Sunday, December 29, 2013

റോസമ്മ പുന്നൂസ്: പിന്നിട്ട രാഷ്ട്രീയ വഴികള്‍

1938ലാണ് അക്കാക്കയെന്ന അക്കമ്മ ചെറിയാന്റെ കൈപിടിച്ച് റോസമ്മ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. അന്നു നെഞ്ചേറ്റിയ രാഷ്ട്രീയത്തെ റോസമ്മ പിന്നീട് ഒരിക്കലും ഉപേക്ഷിച്ചില്ല.— അക്കാമ്മ കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ യുവത്വത്തിന്റെ ആവേശവുമായി റോസമ്മ 48ല്‍ സി പി ഐയിലെത്തി. രാഷ്ട്രീയത്തില്‍ രണ്ടുപേരും വിരുദ്ധ ചേരികളിലായെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തെ അത് ഒരിക്കലും ബാധിച്ചില്ല. കുടുംബത്തിലുള്ളവര്‍ എല്ലാവരും തികഞ്ഞ കോണ്‍ഗ്രസുകാരായിട്ടും റോസമ്മ ഇടതുപക്ഷത്തിന്റെ പാത പിന്തുടര്‍ന്നത് യാദൃച്ഛികം മാത്രം.
റോസമ്മയെ ചരിത്രവനിതയാക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോടെം സ്പീക്കര്‍, കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞടുപ്പിലെ വിജയി എന്നിങ്ങനെ കേരള നിയമസഭാ ചരിത്രത്തിലെ പല റെക്കോഡുകളും റോസമ്മയ്ക്ക് സ്വന്തം. ഒപ്പം കേരളത്തില്‍നിന്ന് ആദ്യമായി ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ചുകയറിയ ദമ്പതികളെന്ന ബഹുമതിയും റോസമ്മയ്ക്കും പുന്നൂസിനും. 1957ല്‍ ദേവികുളത്തു നിന്നു റോസമ്മ നിയമസഭയിലെത്തിയപ്പോള്‍ പി ടി പുന്നൂസ് ആലപ്പുഴയില്‍ നിന്നാണ് ലോക്‌സ‘യിലെത്തിയത്.

രാഷ്ട്രീയകാര്യത്തില്‍ മാത്രമായിരുന്നില്ല പുന്നൂസും റോസമ്മയും വിപ്ലവം തീര്‍ത്തത്. അത് സ്വന്തം ജീവിതത്തിലേക്കും പകര്‍ത്തി. അക്കാലത്ത് കത്തോലിക്ക വനിതയും മാര്‍ത്തോമാ യുവാവും തമ്മില്‍ വിവാഹിതരാവുന്ന കാര്യം സഭകള്‍ക്ക് അംഗീകരിക്കാനേ ആവില്ല. ഒന്നിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ മനസും പങ്കുവച്ച ഇവര്‍ തങ്ങള്‍ ഒന്നിച്ചേ ജീവിക്കൂ എന്ന ദൃഢ പ്രതിജ്ഞയിലും. ഒടുവില്‍ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സഭയും മുട്ടുമടക്കി. രാഷ്ട്രീയ പാരമ്പര്യമുള്ള കരിപ്പാപ്പറമ്പിലെ കൊച്ചിന്റെ കല്യാണത്തിന് പോപ്പിന്റെ പ്രത്യേകാനുവാദം കിട്ടി. അതിനിടയില്‍ കല്യാണത്തിന് മറ്റൊരു തടസ്സം കൂടി. ആ സമയത്ത് പി ടി പൂന്നൂസ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒളിവിലാണ്. പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കും. ഒടുവില്‍ കല്യാണം നടന്നത് കൊച്ചിയിലുള്ള  പള്ളിയില്‍ വച്ച്. രാഷ്ട്രീയ രംഗത്തെ എല്ലാവരും പങ്കെടുത്ത വിവാഹത്തില്‍ വധൂവരന്മാരെ ആശിര്‍വദിക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവികള്‍ ഉള്ളൂരും കുമാരനാശാനും എത്തിയിരുന്നു. പിന്നീട് ഒളിവിലിരുന്നു തന്നെയാണ് 48ലെ തെരഞ്ഞെടുപ്പില്‍ പി ടി പുന്നൂസ് മത്സരിച്ചതും. അന്ന് അച്ഛന് വേണ്ടി വോട്ടുതേടിയത് നാലുവയസുകാരന്‍ തോമസ് പുന്നൂസായിരുന്നു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ‘യിലെ അംഗമായതിന് ശേഷം കോടതിവിധിയിലൂടെ സ്ഥാനം നഷ്ടപ്പെട്ട റോസമ്മ 1958ല്‍ ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയായി. എന്നാല്‍ മന്ത്രിസ‘യിലെ ഒരുമന്ത്രിമാരും വോട്ടുതേടി മണ്ഡലത്തിലേക്ക് പോവേണ്ടതില്ലെന്നായിരുന്നു ഇച്ഛാശക്തി ഏറെയുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി കെ നായര്‍ക്കു വേണ്ടി കാമരാജും ഇന്ദിരാഗാന്ധിയും വരെ രംഗത്തെത്തി. എന്നിട്ടും പാര്‍ട്ടി തീരുമാനത്തിന് ഇളക്കം തട്ടിയില്ല.  ഈ സമയത്താണ് എം ജി ആര്‍ ഷൂട്ടിങ്ങിനു മൂന്നാറിലെത്തുന്നത്. അക്കാലത്തു തന്നെ കോണ്‍ഗ്രസിനോട് താല്‍പര്യമില്ലാതിരുന്ന എം ജി ആര്‍ റോസമ്മയ്ക്കു വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ഏതാനും വാചകങ്ങളില്‍ പ്രസംഗം. ഒപ്പം ഇളയരാജ എന്ന ഇന്നത്തെ സംഗീതചക്രവര്‍ത്തിയുടെ ഗാനവും. ആ തെരഞ്ഞടുപ്പിലും വലിയ ഭൂരിപക്ഷത്തോടെ റോസമ്മ വീണ്ടും നിയമസഭ‘യിലേക്കെത്തി.  ആ ഉപതെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ ആയിരുന്നു റോസമ്മയുടെ തെരഞ്ഞെടുപ്പു സെക്രട്ടറി.— ഇന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഈ ഉന്നത നേതാവ്, റോസമ്മയ്ക്ക് കുഞ്ഞനിയനെപ്പോലെയാണ്.  തെരഞ്ഞെടുപ്പു ഫണ്ടിനത്തില്‍ കിട്ടിയിരുന്ന ഓരോ ചെറിയ തുകയും കണക്കുകൂട്ടിവച്ച് മിച്ചം കിട്ടിയ തുകയ്ക്ക് എ ഐ ടി യു സിക്ക് വേണ്ടി ജീപ്പുവാങ്ങിയ കഥയും ഓര്‍മകളിലെവിടെയോ മിന്നിമറഞ്ഞു.

പിന്നീട് 82ല്‍ ആലപ്പുഴയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 1987-ല്‍ വീണ്ടും ആലപ്പുഴയില്‍ നിന്നു വിജയിച്ചു. ഇതിനിടെ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കി. സ്ത്രീത്തൊഴിലാളികളുടെ പ്രസവാനുകൂല്യങ്ങള്‍ നേടിക്കൊടുത്തു. പീരുമേട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അവര്‍ തന്റെ വക്കീലെന്ന പ്രാഗത്ഭ്യം വിനിയോഗിച്ചത് കൂടുതലും തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു.
ഒരു പതിറ്റാണ്ടിലേറെക്കാലം കേരള മഹിളാ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ച അവര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ (1964-69), സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് (1975-78) എന്നിവയുടെ അധ്യക്ഷയായി. പത്തുവര്‍ഷത്തോളം റബര്‍ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998-ല്‍ വനിതാ കമ്മിഷനില്‍ നിന്നു വിരമിച്ചതോടെയാണു സജീവ  പൊതുപ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങുന്നത്.

*
സരിത കൃഷ്ണന്‍

റോസമ്മ പുന്നൂസ് തോട്ടംതൊഴിലാളികളുടെ പ്രിയപ്പെട്ട അമ്മ   

മലയോരമേഖലയിലെ തോട്ടംതൊഴിലാളികളുടെ മനസില്‍ സഖാവ് റോസമ്മ പുന്നൂസ് അവരുടെ പ്രിയപ്പെട്ട അമ്മയാണ്. ഈ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളെല്ലാംതന്നെ തങ്ങള്‍ക്ക് നേടിത്തന്നത് ഈ അമ്മയാണെന്നാണ് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. ഇത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ട വസ്തുതയാണ്. പീരുമേട് അസംബ്ലി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി എ കുര്യനും എതിര്‍സ്ഥാനാര്‍ഥിയായി  ജോസഫ് മൈക്കിള്‍ മണര്‍കാടും ഏറ്റുമുട്ടുമ്പോള്‍ അവിടുത്തെ പാര്‍ട്ടി ചുമതലക്കാരനെന്ന നിലയില്‍ റോസമ്മ പുന്നൂസിനൊപ്പം എസ്‌റ്റേറ്റുകളില്‍ പര്യടനം നടത്തിയപ്പോള്‍ തൊഴിലാളികള്‍  പ്രകടിപ്പിച്ച സ്‌നേഹം എനിക്കും തിരിച്ചറിയാനായി. തികഞ്ഞ ആദരവോടെയാണ് റോസമ്മയുടെ വാക്കുകള്‍ അവര്‍ ശ്രവിച്ചത്.

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന് ധീരമായി നേതൃത്വംനല്‍കിയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. റോസമ്മ പുന്നൂസിന്റെ സമഗ്രസംഭാവനകള്‍ എല്ലാകാലവും തൊഴിലാളിപ്രസ്ഥാനം ആദരവോടെ സ്മരിക്കും. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരു സമ്പന്നകുടുംബത്തിന്റെ പശ്ചാത്തലത്തില്‍നിന്നും തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന അപൂര്‍വ വ്യക്തിത്വമാണ് റോസമ്മ പുന്നൂസിന്റേത്.

സ്വാതന്ത്ര്യസമരത്തില്‍ യുവതലമുറയുടെ ആകര്‍ഷണകേന്ദ്രമായിരുന്ന അക്കാമ്മ ചെറിയാന്റെ സഹോദരിയാണ്  റോസമ്മ പുന്നൂസ്. കോട്ടയം ജില്ലയുടെ മലയോരമേഖലയിലെ തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അശ്രാന്തപരിശ്രമമാണ് സഖാവ്  നടത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ ഒരു ദ്വയാംഗമണ്ഡലമായിരുന്നു ദേവികുളം. ഇന്നത്തെ ഇടുക്കി ജില്ലയുടെ മുക്കാല്‍ഭാഗവും ഈ നിയോജകമണ്ഡലത്തിലായിരുന്നു. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വിസ്തൃതമായ മേഖല. കേരളത്തിന്റെ തോട്ടം വ്യവസായത്തിന്റെ ഹൃദയഭാഗമാണ്. തൊഴിലാളികളില്‍ ഭൂരിപക്ഷവും തമിഴ്‌വംശജരാണ്. കണ്ണന്‍ദേവന്‍ കമ്പനിപോലെ വിദേശകമ്പനികളാണ് തോട്ടം വ്യവസായത്തെ നിയന്ത്രിച്ചിരുന്നത്. സാമൂഹ്യസുരക്ഷ നിയമത്തിലുണ്ടെങ്കിലും തോട്ടംമേഖലയില്‍ പ്രായോഗികമായി അതൊന്നും നടപ്പാക്കിയിരുന്നില്ല. തമിഴ്‌നാട്ടില്‍നിന്നും പറിച്ചുനടപ്പെട്ട ഈ ജനസമൂഹത്തിന് നമ്മുടെ പൊതുസമൂഹവുമായി ഇഴുകിച്ചേരുന്നതിനും കഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് ഒരു വര്‍ഗം എന്ന നിലയില്‍ അവരെ സംഘടിപ്പിച്ച് മലയോരമേഖലയുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി മാറ്റാന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി പരിശ്രമിച്ചത്. പുതിയ കേഡര്‍മാരെ കണ്ടെത്തി ഈ മേഖലയില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കാനുള്ള സംഘടിതമായ ശ്രമം നടന്നു.
1957-ലെ പൊതുതെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്നും റോസമ്മ പുന്നൂസ് ജയിച്ചതോടെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂടി. പീരുമേട്ടിലും ദേവികുളത്തും എഐടിയുസി നേതൃത്വത്തില്‍ തോട്ടംതൊഴിലാളി യൂണിയന്‍ റോസമ്മ പുന്നൂസിന്റെ ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പീരുമേട്ടില്‍ ശങ്കരന്‍കുട്ടിയും ദേവികുളത്ത് സ്റ്റാന്‍ലിയുമാണ് ഈ പ്രവര്‍ത്തനങ്ങളില്‍ റോസമ്മയെ സഹായിച്ചിരുന്നത്. ദേവികുളത്തെ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിനുശേഷം ആ മേഖലയിലെ എസ്‌റ്റേറ്റ് ഡിവിഷനുകളില്‍ ക്രമേണ യൂണിയന്റെ ശക്തി വര്‍ധിച്ചുകൊണ്ടിരുന്നു. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിഞ്ഞു.

തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് നിയമങ്ങളുണ്ടായിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കിയിരുന്നില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രസവാനുകൂല്യത്തിന് 1952-ലെ നിയമമുണ്ടായിരുന്നെങ്കിലും എസ്‌റ്റേറ്റ് ഉടമകള്‍ അതൊന്നും അംഗീകരിക്കുകയോ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിരുന്നില്ല. തേയിലത്തോട്ടങ്ങളില്‍ കൊളുന്ത് എടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവരുടെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം ഇതെല്ലാം തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളില്‍പെടുന്നുവെന്ന് അവരെ പഠിപ്പിച്ചതും അതിനുവേണ്ടി ശബ്ദമുയര്‍ത്തിയും റോസമ്മ പുന്നൂസായിരുന്നു. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം, അവര്‍ക്ക് ആവശ്യമായ ശുദ്ധജലം, വാസസ്ഥലം ഇതെല്ലാം അവകാശപ്പെട്ടതാണെന്നും  റോസമ്മ അവരെ ബോധ്യപ്പെടുത്തി. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് വ്യവസായത്തിനും തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കാനുള്ളതാണ്. അത് ലംഘിക്കാന്‍ ഉടമയ്ക്ക് അവകാശമില്ലെന്ന് റോസമ്മ പുന്നൂസിന്റെ ധീരമായ ഇടപെടലിലൂടെ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. റോസമ്മ പുന്നൂസിന്റെ സമഗ്രസംഭാവനകള്‍ ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാനാവില്ല. മലയോരമേഖലയിലെ തോട്ടംതൊഴിലാളികള്‍ക്ക് ആവേശംപകര്‍ന്ന നേതാവിനെ തികഞ്ഞ ആദരവോടെയാണ് അവര്‍ കണ്ടിരുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും മാതൃസ്‌നേഹത്തോടെ സഖാവ് അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഒരു നിയമസഭാ സാമാജികയെന്ന നിലയിലും ഭരണാധികാരിയായും റോസമ്മ തന്റെ കഴിവുകള്‍ തെളിയിച്ചിരുന്നു. തന്റെ മനസില്‍ അരക്കിട്ടുറപ്പിച്ചിരുന്ന ആശയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനമാണെന്ന ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവര്‍ കാത്തുസൂക്ഷിച്ചിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധവും മൂല്യാധിഷ്ഠിതവുമായിരിക്കണമെന്ന് സഖാവിന് നിര്‍ബന്ധമുണ്ടായിരുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ ഉന്നതശീര്‍ഷനായിരുന്ന പി ടി പുന്നൂസിന്റെ സഹധര്‍മിണിയെന്ന നിലയില്‍ തന്റെ സംഘടനാപ്രവര്‍ത്തനവും കുടുംബജീവിതവും തുല്യപ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ റോസമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സഖാവിന് നൂറ് വയസ്സ് തികയുന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം  ജനങ്ങളെല്ലാം തിരുവല്ലയില്‍ ഒത്തുകൂടിയതാണ്. ആ കൂട്ടായ്മയ്ക്കുശേഷം വീണ്ടും സലാലയില്‍ ജോലിയെടുക്കുന്ന മകന്‍ ഡോ. തോമസ് പുന്നൂസിനൊപ്പം റോസമ്മ മടങ്ങുകയായിരുന്നു. മകള്‍ ഗീതയും വിദേശത്താണ് ജോലിചെയ്യുന്നത്. അവരുടെയെല്ലാം സാമീപ്യം ആവശ്യമുള്ളതിനാല്‍ വീണ്ടും സലാലയിലേക്ക് മടങ്ങുമെന്ന് സഖാവ് പറഞ്ഞിരുന്നു. ആ ഒത്തുചേരല്‍ അവസാനത്തേതാകുമെന്ന് കരുതിയിരുന്നില്ല.
റോസമ്മ പുന്നൂസ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഓര്‍മകള്‍ക്ക് മരണമില്ല.

*
കാനം രാജേന്ദ്രന്‍

കടപ്പാട്: ജനയുഗം

No comments: