Thursday, December 19, 2013

തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സന്ദേശം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലം മാസങ്ങള്‍ക്കകം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വലിയ ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ സ്വാഭാവികമായും ബിജെപി വിജയം നേടി. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഗതിയായി ഉയര്‍ത്തി കാട്ടപ്പെടുകയുംചെയ്തു.

എന്നാല്‍, ഈ ധാരണയെ വിമര്‍ശാത്മകമായി വിലയിരുത്തേണ്ടതുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഇങ്ങനെ പറയാന്‍ കാരണം, ഈ നാല് സംസ്ഥാനങ്ങളിലെയും ജനവിധിയുണ്ടായത് സംസ്ഥാനാടിസ്ഥാനത്തിലുള്ള വസ്തുതകള്‍ കണക്കിലെടുത്തു മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ വെറുപ്പിന്റെ ആകത്തുകകൂടിയാണ് എന്നതാണ്. വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെയുള്ള ജനരോഷമാണ് ഇവിടെ പ്രകടമായത്.

രണ്ടുതവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ബിജെപി സര്‍ക്കാരുകളെ പുറത്താക്കുന്നതിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഉദാഹരണത്തിന്, മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിലെ 13 മന്ത്രിമാര്‍ ലോകായുക്ത ഫയല്‍ചെയ്ത അഴിമതിക്കേസുകളില്‍പെട്ടവരായിരുന്നു. ബിജെപിയുടെ ദുര്‍ഭരണം കാരണം ജനങ്ങള്‍ ഒട്ടനവധി വിഷമങ്ങള്‍ അനുഭവിച്ചു. എന്നിട്ടും ഒരു ബദല്‍ശക്തിയായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ മോശം പ്രതിഛായതന്നെയാണ് ഇതിനുകാരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ് വന്‍ വിലക്കയറ്റത്തിനും അഴിമതിക്കും കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തിലിരുന്നതെങ്കില്‍പോലും അവിടെയും അവര്‍ തുടച്ചുനീക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷമുയര്‍ന്ന ഇവിടെ കോണ്‍ഗ്രസിന് എക്കാലത്തെയും ഏറ്റവും കുറഞ്ഞ സീറ്റാണ് ലഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണം നേരിട്ട് അനുഭവപ്പെട്ട ഡല്‍ഹിയില്‍ ആകെയുള്ള 70 സീറ്റില്‍ എട്ടെണ്ണംമാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന് കുറച്ച് അധികാരങ്ങള്‍മാത്രമേയുള്ളൂവെന്ന് അറിയുന്ന ജനങ്ങള്‍ കേന്ദ്രഭരണകക്ഷിയെക്കുറിച്ചുള്ള വിലയിരുത്തലിലാണ് ഇവിടെ വോട്ടുചെയ്തത്. ഇതെല്ലാമാണ് നാലുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം, അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ മുന്നോടിയാണെന്ന ധാരണയ്ക്ക് വഴിവച്ചത്.

എന്നാല്‍, ഈ ന്യായം നാലുസംസ്ഥാനങ്ങളില്‍ മൂന്നിലും വിജയിച്ച ബിജെപിക്ക് ബാധകമല്ല. പാരമ്പര്യമായി ഈ നാലുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്- ബിജെപി എന്ന ദ്വികക്ഷി സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഈ നാലിടങ്ങളിലും ബിജെപിക്ക് ശക്തമായ അടിത്തറയുമുണ്ട്. 2004, 2009 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള 73 സീറ്റില്‍ ഭൂരിപക്ഷവും ബിജെപിയാണ് നേടിയത്. എന്നിട്ടും ബിജെപിക്കോ എന്‍ഡിഎയ്ക്കോ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ല. 2003 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ഈ നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിലും ബിജെപിയാണ് ജയിച്ചത്. ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് വാജ്പേയി സര്‍ക്കാര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ആറുമാസം നേരത്തേയാക്കിയത്. എന്നാല്‍, അതോടെ ബിജെപി അധികാരത്തില്‍ നിന്ന് പുറത്താവുകയാണുണ്ടായത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം ദേശീയതലത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാത്തതിനു കാരണം ഇവിടങ്ങളിലെ ഇരുകക്ഷി സാഹചര്യം രാജ്യത്തെ മറ്റ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും രീതിയല്ലാത്തതുകൊണ്ടാണ്. ഈ നാലുസംസ്ഥാനങ്ങള്‍ക്കു പുറമെ ഗുജറാത്തിലും ചെറു സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമാണ് ഇരുകക്ഷി സാഹചര്യം നിലനില്‍ക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നത് പ്രാദേശിക കക്ഷികളും ഇടതുപക്ഷപാര്‍ടികളും ഉള്‍പ്പെടെയുള്ള ബിജെപിയിതര കക്ഷികളില്‍നിന്നാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന്റെ മുഖ്യ ഗുണഭോക്താവ് ഈ സംസ്ഥാനങ്ങളില്‍ ബിജെപിയായിരിക്കില്ല.

ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതാണ്. യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണവും വിലക്കയറ്റവും അഴിമതിയും കാരണം ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം വര്‍ഗീയശക്തികള്‍ മുതലെടുക്കുന്നുമുണ്ട്. എന്നാല്‍, ജനങ്ങളുടെ കണ്ണില്‍ ബിജെപിക്കും വര്‍ഗീയഭീഷണിക്കുമെതിരെ പൊരുതുന്നതില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികള്‍ക്കും ഇടതുപക്ഷത്തിനും മാത്രമാണ് വിശ്വാസ്യതയുള്ളത്. ഇരുകക്ഷി സാഹചര്യത്തിലും, കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ശക്തമായ ബദല്‍ ഉയര്‍ത്താന്‍ ഒരു രാഷ്ട്രീയശക്തിക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് ജനപിന്തുണ ലഭിക്കുമെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. ആം ആദ്മി പാര്‍ടിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ സമരത്തിലൂടെയാണ് ഈ പാര്‍ടി ഉദയം ചെയ്യുന്നത്. 2012 ല്‍ ആം ആദ്മി പാര്‍ടി (എഎപി) രൂപംകൊണ്ടതിനുശേഷം, വൈദ്യുതി നിരക്ക് തുടങ്ങിയ നഗരത്തിലെ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് അവര്‍ സമരം നടത്തി. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഏറ്റുമുട്ടി അവര്‍ ഒരു ബദല്‍ശക്തിയായി. ഇതിന്റെ ഫലമായി കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന്റെ സ്ഥിരം ഗുണഭോക്താവായ ബിജെപിക്ക് ഇക്കുറി ഭൂരിപക്ഷം നേടാനായില്ല.

ഡല്‍ഹിയില്‍ എഎപിയുടെ മികച്ച പ്രകടനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. എങ്ങനെയാണ് എഎപിക്ക് പെട്ടെന്നു വളരാനും ജനങ്ങളുടെ പിന്തുണ നേടാനും കഴിഞ്ഞതെന്ന ചോദ്യമാണ് ഏറ്റവും കൂടുതല്‍ ഉയരുന്നത്. ഇതിന് രാഷ്ട്രീയവും ആശയപരവുമായ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ഒരു മധ്യവര്‍ഗ പ്രതിഭാസമായാണ് എഎപിയുടെ ഉദയം. മധ്യവര്‍ഗ ഉല്‍ക്കണ്ഠകള്‍ ഉണര്‍ത്തിയാണ് എഎപി അടിത്തറയിട്ടത്. ഒരു നഗര സംസ്ഥാനത്ത് അത് വിജയം വരിച്ചു. ദരിദ്രജനവിഭാഗങ്ങളില്‍നിന്ന് എഎപിക്ക് പിന്തുണ ലഭിച്ചുവെന്നത് സത്യമാണ്. എന്നാല്‍, എഎപി വിജയം വരിച്ചത് മധ്യവര്‍ഗത്തിലുള്ള സ്വീകാര്യതയും വര്‍ധിച്ച മാധ്യമപിന്തുണയും വഴിയാണ്.

മറ്റൊരു വസ്തുത, എഎപി മുതലാളിത്തത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നുമാത്രമല്ല ആശയപരമായ നിലപാടുകളൊന്നും അവര്‍ വ്യക്തമാക്കിയിട്ടുമില്ല എന്നതാണ്. തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ അവര്‍ പറഞ്ഞത് അഴിമതിയില്ലാത്ത ഭരണം കാഴ്ചവയ്ക്കുമെന്നും ജനങ്ങള്‍ക്കുള്ള അടിസ്ഥാന സേവനങ്ങള്‍ കുറഞ്ഞചെലവില്‍ ലഭ്യമാക്കുമെന്നുമാണ്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നൂതനമാര്‍ഗങ്ങളിലുടെ അവര്‍ ജനങ്ങളിലെത്തുകയുംചെയ്തു. സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളില്‍ അവര്‍ ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. ആ പാര്‍ടിയുടെ നയങ്ങളും പരിപാടിയും എങ്ങനെയാണ് ഉരുത്തിരിയുകയെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും. ഇപ്പോള്‍ ഇത്രമാത്രമേ പറയാന്‍ കഴിയൂ. കോണ്‍ഗ്രസിതര ബിജെപിയിതര കക്ഷിയെന്ന രീതിയിലുള്ള എഎപിയുടെ ഉയര്‍ച്ച ഗുണകരമായ സംഭവവവികാസമാണ്.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

No comments: