Saturday, December 28, 2013

പിടിക്കപ്പെട്ട ആഗോളചാരന്‍

അമേരിക്ക അടച്ചിട്ടു

ലോകയജമാനന്‍ ചമയുന്ന അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം ഒക്ടോബര്‍ ഒന്നുമുതല്‍ 16 ദിവസം അടച്ചിട്ടു. ലോകജനത അവിശ്വസനീയമായ തിരിച്ചറിവോടെ ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഈവര്‍ഷം കടന്നുപോയത്. അത്യാവശ്യമേഖല ഒഴികെ എല്ലാ സംവിധാനങ്ങളും അടച്ചിട്ട് സര്‍ക്കാര്‍തന്നെ ബന്ദാചരിച്ച ദിനങ്ങള്‍ അമേരിക്കക്കാര്‍ക്ക് ധനപ്രതിസന്ധിയുടെ വ്യാപ്തി ബോധ്യപ്പെടുത്തി. എട്ടുലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ രണ്ടാഴ്ചയിലേറെ വീട്ടിലിരിക്കേണ്ടിവന്നു. ഊര്‍ജോല്‍പ്പാദനം പ്രതിസന്ധിയിലായി. മ്യൂസിയങ്ങളും വിനോദകേന്ദ്രങ്ങളും പൂട്ടി. വൃത്തിയാക്കാനാളില്ലാതെ തെരുവുകള്‍ മാലിന്യക്കൂമ്പാരമായി. വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവയ്ക്കപ്പെട്ടു. വാണിജ്യമേഖല സ്തംഭിച്ചു. ചാരപ്പണിയും പൊലീസും ഒഴിച്ചുള്ള സമസ്തമേഖലയിലും ജീവനക്കാരെ സര്‍ക്കാര്‍ ശമ്പളമില്ലാത്ത അവധി നല്‍കി വീട്ടിലിരുത്തി.

ഡെമോക്രാറ്റിക് പാര്‍ടി നേതാവായ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കാന്‍ കഴിയാത്തതാണ് ബജറ്റ്സ്തംഭനം എന്ന അപൂര്‍വ പ്രതിസന്ധിക്ക് കാരണമായത്. ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയെ ചൊല്ലി റിപ്പബ്ലിക്കന്‍ പാര്‍ടിയുമായുള്ള തര്‍ക്കമാണ് ഇതിനു വഴിവച്ചത്. അമേരിക്കയുടെ 16.7 ലക്ഷം കോടി ഡോളറിന്റെ വായ്പാപരിധി ഒക്ടോബര്‍ 17ന് മുമ്പ് ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യം സാങ്കേതികമായി പാപ്പരാകും എന്ന അവസ്ഥകൂടി രൂപപ്പെട്ടതോടെ ഒബാമ ഭരണകാലത്തെ ഏറ്റവും വലിയ പതിസന്ധിയാണ് നേരിട്ടത്. ഒക്ടോബര്‍ 16 അര്‍ധരാത്രി രാജ്യം പാപ്പരാകാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ, കടുംപിടിത്തം ഉപേക്ഷിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി തയ്യാറായതോടെ വന്‍ പ്രതിസന്ധിയില്‍നിന്ന് അമേരിക്ക രക്ഷപ്പെട്ടു. പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായെങ്കിലും പുതുവര്‍ഷത്തില്‍ ഒബാമയ്ക്ക് വീണ്ടും പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും.

പിടിക്കപ്പെട്ട ആഗോളചാരന്‍

ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങി അമേരിക്ക തലകുനിച്ച് നിന്നത് ഈവര്‍ഷമാണ്. ലോകമെമ്പാടുമുള്ള ഇ-മെയിലുകളും മൊബൈലുകളും ടെലിഫോണുകളും ഇന്റനെറ്റ് വഴിയുള്ള സന്ദേശങ്ങളും അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി ശേഖരിച്ച് നിരീക്ഷിക്കുന്നു എന്ന വിവരം ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞപ്പോള്‍ അമേരിക്കന്‍ മുഖംമൂടി അഴിഞ്ഞുവീണു. ജൂണ്‍ അഞ്ചിനും ആറിനുമാണ് ഗാര്‍ഡിയന്‍ ദിനപത്രം സ്ഫോടനാത്മകമായ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. "പ്രിസം" എന്ന് പേരിട്ട രഹസ്യപദ്ധതിയിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ലോകത്തിലെ ആധുനികമായ എല്ലാ സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള എല്ലാ ആശയവിനിമയവും ചോര്‍ത്തി ശേഖരിക്കുകയും ആവശ്യത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ജൂണ്‍ ഒമ്പതിന് വാര്‍ത്ത പുറത്തുവിട്ട വ്യക്തിയെയും ഗാര്‍ഡിയന്‍ ലോകത്തിന് വെളിപ്പെടുത്തി. സിഐഐയുടെ കംപ്യൂട്ടര്‍ജോലികള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സ്വകാര്യ കമ്പനിയുടെ കരാര്‍ജീവനക്കാരനായ അമേരിക്കന്‍ പൗരന്‍ എഡ്വേഡ് സ്നോഡെന്‍.

ബിന്‍ലാദനുശേഷം ഒരു വ്യക്തിക്കായി അമേരിക്ക നടത്തുന്ന ഏറ്റവും ദാരുണമായ വേട്ടയാടലിനാണ് പിന്നീട് സ്നോഡെന്‍ വിധേയനായത്. അമേരിക്കയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് രക്ഷപ്പെട്ട സ്നോഡെന് മോസ്കോയിലെ ഷെറമത്യോവ് വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് മേഖലയില്‍ ഒരുമാസത്തോളം ചാരക്കണ്ണുകളെ വെട്ടിച്ച് ഒളിവില്‍ കഴിയേണ്ടി വന്നു. എല്ലാ നയതന്ത്രസമ്മര്‍ദവും അതിജീവിച്ച് ആഗസ്ത് ഒന്നിന് റഷ്യ അദ്ദേഹത്തിന് അഭയം നല്‍കി. സ്നോഡെന്‍ വേട്ടയുടെ ഭാഗമായി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ വിമാനത്തിന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഇപ്പോള്‍ റഷ്യയില്‍ കഴിയുന്ന സ്നോഡെന്‍ രാജ്യത്തിന് പുറത്തു കടക്കുന്നതും കാത്തിരിക്കുകയാണ് യുഎസ് ചാരക്കണ്ണുകള്‍.

ആധുനിക വിവരസങ്കേതികവിദ്യ ലോകാധിപത്യത്തിനായി അമേരിക്ക എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പ്രിസംപദ്ധതി. ഗൂഗിള്‍, വെറിസോണ്‍, എടി ആന്‍ഡ് ടി, മൈക്രോസോഫ്റ്റ്, യാഹു, ആപ്പിള്‍, ഫേസ്ബുക് തുടങ്ങിയ ഐടി ഭീമന്മാര്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വെറും ഉപകരണങ്ങളാണെന്ന് സ്നോഡെന്‍ ലോകത്തിന് ബോധ്യപ്പെടുത്തി. ആഗോള ചാരപ്പണിക്ക് തങ്ങളും ഇരയായെന്ന തിരിച്ചറിവില്‍നിന്ന് ഉടലെടുത്ത യൂറോപ്യന്‍ രാജ്യങ്ങളുടെ രോഷം അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. യൂറോപ്പിലെ ഏറ്റവും പ്രധാന ശക്തിയായ ജര്‍മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കം 45 രാഷ്ട്രനേതാക്കളുടെ മൊബൈല്‍ഫോണും വര്‍ഷങ്ങളോളം അമേരിക്കന്‍ ദേശീയ അന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് തെളിഞ്ഞു. സ്പെയിനില്‍നിന്ന് ഒരു മാസത്തിനിടെ ആറു കോടി ഫോണ്‍കോള്‍ യുഎസ് ചോര്‍ത്തി. അമേരിക്കയുടെ നടപടി വിശ്വാസവഞ്ചനയാണെന്ന് ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കള്‍ വിമര്‍ശമുയര്‍ത്തി. ഫ്രാന്‍സും ജര്‍മനിയും അമേരിക്കയോട് വിശദീകരണം തേടി. ബ്രസീലും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവന്നു. അമേരിക്കന്‍ ചാരപ്പണിയുടെ പ്രധാന ലക്ഷ്യകേന്ദങ്ങളിലൊന്നായ ഇന്ത്യ അമേരിക്കയ്ക്ക് എതിരെ ചെറുവിരല്‍പോലും അനക്കിയില്ല. ഇന്റര്‍നെറ്റ് കമ്പനികള്‍വഴി 630 കോടി വസ്തുതകളാണ് ഇന്ത്യയില്‍നിന്നുമാത്രം എന്‍എസ്എ ശേഖരിച്ചത്.

*
ദേശാഭിമാനി

No comments: