Wednesday, December 11, 2013

എടിഎം സുരക്ഷയും ബാങ്കിങ് നയങ്ങളും

ജനങ്ങളുടെ നിത്യജീവിതത്തില്‍ വര്‍ധിച്ച അളവില്‍ ആശ്രയിക്കേണ്ടുന്ന ഒന്നായി എടിഎം കൗണ്ടറുകള്‍ മാറി. എടിഎം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ബാങ്കുകള്‍ മത്സരിച്ച് നടപ്പാക്കുന്നതിനാല്‍ അതിന്റെ ഉപയോഗം ഇനിയും വര്‍ധിക്കാനാണ് സാധ്യത. 2013 ആഗസ്തിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഒരുലക്ഷത്തോളം ബാങ്ക് ശാഖകള്‍ക്കു പുറമെ 1,26,950 എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 1,15,000 എണ്ണത്തില്‍ മാത്രമേ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ളൂ. അമ്പതിനായിരത്തോളം എടിഎമ്മുകളിലാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. കേരളത്തില്‍ 6000 എടിഎം കേന്ദ്രങ്ങളാണുള്ളത്. 3000 ജനങ്ങള്‍ക്ക് ഒരു എടിഎം എന്ന നിലയില്‍ ലോകത്താകെ 22 ലക്ഷം മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് മതിപ്പു കണക്ക്.

വിശ്വസനീയത പ്രധാന മൂലധനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ബാങ്കിങ്. അതിനാല്‍ത്തന്നെ ബാങ്കിങ്ങിന്റെ പവിത്രതയും സത്യസന്ധതയും പരിരക്ഷിക്കാന്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരിക്കല്‍ തകര്‍ച്ച സംഭവിച്ചാല്‍ തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമുള്ള കാര്യമാണല്ലോ വിശ്വസനീയത. എന്നാല്‍, ഈയൊരു കാഴ്ചപ്പാടിലൂടെയൊന്നുമല്ല അധികാരികള്‍ ബാങ്കിങ് നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് പണം ജനങ്ങളിലേക്ക് വിടുന്ന പ്രധാന കവാടമായി ബാങ്ക് എടിഎമ്മുകള്‍ മാറിക്കഴിഞ്ഞു. ശരാശരി 4000-5000 കോടി രൂപയുടെ നോട്ടുകളാണ് ഈ തുറയിലൂടെ ദിനംപ്രതി പുറത്തുവരുന്നത്. ശാഖകള്‍ക്കകത്ത് ക്യാഷ് സെക്ഷന്‍പോലെ തന്ത്രപ്രധാനമായ ഒരു ഇടമാണ് എടിഎം കൗണ്ടര്‍. ബാങ്കിനകത്തെ ക്യാഷ് കൗണ്ടറിനേക്കാള്‍ കനത്ത സുരക്ഷയും മുഴുവന്‍സമയം കാവലുമാണ് റോഡരികില്‍ സ്ഥിതിചെയ്യുന്ന എടിഎമ്മിന് സജ്ജമാക്കേണ്ടത്. എന്നാല്‍, സുരക്ഷാമാര്‍ഗമായി ഒരു ക്യാമറ സ്ഥാപിച്ച് നിര്‍വൃതിയടയുന്ന സമീപനമാണ് മിക്ക ബാങ്കുകളും അനുവര്‍ത്തിക്കുന്നത്. ബംഗളൂരുവിലെ എടിഎമ്മില്‍ അക്രമി കയറിച്ചെന്ന് യുവതിയെ വെട്ടിയ സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.

ക്യാമറകള്‍ ഇല്ലാത്ത, പ്രവര്‍ത്തിക്കാത്ത ക്യാമറയുള്ള എടിഎമ്മുകളും രാജ്യത്തുണ്ട്. പണം പിന്‍വലിക്കാന്‍ കാര്‍ഡും രഹസ്യനമ്പരും ആവശ്യമാണെങ്കിലും ഒന്നരലക്ഷം ഇടങ്ങളില്‍ നോട്ടുകെട്ടുകളുടെ സഞ്ചയമടങ്ങുന്ന മെഷീന്‍ പൊതുസ്ഥലത്ത് കാവല്‍ക്കാരില്ലാതെ അനാഥമായി നിലനില്‍ക്കുന്നത് അപകടംതന്നെയാണ്. ഒരു ജീവനക്കാരനെ നിയമിക്കുമ്പോള്‍ ഉണ്ടാകുന്ന ധനനഷ്ടം കണക്ക് കൂട്ടുമ്പോഴാണ് സെക്യൂരിറ്റിയില്ലാത്ത എടിഎം എന്ന വികലനയം സ്വീകരിക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് തൊഴിലുകൊടുക്കുമ്പോള്‍ അത്രയും കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗം തെളിയും എന്ന വിശാല കാഴ്ചപ്പാട് ഉണ്ടായില്ലെങ്കിലും, കോടിക്കണക്കിനു രൂപയുടെയും എടിഎമ്മില്‍ എത്തിച്ചേരുന്ന മനുഷ്യരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കടമ ബാങ്കധികാരികള്‍ക്കുണ്ട്. പക്ഷേ, സംഭവിക്കാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കുക എന്നതല്ല കോര്‍പ്പറേറ്റ് നയം. ജനതാല്‍പ്പര്യങ്ങളെ ഹനിക്കുക, എങ്ങനെയും ലാഭം കുന്നുകൂട്ടുക എന്നീ ചിന്തകള്‍ ബാങ്കുകളെ പിടികൂടിയതിന്റെ ഭാഗമായാണ് ഇടപാടുകാരുടെ സേവനങ്ങളില്‍ ചോര്‍ച്ചയും സുരക്ഷയില്‍ വീഴ്ചയും സംഭവിക്കുന്നത്.

ബാങ്കുകളുടെ ബാങ്കായും സമ്പദ്വ്യവസ്ഥയുടെ കാരണവരായും വര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും, ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റകരമായ മൗനവും ഒട്ടകപ്പക്ഷിനയവുമാണ് അനുവര്‍ത്തിക്കാറുള്ളത്. രാജ്യത്തെ ബാങ്കിങ് നയത്തില്‍ വന്നുകൊണ്ടിരിക്കുന്ന വഴിപിഴച്ച ചിന്തകളില്‍ റിസര്‍വ് ബാങ്കും മുഖ്യ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു എന്നാണ് കാലംനല്‍കുന്ന സന്ദേശം. ബാങ്ക് ജോലികള്‍ വ്യാപകമായി പുറംകരാര്‍ ഏജന്‍സികള്‍ക്ക് നല്‍കുമ്പോള്‍ സംഭവിക്കുന്ന മൂല്യച്യുതിയും ഭവിഷ്യത്തുക്കളുമാണ് ഇന്ന് ഈ വ്യവസായം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നം. വിവിധ ബാങ്ക് ജോലികള്‍ പുറംകരാര്‍ സമ്പ്രദായംവഴി നടപ്പാക്കുമ്പോള്‍ വന്‍ തുകയാണ് ബാങ്കുകള്‍ ഏജന്‍സികള്‍ക്ക് നല്‍കേണ്ടിവരുന്നത്. എന്നാല്‍, യഥാര്‍ഥ ജീവനക്കാരന്റെ കൈവശം എത്തിച്ചേരുന്നത് തുച്ഛമായ കൂലിയാണ്. ഇങ്ങനെ അസ്സല്‍ ഗുണഭോക്താക്കള്‍ക്ക് വന്‍ നഷ്ടവും ഇടത്തട്ടുകാരെയും മധ്യവര്‍ത്തികളെയും പനപോലെ വളര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് ആഗോളീകരണനയങ്ങളിലൂടെ വ്യാപകമാകുന്നത്. തന്മൂലം ഒരുവശത്ത് ബാങ്കിന്റെ ചെലവുകള്‍ വര്‍ധിക്കുന്നുവെന്നു മാത്രമല്ല, മറുവശത്ത് സ്വകാര്യ ഏജന്‍സികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍മൂലം ബാങ്കുകളില്‍നിന്ന് ഇടപാടുകാര്‍ പ്രതീക്ഷിക്കുന്ന സുരക്ഷയും ഉത്തരവാദിത്തബോധവും നിര്‍വഹിക്കാനും കഴിയുന്നില്ല.

എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഉത്തരവാദിത്തം എല്ലാ ബാങ്കുകളും സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് കറന്‍സിനോട്ടുകള്‍ പുറത്തുവിടുന്ന കവാടമെന്ന നിലയില്‍ ഉയര്‍ന്ന ഉത്തരവാദിത്തബോധവും ശുഷ്കാന്തിയും പുലര്‍ത്താതെയാണ് കൃത്യനിര്‍വഹണം നടക്കുന്നതെന്നു കാണാം. മെഷീനുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ ബാങ്കുകളില്‍നിന്ന് കൈപ്പറ്റുന്ന അതേ കറന്‍സിതന്നെ എടിഎമ്മുകളില്‍ നിറയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു സംവിധാനവും ഇല്ല. പുത്തന്‍ കറന്‍സികള്‍ നവസ്വകാര്യ ബാങ്കുകളുടെ എടിഎമ്മിലും മോശം നോട്ടുകള്‍ പൊതുമേഖലാ ബാങ്ക് എടിഎമ്മുകളിലും നിറയ്ക്കുന്നുവെന്ന പരാതി വ്യാപകമാണിന്ന്. എടിഎമ്മുകളില്‍ കള്ളനോട്ട് വ്യാപകമായി പ്രത്യക്ഷപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍പ്പോലും, പുറംകരാര്‍ സമ്പ്രദായത്തില്‍ പതിയിരിക്കുന്ന അപകടസൂചനകളെ തിരുത്താന്‍ അധികാരികള്‍ സന്നദ്ധമാകുന്നില്ല. ബാങ്കുകള്‍ക്ക് നേരിട്ട് നിയന്ത്രണവും ഉത്തരവാദിത്തവുമുള്ള ജീവനക്കാരെ എല്ലാ ബാങ്കിങ് പ്രവൃത്തികള്‍ക്കും- എടിഎം സെക്യൂരിറ്റിക്കടക്കം- വിന്യസിക്കുക എന്നതാണ് ദുരന്തങ്ങളെ ഒഴിവാക്കാനുള്ള മാര്‍ഗം. എന്നാല്‍, ബാങ്കുകളിലെ മനുഷ്യവിഭവവിന്യാസത്തിലെ സമീപകാല പ്രവണതകള്‍ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതാണ്. വ്യവസായം വളരുന്നതിനാനുപാതികമായോ റിട്ടയര്‍മെന്റിനനുസരണമായോ പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല. നിയമനങ്ങള്‍ നടത്തുമ്പോള്‍ ഓഫീസര്‍- എക്സിക്യൂട്ടീവ് തസ്തികകളില്‍ വന്‍ തോതില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതു കാണാം. ക്ലര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍ നിയമനങ്ങളുടെ കാര്യം വരുമ്പോള്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതാണ് അനുഭവം. സാധാരണ ഇടപാടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ജീവനക്കാരെ ഇങ്ങനെ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിനാലാണ് സേവനങ്ങളില്‍ കുറവുണ്ടാകുന്നതും ശാഖകളില്‍ അസംതൃപ്തി ഉരുണ്ടുകൂടുന്നതും.

അതേസമയം, സമ്പന്നരായ ഇടപാടുകാരുടെ വിശേഷാല്‍സേവനങ്ങള്‍ പെട്ടെന്ന് നിര്‍വഹിക്കുന്നതിന് ശാഖകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുന്നതും കാണാം. ക്ലര്‍ക്ക്, പ്യൂണ്‍ ജോലികളെല്ലാംതന്നെ പുറംകരാര്‍ ഏജന്‍സികള്‍ മുഖാന്തരവും കോണ്‍ട്രാക്ട് വ്യവസ്ഥയിലും നിര്‍വഹിക്കപ്പെടുന്നതാണ് മറ്റൊരു രീതി. ഈ ഏജന്‍സികള്‍ക്ക് ആരോടും ഒന്നിനോടും കടപ്പാടില്ലാത്തതിനാല്‍ അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കടന്നുവരികയും, തദ്വാരാ, ഇടപാടുകാര്‍ക്ക് ദുര്‍ബലമായ സേവനം ലഭ്യമാകുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും. എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിക്കുന്ന ഇടപാടുകാരന്റെ മാനസിക സംഘര്‍ഷംമാത്രം ആലോചിച്ചാല്‍മതി, സംഗതികളുടെ ഗൗരവാവസ്ഥ ബോധ്യപ്പെടും. എടിഎമ്മുമായി ലിങ്ക് ചെയ്തിട്ടുള്ള അപരിചിതമായ ബാങ്കുശാഖയില്‍ ചെന്നാല്‍ അവര്‍ നിസ്സഹായവസ്ഥ പ്രകടിപ്പിക്കും. സ്വന്തം അക്കൗണ്ടുള്ള ബാങ്ക് ശാഖയില്‍ ചെന്നാലും രക്ഷയില്ല. അവസാനം കള്ളനോട്ട് കൈയില്‍വച്ച് പുറംകരാര്‍ ഏജന്‍സിയെ തേടിയലയുന്ന ഇടപാടുകാരന്‍, പാതിവഴിയില്‍ രോഷവും നിരാശയും പ്രകടിപ്പിച്ച് ഉദ്യമം അവസാനിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. വിശ്വസനീയത കൈമുതലാക്കി നീങ്ങിയ ബാങ്കിങ് വ്യവസ്ഥയ്ക്ക് നവലിബറല്‍ സ്വാധീനത്താല്‍ വന്നുഭവിച്ച അപചയംമൂലമാണ്, ഉപയോക്താവിന് കൃത്യമായ ഒരു പരാതി നിര്‍വഹണകേന്ദ്രംപോലും ചൂണ്ടിക്കാണിക്കാനില്ലാത്തവിധം അരക്ഷിതാവസ്ഥ സംജാതമായിട്ടുള്ളത്.

ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും തിക്താനുഭവങ്ങളും ഒറ്റപ്പെട്ടതല്ല. ബാങ്കുകളുടെ ചിന്താധാരയും പ്രവര്‍ത്തനലക്ഷ്യങ്ങളും ലാഭകേന്ദ്രീകൃതമായി തീരുന്നതിന്റെ പ്രത്യാഘാതങ്ങളാണിവ. ഇത്തരം ദുരനുഭവങ്ങള്‍ അരങ്ങേറുന്ന വേളകളില്‍ വലിയ ഒച്ചപ്പാടും രോഷപ്രകടനവുമുണ്ടാകാറുണ്ട്. എന്നാല്‍, പ്രശ്നത്തിന്റെ ഉറവിടത്തിലേക്ക് പോയി അതിന്റെ ശാശ്വത പരിഹാരം സാധ്യമാക്കുന്ന രീതി നമ്മുടെ പൊതു മണ്ഡലത്തില്‍ നടക്കുന്നില്ല. വിഷയത്തിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോള്‍ പരിഹാരം കാണേണ്ടവര്‍തന്നെയാണ് ദുരിതങ്ങള്‍ക്ക് നിദാനമായ നയങ്ങളും പരിപാടികളും രൂപകല്‍പ്പനചെയ്യുന്നതെന്നു കാണാനാകും. ബാങ്കിങ് പ്രവൃത്തികള്‍ക്ക് മൂല്യച്യുതി സംഭവിക്കുന്നതും, എടിഎമ്മില്‍ യുവതി ആക്രമിക്കപ്പെടുന്നതും, കള്ളനോട്ടുകള്‍ കണ്ടെത്തുന്നതും ഒക്കെ പുറംകരാര്‍ സമ്പ്രദായം നടപ്പാക്കിയതിന്റെയും ബാങ്കുകള്‍ ലാഭകേന്ദ്രീകരണമാക്കിയതിന്റെയും തിക്തഫലങ്ങളാണ്. ഇത്തരം ക്ലാസ് ബാങ്കിങ് രീതിയാണ് അഭികാമ്യം എന്നാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിരന്തരം ഉദ്ബോധിപ്പിക്കുന്നത്. ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞ് തെറ്റായ നയങ്ങള്‍ നടപ്പാക്കുന്ന അധികാരകേന്ദ്രങ്ങളെ തിരുത്തലാണാവശ്യം.

*
ടി നരേന്ദ്രന്‍ ദേശാഭിമാനി

No comments: