Sunday, December 29, 2013

കാലത്തിനൊപ്പം കുതിക്കുന്ന ചൈന

കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സ്വയം നവീകരിച്ച ചൈന വര്‍ധിത ഊര്‍ജത്തോടെ മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞവര്‍ഷം ലോകത്തിന് സമ്മാനിച്ചത്. വിവിധ മേഖലകളില്‍ കാലാനുസൃതമായി നടപ്പാക്കേണ്ട സമഗ്രപരിഷ്കരണം സംബന്ധിച്ച പ്രധാന വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ സമ്പൂര്‍ണയോഗം കൈക്കൊണ്ടു. രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ട സുപ്രധാന പരിഷ്കരണതീരുമാനങ്ങള്‍ രാജ്യത്തിനൊപ്പം ലോകവും ഏറെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്. സുപ്രധാന മേഖലകളില്‍ കാലാനുസൃത മാറ്റങ്ങള്‍ക്കാണ് നിര്‍ദേശം. 1978ല്‍ ദെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ സിപിസി തുടക്കമിട്ട പരിഷ്കരണനടപടിയുടെ തുടര്‍ച്ചയാണിത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയര്‍ന്ന ചൈനയ്ക്ക് ഒന്നാംസ്ഥാനത്തെത്താനുള്ള കുതിപ്പിന് ഇപ്പോഴത്തെ പരിഷ്കരണതീരുമാനങ്ങള്‍ കരുത്താകുമെന്ന് പാര്‍ടി വിലയിരുത്തുന്നു.
ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ മുറുകെപ്പിടിച്ചാണ് പുതുയുഗത്തില്‍ രാജ്യത്തെ സജ്ജമാക്കാനുള്ള പരിഷ്കാരങ്ങള്‍. വിഭവങ്ങളുടെ വിതരണത്തില്‍ കമ്പോളത്തിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നതരത്തില്‍ സാമ്പത്തികപരിഷ്കരണം ആഴത്തിലാക്കുമെന്ന് സിപിസി 18-ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാം സമ്പൂര്‍ണസമ്മേളനത്തിനുശേഷം പാര്‍ടി വ്യക്തമാക്കി. ഗ്രാമവാസികള്‍ക്ക് രാജ്യവികസനത്തില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കാന്‍ നഗര- ഗ്രാമ ബന്ധത്തില്‍ പുതിയ തുടക്കത്തിന് യോഗം ആഹ്വാനംചെയ്തു. വ്യവസായം സ്വതന്ത്രമായി നടത്താന്‍ അനുവദിക്കുമെങ്കിലും ശക്തമായ മേല്‍നോട്ടമുണ്ടാകും. പരസ്പരമത്സരം മാന്യവും ആരോഗ്യകരവുമാക്കി മാറ്റും. ഉപഭോക്താക്കള്‍ക്കും ഇത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. സുതാര്യവും സുവ്യക്തവുമായ നിയമങ്ങള്‍വഴി കമ്പോളത്തിലെ വിലനിര്‍ണയരീതി മെച്ചപ്പെടുത്തുമെന്നും പാര്‍ടി കമ്യൂണിക്കേയില്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ ചൈനയുടെ മുന്നേറ്റം ലോകത്തിന് തിരിച്ചറിവാകുകയാണ്. തുടര്‍ച്ചയായ പത്താംവര്‍ഷവും ചൈനയുടെ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.1 ശതമാനം വര്‍ധിച്ച് 60.194 കോടി ടണ്ണാണ് ഇത്തവണ ചൈനയുടെ മൊത്തം ധാന്യോല്‍പ്പാദനം. 11.195 കോടി ഹെക്ടറിലാണ് ഇത്തവണ ധാന്യക്കൃഷി. കാര്‍ഷിക സബ്സിഡികള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2006 മുതല്‍ കാര്‍ഷികവിളകള്‍ക്ക് ചൈന മിനിമംവില ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഇതുകാരണം വിലയിടിവെന്ന ദുരന്ത പ്രത്യാഘാതം കര്‍ഷകരെ ബാധിക്കാറില്ല. നിശ്ചയിച്ചിരിക്കുന്ന വിലയില്‍നിന്ന് കമ്പോളവില താഴ്ന്നാല്‍ സര്‍ക്കാര്‍ സംഭരണിയിലേക്ക് നെല്ലും ഗോതമ്പും അധികൃതര്‍ നേരിട്ട് സ്വീകരിക്കും. കീടങ്ങളെ ചെറുക്കാന്‍ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാനും വരള്‍ച്ചയെ തടുക്കാനും കോടിക്കണക്കിന് രൂപയാണ് സബ്സിഡിയായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കര്‍ഷകസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തും കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കിയുമാണ് ചൈനീസ് സര്‍ക്കാര്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്.

ബഹിരാകാശരംഗത്തും ചൈനയുടെ സാന്നിധ്യം ശ്രദ്ധേയമായി. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യവും ചൈന വീണ്ടും ഏറ്റെടുക്കുന്നു. 2012ല്‍ ഷെന്‍ഷൂ-9 പേടകത്തിലാണ് ചൈന ആദ്യമായി മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചത്. ലിയു യാങ് എന്ന വനിതയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കയും റഷ്യയും സംയുക്തമായി പ്രവര്‍ത്തിപ്പിക്കുന്ന മിര്‍ ബഹിരാകാശനിലയം 2020ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ സമയത്ത് തങ്ങളുടെ നിലയം സജ്ജമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശപേടകം ചൈന ഈവര്‍ഷം വിക്ഷേപിച്ചു. ചന്ദ്രനില്‍ ഇറങ്ങി വിവരങ്ങള്‍ ശേഖരിക്കാനുള്ള റോബോട്ടിക് റോവറും ടെലിസ്കോപ്പും മറ്റും അടങ്ങുന്നതാണ് പേടകം. ബഹിരാകാശരംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ചൈന വ്യക്തമാക്കി. സ്ഥലത്തിനും വീടിനും മറ്റും വില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടുത്തവര്‍ഷം 60 ലക്ഷം വീടുകൂടി നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചു. ഈവര്‍ഷം 63 ലക്ഷം വീടിനാണ് പദ്ധതിയിട്ടതെങ്കിലും ഇത് 67 ലക്ഷമായി ഉയര്‍ന്നു.

*
ദേശാഭിമാനി

No comments: