Wednesday, December 4, 2013

പി ജിയുടെ രചനയിലെ സര്‍ഗതലം

പി ഗോവിന്ദപ്പിള്ള ദാര്‍ശനികനും സാഹിത്യ വിമര്‍ശകനും ആണെന്നതുപോലെ സര്‍ഗധനനായ സൃഷ്ടികാരന്‍കൂടിയാണ്. സാഹിത്യരൂപങ്ങളില്‍ ഗദ്യമാണ് എഴുതുന്നതിന് പി ജി സ്വീകരിച്ച മാധ്യമം. പ്രമേയത്തിന്റെ വൈവിധ്യങ്ങള്‍കൊണ്ട് വളരെ വിപുലമാണ് പി ജിയുടെ രചനാലോകം. ഒടുവില്‍ "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം" എഴുതി മലയാള ഭാഷയിലും സാംസ്കാരികതലത്തിലും ചരിത്രപുരുഷനായി. കേരളത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഒരു സംഘം എഴുത്തുകാര്‍ക്കുപോലും അനേകവര്‍ഷങ്ങള്‍ കൊണ്ടുമാത്രം സാധ്യമായൊരു പഠനമാണ് "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം". അതുവരെയുള്ള പി ജിയുടെ രചനയില്‍ ശക്തമായ ചില ജൈവസ്പന്ദനങ്ങളിലുണരുന്ന കവിയായ പി ജിയെ കണ്ടെത്താം.

കാളിദാസ കവിത പി ജിയെ സ്വാധീനിച്ചിരുന്നു. രഘുവംശത്തിലെയും കുമാരസംഭവത്തിലെയും പല ഭാഗങ്ങളും മനസ്സില്‍ കൊണ്ടുനടന്ന് ഉരുവിട്ട് ജീവിതത്തിന്റെ കോലാഹലങ്ങളില്‍നിന്നു മോചനം തേടുമെന്നു കേട്ടിട്ടുണ്ട്. ""അസ്തിത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ, പൂര്‍വാപരൗ വാരിനിധീ വിഗാഹ്യ, സ്ഥിതഃപൃഥിവ്യാ ഇവമാനദണ്ഡഃ"" എന്ന കുമാരസംഭവാരംഭവരികള്‍ അനേക അര്‍ഥതലങ്ങളില്‍ പി ജി വ്യാഖ്യാനിക്കും. കാളിദാസന്റെ ഭാഷ്യകാരനായ മല്ലീനാഥന്‍ പോലും കാണാത്ത തലങ്ങളായിരിക്കും അവ. ആര്‍ഷഭാരതത്തിന്റെ ഇതിഹാസതുല്യ തേജസിലുള്ള വിസ്മയം ഒരു മണ്ഡലത്തില്‍. സൂര്യചന്ദ്രന്മാര്‍ താഴ്വാരങ്ങളിലൂടെ സഞ്ചരിക്കുന്ന മഹാമേരുവിനെക്കുറിച്ചുള്ള സ്വപ്നം മറ്റൊരു ആസ്വാദനമണ്ഡലത്തില്‍. സമൂഹത്തിന്റെ താഴ്ന്ന തട്ടുകളില്‍ അമര്‍ന്നുപോകുന്നവരുടെ വേദനയില്‍ അസ്വസ്ഥമാകുന്ന ഹൃദയത്തിന്റെ തുടിപ്പ് ഇനിയുമൊരു വശത്ത്. ചെയ്യാത്ത തെറ്റിനു ചൂഷിതരാകുന്നവരുടെ തളര്‍ച്ചയിലും വിളര്‍ച്ചയിലും വിഹ്വലപ്പെടുന്ന ഉള്ളിലെ മനുഷ്യനന്മ ഇനിയുമൊരിടത്ത്. ഇവയെല്ലാം ചേര്‍ന്നൊരു മാനസികാവസ്ഥയുടെ ക്രിയാത്മക പ്രതികരണങ്ങളാണ് പി ഗോവിന്ദപ്പിള്ളയുടെ വാക്കുകള്‍. കൈലാസം പ്രകൃതിയുടെ പ്രതിഭാസമോ ദൃശ്യസാക്ഷാത്കാരമോ മറ്റെന്തെല്ലാമോ ആണ്. കാളിദാസ കവിതയിലൂടെ പി ജി കാണുന്ന കൈലാസം സൗന്ദര്യത്തിന്റെയും ആത്മപ്രഭാവത്തിന്റെയും പ്രതിരൂപം മാത്രമല്ല, പി ജിയില്‍ ഉണരുന്ന തീക്ഷ്ണമായ സൃഷ്ടി വാസനയുടെ അസംസ്കൃത ഘടകമാണ്.

കാളിദാസ കവിതയുടെ വായനാനുഭവം പി ജിയുടെ ക്രിയാശക്തിയെ പരാവര്‍ത്തനം ചെയ്യുന്നു. ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരിക്കുമ്പോഴും എ കെ ജി സെന്റര്‍ പഠനകേന്ദ്രത്തിലെ റിസോഴ്സ് പേഴ്സണ്‍ ആയിരിക്കുമ്പോഴും സര്‍ഗപ്രക്രിയയുടെ ചലനങ്ങളാണ് പി ജിയില്‍നിന്നു സമൂഹത്തിന് കിട്ടിയത്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന കാലം. മേശപ്പുറത്തു ചൂടുള്ള വാര്‍ത്തകളും വാര്‍ത്താകഥകളും. സാഹിത്യത്തിന്റെ പുരോഗതി, മൂല്യങ്ങളുടെ അന്വേഷണം ഇങ്ങനെ പല വിഷയങ്ങളും വേറെ. പി ജിയെന്ന പത്രാധിപരുടെ മനസ്സ് ഇവയ്ക്കിടയിലെ ജൈവമുകുളങ്ങന്വേഷിച്ചു തുടികൊട്ടുന്നതു കേള്‍ക്കാം. ആത്മാവില്ലാത്ത വാര്‍ത്തകള്‍; അപൂര്‍വം വാര്‍ത്തകള്‍ക്കിടയിലെ യാഥാര്‍ഥ്യങ്ങള്‍. വാര്‍ത്തകള്‍ കൊടുക്കുംമുമ്പ് സാമൂഹ്യനീതികള്‍ക്കായുള്ള സമവായം തേടല്‍. ക്രിയാത്മക സൃഷ്ടിയുടെ ചൈതന്യം ഹൃദയത്തിലുള്ളൊരു പത്രപ്രവര്‍ത്തകന്‍ നേരിടുന്ന പ്രതിസന്ധിയാണിത്. പത്രപ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കുമ്പോള്‍ തന്റെ ആത്മസംഘര്‍ഷം പി ജി തുറന്നുപറഞ്ഞിട്ടുണ്ട്. ഗ്രീക്ക് തത്വചിന്തകനും ജീവചരിത്രകാരനും ആയ പ്ലൂടാര്‍ക്കിന്റെ 50 ജീവിതചിത്രങ്ങളില്‍ ആവശ്യമുള്ളവ തെരഞ്ഞെടുത്ത്, അവയുടെ അസ്ഥിപഞ്ജരങ്ങള്‍ക്ക് ജീവനും രക്തവും കൊടുത്ത് ഷേക്സ്പിയര്‍ കാലാതീത ക്രിയാസൃഷ്ടികള്‍ ചെയ്തു. സ്ത്രീകളോടും കുട്ടികളോടും മൃഗങ്ങളോടും സ്നേഹവും ദയയുമുള്ളവനായിരുന്നു പ്ലൂടാര്‍ക്. ഈ പാഠം ഉള്‍ക്കൊള്ളണം. രചനയുടെയും മൗലിക സൃഷ്ടിയുടെയും ദ്വിമുഖ പ്രതിഭയുള്ളവര്‍ സമൂഹത്തിലുണ്ട്. രണ്ടും ഒരുപോലെ വികസിപ്പിക്കുന്ന വ്യക്തിത്വങ്ങള്‍ ചുരുക്കമല്ല. വാള്‍ട് വിറ്റ്മാന്‍ (അമേരിക്ക) യൗവനത്തില്‍ പത്രാധിപരായിരുന്നു. പത്രത്തിന്റെ ജോലി ചെയ്യുമ്പോള്‍ ഉള്ളിലൂറുന്ന കവിതകള്‍ അവിടെത്തന്നെ സൂക്ഷിക്കും. പിന്നെ രൂപഭാവങ്ങള്‍ കൊടുക്കും. അനന്തമധുരമായ കവിതകളെന്ന് ലീവ്സ് ഓഫ് ഗ്രാസിലെ കവിതകളെ നിരൂപകര്‍ വിശേഷിപ്പിച്ചു. എന്‍ വി കൃഷ്ണവാരിയര്‍ ഒരേസമയത്ത് പത്രപ്രവര്‍ത്തകനും കവിയും ആയിരുന്നു.

മലയാള കവിതയ്ക്ക് ആധുനികതയുടെ സ്വരം നല്‍കിയവരില്‍ പ്രമുഖനാണ് കൃഷ്ണവാരിയര്‍. ബ്ലിറ്റ്സിന്റെ പത്രാധിപരായിരുന്ന ആര്‍ കെ കരഞ്ചിയ നല്ല കവിയായിരുന്നു. എം ടി വാസുദേവന്‍ നായര്‍ പത്രമാപ്പീസിലെ വിരസമായ കൈയെഴുത്തു പ്രതികള്‍ വായിക്കുന്നതിനിടയില്‍ തന്റെ കലാസൃഷ്ടികളുടെ തിരിനാളങ്ങള്‍ അകക്കാമ്പില്‍ തെളിയിച്ചിരുന്നു. ഈവിധം അനേകം പേരെക്കുറിച്ചെഴുതാം. പി ജി പത്രപ്രവര്‍ത്തനം കൃത്യനിഷ്ഠയോടെ നിര്‍വഹിച്ചു. ആ ജീവിതത്തിനിടയില്‍ അനവധി ലേഖനങ്ങളും പഠനങ്ങളും എഴുതി. പി ജിയുടെ പഠനങ്ങളും ലേഖനങ്ങളും അന്വേഷിച്ചാല്‍ അവയില്‍ മൗലികമായ കലാത്മകത്വത്തിന്റെ ജനിസ്മൃതിനാദങ്ങള്‍ തിരിച്ചറിയാം. "സാഹിത്യം പുരോഗതിയും അധോഗതിയും" എന്ന ഗ്രന്ഥത്തില്‍ മനുഷ്യന്റെ സര്‍ഗശക്തിയും പ്രതിഭയും മൗലികതയും എല്ലാം ആത്യന്തികമായി സാമൂഹ്യജീവിതത്തിന്റെ സൃഷ്ടികളാണെന്നു വ്യക്തമാക്കുന്നു. അവയുടെ മൂല്യം മാനവികതയുടെ വികാസത്തിനുതകുന്ന മൂല്യമായി അടയാളപ്പെടുത്തണം. സാഹിത്യത്തില്‍ ഭവിക്കുന്ന കലാജീര്‍ണതയ്ക്കും സാംസ്കാരിക ജീര്‍ണതയ്ക്കും കാരണം അനുഭവങ്ങള്‍ ഭാവതലത്തിലേക്കു സംക്രമിക്കാതെ ഘനീഭൂതമാകുന്നതാണ്. മൂല്യബോധമുള്ള കലാകാരന്റെ മുന്നിലുള്ള വെല്ലുവിളിയാണിത്. കലാകാരന്‍ നേരിടുന്ന ഈ വെല്ലുവിളി പി ജിയും പല കാലത്തും അഭിമുഖീകരിച്ചിരുന്നു.

ഇ എം എസും മലയാള സാഹിത്യവും എന്ന കൃതിയിലെ വരികള്‍ക്കിടയില്‍ അതു വായിച്ചെടുക്കാം. ഒക്ടോബര്‍ വിപ്ലവം മനുഷ്യമഹത്വ വിളംബരമാണ്. 1930-കള്‍ക്കുശേഷം മലയാള സാഹിത്യത്തിലെ എല്ലാശാഖകളെയും സോഷ്യലിസ്റ്റു വിപ്ലവം സ്വാധീനിച്ചു. ഭാരതീയ സാഹിത്യത്തിലെ ചരിത്ര പുരുഷന്മാരായ രവീന്ദ്രനാഥ ടാഗോര്‍, മുഹമ്മദ് ഇക്ബാല്‍, സുബ്രഹ്മണ്യഭാരതി, മൈഥിലീശരണ്‍ ഗുപ്ത, ഫെയ്ദ് അഹമ്മദ് ഫെയ്സ്, സുമിത്രനന്ദന്‍ പന്ത്, ആശാന്‍, വള്ളത്തോള്‍, ജി ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ എന്നിവരുടെ സൃഷ്ടികള്‍ സാഹിത്യത്തില്‍ കേള്‍പ്പിച്ച ശബ്ദങ്ങള്‍ ഒട്ടേറെ പഠനങ്ങളില്‍ പി ജി വിലയിരുത്തിയിട്ടുണ്ട്. പി ജിയിലെ സര്‍ഗക്രിയാധനന്റെ സൗന്ദര്യ ദര്‍ശനവും പഠനവും മാനവികതയിലും മനുഷ്യത്വ വികാസത്തിലുമാണ് സമന്വയിക്കുന്നത്.

*
ഡോ. എ എം വാസുദേവന്‍പിള്ള ദേശാഭിമാനി വാരിക

No comments: