Monday, December 2, 2013

വിചിത്ര സത്വത്തെ സമ്പൂര്‍ണ മനുഷ്യനാക്കുന്ന വിദ്യ

ഈയിടെ അന്തരിച്ച അമോസ് ടുട്ടുവോള എന്ന പ്രശസ്തനായ നൈജീരിയന്‍ നോവലിസ്റ്റിെന്‍റ ആദ്യനോവലായ "കള്ളുകുടിയനി"ല്‍ ഒരു "സമ്പൂര്‍ണ മാന്യ"നെ അവതരിപ്പിക്കുന്നുണ്ട് - എല്ലാം തികഞ്ഞ, സുന്ദരനായ ഒത്ത ഒരു പുരുഷന്‍. എന്നാല്‍ അയാളുടെ ആകാര സൗഷ്ഠവത്തിലും സൗന്ദര്യത്തിലും മയങ്ങിയ സുന്ദരിയായ പെണ്ണൊരുവള്‍ അയാളെ പിന്തുടര്‍ന്നപ്പോള്‍ കണ്ടെത്തിയത് അയാളുടെ സര്‍വവും തികഞ്ഞ ശരീര ഭാഗങ്ങള്‍ ഓരോന്നും ഓരോരുത്തരില്‍നിന്നും വാടകയ്ക്കെടുത്തതാണെന്നതാണ്. ചന്തയില്‍നിന്ന് അയാളുടെ ആവാസ കേന്ദ്രമായ കൊടുംകാട്ടിലേക്ക് തിരികെ പോകുന്ന വഴിയില്‍ ഓരോ ശരീരഭാഗമായി അഴിച്ചുമാറ്റി അതിന്റെ ഉടമസ്ഥര്‍ക്ക് അതിനുള്ള വാടകപ്പണം സഹിതം നല്‍കി, ഒടുവില്‍ "പൂര്‍ണ ശരീരമുള്ള മാന്യന്‍ തലമാത്രമായി ചുരുങ്ങുന്ന"തായാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്.

കേരളത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മെനഞ്ഞെടുത്ത, "സുന്ദരവും സമ്പൂര്‍ണ"വുമാണെന്ന പ്രതീതി നല്‍കിയിട്ടുള്ള ഒരു കെട്ടുകാഴ്ചയാണ് ഇന്ന് സംസ്ഥാന ഭരണം നടത്തുന്ന യുഡിഎഫും അതിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.അമോസ് ടുട്ടുവോളയുടെ നോവലില്‍ പലതരം വിചിത്ര ജീവികളെയും അത്യല്‍ഭുതകരമായ സംഭവങ്ങളെയും പശ്ചാത്തലങ്ങളെയും ഉടനീളം കാണാവുന്നതാണ്. ഇന്ന് യുഡിഎഫ് ഭരണത്തെ നിരീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകുന്നത് അതേപോലുള്ള വിചിത്ര ജീവികളുടെയും സംഭവങ്ങളുടെയും ഒരു സംഘാതമാണ് യുഡിഎഫ് എന്ന കാര്യമാണ്. പോരെങ്കില്‍ അവരുടെ ചീഫ് വിപ്പു തന്നെ പ്രസ്താവിച്ചത്, ഇത് കള്ളുകുടിയന്മാരുടെയും പെണ്ണുപിടിയന്മാരുടെയും മന്ത്രിസഭയാണെന്നാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നു നിര്‍വഹിക്കുന്ന ദൗത്യമാകട്ടെ ഈ വിചിത്ര സത്വത്തെ ഒരു "സമ്പൂര്‍ണ മാന്യനാ"യി അണിയിച്ചൊരുക്കുക എന്നതാണ് - അതായത് സാധാരണ ജനങ്ങളെ പ്രചരണ കോലാഹലങ്ങളില്‍പ്പെടുത്തി വഞ്ചിക്കല്‍! തലമാത്രമുള്ള, അല്ലെങ്കില്‍ കാല്‍മുട്ടില്‍ തിളങ്ങുന്ന ഉണ്ടക്കണ്ണുകളുള്ള വിചിത്ര സത്വത്തെ ഇതാ ഇവിടെ സമ്പൂര്‍ണ മാനവനാക്കി മാറ്റുന്നു. നവംബര്‍ 20െന്‍റ "മലയാള മനോരമ"യുടെ ഒന്നാം പേജിലെ ലീഡ് വാര്‍ത്ത: ""ശമ്പളക്കമ്മീഷന്‍ ഉടന്‍; മുഖ്യമന്ത്രി"". ആരെയും അമ്പരപ്പിക്കുന്ന സംഭവം. എന്തായാലും മറ്റു മുഖ്യധാരകളില്‍ ഏതിലെങ്കിലും ഇങ്ങനെയൊരു ശീര്‍ഷകമുണ്ടോ? എന്തായാലും ഒന്നാം പേജിലെ ലീഡ് ന്യൂസായി ഒന്നിലുമിതില്ല. അരിച്ചു പെറുക്കി നോക്കുമ്പോള്‍ "മാതൃഭൂമി"യില്‍ 9-ാം പേജില്‍ ദാണ്ടേ കിടക്കുന്നു - ""പെന്‍ഷന്‍ പ്രായം: അഭിപ്രായ സമന്വയത്തിലെത്തണം: മുഖ്യമന്ത്രി"". രണ്ടും ഒരേ സങ്കതി തന്നെയാണോന്നും നോക്കി. തന്നെ തന്നെ. ഒന്നു തന്നെ. ഇനി എന്താ സംഭവമെന്ന് നോക്കാം. പാലക്കാട് നടന്ന ഉമ്മന്‍ കോണ്‍ഗ്രസ് പോഷകസംഘടനയായ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കുഞ്ഞൂഞ്ഞവര്‍കള്‍ നടത്തിയ ഉഗ്രന്‍ പേച്ചാണ് പിള്ളേ അത്. അവിടെ ചെന്ന് പോഷകന്മാരോട് മുണ്ടുമുറുക്കി ഉടുക്കാന്‍ പറയാനക്കൊണ്ട് പറ്റുമോന്ന്!

അതിനാലക്കൊണ്ടുള്ള ഒരു തട്ടല്ലേ അവിടെ തട്ടിയത്. അതന്നെയങ്ങ് ഊരിയെടുത്തു നമ്മളെ കോട്ടയമച്ചായന്‍ - വിചിത്ര ജീവിയെ സമ്പൂര്‍ണ - സുന്ദരമാന്യനാക്കുന്ന വിദ്യ നമ്പ്ര് ഒന്ന്. ഇത് കണ്ട് അമ്പരന്നത് എങ്ങനെയെന്നല്ലേ! പറയാം; നോക്കൂ "മനോരമേ"ല് തന്നെ ഒരുപെട്ടീം കൂടി ഒണ്ട്: ""ശമ്പളപരിഷ്കരണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍. കഴിഞ്ഞ പരിഷ്കരണം 2009 ജൂലൈയില്‍"" അതുക്കുള്ളില്‍ ഇങ്ങനെയുമുണ്ടൊരു സങ്കതി. അതായത്, 5 വര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്കരണം 1992ലും 2002ലും നടപ്പായില്ല. നോക്കൂ കൃത്യം 10 വര്‍ഷത്തെ ഇടവേള. ഇതുക്കുപിന്നില്‍ ആരാ? ആരുമാകാം. അമോസ് ടുട്ടുവോളയുടെ കള്ളു കുടിയന്‍ എത്തിപ്പെട്ട വിചിത്ര ലോകമോ ഇത്? ഹേയ്, അല്ല. ഇതു ചരിത്രം തന്നെ. കോട്ടയം അച്ചയാന്‍ തിരിച്ചവതരിപ്പിക്കാന്‍ നോക്കുന്ന ചരിത്രം. യഥാര്‍ത്ഥ ചരിത്രത്തില്‍ 1992ല്‍ ഉ. ചാണ്ടി ധനമന്ത്രി. അന്നതിയാന്‍ സംസ്ഥാന ജീവനക്കാര്‍ക്ക് പഞ്ചാരയില്‍ പൊതിഞ്ഞ പാലുമുട്ടായി കൊടുത്തു. പക്ഷേല് അതിലപ്പിടി വെഷമാരുന്നു - ശുദ്ധ പോയിസണ്‍! അതിനിട്ട പേരത്രെ കേന്ദ്ര പാര! പാരയില്‍ പൊറുതിമുട്ടിയ ജീവനക്കാര് - ഇപ്പഴത്തെ കോട്ടാത്തലേെന്‍റ കക്ഷികള് വരെ - തലേക്കൈയും വെച്ച് പറഞ്ഞു - പൊന്നൊടേതെ, ഈ പാര ഞങ്ങക്ക് വേണ്ടേ, വേണ്ടാന്ന്! അങ്ങനെ, ഉ. ചാണ്ടി അവര്‍കള്‍ ഉത്തരവുമിറക്കി, വേണ്ടാത്തവര്‍ക്ക് വേണ്ട! അങ്ങനെ 5 വര്‍ഷം സ്വാഹ! ഒടുവില് നായനാര്‍ സര്‍ക്കാരാണ് അതിന്റെ കേട് തീര്‍ത്തത് - 1997ല്. എന്തു ചെയ്യാം; പിന്നേം വന്നു യുഡിഎഫ് മാരണം. അപ്പഴേക്കും നമ്മുടെ ഉ. ചാണ്ടി യുഡിഎഫിെന്‍റ കൊല്ലാനും തിന്നാനും അധികാരമുള്ള സര്‍വാധിക്കാര്യക്കാര് - അതേന്ന്, കണ്‍വീനര്‍ തന്നെ! ഓരാണല്ലോ എന്നിട്ട് തീരുമാനിച്ചേ, ഈ സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളോം പെന്‍ഷനുമൊന്നും കൊടുക്കണ്ടാന്ന്. അതുകൊടുത്താണ് ഖജനാവ് മെലിഞ്ഞതെന്ന്. അത് ഇന്നും നമ്മളെ ചാണ്ടിയൊണ്ടല്ലോ, ഓരൊരു കാച്ചങ് കാച്ചി. അതിന്നും നമ്മളെ മനസ്സിലുണ്ടേ; എന്താന്നറിയോ? ""ഈ ജീവനക്കാര് മാത്രം അങ്ങനങ്ങ് സുഖിക്കണ്ടാ""ന്ന്! കോട്ടാത്തലേെന്‍റ ഓര്‍മേല് ചെലപ്പള് കാണും സംഭവം!

അങ്ങനെയാണേയ് 2002ലും അഞ്ചുവര്‍ഷം പോയിക്കിട്ടിയത്. അങ്ങനെത്തെയൊള്ള അതിയാന്‍ ചുമ്മാ കേറിയങ്ങ് "ചമ്പളം" പരിഷ്കരിക്കാന്ന് പറഞ്ഞാല് ആരാ കൂവേ ഞെട്ടാത്തത്! എന്താണേലും അതൊരു കെണിയാണേ, ജാഗ്രതൈ! ആ കെണിയില്‍ ജീവനക്കാരെ മാത്രമല്ല, നാട്ടിനേം നാട്ടാരേം കുരുക്കാനാണ് കോട്ടയത്തെ കള്ളക്കിഴവി ഇപ്പള് നോക്കണത്! വിചിത്ര സത്വത്തെ വാടകക്കാലും കൈയ്യും ചുണ്ടും ഫിറ്റ് ചെയ്ത് ഒത്തൊരാണായി അവതരിപ്പിക്കല്! എന്നാലേ 20-ാം തീയതിയിലെ പ്രധാന സങ്കതി എന്താണെന്ന് നോക്കിയാലോ? ""ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി"" എന്ന് "മാതൃഭൂമി"യും ""ആറന്മുള വിമാനത്താവളത്തിന് പച്ചക്കൊടി"" എന്ന് "മാധ്യമ"വും ""ആറന്മുള വിമാനത്താവളത്തിന് അന്തിമാനുമതി"" എന്ന് "ദേശാഭിമാനി"യും പറയുന്നു. "മനോരമ" അത് കാണാത്തതാണോ? ഹേയ്, കാണാത്തതല്ല. കണ്ടിട്ടുമുണ്ട്. 11-ാം പേജില്‍ അതിനെ അങ്ങട് ഒതുക്കീന്നു മാത്രം! ഒരേ സമയം രണ്ടു ഒപ്പിക്കല്. വിമാനത്താവളത്തിനെ ഒതുക്കീതുമായി, കുഞ്ഞൂഞ്ഞിനെ ശമ്പളകമ്മീഷനിലൂടെ വെള്ളപൂശലുമായി. ഏതു വിചിത്ര സത്വത്തെയും സുന്ദര സമ്പൂര്‍ണ മാന്യനാക്കി കൊടുക്കപ്പെടും!

വീണ്ടും തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രചരണം

20-ാം തീയതി "ശമ്പള കമ്മീഷനെ" പൊക്കിപ്പിടിച്ചപ്പോള്‍ "മനോരമ"യുടെ നോട്ടം തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാണ്. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുമുണ്ട്. 23-ാം തീയതിയിലെ "മനോരമ"യുടെ ഒന്നാം പേജിലെ ലീഡ് സ്റ്റോറി നോക്കൂ - ""ശാരീരിക ദൗര്‍ബല്യമുള്ളവരുടെ പെന്‍ഷന്‍ 8 ലക്ഷം പേര്‍ക്കു കൂടി"". ""വാര്‍ഷിക വരുമാനപരിധി മൂന്നുലക്ഷം രൂപയാക്കി"". കാര്യം നിസ്സാരം - ശാരീരിക ദൗര്‍ബല്യങ്ങളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള വരുമാനപരിധിയില്‍ രൂപയുടെ മൂല്യശോഷണം കണക്കിലെടുത്ത് ചെറുതായൊന്ന് വര്‍ധിപ്പിച്ചു. ഇത് കാലാകാലങ്ങളില്‍ ചെയ്യുന്നതുമാണ്. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തെയാണ്ഇവിടെ പര്‍വതീകരിച്ചിരിക്കുന്നത്. കണ്‍മുന്നില്‍ തിരഞ്ഞെടുപ്പ് എത്തിയതോടെ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന യുഡിഎഫിനെ ചന്ദന ലേപത്തില്‍ മുക്കി അവതരിപ്പിക്കുകയാണിവിടെ. ഇവിടെയും ഒരു മൂടിവയ്ക്കലു കൂടിയുണ്ട്. നോക്കൂ; 11-ാം പേജില്‍. ""മുഖ്യമന്ത്രിക്ക് കല്ലേറ്; യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായില്ലെന്ന് ഹൈക്കോടതി"". മറ്റു മുഖ്യധാരക്കാരും ഈ മൂടിവയ്ക്കലില്‍ "മനോരമ"യ്ക്കൊപ്പം തന്നെയുണ്ട്. "മാതൃഭൂമീ"ല്‍ അതു കാണണമെങ്കില്‍ ഭൂതക്കണ്ണാടീമായി തപ്പണം. "മാധ്യമ"ത്തിലും 11-ാം പേജ് തന്നെ: ""മുഖ്യമന്ത്രിക്കെതിരായ ആക്രമണം: അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നുവെന്ന് ഹൈക്കോടതി"". ഹൈക്കോടതിയില്‍നിന്നുള്ള ഇത്തരം രൂക്ഷമായ വിമര്‍ശനത്തെ, അത് എല്‍ഡിഎഫിനെതിരാണെങ്കില്‍, ഈ പത്രങ്ങള്‍ എങ്ങനെ പര്‍വതീകരിക്കുമായിരുന്നെന്ന് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

മഹത്വവല്‍ക്കരണത്തിന്റെ മറ്റൊരു മുഖം

26-ാം തീയതി "മനോരമ"യുടെ ഒന്നാം പേജില്‍ വലത്തേ അറ്റത്തായി രണ്ടു കോളത്തില്‍ ഒരു നെടുങ്കന്‍ കോളം ചിത്രം സഹിതം ഇങ്ങനെ അവതരിപ്പിക്കുന്നു: ""കണ്ണീരിെന്‍റ ചൂട് മുഖ്യമന്ത്രിക്ക് നീറ്റലായി; മീരയും മനുവും ഇനി സര്‍ക്കാരിെന്‍റ മക്കള്‍"". ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഹൃദയാഘാതംമൂലം മരണപ്പെട്ട ജേക്കബിെന്‍റയും നവംബര്‍ 24ന് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട ആനിയുടെയും മക്കളാണ് നേഴ്സിങ് വിദ്യാര്‍ഥിയായ മീരയും ആറാം ക്ലാസില്‍ പഠിക്കുന്ന മനുവും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആ കുട്ടികളെ സര്‍ക്കാര്‍ ദത്തെടുക്കുന്നതായുള്ള കുഞ്ഞൂഞ്ഞിെന്‍റ ജനസമ്പര്‍ക്ക പരിപാടി പ്രഖ്യാപനമാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. മരണം നടന്നതറിഞ്ഞാല്‍ ആ വീട്ടില്‍ പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും എത്തുന്നത് സ്വാഭാവികം. അതാരും വമ്പന്‍ വാര്‍ത്തയാക്കാറില്ല. അതടക്കം കണ്ണീരുപ്പില്‍ ചാലിച്ച് വൈകാരികമായി "മനോരമ" അവതരിപ്പിക്കുന്നത്, കെട്ട പ്രതിഛായയെ ചായംപൂശി സൗന്ദര്യവല്‍ക്കരിക്കാനുള്ള അഭ്യാസത്തിന്റെ ഭാഗം തന്നെ. സഹതാപതരംഗമുണ്ടാക്കാനുള്ള ഒരു തറപ്പരിപാടി! കോട്ടയത്തെ അതേ ജനസമ്പര്‍ക്കത്തില്‍ സഹായം തേടിയെത്തിയ റോസമ്മ എന്ന വീട്ടമ്മ ചുഴലിദീനം മൂര്‍ഛിച്ച് തളര്‍ന്നു വീണ വിവരം "മനോരമ" കാണുന്നതുമില്ല.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...

