ഒരു പൂവിറുത്തു വാസനിക്കുന്നതുപോലെ മേശപ്പുറത്തുനിന്ന് ഒരു പുസ്തകമെടുത്തു വായിക്കുന്ന കുട്ടിയുടെ കൗതുകമുണര്‍ത്തുന്ന ചിത്രമുണ്ട് പി രാമന്റെ ഈ ഈരടിക്കവിതയില്‍. പുസ്തകം വായിക്കാനുള്ളതു മാത്രമല്ല വാസനിക്കാന്‍ കൂടിയുള്ളതാണെന്ന് കുട്ടിക്കാലം നമ്മെ ഓര്‍മപ്പെടുത്തുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് പുത്തന്‍ പാഠപുസ്തകങ്ങള്‍ കൈയില്‍ കിട്ടിയാല്‍ വായിച്ചുനോക്കുംമുമ്പ് അത് വാസനിച്ചുനോക്കുന്ന ശീലമുണ്ടായിരുന്നു. ചില പുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പോലും മണം കൊണ്ട് തിരിച്ചറിയാനാവുമായിരുന്നു അന്ന്. സ്ഥിരമായി പൂജാവിഗ്രഹത്തിനടുത്ത് വച്ചതുകൊണ്ടാകാം, അമ്മ വായിക്കാറുള്ള രാമായണത്തിന് ചന്ദനത്തിരിയുടെയോ കര്‍പ്പൂരത്തിന്റെയോ ഒക്കെ സുഗന്ധമുണ്ടായിരുന്നു.
വായനശാലയില്‍നിന്നെടുക്കുന്ന പുസ്തകങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന മണങ്ങളാണുണ്ടാവുക. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളില്‍ പലപ്പോഴും റേഷനരിയുടേയും മണ്ണെണ്ണയുടേയും മണം പറ്റിനില്‍ക്കുന്നുണ്ടാവും. വായനക്കാരുടെ ജീവിതപശ്ചാത്തലത്തിലേക്കുകൂടി വെളിച്ചം പകരുകയാണ് ആ പുസ്തകങ്ങള്‍. വിദേശപുസ്തകങ്ങള്‍ അപരിചിതമായ സുഗന്ധങ്ങളും കൊണ്ടുവരുന്നു. "സോവിയറ്റ് യൂണിയന്റെ മണം" പിടിക്കാനാരംഭിച്ചത് പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ ക്ലാസിക്കുകളില്‍നിന്നാണ്. ഗോര്‍ക്കിയുടെ "അമ്മ"യ്ക്കും ഷോളോഹോവിന്റെ "ശാന്തമായൊഴുകുന്ന ഡോണി"നും ഒരേ വാസന!
പുസ്തകം വായനച്ചെപ്പും വാസനച്ചെപ്പുമായി കൂടെ കൊണ്ടുനടന്ന കൗമാരത്തിനുപോലുമുണ്ട് ഓര്‍മയുടെ സുഗന്ധം. വിനോദത്തിനും വിജ്ഞാനത്തിനും പുസ്തകമല്ലാതെ മറ്റുപാധികളില്ലാതിരുന്ന അക്കാലത്ത് അതു ദുര്‍ലഭമായ ഒരു വസ്തുവുമായിരുന്നു. വില കൊടുത്തുവാങ്ങാനാവാത്തതുകൊണ്ട് വായനശാലയായിരുന്നു ഞങ്ങളുടെ അഭയകേന്ദ്രം. സ്കൂള്‍പഠനകാലത്തെ വൈകുന്നേരങ്ങള്‍ക്ക് നിറംപകര്‍ന്നത് വട്ടംകുളത്തെ ഗ്രാമീണവായനശാലയായിരുന്നു. ദരിദ്രയെങ്കിലും ഉള്ളതുകൊണ്ട് മക്കളെ ഊട്ടുന്ന വാത്സല്യനിധിയായ ഒരമ്മയെപ്പോലെയായിരുന്നു ഞങ്ങളുടെ വായനശാല. ഭൗതികസൗകര്യങ്ങള്‍ നന്നേ കുറവ്. ശവപ്പെട്ടി കുത്തനെ നിര്‍ത്തിയതുപോലെ വലുപ്പക്രമമില്ലാത്ത ഏതാനും മരയലമാരകള്‍. പക്ഷേ അവയില്‍ ജീവനുള്ള പുസ്തകങ്ങള്‍ ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന് കൈകളിലേക്ക് എടുത്തുചാടാന്‍ കുതറിനിന്നു. പുസ്തകങ്ങളുടെ സ്വകാര്യശേഖരത്തേക്കാള്‍ വായനശാലയിലെ പൊതുശേഖരത്തെ ഞങ്ങള്‍ വിലമതിച്ചു. വിലകൊടുത്തുവാങ്ങാനുള്ള നിവൃത്തികേടുകൊണ്ട് മാത്രമായിരുന്നില്ല അത്. സ്വകാര്യതാല്‍പര്യങ്ങള്‍ക്കതീതമായി പങ്കിടലിന്റേതായ ഒരു പൊതുഇടം വായനശാലാ പുസ്തകങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്.
പകലന്തിയോളം പണിയെടുത്ത് പാതിരയോളം ചിമ്മിനിവിളക്കത്തിരുന്നു വായിക്കുന്ന പാവപ്പെട്ട കൂലിവേലക്കാരും വിദ്യാര്‍ഥികളും മറ്റുമായിരുന്നു അന്ന് വായനശാലയെ ആശ്രയിച്ചിരുന്നത്. അജ്ഞാതരായ നിരവധിപേര്‍ കൈമാറി വായിച്ചു തുന്നലടര്‍ന്നും താള്‍ മടങ്ങിയും മുഷിഞ്ഞ ആ പുസ്തകങ്ങള്‍ക്ക് അവകാശപ്പെടാവുന്ന ധന്യത ഒരു സ്വകാര്യപുസ്തകത്തിനും ഉണ്ടാവാനിടയില്ല. അനുവാദമില്ലായിരുന്നെങ്കിലും പുസ്തകത്താളുകളില്‍ വായനക്കാര്‍ അഭിപ്രായം എഴുതുക പതിവായിരുന്നു. "വളരെ നല്ല നോവല്‍" എന്നോ "ഇതെഴുതിയവന് ഇടിവെട്ടേല്‍ക്കട്ടെ" എന്നോ ആശംസകളും പ്രാക്കും കൊണ്ട് പിന്‍താളുകള്‍ നിറഞ്ഞിരുന്നു. ലൈംഗികവര്‍ണനകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ "മുപ്പത്താറാം പേജ് നോക്കുക" എന്നും മറ്റും പ്രത്യേകം ഇന്‍ഡക്സ് എഴുതിച്ചേര്‍ക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു. ഇഷ്ടവാക്യങ്ങള്‍ക്ക് അടിവരയിടുന്നതും പതിവുതന്നെ. ഇപ്പോള്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും മറ്റും നടക്കുന്നതുപോലുള്ള സംവാദങ്ങളും ഇത്തരം പിന്‍താള്‍ക്കുറിപ്പുകളില്‍ കാണാമായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ പുസ്തകം വിലകൊടുത്തു വാങ്ങാനാരംഭിച്ചു. അപ്പോഴേക്കും അഭിരുചിയില്‍ വന്ന മാറ്റം വായനശാലയിലെ ശേഖരത്തെ അപര്യാപ്തമാക്കിക്കഴിഞ്ഞിരുന്നു. നഗരങ്ങളിലെ ബുക്ക് ഷോപ്പുകളില്‍ പതിവുകാരനായി. പലപ്പോഴും എടുത്തോമനിച്ചും വാസനിച്ചും നില്‍ക്കുകയല്ലാതെ വാങ്ങാന്‍ നിവൃത്തിയില്ലാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നെപ്പിന്നെ വീട്ടില്‍ പുസ്തകം പെരുകി. സൂക്ഷിക്കാനിടമില്ലാതായി. ഷെല്‍ഫുകളില്‍നിന്നു പുറത്തു ചാടി അവ കിടക്കവിരിയിലും ഊണ്‍മേശയിലും ജാലകപ്പടിയിലും ഇരിക്കാന്‍ തുടങ്ങി. വീട്ടുകാര്‍ സ്വകാര്യമായി ശപിക്കാനും മുറുമുറുക്കാനുമാരംഭിച്ചു. വീട്ടില്‍ മാത്രമല്ല നാട്ടിലാകെ ഇപ്പോള്‍ പുസ്തകപ്പെരുപ്പംകൊണ്ടുള്ള വീര്‍പ്പുമുട്ടലാണ് അനുഭവപ്പെടുന്നത്. ഇന്നു പുസ്തകം വായനക്കാരെത്തേടി തെരുവിലേക്കിറങ്ങുകയാണ്. നഗരങ്ങളില്‍ ഉത്സവകാലത്തു സംഘടിപ്പിക്കാറുള്ള പുസ്തകച്ചന്തകള്‍ ഇപ്പോള്‍ പതിവുപരിപാടിയായിക്കഴിഞ്ഞു. പുസ്തകപ്രകാശനങ്ങളാകട്ടെ ദൈനംദിന സംഭവങ്ങളായിത്തീരുകയാല്‍ വാര്‍ത്താപ്രാധാന്യംപോലും ഇല്ലാത്തവയായി. ഇന്ന് വായനക്കാരുടെ ആവശ്യമായല്ല മറിച്ച് ഗ്രന്ഥകാരന്റെ ആവശ്യമായാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമാവുന്നത്. പലരും സ്വയം പരിചയപ്പെടുത്തുന്നതുപോലും സ്വന്തം പുസ്തകം സമ്മാനിച്ചുകൊണ്ടാണ്. പുസ്തകം ഒരു വിസിറ്റിങ് കാര്‍ഡായി മാറിയിരിക്കുന്നു. ഈയിടെ കോഴിക്കോട്ട് ഒരു സാഹിത്യക്യാമ്പില്‍ പ്രശസ്ത എഴുത്തുകാരി അനിതാനായര്‍ സംസാരിക്കുന്നതു കേള്‍ക്കാനിടയായി. സ്പെയിനില്‍ ഏപ്രില്‍ മാസത്തിലെ ഒരു ദിവസം പുസ്തക ദിനമായി ആചരിക്കാറുണ്ടത്രേ. അന്നേദിവസം ബന്ധുമിത്രാദികളും കമിതാക്കളും പരസ്പരം പുസ്തകം സമ്മാനിക്കും. ആ രാജ്യത്ത് ഒരു വര്‍ഷംകൊണ്ട് വിറ്റഴിയുന്ന പുസ്തകങ്ങള്‍ ഈ ഒറ്റദിവസത്തില്‍ത്തന്നെ വിറ്റുപോകുമത്രേ. അക്ഷയതൃതീയക്ക് ജ്വല്ലറികള്‍ക്കുമുമ്പില്‍ ക്യൂനില്‍ക്കുന്ന മലയാളികള്‍ക്കും ഇങ്ങനെയൊരു ദിവസമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ഏതെങ്കിലുമൊരു പ്രസാധകന്‍ "പുസ്തകതൃതീയ" എന്നൊരു ദിനാചരണത്തിന് ആഹ്വാനം ചെയ്താല്‍ അതിനുമുണ്ടാകും ഇവിടെ വിശ്വാസികളുടെ പിന്തുണ!
നവമാധ്യമങ്ങളുടെ പ്രചാരത്തോടെയാണ് പുസ്തകങ്ങള്‍ക്ക് ഈ അവസ്ഥാന്തരം സംഭവിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ സൈബര്‍ സ്പേസിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച അച്ചടി എന്ന മാധ്യമത്തിന് അതുവരെയുണ്ടായിരുന്ന മേല്‍ക്കെ ഇല്ലാതാക്കി. ബ്ലോഗുകളും സോഷ്യല്‍ മീഡിയയും ആത്മപ്രകാശനത്തിനും സംവാദങ്ങള്‍ക്കും നിയന്ത്രണങ്ങളില്ലാത്ത അവസരം സൃഷ്ടിച്ചു. വായനക്കാര്‍ എഴുത്തുകാരാവുകയും എഴുത്തുകാര്‍ വായനക്കാരായിത്തീരുകയും ചെയ്യുന്ന പുതിയ സാഹചര്യം സംജാതമായി. ആശയങ്ങളും അനുഭൂതികളും ദേശകാലാതിര്‍ത്തികളോ നിയന്ത്രണങ്ങളോ കൂടാതെ പ്രവഹിക്കാന്‍ തുടങ്ങി. പുസ്തകം എന്ന ഭൗതികവസ്തുവിനെ മാത്രമല്ല, അങ്ങനെയൊരു സങ്കല്പത്തെ സൃഷ്ടിച്ച ലോകവീക്ഷണത്തെയാണ് വിവരസാങ്കേതികവിദ്യ ചോദ്യം ചെയ്തത്. അച്ചടിച്ച പുസ്തകം ആദിമധ്യാന്തങ്ങളും കര്‍തൃത്വവുമുള്ള ഒരു ഘടനയാണ്.
ദൈവസൃഷ്ടിയായ പ്രപഞ്ചത്തിന്റെ ഘടനയാണ് പുസ്തകത്തിന് കല്പിക്കപ്പെട്ടത്. ഗ്രന്ഥകാരന്‍ സ്രഷ്ടാവുതന്നെയാവുന്നു. തന്റെ സൃഷ്ടിക്കുമേല്‍ കര്‍ത്താവിനുള്ള ആധികാരികത ചോദ്യം ചെയ്യാന്‍ അനുവാചകന് അവകാശമില്ല. അച്ചടിപ്പാഠങ്ങളുടെ അടഞ്ഞ ഘടനയെ ഇലക്ട്രോണിക് പാഠം മാറ്റിമറിച്ചു. ആദിമധ്യാന്തങ്ങളില്ലാത്ത തുറന്ന പാഠശേഖരമായി ഹൈപ്പര്‍ടെക്സ്റ്റ് മാറി. എഴുത്തുകാരനും വായനക്കാരനുമെന്ന വിടവ് മാഞ്ഞുപോയി. പുസ്തകത്തെക്കുറിച്ചുള്ള ഗുട്ടന്‍ബര്‍ഗ് സങ്കല്പം അട്ടിമറിക്കപ്പെട്ടു. അച്ചുകളുടെ കാലം കഴിഞ്ഞു. അടിക്കാലം (കീബോര്‍ഡില്‍ അടിച്ചുകയറ്റുകയാണല്ലോ) വരവായി. ഇക്കാലത്താണ് ഇ-പുസ്തകം അവതരിക്കുന്നത്. ആദ്യം ആരും അതത്ര കാര്യമാക്കിയില്ല. പുസ്തകത്തിന് ഒരു ബദല്‍ അസാധ്യമാണ് എന്നുതന്നെ കരുതി. എന്നാല്‍ സാങ്കേതികവിദ്യയിലെ പുതിയ "തിരനോട്ട"ങ്ങള്‍ അത്തരം ബദലുകളെ അനിവാര്യമാക്കിത്തീര്‍ക്കുകയാണുണ്ടായത്. "തിര" അഥവാ സ്ക്രീന്‍ ടെക്നോളജിയിലുണ്ടായ പുതിയ കണ്ടുപിടുത്തങ്ങളാണ് ഇ-ബുക്ക് റീഡര്‍ എന്ന പുതിയ ഉപകരണം പ്രചാരത്തിലാക്കിയത്.
ഇലക്ട്രോണിക് പുസ്തകവായനക്കു മാത്രമായി രൂപകല്‍പ്പനചെയ്ത ഉപകരണമാണ് ഇ-ബുക്ക് റീഡറുകള്‍. കണ്ണിലേക്കു വെളിച്ചമടിക്കുന്ന കംപ്യൂട്ടര്‍ സ്ക്രീന്‍ നോക്കിയുള്ള വായന ഒട്ടും സുഖകരമല്ലെന്ന് അനുഭവസ്ഥര്‍ക്കറിയാം. ഇതിന് പരിഹാരമായാണ് ഇ-ഇങ്ക് ടെക്നോളജി വന്നത്. ഇതില്‍ അച്ചടിത്താളിലെന്നപോലെ നിങ്ങള്‍ അക്ഷരം കാണുന്നു. കണ്ണില്‍ക്കുത്തുന്ന പിന്‍വെളിച്ചമില്ല. അക്ഷരങ്ങളുടെ രൂപം മാത്രം കറുപ്പില്‍ തെളിയുന്നു. കംപ്യൂട്ടറിലെന്നപോലെ പ്രതലം ഇളകിമാറുന്നില്ല. ഫോണ്ടുകളും പാരഗ്രാഫുകളും നമ്മുടെ സൗകര്യാര്‍ഥം വലുപ്പത്തിലോ അകലത്തിലോ വ്യത്യാസം വരുത്തി സ്വാധീനപ്പെടുത്താം. ആയിരക്കണക്കിനു പുസ്തകങ്ങള്‍ സൂക്ഷിക്കുകയുമാവാം. ശരിക്കും ഉള്ളംകൈയില്‍ കൊണ്ടുനടക്കാവുന്ന ഒരു ലൈബ്രറികൂടിയാണ് ഇ-പുസ്തകം. പുസ്തകനിര്‍മിതിക്കായി പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കേണ്ടതില്ലാത്തതിനാല്‍ ഇത് ഹരിതസൗഹൃദപരവുമാണ്. ആമസോണിന്റെ കിന്റില്‍ ആണ് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇ-ബുക്ക് റീഡര്‍. ഇതിനകം വായനപ്രേമികളുടെ "ചെല്ല"മായിക്കഴിഞ്ഞു ഇത്. ആറിഞ്ചു സ്ക്രീന്‍. വൈഫൈ കണക്ടിവിറ്റി. പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ സൗകര്യം. പണമടച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ പുസ്തകം റീഡറിലെത്തി. പ്രൊജക്ട് ഗുട്ടന്‍ബര്‍ഗ് പോലുള്ള സൈറ്റുകളില്‍നിന്ന് ആയിരക്കണക്കിനു ക്ലാസിക്ക് ഇ-പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും. ധാരാളം സ്റ്റോറേജ്. ഡിസ്പ്ലേക്ക് വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു മാസത്തോളം നിലനില്‍ക്കും.
പേപ്പര്‍ വൈറ്റ് എന്ന പുതിയ മോഡല്‍ ഇരുട്ടത്തും വായിക്കാന്‍ പറ്റുന്നതാണ്. കുറഞ്ഞതരം കിന്റിലിന് ആറായിരം രൂപയേ വില വരുന്നുള്ളൂ. പേപ്പര്‍വൈറ്റെങ്കില്‍ പത്തിനു മുകളില്‍. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഈ പുതിയ ഉപകരണം വാങ്ങാന്‍ നിശ്ചയിച്ചു. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു. അന്ന് ഇന്ത്യയില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ അമേരിക്കയില്‍നിന്നാണ് സാധനം അയച്ചുകിട്ടിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ വായന മിക്കവാറും ഇ-വായനയാണെന്നു പറയാം. പാമുക്കിന്റെ "സ്നോ", ഹെന്റി ഷാറിയറിന്റെ "പാപ്പിയോണ്‍", തോമസ് ട്രാന്‍സ്ട്രോമറുടെ കവിതകള്‍, ഇപ്പോള്‍ ബുക്കര്‍ സമ്മാനം ലഭിച്ച എലനോര്‍ കാര്‍ട്ടന്റെ "ദ ലൂമിനറീസ്" എന്നീ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചത് കിന്റില്‍ ഉപയോഗിച്ചാണ്. മലയാളത്തില്‍ വായിക്കാനാവില്ല എന്നതാണ് കിന്റിലിന്റെ വലിയ പരിമിതിയായി നമുക്ക് അനുഭവപ്പെടുക. എന്നാല്‍ ഇപ്പോള്‍ ഭാരതീയഭാഷകളെ പിന്തുണയ്ക്കുന്ന ഇ-ബുക്ക് റീഡറുകള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഏതാനും വര്‍ഷം മുമ്പ് ഡിസി ബുക്സ് അവതരിപ്പിച്ച വിങ്ക് എന്ന വായനോപകരണത്തിന് തണുപ്പന്‍ പ്രതികരണമാണ് മലയാളികളില്‍നിന്ന് ലഭിച്ചത്. മാര്‍ക്കറ്റിലിറങ്ങുന്ന ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വന്തമാക്കി അഭിമാനിക്കുന്ന നമ്മുടെ മധ്യവര്‍ഗസമൂഹം വായനക്കുമാത്രമായി രൂപകല്പന ചെയ്ത ഈ ഉപകരണത്തോട് മുഖം തിരിച്ചതില്‍ ഒരു സാംസ്കാരികവിവക്ഷയുണ്ട്. വാസനച്ചെപ്പുകളായോ വായനച്ചെപ്പുകളായോ നമ്മുടെ ബാല്യകൗമാരങ്ങളെ വ്യാമോഹിപ്പിച്ച പുസ്തകം എന്ന ഗുട്ടന്‍ബര്‍ഗ് യുഗത്തിന്റെ മഹാത്ഭുതത്തിന് ഈ ഡിജിറ്റല്‍ക്കാലത്ത് എന്തു സംഭവിക്കും? അ-പുസ്തകം ഇ-പുസ്തകത്തിന് വഴിമാറിക്കൊടുക്കുമോ? ഇതുവരെ എഴുതപ്പെട്ടതും എഴുതിക്കൊണ്ടിരിക്കുന്നതും ഇനി എഴുതാന്‍ പോകുന്നതുമായ മുഴുവന്‍ അക്ഷരസഞ്ചയവും താളില്‍നിന്ന് തിരയിലേക്ക് പകര്‍ന്നാടുമോ?
ഒട്ടും ചെലവില്ലാതെ അനന്തമായി പകര്‍പ്പെടുക്കാവുന്ന ഡിജിറ്റല്‍ സാങ്കേതികതയുള്ളപ്പോള്‍ പകര്‍പ്പവകാശം എന്ന സങ്കല്പത്തിന് എന്തു സംഭവിക്കും? ഗ്രന്ഥകാരന്റെ ആധികാരികതയ്ക്ക് സ്ഥാനമെന്താവും? പുസ്തകത്തിന്റെ ഭാവിയെക്കുറിച്ച് സമകാലം നേരിടുന്ന ചോദ്യങ്ങളാണിവ. ഇലക്ട്രോണിക് മാധ്യമം അച്ചടിമാധ്യമത്തെ ഇല്ലാതാക്കുമെന്നു ഞാന്‍ കരുതുന്നില്ല. അതിന്റെ ധര്‍മങ്ങളില്‍ മാറ്റം വരുത്തിയേക്കും എന്നു മാത്രം. ഇരുമാധ്യമങ്ങളും സമാന്തരമായി സഞ്ചരിക്കും. പ്രിന്റ് ഓണ്‍ ഡിമാന്റ് പോലെ വായനക്കാരന് തന്നിഷ്ടപ്രകാരം രൂപകല്പന ചെയ്യാവുന്ന അച്ചടിപ്പുസ്തകം ലഭ്യമാകുന്ന കാലവും വിദൂരമല്ല. ഉള്ളടക്കത്തോടൊപ്പം ഇഷ്ടപ്പെട്ട സുഗന്ധവും പുസ്തകത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ത്തന്നെ നിലവില്‍ വന്നിട്ടുണ്ട്. പുസ്തകലോകത്ത് വിസ്മയകരമായ പരിണാമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ കാലം.
*
പി പി രാമചന്ദ്രന്‍ ദേശാഭിമാനി

No comments:
Post a Comment