Tuesday, December 17, 2013

മുങ്ങുന്ന കപ്പല്‍

2ജി സ്പെക്ട്രം കുംഭകോണത്തില്‍ കോണ്‍ഗ്രസ് നടത്തിയ കള്ളക്കളി വീണ്ടുമൊരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുന്നുണ്ട് കോണ്‍ഗ്രസുമായി ഇനി സഖ്യമില്ലെന്ന ഡിഎംകെ നേതാവ് എം കരുണാനിധിയുടെ പ്രഖ്യാപനത്തിലൂടെ. 1,76,643 കോടിയുടേതായിരുന്നു 2ജി സ്പെക്ട്രം കുംഭകോണം. അത് പുറത്തുവരികയും അതേത്തുടര്‍ന്ന് നിവൃത്തിയില്ലാത്ത ഒരു രാഷ്ട്രീയസാഹചര്യം ഉരുത്തിരിയുകയുംചെയ്ത ഘട്ടത്തില്‍ സ്വന്തം മുഖം രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ചില നടപടികളെടുക്കുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഈ കുംഭകോണത്തിന്റെ സര്‍വ ഉത്തരവാദിത്തവും ആ ഘട്ടത്തില്‍ ടെലികോംമന്ത്രിയായിരുന്ന എ രാജയ്ക്കും കരുണാനിധിയുടെ മകള്‍ കനിമൊഴിക്കുമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കലായിരുന്നു. എന്നാല്‍, രാജയുടെയും കനിമൊഴിയുടെയും വഴിക്കുപോയത് 250 കോടി രൂപയാണെന്ന് കണ്ടെത്താനേ എല്ലാ രാഷ്ട്രീയ സമ്മര്‍ദങ്ങളും ഉണ്ടായിട്ടും സിബിഐക്ക് സാധിച്ചുള്ളൂ. രാജയെയും കനിമൊഴിയെയും ജയിലിലടച്ചു.

എന്നാല്‍, അപ്പോഴും ഉത്തരംകിട്ടാതെ വലിയ ഒരു ചോദ്യം ബാക്കിനിന്നു. 250 കോടി രൂപ ഇവര്‍ കൊണ്ടുപോയി എന്നുതന്നെ ഇരിക്കട്ടെ. ബാക്കി 1,76,393 കോടി രൂപ പോയത് ഏത് വഴിക്കാണ്? ആരിലൂടെയാണ്? ആ വഴിക്ക് അന്വേഷണം പോയില്ല. പ്രധാനമന്ത്രിയുടെ ഓഫീസുവരെ അംഗീകരിച്ച ഫയല്‍പ്രകാരമാണ് 2ജി കാര്യത്തില്‍ ഓരോ നീക്കവും നടന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റെയും കാര്‍മികത്വത്തിലാണ് എല്ലാം നടന്നത്. സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥര്‍വരെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. ആ നിലയ്ക്ക് അന്വേഷണം പുരോഗമിച്ചാല്‍ 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ മഹാസിംഹഭാഗവും ചെന്നെത്തിയത് കോണ്‍ഗ്രസ് നേതാക്കളിലേക്കോ, അതിന്റെ അധികാരികളിലേക്കോ ആണെന്നത് വ്യക്തമാകും. അതുകൊണ്ടുതന്നെ കണ്ണില്‍പൊടിയിടുന്ന വിധത്തില്‍ ഒറ്റ നടപടിയില്‍ കാര്യം കഴിച്ചു- ഡിഎംകെ നേതാക്കള്‍ക്കെതിരായ നടപടിയില്‍!

അങ്ങനെ കോണ്‍ഗ്രസ് നേതാക്കളാകെ രക്ഷപ്പെട്ടു; പ്രധാനമന്ത്രിയും ധനമന്ത്രിയും സോണിയ ഗാന്ധിയും ഒക്കെ. രക്ഷപ്പെടാന്‍വേണ്ടി തങ്ങളെയും തങ്ങളുടെ പാര്‍ടിയെയും ബലികൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് എന്ന ചിന്ത ഡിഎംകെയില്‍ നേരത്തെതന്നെയുണ്ട്. ആ ചിന്തയുടെകൂടി ഫലമായാണ് 2013 മാര്‍ച്ച് 19ന് യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചുള്ള ഡിഎംകെയുടെ പ്രഖ്യാപനം വന്നത്. തങ്ങളുടെ പാര്‍ടിയിലുള്ള 18 ലോക്സഭാംഗങ്ങള്‍ പിന്തുണ പിന്‍വലിക്കുന്നു എന്നു കാണിച്ചുള്ള കരുണാനിധിയുടെ കത്ത് ടി ആര്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറുകയായിരുന്നു. ആ പ്രതിനിധിസംഘം തിരിച്ച് ചെന്നൈയില്‍ വരുന്നതിനുമുമ്പുതന്നെയുണ്ടായി പ്രതികാരനടപടി. കരുണാനിധിയുടെ മകന്‍ സ്റ്റാലിന്റെ വസതിയിലും ഓഫീസുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സിബിഐ-ഇന്‍കം ടാക്സ് വിഭാഗങ്ങളുടെ റെയ്ഡ്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് കാട്ടിക്കൊടുക്കുന്ന വിധത്തില്‍. ആ പ്രതികാര നടപടി കോണ്‍ഗ്രസിനെതിരായ ഡിഎംകെ വികാരം ആളിക്കത്തിക്കാന്‍മാത്രമേ ഉപകരിച്ചുള്ളൂ. എങ്കിലും ആ വികാരമടക്കിനിന്നു അന്ന് ഡിഎംകെ. ഈ അടക്കിപ്പിടിച്ച വികാരത്തിന്റെ സ്ഫോടനമാണ് വഞ്ചിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ് എന്ന കഴിഞ്ഞദിവസത്തെ കരുണാനിധിയുടെ പ്രഖ്യാപനത്തിനു പിന്നിലുള്ളത്. നന്ദിയില്ലാത്ത പാര്‍ടിയാണത് എന്നുകൂടി ഡിഎംകെ നേതാവ് കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേരുന്ന പ്രശ്നമില്ല എന്ന് അസന്ദിഗ്ധമായി കരുണാനിധി പ്രഖ്യാപിച്ചതോടെ ഏതാണ്ട് 12 കൊല്ലമായി തുടരുന്ന ബന്ധമാണ് പൊളിഞ്ഞുവീണത്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ഘട്ടത്തില്‍പ്പോലും കോണ്‍ഗ്രസുമായി ഇനി ചേരില്ല എന്ന് ഡിഎംകെ പറഞ്ഞിരുന്നില്ല എന്നോര്‍ക്കണം. നന്ദിയില്ലാത്ത കോണ്‍ഗ്രസിനൊപ്പം പോകുന്നതിനേക്കാള്‍ നല്ലത് ഒറ്റയ്ക്ക് മത്സരിക്കുകയാണ് എന്ന കരുണാനിധിയുടെ വിശദീകരണത്തിനു പിന്നില്‍ കോണ്‍ഗ്രസ് സഖ്യത്തിലിരുന്നപ്പോള്‍ കടിച്ചിറക്കേണ്ടിവന്ന കയ്പ് മുഴുവനുമുണ്ട്. 2ജി കുംഭകോണത്തിലെ 1,76,393 കോടി രൂപയും കടത്തിക്കൊണ്ടുപോയവര്‍ 250 കോടി രൂപയുടെ കണക്ക് മറയാക്കി തങ്ങളെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെട്ടതിനെതിരായ അമര്‍ഷം മുഴുവനുമുണ്ട്. രാജയ്ക്കുമാത്രമാണ് എല്ലാത്തിന്റെയും സമ്പൂര്‍ണ ഉത്തരവാദിത്തം എന്ന് അവര്‍ വരുത്തിത്തീര്‍ത്തു. കനിമൊഴിയെ എട്ടുമാസം അവര്‍ ജയിലിലിട്ടു എന്നൊക്കെ കരുണാനിധി പറയുമ്പോള്‍ ആ വരികള്‍ക്കിടയിലെ മൗനം വിരല്‍ചൂണ്ടുന്നത് 2ജി കുംഭകോണത്തിലെ കോണ്‍ഗ്രസിന്റെ വമ്പന്‍ പങ്കിലേക്കുതന്നെയാണ്.

സിബിഐയെ നിയന്ത്രിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന പരാമര്‍ശത്തിലൂടെ കരുണാനിധി കൃത്യമായി ഇത് സ്ഥിരീകരിച്ചിട്ടുണ്ടുതാനും. ഡിഎംകെ ബിജെപിയുമായി സഹകരിക്കാനിടയില്ല എന്നതാണ് കരുണാനിധി നല്‍കുന്ന സൂചന. വാജ്പേയിയുടെ കാലമല്ല ഇത് എന്നും പുതിയ ഒരാളാണ് ബിജെപിയെ നയിക്കുന്നത് എന്നും ഒക്കെ പറയുമ്പോള്‍ ഈ സൂചന ശക്തമാകുന്നുണ്ടുതാനും. ഡിഎംകെ നേതൃയോഗത്തില്‍ വലിയതോതില്‍ ഉയര്‍ന്നുവന്ന വികാരം കോണ്‍ഗ്രസിതര-ബിജെപിയിതര ഭരണസംവിധാനമുണ്ടാകാന്‍ തക്കവിധത്തിലുള്ള നിലപാട് കൈക്കൊള്ളണമെന്നതാണ്. കരുണാനിധി ഒടുവില്‍ എന്തു തീരുമാനിക്കും? രാജ്യം അക്കാര്യം ഇപ്പോള്‍ സജീവമായി ശ്രദ്ധിക്കുകയാണ്. കോണ്‍ഗ്രസ് ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ല എന്ന് അവര്‍ക്കൊപ്പംനിന്നിരുന്ന കൂടുതല്‍ പാര്‍ടികള്‍ തിരിച്ചറിയുകയാണ് എന്നതും ഡിഎംകെയുടെ പുതിയ പ്രഖ്യാപനത്തിലൂടെ വെളിവാകുന്നുണ്ട്. വിശ്വസിക്കാന്‍ കൊള്ളില്ലാത്ത പാര്‍ടി ആശ്രയിച്ചിട്ട് കാര്യമില്ലാത്ത പാര്‍ടികൂടിയാവുകയാണെന്നര്‍ഥം. മുങ്ങുന്ന കപ്പലിലേക്ക് കയറാന്‍ ആര്‍ക്ക് താല്‍പ്പര്യം?

*
ദേശാഭിമാനി മുഖപ്രസംഗം

No comments: