമര്‍ശം ചിലമേഖലകളില്‍നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍, പാര്‍ലമെന്റ് സ്‌തംഭിക്കുന്നതിന് ഇടയായ സാഹചര്യം എന്ത് എന്ന് പരിശോധിക്കുമ്പോഴാണ് ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയുക.

ആദ്യമായല്ല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടപടിക്രമങ്ങള്‍ മുടങ്ങുന്നത്. ബൊഫോഴ്‌സ് പ്രശ്‌നത്തില്‍ ജെപിസി (സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി) ആവശ്യപ്പെട്ട് 47 ദിവസമാണ് സഭാനടപടികള്‍ മുടങ്ങിയത്. ഹര്‍ഷത്ത് മേത്ത അഴിമതിക്കേസില്‍ സഭ 17 ദിവസം മുടങ്ങി. 10 ഉം 11 ഉം ദിവസം സഭ നടക്കാത്ത അനുഭവങ്ങള്‍ വേറെയുമുണ്ട്. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഭരണകക്ഷിയായ എന്‍ഡിഎയോട് ജെപിസി ആവശ്യപ്പെട്ടുകൊണ്ടുതന്നെയാണ് സഭയില്‍നിന്ന് മൂന്ന് ആഴ്ച തുടര്‍ച്ചയായി വോക്ക് ഔട്ട് നടത്തിയത്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ജെപിസി ആവശ്യപ്പെടുകയും അതിന് സമരം സംഘടിപ്പിക്കുകയുംചെയ്‌ത കോൺ‌ഗ്രസ് ഭരണപക്ഷത്തിരിക്കുമ്പോള്‍ ജെപിസി ആവശ്യമില്ലെന്ന് പറയുന്നത് വിചിത്രമാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ആരോപണങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നത്. 15-ാം ലോക്‌സഭയിലെ ആദ്യ സമ്മേളനത്തില്‍തന്നെ കോൺ‌ഗ്രസ് നേതാവ് ശശി തരൂരിന് ഐപിഎല്‍ അഴിമതി വിവാദവുമായി ബന്ധപ്പെട്ട് രാജിവയ്‌ക്കേണ്ടി വന്നു. അന്നു തന്നെ സഭയില്‍ ഉയര്‍ന്നുവന്നതാണ്, 2 ജി സ്‌പെക്‌ട്രം അഴിമതി. അന്ന് ഒരു ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിച്ചത്. ഈ സന്ദര്‍ഭത്തിലാണ് കോമൺവെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണങ്ങളും ഉയര്‍ന്നത്. ഈ അഴിമതി ആരോപണങ്ങള്‍ കാരണം സഭയുടെ അവസാനനാളുകളില്‍ പ്രക്ഷുബ്‌ധ രംഗങ്ങളാണ് അരങ്ങേറിയത്. ഒരു ഘട്ടത്തില്‍ ധനാഭ്യര്‍ഥനയ്‌ക്കുശേഷം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് വാഗ്ദാനം ചെയ്‌ത സഭാനേതാവ് പ്രണബ് മുഖര്‍ജി പിന്നീട് ഒരു തീരുമാനവും എടുക്കാതെ സഭ പിരിയുന്നതിനാണ് നേതൃത്വം നല്‍കിയത്.

ഇന്ന് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ കഴിഞ്ഞ ലോക്‌സഭയില്‍തന്നെ പ്രതിപക്ഷം ഉന്നയിച്ചതാണ്. എന്നാല്‍, അത് കുറേക്കൂടി മൂര്‍ത്തമായി തെളിവുസഹിതം ഉന്നയിച്ചുവെന്നതാണ് ഇപ്പോഴത്തെ സവിശേഷത. പാര്‍ലമെന്റില്‍ മൂന്ന് പ്രധാനപ്പെട്ട അഴിമതി പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് ഇടതുപക്ഷ പാര്‍ടികള്‍ നോട്ടീസ് നല്‍കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് 2 ജി സ്‌പെക്‌ട്രം ലേലത്തില്‍ നടന്നതെന്ന് സുപ്രീംകോടതിതന്നെ ചൂണ്ടിക്കാണിച്ചു. നേരത്തെ പ്രതിപക്ഷം ഒരു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് പറഞ്ഞതെങ്കില്‍ സിഎജി 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. കേവലം അഴിമതിപ്രശ്‌നം മാത്രമല്ല ഇതിലുള്ളത്. രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ കോര്‍പറേറ്റ് മാനേജ്‌മെന്റും ഒരു വിഭാഗം മാധ്യമങ്ങളും ചില രാഷ്‌ട്രീയ നേതാക്കളും ചേര്‍ന്ന് നടത്തിയ അതിവിദഗ്ധമായ രാഷ്‌ട്രീയ ചരട് വലികളുടെ ഉള്ളറകളാണ് പുറത്തുവന്നത്.

മന്ത്രിയെ മാറ്റാനും ആര് മന്ത്രിയാകണമെന്ന് തീരുമാനമെടുക്കാനുമുള്ള ഒരു ബദല്‍ സംവിധാനം സമാന്തരമായി രാജ്യത്ത് വളര്‍ന്നുവരുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജയെ മന്ത്രിയാക്കാനുള്ള അനില്‍ അംബാനിയുടെയും നീര റാഡിയയുടെയും മറ്റു ചില രാഷ്‌ട്രീയ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകള്‍, വന്‍കിടക്കാര്‍ എങ്ങനെ ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നതിന് തെളിവാണ്. അതുകൊണ്ടുതന്നെയാണ് പിഎസിയുടെയോ സിബിഐയുടെയോ അന്വേഷണം പോരാ ജെപിസിയുടെ അന്വേഷണംതന്നെ വേണമെന്ന് പ്രതിപക്ഷവും ഇടതുപക്ഷ പാര്‍ടികളും ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ നിയമമന്ത്രാലയങ്ങളും ഈ വിഷയം അറിയും എന്നുള്ളതുകൊണ്ട് ജെപിസിയുടെ അന്വേഷണത്തിന് കൂടുതല്‍ പ്രസക്തിയേറുന്നു. ഈ മൂന്നു പ്രശ്‌നങ്ങളും ജെപിസിയുടെ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നാണ് പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്ന പ്രധാനപ്രശ്‌നം. ഇതിനു ഭരണകക്ഷി തയ്യാറാകാതിരുന്നതിന് ഒരു ന്യായീകരണവുമില്ല. സുതാര്യമായ അന്വേഷണത്തെ ഭരണകക്ഷി ഭയക്കുന്നതുകൊണ്ടുതന്നെയാണ് ഈ പിന്മാറ്റം.

അഴിമതിപ്രശ്‌നത്തില്‍ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭാഗമായ ബിജെപിക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരെ കൊണ്ടുവരാനുള്ള ‘ശവപ്പെട്ടി’ അഴിമതിപ്രശ്‌നത്തില്‍ ബിജെപിയുടെ കൈകള്‍ ശുദ്ധമല്ല. ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ മന്ത്രിസഭയിലെടുത്തത്. ഇതും വലിയ വിവാദമായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പേരിലുള്ള അഴിമതി ആരോപണങ്ങളും നിസ്സാരമല്ല. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി തിരിമറി നടത്തി നല്‍കിയതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഖജാനാവിനുണ്ടായത്. യെദ്യൂരപ്പയെ രാജിവയ്പിക്കാന്‍ കഴിയാത്ത ബിജെപിക്ക് അഴിമതിയെ വിമര്‍ശിക്കാനുള്ള ധാര്‍മിക അധികാരം നഷ്‌ടപ്പെട്ടിരിക്കുകയാണ്. കര്‍ണാടകത്തിലും ആന്ധ്രയിലും ഒറീസയിലും ചെന്നൈയിലുമൊക്കെയുള്ള ഭൂമാഫിയകളെ പോലെത്തന്നെ ഖനി മാഫിയകളും രാഷ്‌ട്രീയരംഗത്ത് പ്രധാനശക്തികളായി മാറുന്നു. സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്താനുള്ള ധനത്തിന്റെ ഉറവിടമായി ഈ വന്‍കിട കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ വാഴുകയാണ്.

ഉദാരവല്‍ക്കരണനയത്തിന്റെ മറ്റൊരു ജീര്‍ണിച്ച മുഖമാണ് അഴിമതിയും സ്വജനപക്ഷപാതവും. എല്ലാം സര്‍വതന്ത്ര സ്വതന്ത്രമാകണമെന്ന പുത്തന്‍ സാമ്പത്തികനയത്തിന്റെ ഉല്‍പ്പന്നമായി അഴിമതിയും ഇന്ത്യയില്‍ മാറുകയാണ്. ഇതിനെ ഫലപ്രദമായി ചെറുക്കാനും പ്രതിരോധിക്കാനും കഴിയുന്നത് ഇടതുപക്ഷ പാര്‍ടികള്‍ക്കു മാത്രമാണ്. മുപ്പതുവര്‍ഷം പിന്നിട്ട പശ്ചിമ ബംഗാളിലെ സര്‍ക്കാരിന് നേതൃത്വം നല്‍കിയ ജ്യോതിബസുവിനെക്കുറിച്ചോ ഇപ്പോള്‍ നേതൃത്വം നല്‍കുന്ന ബുദ്ധദേവിനെക്കുറിച്ചോ ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. എതിര്‍പ്പുകളെ അതിജീവിച്ച് അധികാരത്തില്‍ വന്ന ത്രിപുര സര്‍ക്കാരിനെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പലപ്പോഴായി കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകളും അഴിമതി ആരോപണങ്ങളില്‍നിന്ന് വിമുക്തമാണ്. ഇത് വ്യക്തമാക്കുന്നത് വലതുപക്ഷ രാഷ്‌ട്രീയത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കൂടപ്പിറപ്പായി അഴിമതി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നു തന്നെയാണ്.

ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രത്തില്‍ ദീര്‍ഘകാലം ഭരിച്ച കോൺ‌ഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേപോലെ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കോൺ‌ഗ്രസിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഓര്‍മിക്കാന്‍ കഴിയും. രാഷ്‌ട്രപിതാവ് ഗാന്ധിജിതന്നെ സ്വാതന്ത്ര്യത്തിനുശേഷം കോൺ‌ഗ്രസ് സംഘടനയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് ഭാവിയില്‍ വരാന്‍പോകുന്ന ഇത്തരം ദുരന്തങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകാം. ലോകപ്രശസ്‌തനായ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലഘട്ടത്തില്‍തന്നെയാണ് ധനമന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരി അഴിമതി പ്രശ്‌നത്തില്‍ രാജിവച്ച് ഒഴിയേണ്ടി വന്നത്. അടിയന്തരാവസ്ഥയ്‌ക്ക് നേതൃത്വം നല്‍കിയ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് നാഗര്‍വാല ബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി അഴിമതിക്കഥകള്‍ ഉയര്‍ന്നുവന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ബൊഫോഴ്‌സ് പ്രശ്‌നം വി പി സിങ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. പിന്നീട് പ്രധാനമന്ത്രിയായ നരസിംഹറാവുവിനെതിരെ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ കോഴ കൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നു.

2004 മുതല്‍ 2009 വരെ ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടെ ഉണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാര്‍മാത്രമാണ് പ്രധാനപ്പെട്ട അഴിമതി ആരോപണങ്ങളില്‍നിന്ന് വിമുക്തമായിരുന്നത്. ഇതിനു കാരണം ഇടതുപക്ഷ പാര്‍ടികള്‍ നല്‍കിയ പിന്തുണയും അവര്‍ അംഗീകരിച്ച ശക്തമായ സമീപനവുമാണ്. ഇടതുപക്ഷ പാര്‍ടികള്‍ സ്വീകരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധപോരാട്ടം, ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും നടത്തുന്ന പോരാട്ടത്തിന്റെ ഭാഗംതന്നെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷ പാര്‍ടികളുടെയും മതേതര ശക്തികളുടെയും പ്രസക്തി കൂടുതല്‍ സജീവമാവുന്നു. ഇതുമായി ബന്ധപ്പെട്ടു വേണം പാര്‍ലമെന്റ് സ്‌തംഭനത്തെ വിലയിരുത്താന്‍. മന്ത്രി രാജയ്‌ക്ക് രാജി വയ്‌ക്കേണ്ടി വന്നതും മറ്റ് രണ്ട് പ്രശ്‌നങ്ങളിലും അന്വേഷണം നടത്താന്‍ തയ്യാറായതും പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുതന്നെയാണ്. ഇത്തരം ഒരു സ്ഥിതി പ്രതിപക്ഷം സ്വീകരിച്ചിരുന്നില്ലെങ്കില്‍ 'രാജ ഇപ്പോഴും രാജാവായി വാഴുമായിരുന്നു'.

*****

പി കരുണാകരന്‍ എം പി

Thursday, December 23, 2010

ജനാധിപത്യത്തോട് ടാറ്റ പറയുന്ന ടാറ്റമാര്‍

അഴിമതിയും പങ്കുപറ്റു സംസ്‌കാരവും നമ്മുടെ സമൂഹത്തിന്റെ സാമുദ്രിക ലക്ഷണങ്ങളായി തീര്‍ന്നിരിക്കുന്നു എന്നാണ് പല സമീപകാല സംഭവങ്ങളും തെളിയിക്കുന്നത്. ഒരു സ്ഥാപനവും - നീതി പീഠങ്ങള്‍ പോലും - ഇതിന് അപവാദമായി നില്‍ക്കുന്നില്ല. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നു എന്ന് ഷേക്ക്‌സ്പിയര്‍ പറഞ്ഞതുപോലെ അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞ് നാറുന്നു എന്ന് സുപ്രിംകോടതിയിലെ ന്യായാധിപന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഡെയ കഡ്ജു പറഞ്ഞത് ഈ അടുത്ത കാലത്താണ്. അവിടെ ആകെയുള്ള എഴുപത് ജഡ്ജിമാരില്‍ പകുതിപേരുടെയും (മുപ്പത്തി അഞ്ച്) ബന്ധുക്കള്‍ അതേ കോടതിയില്‍ വക്കീല്‍ പണി ചെയ്തുവരുന്നു എന്ന തെഹല്‍ക വാരികയുടെ വെളിപ്പെടുത്തല്‍ ജസ്റ്റിസ് കഡ്ജുവിന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നു. നമ്മുടെ ലോക്‌സഭയിലെ 546-ാമത്തെ അംഗമായി അഴിമതി സ്ഥാനം പിടിച്ചിരിക്കുന്നു. ഈ തിരക്കഥയിലെ ഏറ്റവും അവസാനത്തേതാണ് സ്‌പെക്ട്രം കുംഭകോണം. ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്, നാം സത്യസന്ധതയ്ക്ക് ടാറ്റാ പറയുകയാണെന്നാണ്.

സ്‌പെക്ട്രം കുംഭകോണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ, നീരാ റാഡിയാ ടേപ്പുകളില്‍ തെളിഞ്ഞു നില്‍ക്കുന്ന മാധ്യമരംഗത്തെ മൂല്യച്യുതിയെക്കുറിച്ചോ അല്ല ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇവ രണ്ടും ഇതേ കോളത്തില്‍ ഇതിന് മുമ്പ് ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ പ്രശ്‌നത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് പറയുവാനാണ് ഇവിടെ ഉദ്യമിക്കുന്നത്-ഇക്കഴിഞ്ഞ നവംബര്‍ 29 ന് സുപ്രിംകോടതിയില്‍ രത്തന്‍ ടാറ്റ ഫയല്‍ ചെയ്ത സ്വകാര്യ ഹര്‍ജിയും അത് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ഉയര്‍ത്തുന്ന ചില നൈതിക പ്രശ്‌നങ്ങളും.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യാവസായിക പുരോഗതിക്കും ടാറ്റ നല്‍കിയിട്ടുള്ള സംഭാവന വളരെ വലുത് തന്നെയാണ്. പോരെങ്കില്‍ അദ്ദേഹം അടിമുടി ജെന്റില്‍മാന്‍ വ്യവസായിയും. സംസ്‌കാരത്തിന്റെ സാക്ഷരത ആവോളം ഉള്ളയാള്‍ എന്നര്‍ഥം. എന്നാല്‍ റാഡിയാ ടേപ്പുകളിലെ വെളിപ്പെടുത്തലുകളും അവയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ചേര്‍ന്ന്-പ്രത്യേകിച്ച് രണ്ടാമത് പറഞ്ഞത്-ഇത്തരമൊരു ധാരണയ്ക്ക് ഊനം തട്ടിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടാറ്റായും അദ്ദേഹത്തിന്റെ കുടുംബവും ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് ലോകം ദല്ലാള്‍മാരുടെ സഹായത്തോടെ നമ്മുടെ ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നു എന്ന കാര്യം തല്‍ക്കാലം നമുക്ക് വിസ്മരിക്കാം. കാരണം ഇതിനേക്കാള്‍ വലിയ പ്രശ്‌നമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത് പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ്. ഒരുവേള ദല്ലാള്‍പണിയേക്കാള്‍ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കുന്നത് രണ്ടാമത് പറഞ്ഞതാണ്.

റാഡിയാ ടേപ്പുകളിലെ സംഭാഷണങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിച്ചത് തന്റെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി-ഭരണഘടനയില്‍ പ്രതിപാദിക്കുന്ന 21-ാം വകുപ്പിന്റെ നഗ്നമായ ലംഘനം! ഇന്‍കംടാക്‌സ് വകുപ്പോ ഇതര വകുപ്പുകളോ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുവേണ്ടി ഫോണ്‍ ചോര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ലെങ്കിലും അതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തി പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും നല്‍കുന്നത് പൊറുക്കാനാവാത്ത കുറ്റമാണെന്നാണ് അദ്ദേഹം തന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പരാതിയില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇങ്ങനെ പോകുന്നു-''ഈവിധം കാര്യങ്ങള്‍ ചോര്‍ത്തുന്നവരും അവരുടെ കൂട്ടാളികളും മൂലധന നിക്ഷേപത്തിന് അനുകൂലമായ കാലാവസ്ഥയെ അട്ടിമറിച്ച് രാജ്യത്തെ നശിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇത്തരം വില്ലന്‍മാര്‍ ഇന്ത്യയെ ഒരു ബനാനാ റിപ്പബ്ലിക് ആക്കിയിരിക്കുന്നു-നിയമ വാഴ്ച ഇല്ലാത്ത, കൊല്ലും കൊലയും യഥേഷ്ടം നടക്കുന്ന അധികാര ദുരുപയോഗത്തിന്റെ ഈറ്റില്ലം. സംസാരിക്കാനുള്ള അവകാശത്തിന്റെയോ, അല്ലെങ്കില്‍ ജനാധിപത്യം ഒരുക്കുന്ന മറ്റ് ഏതെങ്കിലും അവകാശങ്ങളുടെയോ പേരില്‍ ജനാധിപത്യത്തിന്റെ ആഡംബരത്തെ ദുരുപയോഗം ചെയ്യുമ്പോഴാണ് ഈവിധം സംഭവിക്കുന്നത്''.

ടാറ്റയെ സംബന്ധിച്ചിടത്തോളം റാഡിയാ ടേപ്പുകള്‍ ചോര്‍ന്നതിലെ ഏറ്റവും വലിയ നൈതിക പ്രശ്‌നം പൗരന്റെ സ്വകാര്യതയെ അത് കീറിമുറിക്കുന്നു എന്നതാണ്. ഇവിടെ രണ്ട് മൗലികമായ ചോദ്യങ്ങള്‍ ഉയരുന്നു:” സ്വകാര്യതയും പൊതുതാല്‍പര്യവും തമ്മില്‍ വേര്‍തിരിക്കുന്ന ലക്ഷ്മണരേഖ ഏതാണ്? വ്യക്തിയുടെ സ്വകാര്യതയും രാജ്യതാല്‍പര്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏതിനാണ് മേല്‍ക്കൈ നല്‍കേണ്ടത്?

ഏറ്റവും രസകരമായ വസ്തുത റാഡിയാ, ടാറ്റ ഉള്‍പ്പെടെ മറ്റുള്ളവരുമായി നടത്തിയ സംഭാഷണങ്ങളില്‍ സ്വകാര്യതയുടെ അംശം തീരെ ഇല്ലെന്നതാണ്. രാഷ്ട്രത്തെ പൊതുവായി ബാധിക്കുന്ന അഞ്ച് കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് സംഭാഷണം മുന്നോട്ട് നീങ്ങുന്നത്-സര്‍ക്കാര്‍ രൂപീകരണം, മാധ്യമങ്ങളുടെ മേല്‍ ദല്ലാളര്‍ക്കുള്ള സ്വാധീനം, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥപ്രമാണിമാരുടെയും അധികാര ദുര്‍വിനിയോഗം, പ്രകൃതി വാതകത്തിന്റെ വിതരണ കാര്യത്തില്‍ അംബാനി സഹോദരന്‍മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത, സ്‌പെക്ട്രം സ്‌പെയ്‌സിന്റെ പങ്കിടല്‍. ഇതില്‍ എവിടെയാണ് സ്വകാര്യതയുടെ അംശം ഉള്ളത്? ഇനി ടാറ്റായും റാഡിയായും തമ്മില്‍ നടന്ന സംഭാഷണത്തിലാണ് സ്വകാര്യത നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ അതില്‍ വളരെ പ്രസക്തമായ ചില സംഭാഷണ ശകലങ്ങള്‍ ഇതാ.

ജൂണ്‍ 11, 2009

റാഡിയാ: താങ്കളുടെ താല്‍പര്യത്തിന് എതിരായാണ് ഫ്രീക്വന്‍സി വിതരണ നടപടിയുമായി ടെലികോം വകുപ്പ് മുന്നോട്ടുപോകുന്നത്. എന്തുവന്നാലും 6.25 മെഗാ ഹെഴ്‌സ് സ്‌പെക്ട്രം സ്‌പെയ്‌സ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് നല്‍കുമെന്ന വാശിയിലാണ് മന്ത്രി രാജ. അങ്ങനെ സംഭവിക്കുന്നപക്ഷം, താങ്കള്‍ക്ക് വളരെക്കുറച്ച് സ്‌പെക്ട്രം സ്‌പെയ്‌സ് മാത്രമേ ലഭ്യമാകൂ.

ടാറ്റാ: താങ്കള്‍ രാജയ്ക്കുവേണ്ടി എന്തെല്ലാം ചെയ്തു. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം നിങ്ങളോട് ഇങ്ങനെ പെരുമാറുന്നു?

റാഡിയാ: ഞാന്‍ കനിമൊഴിയെ (തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും രാജ്യസഭാംഗവും) വിവരം ധരിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ യഥാവിധി തനിക്ക് എഴുതി തന്നാല്‍ രാജയെ വിളിച്ച് വേണ്ട ഏര്‍പ്പാട് ചെയ്യാം എന്ന് അവര്‍ എന്നോട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജൂലൈ 7, 2009

റാഡിയാ: രാജയും ഞാനുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കുന്നു. റിലയന്‍സ് ഗ്രൂപ്പ് 6.25 സ്‌പെക്ട്രം സ്‌പെയ്‌സ് വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നു.

ടാറ്റാ: ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല?

റാഡിയാ:”രത്തന്‍, അവര്‍ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങികൊണ്ടിരിക്കുകയാണ്. റിലയന്‍സ് ഗ്രൂപ്പ് അവരുടെ ക്രയവിക്രയശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്നു. മാധ്യമങ്ങളുമായി ഞാന്‍ നടത്തിയ സംഭാഷണം താങ്കള്‍ അറിയാതിരിക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ടൈംസ് ഗ്രൂപ്പും ദൈനിക് ഭാസ്‌കറുമായി ഞാന്‍ നടത്തിയത്. മാധ്യമ ഉടമസ്ഥര്‍ പറയുന്നത് റിലയന്‍സ് ഗ്രൂപ്പിനെതിരായി എന്തെങ്കിലും വാര്‍ത്ത അവര്‍ നല്‍കിയാല്‍ പ്രസ്തുത ഗ്രൂപ്പ് അവര്‍ക്ക് നല്‍കുന്ന പരസ്യം വെട്ടിക്കുറയ്ക്കും എന്നാണ്. ഇതിന് പക്ഷേ ഞാന്‍ ചുട്ട മറുപടി നല്‍കി. മറ്റുള്ളവരും നിങ്ങളോട് ഇതേ കാര്യം ചെയ്യും..... മാധ്യമങ്ങള്‍ പണത്തിന് വളരെ വളരെ ആര്‍ത്തി ഉള്ളവരാണ്.

ഈവിധം ടാറ്റായുടെ ബിസിനസ് താല്‍പര്യങ്ങളും അവ ഏതുവിധം നമ്മുടെ രാജ്യത്തിന്റെ പൊതുതാല്‍പര്യത്തെ ബാധിക്കുന്നു എന്ന കാര്യമാണ് ടാറ്റാ-റാഡിയാ സംഭാഷണങ്ങളില്‍ ഉടനീളം. വാസ്തവത്തില്‍ ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുക എന്നതാണ് ജനാധിപത്യത്തിന്റെ ശീല്. അതിനെ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നതാണ് യഥാര്‍ഥത്തില്‍ ടാറ്റാ തന്റെ പരാതിയില്‍ പറയുന്ന 'ജനാധിപത്യത്തിന്റെ ആഡംബരം'. ബിസിനസുകാര്‍ എന്തും പറയുന്നതും ചെയ്യുന്നതും രാജ്യത്തിന്റെ സമ്പത്ത്, രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രമാണിമാരുമായി അവിശുദ്ധ ബന്ധമുണ്ടാക്കി, കൊള്ളയടിക്കുന്നതുമാണ് ശരിയായ അര്‍ഥത്തില്‍ ഇന്ത്യയെ ബനാനാ റിപ്പബ്ലിക്ക് ആക്കുന്നത്. ഇതിന് ഭരണഘടനയുടെ ഒരു വകുപ്പും ടാറ്റയ്‌ക്കോ അദ്ദേഹത്തെ പോലുള്ള മറ്റ് ബിസിനസുകാര്‍ക്കോ യാതൊരു സംരക്ഷണവും നല്‍കുന്നില്ല.

അമേരിക്കയിലെ വന്‍കിട ബിസിനസുകാരെ ലോകത്തെ ഏറ്റവും 'ശക്തരായ സ്ഥാപിത താല്‍പര്യക്കാര്‍' എന്ന് നെഹ്‌റു ഒരിക്കല്‍ വിശേഷിപ്പിച്ചത് ടാറ്റായെ പോലെയുള്ളവര്‍ ഓര്‍ക്കുന്നത് നന്ന്. നമ്മുടെ പല വ്യവസായ പ്രമുഖരും ഈ വിധം സ്ഥാപിത താല്‍പര്യ സംഘമായി തരംതാണിരിക്കുന്നു എന്നാണ് റാഡിയാ ടേപ്പ് നല്‍കുന്ന പാഠം. ഇതിനെ മൂടിവെയ്ക്കാനുള്ള വിഫലശ്രമം മാത്രമാണ് സ്വകാര്യതയുടെ പേരില്‍ ടാറ്റാ ഫയല്‍ ചെയ്തിരിക്കുന്ന അന്യായം. ഇതുവഴി അദ്ദേഹം ജനാധിപത്യത്തിനോട് തന്നെ ടാറ്റാ പറയാന്‍ ശ്രമിക്കുന്നു.

*
ഡോ. ജെ പ്രഭാഷ് കടപ്പാട്: ജനയുഗം ദിനപത്രം 22 ഡിസംബര്‍ 2010

Tuesday, December 21, 2010

ഓള്‍ ഇന്ത്യാ റാഡിയ

ഇത്തവണ പാര്‍ലമെന്റ് സമ്മേളനം പുതിയ അനുഭവമായിരുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പുകാലത്തുതന്നെയാണ് ശൈത്യകാല സമ്മേളനം നടക്കാറുള്ളത്. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇത്തവണ പതിവിലും നേരത്തെയായിരുന്നു സമ്മേളനം. എങ്കിലും തണുപ്പിനു വലിയ കുറവുണ്ടായിരുന്നില്ല. പക്ഷേ, സഭയ്ക്കകത്ത് കൊടുംചൂടായിരുന്നു. ഒരു ദിവസംപോലും നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച നടപടിയില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിയെന്ന സിഎജി വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയാണ് സ്തംഭനത്തിലേക്ക് നയിച്ചത്. ഞെട്ടിപ്പിക്കുംവിധം ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ നിലവിലുള്ള സംവിധാനങ്ങള്‍ അന്വേഷണത്തിനു പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മാത്രം അധികാരമുള്ളതും കാലാവധി തീരാന്‍ ആറു മാസം മാത്രം സമയമുള്ളതുമായ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അധികാരപരിധിയേക്കാളും ഏറെ വലുതാണ് അഴിമതിയുടെ ആഴം.

രാജയ്ക്ക് രണ്ടാമതും ടെലികോം വകുപ്പ് കിട്ടുന്നതിനായി നടത്തിയ കോര്‍പറേറ്റ് ലോബിയുടെ ഇടപെടലുകള്‍ ഔട്ട്ലുക്ക് വാരികയും ഓപ്പണ്‍ മാസികയുമാണ് പുറത്തുകൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രധാന പങ്ക് വഹിച്ചെന്ന നിഷേധിക്കാനാവാത്ത തെളിവുകള്‍ രാജ്യത്തെ ജനാധിപത്യം നേരിടുന്ന അതീവ ഗുരുതരമായ ഭീഷണിയെ കൂടിയാണ് പുറത്തുകൊണ്ടുവന്നത്. നീര റാഡിയ എന്ന ഇടനിലക്കാരി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ മറുവശത്ത് രാഷ്ട്രീയ നേതാക്കളും വന്‍കിട വ്യവസായികളും പ്രധാന മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇക്കൂട്ടരാണ് വിവിധ തരത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ രാജയ്ക്ക് ടെലികോം വകുപ്പ് സംഘടിപ്പിച്ചു നല്‍കിയത്. റാഡിയ ഇപ്പോള്‍ ഡല്‍ഹിയില്‍ അറിയപ്പെടുന്നത് ഓള്‍ ഇന്ത്യാ റാഡിയ എന്നാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഇവരുടെ ഇടപെടലുകളെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വാട്ടര്‍ഗേറ്റിനെ അനുസ്മരിപ്പിക്കുംവിധം റാഡിയ ഗേറ്റ് എന്നും വിശേഷിപ്പിക്കുന്നുണ്ട്.

മാധ്യമ പ്രതിനിധികള്‍ എങ്ങനെ ഇടനിലക്കാരായി മാറുന്നെന്ന ലജ്ജിപ്പിക്കുന്ന ചിത്രമാണ് ഈ സംഭാഷണങ്ങളിലൂടെ പുറത്തുവന്നത്. ദേശീയതലത്തില്‍ ഏറെ പ്രാധാന്യമുള്ള മാധ്യമ പ്രവര്‍ത്തകരായാണ് എന്‍ഡിടിവിയുടെ ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്കാദത്തിനെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിര്‍ സാങ്വിയെയും പൊതുവെ കണ്ടിരുന്നത്. അംബാനി സഹോദര തര്‍ക്കം കോളത്തിന്റെ വിഷയമാക്കുന്നതും ഏതു നിലപാടില്‍ എഴുതണമെന്ന് സാങ്വിയോട് പറയുന്നതും റാഡിയയാണ്. രാജയ്ക്ക് ടെലികോം വകുപ്പ് ലഭിക്കുന്നതിന് പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ബര്‍ക്കാദത്താണെന്ന് തെളിഞ്ഞിരിക്കുന്നു. ഔട്ട്ലുക്ക് വാരികയുടെ വെബ്സൈറ്റില്‍ ടേപ്പിന്റെ രണ്ടാംഘട്ടം കൂടി പുറത്തുവന്നപ്പോള്‍ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവിധം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു ഈ മാധ്യമ പ്രതിഭകള്‍.

സാങ്വി തല്‍ക്കാലത്തേക്ക് കോളമെഴുത്ത് നിര്‍ത്തി. ബാര്‍ക്കാദത്ത് ആദ്യം വെല്ലുവിളി ഏറ്റെടുത്ത മട്ടില്‍ എന്‍ഡിടിവിയില്‍ ചര്‍ച്ച സംഘടിപ്പിച്ചു. താന്‍ നിരപരാധിയാണെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സജ്ജയ് ബാറുവും ഓപ്പണ്‍ മാഗസിന്റെ എഡിറ്റര്‍ മനു ജോസഫും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ച എഡിറ്റ് ചെയ്യാതെയായിരിക്കും സംപ്രേഷണം ചെയ്യുന്നതെന്ന് അറിയിച്ചിരുന്നു. മേയ്ക്ക്അപ്പുകളൊന്നുമില്ലാതെയാണ് ബര്‍ക്കാദത്ത് സ്റ്റുഡിയോയിലെത്തിയത്. സ്വതസിദ്ധമായ ചടുല ശൈലിയില്‍ തന്നെയായിരുന്നു തുടക്കം. രണ്ടാം യുപിഎ മന്ത്രിസഭാ രൂപീകരണ സമയത്ത് നല്‍കിയ വാര്‍ത്തകളുടെ ക്ളിപ്പിങ്ങുകളും അനുബന്ധമായിട്ടുണ്ടായിരുന്നു. റാഡിയ തനിയ്ക്ക് ഒരു സ്രോതസ് മാത്രമായിരുന്നെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. വകുപ്പ് വിഭജനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ടിരുന്ന റാഡിയയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തന്റെ പത്രപ്രവര്‍ത്തനത്തിലെ അസംസ്കൃതവസ്തുക്കള്‍ മാത്രമായിരുന്നെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്നും എന്തുചെയ്യണമെന്നത് പറഞ്ഞാല്‍ മതിയെന്നുമുള്ള സംഭാഷണത്തിന്റെ പ്രസക്തിയെ സംബന്ധിച്ച ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ബര്‍ക്ക പതറാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് മനു ജോസഫ് വളരെ പ്രസക്തമായ ചോദ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിസഭയുടെ വകുപ്പ് വിഭജനത്തില്‍ കോര്‍പ്പറേറ്റ് ലോബി ഇടപെടുന്നെന്ന് ഇത്രമാത്രം നേരിട്ട് അറിഞ്ഞിട്ടും എന്തുകൊണ്ട് അതു വാര്‍ത്തയാക്കിയില്ലെന്നായിരുന്നു ആ ചോദ്യം. ടാറ്റയുടേയും അംബാനിയുടേയും വക്താവായ റാഡിയ വകുപ്പുകള്‍ ഉള്‍പ്പെടെ തീരുമാനിച്ചത് പോലും എന്തുകൊണ്ട് വാര്‍ത്തയായില്ല? വാര്‍ത്തയുടെ പ്രാധാന്യം വിലയിരുത്തുന്നതില്‍ പറ്റിയ പാളിച്ചയായി അത് കൂട്ടാമെന്നായിരുന്നു ബര്‍ക്കയുടെ ആദ്യ പ്രതികരണം. എന്നാല്‍, അത് ശരിയായ മറുപടിയല്ലെന്നും തന്റെ ചോദ്യത്തിനു മറുപടി ലഭിക്കണമെന്നും മനു ശക്തമായി ആവശ്യപ്പെടുകയും മറ്റു ചിലരുടെ പിന്തുണ കൂടി ആ ചോദ്യത്തിനു ലഭിക്കുകയും ചെയ്തതോടെ ബര്‍ക്കയ്ക്ക് നിയന്ത്രണം വിട്ടു. താന്‍ നടത്തിയ ഇടപാടുകളെ ന്യായീകരിക്കാന്‍ കഴിയാതെ പതറിപ്പോയ ബര്‍ക്ക ഒടുവില്‍ കണ്ണീരിന്റെ അവസാന ആയുധം വരെ പുറത്തെടുത്തുനോക്കി. രക്ഷ കിട്ടിയില്ല.

ഇപ്പോള്‍ ഔട്ട്ലുക്കിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സംഭാഷണങ്ങള്‍ ബര്‍ക്കയുടെ തനിനിറം പുറത്തുകൊണ്ടുവന്നു. കോണ്‍ഗ്രസിനെകൊണ്ട് പ്രസ്താവന ഇറക്കുന്നതില്‍ ബര്‍ക്ക വിജയിച്ചെന്ന് അത്യാവേശത്തോടെയാണ് റാഡിയ പറയുന്നത്. സോണിയാഗാന്ധിയിലേക്കുള്ള രണ്ടു വഴികളിലും ബര്‍ക്കക്ക് നല്ല സ്വാധീനമുണ്ടത്രേ. ഒന്ന് അഹമ്മദ് പട്ടേല്‍ വഴിയും മറ്റൊന്ന് ഗുലാംനബി വഴിയുമാണ്. ബര്‍ക്കയും വിര്‍സാങ്വിയും അടങ്ങുന്ന പുതിയകാല മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതീകങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും വൃത്തികെട്ട കണ്ണികളായി മാറുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് റാഡിയ ടേപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഒപ്പം അഴിമതി രാജയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വ്യക്തം. നേരത്തെ ഐപിഎല്‍ കേസില്‍ ശശി തരൂരിനുവേണ്ടിയും ബര്‍ക്ക രംഗത്തിറങ്ങിയെന്ന വാര്‍ത്തയുണ്ടായിരുന്നു. അന്ന് ഒരേ കോളേജില്‍ പഠിച്ചിരുന്നവര്‍ എന്ന ന്യായമാണെന്നു തോന്നുന്നു ബര്‍ക്ക പുറത്തിറക്കിയത്. എല്ലാ ഇടപാടുകളിലും 15 ശതമാനം കമീഷന്‍ വാങ്ങുന്നയാളാണ് കമല്‍നാഥെന്നും ദേശീയപാതാവകുപ്പ് അദ്ദേഹത്തിനു എടിഎം പോലെയാണെന്നും വ്യവസായി സംഘടനകളുടെ പഴയ തലവനാണ് റാഡിയയോട് പറയുന്നത്. അദ്ദേഹം അത് നിഷേധിച്ചില്ലെന്നതും കാണണം. ആഗോളവല്‍ക്കരണം ഭരണകൂട സംവിധാനങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ ഉപകരണങ്ങളാക്കി അധഃപതിപ്പിക്കുന്നതെന്ന പാഠംകൂടി റാഡിയ ടേപ്പുകള്‍ പകര്‍ന്നുനല്‍കുന്നു.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 26 ഡിസംബര്‍ 2010

Wednesday, December 15, 2010

അഴിമതി, അഴിമതി, സര്‍വ്വത്ര അഴിമതി

2-ജി ഇടപാടിലെ അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രോജക്ടിലെ അഴിമതി, മുംബൈ ഭൂമി ഇടപാടിലെ അഴിമതി - പട്ടിണിയില്‍നിന്നും തൊഴിലില്ലായ്മയില്‍നിന്നും മുക്തമായ ഒരു ജീവിതത്തിനായി ഈ രാജ്യത്തിലെ ജനങ്ങള്‍ മുറവിളികൂട്ടുന്ന കാലത്തുതന്നെയാണ്, വന്‍തോതില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നതു സംബന്ധിച്ച ലജ്ജാകരമായ ആരോപണങ്ങള്‍ക്കും അവര്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ ഈ രാജ്യത്തുനിന്ന് 5.7 ലക്ഷം കോടി രൂപയുടെ നിയമവിരുദ്ധ പണം പുറത്തേക്ക് ഒഴുകി എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് വളരെ അടുത്ത കാലത്താണ് ഒരു മുന്‍ ഐ.എം.എഫ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന പേരിലുള്ള അന്താരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെ പണം പുറത്തേക്ക് കടത്തിക്കൊണ്ടുപോയതിന്റെ മുഖ്യ ഗുണഭോക്താക്കള്‍ "അത്യുന്നതരായ ചില വ്യക്തികളും സ്വകാര്യ കമ്പനികളുമാണ്.''

അതേസമയം തന്നെ, മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നത്. താന്‍ വഹിക്കുന്ന ഉന്നതമായ അധികാരം തന്റെ പുത്രന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും നേട്ടമുണ്ടാക്കാനുള്ള ഉപകരണമാക്കി മാറ്റിയ കര്‍ണാടക മുഖ്യമന്ത്രിയെ നിര്‍ലജ്ജം സംരക്ഷിക്കുന്ന ബി.ജെ.പിയുടെ നിലപാട് ഇതിന്റെ പ്രതിഫലനമാണ്. ഖനി മാഫിയ നിയമവിരുദ്ധമായി ഇരുമ്പയിര് ഖനനം ചെയ്യുന്നതുമായും അവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായും ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അഴിമതിയില്‍ അടിമുടി മുങ്ങിക്കിടക്കുകയാണ്.

ഇത് ഇന്ത്യ അര്‍ഹിക്കുന്നതാണോ? ഈ കൊള്ള അവസാനിപ്പിക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇതിന് ഉത്തരവാദികളായ ശക്തികള്‍ ആരെല്ലാമാണ്?

വിഷയം വ്യക്തികള്‍ക്കും അപ്പുറം

ഈ പ്രശ്നങ്ങളിലെല്ലാം, വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; അവര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യും. എന്നാല്‍, ഈ വിഷയം ഇതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ കുറ്റകരമായ നടപടികള്‍ക്കും അപ്പുറത്തുള്ളതാണ്. അധികാരത്തില്‍ ഒത്തുകളിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും വന്‍കിട ബിസിനസ്സുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് ഈ കുംഭകോണങ്ങള്‍ വെളിച്ചം വീശുന്നത്. ഈ കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളില്‍ കോര്‍പ്പറേറ്റ് ഇന്ത്യയിലെ നിരവധി വന്‍ തോക്കുകളും അഗ്രഗണ്യരും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനു തന്നെ ഗുരുതരമായ ഭീഷണിയായിരിക്കുകയാണ്. ഈ ശക്തരായ ലോബികള്‍ ഭരണനിര്‍വ്വഹണത്തിന്റെ ഉപകരണങ്ങളെ കോര്‍പ്പറേറ്റുകളുടെയും അവരുടെ പിണിയാളുകളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമായ വിധം മാറ്റിമറിക്കുകയും സ്വകാര്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം പൊതുനയത്തിന് രൂപം നല്‍കുകയും ചെയ്യുന്നു.

തെറ്റായ നയങ്ങളെ സംരക്ഷിക്കുകയും പഴയ ഒരു അഴിമതിക്കേസില്‍ സ്വയം കുറ്റാരോപണം നേരിടുകയും ചെയ്യുന്ന അതേ ടെലികോം സെക്രട്ടറിയെ തന്നെയാണ് മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ (സി.വി.സി) ആക്കിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇത്തരം അഴിമതി സംബന്ധിച്ച വിഷയങ്ങള്‍ തടയുക എന്നതാണ് കൃത്യമായും മുഖ്യ വിജിലന്‍സ് കമ്മീഷണറുടെ ഉത്തരവാദിത്വം. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് സി.വി.സി ആയി നിയമിച്ചത് എന്ന് സുപ്രീംകോടതിക്കു തന്നെ സര്‍ക്കാരിനോട് ചോദിക്കേണ്ടിവന്നു. അങ്ങനെ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള നീക്കത്തില്‍ ഭരണനിര്‍വ്വഹണത്തിന്റെ അതേ സ്ഥാപനങ്ങളെ തന്നെ തകര്‍ക്കുകയുമാണ്.

പല അക്കൌണ്ട് ഹെഡ്ഡുകളിലായി കോര്‍പ്പറേറ്റുകള്‍ക്ക് വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിന് പൊതുമേഖലാ ബാങ്കുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്വകാര്യ കമ്പനി കൈക്കൂലി കൊടുത്തുവരുന്നതായാണ് ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാബിനറ്റ് പദവിയുള്ള ഉന്നത അധികാരിയായ പ്ളാനിങ് കമ്മീഷന്‍ ചെയര്‍മാന്‍ 1000 കോടി രൂപയില്‍ ഏറെ വരുന്ന ഈ അഴിമതി 'തീരെ നിസ്സാരം' എന്നു പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്. എന്നിട്ട് ഇതേ മാന്യനാണ് "പണം ചോര്‍ന്നുപോകുന്നു'' എന്ന പേരു പറഞ്ഞ് ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനായുള്ള ചെലവുകള്‍ കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. അഴിമതി "തീരെ നിസ്സാരം''; എന്നാല്‍, ദരിദ്രര്‍ക്കായുള്ള പദ്ധതികള്‍ക്ക് പണം നല്‍കുന്നതാകട്ടെ "വലിയ'' അനാവശ്യച്ചെലവും!

ഇന്ത്യയില്‍ ചങ്ങാത്ത മുതലാളിത്തം തഴച്ചുവളരുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തുന്നതാണ് ഈ കുംഭകോണങ്ങള്‍. പ്രത്യേക ആനുകൂല്യം നല്‍കേണ്ട വേണ്ടപ്പെട്ടവരുടെ ഇംഗിതത്തിനനുസരിച്ച് നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടങ്ങളുമെല്ലാം മെരുക്കിക്കൊടുക്കുന്നതാണ് ഇതിന്റെ ഇപ്പോഴത്തെ അവതാരത്തിന്റെ മുഖമുദ്ര. ഈ വേണ്ടപ്പെട്ടവരുടെ ഗണത്തില്‍ വരുന്നത് സുഹൃത്തുക്കളാകാം; ബന്ധുക്കളാവാം; പൊതുപണം കൊള്ളയടിക്കുക എന്ന കുറ്റകൃത്യത്തിനു കൂട്ടുനില്‍ക്കുന്ന പങ്കാളിയാകാം. ചങ്ങാത്ത മുതലാളിത്തം അതിന്റെ പാരമ്യത്തില്‍ എത്തിച്ചേര്‍ന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലാണ്; അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ അതില്‍ നേരിട്ട് ബന്ധപ്പെടുകയാണ്. എന്നാല്‍, അതേ പ്രധാനമന്ത്രി തന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ വിപത്തുകളെക്കുറിച്ച് നിത്യവും പ്രഭാഷണം നടത്തുന്നതാണ് വിരോധാഭാസം. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ മുതലാളിത്തവും അതിന്റെ ചങ്ങാത്ത രൂപവും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരിക്കണം അദ്ദേഹം അര്‍ത്ഥമാക്കുന്നത്. ഒരു മാര്‍ഗഭ്രംശം എന്ന നിലയില്‍ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ തികച്ചും അസ്ഥാനത്തായിരിക്കും. മുതലാളിത്ത സമൂഹത്തില്‍ സഹജമായിത്തന്നെ അടങ്ങിയിട്ടുള്ളതാണ് അവിശുദ്ധമായ ചങ്ങാത്തം. കോര്‍പ്പറേറ്റുകള്‍ക്കുമേലുള്ള നിയന്ത്രണം പരമാവധി ചുരുക്കുകയും പരമാവധി അധികം ലാഭമുണ്ടാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമായിട്ടുള്ള ഇന്നത്തെ നവലിബറല്‍ സാമ്പത്തിക ചട്ടക്കൂടില്‍ ഇത് വളരെ അധികമായിരിക്കുകയും ചെയ്യും.

2-ജി അഴിമതി

"ഇത് ഒരു സാധാരണ അഴിമതി അല്ല. പണപരമായ വശത്തിലേക്ക് കടക്കുകയാണെങ്കില്‍, ഇതിനെ മറ്റൊരു അഴിമതിയുമായും താരതമ്യപ്പെടുത്താനാവില്ല. കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ ഉയര്‍ത്തിക്കാട്ടുന്നതു പ്രകാരമുള്ള ഇതിന്റെ വലിപ്പവും അളവും പരിഗണിക്കുമ്പോള്‍ ഈ അഴിമതി രാജ്യത്ത് ഇതേവരെ നടന്ന എല്ലാ അഴിമതികളെയും ഒന്നിച്ചുചേര്‍ത്താല്‍പ്പോലും അവ ലജ്ജിച്ച് തലതാഴ്ത്തുന്നതാണ്.''

2-ജി അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവിന്റെ വാക്കുകളല്ല ഇത്. 2-ജി അഴിമതിയെക്കുറിച്ചുള്ള ഒരു ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി നവംബര്‍ 24-ന് പറഞ്ഞതാണ് ഈ വാക്കുകള്‍.

ഇത്തരം ഒരു അഴിമതി നടന്നത് എങ്ങനെ എന്നതാണ് ഒന്നാമത്തെ കാര്യം. രാഷ്ട്രത്തിന് ഇതിന്റെ ഉത്തരം, കിട്ടിയേ പറ്റൂ. എന്നാല്‍, ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇതിന് നല്‍കുന്ന ഒരേയൊരു ഉത്തരം തികഞ്ഞ സത്യസന്ധനായ പ്രധാനമന്ത്രിയെ ആക്രമണ ലക്ഷ്യമാക്കിയിരിക്കുന്നത് ലജ്ജാകരമാണെന്നത്രെ. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറയുന്നത് ഇങ്ങനെയാണ്: "ഡോ. സിങ്ങിനെപ്പോലെ സംശുദ്ധമായ വ്യക്തിത്വമുള്ള ഒരാള്‍ ഇതേ വിധത്തില്‍ ആക്രമിക്കപ്പെടുന്നത് ലജ്ജാകരമാണ്.''

എന്നാല്‍, സുപ്രീംകോടതി തന്നെയാണ് പിന്നെയും ഇങ്ങനെ ഒറ്റ ചോദ്യം ഉന്നയിക്കുന്നത്: "പ്രധാനമന്ത്രി മൌനം പാലിച്ചത് എന്തുകൊണ്ട്?'' പ്രധാനമന്ത്രി 16 മാസം നിശ്ശബ്ദനും നിഷ്ക്രിയനും ആയിരുന്നതായി ആരോപിക്കപ്പെടുന്നത്'' സംബന്ധിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് നവംബര്‍ 18-ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്തതാണ് അത്യുന്നത കോടതിയില്‍ നിന്നുള്ള ഈ നിര്‍ദ്ദേശം. സുപ്രീംകോടതിയുടെ ചോദ്യത്തെയും കോണ്‍ഗ്രസ് പ്രസിഡന്റ് "ലജ്ജാകരം'' എന്ന് വിളിക്കുമോ?

തെറ്റായ നയങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും അനുവദിച്ച അഴിമതി ഇടപാടിലൂടെ 2-ജി കുംഭകോണത്തില്‍ പൊതുഖജനാവിന് നഷ്ടപ്പെട്ട 1.76 ലക്ഷം കോടി രൂപ എന്ന വലിയ തുകയെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ ലജ്ജിക്കേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ തുക സാര്‍വ്വത്രിക പൊതുവിതരണത്തില്‍ 35 കിലോഗ്രാം അരി കിലോയ്ക്ക് 2 രൂപ പ്രകാരം യു.പി.എ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതുവരെ അനുവദിക്കാന്‍ ആവശ്യമായ അധിക തുകയ്ക്കു തുല്യമാണ്. ആരോഗ്യമേഖലയ്ക്കായി മൊത്തം കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചിട്ടുള്ള തുകയുടെ എട്ടിരട്ടി വരും ഈ തുക; ചുരുങ്ങിയപക്ഷം വിദ്യാഭ്യാസത്തിനായി നീക്കിവച്ച തുകയുടെ മൂന്നിരട്ടിയെങ്കിലും വരും ഇത്. എന്നിട്ടും ഈ പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാര്‍ പറയുന്നത്, സാര്‍വ്വത്രിക ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാന്‍ വേണ്ടത്ര ഫണ്ടില്ല എന്നാണ്.

സി.എ.ജി റിപ്പോര്‍ട്ട്

2008 ജനുവരിയില്‍ ഡി.എം.കെ നേതാവ് എ. രാജയുടെ ചുമതലയിലുള്ള വിവര-സാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് യൂണിഫൈഡ് ആക്സസ് സര്‍വ്വീസി (യു.എ.എസ്)നായുള്ള 122 പുതിയ ലൈസന്‍സുകള്‍ വിതരണം ചെയ്തു. ലൈസന്‍സ് നല്‍കുന്നതിനുള്ള പൊതു ലേലം വിളിയിലൂടെ അല്ലാതെ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന അടിസ്ഥാനത്തില്‍ അല്‍പ്പവും സുതാര്യമല്ലാതെ ഒരൊറ്റ ദിവസം തന്നെ ഈ ലൈസന്‍സുകള്‍ വിതരണം ചെയ്യപ്പെട്ടു എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി. രണ്ടാമത്, ഈ ലൈസന്‍സുകളുടെ വില നിശ്ചയിച്ചതാകട്ടെ 2001 ലെ നിരക്കിലും. നയപരമായ കാര്യങ്ങളെക്കുറിച്ചും നടപടിക്രമം സംബന്ധിച്ച വിഷയങ്ങളിലും സി.പി.ഐ (എം) ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിയോട് ഇടപെടാന്‍ ആവശ്യപ്പെടുകയുമുണ്ടായി. പാര്‍ലമെന്റില്‍ വലിയ ഒച്ചയും ബഹളവും ഉണ്ടായി. ഇതാണ് പിന്നീട്, ലൈസന്‍സിങ്ങും വില നിശ്ചയിക്കലും മറ്റു ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം സി.എ.ജിയുടെ ഓഫീസ് പരിശോധന നടത്തുന്നതിലേക്കു നയിച്ചത്. ഇപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ട് അന്തിമ രൂപത്തിലെത്തുകയും അത് പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുമ്പ് സി.പി.ഐ (എം) പറഞ്ഞ കാര്യങ്ങള്‍ തികച്ചും ശരിയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു സി.എ.ജിയുടെ പ്രധാന കണ്ടെത്തലുകള്‍.

വെട്ടിപ്പിന്റെ വ്യാപ്തി 2007 മെയ് മാസത്തിനും ഒക്ടോബര്‍ മാസത്തിനും ഇടയില്‍ ടെലികോം ബിസിനസ്സിനായി കെട്ടിട നിര്‍മ്മാണ കമ്പനികളും മറ്റു ടെലികോം ഇതര കമ്പനികളും അപേക്ഷ ഫയല്‍ ചെയ്തു.

* അന്നത്തെ ടെലികോം മന്ത്രി എ. രാജ തീയതി വെട്ടിക്കുറച്ചതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചു.

* നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ട്രായ്യുടെ അഞ്ച് ശുപാര്‍ശകളില്‍ നാലും അദ്ദേഹം മാറ്റി.

* മന്ത്രിസഭയെയും ടെലികോം കമ്മീഷനെയും ഇതിനായി രൂപീകരിച്ച മന്ത്രിമാരുടെ ഗ്രൂപ്പിനെയും അദ്ദേഹം മറികടന്നു.

* സബ്സ്ക്രൈബര്‍മാരുടെ എണ്ണം 30 ലക്ഷത്തില്‍നിന്ന് 2008 ആയപ്പോള്‍ 3500 ലക്ഷമായി ഉയര്‍ന്നിട്ടും അങ്ങനെ ലാഭസാധ്യത ഭീമമായി വര്‍ദ്ധിച്ചിട്ടും ലൈസന്‍സുകളുടെ വില 2001 ലെ നിരക്കില്‍ത്തന്നെ അദ്ദേഹം ഉറപ്പിച്ചുനിര്‍ത്തി.

* ആദ്യം വരുന്നവര്‍ക്ക് ആദ്യം അനുവദിക്കും എന്നതിന്റെ നിര്‍വ്വചനം, 2008 ജനുവരി 1-ന് ആദ്യം പണം അടയ്ക്കുന്നവര്‍ക്ക് ആദ്യം എന്നാക്കി അദ്ദേഹം മാറ്റി.

* അപേക്ഷകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2008 ജനുവരി 9-ന് ചേരുന്നതിന് നിശ്ചയിച്ച സമ്പൂര്‍ണ്ണ ടെലികോം കമ്മീഷന്‍ യോഗം അദ്ദേഹം തടയുകയും അത് 2008 ജനുവരി 15-ലേക്ക് മാറ്റുകയും ചെയ്തു.

* ഉദ്യോഗസ്ഥന്മാരുടെ ഉപദേശത്തിനു വിരുദ്ധമായി 575 അപേക്ഷകളില്‍ നിന്ന് 122 ലൈസന്‍സുകള്‍ക്ക് ജനുവരി 10-ന് അദ്ദേഹം പരിധി നിശ്ചയിച്ചു.

* 2007 സപ്തംബര്‍ 25 എന്ന മാറ്റം വരുത്തിയ കട്ട് ഓഫ് ഡേറ്റിന്റെ അടിസ്ഥാനത്തില്‍, ചില വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കുന്നതാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലൂടെ അറിയിപ്പ് നല്‍കുന്നു. ഇങ്ങനെ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് കഷ്ടിച്ച് അരദിവസത്തെ സമയം മാത്രമാണ് നല്‍കിയത്. ചില കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നതിനാല്‍ അവ ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെയുള്ള എല്ലാ ഫോര്‍മാലിറ്റികളും പൂര്‍ത്തീകരിച്ച് ഹാജരാകുകയും അങ്ങനെ അവര്‍ക്ക് ലൈസന്‍സ് ലഭിക്കുകയും ചെയ്തു.

* 122 ലെറ്റേഴ്സ് ഓഫ് ഇന്റന്റ് അയയ്ക്കപ്പെട്ടു.

* ഈ കമ്പനികള്‍ അവയുടെ ഓഹരി വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അതും അനുവദിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ റിയല്‍ എസ്റേറ്റ് കമ്പനികളായിരുന്ന, മൂന്ന് ടെലികോം ഇതര കമ്പനികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000 കോടി രൂപയിലധികം ലാഭമുണ്ടാക്കി.

മേല്‍ വിവരിച്ച വിശദാംശങ്ങള്‍ എല്ലാം സി.എ.ജി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മെസ്സേഴ്സ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിനും മെസ്സേഴ്സ് സ്വാന്‍ ടെലികോം ലിമിറ്റഡിനും നല്‍കിയ അനര്‍ഹമായ ആനുകൂല്യങ്ങളെയും ഗുണഫലങ്ങളെയും കുറിച്ച് 4.8.1 ഖണ്ഡികയിലും 4.9 ഖണ്ഡികയിലും വളരെ കൃത്യമായിത്തന്നെ സി.എ.ജി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ നിന്നുതന്നെ ഉദ്ധരിക്കാം : "വസ്തുതകള്‍ മറച്ചുവയ്ക്കുകയും അപൂര്‍ണ്ണമായ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തുകയും ടെലികമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ക്ക് കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുകയും അങ്ങനെ കൃത്രിമ മാര്‍ഗത്തിലൂടെ യു.എ.എസ് ലൈസന്‍സുകള്‍ കരസ്ഥമാക്കുകയും സ്പെക്ട്രം ലഭ്യത ഉറപ്പാക്കുകയും ചെയ്ത കമ്പനികള്‍ക്കാണ് 85 ലൈസന്‍സുകള്‍ നല്‍കിയിരിക്കുന്നത്. അവിശ്വസനീയമായ വിധം കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഈ ലൈസന്‍സുകളുടെ ഉടമകള്‍ തങ്ങളുടെ കമ്പനികളുടെ ഗണ്യമായ ഭാഗം ഓഹരികള്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്ന പ്രീമിയത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും വിറ്റു. ടെലികോം മേഖലയിലേക്ക് പുതുതായി കടന്നുവന്ന ഈ കമ്പനികള്‍ക്ക് ലഭിച്ച പ്രീമിയം യഥാര്‍ത്ഥത്തില്‍ സ്പെക്ട്രത്തിന്റെ യഥാര്‍ത്ഥ വില അല്ലാതെ മറ്റൊന്നും ആയിരുന്നില്ല. ഇതാകട്ടെ, സാധാരണഗതിയില്‍ പൊതു ഖജനാവിലേക്ക് വന്നുചേരേണ്ട തുകയുമായിരുന്നു.''

മുകളില്‍ പ്രസ്താവിച്ചവയുടെ അടിസ്ഥാനത്തില്‍, 2007-08 ല്‍ 35 ഇരട്ട സാങ്കേതികവിദ്യാ ലൈസന്‍സുകളും 122 പുതിയ യു.എ.എസ് ലൈസന്‍സുകളും അനുവദിച്ചതില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സി.എ.ജി വെളിപ്പെടുത്തി.

ഇത് നാളിതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും ഭീമമായ അഴിമതിയാണ് എന്ന് സുപ്രീംകോടതി പറഞ്ഞതില്‍ അല്‍പ്പവും അത്ഭുതമില്ല. എന്നാല്‍, ഈ രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നത് ഇത് സംഭവിച്ചത് രഹസ്യമായിട്ടാണോ എന്നാണ്. എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്ന് ഗവണ്‍മെന്റില്‍ ആരും അറിഞ്ഞിരുന്നില്ലേ? ഒരു മന്ത്രാലയം കൈക്കൊണ്ട നയനിലപാടുകളെയും നടപടിക്രമങ്ങളെയും കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നില്ലേ?

പ്രധാനമന്ത്രി അറിഞ്ഞിരുന്നോ?

സി.എ.ജി റിപ്പോര്‍ട്ട് പ്രകാരവും ടെലികോം മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ചോദ്യം ചെയ്യാത്തതുമായ സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരവും അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി അറിയാമായിരുന്നു.

* ഉചിതവും സുതാര്യവുമായ വിധത്തില്‍ സ്പെക്ട്രം ലേലം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് 2007 നവംബര്‍ 2-ന് ടെലികോം മന്ത്രിക്ക് പ്രധാനമന്ത്രി എഴുതി.

* പുതിയ ഓപ്പറേറ്റര്‍മാര്‍ക്കെല്ലാം നല്‍കാന്‍ വേണ്ടത്ര സ്പെക്ട്രം ലഭ്യമായിരുന്നു എന്ന് അതേ ദിവസം തന്നെ മന്ത്രി മറുപടി കൊടുത്തു.

* അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന ദിവസത്തില്‍ മാറ്റം വരുത്തുന്നതിനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അതേദിവസം തന്നെ മന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് എഴുതി.

* ഇരട്ട സാങ്കേതികവിദ്യയുടെ പ്രശ്നവും പുതിയ ലൈസന്‍സുകളുടെ പ്രശ്നവും ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും അന്നത്തെ വിദേശകാര്യമന്ത്രിയുമായും (പ്രണബ് മുഖര്‍ജി) നടത്തിയ യോഗത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഡിസംബര്‍ 26-ന് മന്ത്രി എഴുതി.

* ഡിസംബര്‍ 26-ന്റെ കത്ത് കിട്ടി എന്ന് മന്ത്രിയെ അറിയിക്കുക മാത്രം ചെയ്തുകൊണ്ട് 2008 ജനുവരി 3-ന്, അതായത് കുപ്രസിദ്ധമായ ലൈസന്‍സ് അനുവദിക്കലിന് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി രാജയ്ക്ക് കത്ത് എഴുതിയിരുന്നു.

ഈ കത്തുകള്‍ വെളിപ്പെടുത്തുന്നത്, നവംബര്‍ 2-ന്റെ കത്തിലൂടെ പ്രധാനമന്ത്രി തന്നെ ഉന്നയിച്ചിരുന്ന തടസ്സങ്ങളും ടെലികോം മന്ത്രാലയത്തിന്റെ ധനവകുപ്പിലെയും റഗുലേറ്ററി അതോറിറ്റിയിലെയും നിയമമന്ത്രാലയത്തിലെയും മറ്റും ഉദ്യോഗസ്ഥര്‍ ഉന്നയിച്ച തടസ്സവാദങ്ങളും അവഗണിച്ചുകൊണ്ട് ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന തികച്ചും തെറ്റായ നയവും വില താഴ്ത്തി നിശ്ചയിച്ചുള്ള തെറ്റായ വില നയവുമായി മന്ത്രി മുന്നോട്ടുപോവുകയായിരുന്നുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നാണ്.

ആയതിനാല്‍, ചോദ്യം ഇതാണ്: പ്രധാനമന്ത്രി ഖണ്ഡിതമായി ഇടപെടാതിരുന്നത് എന്തുകൊണ്ട്? അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ "ഐക്യമുന്നണി ധര്‍മ്മ''ത്തിന്റെ പേരില്‍ പൊതു മുതല്‍ കൊള്ളയടിക്കാന്‍ അനുവാദം നല്‍കിയിരുന്നു എന്നാണോ ഇതിനര്‍ത്ഥം?

ജെ.പി.സി വേണമെന്ന ആവശ്യം

അഴിമതിക്കുള്ള ബഹുതലസ്വഭാവം കൊണ്ടുതന്നെയാണ്, സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചു. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്ത്, 2001-ല്‍ പ്രതിരോധ ഇടപാടുകളെ സംബന്ധിച്ച അഴിമതി തുറന്നുകാട്ടപ്പെട്ടു. തെഹല്‍ക തുറന്നുകാണിച്ച അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം, അന്നത്തെ പ്രധാന പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് പ്രണബ് മുഖര്‍ജിയും മറ്റുള്ളവരും ചേര്‍ന്നുകൊണ്ട്, രാജ്യസഭയില്‍ അക്കാലത്ത് അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ് പാര്‍ടിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. ജെ.പി.സി രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം കാരണം ഉണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് തങ്ങളാല്‍ കഴിവുള്ളതെല്ലാം ചെയ്തുവെന്ന് അന്ന് സോണിയാഗാന്ധി പ്രസ്താവിക്കുകയുണ്ടായി. "ഞങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഗവണ്‍മെന്റ് സ്തംഭനാവസ്ഥ പരിഹരിക്കണം; സര്‍ക്കാര്‍ രാഷ്ട്രതന്ത്രജ്ഞത കാണിക്കണം'' എന്നാണ് അന്ന് സോണിയാഗാന്ധി പറഞ്ഞത്. തന്റെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന് അവര്‍ ഇന്ന് ഇതേ ഉപദേശം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അതെന്തായാലും, വ്യവസ്ഥയ്ക്കുള്ളിലെ ജീര്‍ണ്ണതയെ 2-ജി സ്പെക്ട്രം തുറന്നുകാണിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പരിശുദ്ധിയെക്കുറിച്ചുള്ള പ്രചരണം കൊണ്ട് അത് മറച്ചുവയ്ക്കാന്‍ കഴിയുകയില്ല. ചോദ്യമിതാണ്: അദ്ദേഹം എന്തുകൊണ്ട് നടപടി എടുത്തില്ല? തക്കസമയത്ത് അദ്ദേഹം നടപടി എടുത്തിരുന്നുവെങ്കില്‍ ഖജനാവിന്റെ 1.76 ലക്ഷം കോടി രൂപ നഷ്ടം വരുത്താതിരിക്കാന്‍ കഴിയുമായിരുന്നില്ലേ?

കോമണ്‍വെല്‍ത്ത് ഗെയിംസ്

ഒക്ടോബര്‍ 1 മുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ജനങ്ങളുടെ പൊതുവായ സ്വത്ത് കൊള്ളയടിക്കുന്നതിനുള്ള അവസരമായിത്തീരുകയാണുണ്ടായത്. ഒരിക്കല്‍ക്കൂടി, ഗവണ്‍മെന്റും അതിലെ ഉന്നതരായ അധികൃതരും അതിനു പിന്നില്‍ അനങ്ങാതിരുന്നു; അഴിമതി തടസ്സമില്ലാതെ തുടരുന്നതിന് ആരംഭിച്ചു. ഏജന്‍സികളുടെ ബാഹുല്യം, പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ ഉള്‍പ്പെട്ടവരുടെ ബാഹുല്യത്തിലും പ്രതിഫലിച്ചു. നഗരവികസന മന്ത്രാലയം, സ്പോര്‍ട്സ്-യുവജനകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റിങ് മന്ത്രാലയം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളും ഡെല്‍ഹി ഗവണ്‍മെന്റും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയും എല്ലാം ഇതില്‍ ഉള്‍പ്പെട്ട ഏജന്‍സികളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, നഗ്നവും അതിവിപുലവുമായ അഴിമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തു. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനും സ്പോര്‍ട്സിനാവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും ഗെയിംസിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനും ഉത്തരവാദപ്പെട്ട, വിവിധ തലങ്ങളില്‍പ്പെട്ട അധികാരികള്‍, അത്യന്തം വിപുലമായ ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക കമ്പനിക്ക് സംപ്രേക്ഷണാവകാശം നല്‍കുന്നതിലും അഴിമതിയുണ്ട് എന്നാണ് (അത് ദൂരദര്‍ശനു തന്നെ ചെയ്യാമായിരുന്നു) ഏറ്റവും ഒടുവില്‍ തുറന്നുകാട്ടപ്പെട്ടത്. ആ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നാണ് പ്രസാര്‍ഭാരതിയുടെ അധ്യക്ഷന്‍ അവകാശപ്പെടുന്നത്.

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിക്കാണിച്ചുകൊണ്ടും ഗെയിംസ് സുഗമമായി നടക്കട്ടെ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ധിക്കാരപൂര്‍ണമായ നിലപാട് കൈക്കൊള്ളുകയാണ് ചെയ്തത്. ഗെയിംസ് സമാപിച്ചുകഴിഞ്ഞപ്പോള്‍, റിട്ടയര്‍ ചെയ്ത സി.എ.ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു. ഈ കമ്മിറ്റിക്ക് അധികാരങ്ങളൊന്നുമില്ല. പൊതുജനരോഷം ശക്തമായതിനെത്തുടര്‍ന്ന്, ഗെയിംസിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ടി നിര്‍ബന്ധിതമായി. ക്വീന്‍സ് ബാറ്റണ്‍ റിലെയുടെ ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചതിന് (അതിലെ ചെലവ് രണ്ടുകോടിയോളം രൂപയാണ്) സംഘാടകസമിതിയിലെ രണ്ട് ഉദ്യോഗസ്ഥന്മാരെ അറസ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, വമ്പന്‍ സ്രാവുകളുടെ കാര്യം എന്താണ്? പശ്ചാത്തല സൌകര്യങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കും മറ്റുമായി ചെലവഴിച്ചതിന്റെ ഒരു ചെറിയ ഭാഗമേ യഥാര്‍ത്ഥത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേണ്ടിവന്നിട്ടുള്ളൂ. ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെയെല്ലാം (സംഘാടകസമിതിയിലുള്ളവരായാലും ശരി, ഡെല്‍ഹി ഗവണ്‍മെന്റിലുള്ളവരായാലും ശരി, കേന്ദ്ര ഗവണ്‍മെന്റിലുള്ളവരായാലും ശരി) നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം. എല്ലാ വശങ്ങളെക്കുറിച്ചും ഒരു ബഹുമുഖ ഡിസിപ്ളിനറി കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും തെറ്റു ചെയ്തവരുടെ മേല്‍ കേസ് ചാര്‍ജ് ചെയ്യുകയും പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളുകയും വേണം.

പ്രധാനമന്ത്രിക്ക് സി.പി.ഐ (എം) സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ എടുത്തുപറഞ്ഞിട്ടുള്ള, അഴിമതിയെ സംബന്ധിച്ച ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

അതിഭീമമായ ചെലവുകള്‍

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അതിഭീമമായ ധൂര്‍ത്ത് വളരെ ശ്രദ്ധേയമാണ്. ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന, താഴെ പറയുന്ന വസ്തുതകളില്‍നിന്ന് അത് വ്യക്തമാകുന്നുണ്ട്.

* 2003-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന ചെലവ് 1899 കോടി രൂപയായിരുന്നു.

* 2007 ഏപ്രില്‍ മാസത്തില്‍ ഗെയിംസിനായി 3,566 കോടി രൂപയുടെ ബജറ്റ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചു.

* 2009 ജൂലൈ മാസത്തെ സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് വേദികള്‍ ഉണ്ടാക്കുന്നതിനും നഗരപശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവുകള്‍ക്കും മറ്റുമായി ആകെ വേണ്ടത് 12,888 കോടി രൂപയാണ് എന്നാണ് കണക്കാക്കപ്പെട്ടത്.

* എന്നാല്‍, ഗെയിംസിന്റെ ആരംഭസമയമായപ്പോഴേക്കും കണക്കാക്കപ്പെട്ട ചെലവ് 70,000 കോടി രൂപയായി ഉയര്‍ന്നു.

* 2006ല്‍ മെല്‍ബോണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കുന്നതിനുവേണ്ടി വന്ന ചെലവ് 5,200 കോടി രൂപയായിരുന്നു. പണപ്പെരുപ്പം കാരണം ചെലവ് 100 ശതമാനം കൂടി എന്ന് കണക്കാക്കുകയാണെങ്കില്‍ത്തന്നെയും 2010-ല്‍ ആകെ ചെലവ് 10,400 കോടി രൂപയേ വരൂ. ഗെയിംസ് ആരംഭിച്ചസമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെലവിന്റെ ഏഴിലൊന്നേ വരൂ ഇത്.

വമ്പിച്ച അഴിമതി

മതിപ്പ് ചെലവ് ഇങ്ങനെ വര്‍ദ്ധമാനമായ തോതില്‍ ഉയര്‍ന്നതില്‍നിന്നുതന്നെ, വമ്പിച്ച അഴിമതി നടന്നിട്ടുണ്ട് എന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ. താഴെപ്പറയുന്ന വസ്തുതകള്‍, അതിനെ കൂടുതല്‍ സ്ഥിരീകരിക്കുന്നു:

* ഹൈദരാബാദില്‍ ഒരു പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 90 കോടി രൂപയേ ചെലവ് വന്നിട്ടുള്ളൂ. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം നവീകരിക്കുന്നതിന് വന്ന ചെലവ് 961 കോടി രൂപയാണ്!

* ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനു പുറത്തുള്ള ഓവര്‍ബ്രിഡ്ജിന് (നടപ്പാതയാണത്) ഉദ്ദേശിച്ച ചെലവ് 10 കോടിരൂപയായിരുന്നു. എന്നാല്‍, ഉപയോഗിച്ചുതുടങ്ങുന്നതിനു മുമ്പുതന്നെ അത് തകര്‍ന്നുവീണു. നിര്‍മ്മാണത്തിനുപയോഗിച്ച സാധനങ്ങളുടെയും നിര്‍മ്മാണത്തിന്റെ തന്നെയും ഗുണനിലവാരം മോശമായിരുന്നുവെന്നാണ് അത് കാണിക്കുന്നത്.

* കരാര്‍ അനുവദിക്കുമ്പോള്‍ തുടക്കത്തില്‍ നിശ്ചയിച്ച തുകയേക്കാള്‍ എത്രയോ കൂടിയ തുക കരാറുകാര്‍ക്ക് പിന്നീട് അനുവദിച്ചുകൊടുക്കുന്നതിന് ഉദ്യോഗസ്ഥന്മാര്‍ കാണിച്ച വെപ്രാളം, അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ 1038 കോടി രൂപയ്ക്ക്, ബഹുരാഷ്ട്ര കമ്പനിയായ ഇമാര്‍ എം.ജി.എഫിനാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് യാതൊരു വിശദീകരണവും പറയാതെ, 2009 മെയ് മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അവര്‍ക്ക് 700 കോടി രൂപയുടെ ഒരു പാക്കേജ് കൂടി അനുവദിച്ചു. അവരുടെ നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ആക്ഷേപമുണ്ടായിരുന്നു.

സാമൂഹ്യക്ഷേമപദ്ധതിക്കുള്ള ഫണ്ട് വകമാറ്റി ചെലവാക്കല്‍

അവശവിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവച്ചിരുന്ന ഫണ്ടില്‍നിന്ന് 700 കോടി രൂപ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഡെല്‍ഹി സംസ്ഥാന ഗവണ്‍മെന്റ് നിയമവിരുദ്ധമായി കോമണ്‍വെല്‍ത്ത് ഗെയിംസിനായി വകമാറ്റി ചെലവാക്കി. പ്രത്യേക ഘടകപദ്ധതിക്കായി മാറ്റിവച്ചിരുന്ന ഫണ്ടില്‍നിന്നാണ് ഇങ്ങനെ വകമാറ്റി ചെലവാക്കിയത്. ആഗസ്റ് 27-ന് ഇക്കാര്യം രാജ്യസഭയില്‍ ഗവണ്‍മെന്റ് സമ്മതിക്കുകയുണ്ടായി. ഡെല്‍ഹി ഗവണ്‍മെന്റ് തെരഞ്ഞെടുത്ത കോണ്‍ട്രാക്ടര്‍മാര്‍, തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കാതെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. തൊഴില്‍ വകുപ്പ് അന്വേഷണം നടത്തിയ 958 സംഭവങ്ങളില്‍ 86 ശതമാനത്തിലും കോണ്‍ട്രാക്ടര്‍മാര്‍ നിയമലംഘനം നടത്തിയതായി തെളിഞ്ഞു. എന്നാല്‍, അവര്‍ക്കെതിരായി ഒരു നടപടിയും കൈക്കൊണ്ടില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട എല്ലാ ഏജന്‍സികളുടെയും പങ്ക് വളരെ സൂക്ഷ്മമായി അന്വേഷിക്കണം; അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍, അവരെക്കൊണ്ട് അതിന് കണക്ക് പറയിക്കണം. എന്നാല്‍, വിവിധ അന്വേഷണ ഏജന്‍സികളുടെ സംയുക്ത കമ്മിറ്റിയുടെ കേന്ദ്രീകൃത അന്വേഷണത്തിനു പകരം, രണ്ടംഗ കമ്മിറ്റിയെയാണ് ഗവണ്‍മെന്റ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത് - അവരുടെ പരിഗണനാ വിഷയങ്ങളെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നുമില്ലതാനും! സംഘാടകസമിതിയുടെ ചെലവുകളിലെ അഴിമതിയെക്കുറിച്ച് മാത്രം അന്വേഷിക്കുന്നതിനുള്ള കമ്മിറ്റിയാണിതെന്നും തന്റെ ഗവണ്‍മെന്റിനെക്കുറിച്ച് ആ കമ്മിറ്റി അന്വേഷിക്കുകയില്ലെന്നും അതിന്റെ വ്യാപ്തിയെ നിര്‍വ്വചിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി.

കേന്ദ്രഗവണ്‍മെന്റ്, ഡെല്‍ഹി സംസ്ഥാന ഗവണ്‍മെന്റ്, ഡല്‍ഹി വികസന അതോറിറ്റി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, എം.സി.ഡി, ഡി.എം.ആര്‍.സി തുടങ്ങിയവയ്ക്ക് ഇതിലുള്ള പങ്ക് പരിശോധിക്കുന്നതിനെ തടയുന്നതിനുള്ള ഒരു ഒളിച്ചുകളിയാണിത്. ഇവയോരോന്നും നടത്തിയ ചെലവ്, സംഘാടകസമിതി നടത്തിയ ചെലവിനേക്കാള്‍ എത്രയോ ഇരട്ടി വരുന്ന തുകയാണ്!

ആദര്‍ശ് സൊസൈറ്റി അഴിമതി: ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം

മഹാരാഷ്ട്രയിലെ ആദര്‍ശ് സൊസൈറ്റി കുംഭകോണം (ആ വാക്കിന്റെ അര്‍ത്ഥം ശ്രദ്ധേയമാണ്) ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അഴിമതിയാണ് തുറന്നുകാണിച്ചിരിക്കുന്നത്. അഴിമതി തുറന്നുകാട്ടപ്പെട്ടതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. എന്നാല്‍, മറ്റുള്ളവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുകയാണ്. യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട്, ഭരണകക്ഷി രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റംവരെ അധഃപതിക്കാമെന്ന് ഈ കുംഭകോണം കാണിച്ചുതരുന്നു.

കാര്‍ഗില്‍ യുദ്ധത്തിനുശേഷം, 1999-ല്‍ ആണ് ആദര്‍ശ് സൊസൈറ്റി രൂപീകരിക്കപ്പെട്ടത്. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വിധവകള്‍ക്കും വീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉണ്ടാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് സൊസൈറ്റി രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് സൊസൈറ്റിക്കാര്‍ സംസ്ഥാന ഗവണ്‍മെന്റിന് നല്‍കിയ ഔദ്യോഗിക കത്തുകളില്‍ പ്രസ്താവിച്ചിരുന്നു. അതില്‍ പിന്നീടുള്ള 11 കൊല്ലത്തിനുള്ളില്‍, ദക്ഷിണ മുംബൈയിലെ അതിസമ്പന്നര്‍ പാര്‍ക്കുന്ന കൊളാബയില്‍, കണ്ണായ സ്ഥലത്തുള്ള ഭൂമിയില്‍, എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് 31 നിലയുള്ള ഒരു കെട്ടിടം പണിതുയര്‍ത്തി. ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും എല്ലാം ലംഘനംകൊണ്ട് നിറഞ്ഞതായിരുന്നു ആദര്‍ശ് കുംഭകോണം. തീരദേശ നിയന്ത്രണ നിയമത്തിന്‍ കീഴില്‍ വരുന്ന ഭൂമിയിലാണ് കെട്ടിടം പണിതിട്ടുള്ളത്. അങ്ങനെയുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിനുമുമ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് അനുവാദം നേടിയിരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍, ആദര്‍ശ് സൊസൈറ്റിക്ക് അത്തരം അനുവാദമൊന്നും ലഭിച്ചിട്ടില്ല. അതേ അവസരത്തില്‍ തങ്ങള്‍ക്ക് അങ്ങനെ അനുവാദം ലഭിച്ചിട്ടുണ്ട് എന്ന് അവര്‍ കള്ളപ്രസ്താവന നടത്തിയിട്ടുമുണ്ട്. സംസ്ഥാന പരിസ്ഥിതി വകുപ്പും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. തീരദേശ നിയന്ത്രണ നിയമം അനുസരിച്ച്, 30 മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം പണിയാന്‍ പാടില്ല. എന്നാല്‍, ഈ പരിധി ലംഘിച്ച് അതിന്റെ മൂന്നിരട്ടിയില്‍ അധികം ഉയരമുള്ള (103 മീറ്റര്‍) കെട്ടിടമാണ് പണിതിരിക്കുന്നത്. ആദ്യം ഉദ്ദേശിച്ചിരുന്നത് ആറ് നിലയുള്ള കെട്ടിടമായിരുന്നുവെങ്കിലും 31 നിലകളുള്ള ആകാശഗോപുരമാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്.

ആദര്‍ശ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് വില്‍പ്പന നടത്തിയ 103 ഫ്ളാറ്റുകളില്‍ ഒരൊറ്റ എണ്ണം പോലും കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളുടെ വിധവകള്‍ക്കോ കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കോ ലഭിച്ചിട്ടില്ല എന്ന് ഇപ്പോള്‍ അറിവായിട്ടുണ്ട്. ഈ ഫ്ളാറ്റുകളെല്ലാം അടിച്ചെടുത്തത്, ഉന്നതരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും സായുധസേനയിലെ ഉന്നത പദവിയിലുള്ള ഓഫീസര്‍മാരുമാണ്. അവിടംകൊണ്ടും അവസാനിച്ചില്ല. ഓരോ ഫ്ളാറ്റിന്റെയും വിപണിവില 8-10 കോടി രൂപയാണെങ്കിലും, ഇവര്‍ അത് നേടിയെടുത്തത് തുച്ഛമായ 60-80 ലക്ഷം രൂപയ്ക്കാണ്.

എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു

എല്ലാ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ഈ സൊസൈറ്റിക്ക് ആവശ്യമായ അനുവാദങ്ങളെല്ലാം നല്‍കിയവരുടെ കൂട്ടത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെങ്കിലുമുണ്ട്. അവര്‍ ആര്‍ത്തിപിടിച്ച നഗരവികസന വകുപ്പുതന്നെ കൈകാര്യം ചെയ്തിരുന്നു. അവരില്‍ ചിലര്‍ അക്കാലത്ത് സംസ്ഥാനത്തെ റവന്യൂ വകുപ്പുമന്ത്രിമാരും ആയിരുന്നു. തന്റെ സ്വന്തക്കാര്‍ക്ക് മൂന്ന് ഫ്ളാറ്റുകള്‍ ആണ് ഒരു മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തത്. മറ്റൊരാളും മൂന്ന് ഫ്ളാറ്റുകള്‍ക്ക് ശുപാര്‍ശ ചെയ്തു. അങ്ങനെ പോകുന്നു അഴിമതി. ആദര്‍ശ് സൊസൈറ്റിയിലെ 103 ഫ്ളാറ്റുകളില്‍ 51 എണ്ണമാണ് മുഖ്യമന്ത്രിമാരിലൊരാള്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം, ഇതു സംബന്ധിച്ച ഫയല്‍ 11 വകുപ്പുകളിലൂടെ അഭൂതപൂര്‍വ്വമായ വേഗതയില്‍ നീക്കിയെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രക്രിയയാകെ ഒരൊറ്റ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സാധാരണ നിലയില്‍ അതിന് നിരവധി മാസക്കാലമെടുക്കും; ചിലപ്പോള്‍ രണ്ടോ മൂന്നോ കൊല്ലംതന്നെ എടുക്കാം.

ആദര്‍ശ് അഴിമതിയുടെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ്സ് ആണെങ്കിലും എന്‍.സി.പിയും ഒട്ടും പിറകിലല്ല. ഇപ്പോഴത്തെ ഗവണ്‍മെന്റിലും മുന്‍ ഗവണ്‍മെന്റുകളിലും മന്ത്രിമാരായിരുന്നവര്‍ അതില്‍ ഉള്‍പ്പെടുന്നു. ശിവസേനയും ബി.ജെ.പിയും പിറകിലാകരുതല്ലോ. അവരുടെ നേതാക്കന്മാര്‍ക്കും ചില ഫ്ളാറ്റുകള്‍ കിട്ടി. മുന്‍ കേന്ദ്രമന്ത്രി സുരേഷ്പ്രഭുവും അക്കൂട്ടത്തിലുണ്ടായിരുന്നു.

സ്വന്തം പേരില്‍ ഫ്ളാറ്റുകള്‍ സമ്പാദിച്ച, സൊസൈറ്റി അംഗങ്ങളില്‍ 40 പേര്‍ തങ്ങളുടെ മാസവരുമാനം 12,500 രൂപയില്‍ താഴെയാണെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നിട്ടും 60-80 ലക്ഷം രൂപ ഫ്ളാറ്റിനായി അവര്‍ക്ക് നല്‍കാനും കഴിവുണ്ട്! ഇതൊക്കെ ബിനാമി ഫ്ളാറ്റുകളാണെന്നും ശക്തരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണ് അവയുടെ യഥാര്‍ത്ഥ ഉടമസ്ഥരെന്നും ഉള്ള സംശയം പ്രബലപ്പെടുത്തുന്ന കാര്യങ്ങളാണിവയൊക്കെ.

ഉന്നതരായ ബ്യൂറോക്രാറ്റുകളും ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്

ഉന്നതരായ ബ്യൂറോക്രാറ്റുകള്‍ക്കും (അല്ലെങ്കില്‍ അവരുടെ സ്വന്തക്കാര്‍ക്ക്) ആദര്‍ശ് സൊസൈറ്റിയില്‍ സ്ഥലം ലഭിച്ചുവെന്ന് അഭിമാനിക്കാം. നിയമവിരുദ്ധമായി അനുമതി നല്‍കുന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടവരാണ് അതില്‍ നിരവധിപേര്‍. അതിന് പ്രത്യുപകാരമായി അവര്‍ക്ക് നല്ല ഫ്ളാറ്റുകള്‍ ലഭിക്കുകയും ചെയ്തു.

മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍, മുന്‍ മുംബൈ ജില്ലാ ജഡ്ജിമാര്‍, മുന്‍ ബി.ഇ.എസ്.ടി ജനറല്‍ മാനേജര്‍, മുന്‍ അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിമാര്‍, മുന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, മുന്‍ അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി, മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മുന്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ തുടങ്ങിയവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമായ മറ്റ് നിരവധിപേരുടെ ഉദാഹരണവും ഇനിയും ചൂണ്ടിക്കാണിക്കാനുണ്ടാവും.

രാജ്യരക്ഷാവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും ആദര്‍ശ് സൊസൈറ്റിയില്‍ ഫ്ളാറ്റുകള്‍ നല്‍കിയിട്ടുണ്ട്. രണ്ട് കരസേനാ മേധാവികള്‍, നാവികസേനാ മേധാവി, മറ്റ് ഉന്നതരായ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.

ഈ പ്രശ്നത്തെക്കുറിച്ച് വലിയ കോലാഹലം ഉണ്ടായിക്കഴിഞ്ഞപ്പോള്‍, പ്രസ്തുത കെട്ടിടം ആകെ പൊളിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആദര്‍ശ് സൊസൈറ്റിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഈ അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരില്‍ ചിലര്‍ ഇപ്പോഴും കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിമാരായി തുടരുന്നു. അന്വേഷണത്തെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയും. ഇതില്‍ ഉള്‍പ്പെട്ട ബ്യൂറോക്രാറ്റുകളില്‍ ചിലര്‍ ഇപ്പോഴും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരാന്‍ അവര്‍ക്ക് ധാര്‍മ്മികമായ എന്ത് അവകാശമാണുള്ളത്? റിട്ടയര്‍ ചെയ്ത ബ്യൂറോക്രാറ്റുകളുടെയും പ്രതിരോധ ഉദ്യോഗസ്ഥന്മാരുടെയും സ്ഥിതിയോ? ഈ അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തിക്കണം; കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യണം; കര്‍ശനമായ നടപടി കൈക്കൊള്ളണം.

മറ്റ് അഴിമതികള്‍

അരി ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അരി കയറ്റുമതിക്കുമേല്‍ വ്യക്തമായ നിരോധനം നിലനില്‍ക്കെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നടത്തിയ അരി കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു അഴിമതി ആരോപണം. അന്ന് കമല്‍നാഥിന്റെ കീഴിലായിരുന്ന വാണിജ്യമന്ത്രാലയം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സഹായം നല്‍കുന്നതിനായി ഒരു പ്രത്യേകാപേക്ഷ സമര്‍പ്പിച്ചു. ഇഷ്ടപ്പെട്ട ചില സ്ഥാപനങ്ങള്‍ക്ക് കയറ്റുമതിക്കായി ലൈസന്‍സ് നല്‍കി. ബി.പി.എല്‍ വിലയ്ക്ക് അരി നല്‍കണമെന്നാണ് നിശ്ചയിച്ചത്. എന്നാല്‍, ഈ രാജ്യങ്ങളിലുള്ള തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് അതിലും വളരെ ഉയര്‍ന്ന വിലയ്ക്കാണ് അരി നല്‍കിയത്. ഈ കച്ചവടത്തില്‍ 2500 കോടിയിലേറെ രൂപ നേടി. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ അവര്‍ക്ക് അരി കിട്ടിയില്ലെന്ന് പരാതിപ്പെട്ടപ്പോഴാണ് ഇക്കാര്യം വെളിച്ചം കണ്ടത്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരന്വേഷണം നടത്താമെന്ന് പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തിന് ഉത്തരവിടുകയോ ഇന്നേവരെ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

ഐ.പി.എല്‍ കുംഭകോണം

ബി.സി.സി.ഐ പോലുള്ള സ്പോര്‍ട്സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഭരണപാര്‍ടിയിലെയും മുഖ്യ പ്രതിപക്ഷത്തെയും കാബിനറ്റ് മന്ത്രിമാരും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളുമാണ്. ഐ.പി.എല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ശശിതരൂരിന് രാജിവെക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ പങ്കാളി 70 കോടി രൂപയുടെ വിയര്‍പ്പോഹരി ഒരു ടീമിന്റെ ഉടമസ്ഥരില്‍നിന്ന് കൈപ്പറ്റിയെന്ന് വെളിപ്പെട്ടതിനെത്തുടര്‍ന്നാണ്. ഐ.പി.എല്ലിലെ ഒരു പ്രത്യേക വിഭാഗത്തിന് ലേലം ഉറപ്പിച്ച് കിട്ടുന്നതിനായി ശശിതരൂര്‍ ഇടപെട്ടതായി വെളിപ്പെട്ടിരുന്നു. ആ സ്ഥാപനത്തില്‍നിന്നാണ് വിയര്‍പ്പോഹരി ശശിതരൂരിന്റെ പങ്കാളിക്ക് ലഭ്യമാവുന്നത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട ദുരൂഹമായ കളികളില്‍ ഭരണകക്ഷിയുടെയും സഖ്യകക്ഷികളുടെയും ഉന്നതരായ നിരവധി നേതാക്കള്‍ പങ്കാളികളായിട്ടുണ്ട്. ഈ സ്ഥിതിവിശേഷം ക്രിക്കറ്റിനെ ഒരു വ്യാപാരവും അതിലെ ടീമുകളെ നിക്ഷേപാവസരവുമാക്കിത്തീര്‍ത്തിരിക്കുന്നു. ഒരു ടീമിന്റെ മാത്രം വില അത്ഭുതകരമായ 1500 കോടി രൂപ എന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. സി.ബി.ഐ അന്വേഷണത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്ന ഉന്നതരായ പ്രൊമോട്ടര്‍മാരിലൊരാള്‍ പറഞ്ഞത് ക്രിക്കറ്റ് രംഗത്തെ അസോസിയേഷനുകള്‍ നേടുന്നസംഖ്യ 8ം ലക്ഷം ഡോളറില്‍ അധികമാണെന്നാണ്. പ്രക്ഷേപണാവകാശത്തിന്റെ ലേലം തുടങ്ങി കരാറിന്റെ മറ്റു ഘട്ടങ്ങളില്‍ നേടുന്ന തുക ഇതില്‍ ഉള്‍പ്പെടുന്നില്ല. വെളിവാക്കപ്പെട്ടതുപോലെ മറ്റു കമ്പനികളുടെ ബിനാമിമാരായാണ് പല ഉടമസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഐ.പി.എല്ലില്‍ കൂടെ നേടുന്ന ഈ വന്‍ തുകയ്ക്കൊന്നും ആദായനികുതി അടയ്ക്കുന്നില്ല. ദുരൂഹമായ സ്രോതസ്സുകളില്‍നിന്നാണ് ഈ പണമെല്ലാം വരുന്നതെന്ന് വെളിവാക്കപ്പെട്ടു. ഐ.പി.എല്ലിന്റെ വിവിധ ഭാരവാഹികള്‍ക്കിടയില്‍ നടന്ന ആഭ്യന്തര വഴക്കിനെത്തുടര്‍ന്നാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവരികയും അഴിമതി പുറത്താവുകയും ചെയ്തത്. ധനമന്ത്രി തെറ്റു ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്ന് ഉറപ്പുതന്നിരുന്നുവെങ്കിലും ശരിയായ അന്വേഷണം നടത്തുന്നതിനായി ഇതുവരെ ഗവണ്‍മെന്റില്‍നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.

കര്‍ണാടകം: ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

കര്‍ണാടകത്തിലെ യെദ്യൂരപ്പ ഗവണ്‍മെന്റ് നിരവധി അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നിരിക്കുന്നു. അതിന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്നതാവട്ടെ മുഖ്യമന്ത്രി തന്നെയാണുതാനും. സ്വന്തം ബന്ധുക്കളുടെ നേട്ടത്തിനായി തന്റെ സ്ഥാനം അദ്ദേഹം പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും ബി.ജെ.പിയിലെ ഉന്നത നേതൃത്വത്തിന്റെ സഹായത്തോടെ ഇതിനെയെല്ലാം തേച്ചുമാച്ചുകളയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിയമവിരുദ്ധ ഖനനത്തിന്റെ പ്രയോജകര്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയിട്ടും ഗവണ്‍മെന്റില്‍ തന്നെ തുടരുകയാണ്. ബി.ജെ.പിയുടെ ഇരട്ടത്താപ്പിന്റെയും ആത്മവഞ്ചനയുടെയും ഉത്തമ നിദര്‍ശനമാണിത്.

കര്‍ണ്ണാടകയിലെ പ്രതിപക്ഷ പാര്‍ടികള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളതും ലോകായുക്ത മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതുമായ തെളിവുകള്‍ വ്യക്തമാക്കുന്നത് യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചാര്‍ജ്ജെടുത്തതിനുശേഷം ബാംഗ്ളൂരിന് തൊട്ടുള്ള സമ്പുഷ്ടമായതും 5000 കോടി വിലമതിക്കുന്നതുമായ ഭൂമിയുടെ വിജ്ഞാപനങ്ങള്‍ റദ്ദാക്കി അവ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ്. ഗവണ്‍മെന്റ് തന്റെ തൊഴിലില്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ലോകായുക്ത പ്രതിഷേധാത്മകമായി ഒരിക്കല്‍ രാജിവെക്കുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്തു. ഈ ഇടപാടില്‍ നിന്ന് മുഖ്യമായി നേട്ടമുണ്ടാക്കിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മക്കളും അദ്ദേഹത്തിന്റെ ബന്ധുക്കളുമാണ്. മുഖ്യമന്ത്രി ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ല. മിറച്ച്, തന്റെ മുന്‍ഗാമികളുടെ ചെയ്തികള്‍ ചൂണ്ടിക്കാട്ടി സ്വന്തം ചെയ്തിയെ ന്യായീകരിക്കുകയാണദ്ദേഹം ചെയ്തത്.

* വിപണി വില 15 കോടി രൂപയായിരിക്കെ അരാവതി താഴ്വരയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കി. അത് ഏക്കറിന് ഒരു കോടി രൂപയ്ക്ക് അദ്ദേഹത്തിന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും കിട്ടി.

* തന്റെ പുത്രന്മാര്‍ക്ക് കൂട്ടുടമസ്ഥതയുള്ള ഒരു സ്ഥാപനത്തിന് നേട്ടമുണ്ടാക്കാനാവുംവിധം ബനസങ്കരിയില്‍ 175 കോടി രൂപ വില വരുന്ന പുരയിടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം അദ്ദേഹം റദ്ദാക്കിക്കൊടുത്തു.

* ഫ്ളൂയിഡ് പവര്‍ കമ്പനി എന്ന തന്റെ മകള്‍ക്കും മരുമകള്‍ക്കും ഡയറക്ടര്‍ സ്ഥാനമുള്ള സ്ഥാപനത്തിന് ആ സ്ഥാപനം രൂപീകരിച്ച് 15 ദിവസത്തിനകം വ്യവസായ നിര്‍മ്മാണം നടക്കാന്‍ പോകുന്ന ഒരു സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി പതിച്ചുകൊടുത്തു. വിപണി വില 8.5 കോടി രൂപയായിരിക്കെ വെറും 84 ലക്ഷം രൂപയ്ക്കാണ് ആ സ്ഥലം നല്‍കിയത്.

* ഒരു ബി.പി.ഒ സ്ഥാപിക്കുന്നതിനുവേണ്ടി ബാംഗ്ളൂരില്‍ നിന്ന് 55 കിലോമീറ്ററിനുള്ളിലുള്ള ഒരു സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി അതിന്റെ വിപണി വില 26 കോടി രൂപയായിരിക്കെ, വെറും 40 ലക്ഷം രൂപയ്ക്ക് മകള്‍ക്ക് നല്‍കി.

* അദ്ദേഹത്തിന്റെ സഹോദരിക്കും മകനും 5 കോടി വില മതിക്കുന്ന സ്ഥലങ്ങള്‍ പതിച്ചുനല്‍കി.

* മറ്റൊരു സംഭവത്തില്‍ 181 കോടി രൂപയിലേറെ വിലമതിക്കുന്ന 11.25 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുകയും അത് കുറഞ്ഞ വിലയ്ക്ക് റിയല്‍ എസ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ഉദാഹരണമായി മുഖ്യമന്ത്രിയുടെ ആണ്‍മക്കള്‍ പങ്കാളികളായ ഒരു സ്ഥാപനത്തിന് 39 കോടി രൂപ വിലമതിക്കുന്ന സ്ഥലം വെറും 3 കോടി രൂപയ്ക്ക് നല്‍കി.

* 2.05 ഏക്കര്‍ വരുന്നതും 13 കോടിയിലേറെ വിലവരുന്നതുമായ മറ്റൊരു ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി വെറും 2.20 കോടി രൂപയ്ക്ക് വിറ്റു. ഈ ഭൂമി അനുവദിച്ചുകിട്ടിയ സ്ഥാപനത്തിന്റെ ധനകാര്യ സ്റേറ്റുമെന്റില്‍ ഉടമ മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാപനത്തിന് 2 കോടി രൂപ കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കുംഭകോണങ്ങളൊക്കെ പുറത്തുവന്നപ്പോഴും മുഖ്യമന്ത്രി അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചത് തനിക്ക് പാര്‍ടി നേതൃത്വത്തിന്റെ 'അനുഗ്രഹാശിസ്സുകള്‍' ഉണ്ടെന്നാണ്. ഇത് നാണക്കേടുതന്നെ ബി.ജെ.പി!

എന്നാല്‍, ഈ സ്വജനപക്ഷപാതവും അഴിമതിയുമൊക്കെ കര്‍ണ്ണാടക സംസ്ഥാനത്തിലെ ബെല്ലാരി ജില്ലയില്‍ ഖനി മാഫിയ ഉണ്ടാക്കിയ അനധികൃത സമ്പാദ്യങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭമായിപ്പോകും. ഏവര്‍ക്കുമറിയാവുന്നതുപോലെ, ഖനിസ്ഥാപനങ്ങളുടെ ഉടമസ്ഥരായ രണ്ട് റെഡ്ഡി സഹോദരന്മാര്‍ യെദ്യൂരപ്പ ഗവണ്‍മെന്റില്‍ മന്ത്രിമാരാണെന്നു മാത്രമല്ല, അവര്‍ക്ക് ഉന്നത ബി.ജെ.പി നേതൃത്വത്തിന്റെ സംരക്ഷണവുമുണ്ട്. പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് ഖനി കുംഭകോണം പുറത്തുവന്നതിനുശേഷവും ഈ രണ്ട് സഹോദരന്മാരെയും അനുഗ്രഹിക്കുന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുന്നു. അവര്‍ക്ക് കിട്ടുന്ന പിന്തുണയുടെ രേഖാപരമായ തെളിവാണത്.

ഇരുമ്പയിരിന്റെ വില ടണ്ണിന് 5000 രൂപയില്‍ നിന്ന് 7000 രൂപയായി ഉയര്‍ന്നിട്ടും റോയല്‍റ്റി ഇനത്തില്‍ ടണ്ണിന് സര്‍ക്കാരിന് കിട്ടുന്നത് വളരെ തുച്ഛമായ 27 രൂപ മാത്രമാണ്. നിയമവിരുദ്ധമായി ഖനനം ചെയ്യപ്പെടുന്ന ഇരുമ്പയിര്‍ വന്‍ ലാഭം നേടി വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു.

കര്‍ണ്ണാടകത്തിലെ ലോകായുക്തയായ ജസ്റിസ് സന്തോഷ് ഹെഗ്ഡെ അനധികൃത ഖനനത്തെക്കുറിച്ച് സ്വയം കേസ്സെടുക്കുകയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നതിനാല്‍ ഖനി മാഫിയയുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ കാണിക്കുന്നത് ശക്തമായ ഒരു ലോബി ഖനനത്തിനായി കരാറടിസ്ഥാനത്തില്‍ നിരവധി ലൈസന്‍സുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ്. ഈ ലോബി ഖനികള്‍ പാട്ടത്തിനെടുക്കുകയും ഇരുമ്പയിര്‍ കുഴിച്ചെടുക്കുകയും ചെയ്ത് 80 ശതമാനത്തിലേറെ ലാഭമുണ്ടാക്കുന്നു. ഒരു ദിവസം 39 കോടി രൂപ വരുമാനം കിട്ടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദിവസം ചെലവ് കഴിഞ്ഞ് കിട്ടുന്ന ലാഭം തന്നെ 17 കോടി രൂപ വരും. അതേസമയംതന്നെ നിയമവിരുദ്ധ ഖനനം നടത്തുന്ന ഒരു വന്‍ റാക്കറ്റും പ്രവര്‍ച്ചിച്ചുവരുന്നുണ്ട്. ഈയിടെ കര്‍ണ്ണാടകത്തിലെ ഒരു തുറമുഖത്തില്‍ കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പയിര്‍ കാണാതായതിനെക്കുറിച്ച് ലോകായുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ ഇരുമ്പയിരിന്റെ വില മാത്രം 2500 കോടി രൂപ വരും.

സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ പറഞ്ഞത് നിയമവിരുദ്ധമായി നടക്കുന്ന ഖനനവും കരാറുകളും മൊത്തത്തിലെടുത്താല്‍ 25,000 കോടി മുതല്‍ 30,000 കോടി രൂപവരെ വരുമെന്നാണ്.

ഇതാണ് കര്‍ണ്ണാടകത്തിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ ചരിത്രം. എന്നാല്‍, മറ്റൊരു കാര്യം കൂടെ സൂചിപ്പിക്കേണ്ടതുണ്ട്. അതിര്‍ത്തിക്കു പുറത്തുള്ള ആന്ധ്രയില്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. റെഡ്ഡി സഹോദരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖനന ബിസിനസ്സ് പ്രവര്‍ത്തനത്തില്‍ അവരും കക്ഷികളാണ്. ആന്ധ്രപ്രദേശില്‍ സി.പി.ഐ (എം) ഉം മറ്റു പ്രതിപക്ഷ പാര്‍ടികളും നിയമവിരുദ്ധ ഖനനത്തിന്റെയും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെയും വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസ്സായാലും ബി.ജെ.പിയായാലും ഖനി മാഫിയയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും!

സമാപനം

നവലിബറല്‍ കാലഘട്ടത്തില്‍ അഴിമതിയുടെ അര്‍ത്ഥശാസ്ത്രം പുതിയ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. ലൈസന്‍സ് കിട്ടുന്നതിനും ചട്ടങ്ങള്‍ മറികടന്ന് നേട്ടങ്ങളുണ്ടാക്കുന്നതിനും വേണ്ടി മുന്‍പ് വന്‍'ബിസിനസുകാര്‍ ഉന്നത തലത്തിലുള്ളവര്‍ക്ക് കൈക്കൂലി കൊടുക്കുകയായിരുന്നുവെങ്കില്‍ ഇന്ന് വന്‍ ബിസിനസ്സുകാരും കോര്‍പ്പറേറ്റുകളും നയങ്ങള്‍ തീരുമാനിക്കുന്നവരെന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. മന്ത്രി ആരുതന്നെ ആയാലും നയങ്ങള്‍ തന്നെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. ടെലികോം വ്യവസായത്തിലായാലും, എണ്ണ-പെട്രോളിയം മേഖലയിലായാലും, ആണവ മേഖലയിലായാലും, പ്രതിരോധത്തിലായാലും കോര്‍പ്പറേറ്റുകളുടെ നേട്ടത്തിനായി ഇരുട്ടിവെളുക്കുംമുമ്പ് നയങ്ങള്‍ മാറ്റാമെന്ന സ്ഥിതിയാണിന്നുള്ളത്. സ്വകാര്യവല്‍ക്കരണവും നിയന്ത്രണം ഒഴിവാക്കലും നയങ്ങള്‍ തീരുമാനിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ അധികാരത്തെ വന്‍തോതില്‍ വളര്‍ത്തിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും ഭരണകൂട ഏജന്‍സികളും വന്‍കിട മൂലധനത്തിന് വഴങ്ങിക്കൊടുക്കുകയാണ്. ഉന്നതങ്ങളില്‍ വിലയ്ക്കുവാങ്ങാവുന്ന സ്ഥിതിയും അഴിമതിയും ഉദാരവല്‍ക്കരണ പ്രക്രിയ വന്‍തോതില്‍ വികസിപ്പിച്ചിരിക്കുന്നു.

അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി നിരവധി അഴിമതികളിലൂടെ ഗവണ്‍മെന്റും വന്‍ ബിസിനസ്സുകാരുമായുള്ള ഒരു അവിഹിതബന്ധം രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടാം യു.പി.എ ആ അതിര്‍ത്തികളെയെല്ലാം ഉല്ലംഘിച്ചിരിക്കുന്നു. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സും അതിന്റെ സഖ്യശക്തികളുമെല്ലാം എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു.

ഇന്നത്തെ നയങ്ങളുടെ ചട്ടക്കൂടിനകത്താണ് അഴിമതി വളരുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതെന്നതിനാല്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന ഈ നയങ്ങള്‍ക്കെതിരായി പോരാടുകയും അതിനെ ചെറുക്കുകയും വേണം.

*
അഴിമതിക്കെതിരായ കാമ്പയിന്‍ സിപിഐ (എം) കേന്ദ്ര കമ്മിറ്റി കടപ്പാട്: ചിന്ത വാരിക 101210