സിപിഐ എം പ്ലീനം മാധ്യമങ്ങള്‍ക്കെല്ലാം ഇഷ്ട വിഷയമാണ്. അത് സ്വാഭാവികം. ഭാവനാവിലാസംപോലെ ഓരോരുത്തരും പൊടിപ്പും തൊങ്ങലും വച്ച് കഥകള്‍ മെനയുന്നതും സാധാരണമായിട്ടുണ്ട്. പക്ഷേ, "മനോരമ"യാകുമ്പോള്‍ ആ കഥകളുടെ സ്റ്റൈലൊന്ന് വേറിട്ടതുതന്നെ. 20-ാം തീയതി 11-ാം പേജില്‍ ""സിപിഎം റിപ്പോര്‍ട്ടില്‍ ദൗര്‍ബല്യങ്ങള്‍ മാത്രം; പഴി വിഭാഗീയതയ്ക്ക്"". സംഘടനയെ ബാധിച്ച പലവിധ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി, അവയെ നീക്കം ചെയ്ത് പാര്‍ടി സംഘടനയെ ശക്തിപ്പെടുത്തുകയാണ് പ്ലീനത്തിന്റെ ലക്ഷ്യം എന്ന് പാര്‍ടി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കെ, ""ദൗര്‍ബല്യങ്ങള്‍ മാത്രം"" എന്ന ഊന്നലോടുകൂടിയുള്ള കഥാവതരണം പത്രത്തിന് കമ്യൂണിസ്റ്റ് വിരോധ തിമിരം ബാധിച്ചതിന്റെ പ്രതിഫലനമാണ്. 24-ാം തീയതി 8-ാം പേജില്‍ കഥ ഇങ്ങനെ തുടരുന്നു: ""സിപിഎം പ്ലീനം: വരുന്നത് കാരാട്ടും യെച്ചൂരിയും എസ് ആര്‍ പിയും മാത്രം. പാര്‍ലമെന്‍ററി വ്യാമോഹവും വലതുപക്ഷ വ്യതിയാനവും റിപ്പോര്‍ട്ടില്‍ ഇടം നേടും"". ഇവിടെയും ""മാത്രം"" എന്ന് തറപ്പിച്ചു പറയലിലൂടെ അസാധാരണമായതെന്തോ സംഭവിക്കുന്നതായുള്ള പ്രതീതി ജനിപ്പിക്കുകയാണ്. 26-ാം തീയതി അങ്ങ് ആഘോഷമാക്കിയിരിക്കുക തന്നെയാണ് "മനോരമ". എഡിറ്റ്പേജില്‍ (പേജ് 10 - കാഴ്ചപ്പാട്) ""പിഴവുകളുടെ അടയാള വേദി"" എന്ന സുജിത്നായരുടെ കലക്കന്‍ സാധനത്തിനുപുറമെ 11-ാം പേജില്‍ ""അനര്‍ഹരെ പുറന്തള്ളാനും അംഗത്വം കര്‍ശനമാക്കാനും സിപിഎം"" എന്നൊരു സ്റ്റോറി കൂടിയുണ്ട്. "കാഴ്ചപ്പാട്" പേജില്‍ സുജിത് നായരുടെ സുചിന്തിതമായ കഥയില്‍ ""പരിഹരിക്കേണ്ടതായ സംഘടനാ ദൗര്‍ബല്യങ്ങളും വീഴ്ചകളും സിപിഎമ്മിനുണ്ട് എന്ന കുറ്റസമ്മതം കൂടിയാണ് പ്ലീനം"" എന്ന വെളിപാടിനാണ് ഊന്നല്‍. പോരെങ്കില്‍ ഇതാ സിപിഐ എമ്മിെന്‍റ അജന്‍ഡ നിശ്ചയിക്കാനും ഈ പത്രം തുനിഞ്ഞിറങ്ങുന്നു

""വിഭാഗീയതയ്ക്ക് പരിഹാരം തേടല്‍ അജന്‍ഡ"" എന്ന പെട്ടിക്കഥയിലൂടെ. രോഗാണുക്കള്‍ നിറഞ്ഞ ചുറ്റുപാടില്‍ കഴിയുന്ന ശരീരത്തില്‍ അവ കടന്നുകൂടാനും ശരീരത്തെ രോഗബാധിതമാക്കാനുമുള്ള സാധ്യത സദാ നിലനില്‍ക്കുന്നു എന്നത് ഒരു വസ്തുതയാണ്. രോഗപ്രതിരോധവും രോഗം വന്നാലുള്ള ചികില്‍സയും അത്തരമൊരു സാഹചര്യത്തില്‍ അനിവാര്യവുമാണ്. ബൂര്‍ഷ്വാ സമൂഹത്തില്‍ ജീവിക്കുന്ന തൊഴിലാളിയില്‍ ബൂര്‍ഷ്വാ സമൂഹത്തിന്റെ തിന്മകള്‍ കടന്നുകൂടുന്നതും ഇതേ പോലെ തന്നെ സ്വാഭാവികമാണ്.

അതേ പോലെ തന്നെ സ്വാഭാവികമത്രെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തില്‍ അത് മുതലാളിത്ത വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിശിഷ്യാ ആ മുതലാളിത്തം തന്നെ ഫ്യൂഡല്‍ വ്യവസ്ഥയുമായും മൂല്യങ്ങളുമായും കൈകോര്‍ത്തിരിക്കവെ, മുതലാളിത്ത തിന്മകളും ജീര്‍ണതകളും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലേക്കും കടന്നുകൂടാനുള്ള സാധ്യതകളും. കമ്യൂണിസ്റ്റ് പാര്‍ടിയെ ബൂര്‍ഷ്വാ - പെറ്റീ ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്നും വേറിട്ടതാക്കുന്നതാകട്ടെ ഇങ്ങനെ കടന്നുകൂടുന്ന ജീര്‍ണതകള്‍ക്കെതിരെ സദാ പൊരുതുകയും പ്രസ്ഥാനത്തെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും എന്നതാണ്. രാഷ്ട്രീയമാകെ ജീര്‍ണിച്ച് മൂല്യച്യുതി ബാധിച്ചിരിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്ന വേളയില്‍ അതില്‍നിന്ന് വേറിട്ട് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രസ്ഥാനത്തെയാകെ ശുദ്ധീകരിക്കാന്‍ സിപിഐ എം ശ്രമിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയും അപഹസിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സ്വന്തം ജീര്‍ണതയെയാണ് വെളിപ്പെടുത്തുന്നത്.

വാല്‍ക്കഷ്ണം

""സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം"" - വാര്‍ത്ത 21ന്. ""മോദിയും സോളാര്‍ വിവാദത്തില്‍"" - വാര്‍ത്ത 22ന്. "മാതൃഭൂമി". മോഡി കുഞ്ഞൂഞ്ഞില്‍നിന്നോ കുഞ്ഞൂഞ്ഞ് മോഡിയില്‍നിന്നോ സോളാര്‍ സാധ്യതകള്‍ ഹൃദിസ്ഥമാക്കിയത്? കുഞ്ഞൂഞ്ഞിന് ഇനിയും പുതിയ സരിതമാരെ കണ്ടെത്താം, പുതിയ സൗരോര്‍ജ നയത്തിലൂടെ! എന്തായാലും മോഡി തന്നെ കേമന്‍. വിവാദ പെണ്‍കുട്ടിയുടെ കുടുംബത്തിന് കോടികളുടെ സോളാര്‍ കരാറല്ലേ കൊടുത്തത്! ""മന്ത്രിമാരും പ്രമുഖരും സരിതയുമായി ബന്ധപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അഭിഭാഷകന്‍"" ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇനി ഹോട്ട് മൂവി തേടി പോകേണ്ടല്ലോ!

*
ഗൗരി ചിന്ത 06 ഡിസംബര്‍ 2013

No comments: