Thursday, December 26, 2013

സ്വയംഭരണ കോളേജുകള്‍: വിനാശകരമായ നീക്കം

കേരളത്തില്‍ സ്വയംഭരണകോളേജുകള്‍ ആരംഭിക്കാനുള്ള നീക്കം ഉന്നതവിദ്യാഭ്യാസരംഗത്ത് വിനാശകരമായ ഫലങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഗുണനിലവാരം വര്‍ധിപ്പിക്കാനെന്നപേരില്‍ കൊണ്ടുവന്നിരിക്കുന്ന ഈ പരിഷ്കാരം നിലവാരത്തകര്‍ച്ചയ്ക്കു മാത്രമല്ല ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണിയാകുകയും ചെയ്യും.

രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ പതിനഞ്ച് കോളേജുകള്‍ക്കാണ് സ്വയംഭരണപദവി നല്‍കുന്നതിനായി സര്‍ക്കാര്‍ ശുപാര്‍ശചെയ്ത് യുജിസിക്ക് അയച്ചിരിക്കുന്നത്. സ്വയംഭരണപദവി നല്‍കുന്നതിനായി നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയാണ് 13 സ്വകാര്യ കോളേജുകളില്‍ ചിലതിനെ പട്ടികയില്‍ തിരുകിക്കയറ്റിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പാഠ്യപദ്ധതി രൂപീകരണം, പരീക്ഷാനടത്തിപ്പ് ഫലപ്രഖ്യാപനം മുതലായ കാര്യങ്ങള്‍ ഇതുവരെയും ചെയ്തുവന്നിരുന്ന സര്‍വകലാശാലകളെ ആ പണിയില്‍നിന്ന് ഒഴിവാക്കി കോളേജുകള്‍ ശുപാര്‍ശചെയ്യുന്ന പഠിതാക്കള്‍ക്ക് ബിരുദം നല്‍കുകയെന്ന ലഘുവായ ഉത്തരവാദിത്തംമാത്രം ഏല്‍പ്പിച്ചുകൊടുത്തിരിക്കുകയാണ്. സര്‍വകലാശാലകള്‍ ചെയ്തുകൊണ്ടിരുന്ന ജോലി കോളേജുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനുണ്ടാകുന്ന മൂല്യശോഷണവും അപചയവും ഭയാനകമായിരിക്കും. സ്വയംഭരണപദവി ലഭിക്കുന്നതോടുകൂടി പാഠ്യപദ്ധതിരൂപീകരണം അതത് കോളേജുകളില്‍ത്തന്നെയായിരിക്കും. ഏതാനും ചില അല്‍പ്പവിഭവന്മാരായ അധ്യാപകരാണ് സിലബസ് ഉണ്ടാക്കാന്‍ നിയുക്തരാകുന്നതെങ്കില്‍ എന്തായിരിക്കും അതിന്റെ നിലവാരം? അന്ധവിശ്വാസങ്ങളും പ്രതിലോമചിന്തകളും പാഠ്യവിഷയങ്ങളായിത്തീരില്ല എന്നതിന് ഒരുറപ്പുമുണ്ടാകില്ലല്ലോ!

ജന്തുശാസ്ത്രത്തില്‍ പരിണാമസിദ്ധാന്തത്തെ ഒഴിവാക്കി സൃഷ്ടിവാദം ഉള്‍പ്പെടുത്തിയാല്‍ അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കു സാധിക്കും? സര്‍ക്കാരിന്റെ ചട്ടവട്ടങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് തയ്യാറാക്കപ്പെടുന്ന പാഠപുസ്തകങ്ങളെപ്പോലും മതസാമുദായികശക്തികള്‍ ഇടപെട്ട് തങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനെ മാറ്റിക്കുന്നുണ്ടെങ്കില്‍ അവരുടെ മാത്രം നിയന്ത്രണത്തിലുള്ള കോളേജുകളിലെ പാഠ്യപദ്ധതിയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും. അതിനെ അക്കാദമികമായി പ്രതിരോധിക്കാന്‍ ചങ്കൂറ്റമുള്ള എത്ര അധ്യാപകരുണ്ടാകും? ഏതോ തീവ്രവാദവിഭാഗത്തിന് അനിഷ്ടകരമായ ചോദ്യമുണ്ടാക്കിയ അധ്യാപകന്‍ ഛേദിക്കപ്പെട്ട കൈപ്പത്തിയുമായി, മാനേജരാലും പീഡിപ്പിക്കപ്പെട്ട് ജീവിക്കുന്നത് ഈ കേരളത്തില്‍ത്തന്നെയാണ്. പരീക്ഷാനടത്തിപ്പിന്റെ പേരില്‍ എന്തൊക്കെ അധാര്‍മികപ്രവൃത്തികളായിരിക്കും സ്വയംഭരണകോളേജില്‍ നടക്കുക. സര്‍വകലാശാലാനടപടിക്രമങ്ങള്‍ക്കുള്ളില്‍നിന്നുതന്നെ കൂടുതല്‍ മാര്‍ക്കും റാങ്കും വാഗ്ദാനം നല്‍കി ഒരു സര്‍ക്കാര്‍ ലോ കോളേജ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണംചെയ്യാന്‍ കഴിയുമെങ്കില്‍ സ്വയംഭരണകോളേജുകളില്‍ എന്തൊക്കെ നടക്കില്ല? വിജയശതമാനം വര്‍ധിപ്പിക്കാനായി എന്തെല്ലാം ഹീനകൃത്യങ്ങളായിരിക്കും ചെയ്യുക? ചില അണ്‍ എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകളില്‍ പരീക്ഷയില്‍ കോപ്പിയടിക്കാനുള്ള സൗകര്യം മാനേജ്മെന്റുതന്നെ ചെയ്തുകൊടുത്തതിന്റെപേരില്‍ സര്‍വകലാശാല ശിക്ഷാനടപടി സ്വീകരിച്ച കാര്യം മറക്കാറായിട്ടില്ല. വിദ്യാര്‍ഥിപ്രവേശനത്തില്‍ എയ്ഡഡ് കോളേജുകളില്‍ ഇപ്പോള്‍ നടന്നുവരുന്ന അഴിമതിയും കോഴയും സ്വയംഭരണപദവി ലഭിക്കുന്നതോടുകൂടി ശതഗുണീഭവിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ടാ. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങളും കോഴയും സ്വയംഭരണം ലഭിക്കുന്നതോടുകൂടി വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴത്തുകയുടെ കനംനോക്കിയും ജാതി-മത പരിഗണനകള്‍ വച്ചും അധ്യാപകനിയമനം നടത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നത് കഴിവുറ്റ അധ്യാപകരുടെ സേവനമാണ്. ശരാശരിയോ അതിലും താഴ്ന്നതോ ആയ നിലവാരമുള്ളവര്‍ മറ്റു പരിഗണനകളാല്‍ അധ്യാപകരായിത്തീരുകയും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ മാത്രം സിലബസില്‍ ഉള്‍പ്പെടുത്തുകയും, അവര്‍ക്കറിയാവുന്ന തരത്തില്‍ ചോദ്യങ്ങളുണ്ടാക്കി പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ അവരേക്കാള്‍ നിലവാരംതാണ ബിരുദധാരികളായിരിക്കും സമൂഹത്തിലേക്കിറങ്ങിവരിക. അവര്‍ സമൂഹത്തെ നിയന്ത്രിക്കുമ്പോള്‍ എന്താകും കേരളത്തിന്റെ ഭാവി? രാഷ്ട്രീയകേരളത്തിന്റെ ജനാധിപത്യപരമായ ചട്ടക്കൂട് വളര്‍ത്തിയെടുത്തതില്‍ വിദ്യാഭ്യാസത്തിനും സ്വതന്ത്രങ്ങളായ ക്യാമ്പസുകള്‍ക്കുമുള്ള പങ്ക് നിര്‍ണായകമായിരുന്നു. കോളേജ് യൂണിയന്‍ പോലുള്ള ജനാധിപത്യവേദികളും സ്വതന്ത്രമായ തെരഞ്ഞെടുപ്പും രാഷ്ട്രീയവും സാംസ്കാരികവുമായ സംവാദങ്ങളും വിമര്‍ശനബുദ്ധിയും സമത്വബോധവും സര്‍വോപരി മാനവികചിന്തയും മലയാളിക്ക് പ്രദാനം ചെയ്തത് കോളേജ് ക്യാമ്പസ്സുകളാണ്. രണ്ടുപതിറ്റാണ്ടിനുമുമ്പ് ആരംഭിച്ച അണ്‍ എയ്ഡഡ് കോളേജുകള്‍ ജനാധിപത്യത്തിന് ആദ്യത്തെ പ്രഹരമേല്‍പ്പിച്ചു. മാനേജര്‍മാരുടെ ആധിപത്യത്തിലുള്ള അത്തരം കോളേജുകള്‍ ജനാധിപത്യത്തെ ആട്ടിയോടിക്കുന്ന രാവണന്‍കോട്ടകളായി. ഇപ്പോള്‍ സ്വയംഭരണപദവി നേടുന്ന സര്‍ക്കാര്‍ കോളേജുകളും എയ്ഡഡ് കോളേജുകളും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും കൊടിയ ആഘാതമാണ് ഏല്‍പ്പിക്കാന്‍ പോകുന്നത്. ഭാവികേരളം ഫാസിസ്റ്റുകളുടെയും തീവ്രവാദികളുടെയും കൈയിലമരാതിരിക്കണമെങ്കില്‍, ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും പുലരണമെന്നാഗ്രഹമുണ്ടെങ്കില്‍ സ്വയംഭരണകോളേജുകള്‍ തുടങ്ങാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണം

*
ദേശാഭിമാനി മുഖപ്രസംഗം

No comments: