Showing posts with label ട്രേഡ്‌ യൂണിയൻ. Show all posts
Showing posts with label ട്രേഡ്‌ യൂണിയൻ. Show all posts

Saturday, May 24, 2014

യോജിച്ച പ്രക്ഷോഭത്തിലേക്ക്

മൂലധനശക്തികളുടെ കടുത്ത ചൂഷണങ്ങള്‍ക്കും ഭരണകൂടങ്ങളുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ സംഘടിതവും തീക്ഷ്ണവുമായ സമരങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് ലോകമെമ്പാടും. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും വന്‍തോതില്‍ കവര്‍ന്നെടുക്കപ്പെടുന്നു. വികസിത- വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും വ്യാപകമായ തൊഴില്‍നഷ്ടത്തിനും വേതനം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും തൊഴിലാളികള്‍ വിധേയരാകുന്നു. അതേസമയം, പ്രതിസന്ധിയുടെ സ്രഷ്ടാക്കളായ കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് വന്‍തോതില്‍ നികുതി ഇളവുകളും സൗജന്യങ്ങളും നല്‍കി അവര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് മുതലാളിത്തരാജ്യങ്ങള്‍ മുന്നില്‍ത്തന്നെ.

മാന്യമായ തൊഴിലും സാമൂഹ്യ- സാംസ്കാരിക- സാമ്പത്തിക വികസനത്തിലെ അവസരങ്ങളും ഭൂരിപക്ഷം ഇന്ത്യന്‍ യുവത്വത്തിനും നിഷേധിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനോ, നിലനിര്‍ത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലമായി എഫ്എസിടി അടക്കമുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. സാധാരണ ജനങ്ങളുടെ ജീവിതം അത്യന്തം ശോചനീയമായ അവസ്ഥയിലെത്തിയിട്ടും അതിന് പരിഹാരം കാണാന്‍ തയ്യാറാകാതെ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ അഴിമതിയിലൂടെ പൊതുധനം കോര്‍പറേറ്റുകളുടെ പോക്കറ്റിലായി. അഴിമതിയിലൂടെ സ്വരൂപിച്ച അളവില്ലാത്ത സമ്പത്തിന്റെ സ്വാധീനം പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ജനാഭിപ്രായത്തെ വിലയ്ക്കെടുക്കുന്ന തരത്തില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

വഴിപിഴച്ച സാമ്പത്തികനയങ്ങളും കോര്‍പറേറ്റ് പ്രീണനവും അന്ധമായ അമേരിക്കന്‍ വിധേയത്വവുമാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിയിലേക്ക് നയിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധനയങ്ങളും യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. സാധാരണക്കാരന് അര്‍ഹതപ്പെട്ട സബ്സിഡികള്‍ നിഷേധിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാനം മുട്ടെ വിലകയറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുമേഖലയുടെ ശവക്കുഴി തോണ്ടുന്നതിനും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സ്വീകരിച്ച ഭരണനടപടി ഭയാനകമായിരുന്നു. യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം അനുകൂലമാക്കുന്നതില്‍ ബിജെപിക്ക് വിജയിക്കാനായി. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ഗുജറാത്ത് വികസനത്തിന്റെ കെട്ടുകാഴ്ചയുടെ നിഴലില്‍ രാജ്യത്താകെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നടത്തിയ പ്രചാരവേല ജനങ്ങളെ സ്വാധീനിച്ചു. ഒന്നര പതിറ്റാണ്ടിലെ ഭരണത്തിനുള്ളില്‍ ഗുജറാത്തില്‍ സന്തുലിത വികസനമോ അടിസ്ഥാനനേട്ടങ്ങളോ കൊണ്ടുവരാന്‍ കഴിയാത്ത നരേന്ദ്ര മോഡിക്ക് പരിവേഷംചാര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ പിന്തുണയുണ്ടായി.

കോണ്‍ഗ്രസിന്റെ പരാജയം തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ മോഡിയെ സഹായിക്കുന്നതില്‍ മത്സരിച്ചു. മൂലധനശക്തികള്‍ക്ക് പ്രിയങ്കരനായ നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നയങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളില്‍നിന്ന് അല്‍പ്പംപോലും ഭിന്നമല്ല. മുന്‍ ബിജെപി സര്‍ക്കാരുകള്‍ അത് തെളിയിച്ചിട്ടുമുണ്ട്്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത ഭീഷണി ഉയരുകയാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖ്യ അജന്‍ഡയായി മാറുന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാരിന് പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ നിത്യനിദാന ചെലവുകള്‍ക്കായി 2000 കോടി രൂപ കടമെടുക്കേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും വിഭവസമാഹരണത്തിലെ അനാസ്ഥയും നികുതിവെട്ടിപ്പുകാര്‍ക്ക് സംരക്ഷണമൊരുക്കിയ ഭരണനേതൃത്വത്തിന്റെ നടപടികളുമാണ് സാമ്പത്തികത്തകര്‍ച്ച സൃഷ്ടിച്ചത്. ഇതുമൂലം വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സ്തംഭിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ കേരളത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്‍കിയ പൊതുവിതരണ സംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി ഉണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഏപ്രില്‍ ആദ്യം സറണ്ടര്‍, പിഎഫ് വായ്പ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പു കാലമായിട്ടുപോലും ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിലെ അപകടം തിരിച്ചറിഞ്ഞാണ് ഏപ്രില്‍ അവസാനവാരം ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങളില്‍ കൈവയ്ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. എന്നാല്‍, ഈ പിന്മാറ്റം താല്‍ക്കാലികംമാത്രമാണ്. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക, തസ്തികകള്‍ വെട്ടിച്ചുരുക്കുക, വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ചെലവുചുരുക്കലിലൂടെ ലക്ഷ്യമിടുന്നത്. 2002ലും ഇതേ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളത്തിന്റെ പത്തുശതമാനം തുക നിര്‍ബന്ധമായും പിടിച്ചെടുത്ത് പെന്‍ഷന്‍ഫണ്ട് സ്വരൂപിക്കണമെന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ ഇതിന്റെ ഭാഗമാണ്. പെന്‍ഷന്‍പ്രായം വര്‍ധനയും പങ്കാളിത്ത പെന്‍ഷനും ഒരു പാക്കേജായി അവതരിപ്പിച്ച് പങ്കാളിത്ത പെന്‍ഷന്‍ വ്യാപകമാക്കാനുള്ള നീക്കത്തെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. പത്താംശമ്പള കമീഷന്‍ രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. സംഘടിത പോരാട്ടങ്ങളെ അസഹിഷ്ണുതയോടെമാത്രം വീക്ഷിക്കുകയും സാമൂഹ്യപ്രശ്നങ്ങളില്‍ ജനവിരുദ്ധമായി ചിന്തിക്കുകയുംചെയ്യുന്ന വ്യക്തിയെ ചെയര്‍മാനായി നിയോഗിച്ചതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ശമ്പളപരിഷ്കരണത്തേക്കാള്‍ പ്രധാനം ജീവനക്കാരുടെ എണ്ണം കുറച്ചും ഓഫീസുകള്‍ അടച്ചുപൂട്ടിയും ഭരണപരിഷ്കരണമാണെന്ന ചെയര്‍മാന്റെ നിലപാട് ജീവനക്കാരുടെ ആശങ്ക ശരിവയ്ക്കുന്നു.

അധികാരത്തിലിരുന്ന കാലയളവുകളിലെല്ലാം സമയബന്ധിത ശമ്പളപരിഷ്കരണതത്വം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. 1983ല്‍ വേതനപരിഷ്കരണത്തിന്റെ പ്രാബല്യ തീയതിക്ക് വളരെമുമ്പേ കമീഷനെ നിയമിച്ചിട്ടും, അനിശ്ചിതകാല പണിമുടക്കുകളിലൂടെയാണ് വേതനപരിഷ്കരണം നേടിയെടുക്കാനായത്. മാത്രമല്ല, ഇരുപത്തൊന്നുമാസത്തെ കുടിശ്ശിക തട്ടിയെടുക്കുകയുംചെയ്തു. എട്ടാം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ 37 മാസത്തെ കുടിശ്ശികയും 27 മാസത്തെ പ്രാബല്യതീയതിയും നിഷേധിച്ചു. സമാനമായ സാഹചര്യത്തിലേക്ക് വേതനപരിഷ്കരണത്തെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ മറപറ്റി നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തീക്ഷ്ണമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. വര്‍ത്തമാനകാലത്ത് തൊഴില്‍മേഖലയില്‍ രൂപപ്പെടുന്ന പുതിയ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ്, എല്ലാവിഭാഗം ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണം.

*
എ ശ്രീകുമാര്‍ ( കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

Wednesday, December 11, 2013

പ്രക്ഷോഭപാതയില്‍ തൊഴിലാളികള്‍

രാജ്യത്തെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും പ്രക്ഷോഭത്തിന്റെ പാതയിലാണ്. ആഗസ്ത് ആറിന് ഡല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനാണ് പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനംനല്‍കിയത്. വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്ഥിരം തൊഴിലാളികള്‍ക്കു നല്‍കുന്ന കൂലിയും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, മിനിമം വേതനം 10,000 രൂപയാക്കുക, ബോണസ്- പിഎഫ് പരിധി ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തിവരുന്നത്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തി. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പണിമുടക്ക് സമരമായിരുന്നു അത്. പണിമുടക്ക് പ്രഖ്യാപിച്ച് മാസങ്ങളോളം രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിച്ച വേളയിലൊന്നും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഒരു കൂടിയാലോചനയും കേന്ദ്രസര്‍ക്കാര്‍ നടത്തിയില്ല. പണിമുടക്കിന്റെ തലേദിവസമാണ് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതി പേരിനൊരു ചര്‍ച്ചനടത്തിയത്. ആ ചര്‍ച്ചയിലാവട്ടെ, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ഏതെങ്കിലും ഒരാവശ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തുന്നതിനുപകരം പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രമാണ് ചെയ്തത്. സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗവും ട്രേഡ് യൂണിയനുകളുടെ മുമ്പിലുണ്ടായിരുന്നില്ല. പണിമുടക്കിനുശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം ട്രേഡ് യൂണിയന്‍ നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഒരാവശ്യത്തിന്മേലും തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. 45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളിക്കളയാനാവാത്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിനനുസരിച്ച് നടപടികള്‍ ഉണ്ടായില്ല.

രാജ്യത്തെ അധ്വാനിക്കുന്ന വര്‍ഗത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തികച്ചും നിഷേധാത്മകമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന തൊഴിലാളികളുടെ മിനിമംവേതനം പ്രതിമാസം പതിനായിരം രൂപയാക്കണമെന്ന ആവശ്യം അന്യായമാണെന്ന് സര്‍ക്കാര്‍പോലും പറയുന്നില്ല. തൊഴിലെടുത്ത് ജീവിക്കുന്ന 45 കോടിയോളം ജനങ്ങള്‍ പട്ടിണിക്കൂലിമാത്രം ലഭിക്കുന്നവരാണ്. കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, വീട്ടുവേലക്കാര്‍, കൈവേലക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരൊക്കെ തുച്ഛമായ കൂലിമാത്രം ലഭിക്കുന്നവരാണ്. തൊഴിലാളിക്ഷേമത്തിനായി പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങളുടെ ഒന്നും പരിരക്ഷ ലഭിക്കാത്തവരാണിവര്‍. ഇവരാണ് രാജ്യത്ത് ഉല്‍പ്പാദന-വികസന-സേവന മേഖലകളില്‍ എല്ലാ സമ്പത്തും ഉല്‍പ്പാദിപ്പിക്കുന്നത്. ""ഇന്ത്യ തിളങ്ങുന്നു"" എന്ന്് വിളിച്ചുകൂവുന്ന ഭരണാധികാരികള്‍ ദരിദ്ര ജനകോടികളുടെ രോദനം കേള്‍ക്കാന്‍ സന്നദ്ധരാവുന്നില്ല. സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്ഥിരംതൊഴിലാളികളെ കുറച്ച് കരാര്‍ തൊഴില്‍ വ്യാപിക്കുകയാണ്. കരാറുകാരുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് തുച്ഛമായ വേതനം നല്‍കിയാല്‍ മതിയെന്നതാണ് തൊഴിലുടമകളെ ഇതിന് പ്രേരിപ്പിക്കുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് പരിമിതമായ ആശ്വാസംനല്‍കുന്ന കരാര്‍തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും നടപ്പാക്കുന്നില്ല. നിയമലംഘനത്തിനും കടുത്ത ചൂഷണത്തിനുമെതിരെ തൊഴിലാളികള്‍ക്ക് സംഘടിക്കാനും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുമുള്ള അവകാശവും നിഷേധിക്കുന്നു. പുതിയ ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചാല്‍ രജിസ്ട്രേഷന്‍ നല്‍കുന്നില്ല. മാരുതി-സുസുക്കി കമ്പനിയില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരംനടത്തി. സമരത്തെ ഹരിയാന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പ്രത്യേക സാമ്പത്തിക മേഖലകളിലെ വ്യവസായങ്ങളിലും ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ടിന്റെ ലംഘനമാണിതെല്ലാം. രാജ്യത്ത് വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല. നാഷണല്‍ സാമ്പിള്‍ സര്‍വേ റപ്പോര്‍ട്ടില്‍ പറയുന്നത്, 2000-05 ല്‍ തൊഴിലവസര വളര്‍ച്ച 2.8 ശതമാനമായിരുന്നത് 2005- 10 ല്‍ 0.79 ശതമാനമായി കുറഞ്ഞു എന്നാണ്. രാജ്യത്താകെ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്. തൊഴിലാളികളുടെ വേതനനിരക്ക് ഇടിയാനും കുത്തകകളുടെ ലാഭം വര്‍ധിക്കാനും ഈ സാഹചര്യം വഴിയൊരുക്കുന്നു. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലയെ തകര്‍ക്കുകയാണ്. ബാങ്കിങ് നിയമ ഭേദഗതി ബാങ്ക് ദേശവല്‍ക്കരണത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. പുതിയ നിയമം, ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ വിദേശ മൂലധന ശക്തികളുടെ കൈകളിലെത്തിക്കും. ഫെഡറല്‍ ബാങ്ക് താമസിയാതെ വിദേശ മൂലധന ശക്തികളുടെ നിയന്ത്രണത്തിലാവും.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. കൊച്ചി തുറമുഖത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എഫ്എസിടി, എച്ച്എംടി, എച്ച്ഐഎല്‍, ഐആര്‍ഇ, ഇന്‍സ്ട്രുമെന്റേഷന്‍, ഐടിഐ തുടങ്ങിയ കമ്പനികളെല്ലാം പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാന പൊതുമേഖല വന്‍നാശത്തെയാണ് നേരിടുന്നത്. വിദേശ-ദേശീയ കുത്തകകള്‍ രാജ്യത്തെ പ്രകൃതിസമ്പത്ത് കൈയടക്കുന്നു. കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീറെഴുതി. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ടെലികോം മേഖല തുടങ്ങിയവയെല്ലാം സ്വകാര്യവല്‍ക്കരണ പാതയിലാണ്. നവ- ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ പാതയിലാണ്.

ജനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് ഒറ്റപ്പെട്ടു എന്ന് ബോധ്യപ്പെട്ട കോര്‍പറേറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് രക്ഷാമാര്‍ഗമായി കാണുന്നത്. നരേന്ദ്രമോഡിയെ "വികസന നായകനാ"യി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത്, വന്‍കിട കോര്‍പറേറ്റുകളും അവരുടെ മാധ്യമങ്ങളുമാണ്. ഈ സാഹചര്യത്തിലാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പോരാട്ടത്തിനിറങ്ങിയത്. തൊഴിലെടുക്കുന്നവരുടെ ഐക്യപോരാട്ടത്തെ അധികകാലം അവഗണിക്കാന്‍ ഒരു ഭരണകൂടത്തിനും സാധ്യമല്ല. ജാതി-മത-പ്രാദേശിക ഭിന്നതകള്‍ക്കപ്പുറമുള്ള ദേശീയ ഐക്യപ്രസ്ഥാനമാണ് തൊഴിലാളികള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഈ ഐക്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തിലെ പതിനാല് ജില്ലയിലും അതേദിവസം നടക്കുന്ന തൊഴിലാളി റാലികള്‍ വന്‍ വിജയമാക്കണമെന്ന് എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം ദേശാഭിമാനി

Thursday, November 7, 2013

ബിഎസ്എന്‍എല്‍ തകര്‍ച്ചയിലേക്ക്

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ശക്തമായ പൊതുമേഖലാ സാന്നിധ്യംകൊണ്ടാണെന്ന് ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയും ധനമന്ത്രിയും പൊതുമേഖലയുടെ സര്‍വനാശത്തിനു കാരണമാകുന്ന നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ടെലികോംരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം, പ്രതിരോധം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വിദേശനിക്ഷേപ വര്‍ധന തുടങ്ങി ആഗോളവല്‍ക്കരണനയങ്ങളുടെ കുത്തൊഴുക്ക് തുടരുകയാണ്. വാര്‍ത്താവിനിമയരംഗത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും ഈ നയങ്ങളുടെ ആഘാതത്തില്‍നിന്ന് മുക്തമല്ല. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവ നിര്‍ണായകഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ നഷ്ടവും വരുമാനത്തിലുണ്ടാകുന്ന ക്രമാനുഗതമായ കുറവും സ്ഥാപനങ്ങളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

സേവനം വിപുലീകരിക്കാന്‍ കഴിയുന്ന തരത്തില്‍ നിക്ഷേപം നടത്താന്‍ ഈ കമ്പനികള്‍ക്ക് കഴിയുന്നില്ല. 2005-06 ല്‍ 40,000 കോടി രൂപ കരുതല്‍ധനവും 10,000 കോടി രൂപ ലാഭവുമുണ്ടായിരുന്നു. മൂന്നര ലക്ഷത്തിലധികത്തോളം ജീവനക്കാര്‍ ഈ മേഖലകളില്‍ പണിയെടുത്തിരുന്നു. കരുതല്‍ധനം പലവഴികളില്‍ സര്‍ക്കാര്‍ ഊറ്റിയെടുത്തു. കരുതല്‍ ധനശേഖരം പൂര്‍ണമായും ഇല്ലാതായ ഈ കമ്പനികള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ പ്രയാസംനേരിടുകയാണ്. അതേസമയം, സ്വകാര്യകമ്പനികള്‍ക്ക് അനധികൃത സഹായങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല. 11,000 കോടിയോളം രൂപ നികുതി നല്‍കേണ്ട വൊഡഫോണിന് ഇളവ് അനുവദിക്കുന്നു. 3ജി സേവനത്തിന് ലൈസന്‍സെടുക്കാത്ത കമ്പനികള്‍ക്ക് അനധികൃത സേവനത്തിനു നല്‍കിയ മൗനാനുവാദത്തിലൂടെ 20,000 കോടി സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായി. 2ജി സ്പെക്ട്രം അനുവദിച്ചതുവഴി 1.76 ലക്ഷം കോടി നഷ്ടമായതിന്റെ പേരില്‍ പലരും വിചാരണ നേരിടുകയാണ്. സ്വകാര്യകമ്പനികള്‍ വരുമാനത്തില്‍ കൃത്രിമം കാട്ടി സര്‍ക്കാരിന് നല്‍കേണ്ട നികുതിപ്പണം വെട്ടിക്കുമ്പോഴും നടപടിക്ക് മുതിരുന്നില്ല. വിദേശനിക്ഷേപം 100 ശതമാനമായി ഉയര്‍ത്തുന്നത് ടെലികോം മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യയിലെ സ്വകാര്യ ടെലികോംകമ്പനികളെ വിദേശകമ്പനികള്‍ പൂര്‍ണമായും ഏറ്റെടുക്കും. സാമ്രാജ്യത്വത്തിന്റെ ചാരക്കണ്ണുകള്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് വാര്‍ത്താവിനിമയ സംവിധാനങ്ങളിലൂടെയാണ്. ഇപ്പോള്‍ത്തന്നെ ടെലികോം ഉപകരണനിര്‍മാണരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് വിദേശ ഉപകരണ ഇറക്കുമതിയാണ്. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇതിനകത്തുതന്നെയുണ്ടെന്നും അതുകൊണ്ട് ഉപകരണ ഇറക്കുമതിയില്‍ നിയന്ത്രണം വേണമെന്നുമുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും അവഗണിക്കുന്നു. ടെലികോംരംഗത്ത് കുത്തകവല്‍ക്കരണത്തിന് കളമൊരുക്കുന്നതാണ് 2012ലെ പുതിയ ടെലികോംനയം. ടെലികോം സേവനത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള മേല്‍കോയ്മ, സ്പെക്ട്രം കൈവശംവയ്ക്കല്‍, മറിച്ചുവില്‍ക്കല്‍, പങ്കുവയ്ക്കല്‍, പൂര്‍ണമായും കച്ചവടംചെയ്യാന്‍ അവസരം നല്‍കല്‍, കമ്പനികളുടെ പരസ്പരലയനം, കൂടിച്ചേരല്‍, ഓഹരികൈമാറ്റം എന്നിവ എളുപ്പമാക്കല്‍ എന്നിവയാണ് ടെലികോംനയത്തിന്റെ കാതല്‍. ബിഎസ്എന്‍എല്‍ തുടര്‍ച്ചയായ നാലുവര്‍ഷങ്ങളിലും നഷ്ടം നേരിട്ടു. 25,256 കോടി രൂപയാണ് നാലുവര്‍ഷത്തെ മൊത്തം നഷ്ടം. നഷ്ടത്തിന്റെയും വരുമാനശോഷണത്തിന്റെയും സൂക്ഷ്മതലങ്ങള്‍ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാക്കുന്ന കാര്യം നഷ്ടം സഹിച്ച് ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങളുടെ ബാധ്യതയാണ്. സര്‍ക്കാരിനുവേണ്ടി ബിഎസ്എന്‍എല്‍ നിര്‍വഹിക്കുന്ന ഗ്രാമീണ സേവനത്തിന്റെ നഷ്ടം പ്രതിവര്‍ഷം 8000 കോടിയാണ്. ഈ ബാധ്യത പരിഹരിച്ചാല്‍ ബിഎസ്എന്‍എല്‍ ലാഭകരമാകും. തുടര്‍ച്ചയായി നഷ്ടംവരുത്തുന്ന പൊതുമേഖലാ ടെലികോം കമ്പനികളെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിലാണ് ധനമന്ത്രി ചിദംബരം അധ്യക്ഷനായി, പ്ലാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയ ഉള്‍പ്പെടെ അഞ്ചുമന്ത്രിമാര്‍ അടങ്ങുന്ന കമ്മിറ്റിക്ക് രൂപംനല്‍കിയത്. ആഗോളവല്‍ക്കരണം നടപ്പാക്കാന്‍ തുടങ്ങിയശേഷം വിവിധ മേഖലകളെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ കമ്മിറ്റികളെല്ലാം സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് നല്‍കിയത്.

ചിദംബരം കമ്മിറ്റിയില്‍നിന്ന് മറിച്ചൊരു പ്രതീക്ഷയുമില്ല. ചിദംബരം കമ്മിറ്റിക്കു മുമ്പാകെ ടെലികോംവകുപ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍നിന്ന് ഇത് വ്യക്തമാണ്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്ലില്‍ ലയിപ്പിക്കുക. തുടര്‍ന്ന് കമ്പനിയെ മൂന്നായി വിഭജിക്കുക. നെറ്റ്വര്‍ക്ക്, ടവര്‍ ഉള്‍പ്പെടെ ഒരു കമ്പനി. ഭൂമി, കെട്ടിടം, ആസ്തികള്‍ കൈകാര്യംചെയ്യാന്‍ വേറൊരു കമ്പനി. സേവനരംഗത്തു മാത്രമായി ബിഎസ്എന്‍എല്‍ കമ്പനി- ഇവയാണ് നിര്‍ദേശങ്ങള്‍. മാത്രമല്ല, ഒരുലക്ഷംപേരെ പിരിച്ചുവിടാനുള്ള ധനസഹായത്തിനും ടെലികോംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും മാത്രമല്ല, പൊതുമേഖലയുടെ ശിഥിലീകരണവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് പൊതുമേഖലാ ടെലികോംകമ്പനികള്‍ നിലനിര്‍ത്തുക, ശക്തിപ്പെടുത്തുക എന്നത് ബിഎസ്എന്‍എല്‍ മേഖലയിലെ സംഘടനകളുടെമാത്രമല്ല, മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്.

*
കെ മോഹനന്‍ (ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tuesday, October 29, 2013

വാട്ടര്‍ അതോറിറ്റിയും മാറുന്ന സമീപനവും

ജലനയം 2008ന്റെ അടിസ്ഥാനതത്വങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ ജല ലഭ്യതയെന്നത് മനുഷ്യാവകാശമായി കാണുന്നു. സാമ്പത്തികമൂല്യമുള്ള പൊതുപൈതൃകം എന്നനിലയില്‍, ജലത്തിന്റെ ക്രമീകൃതമായ ഉപയോഗവും സംരക്ഷണവും ഓരോ പൗരന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. പൊതുവായ ആവശ്യത്തിനുവേണ്ട ഈ പ്രകൃതിവിഭവത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും പ്രാദേശികമായ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതിനും ഉതകുമാറ് ജലവിഭവം സുസ്ഥിരമായും ഉല്‍പ്പാദനപരമായും നീതിപൂര്‍വമായും പരിപാലിക്കുന്നതിനും ഉപയോഗിക്കുന്നതിനും അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിനാണ് 2008ലെ ജലനയം ലക്ഷ്യമിട്ടത്.

ദാഹജലത്തെ വാണിജ്യാടിസ്ഥാനത്തില്‍ കാണാന്‍ പരിഷ്കൃതസമൂഹത്തിന് സാധിക്കുകയില്ല. മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനാധാരമായ ജലം കമ്പോളശക്തികളുടെ അധീനതയിലാകുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തും. ലോകരാജ്യങ്ങളില്‍ പലയിടത്തും കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ഭൂരിഭാഗംവരുന്ന പട്ടിണിപ്പാവങ്ങള്‍ക്കും സാധാരണ ജനവിഭാഗത്തിനും താങ്ങാനാകാത്ത വിലയും കുടിവെള്ളനിഷേധവുമാണ് കുത്തകകള്‍ സമ്മാനിച്ചത്. 2012 ഡിസംബര്‍ 31ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കുടിവെള്ള സ്വകാര്യവല്‍ക്കരണം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ കേരള വാട്ടര്‍ അതോറിറ്റിയും പൊതുജനങ്ങളും ഒരുമിച്ച് പ്രതികരിച്ചു. തുടര്‍ന്ന് 2013 ഏപ്രില്‍ 15ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം 51 ശതമാനം സ്വകാര്യമേഖലയുടെ പ്രാതിനിധ്യം തദ്ദേശസ്ഥാപനങ്ങളിലൂടെയും ഉപഭോക്തൃ ഏജന്‍സികളിലൂടെയും റസിഡന്‍സ് അസോസിയേഷനുകളിലൂടെയും മാത്രമേ നടപ്പാക്കുകയുള്ളൂ എന്നു പ്രഖ്യാപിച്ചു. കേരള ഡ്രിങ്കിങ് വാട്ടര്‍ കമ്പനി ലിമിറ്റഡിനൊപ്പം മറ്റു മൂന്നു കമ്പനികളും പ്രഖ്യാപിച്ചു. കേരള ബസ് ഷെല്‍റ്റര്‍ കമ്പനി ലിമിറ്റഡ്, കേരള പബ്ലിക് ടോയ്ലെറ്റ് കമ്പനി ലിമിറ്റഡ്, കേരള ക്ലീന്‍ സിറ്റി കമ്പനി ലിമിറ്റഡ് എന്നിവ.

ഈ മൂന്നു കമ്പനികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിലും 74 ശതമാനം ഓഹരി സ്വകാര്യ മൂലധന സ്ഥാപനങ്ങളിലുമാണ്. എന്നാല്‍, കേരള ഡ്രിങ്കിങ് വാട്ടര്‍ കമ്പനി ലിമിറ്റഡിനുമാത്രം, സ്വയംഭരണാവകാശം നാമമാത്രമായ കേരള വാട്ടര്‍ അതോറിറ്റിയെ 23 ശതമാനം ഓഹരിപങ്കാളിത്തം വഹിക്കുന്ന സ്ഥാപനമായി ഈ സിയാല്‍ മോഡല്‍ കമ്പനിയില്‍ ഉള്‍പ്പെടുത്തി.

2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ അതുവരെയുള്ള സാമ്പത്തികബാധ്യതകള്‍ ഒഴിവാക്കി, നബാര്‍ഡ് സഹായത്തോടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, ജിക്കാ പദ്ധതികളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തു (കോഴിക്കോട് പദ്ധതി ഒഴികെ). 2002ല്‍ 79 കോടിയോളം റവന്യൂ വരുമാനം ഉണ്ടായെങ്കില്‍ ഇപ്പോള്‍ 375 കോടിയോളം വെള്ളക്കരം ഇനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി റവന്യൂ വരുമാനം നേടുന്നുണ്ട്. 2002ലെ ശുപാര്‍ശകള്‍ ഒന്നുംതന്നെ നടപ്പാക്കാതെയാണ് കേരള വാട്ടര്‍ അതോറിറ്റി ഈ പുരോഗതി നേടിയത്. 2002ലെ ധവളപത്രത്തിലും ഇപ്പോള്‍ സിയാല്‍ മോഡല്‍ കമ്പനിവല്‍ക്കരണത്തിലും പൊതുസ്വഭാവമായി കാണുന്നത് കേരള വാട്ടര്‍ അതോറിറ്റിയെ ഒരു ബള്‍ക്ക് വാട്ടര്‍ സപ്ലൈ ഏജന്‍സിയാക്കുമെന്നതാണ്. ഉല്‍പ്പാദനവും വിതരണവും രണ്ടായി കാണാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?

10 വര്‍ഷം കൂടുമ്പോള്‍, അതായത് 2002ലും 2013ലുമുണ്ടായ ഉത്തരവുകള്‍ കുടിവെള്ളം വില്‍പ്പനച്ചരക്കാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ്. ഇതിന് അനുബന്ധമായി കാണേണ്ടത് ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് ബോട്ട്ലിങ് പ്ലാന്റിനുവേണ്ടി 2008ല്‍ ലഭിച്ച 285 ലക്ഷം രൂപയുടെ ഭരണാനുമതിക്കും അതുസംബന്ധിച്ച മാനേജിങ് ഡയറക്ടറുടെ നടപടിക്രമത്തിനും സംഭവിച്ച അട്ടിമറിയാണ്. 2002ലെ ഉത്തരവ് പ്രൊഫഷണല്‍ മാനേജ്മെന്റിനും സാമ്പത്തിക അച്ചടക്കത്തിനും വേണ്ടിയാണെന്നാണ് പറഞ്ഞത്. അപ്പോള്‍ 2012ലെ ഉത്തരവുകള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ നിലനില്‍പ്പിനുവേണ്ടിയാണോ? അതോ കച്ചവടതാല്‍പ്പര്യത്തിനോ? 2013 ആഗസ്ത് 23ന് കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ ഒരു കുറിപ്പുവഴി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് വെള്ളക്കരത്തിന്റെ നിരക്കുവര്‍ധനയാണ്. പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കും കെഎസ്ഇബിയിലേക്ക് അടയ്ക്കുന്നതിലേക്കും മറ്റുമായി 175 കോടി രൂപ അധികപദ്ധതിയിതര വിഹിതമായി അപേക്ഷിച്ചിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇത് വെള്ളക്കരം വര്‍ധനയിലേക്ക് വിരല്‍ചൂണ്ടുന്നു. ഇവിടെ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കെടുകാര്യസ്ഥതയാണോ അതോ മാറുന്ന സാമ്പത്തികപശ്ചാത്തലമാണോ ചാര്‍ജ് വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്നത്? പൈപ്പ്ഡ് വാട്ടര്‍ സപ്ലൈയെ സഹായിക്കുന്നതരത്തിലുള്ള ബോട്ടിലിങ് പ്ലാന്റാണോ അതോ സിയാല്‍ മോഡല്‍ കമ്പനിയാണോ കേരളസമൂഹത്തിന് വേണ്ടത്. ഇന്ന് കേരള വാട്ടര്‍ അതോറിറ്റിയില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയിലെ കംപ്യൂട്ടര്‍ പരിഷ്കരണങ്ങളും മാസ്റ്റര്‍പ്ലാനും എന്തുകൊണ്ട് അട്ടിമറിക്കുന്നു? കേരളത്തില്‍ വാട്ടര്‍ അതോറിറ്റിയില്‍ കംപ്യൂട്ടറൈസേഷന്‍ ഇഴയുകയാണ്. ആവര്‍ത്തനച്ചെലവ് കുറയ്ക്കുന്ന നടപടികള്‍ ഇ-ഗവേണന്‍സ് മേഖലയില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റിയില്‍ 1986ലെ നിയമത്തിനുവിരുദ്ധമായ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ നിത്യസംഭവമാകുന്നു. രാഷ്ട്രീയനേതൃത്വത്തിന്റെ അപക്വമായ, വികലമായ നയസമീപനങ്ങളിലൂടെ ജീവനക്കാരെ ദൈനംദിനം ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തില്‍ കുടിവെള്ളത്തെ സ്വകാര്യവല്‍ക്കരിക്കാതെ പൊതുസ്വത്തായി സംരക്ഷിക്കേണ്ടത് അനിവാര്യതയാകുന്നു.

*
ആര്‍ വി സന്തോഷ്കുമാര്‍ ദേശാഭിമാനി 29-10-2013

Wednesday, June 12, 2013

തൊഴില്‍ സംരക്ഷിക്കാന്‍ പോരാട്ടം

രാജ്യത്തെ കോടിക്കണക്കിനു തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് സുപ്രധാന ആവശ്യങ്ങള്‍ ഉയര്‍ത്തി സിഐടിയുവിന്റെ നേതൃത്വത്തില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രക്ഷോഭം നടന്നുവരികയാണ്. അസംഘടിത പരമ്പരാഗത മേഖലയിലേതുള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം ചുരുങ്ങിയത് 10,000 രൂപ വേതനം ലഭിക്കാന്‍ നിയമപ്രകാരം വ്യവസ്ഥചെയ്യണമെന്നാണ് ഒന്നാമത്തെ ആവശ്യം.

കാര്‍ഷികമേഖലയിലും പരമ്പരാഗത-അസംഘടിത മേഖലകളിലും ജോലിചെയ്യുന്ന കോടിക്കണക്കിനു തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത്, അസംഘടിതമേഖലയിലെ 86 ശതമാനം തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 20 രൂപയാണെന്നാണ്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ, അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇവരുടെ ജീവിതം എത്ര ദുരിതപൂര്‍ണമാണെന്ന് ഊഹിക്കാവുന്നതാണ്. അങ്കണവാടി, ആശ, സ്കൂള്‍ ഭക്ഷണ പാചകത്തൊഴിലാളികള്‍, വീട്ട് ജോലിക്കാര്‍, സ്വയം തൊഴിലിലേര്‍പ്പെടുന്നവര്‍ ഉള്‍പ്പെടെ ദരിദ്രതൊഴിലാളികള്‍ തുച്ഛമായ വരുമാനംമാത്രം ലഭിക്കുന്നവരാണ്.

45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മുമ്പാകെ സിഐടിയു ഈ പ്രശ്നങ്ങള്‍ ഉന്നയിക്കുകയുണ്ടായി. കോര്‍പറേറ്റുകള്‍ക്ക് ലാഭം വാരിക്കൂട്ടാന്‍ അവസരം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, തൊഴിലെടുക്കുന്നവരുടെ യാതനകള്‍ കാണുന്നില്ല. നിലവിലുള്ള തൊഴില്‍നിയമങ്ങള്‍ പാലിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ഥിരം ജോലികള്‍ ഇല്ലാതാവുകയും അനൗപചാരിക കരാര്‍ തൊഴിലുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണിന്ന്. ഇത് തൊഴിലുടമകള്‍ക്ക്, കുറഞ്ഞ കൂലിക്ക് തൊഴിലെടുപ്പിച്ച് വന്‍ ലാഭം നേടാന്‍ അവസരം നല്‍കുന്നു. ചുരുങ്ങിയ വരുമാനംമാത്രം ലഭിക്കുന്ന ഗ്രാമീണ- നഗര മേഖലകളിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് മനുഷ്യോചിതമായ ജീവിതസാഹചര്യങ്ങള്‍പോലുമില്ല. സ്ഥിരം ജോലി കുറച്ച്, വ്യവസായശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കുന്നത് വ്യാപിക്കുകയാണ്. കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ & അബോളിഷന്‍ ആക്ട് അനുസരിച്ച്, ഒരു സ്ഥാപനത്തില്‍ സ്ഥിരംതൊഴിലാളികള്‍ ചെയ്യുന്ന അതേ സ്വഭാവത്തിലുള്ള ജോലിചെയ്യുന്ന കരാര്‍തൊഴിലാളികള്‍ക്ക്, സ്ഥിരംതൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, ഒരിടത്തും ഈ നിയമം നടപ്പാക്കുന്നില്ല. ഈ പ്രശ്നമാണ്, പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്ന രണ്ടാമത്തെ മുദ്രാവാക്യം. ഗ്രാറ്റുവിറ്റി ആക്ട്, പ്രോവിഡന്റ് ഫണ്ട് ആക്ട്, ബോണസ് ആക്ട് തുടങ്ങിയ തൊഴിലാളി ക്ഷേമനിയമങ്ങള്‍ ഒന്നും ബാധകമാകാത്ത അസംഘടിത- പരമ്പരാഗത മേഖലയിലെ കോടിക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്കായി സമഗ്രമായ ക്ഷേമ-സുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്നതാണ് മൂന്നാമത്തെ ആവശ്യം. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല.

രോഗം ബാധിക്കുകയോ, മറ്റ് നിലയില്‍ അവശത ബാധിക്കുകയോ ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ അനാഥരാവുകയാണ്. ഈ സാഹചര്യത്തിലാണ്, സാമൂഹ്യസുരക്ഷാ പദ്ധതിക്കായി തൊഴിലാളികള്‍ മുറവിളി കൂട്ടുന്നത്. രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ എല്ലാം ചേര്‍ന്ന് ഫെബ്രുവരി 20നും 21നും നടത്തിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിനാധാരമായി ഉയര്‍ത്തിയ പത്ത് ആവശ്യങ്ങളിലും, മേല്‍പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഈ കാര്യത്തില്‍ ഒരു തീരുമാനവുമുണ്ടായില്ല. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ തൊഴില്‍മേഖലയിലും വലിയ തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്. കയര്‍വ്യവസായമേഖല ആകെ തകര്‍ന്നു. അമ്പതിനായിരത്തില്‍ താഴെ തൊഴിലാളികള്‍ക്കു മാത്രമേ തൊഴിലുള്ളൂ. മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. പട്ടിണിമൂലം ചേര്‍ത്തലയില്‍ രണ്ടു തൊഴിലാളികള്‍ ആത്മഹത്യചെയ്തു. കയര്‍വ്യവസായ സഹകരണ സംഘങ്ങളെല്ലാം നിശ്ചലമായി. കൈത്തറിമേഖലയും തകര്‍ച്ചയിലാണ്. സഹകരണ സംഘങ്ങളെല്ലാം തകരുന്നു. സംഘങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കൈത്തറിവസ്ത്ര പ്രചാരണത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളും ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഖാദിമേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കശുവണ്ടിമേഖലയില്‍ കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. ഫാക്ടറി സമ്പ്രദായം തകര്‍ത്ത് കുടിവറുപ്പ് വ്യാപിപ്പിക്കുകയാണ്. ക്ഷേമപദ്ധതികളും അവതാളത്തിലാണ്. പരമ്പരാഗത മത്സ്യബന്ധനമേഖലയും ഗുരുതരമായ പ്രതിസന്ധിയിലാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസ നിയമം കാര്യക്ഷമമായി നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ ഹുണ്ടികക്കാരുടെ പിടിയിലായി. മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ചതിനാല്‍ കരിഞ്ചന്തയില്‍ വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരുന്നു. നവ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി, വിദേശ ട്രോളറുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്നതുമൂലം പരമ്പരാഗത തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കുന്നതില്‍ വലിയ കുറവുവന്നു. ഒരുകാലത്ത് ആയിരക്കണക്കിനു തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായിരുന്നു ബീഡിതെറുപ്പ് വ്യവസായം. പുകവലി നിരോധനംമൂലം ബീഡി ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഇതുമൂലം തൊഴില്‍രഹിതരാകുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ല.

കള്ള് ചെത്ത് വ്യവസായത്തെ തകര്‍ത്ത് വിദേശമദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. ബാറുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്നു. ആയിരത്തില്‍പ്പരം കള്ളുഷാപ്പുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടി. ആര്‍ട്ടിസാന്‍, ഈറ്റ പനമ്പ്, കളിമണ്ണ് തുടങ്ങിയ മേഖലകളിലും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തില്‍ വാണിജ്യ- വ്യാപാര മേഖല, അണ്‍ എയ്ഡഡ് സ്കൂളുകള്‍, ചെറുകിട വ്യവസായങ്ങള്‍, സ്വയംതൊഴിലുകള്‍ എന്നിവയില്‍ തൊഴില്‍ചെയ്യുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ തുച്ഛമായ വരുമാനം ലഭിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍, സിഐടിയു ആഹ്വാനംചെയ്ത ദേശീയ പ്രക്ഷോഭത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് രാജ്ഭവനു മുമ്പിലേക്കും തൊഴിലാളികള്‍ മാര്‍ച്ച് നടത്തുകയാണ്. ഈ പ്രക്ഷോഭം വിജയിപ്പിക്കാന്‍ എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം

Tuesday, May 7, 2013

അവകാശപ്പോരാട്ടങ്ങളുടെ നാല് ദശാബ്ദം

തൊഴിലാളിവര്‍ഗതാല്‍പ്പര്യം മുന്‍നിര്‍ത്തി അവകാശസമരങ്ങളുടെ രണാങ്കണങ്ങളില്‍ ഓരോ ചുവടുമുറപ്പിച്ച് കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തുടരുന്ന മുന്നേറ്റം നാലു ദശാബ്ദം പിന്നിടുകയാണ്. പിന്നിട്ട വീഥികള്‍ ഒരിക്കലും തിരശ്ചീനമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ പോര്‍വീഥികളില്‍ ഓരോ ചുവടും അടയാളപ്പെടുത്തിതന്നെയാണ് ഈ സംഘടന മുന്നേറിയത്. എന്നാല്‍, അവകാശ സംരക്ഷണം എന്ന കേവലമായ ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയല്ല അസോസിയേഷന്‍ പ്രവര്‍ത്തിച്ചത്. കാര്യക്ഷമതയിലൂന്നിയ, സാമൂഹ്യപ്രതിബദ്ധമായ ഒരു സിവില്‍ സര്‍വീസ് എന്നത് എന്നും ഈ സംഘടനയുടെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. അതോടൊപ്പം, മുഴുവന്‍ തൊഴിലാളിവര്‍ഗത്തിന്റെയും അവകാശപോരാട്ടങ്ങളില്‍ അപ്രധാനമല്ലാത്ത പങ്കു വഹിക്കാനും അധഃസ്ഥിതരുടെയും സാധാരണക്കാരുടെയും ജീവിതം ദുഷ്കരമാക്കുന്ന ഭരണകൂട നൃശംസതകളെ പൊതുസമൂഹത്തോടൊപ്പം നിന്ന് പ്രതിരോധിക്കാനും അസോസിയേഷന്‍ ഒരിക്കലും മടികാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ വൈരനിര്യാതന ബുദ്ധിയോടുള്ള പ്രതികാരനടപടികള്‍ക്ക് നിരന്തരം പാത്രീഭവിച്ചിട്ടുമുണ്ട്.

പിറവിയെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും അടിയന്തരാവസ്ഥയുടെ കരാളദിനങ്ങളെയാണ് സംഘടനയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനു ശേഷവും അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ കാലമായിരുന്നു. 1978ല്‍ ശമ്പളപരിഷ്കരണം നേടിയെടുക്കുന്നതിന് എ കെ ആന്റണി സര്‍ക്കാരിനെതിരെ 17 ദിവസം നീണ്ട പണിമുടക്ക് നടത്തേണ്ടി വന്നു. കെ കരുണാകരന്‍ സര്‍ക്കാരിന്റെ 1982-87 കാലഘട്ടമാകട്ടെ, നിരന്തരമായ അടിച്ചമര്‍ത്തലുകളുടെയും പീഡനങ്ങളുടെയും കാലമായിരുന്നു. 1983ലെ സറണ്ടര്‍ സമരം, ശമ്പള പരിഷ്കരണവും ഇടക്കാലാശ്വാസവും ആവശ്യപ്പെട്ടുള്ള 1984ലെ പണിമുടക്ക്, ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന 1985ലെ പണിമുടക്ക് എന്നിവ ഇവയില്‍ ചിലതുമാത്രം. 1985 ആഗസ്ത് ഏഴിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും അഡീഷണല്‍ സെക്രട്ടറിയുമായിരുന്ന സി ജെ ജോസഫിനെ കെ കരുണാകരന്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. 1987ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ മന്ത്രിസഭയാണ് ആ തീരുമാനം റദ്ദാക്കി ജോസഫിനെ തിരിച്ചെടുത്തത്. 1992ലെ യുഡിഎഫ് സര്‍ക്കാരാകട്ടെ, അസോസിയേഷന് ശക്തമായ താക്കീതു നല്‍കുന്ന ഉത്തരവു പുറപ്പെടുവിച്ചു.

1992 ഡിസംബറില്‍ സംഘടനാ പ്രസിഡന്റായിരുന്ന ജെ പി ചന്ദ്രകുമാര്‍, സംഘടനാ സെക്രട്ടറിയായിരുന്ന എഫ് ജോസഫ് രാജന്‍ എന്നിവരടക്കം നിരവധി പേരെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ കരുണാകരന്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറിയറ്റ് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയും എഫ്എസ്ഇടിഒ പ്രസ്ഥാനത്തിന്റെ ധീരമായ സാരഥ്യത്തില്‍ നടന്ന നിരന്തര സമരങ്ങളുമാണ് ഇത്തരം പീഡനപര്‍വങ്ങള്‍ അതിജീവിക്കാന്‍ ഈ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്നത്. 54 ദിവസം നീണ്ടുനിന്ന 1973ലെ പണിമുടക്കിനു ശേഷം ഏറ്റവും ദീര്‍ഘമായ പണിമുടക്ക് 2002ലേതായിരുന്നു. 32 ദിവസമാണ് അന്നു ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍, പെന്‍ഷന്‍ കമ്യൂട്ടേഷന്‍, ആര്‍ജിതാവധി സറണ്ടര്‍, ഭവന നിര്‍മാണ വായ്പ, പ്രതിമാസ ശമ്പള വ്യവസ്ഥ, പുതിയ ജീവനക്കാരുടെ ക്ഷാമബത്ത എന്നിങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ അതുവരെ അനുഭവിച്ചുവന്ന മുഴുവന്‍ അവകാശങ്ങളും ആനുകൂല്യങ്ങളും ഒറ്റയടിക്കു കവര്‍ന്നെടുക്കുകയും നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി പ്രഖ്യാപിക്കുകയുംചെയ്ത എ കെ ആന്റണിസര്‍ക്കാരിന്റെ കിരാത നടപടിക്കെതിരെ നടന്ന ആ പണിമുടക്കിന്റെ കേന്ദ്രബിന്ദുവാക്കി സെക്രട്ടറിയറ്റിനെ മാറ്റാന്‍ കഴിഞ്ഞത് അസോസിയേഷന്റെ കിരീടത്തിലെ പൊന്‍തൂവലുകളില്‍ ഒന്നാണെന്ന് നിസംശയം പറയാം. അസോസിയേഷന്‍ നേതാക്കളും മുന്‍നിര പ്രവര്‍ത്തകരുമായ നാലുവനിതകളടക്കം 10 പേര്‍ അന്ന് ജയിലിലടയ്ക്കപ്പെട്ടു. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കളായ ആറുപേരും എന്‍ജിഒ യൂണിയന്‍ അംഗമായ ഒരാളുമടക്കം ഏഴുപേരെ 2006 ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഇതുമൂലമുള്ള വൈരനിര്യാതന ബുദ്ധിയാകണം. 2001 ജനുവരി 10ന് നടന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു അവര്‍ ചെയ്ത തെറ്റ്.

2002ല്‍ യുഡിഎഫ് കണ്‍വീനര്‍ ആയിരിക്കുമ്പോള്‍ത്തന്നെ ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കുക എന്നത് ഉമ്മന്‍ ചാണ്ടി ലക്ഷ്യമിട്ടിരുന്നു. അന്നു നടക്കാതെപോയ പദ്ധതി 2013 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരെ വിഭജിച്ചു ഭരിക്കുക എന്നതാണ് അദ്ദേഹം പയറ്റുന്ന തന്ത്രം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ജനുവരി എട്ടുമുതല്‍ 13 വരെ നടന്ന പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണുണ്ടായത്്. പങ്കാളിത്ത പെന്‍ഷനടക്കമുള്ള നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. 2013 ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന പണിമുടക്ക് ഇത്തരം പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി വേണം കാണാന്‍. ലോകചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കായിരുന്നു അത്.

ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നു. അഴിമതി, വിലക്കയറ്റം മുതലായവയ്ക്കെതിരെ കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണ്. ജീവനക്കാരടക്കമുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള സര്‍ക്കാര്‍. തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിലധിഷ്ഠിതമായ ബദല്‍നയങ്ങള്‍ നടപ്പാക്കാന്‍ തയ്യാറുള്ള പുരോഗമനശക്തികളെ ശക്തിപ്പെടുത്തിമാത്രമേ അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാകൂ. അതിനനുസൃതമായ ചര്‍ച്ചകളും തീരുമാനങ്ങളും കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 40-ാം വാര്‍ഷിക സമ്മേളനത്തിലുണ്ടാകും.

*
കെ ഉമ്മന്‍ (കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Thursday, February 21, 2013

ഈ പണിമുടക്കം ചരിത്രപരമായ ദൗത്യം

ഇന്ത്യ ദര്‍ശിച്ച എക്കാലത്തെയും ഏറ്റവും ഉജ്ജ്വലമായ പൊതുപണിമുടക്കമായിരുന്ന 2012 ഫെബ്രുവരി 28 ല്‍ നടന്നത്. ഈ പണിമുടക്കം കഴിഞ്ഞ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് വീണ്ടും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം ദിദ്വിന പണിമുടക്കിലേക്കു നീങ്ങുകയാണ്. പണിമുടക്കിന്റെ കേളികൊട്ട് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ പൊതുപണിമുടക്കില്‍ സഹകരിക്കാത്ത ശിവസേനയുടെ ഭാരതീയ കാംഗാര്‍ യൂണിയനുള്‍പ്പെടെ നിരവധി ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഈ പൊതുപണിമുടക്കില്‍ പങ്കെടുക്കും. സമസ്ത മേഖലയിലെ തൊഴിലാളികളും ഫെബ്രുവരി 20, 21 തീയതികളിലെ ഐതിഹാസികമായ സമരത്തില്‍ സഹകരിക്കുമെന്നുറപ്പായിരിക്കുന്നു. വമ്പിച്ച പ്രചരണ പ്രവര്‍ത്തനമാണ് നാടൊട്ടുക്കും നടക്കുന്നത്.

2012 ഫെബ്രുവരി 28 ന്റെ പൊതുപണുമുടക്കം ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കമായിരുന്നു. ലോക മാധ്യമങ്ങള്‍ പണിമുടക്കം വന്‍വിജയമായിരുന്നു എന്ന് വിലയിരുത്തുകയുണ്ടായി. ഇത്ര ശക്തമായ തൊഴിലാളി മുന്നേറ്റത്തെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചത് ഇന്ത്യന്‍ ഭരണകൂടമാണ്. ഗവണ്‍മെന്റിന്റെ തൊഴിലാളി വരുദ്ധനയവും കോര്‍പ്പറേറ്റ് പ്രേമവുമാണ് ഇത്രയും വലിയ ഒരു പണിമുടക്കത്തെ നിസ്സാരമായി കാണാന്‍ ഭരണക്കാരെ പ്രേരിപ്പിച്ചത്. ഈ സമീപനമാണ് വീണ്ടുമൊരു പണിമുടക്കിലേക്കു തൊഴിലാളി വര്‍ഗ്ഗത്തെ കൊണ്ടുചെന്നെത്തിച്ചത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ട്രേഡ് യൂണിയനുകളുടെ വിശാലമായ ഐക്യനിര കെട്ടിപ്പടുത്തുകൊണ്ട് പൊതുവായി യോജിപ്പുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭത്തിലേര്‍പ്പെടാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിടുകയാണ്. ഇന്ത്യയിലെ പതിനൊന്നു അംഗീകൃത ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സംസ്ഥാനത്തു മാത്രം പ്രവര്‍ത്തിക്കുന്ന നിരവധി ട്രേഡ് യൂണിയന്‍ സംഘടനകളും ഇക്കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഒരുമിച്ചുന്നയിക്കുന്ന ഡിമാന്റുകളില്‍ അര്‍ഥവത്തായ ഒരു ചര്‍ച്ചയ്ക്കുപോലും ഗവണ്‍മെന്റ് തയ്യാറായില്ലെന്നത് അഭിമാന ബോധമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

2012 മാര്‍ച്ച് 19-ാം തീയതി എ ഐ ടി യു സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത പാര്‍ലമെന്റില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന സ്ഥിതി വിശേഷങ്ങളെക്കുറിച്ച് പ്രൗഢഗംഭീരമായ ഒരു പ്രസംഗം നടത്തുകയുണ്ടായി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ യഥാര്‍ഥ സ്ഥിതി വരച്ചു കാട്ടിക്കൊണ്ട് നടത്തിയ പ്രസംഗം സഭ മൊട്ടുസൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയോടെയാണ് ശ്രവിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് 'ഇന്ത്യയിലെ 791 അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് യാതൊരുവിധ തൊഴില്‍ സുരക്ഷിതത്വവുമില്ല, സാമൂഹ്യ സുരക്ഷിതത്വമില്ല, കൊടിയ ദാരിദ്ര്യത്തിലാണ്, അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്' എന്ന് അദ്ദേഹം പറഞ്ഞു. 90 കോടി ജനങ്ങളുടെ ശരാശരി പ്രതിദിന വരുമാനം 20 രൂപയും 79 ശതമാനം തൊഴിലാളികളുടെ പ്രതിദിന വരുമാനം 20 രൂപയുമാണ്. മിനിമം വേജസ് തൊഴിലാളിയ്ക്ക് കിട്ടുന്നില്ല. കരാര്‍ തൊഴിലാളികള്‍ വന്‍ചൂഷണത്തിന് വിധേയമാകുന്നു.

ഇന്ത്യയിലെ തൊഴിലാളികളുടെയും ജനങ്ങളുടെയും ദുസ്ഥിതിയെ ഗവണ്മെന്റിന്റെ തന്നെ വിവിധ റിപ്പോര്‍ട്ടുകളെയും സാമ്പത്തിക സര്‍വ്വേകളുടെയും ഉപോത്ബലകത്തില്‍ ഗുരുദാസ് വികാര തീവ്രമായി അവതരിപ്പിച്ചു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ ഇന്ത്യന്‍ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. അതേപടി ഉദ്ധരിക്കട്ടെ Artificial tears, synthetic tears will not give any support. Feel the pain of poverty feel the pain of starvation, please realise when a man loses his job what happens to him. You are not here to listen to me. I am sure that they will never look into the proceedings of the House also. This is the political system that responsible for its cowardly inaction towards the producers of wealth  in the country. (പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രി പ്രണബ്മുഖര്‍ജിയും സഭയില്‍ ഈ പ്രസംഗം നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ ഇല്ലായിരുന്നു).

ആഗോളീകരണത്തിന്റെ ഫലമായുണ്ടായിട്ടുള്ള നവഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴിലെടുക്കുന്നവര്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടാണോ? ഉദാഹരണമായി ഗുരുദാസ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചത് പ്രോവിഡന്റ് ഫണ്ടിലെ കാര്യമാണ്. 450,00,000 ഓളം ആളുകള്‍ പ്രോവിഡന്റ് ഫണ്ടിലെ ഗുണഭോക്താക്കളാണ്. എന്നാല്‍ 1,50,000 കോടി രൂപയാണ് പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് മുതലാളിമാര്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നതിന്റെ ഉദാഹരണമല്ലേ ഇത്. രാജ്യത്തെ ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം തച്ച് തകര്‍ക്കുന്ന കാഴ്ചയല്ലേ, മാരുതി കമ്പനിയില്‍ നാം കണ്ടത്. 500 തൊഴിലാളികളെ പണിമുടക്കു പ്രക്ഷോഭത്തിന്റെ പേരില്‍ പിരിച്ച് വിട്ടു. പ്രധാനമന്ത്രിയെ കണ്ടു നിവേദനം നടത്തിയിട്ടും പ്രയോജനം കണ്ടില്ലെന്നു ഗുരുദാസ് പാര്‍ലമെന്റ് പ്രസംഗത്തില്‍ പറഞ്ഞു.

നവലിബറല്‍ നയങ്ങള്‍ക്ക് തുടക്കം കുറിച്ച് രണ്ട് ദശാബ്ദം തികയുമ്പോള്‍ പൊതുമേഖലാ വ്യവസായങ്ങളില്‍ നിന്നും ബാങ്കിംഗ് സെക്ടറില്‍ നിന്നും 11 ലക്ഷം പേരെ പിരിച്ചു വിട്ടു. ഇന്ത്യയിലെയും വിദേശത്തെയും ധനമൂലധന ശക്തികള്‍ പൊതുമേഖലകള്‍ ഓരോന്നോരോന്നായി  കരസ്ഥമാക്കുകയാണ്. ഏറ്റവും അവസാനം ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അരങ്ങൊരുങ്ങിയിരിക്കുന്നു. തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചു വിട്ടുകൊണ്ടും പെന്‍ഷന്‍ നിര്‍ത്തലാക്കിയും ക്ഷേമപദ്ധതികള്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണ് ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രക്ഷോഭത്തിന്റെ ആദ്യത്തെ ഡിമാന്റ് വിലക്കയറ്റം തടയണമെന്നുള്ളതാണ്. തൊഴിലാളികള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലിത്. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവ് എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നു. ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് ആലോചനയേ ഇല്ല. അവര്‍ക്ക് കൃത്യമായി ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ല. ഗ്രാമീണ മേഖലകളില്‍, ആദിവാസി ആവാസ മേഖലകളില്‍ മാത്രമല്ല നഗരങ്ങളില്‍ ദാരിദ്ര്യത്തിന്റെ കാഠിന്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പി സായിനാഥിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ടു വരികയുണ്ടായി. ഭക്ഷ്യധാന്യ ഗോഡൗണുകളില്‍ ടണ്‍ കണക്കിനു ഭക്ഷ്യധാന്യങ്ങള്‍ എലിയും മറ്റു കീടങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാത്തതെന്തെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു. രാജ്യത്തെ 32 ശതമാനത്തിലധികം ജനങ്ങള്‍ ഭക്ഷണ കാര്യത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അരക്ഷിതാവസ്ഥയിലാണെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷ്യ സുരക്ഷയ്ക്കായി ഗവണ്മെന്റു കൈക്കൊള്ളുന്ന നടപടികളൊന്നും തന്നെ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. മഞ്ഞിലും മഴയത്തും വസ്ത്രമില്ലാത്തതുകൊണ്ടും കിടപ്പാടം ഇല്ലാത്തതുകൊണ്ടും രാജ്യത്ത് കഴിഞ്ഞ വര്‍ഷം 950 ലധികം പേര്‍ മരണപ്പെട്ടു.

പരമ്പരാഗത മേഖലയിലെ അവഗണന സൃഷ്ടിക്കുന്ന തൊഴില്‍ രാഹിത്യവും പട്ടിണിയും പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടു മുതലിങ്ങോട്ട് ദീര്‍ഘനാള്‍ കൊണ്ട് നേടിയെടുത്ത തൊഴിലവകാശങ്ങള്‍ ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കവര്‍ന്നെടുക്കുകയാണ്. സ്റ്റാറ്റിയൂട്ടറി മിനിമം വേജസ് കടലാസില്‍ ഒതുങ്ങുന്നു. സ്വകാര്യ മേഖലയിലെ പോലെ തന്നെ പൊതുമേഖല അര്‍ദ്ധ പൊതുമേഖലാ സ്ഥാപനങ്ങളിലും പത്തും പന്ത്രണ്ടും മണിക്കൂര്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നു. കരാര്‍ - പുറം കരാര്‍ വ്യവസ്ഥ ഗവണ്മെന്റ് നയമായി മാറിയിരിക്കുന്നു. ഐ ടി മേഖലയുള്‍പ്പെടെയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളൊന്നും ബാധകമല്ല.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണത്തെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന സേവന വേതന വ്യവസ്ഥകള്‍ തലകീഴായി മറിഞ്ഞു. ലോക സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് വന്‍തോതിലുള്ള പിരിച്ച് വിടല്‍. 1930 കള്‍ക്കുശേഷം മുതലാളിത്ത ലോകം നേരിട്ട വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തയ്യാറാകുന്നില്ല. രണ്ടു ദശാബ്ദകാലത്തെ ആഗോളീകരണ നയങ്ങളുടെ കെടുതി ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നതു തൊഴില്‍ ശക്തിയാണ്. ചൂതാട്ടത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും വിഹാര രംഗമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിക്കൊണ്ടും യഥാര്‍ത്ഥ വളര്‍ച്ചയും വികസനവും ലക്ഷ്യം നേടാതെയും സമ്പത്തു പ്രത്യേക വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വിലക്കയറ്റവും മറ്റു ദുരിതങ്ങളും അറുതി വരുത്താന്‍ ഗവണ്മെന്റ് തയ്യാറാകണം. ഈ പശ്ചാത്തലത്തിലാണ് നിരന്തര പോരാട്ടത്തില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തു വന്നത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്ക, ബ്രിട്ടന്‍, പോര്‍ച്ചുഗീസ്, ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും കോര്‍പ്പറേറ്റ് ഭരണത്തിനെതിരെ ഒരുമിച്ച് കൈകോര്‍ത്തു പിടിച്ചുകൊണ്ട് വന്‍ പ്രക്ഷോഭത്തിലാണ്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ലോകത്താകമാനം നടക്കുന്ന പ്രക്ഷോഭ സമരങ്ങളുമായി ഇന്ത്യയില്‍ നടക്കുന്ന സമരങ്ങള്‍ ഐക്യദാര്‍ഢ്യപ്പെട്ടിരിക്കുന്നു. ഒരു ഭാഗത്ത് കോര്‍പ്പറേറ്റുകളും ഭരണകൂടവും മറുഭാഗത്ത് തൊഴിലെടുക്കുന്നവരും തൊഴില്‍ രഹിതരായ ചെറുപ്പക്കാരും വിദ്യാര്‍ഥികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബുദ്ധിജീവികളും എന്ന സ്ഥിതിയാണ് ലോകത്തെല്ലായിടത്തും. ആഗോള ധന മൂലധനത്തിനെതിരെ വന്‍ഭൗതിക ശക്തിയായി ജനകീയ ഐക്യവും വിപുലമായ പ്രക്ഷോഭങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. പല ഭരണകൂടങ്ങളുടെ തലവന്മാര്‍ക്ക് ഭരണത്തില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന സാഹചര്യവുമുണ്ടായി.

തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന ഡിമാന്റുകള്‍ തികച്ചും ന്യായയുക്തവും പരിഹരിക്കാന്‍ കഴിയുന്നതുമാണ്. വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ രക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ ഫണ്ട് രൂപീകരിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുക, മിനിമം വേതനം 10,000 രൂപ കിട്ടത്തക്ക വിധം മിനിമം വേജ് ആക്ട് ഭേദഗതി ചെയ്യുക, ബോണസ്സ് - പ്രോവിഡന്റ് ഫണ്ട് ഇവ ലഭിക്കുന്നതിനുള്ള യോഗ്യതയും പരിധിയും ഉയര്‍ത്തുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നല്‍കുക തുടങ്ങി തൊഴിലാളികളുടെയും നാട്ടിന്റെയും നിലനില്‍പ്പിനു വേണ്ടിയുള്ള ആവശ്യങ്ങളാണുന്നയിക്കുന്നത്. ഈ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുക എന്നതു രാജ്യത്തെ ഭരണഘടനയിലും നിലവിലുള്ള നിയമങ്ങളിലും ഉറപ്പു പറയുന്ന വസ്തുതകളാകുന്നു.

ചുരുക്കത്തില്‍ ഭരണഘടനയുടെ 21-ാം അനുഛേദത്തില്‍ ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം (Right to live) എന്ന ഉറപ്പാക്കുന്ന അവകാശത്തിനു വേണ്ടിയാണ് രാജ്യം സ്വാതന്ത്യം നേടി ആറു ദശാബ്ദം കഴിഞ്ഞിട്ടും തൊഴിലാളി വര്‍ഗ്ഗത്തിന് പ്രക്ഷോഭത്തിലേര്‍െപ്പടേണ്ടി വന്നതെന്ന് ഭരണവര്‍ഗ്ഗം ഓര്‍ക്കുന്നതു നന്ന്.

48 മണിക്കൂര്‍ പണിമുടക്ക് നാട്ടില്‍ സൃഷ്ടിക്കാന്‍ പോകുന്ന ചലനങ്ങള്‍ തീര്‍ച്ചയായും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. അത്ര ആത്മവിശ്വാസത്തോടെയാണ് തൊഴിലാളി വര്‍ഗ്ഗം അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കുന്നത്.

*
കാനം രാജേന്ദ്രന്‍ ജനയുഗം 20 ഫെബ്രുവരി 2013

Tuesday, February 12, 2013

സംവത്സരങ്ങള്‍ താണ്ടി എ ഐ ബി ഇ എ സമ്മേളനം വീണ്ടും കേരളത്തില്‍

അഞ്ചു പതിറ്റാണ്ടുകള്‍ക്കുശേഷം ആ മഹാസമ്മേളനം തിരുവനന്തപരുത്തുനിന്നും കൊച്ചിയിലെത്തിച്ചേരുമ്പോള്‍ ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ശക്തികേന്ദ്രമായ എ ഐബി ഇ എ രാജ്യത്തെ സാമൂഹ്യ നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നു നിസ്സംശയം കാണാന്‍ കഴിയും. യാദൃശ്ചികമാണെങ്കില്‍പോലും 1964 ല്‍ സമ്മേളനം തിരുവനന്തപുരത്ത് നടന്നതും ഫെബ്രുവരി ഒമ്പതിനാണ്. ഇന്ത്യയുടെ ബാങ്കിംഗ് വ്യവസായം എന്നു പറയുന്നത് രാജ്യ സമ്പദ്ഘടനയുടെ നെടുംതൂണാണ്. ആ അസ്തിത്വത്തിന് സംഭവിക്കുന്ന ഏതൊരു കേടും പോരായ്മകളും രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകിടം മറിക്കും.  ജീവനക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും മാത്രം സംരക്ഷിക്കുന്നതിനായി സ്വാര്‍ഥ താല്‍പര്യങ്ങള്‍മാത്രം കൈമുതലാക്കിയ ഒരു സംസ്‌ക്കാരമല്ല എ ഐ ബി ഇ എക്കുള്ളത്. വ്യവസായത്തിന്റെ ആരോഗ്യവും വളര്‍ച്ചയും സാകൂതം വീക്ഷിക്കുകയും മുതലാളിമാര്‍ അവയ്ക്ക് ക്ഷതമേല്‍പ്പിക്കുന്ന സമയങ്ങളിലെല്ലാം ശക്തമായ ഇടപെടലുകള്‍ നടത്തി തങ്ങളുടെ ഉപ്പും ചോറും സംരക്ഷിക്കുന്നതില്‍ വിശ്വസിച്ചിരുന്ന ഒരു സംസ്‌കൃതിയാണ് ഇക്കാലമത്രയും എ ഐ ബി ഇ എ പിന്‍തുടര്‍ന്നുപോന്നത്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സാമ്പത്തിക മാന്ദ്യസമയത്ത് യൂറോപ്പ്-അമേരിക്കന്‍ സമ്പദ്ഘടന ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ ആഗോള തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തിന് കഴിഞ്ഞതും. അമേരിക്കയില്‍ 325 ബാങ്കുകളും യൂറോപ്പിലെ മൂന്ന് ബാങ്കുകളും തകര്‍ന്നപ്പോഴും മറ്റ് ആഫ്രിക്കന്‍, പാനമേരിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും തകര്‍ച്ചയുടെ ഭീതിയിലായിരുന്നപ്പോഴും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അവയൊന്നുമൊരു ഭീഷണിയാകാതെ ശക്തമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞെങ്കില്‍ അതിന് എ ഐ ബി ഇ എ എന്ന മഹാപ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്.

വേദ കാലഘട്ടം മുതല്‍ രാജ്യത്ത് ബാങ്കിംഗ് നിലനിന്നിരുന്നു എന്ന് കണക്കാക്കാവുന്നതാണ്. നാട്ടുരാജാക്കന്മാര്‍ കച്ചവടത്തിന് സഹായകരമായി ഇറക്കിയ നാണയ തുട്ടുകളാണ് ഒരു പക്ഷേ ബാങ്കിംഗിന് രാജ്യത്ത് തുടക്കമിട്ടതെന്നും കാണാം. അക്കാലത്തെ നാട്ടുപ്രമാണിമാരും ഉന്നതകുല ജാതരുമായ ഒരു വിഭാഗത്തിന്റെ കയ്യില്‍മാത്രം ഒതുങ്ങിനിന്ന കച്ചവടം വിപുലീകരിക്കുന്നതിന് ഈടായി ഇത്തരം നാണയങ്ങളും ചരക്കു വിനിമയത്തിനു പകരമായി മറ്റ് ചരക്കുകളും സ്വീകരിച്ചിരുന്നു. നാണയങ്ങള്‍ മടക്കി നല്‍കുമ്പോള്‍ കച്ചവടത്തില്‍ ലഭ്യമായ ലാഭത്തിന്റെ ഒരു ചെറുവിഹിതം മടക്കി നല്‍കുക പതിവായിരുന്നു. അത് ഭാവിയില്‍ പലിശ നല്‍കുന്ന നിക്ഷേപമായും പലിശ ഈടാക്കുന്ന വായ്പയായും രൂപാന്തരപ്പെടുകയുണ്ടായി. അതിനെ ബാങ്കിംഗ് വ്യവസായത്തിന്റെ  ഉല്‍പത്തി എന്ന് വേണമെങ്കില്‍ ചരിത്രത്തില്‍ അവകാശപ്പെടാവുന്നതാണ്. എന്നിരുന്നാലും ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായം നാമിന്നു കാണുന്ന രീതിയില്‍ രൂപാന്തരപ്പെടുന്നത് 19-ാം നൂറ്റാണ്ടിലാണ്. വേദ കാലഘട്ടത്തില്‍ കണ്ടിരുന്ന അതേ തത്വങ്ങള്‍ തന്നെയാണ് പില്‍ക്കാലത്തും ഇതിനായി സ്വീകരിച്ചിരുന്നതെങ്കിലും 19-20 നൂറ്റാണ്ടുകളില്‍ ഈ വ്യവസായം സ്വകാര്യ കുത്തക മുതലാളിമാരുടെ കൈകളില്‍ അമ്മാനമാടിയിരുന്ന ഒന്നാണ്. നിഷ്ഠൂരമായ ചൂഷണത്തിനു സ്വാഭാവികമായും വിധേയമായ തൊഴിലാളികളായിരുന്നു അന്ന് ഈ മേഖലയില്‍ പണിയെടുത്തിരുന്നത്.

1917 ലെ മഹത്തായ റഷ്യന്‍ വിപ്ലവം പകര്‍ന്നു നല്‍കിയ ആവേശവും വിശ്വാസവും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ ചരിത്രത്തിലും മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. 1918-20 കാലഘട്ടം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ ചരിത്രത്തിന്റെ നാഴിക കല്ലുകളാണ്. ജീവിതം ദുസ്സഹമായ ഒന്നേകാല്‍ ലക്ഷം ടെക്സ്റ്റയില്‍ മില്‍ തൊഴിലാളികള്‍ ബോംബെയില്‍ നടത്തിയ ഐതിഹാസിക സമരം മറ്റ് മേഖലകളില്‍ ചൂഷണത്തിനു വിധേയരായ തൊഴിലാളികളുടെ ചിന്തക്കു തീപകര്‍ന്നു. ജാതിയോ, മതമോ, പ്രാദേശിക ചിന്തകളോ അന്നത്തെ തൊഴിലാളി വര്‍ഗത്തിനു മുന്നില്‍ വിഷയമേ ആയിരുന്നില്ല. അത്തരം വികലമായ ചിന്തകള്‍ അവരുടെ മനസ്സിനെ ഒട്ടുമേ തീണ്ടിയിരുന്നില്ല.

പ്രതിഷേധജ്വാല പടര്‍ന്ന് 1920 ആയപ്പോഴേയ്ക്കും രാജ്യത്തെ പതിനഞ്ച് ലക്ഷം തൊഴിലാളികള്‍ പോര്‍മുഖത്തെത്തിക്കഴിഞ്ഞിരുന്നു. അക്കാലത്തും അസംഘടിതരായിരുന്ന രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ സഹനത്തിന്റെയും അടിമത്വത്തിന്റെയും ചെപ്പില്‍ നിസ്സഹായരായി ഒതുങ്ങിക്കൂടി. എങ്കിലും അവരുടെ മനസ്സ് അസ്വസ്ഥമായിരുന്നു. മധ്യവര്‍ഗ്ഗ  വിഭാഗം തൊഴിലാളികളായി കണ്ടിരുന്ന ബാങ്ക് ജീവനക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതിനോ അവരെ സംഘടിപ്പിക്കുന്നതിനോ ആരും മുന്നോട്ടു വന്നിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ജീവിതം ഏറെ ദുഷ്‌ക്കരവുമായിരുന്നു. 1920 ല്‍ ഐതിഹാസിക സമരങ്ങളുടെപോര്‍മുഖത്തുനിന്നും തൊഴിലാളികള്‍ അവരുടെ മഹാപ്രസ്ഥാനമായ എ ഐ ടി യു സി രൂപീകരിച്ചെങ്കിലും രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ആ വേലിക്കും പുറത്തായിരുന്നു. മധ്യവര്‍ഗ തൊഴിലാളികളായ അവരുടെ പരിദേവനങ്ങള്‍ക്ക് പരിഹാരം എന്നത് വിദൂരസ്വപ്‌നമായി തന്നെ നിലകൊണ്ടു. ചെറുതും വലുതുമായ നിരവധി ബാങ്കുകള്‍ക്ക് അന്നത്തെ ജന്മിമാര്‍ രൂപംനല്‍കി അവരുടെ ആശ്രിതരെയും അടിയാന്മാരെയും കുടിയിരുത്തി. ഒരു തരത്തിലുള്ള പരാതികളും ഉന്നയിക്കാന്‍ സാധ്യമായിരുന്ന സാഹചര്യമായിരുന്നില്ല അന്ന് ബാങ്കുകളില്‍ ഉണ്ടായിരുന്നത്. പരാതി ഉന്നയിക്കുന്നവരും ജീവനക്കാരുടെ പ്രതിഷേധത്തെ സഹായിക്കാന്‍ തയ്യാറാകുന്നവരുമായ സഹജീവനക്കാര്‍ക്കെതിരെ മൃഗീയമായ ശിക്ഷാനടപടികള്‍ മാനേജ്‌മെന്റ് കൈകൊണ്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് ബാങ്ക് ജീവനക്കാരെ സംഘടിപ്പിക്കുന്നതിന് സഹജീവനക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയത്. രാജ്യത്തെമ്പാടുമുള്ള ബാങ്ക് ജീവനക്കാരുടെ സംഘടനാ രീതി പഠിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഏകീകൃത സ്വഭാവം മനസ്സിലാക്കാന്‍ കഴിയും. കേരളം മുതല്‍ കാശ്മീര്‍വരെയുള്ള ഒരുപിടി നേതാക്കള്‍ സ്വീകരിച്ച നിസ്വാര്‍ഥവും ത്യാഗോജ്ജ്വലവുമായ പ്രവര്‍ത്തനവും ഇച്ഛാശക്തിയും കാഴ്ചപ്പാടും കൊണ്ടുമാത്രമാണ് കൊടുംചൂഷണവിധേയരായ ബാങ്ക് ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് എ ഐ ബി ഇ എ 1946 ഏപ്രില്‍ 20 ന് കല്‍ക്കത്തയിലെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഹാളില്‍ ജന്മം കൊണ്ടത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ സി നിയോഗിയും ജനറല്‍ സെക്രട്ടറി രമേഷ്ചന്ദ്ര ചക്രവര്‍ത്തിയും ചേര്‍ന്ന് എ ഐ ബി ഇ എയുടെ മുന്നോട്ടുള്ള സംഭവബഹുലമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കല്‍ക്കത്തയില്‍വെച്ച് നടന്ന ബാങ്ക് ജീവനക്കാരുടെ ആദ്യ അഖിലേന്ത്യാ സമ്മേളനത്തില്‍ ചെലവായത് 2123 രൂപ 12 അണ എന്നത് ഏറെ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. 1946 ല്‍ നിന്നും 2013 ലെത്തുമ്പോള്‍ നാണയപ്പെരുപ്പം മൂലം രൂപയ്ക്ക് വന്ന മൂല്യതകര്‍ച്ച എത്ര ഭീമമാണെന്ന് കാണാന്‍ കഴിയും. എ ഐ ബി ഇ എയുടെ ജീവാത്മായിരുന്ന സ: പ്രഭാത്കര്‍ ഇതിനെ വളരെ രസകരമായി വര്‍ണിക്കാറുണ്ട്. ''പോക്കറ്റില്‍ കാശും വലിയ സഞ്ചിയുമായി ചന്തയില്‍ പൊയ്‌ക്കൊണ്ടിരുന്ന ആളുകള്‍ ഇപ്പോള്‍ സഞ്ചിയില്‍ പണം കൊണ്ടുപോകുകയും പോക്കറ്റില്‍ സാധനങ്ങളുമായി മടങ്ങുന്ന അവസ്ഥയാണുള്ളത്''

രാജ്യത്തെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ക്ക് അക്കാലത്ത് ഒരു നിശ്ചിത ശമ്പള ഘടനയോ കൃത്യമായ സേവന വ്യവസ്ഥകളോ ഇല്ലായിരുന്നു. ഓരോ ബാങ്കിന്റെയും മുതലാളിമാര്‍ നിശ്ചയിക്കുന്നതായിരുന്ന അന്നത്തെ സേവന-വേതന വ്യവസ്ഥകള്‍. വളരെ ദുര്‍ഘടമായ ജീവിത സാഹചര്യം നേരിടേണ്ടിവന്ന ജീവനക്കാര്‍ക്ക് ഏക ആശ്രയം എ ഐ ബി ഇ എ മാത്രം.

''ട്രിബ്യൂണലുകളില്‍ നിന്നും ഉഭയകക്ഷി കരാറുകളിലേയ്ക്ക്''   

ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളമായി 75 രൂപയും സബോര്‍ഡിനേറ്റ് ജീവനക്കാര്‍ക്ക് 40 രൂപയുമായി നിശ്ചയിക്കണമെന്ന ആവശ്യവുമായി എ ഐ ബി ഇ എ രംഗത്തുവന്നു. പ്രതിദിനം 32 രൂപ വരുമാനമുള്ള ഏതൊരു ഇന്ത്യക്കാരനും ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കണ്ടുപിടിത്തം വിരോധാഭാസമായി നില്‍ക്കുന്നു എന്നത് തല്‍ക്കാലം നമുക്ക് മറക്കാം. സമരങ്ങളുടെയും സംഘട്ടനങ്ങളുടെയും വേലിയേറ്റം അവിടെ നിന്നാരംഭിച്ചു. 46 ദിവസം നീണ്ടുനിന്ന ഇംപീരിയല്‍ ബാങ്കിലെ സമരം എ ഐ ബി ഇ എ യുടെ സമരചരിത്രത്തിന് നാന്ദികുറിച്ചു. ഇതേ കാലയളവില്‍ തന്നെ ബോംബെയില്‍ 36 ദിവസം നീണ്ടുനിന്ന നാഷ്ണല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ സമരവും. അന്ന് രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വിഭാഗം ജീവനക്കാര്‍ നീണ്ടുനില്‍ക്കുന്ന ഒരു സമരമുഖത്തായിരുന്നു. അവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എ ഐ ബി ഇ എ യുടെ നേതൃത്വത്തില്‍ പണിമുടക്കു നടന്നു. രാജ്യത്തെ 30 ബാങ്കുകളിലെ ജീവനക്കാരുടെ ശക്തമായ സമരത്തിനുപരിഹാരം കാണുന്നതിനായി എച്ച് ഡി ദിവാതിയ ട്രിബ്യൂണലിനു രൂപം നല്‍കി.

1946 സെപ്തംബര്‍ 15 ന് സര്‍ക്കാര്‍ ഗസറ്റില്‍ ജീവനക്കാരുടെ ശമ്പളം 65 രൂപയായി ഉയര്‍ത്തിക്കൊണ്ടുള്ള ജസ്റ്റിസ് ദിവാതിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ ബാങ്ക് ജീവനക്കാരുടെ ആദ്യ സേവന-വേതന ഉടമ്പടി രൂപംകൊണ്ടു. എങ്കില്‍പ്പോലും രാജ്യത്തിന്റെ നാനാഭാഗത്തും പ്രശ്‌നങ്ങള്‍ ബാക്കി നിന്നു. അവ നെരിപ്പോടുപോലെ അങ്ങിങ്ങായി നീറിപ്പുകയുന്നുണ്ടായിരുന്നു. അപകട സ്ഥിതി മനസ്സിലാക്കിയ മുതലാളിമാര്‍ സര്‍ക്കാറുമായി ചേര്‍ന്നുകൊണ്ട് ട്രിബ്യൂണലുകളിലൂടെ വിഷയം ശീതികരിക്കുവാന്‍ ശ്രമിച്ചു. നിരവധി ട്രിബ്യൂണലുകളാണ് അക്കാലത്ത് രൂപം പ്രാപിച്ചത്. ഇംപീരിയല്‍ ബാങ്കിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആര്‍ ഗുപ്താ ട്രിബ്യൂണലിനു രൂപം നല്‍കിയപ്പോള്‍ ബോംബെയിലെ 30 ഓളം ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നതിന് ദിവാതിയാ ട്രിബ്യൂണല്‍ രൂപീകരിച്ചു.

അപ്പോള്‍ തന്നെ ഉത്തര്‍പ്രദേശിലെ ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ പഠിച്ച് തീര്‍പ്പു കല്‍പ്പിക്കുന്നതിന് ബി ബി സിംഗ് കണ്‍സിലിയേഷന്‍ ബോര്‍ഡ് രൂപീകരിച്ചു. എന്നാല്‍ ഭൂരിപക്ഷം ട്രിബ്യൂണലുകളുടെ വിധിയും ബാങ്ക് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പര്യാപ്തമായില്ല എന്നു മാത്രമല്ല രാജ്യമെമ്പാടുമുള്ള ജീവനക്കാരുടെ അസംതൃപ്തി വര്‍ധിക്കുകയും ചെയ്തു. ട്രിബ്യൂണല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് വീണ്ടും സമരം ചെയ്യേണ്ട അവസ്ഥയും ഉണ്ടായിരുന്നു. 1948 ല്‍ ബംഗാളിലെ സെന്‍ട്രല്‍ ബാങ്ക് ജീവനക്കാര്‍ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തൊമ്പതുദിവസം നീണ്ടുനിന്ന പണിമുടക്കു സമരമാണ് ബാങ്ക് ജീവനക്കാര്‍ക്ക് നടത്തേണ്ടിവന്നത്. നിരവധി സമരങ്ങളാണ് ആദ്യ കാലഘട്ടങ്ങളില്‍ രാജ്യത്തിന്റെ നാനാഭാഗത്തും പല ബാങ്കുകളിലായി പൊട്ടിപ്പുറപ്പെട്ടത്. കല്‍ക്കത്തയില്‍ സെന്‍ട്രല്‍ ബാങ്കിലും ഡല്‍ഹിയില്‍ ഭാരത് ബാങ്കിലും പഞ്ചായത്ത് നാഷ്ണല്‍ ബാങ്ക്, അലഹബാദ് ബാങ്ക്, കോമില ബാങ്കിംഗ് കോര്‍പ്പറേഷന്‍, ബോംബെയില്‍ ഇംപീരിയില്‍ ബാങ്ക് ഓഫ് ഇന്ത്യ കല്‍ക്കത്തയിലെ ലോയ്ഡ്‌സ് ബാങ്ക് തുടങ്ങി നിരവധി ബാങ്കുകളില്‍ മാറിമാറി വന്ന സമരങ്ങള്‍ ജീവനക്കാരെ ഒരുമിപ്പിക്കുന്നതിനും സംഘടനകള്‍ ഇല്ലാതിരുന്നിടത്ത് സംഘടനകള്‍ രൂപപ്പെടുന്നതിനും സഹായകരമായി മാറി. ഡല്‍ഹിയിലെ ഭാരത് ബാങ്കില്‍ നിന്നും സ: എച്ച് എല്‍ പര്‍വാണ 1951 ലും കല്‍ക്കത്ത ലോയ്ഡ്‌സ് ബാങ്കില്‍ നിന്നും പിരിച്ചുവിടപ്പെട്ട സ: പ്രഭാത്ക്കര്‍ 1953 ലും എ എ ബി ഇ എയുടെ നേതൃത്വം ഏറ്റെടുത്തോടെ എ ഐ ബി ഇ എയുടെ സമര പ്രയാണങ്ങള്‍ക്ക് ദിശാബോധവും നിശ്ചയദാര്‍ഢ്യവും കൈവന്നു. 1948, 49,50,51 കാലങ്ങളിലെ നിരന്തര സമരങ്ങളും സംഘര്‍ഷങ്ങളും ഒറ്റപ്പെട്ട ട്രിബ്യൂണലുകളും വിധികളും ജീവനക്കാര്‍ ഉന്നയിച്ചുപോന്ന സ്ഥായിയായ ആവശ്യങ്ങള്‍ക്ക് പരിഹാരമായില്ല എന്നുമാത്രമല്ല എരിതീയില്‍ എണ്ണ ഒഴിക്കുന്ന അനുഭവമാണ് അതുമൂലം ഉണ്ടായത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന സ്ഥിതിയില്‍ നിന്നും വേറിട്ട ഒന്നല്ലായിരുന്നു കൊച്ചുകേരളത്തിലേതും. ഏതുസമയത്തും പൊളിയാവുന്ന അവസ്ഥയില്‍ നിലകൊണ്ട 108 ചെറു ബാങ്കുകള്‍ ബംഗാളില്‍ ഉണ്ടായിരുന്നപ്പോള്‍ 152 ബാങ്കുകളായിരുന്നു കൊച്ചു കേരളത്തില്‍. അവയുടെ സംയോജനവും ജീവനക്കാരുടെ സംരക്ഷണവും സംഘടനയുടെമാത്രം വിഷയമായി അവശേഷിക്കുകയുണ്ടായി. അവയൊക്കെ വിജയകരമായി പര്യവസാനിപ്പിക്കുന്നതിന് കേരളം വഹിച്ച പങ്ക് എ ഐ ബി ഇ എ യുടെ ചരിത്രത്തിലെ സുവര്‍ണ ഏടുകളായി ഇന്നും നിലനില്‍ക്കുന്നു.

തുടര്‍ന്ന് ആദ്യത്തെ വ്യവസായ ട്രിബ്യൂണലായ സെന്‍ ട്രിബ്യൂണല്‍ രൂപീകരിക്കപ്പെട്ടു. രാജ്യത്തെ 82 ഷെഡ്യൂള്‍ ബാങ്കുകളും 88 ഇതര ബാങ്കുകളും ചേര്‍ന്ന് 170 ബാങ്കുകളാണ് സെന്‍ട്രിബ്യൂണലില്‍ പരിഗണിയിലുണ്ടായിരുന്നത്. ചൂഷണ വിധേയരായ ബാങ്ക് ജീവനക്കാരെ സംബന്ധിച്ചിടത്തോളം സെന്‍ അവാര്‍ഡ് ആശ്വാസകരമായിരുന്നെങ്കിലും ബാങ്ക് ഉടമകള്‍ സുപ്രിം കോടതിയെ സമീപിച്ച് അവാര്‍ഡ് ദുര്‍ബലപ്പെടുത്തി. ശക്തമായ സമരങ്ങളിലൂടെയാണ് ജീവനക്കാര്‍ പ്രതികരിച്ചത്. മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടെങ്കിലും 1951 ല്‍ സെന്‍അവാര്‍ഡിലെ ശമ്പള വര്‍ധനവും ക്ഷാമബത്തയും നല്‍കിക്കൊണ്ടുള്ളൊരു ഒത്തു തീര്‍പ്പിന് ബാങ്ക് ഉടമകള്‍ക്ക് വഴങ്ങേണ്ടി വന്നു. എന്നാല്‍ ബാങ്ക് ജീവനക്കാരുടെ സംഘടനാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു 1953 ല്‍ പുറത്തുവന്ന ശസ്ത്രീ ട്രിബ്യൂണല്‍ അവാര്‍ഡ്. ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ശമ്പളം വെട്ടിക്കുറച്ചുകൊണ്ടുള്ള അവാര്‍ഡ്. അതിനെതിരെ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല സമരങ്ങളുടെ വേലിയേറ്റമായിരുന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായത്. നാട്ടുപ്രമാണിമാരുടെ ഉടമസ്ഥതയില്‍ മാത്രമായിരുന്ന ബാങ്കുകളില്‍ പലതും പൊളിയുന്നതോ പൊളിക്കുന്നതോ ആയ സാഹചര്യങ്ങളില്‍ പലര്‍ക്കും അവരുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയും നിലനിന്നിരുന്നു. ജോലിസ്ഥിരതയ്ക്കും ഏകീകരിച്ച ഒരു വേതന ഘടനയ്ക്കും സേവന വ്യവസ്ഥയ്ക്കുംവേണ്ടിയായിരുന്നു എ ഐ ബി ഇ എ യുടെ ഒരു വ്യാഴവട്ടക്കാല പോരാട്ടം കടന്നുപോയതെങ്കില്‍ 1963 മുതലുള്ള സംഭവ ബഹുലമായ പ്രയാണം ബാങ്കിംഗ് വ്യവസായത്തിന്റെ ശക്തമായ അടിത്തറയിലും ആരോഗ്യത്തിലും ഊന്നിയുള്ളതായിരുന്നു.

ദീര്‍ഘനാളുകള്‍ നീണ്ടുനിന്ന ട്രിബ്യൂണലുകളും അവയുടെ അശാസ്ത്രീയമായ തീരുമാനങ്ങളും കണ്ടുമടുത്ത ജീവനക്കാര്‍ 1962 ല്‍ കല്‍ക്കത്തയില്‍ കൂടിയ സമ്മേളനത്തില്‍ ശക്തമായ ഒരു തീരുമാനമെടുത്തു. ഇനി ഒരു ട്രിബ്യൂണല്‍ വേണ്ടേ വേണ്ട. അതൊരു വഴിത്തിരിവായിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഉടമ്പടികള്‍ക്കുമുള്ള വിത്ത് പാകിക്കൊണ്ടുള്ള ആദ്യസമ്മേളനം. അതിന്റെ ഫലമായുണ്ടായതാണ് കഴിഞ്ഞ ഒമ്പത് ഉഭയകക്ഷി ഉടമ്പടികള്‍.

എ ഐ ബി ഇ എ കൊടിക്കീഴില്‍ ബാങ്ക് ജീവനക്കാരുടെ ശാക്തീകരണം കണ്ട് വിരളിപൂണ്ട സര്‍ക്കാര്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന സെക്ഷന്‍ 36 എ ഡിയും 44 എ എ യും ബാങ്കിംഗ് നിയമം ഭേദഗതി ചെയ്തുകൊണ്ട് നടപ്പിലാക്കി. സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള മൗലിക അവകാശങ്ങളെ ധ്വംസിക്കുന്ന നിയമത്തെ ശക്തമായ പ്രതിഷേധ സമരത്തിലൂടെ പ്രതിരോധിക്കാന്‍ എ ഐ ബി ഇ എക്ക് കഴിഞ്ഞപ്പോള്‍ സംഘടനയുടെ അടിത്തറ കൂടുതല്‍ വികസിക്കുകയും വിലപേശാനുള്ള ആര്‍ജവം വര്‍ധിക്കുകയും ചെയ്തത് സര്‍ക്കാരിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

1962 ല്‍ രാജ്യം ഞെട്ടലോടെ നേരിട്ട ചൈനീസ് അധിനിവേശത്തില്‍ രാജ്യത്തോടൊപ്പം ബാങ്ക് ജീവനക്കാര്‍ ശക്തരായി അണിനിരന്നു. രാജ്യത്തുടനീളം ജീവനക്കാര്‍ സമാഹരിച്ച് ഒമ്പത് ലക്ഷം രൂപ രാജ്യസുരക്ഷാ ഫണ്ടിലേയ്ക്ക് നല്‍കിയത് എ ഐ ബി ഇ എ ചരിത്രത്തിലെ രാജ്യ സ്‌നേഹത്തിന്റെ തിളക്കമാര്‍ന്ന ഒരധ്യായം എഴുതി ചേര്‍ത്തു.

''പൊതുമേഖലാ ബാങ്കുകളുടെ അസ്തിത്വം തകര്‍ക്കുന്ന പരിഷ്‌ക്കാരങ്ങള്‍''   

ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിന്റെ അടിത്തറ ശക്തമാകണമെന്നും അവ പൂര്‍ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാകണമെന്നുമുള്ള ആഴത്തിലുള്ള കാഴ്ചപ്പാടോടെയാണ് 1946 ല്‍ എ ഐ ബി ഇ എ എന്ന പ്രസ്ഥാനം ജന്മം കൊണ്ടത്. അതുകൊണ്ടു തന്നെ എല്ലാ ബാങ്കുകളും ദേശവല്‍ക്കരിക്കുക എന്ന അടിസ്ഥാന മുദ്രാവാക്യം എ ഐ ബി ഇ എയുടെ മുഖ്യവിഷയമായിരുന്നതും. എങ്കിലും ചെറുതും വലുതുമായ എണ്ണമറ്റ ബാങ്കുകളെ സംയോജിപ്പിക്കുന്നതിലും ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നിരവധി സമരങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുമ്പോള്‍ ഈ മുദ്രാവാക്യം അനുയോജ്യമായ അവസരത്തില്‍ ഉന്നയിക്കുന്നതിനായി താല്‍ക്കാലികമായി പിന്നിലേയ്ക്ക് മാറ്റിവയ്ക്കപ്പെട്ടുവെന്നുമാത്രം. 1963 ല്‍ വളരെ ശക്തമായി എല്ലാ ബാങ്കുകളും ദേശവല്‍ക്കരിക്കണമെന്നവാദം എ ഐ ബി എ ഉന്നയിച്ചു. 1964 ല്‍ തിരുവനന്തപുരത്തു നടന്ന എ ഐ ബി ഇ എ യുടെ പതിമൂന്നാമതു സമ്മേളനം ഈ ആവശ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് തീരുമാനമെടുത്തു. തുടര്‍ന്നു നടന്ന തീഷ്ണവും അചഞ്ചലവുമായ അവകാശ സമരങ്ങളുടെ ഫലമായി അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി 1969 ല്‍ 14 ബാങ്കുകളും 1981 ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിക്കുകയുണ്ടായി. ബാങ്ക് ജീവനക്കാര്‍ ഉന്നയിച്ച സാമ്പത്തിക സുരക്ഷയുടെ രാഷ്ട്രീയം നന്നായി മനസ്സിലാക്കിയ ഇന്ത്യകണ്ട ഏകപ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.

രാജ്യത്ത് ഇന്നും സ്വകാര്യ മേഖലയില്‍ ബാങ്കുകള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും ദേശസാല്‍ക്കരണം കൊണ്ട് വ്യവസായത്തിന് സമൂഹത്തിനു മുന്നില്‍ കൂടുതല്‍ വിശ്വാസ്യതയും സമൂഹത്തിന്റെ ഉന്നമനത്തിനായി ബാങ്ക് ഉല്‍പ്പന്നങ്ങളെ ഉപയോഗ പ്രദമാക്കുന്നതിനും സഹായിച്ചു. മാത്രമല്ല ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകളെ സമൂഹം സ്വീകരിച്ചതിന്റെ അടയാളങ്ങളാണ് അവയുടെ അത്ഭുതകരമായ വളര്‍ച്ച. 64 ല്‍ നടന്ന തിരുവനന്തപുരം സമ്മേളനം എ ഐ ബി ഇ എയുടെ ചരിത്രത്തിലെ ഏടുകളില്‍ തിളക്കമാര്‍ന്ന ഒരധ്യായമായി മാറിയത് ബാങ്ക് ദേശസാല്‍ക്കരണം ശക്തമായി ഉന്നയിച്ചുകൊണ്ടെടുത്ത തീരുമാനം കൊണ്ടുമാത്രമല്ല, ട്രിബ്യൂണലുകളല്ല ഉഭയകക്ഷി ഉടമ്പടികളാണ് ആവശ്യം എന്ന മുദ്രാവാക്യം ശക്തമായി ഉയര്‍ത്തിയതിലൂടെയുമാണ്. സംഘടനയുടെ വളര്‍ച്ചയുടെ ഭാവി നിര്‍ണയിക്കുന്ന ശക്തമായ തീരുമാനങ്ങള്‍ എടുത്ത സമ്മേളനമായതുകൊണ്ടുതന്നെ എ ഐ ബി ഇ എയുടെ പതിമൂന്നാം സമ്മേളനം ബാങ്കിംഗ് വ്യവസായം നിലനില്‍ക്കുന്നിടത്തോളം മൂല്യാധിഷ്ഠിതമായി നിലകൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല 1964 എ ബി എ ഇ എയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വര്‍ഷമായിരുന്നു. 1946 മുതല്‍ തുടര്‍ന്ന അവഗണനയുടെയും അരാജകത്വത്തിന്റെയും മുതാളിമാരുടെ കുതന്ത്രങ്ങളുടെയും ഫലമായി ട്രിബ്യൂണലുകളിലൂടെ ജീവനക്കാരുടെ അവകാശ സമരങ്ങളെ ശീതീകരിക്കുന്ന നടപടികള്‍ക്ക് വിരാമമിട്ടുകൊണ്ട് ശക്തവും നിരന്തരവുമായ സമരങ്ങളിലൂടെ നേടിയ ആദ്യത്തെ ഉഭയകക്ഷി കരാര്‍ പലപല കരാറുകളായിട്ടാണെങ്കില്‍പോലും ഒപ്പിടുവാന്‍ സാധ്യമായതും 1964 ല്‍ തന്നെയാണ്. തുടര്‍ന്നിങ്ങോട്ടുള്ള കാലമത്രയും ഉഭയകക്ഷി കരാറുകളിലൂടെ മാത്രം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുമ്പോഴും ബാങ്കിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയും സമൂഹത്തില്‍ അവഗണിക്കപ്പെട്ട അടിസ്ഥാന വര്‍ഗത്തിനുവരെ ബാങ്കുകള്‍ പ്രയോജനകരമാകുന്ന നിരവധി പദ്ധതികള്‍ക്കു രൂപം നല്‍കുന്നതിനും അവയുടെ ശരിയായ വിനിയോഗം ഉറപ്പുവരുത്തിക്കൊണ്ട് വ്യവസായത്തെ ചൂഷണ-മുക്തമാക്കുന്നതിനും എന്നും എ ഐ ബി ഇ എ നിലകൊണ്ടു.

1991 ല്‍ നരസിംഹറാവു സര്‍ക്കാര്‍ ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ ധനകാര്യമന്ത്രിയുമായിരുന്ന മന്‍മോഹന്‍സിംഗിന്റെ അമേരിക്കന്‍ പ്രീണന സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലും സാരമായ മാറ്റങ്ങള്‍ വന്നുഭവിച്ചു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ചുവടുപിടിച്ച് ഇന്ത്യന്‍ ബാങ്കിംഗ് രംഗവും പതുക്കെപതുക്കെ സാമൂഹ്യബാധ്യതയില്‍ നിന്നും പിന്‍വാങ്ങി തുടങ്ങി. ദേശസാല്‍ക്കരണംകൊണ്ട് നാം വിഭാവനം ചെയ്ത ഗ്രാമീണ ദാരിദ്ര്യനിര്‍മ്മാര്‍ജനം, കാര്‍ഷികരംഗത്തെ വളര്‍ച്ച, ജലസേചനപദ്ധതി, കുടിവെള്ള പദ്ധതി, ഭൂപരിഷ്‌ക്കരണം നടപ്പിലാക്കല്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴിലില്ലായ്മ പരിഹരിക്കല്‍ സ്ത്രീസമത്വവും ശാക്തീകരണവും എല്ലാവര്‍ക്കും ഭവനം, ആരോഗ്യസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഗ്രാമീണറോഡുകള്‍, വനവല്‍ക്കരണം തുടങ്ങി സമ്പന്നമായ ഒരു രാഷ്ട്ര നിര്‍മ്മാണം 1975 മുതല്‍ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയിലൂടെ ലക്ഷ്യമിടുകയും അവ രാഷ്ട്രീയ അഴിമതികളും അടിസ്ഥാനമായ കെടുകാര്യസ്ഥതയും ഒഴിച്ചു നിര്‍ത്തിയാല്‍ ഏറെ വിജയപ്രദമായിരുന്നു എന്നുകാണാന്‍ കഴിയും. ഇതുതന്നെയാണ് ദേശസാല്‍ക്കരിക്കപ്പെട്ട ഇരുപത് ബാങ്കുകളിലൂടെയും പൊതുമേഖലയില്‍ നിലനിന്നിരുന്ന എട്ട് സ്റ്റേറ്റ് ബാങ്കുകളിലൂടെയും രാജ്യവും ഏ ഐ ബി ഇ എ എന്ന സംഘടനയും ലക്ഷ്യമിട്ടിരുന്നത്. 1969 മുതല്‍ നാളിതുവരെയുള്ള ഇന്ത്യന്‍ ബാങ്കിംഗ് പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ അക്ഷരാര്‍ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ബാങ്കുകള്‍ നിര്‍വഹിച്ച പങ്ക് നിര്‍ണായകമാണെന്നു കാണാന്‍ കഴിയും. എന്നാല്‍ 91 നുശേഷം കോര്‍പ്പറേറ്റ്‌വല്‍ക്കരണം വ്യവസായത്തെ കൊള്ളയടിക്കാന്‍ തുടങ്ങി എന്നത് പല കോര്‍പ്പറേറ്റുകളുടെയും കൃത്രിമമായ തകര്‍ച്ച വെളിവാക്കുന്നു. 1991 ല്‍ നടപ്പിലാക്കിത്തുടങ്ങിയ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഇവയെല്ലാം വഴിമാറിക്കൊടുത്തുകൊണ്ട് വമ്പന്‍ കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഉദാരവല്‍ക്കരണത്തിലൂടെ തുറന്നുകൊടുത്ത ബാങ്കുകള്‍ തമ്മിലുള്ള മത്സരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ നിലവിലുള്ള നയങ്ങളും ചട്ടങ്ങളും പര്യാപ്തമാണ് എന്ന് തീര്‍ത്തും പറഞ്ഞുകൂടാ. പല ബാങ്കുകളും നിലവിലുള്ള ചട്ടങ്ങളെയും നിയന്ത്രണങ്ങളെയും കുത്സിതമാര്‍ഗത്തിലൂടെ ചവിട്ടിപ്പിടിച്ചുകൊണ്ട് ലാഭം പെരുപ്പിച്ചു കാണിക്കുന്ന സമീപനം നിരന്തരമായി സ്വീകരിച്ചുവരുന്നു. നിഷ്‌ക്രിയ ആസ്തികളുടെ കണക്കുകള്‍ സുതാര്യമല്ല. ബേസല്‍ നിയമങ്ങളും കോര്‍പ്പറേറ്റ് ഗവേണന്‍സ് തത്വങ്ങളും ഇന്ത്യന്‍ ബാങ്കിംഗിന് പര്യാപ്തമാണോ എന്ന തര്‍ക്കം നിലനില്‍ക്കുമ്പോഴും അവപോലും തട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് നമുക്കുചുറ്റും കാണാന്‍ കഴിയുന്നത്. ആദ്യകാലങ്ങളില്‍ വളരെ ഗോപ്യമായി നടന്നിരുന്ന ഈ പ്രക്രിയ ഇന്ന് പരസ്യമായ രഹസ്യമായി ഒട്ടുമിക്ക ബാങ്കുകളിലും നടന്നുവരുന്നു.

''ഹെല്‍ത്ത് ഓഫ് ബാങ്കിംഗ് ഇന്‍ഡസ്ട്രി'' എന്ന മുദ്രാവാക്യം എ ഐ ബി ഇ എ മുന്നോട്ടുവയ്ക്കാനുണ്ടായ സാഹചര്യം അന്നു നിലനിന്നിരുന്ന ബാങ്കിംഗ് സമ്പത്ത് കൊള്ളയടിക്കല്‍ നയങ്ങളായിരുന്നു. ബാങ്കുകളിലെ ബാലന്‍സ്ഷീറ്റും അക്കൗണ്ടിംഗ് പുസ്തകങ്ങളും സുതാര്യമായ തുറന്ന പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ബാങ്ക് വായ്പകള്‍ റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും വ്യവസായത്തില്‍ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും നടപടികളില്‍ ഉന്നത മാനേജ്‌മെന്റിനുള്ള ഉത്തരവാദിത്വം ഉറപ്പിക്കണമെന്നും കാണിച്ച് നിരവധി നിര്‍ദേശങ്ങളോടെയാണ് ബാങ്കിംഗ് വ്യവസായത്തിന്റെ കാവല്‍ സംഘടനയായ എ ഐ ബി ഇ എ 1985 ല്‍ ഈ ആവശ്യം സര്‍ക്കാരിനുമുന്നില്‍ അവതരിപ്പിച്ചത്. തുടര്‍ന്നുനടന്ന പ്രക്ഷോപങ്ങളുടെ ഫലമായി ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കിയെങ്കിലും ഉദാരവല്‍ക്കരണ നയങ്ങള്‍ ഇവിടെനിന്ന് ഒരു പിന്നോക്കം പോക്കിന് ആക്കം കൂട്ടുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയ ബാങ്കിംഗ് പരിഷ്‌ക്കാര നിയമങ്ങള്‍ വരും വര്‍ഷങ്ങളില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ച 50 കോടി നിക്ഷേപത്തില്‍ നിന്നും 84 ലക്ഷം കോടിരൂപയില്‍ എത്തുമ്പോള്‍ വായ്പ 74 ലക്ഷം കോടിയില്‍ എത്തി നില്‍ക്കുന്നു. ഈ ബാങ്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ഷികലാഭം 2012 ല്‍ 12 ലക്ഷം കോടിരൂപയാണ് എന്നു കാണാന്‍ കഴിയും. ഈ കൂറ്റന്‍ ലാഭം കൊള്ളയടിക്കപ്പെടുന്നതിനും വ്യവസായം യാതൊരു നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ ഒരു പിടി വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പ്പര്യങ്ങള്‍ക്ക് കൈമാറുന്നതിനുമായി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിംഗ് പരിഷ്‌ക്കരണ നിയമത്തില്‍ വ്യവസായത്തിന്റെ അടിവേരുമുറിക്കുന്ന അപകടകരമായ നിരവധി പരിഷ്‌ക്കാരങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു. 2013 ഫെബ്രുവരി 9 ന് ആരംഭിക്കുന്ന എ ഐ ബി ഇ എ യുടെ 27-ാം സമ്മേളനം 1964 ലേതുപോലെ നിര്‍ണായകമാകുന്നത് ഈ സാഹചര്യം കൊണ്ടുതന്നെയാണ്. 1964 ല്‍ വ്യവസായം ഒരുകൂട്ടം മുതലാളിമാരുടെ കയ്യില്‍ നിന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലൂടെ ജനങ്ങളുടെ കൈകളിലെത്തിച്ച എ ഐ ബി ഇ എ നേരിടുന്ന കനത്തവെല്ലുവിളിയാണ് സമ്പന്നരായ ഒരുപിടി കുത്തക മുതലാളിമാരുടെയും വിദേശ നിക്ഷേപകരുടെയും കൈകളിലേക്കുള്ള ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിന്റെ പണയപ്പെടുത്തല്‍. എപ്പോഴും ചരിത്രം തിരുത്തിക്കുറിച്ച പാഠവമുള്ള എ ഐ ബി ഇ എ വരുംകാല വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉറച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതാകും 27-ാം സമ്മേളനം എന്ന് തീര്‍ച്ചയായും വിശ്വസിക്കാം.

*
വി പി രാധാകൃഷ്ണന്‍ നായര്‍

കടപ്പാട്: ജനയുഗം ദിനപത്രം

Sunday, January 20, 2013

ഈ സമരം ചരിത്രത്തിന്റെ ഭാഗം

പണിമുടക്കം - സര്‍ക്കാര്‍ വിജയിച്ചു; കേരളം തോറ്റു   

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 ന് ആരംഭിച്ച പണിമുടക്കം പതിമൂന്നിന് അര്‍ധരാത്രിയില്‍ അവസാനിച്ചു. പദ്ധതി ഉപേക്ഷിക്കാതെയാണ് സമരം അവസാനിച്ചത് എന്നതില്‍ സര്‍ക്കാരിന് ആഹ്ലാദിക്കാം. ഈ പദ്ധതിയിലൂടെ 2013 ഏപ്രിലില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നല്‍കണ്ട, അവരില്‍ നിന്ന് പിടിക്കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും സ്വകാര്യമേഖലക്ക് കൈമാറാം, പെന്‍ഷന്‍ പരിഷ്‌കരണം, കുടുംബ പെന്‍ഷന്‍, ക്ഷാമബത്ത, ജി പി എഫ്, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ ഇവ ഭാവിയില്‍ നല്‍കണ്ട, പണമുള്ളവര്‍ സേവനം വിലകൊടുത്തു വാങ്ങും, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ തുടങ്ങിയവയൊക്കെ ഘട്ടംഘട്ടമായി അവസാനിപ്പിക്കും തുടങ്ങി ധാരാളം നേട്ടങ്ങളാണ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. കേന്ദ്രസര്‍ക്കാരിനോടും കോണ്‍ഗ്രസ് നയത്തോടും കേരളം കൂറു പുലര്‍ത്തി എന്ന് മുഖ്യമന്ത്രിക്ക് ഇനി അഭിമാനത്തോടെ പറയാം. അങ്ങനെ ഡല്‍ഹിയിലെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യാം.

ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി 80 ശതമാനത്തിലധികം തുക ചെലവഴിക്കുന്നു എന്നും ബാക്കി 20 ശതമാനം തുകയാണ് 95 ശതമാനം പേര്‍ക്ക് ചെലവഴിക്കുന്നത് എന്നുമാണ് സര്‍ക്കാര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. ഈ കണക്ക് തെറ്റാണെന്ന് സര്‍ക്കാരിന്റെ ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2004-2005 ല്‍ വരവിന്റെ 64.5% ശമ്പളം, പെന്‍ഷന്‍, പലിശ ഇവക്കു വേണ്ടി ചെലവഴിച്ചപ്പോള്‍ 2010-11 ല്‍ 57.99 ശതമാനമാണ് ചെലവായത്. ഈ കാലയളവില്‍ ഇവയുടെ ചെലവില്‍ 6.06% കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലഘട്ടത്തില്‍ വരവില്‍ 129 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ചെലവില്‍ 98 ശതമാനത്തിന്റെ വര്‍ധനവെ ഉണ്ടായിട്ടുള്ളൂ. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാല്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒരിക്കലും അത് കേട്ടതായി ഭാവിക്കില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുകയും ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും യഥാസമയം നടപ്പിലാക്കുകയും ചെയ്തശേഷം ഭരണമൊഴിയുമ്പോള്‍, 1963 കോടി രൂപ ഖജനാവില്‍ മിച്ചമുണ്ടായിരുന്ന കാര്യവും ഇവര്‍ കേട്ടതായി ഭാവിക്കില്ല. ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി ഒരു മറയാക്കി മാറ്റുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നതും ശമ്പളം, പെന്‍ഷന്‍, പലിശ ഇവയുടെ ചെലവ് വര്‍ധിക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ഇതിന് ധാരാളം കാരണങ്ങളുണ്ട്. കേരളത്തില്‍ ആകെയുള്ള 103 വകുപ്പുകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ് എന്നീ മൂന്നു വകുപ്പുകളില്‍ കാലാകാലങ്ങളില്‍ ആയിരക്കണക്കിന് തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഈ തസ്തിക സൃഷ്ടിക്കല്‍. മൊത്തം ശമ്പളത്തിന്റെ 51 ശതമാനം വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. ലോകത്തെവിടെയും മലയാളികളെത്തുകയും പ്രതിവര്‍ഷം 35,000 ത്തില്‍ അധികംകോടി രൂപ കേരളത്തിലെത്തുകയും ചെയ്യുന്നതിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസമാണ്. ഇത് പാഴ്‌ചെലവല്ല. കുറഞ്ഞ പെന്‍ഷന്‍ പ്രായം, സിവില്‍ സര്‍വീസിലെ അഴിമതി, നികുതി പിരിവിലെ കാര്യക്ഷമതാ കുറവ്, ജനസംഖ്യാനുപാതികമായി കേന്ദ്രവിഹിതം ലഭിക്കാത്തത്, വിദേശ മലയാളികളുടെ പണം നാടിനു പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാത്തത്, കാര്‍ഷിക മേഖലയിലും മറ്റുമുള്ള ഉല്‍പ്പാദന മുരടിപ്പ്, കേരള സമൂഹത്തില്‍ വളര്‍ന്നു വരുന്ന പണിയെടുക്കുന്നതിലെ വിമുഖത, ഇതെല്ലാം സാമ്പത്തിക തകര്‍ച്ചക്കു വഴിവയ്ക്കുന്ന ഘടകങ്ങളാണ്. ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളുമെല്ലാം തുറന്ന മനസോടെയും സ്വയം വിമര്‍ശനപരമായും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ട കാര്യങ്ങളാണിവ.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയെന്നും അവിടെയെങ്ങും ഇത് മൂലം ജീവനക്കാര്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 01-01-2004 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയെന്നതും അതിനെതിരെ വലിയ പ്രതിഷേധം അലയടിച്ചില്ലായെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ കാലയളവിലെ അനുഭവം അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്, ഈ പുതിയ പെന്‍ഷന്‍ പദ്ധതി അപകടകരമാണ് എന്നതാണ്. പ്രചരിപ്പിക്കപ്പെട്ട വിധം ഇത് ഗുണകരമല്ലെന്ന് തിരിച്ചറിഞ്ഞ് 2012 ഡിസംബര്‍ 12 ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപകമായി പണിമുടക്ക് നടത്തുകയുണ്ടായി. സംസ്ഥാന ജീവനക്കാരും ഈ വഴിയെ വന്നുകൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇത് ഒരു ദുരന്തമായിട്ടാണ് അനുഭവപ്പെട്ടിരിക്കുന്നത്. വരും നാളുകളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ സമരം പങ്കാളിത്ത പെന്‍ഷന് എതിരെയുള്ളതായിരിക്കും. കേരളത്തിലെ ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പങ്കാളിത്ത പെന്‍ഷന് അനുകൂലമാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഹിതപരിശോധന നടത്തിക്കൂടെ എന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞിട്ടില്ല.

II

ഈ സമരം ചരിത്രത്തിന്റെ ഭാഗം

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അപകടകരമാണെന്നും ഈ പദ്ധതി നടപ്പിലാക്കിയാല്‍ ഇതിനെതിരെ ആദ്യം പണിമുടക്ക് നടത്തുന്ന സംഘടന തങ്ങളായിരിക്കുമെന്നും 'സെറ്റോ' നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അവര്‍ പങ്കാളിത്ത പെന്‍ഷന്റെ വക്താക്കളായി മാറിയിരിക്കുന്നു. ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അവതരിപ്പിച്ച തെറ്റായ സാമ്പത്തിക കണക്കുകള്‍ അവര്‍ അംഗീകരിച്ചിരിക്കുന്നു. പണിമുടക്കം പരാജയമാണെന്ന് സ്ഥാപിക്കാന്‍ ആഭ്യന്തരമന്ത്രി അവതരിപ്പിച്ച തെറ്റായ കണക്കുകള്‍ അവര്‍ ഏറ്റു പറഞ്ഞു. പണിമുടക്കിയ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അറസ്റ്റ് ചെയ്യല്‍, ജയലിലടയ്ക്കല്‍, സസ്‌പെന്റ് ചെയ്യല്‍, സ്ഥലം മാറ്റല്‍ ഇവയ്‌ക്കെല്ലാം അവര്‍ കൂട്ടുനിന്നു. 70 ശതമാനത്തോളം പേര്‍ പങ്കെടുത്ത സമരം പരാജയമാണെന്നവര്‍ പ്രചരിപ്പിച്ചു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ  സമയത്ത് അവര്‍ നടത്തിയ സൂചനാ പണിമുടക്കില്‍ പോലും 9 ശതമാനം പേര്‍ മാത്രമേ പണിമുടക്കിയുള്ളൂ എന്ന സത്യം അധികാരത്തിന്റെ വെളിച്ചത്തില്‍ അവര്‍ വിസ്മരിക്കുകയാണ്. ഒരു സര്‍വീസ് സംഘടന ഒരിക്കലും സര്‍ക്കാരാകരുത്. ഭരണാധികാരികള്‍ സ്വന്തം നയം നടപ്പിലാക്കിയതില്‍ സന്തോഷിക്കുക സ്വാഭാവികമാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിന്റെ സന്തോഷം സര്‍ക്കാരില്‍ പ്രകടമാണ്. എന്നാല്‍ ആ സന്തോഷം സംഘടനകള്‍ പങ്കിടുന്നത് ആത്മഹത്യാപരമാണ്. 'സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 1957 മുതല്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കാന്‍ കൂട്ടുനിന്നവര്‍ എന്ന സ്ഥാനം ഇവര്‍ ചരിത്രത്തില്‍ ഉറപ്പാക്കിയിരിക്കുന്നു. ഇതിന്റെ വില ഭാവിയില്‍ ഇവര്‍ നല്‍കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതിക്കാരും പണിയെടുക്കാത്തവരും മോശമായി പെരുമാറുന്നവരുമാണ്. ഇത് പൊതുസമൂഹത്തില്‍ ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു പണിമുടക്കിലും ജനങ്ങളുടെ പൂര്‍ണ സഹകരണം കിട്ടാറില്ല. ഇതിന് ജീവനക്കാരും സര്‍വീസ് സംഘടനകളും രാഷ്ട്രീയക്കാരുമെല്ലാം ഉത്തരവാദികളാണ്. ഇപ്പോഴത്തെ സമരം ജനവിരുദ്ധമാണെന്നും ആവശ്യമില്ലാത്തതാണെന്നുമുള്ള പ്രചരണം സര്‍ക്കാര്‍ ശക്തമായി അഴിച്ചുവിട്ടു. സെറ്റോ സംഘടനകള്‍ പങ്കാളിത്ത പെന്‍ഷന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ച് പണിമുടക്കം തകര്‍ക്കാന്‍ കൂട്ടുനിന്നു. പണിമുടക്ക് ദിവസങ്ങളില്‍ ശമ്പളം കിട്ടില്ല എന്നതും പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് പ്രേരണയായി. അഴിമതിക്കാരായ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്ക് ദിവസം ഓഫീസിലെത്തി ജോലി ചെയ്യുകയുണ്ടായി. ഇങ്ങനെ പണിമുടക്കം പൂര്‍ണമാകാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പക്ഷേ ചരിത്രപരമായ ഈ പണിമുടക്കില്‍ പങ്കെടുക്കാതിരുന്നവരില്‍ ഇന്നല്ലെങ്കില്‍ നാളെ കുറ്റബോധം ഉണ്ടാകുമെന്നത് ഉറപ്പാണ്.

കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പണിമുടക്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അനുകൂലമായി പ്രതികരിച്ചിരുന്നു. മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ പണിമുടക്കിന്റെ മുഖ്യ ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ലായെങ്കിലും മാധ്യമ ധര്‍മ്മം നിര്‍വഹിച്ച് സമരം നടത്തിയവരുടെ അഭിപ്രായങ്ങള്‍ കൂടി  അവതരിപ്പിക്കാന്‍ തയാറായി. എന്നാല്‍ മലയാള മനോരമ തുടക്കം മുതല്‍ സമരത്തിനെതിരായിരുന്നു. എന്നുമാത്രമല്ല, പണിമുടക്കിയവരുടെ അഭിപ്രായങ്ങള്‍ നല്‍കുവാന്‍ ഒരിക്കലും തയാറായതുമില്ല.

കേരളത്തിന്റെ ചരിത്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ ഏറ്റവും വലിയ സെക്രട്ടേറിയറ്റ് മാര്‍ച്ചായിരുന്നു നവംബര്‍ 22 ന് നടന്നത്. 27,000 പേര്‍ പങ്കെടുത്ത ഈ മാര്‍ച്ചിന്റെ ഒരു പടം അടുത്ത ദിവസം തലസ്ഥാന ജില്ലയില്‍ പോലും നല്‍കുവാന്‍ ഈ പത്രം തയാറായില്ല. പണിമുടക്കം അവസാനിച്ചതിനു ശേഷവും പണിമുടക്കിനെതിരെയുള്ള വാര്‍ത്തകള്‍ കൊണ്ട് പത്രതാളുകള്‍ നിറയ്ക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ ബന്ധപ്പെടുത്തിയുള്ള ഡല്‍ഹിവാര്‍ത്ത ഇതിന്റെ ഭാഗമാണ്.

2002 ല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് സമാനതകളില്ലാത്തതായിരുന്നു. അത്ര സമ്പൂര്‍ണമായിരുന്നു പണിമുടക്കം. അന്നും തുടക്കത്തില്‍ വേണ്ടത്ര ജനപിന്തുണ സമരത്തിനുണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സ്ഥിതിക്കു മാറ്റമുണ്ടായി. 32-ാമത്തെ ദിവസം പണിമുടക്കം ഒത്തുതീര്‍പ്പായി.

ഈ പണിമുടക്കവും പരാജയമായിരുന്നുവെന്ന വിധത്തില്‍ ധാരാളം വാര്‍ത്തകള്‍ പണിമുടക്കിനു ശേഷവും മലയാള മനോരമയില്‍ വന്നിരുന്നു. എന്നാല്‍ ആ പണിമുടക്കം ശരിയായിരുന്നുവെന്നും വിജയകരമായിരുന്നുവെന്നും കാലം തെളിയിച്ചു. വെട്ടിക്കുറച്ച കുറെ ആനുകൂല്യങ്ങള്‍ ഒത്തു തീര്‍പ്പിന്റെ ഭാഗമായി യു ഡി എഫ് സര്‍ക്കാര്‍ തന്നെ പുനഃസ്ഥാപിച്ചു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍, ഭവന നിര്‍മ്മാണ വായ്പ തുടങ്ങി വെട്ടിക്കുറയ്ക്കപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു.

ഈ പണിമുടക്കിന്റെ മുഖ്യ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പക്ഷേ ഈ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അപകടം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥ പണിമുടക്കിലൂടെ ഉണ്ടായി. എല്ലാവര്‍ക്കും സ്വന്തം നിലപാട് വ്യക്തമാക്കേണ്ടി വന്നു. അപകടകരമായ മാറ്റത്തിന്റെ വേലിയേറ്റത്തിനെതിരെ ശമ്പളം നഷ്ടപ്പെടുമെന്ന് അറിഞ്ഞുതന്നെ ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പണിമുടക്കി. സിവില്‍ സര്‍വീസില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടാകുന്നതിന്റെ അപകടം കേരളം തിരിച്ചറിഞ്ഞു. 'സ്വന്തം ആനുകൂല്യങ്ങള്‍ ഉറപ്പിച്ച് ഭാവി തലമുറയെ ഒറ്റിക്കൊടുത്തവര്‍' എന്ന് പണിമുടക്കാത്തവരെ നോക്കി കാലം പറയുമെന്നത് ഉറപ്പ്.

ഈ പണിമുടക്കം ഇന്നു മാത്രമല്ല, ഭാവിയിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. സമരം മറ്റുവിധത്തില്‍ തുടരുകയും ചെയ്യും. കാരണം ഇത് കേരളം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരമായിരുന്നു. ഈ സമരം ചരിത്രത്തിന്റെ ഭാഗമാണ്.

*
സി ആര്‍ ജോസ്പ്രകാശ് (ലേഖകന്‍ അധ്യാപക-സര്‍വ്വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനറാണ്) 

ജനയുഗം

Thursday, January 17, 2013

ഈ പോരാട്ടം നാടിനുവേണ്ടി

കേരളത്തില്‍ അധ്യാപകരും ജീവനക്കാരും നടത്തിയ അനിശ്ചിതകാല പണിമുടക്ക് സമരം ആറുദിവസം പിന്നിട്ടശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിക്കുകയാണുണ്ടായത്. ഈ സമരം പിന്‍വലിക്കുമ്പോഴും സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരായ പോരാട്ടം തുടരുമെന്ന് സമരസമിതി വ്യക്തമാക്കുകയുംചെയ്തു.

ഈ സമരം രാഷ്ട്രീയപ്രേരിതമാണെന്നും ജീവനക്കാര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നുമാണ് സമരത്തെ എതിര്‍ത്ത ആളുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍, ഇത്തരം വാദമുന്നയിക്കുന്നവര്‍ സാര്‍വദേശീയതലത്തില്‍ത്തന്നെ ഉയര്‍ന്നുവന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരങ്ങളെക്കുറിച്ച് മനസിലാക്കാനോ അതിന്റെ കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനോ തയ്യാറായിട്ടില്ല. പെന്‍ഷന്‍ പദ്ധതികളില്‍ മാറ്റം വരുത്തുന്നതിനെതിരായ സമരങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലമായി യൂറോപ്പ് ഇളകിമറിയുകയായിരുന്നു. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും എന്തിനേറെ മാധ്യമപ്രവര്‍ത്തകര്‍പോലും ആ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ച് ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ തട്ടിപ്പറിക്കാനുള്ള നീക്കത്തിനെതിരായ സമരമായിരുന്നു ഇവയെല്ലാം.

കേരളത്തിലെ ജീവനക്കാരും അധ്യാപകരും പ്രക്ഷോഭരംഗത്തിറങ്ങിയത് ഇതിന് സമാനമായ അന്തരീക്ഷത്തിലാണ്. പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുക, തസ്തിക വെട്ടിക്കുറയ്ക്കുക, നിയമനിരോധനം നടപ്പാക്കുക തുടങ്ങിയ പദ്ധതികളാണ് ഇവിടെയും കൊണ്ടുവന്നത്. ഇത് നിലവിലെ ജീവനക്കാര്‍ക്ക് ബാധകമല്ലെന്നു പറഞ്ഞ് അവരെ ഭിന്നിപ്പിക്കാനുള്ള പരിശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍, ഇതിനു പിന്നിലുള്ള ചതിക്കുഴി തിരിച്ചറിയുകയും ഭാവിയില്‍ തങ്ങളുടെ ആനുകൂല്യങ്ങളെല്ലാം പിടിച്ചെടുക്കുന്നതിനുള്ള മുന്നോടിയാണെന്ന അറിവു കൂടി വച്ചാണ് ജീവനക്കാര്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്.

ഈ പ്രക്ഷോഭം ജീവനക്കാര്‍ മുമ്പ് നടത്തിയ പല പ്രക്ഷോഭങ്ങളില്‍നിന്നും വ്യത്യസ്തമായ മാനങ്ങള്‍ ഉള്ളതായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അതുവരെയുള്ള ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല എന്നതാണ്. അവര്‍ക്കുകൂടി ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കണം എന്നതായിരുന്നു ഈ പ്രക്ഷോഭത്തിന്റെ പ്രധാന ഉദ്ദേശ്യം. കുട്ടികളുടെ പഠനകാര്യത്തില്‍ ഏറ്റവും ജാഗ്രത കാണിക്കുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത്. അവര്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സുരക്ഷിതമായ ഒരു തൊഴിലാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. അവരുടെ അത്തരം സ്വപ്നങ്ങളെപ്പോലും തകര്‍ക്കുന്ന വിധത്തിലുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ അതിനെതിരെയാണ് ജീവനക്കാര്‍ ഈ പ്രക്ഷോഭം നടത്തിയത്. അതുകൊണ്ടാണ് ഭാവിതലമുറയെ സ്നേഹിക്കുന്ന ജനങ്ങളുടെ വിപുലമായ പിന്തുണ ഈ സമരത്തിന് ഉണ്ടായത്.

കേരളത്തില്‍ ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് അത്തരം അവകാശങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നതും നടപ്പാക്കപ്പെട്ടതും. എന്നാല്‍, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നതോടെ ഇത്തരം പദ്ധതികളുടെ ഭാവിയും അവതാളത്തിലാകും എന്ന് കണ്ടാണ് സമരത്തെ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗം പിന്തുണയ്ക്കാന്‍ തയ്യാറായത്. അതായത്, കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പെന്‍ഷന്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗംകൂടിയായിരുന്നു ജീവനക്കാരുടെ സമരം. കേരളത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ജനങ്ങള്‍ക്ക് വിവിധ രീതിയിലുള്ള സേവനങ്ങള്‍ സൗജന്യമായിത്തന്നെ സര്‍ക്കാര്‍ നല്‍കുന്നു എന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ വിദഗ്ധരായ ആളുകളെ ലഭിക്കുന്ന നിലയുണ്ടായത് ആകര്‍ഷണീയമായ സേവന- വേതനവ്യവസ്ഥ നിലനില്‍ക്കുന്നതിനാലാണ്. എന്നാല്‍, ഇത്തരം ആനുകൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്നതോടെ സര്‍ക്കാര്‍ മേഖല അനാകര്‍ഷകമാവുകയും അവിടെ മിടുക്കരായവരെ ലഭിക്കുന്നതിന് തടസ്സമുണ്ടാവുകയുംചെയ്യും.

ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. അതിനാല്‍ സേവനമേഖലകളുടെ ഗുണനിലവാരം സംരക്ഷിക്കാനും അതുവഴി ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനുമുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ സമരം. ഈ പ്രക്ഷോഭത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന കാര്യം ഇടതുപക്ഷ സര്‍ക്കാരുകളാണ് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും എന്നതാണ്. പങ്കാളിത്ത പെന്‍ഷന് ഇടതുപക്ഷം ഭരിക്കാത്ത സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയപ്പോള്‍ അതിനെ പ്രതിരോധിച്ചത് ഇടതുപക്ഷം ഭരിച്ച കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളായിരുന്നു. ഇടതും വലതും ഒരുപോലെയാണ് എന്ന് പ്രചരിപ്പിക്കുന്ന അരാഷ്ട്രീയവാദികളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു ഈ വസ്തുത. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതുകൊണ്ട് കേരളത്തിലും അത്തരത്തില്‍ വേണമെന്ന് ഇതിന്റെ വക്താക്കള്‍ വാദിക്കുന്നതു കേട്ടു. ഇന്ത്യയില്‍ സമഗ്രമായ ഭൂപരിഷ്കരണം നടന്ന സംസ്ഥാനങ്ങളാണ് മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളും. മറ്റ് സംസ്ഥാനങ്ങളില്‍ അതുപോലെ ഭൂപരിഷ്കരണം നടന്നില്ല എന്നതിനാല്‍ ബഹുഭൂരിപക്ഷത്തിന്റെയും മാതൃക പിന്തുടര്‍ന്ന് ഭൂപരിഷ്കരണവും ഇല്ലാതാക്കണം എന്ന വാദവും നാളെ ഇത്തരക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഒരു ജനത സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത ക്ഷേമപദ്ധതികളെ തകര്‍ക്കുന്നതിനുള്ള ഇത്തരം ന്യായവാദങ്ങളെ പ്രതിരോധിച്ചു മാത്രമേ കേരളത്തിന്റെ ഉജ്വലമായ നേട്ടങ്ങളെ സംരക്ഷിക്കാനാകൂ. അവ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ജീവനക്കാരും അധ്യാപകരും നടത്തിയ ഈ സമരം. ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം എന്നതിനപ്പുറത്ത് നാട്ടിലെ വിവിധ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും നമ്മുടെ സേവന മേഖലകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും ഭാവിതലമുറയുടെ ജീവിതം ശോഭനമാക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു ഇത്. ഇത്തരത്തിലുള്ള ജനകീയ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഇത് എന്ന് തിരിച്ചറിഞ്ഞാണ് പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി തയ്യാറായത്.

എന്നാല്‍, ഈ പ്രക്ഷോഭത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമാകുന്ന തരത്തിലായിരുന്നില്ല. പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ചപോലും നടത്താന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ സമീപനം. മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ടെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടും അങ്ങനെയൊന്ന് ഇല്ലെന്ന പ്രസ്താവന ഇറക്കുന്നതിനുപോലും മുഖ്യമന്ത്രി തയ്യാറായി എന്നത് അദ്ദേഹം ഈ സമരത്തോട് സ്വീകരിച്ച ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഏറ്റവും വലിയ തെളിവാണ്. കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായതും സമരം താല്‍ക്കാലികമായി പിന്‍വലിക്കുന്ന സ്ഥിതി ഉണ്ടായതും. അതുപോലെ, ഈ സമരത്തെ നേരിടുന്നതിന് ഗുണ്ടകളെ ഇറക്കുന്ന നിലപാട് പലയിടങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ സ്വീകരിച്ചു. പൊലീസാവട്ടെ, സ്ത്രീകളെപ്പോലും അപമാനിക്കുന്നതിനും തയ്യാറായി. കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനും കള്ളക്കണക്കുകള്‍ അവതരിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നതിനും സര്‍ക്കാര്‍ സന്നദ്ധമായി.

മറ്റൊരു വിചിത്രമായ സമ്പ്രദായമുണ്ടായത് കെഎസ്യുക്കാരില്‍നിന്നാണ്. ഭാവിതലമുറയ്ക്ക് പെന്‍ഷന്‍ ഉറപ്പിക്കുന്നതിനുള്ള സമരത്തിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം വിദ്യാര്‍ഥികളുടെ ഭാവിജീവിതം ഭദ്രമാക്കുന്നതിന് നടത്തിയ പോരാട്ടത്തിനോടൊപ്പം അണിചേര്‍ന്നില്ല. മാത്രമല്ല, സമരത്തെ തകര്‍ക്കുന്നതിന് ഗുണ്ടകളെയും കൂട്ടിവന്ന് ജീവനക്കാരെയും അധ്യാപകരെയും ആക്രമിക്കുന്ന സ്ഥിതിവരെ ഉണ്ടായി. 1957 ലെ സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കു കൂടി അനുകൂലമായി നടത്തിയ പരിഷ്കാരങ്ങളെ തകര്‍ക്കുന്നതിന് സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കുവേണ്ടി റോഡില്‍ ഇറങ്ങിയതിന്റെ ആവര്‍ത്തനം കൂടിയായിരുന്നു ഇത്. പക്ഷേ, അന്നത്തെപ്പോലെ വിദ്യാര്‍ഥികളെ ഇതിനു പിന്നില്‍ അണിനിരത്താനായില്ല എന്നത് കേരളത്തിലെ വിദ്യാര്‍ഥികള്‍ ആര്‍ജിച്ച രാഷ്ട്രീയബോധത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു. പണിമുടക്കിനെ തകര്‍ക്കാന്‍ ഒരുകൂട്ടം ജീവനക്കാര്‍തന്നെ ശ്രമിച്ചു. അതിന് ആഗോളവല്‍ക്കരണ നയത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചു. തങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ലഭിക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഭാവിയിലെങ്കിലും ഇവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല. തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി കൂട്ടുനിന്നവര്‍ എന്ന നിലയില്‍ ഭാവിതലമുറ ഇവരെ കാണുകതന്നെ ചെയ്യും.

സര്‍വീസില്‍ പുതുതായി എത്തിച്ചേരുന്ന സഹപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ലഭിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചവര്‍ തങ്ങള്‍ക്കപ്പുറം ലോകമില്ലെന്നാണ് കണ്ടതെന്ന് ചരിത്രം വിലയിരുത്താതിരിക്കില്ല. സഹപ്രവര്‍ത്തകരായി മാറാന്‍ പോകുന്നവര്‍ എങ്ങനെ ജീവിച്ചാലും പ്രശ്നമില്ലെന്ന ഇവരുടെ മനോഭാവം കേരളത്തിന്റെ സാമൂഹ്യബോധത്തിനുതന്നെ കളങ്കമേല്‍പ്പിക്കുന്നതായി. ഈ സമരംകൊണ്ട് എന്തു നേടി എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഈ സമരത്തിന്റെ പ്രധാനപ്പെട്ട നേട്ടം മിനിമം പെന്‍ഷന്‍ ഉറപ്പാക്കി എന്നതാണ്. പെന്‍ഷന്‍ ഫണ്ട് സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിച്ച് നാടിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയിലേക്കും ഈ സമരം വികസിച്ചു. മാത്രമല്ല, ഈ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നതിനുള്ള ഉറപ്പും നേടിയെടുക്കാനായി. മാത്രമല്ല, എംപവേഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുമുമ്പ് സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള തീരുമാനവും ഉണ്ടായി. ഇത്തരത്തില്‍ ജീവനക്കാരുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ സമരത്തിലൂടെ കഴിഞ്ഞു എന്നതാണ് വസ്തുത. ജീവനക്കാര്‍ സ്വന്തം ആവശ്യങ്ങള്‍മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് വാദിക്കുന്നവര്‍ക്ക് ചുട്ടമറുപടി കൂടിയായിരുന്നു ഈ സമരം.

കേരളത്തിലെ ജീവനക്കാരുടെ സാമൂഹ്യബോധത്തിന്റെ തിളങ്ങുന്ന അധ്യായമായി കേരളത്തിന്റെ സാമൂഹ്യചരിത്രം പഠിക്കുന്നവര്‍ ഈ സമരത്തെ വിലയിരുത്തും. ഈ സമരത്തില്‍ ഏറെ നേട്ടങ്ങള്‍ ജീവനക്കാരും അധ്യാപകരും നേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ ഇനിയും നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുതകുന്ന സമീപനം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായി കൊണ്ടുവന്ന നിരവധി തെറ്റായ നിയമങ്ങള്‍ തിരുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവുകയുണ്ടായി. ഇപ്പോള്‍ യുഡിഎഫ് നടപ്പാക്കുന്ന നയങ്ങളില്‍ ജനവിരുദ്ധമായി വരുന്ന എല്ലാ നിയമങ്ങളും തിരുത്തി മുന്നോട്ടുപോകുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിജ്ഞാബദ്ധമാണ്.

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരായി ഉയര്‍ന്നുവന്ന എല്ലാ കരിനിയമങ്ങളും പ്രതിരോധിച്ച പാരമ്പര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ന്നും ഉയര്‍ത്തിപ്പിടിക്കും. തങ്ങളുടെ പെന്‍ഷന്‍ സംരക്ഷിക്കുന്നതിനോടൊപ്പം, നാടിന്റെ ഭാവിക്കുവേണ്ടിയും നടത്തിയ ഈ പോരാട്ടത്തില്‍ ജീവനക്കാരും അധ്യാപകരും സഹിച്ച ത്യാഗങ്ങള്‍ വെറുതെയാകില്ല. തങ്ങള്‍ക്കുവേണ്ടി സമരം നടത്തിയ ജീവനക്കാരെയും അധ്യാപകരെയും ഭാവിതലമുറ സ്നേഹത്തോടും ബഹുമാനത്തോടും അനുസ്മരിക്കും. ജീവനക്കാരുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തുന്ന ഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. അത് പിന്തുടരുക തന്നെചെയ്യും.

*
പിണറായി വിജയന്‍ ദേശാഭിമാനി 17 ജനുവരി 2013

Wednesday, January 16, 2013

വി ടി ബാലറാമും ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും

ഭൂസമരത്തെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമരത്തെയും കൂട്ടിയോജിപ്പിച്ചു കൊണ്ടും, സര്‍ക്കാര്‍ വിലാസം നുണപ്രചരണങ്ങള്‍ ആ‍വര്‍ത്തിച്ചുകൊണ്ടും വി.റ്റി.ബല്രാം ഫേസ്‌ബുക്കില്‍ എഴുതിയ ലേഖനത്തിനുള്ള വിവര വിചാരത്തിന്റെ പ്രതികരണം.

ബലറാം സാറിന്റെ വാദ ഗതി സോഷ്യലിസറ്റു് ലക്ഷ്യം പ്രഖ്യാപിച്ചു് കൊണ്ടാണെങ്കിലും അതില്‍ ജനങ്ങള്‍ക്കു് സന്തോഷിക്കാന്‍ വകയില്ല. കാരണം, ആ വാദഗതി ജനങ്ങളെ ഇനിയും കബളിപ്പിക്കുന്നതാണു്. പ്രധാനമായും രണ്ടു് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

ഒന്നു്. 

ഭൂപരിധിയും പെന്‍ഷന്‍ പരിധിയും താരതമ്യം ചെയ്യുന്നതു് യുക്തി സഹമല്ല. അതു് കൊണ്ടു് ശരിയല്ല. അവ രണ്ടും വ്യത്യസ്ത സ്വഭാവമുള്ളവയാണു്. ഭൂമി നിശ്ചിതമാണു്. വര്‍ദ്ധിക്കില്ല. അതിന്റെ ഉപയോഗത്തിനു് പരിധി നിശ്ചയിക്കേണ്ടി വരുന്നതു് അതു കണ്ടാണു്. പെന്‍ഷന്‍ പണമാണു്. അതു് വിലയിടിഞ്ഞും വില കൂടിയും വരാവുന്ന ഒന്നാണു്. മാത്രമല്ല, അളവിലും കൂടിയും കുറഞ്ഞും വരാവുന്നതാണു്. അതു് കൊണ്ടു് ഈ താരതമ്യം ശരിയല്ല, യുക്തിക്കു് നിക്കുന്നതല്ല. അതു് ബാലറാം സാര്‍ പിന്‍വലിക്കണം.

രണ്ടു്

ബാലറാം സാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനവും അസമത്വവും ചൂണ്ടിക്കാണിക്കുന്നതു് നല്ല കാര്യമാണു്. പക്ഷെ, അതിനുത്തരവാദികള്‍ കൂടുതല്‍ ശമ്പളം കിട്ടുകയും പെന്‍ഷന്‍ കിട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണു് അവതരിപ്പിക്കുന്നതു്. രണ്ടു് കൂട്ടരെ ബലറാം സാര്‍ കര്‍ട്ടനു് പുറകില്‍ നിറുത്തി മറച്ചു് പിടിച്ചുകൊണ്ടുള്ള വിശകലനമാണു് നടത്തിയിരിക്കുന്നതു്. ബലറാം സാറിന്റെ വാദഗതിയിലെ ഒരു കാര്യം സമ്മതിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ ഇതര വിഭാഗം തൊഴിലാളികളോടൊപ്പം സംഘടിച്ചു് സമരം ചെയ്തു് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നേടിയെടുത്തു എന്നതു് ശരിയാണു്. അതില്‍ യാതൊരു തെറ്റുമില്ല. കാരണം, ഈ സമൂഹം അസമത്വം നിറഞ്ഞതാണെന്നതു് തന്നെ. അവര്‍ സമരം ചെയ്തു് നേടിയെടുക്കാതിരുന്നിരുന്നെങ്കിലും ഇന്നു് പിന്നോക്കം നില്കുന്നവരുടെ ഗതി മെച്ചപ്പെടുമായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരും പിന്നോക്കം നില്കുമായിരുന്നു എന്നു് മാത്രം. ഇപ്പോള്‍ അവര്‍ മുന്നോട്ടു് വന്നതു് കൊണ്ടു് മറ്റു് പിന്നോക്കം നില്കുന്നവര്‍ക്കും മുന്നോക്കം വരാനുള്ള പ്രേരണയാകുന്നു എന്നതു് അവരുടെ സംഘാടനത്തിന്റേയും നേട്ടത്തിന്റേയും ഗുണഫലമാണു്. അതിനെ കുറ്റപ്പെടുത്തുന്നതില്‍ യുക്തിയില്ല. ബലറാം സാര്‍ മറച്ചു് പിടിക്കാന്‍ ശ്രമിക്കുന്ന രണ്ടു് കൂട്ടരുടെ കാര്യം പരിശോധിച്ചാല്‍ അവിടെ നമുക്കു് ഇന്നു് നേട്ടം കൊയ്യുന്നവരേയും ആനേട്ടം ഉണ്ടാക്കി കൊടുക്കുന്നവരേയും കാണാം. അവരെ മറച്ചു് പിടിച്ചതു് മറവി കൊണ്ടോ അറിയാത്തതു്  കൊണ്ടോ ആണെന്നു് പറയാനാവില്ല.

(അ) നിലവില്‍ സമ്പത്തിന്റെ വര്‍ദ്ധിച്ച ഓഹരി തട്ടിയെടുക്കുന്ന വിഭാഗം. ആഗോള ധന മൂല ധനവും ദേശീയ കുത്തക മൂലധനവും കേരളത്തിലെ പ്രാദേശിക കുത്തക മുതലാളികളും കുറെ പുത്തന്‍ പണക്കാരുമാണു് നേട്ടം ഉണ്ടാക്കുന്ന വിഭാഗം. അതില്‍ തൊഴിലാളികളോ കര്‍ഷകരോ സ്വയംതൊഴില്‍ സംരംഭകരോ ചെറുകിട-ഇടത്തരം സംരംഭകരോ ഇല്ല. അവരെല്ലാം കഷ്ടിച്ചു് ജീവിച്ചു് പോകുകയോ സാമ്പത്തികമായി നിന്നിടത്തു് പിടിച്ചു് നില്‍ക്കുകയോ അധപതിക്കുകയോ മാത്രമാണു്. സംസ്ഥാന കുത്തകകള്‍  ആഗോള-ദേശീയ ധനമൂലധനത്തോടു് കൂട്ടു്  കൂടി ഇതര വിഭാഗം ജനങ്ങളെ ചൂഷണം ചെയ്തു് തടിച്ചു് കൊഴുക്കുകയാണു്. (പക്ഷെ, അവരും മൊത്തം ധന മൂലധന വ്യവസ്ഥയും തന്നെ ഇന്നു് പ്രതിസന്ധിയിലാണു്. അതിലേയ്ക്കു് ഇവിടെ കടക്കുന്നില്ല. ഈ ചര്‍ച്ചയുടെ വിഷയമല്ല) അവരുടെ വരുമാനത്തിന്റേയോ അവര്‍ കുന്നു് കൂട്ടുന്ന മൂലധനത്തിന്റേയോ കാര്യം ബലറാം സാര്‍ മിണ്ടുന്നില്ല. അതേ പോലെ തന്നെ ധന മൂലധനത്തിന്റെ പുളപ്പു് പ്രത്യക്ഷപ്പെടുന്ന ഭൂമിക്കച്ചവടം, കെട്ടിട കച്ചവടം, വിദ്യാഭ്യാസ കച്ചവടം, രോഗ ചികിത്സാ കച്ചവടം തുടങ്ങിയ മേഖലകളില്‍ ഊഹക്കച്ചവടക്കാരും ദല്ലാളന്മാരും കുന്നു് കൂട്ടുന്ന മൂലധനത്തേക്കുറിച്ചു് ബലറാം  സാര്‍ മിണ്ടുന്നില്ല. അതിനൊന്നും പരിധി നിര്‍ണ്ണയിക്കുന്നതിനേക്കുറിച്ചു് ബലറാം സാര്‍ മിണ്ടിയിട്ടില്ല.

(ആ) രണ്ടാമതായി ബലറാം സാര്‍ മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിനേയാണു്. നിലവില്‍ അസമത്വത്തിനും വരുമാന വ്യത്യാസങ്ങള്‍ക്കും കാരണക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമരം ചെയ്തു് നേട്ടമുണ്ടാക്കിയ തൊഴിലാളികളുമാണെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തിനു് പരിധി വേണമെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തെ ഭൂമിയുമായി താരതമ്യം ചെയ്യുമ്പോഴും അദ്ദേഹം തൊഴിലാളികളെ പ്രതികൂട്ടിലാക്കുകയും സര്‍ക്കാരിനെ രക്ഷിക്കുകയുമാണു്. സര്‍ക്കാരിനെ അങ്ങിനെ രക്ഷിക്കാന്‍ ബലറാം സാറിനു് എത്ര ശ്രമിച്ചാലും കഴിയില്ല. കാരണം സര്‍ക്കാരിനു് മുമ്പില്‍ തൊഴിലാളികളേയും ജനങ്ങളേയും തമ്മില്‍ തല്ലിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളുണ്ടു് എന്നതു് തന്നെയാണു്. അതു് മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിന്റെ വരുമാനം ഭൂമി പോലെ സ്ഥിരമാണെന്ന പ്രതീതി സൃഷ്ടിച്ചു് കൊണ്ടാണു്. സര്‍ക്കാരിന്റെ വരുമാനം സ്ഥിരമല്ല. അതു് വര്‍ദ്ധിപ്പിക്കുമ്പോള്‍ കൂലിയുടേയും പെന്‍ഷന്റേയും അനുപാതം കുറയും. അതനുസരിച്ചു് മറ്റുള്ളവരുടെ ക്ഷേമത്തിനുള്ള വക കൂടുതല്‍ കിട്ടും. പക്ഷെ, അങ്ങിനെ വരുമാനം കൂട്ടാന്‍ നികുതി കൂട്ടുകയോ മൂലധന വരുമാനം ഉയര്‍ത്തുകയോ ആകാം. നികുതി കൂട്ടുന്നതു് പൊതു ജനങ്ങളെ ബാധിക്കത്ത പ്രത്യക്ഷ നികുതിയായാല്‍ അതു് നേരിട്ടു് മൂലധന കുത്തകകളെ ബാധിക്കും. ഉദാഹരണത്തിനു് കേരളത്തില്‍ വാഹനങ്ങളുടെ ബഹളം കാരണം റോഡിലിറങ്ങാന്‍ കഴിയാതായി എന്നു് എല്ലാവരും പരിതപിക്കുന്നു. പണക്കാരും പാവങ്ങളും. ആളോഹരി കാറുള്ളവരും ഒരു വാഹനവുമില്ലാത്തവരും. അതിനു് പരിഹാരമായി പെട്രോള്‍ വില വര്‍ദ്ധനയെ പോലും പലരും പിന്തുണയ്ക്കുകയാണു്. എന്തു് കൊണ്ടു് വാഹന നികുതി കാറുകള്‍ക്കു് 2000 രൂപയില്‍ നിന്നു് കാറിന്റെ വിലയ്ക്കു് തുല്യമെങ്കിലും ആക്കി കൂടാ. അതു് സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള മാര്‍ഗ്ഗമാണു്. കേരളത്തിലെ റോഡുകള്‍ ശ്വാസം മുട്ടുന്നതു് കുറയ്ക്കാനുള്ള മാര്‍ഗ്ഗവുമാകാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനും നടപ്പാക്കാനും ഉത്തരവാദിത്വവും അധികാരവുമുള്ളതെങ്കിലും ജനങ്ങളോടും തൊഴിലാളികളോടും നിരുത്തരവാദപരമായി പെരുമാറുന്ന സര്‍ക്കാരിനെ വെള്ള പൂശാനായി വരുമാനം സ്ഥിരമാണെന്ന വളരെ ബാലിശമായ മുന്‍വിധി പരത്തി തൊഴിലാളികളെ കുറ്റം പറയുന്നതു് സര്‍ക്കാരിനെ രക്ഷിക്കാനുള്ള അടവല്ലാതെ മറ്റെന്താണു്. മാത്രമല്ല, സര്‍ക്കാരിന്റെ നികുതി വരുമാനവും പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള മൂലധന വരുമാനവും എല്‍ഡിഎഫ് കാലത്തു് വര്‍ദ്ധിച്ചു് വന്നിരുന്നു. അതു് ഇപ്പോള്‍ കുറവാണെങ്കില്‍ അതു് യുഡിഎഫിന്റെ പിടിപ്പു് കേടാണു്. പിടുപ്പു് കെട്ട സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കേണ്ട ബാലറാം സാര്‍ അതിനെ വെള്ള പൂശാനുള്ള ശ്രമമാണു് നടത്തി കാണുന്നതു്.

അതിനായി എന്തെല്ലാം കാപട്യങ്ങള്‍ പറഞ്ഞു. ?

൧. ഭൂമിയും പെന്‍ഷനും ഒരുപോലെ പരിധി നിശ്ചയിക്കപ്പെടേണ്ടതാണു്.

൨. ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും പരസ്പരം വൈരുദ്ധ്യം നിറഞ്ഞതാണു്.

൩. സിപിഐ(എം) രണ്ടിനേയും പിന്തുണക്കുന്നതു് വൈരുദ്ധ്യമാണു്.

അതിനായി ആരെയെല്ലാം പഴി പറഞ്ഞു. ?

൧. തൊഴിലാളികളെ ൨. സര്‍ക്കാര്‍ ജീവനക്കാരെ

൩. സിപിഐ(എം) നെ

അതിനായി ആരെയെല്ലാം മറച്ചു് പിടിച്ചു ?

൧. കുത്തക മൂലധന ഉടമകളെ

൨. റിയല്‍ എസ്റ്റേറ്റു്, വിദ്യാഭ്യാസ, ആശുപത്രി ബിസിനസുകരെ

൩. പുത്തന്‍ പണക്കാരായ ദല്ലാള്‍മാരെ

൪. ജന ക്ഷേമത്തില്‍ താല്പര്യം കാട്ടാതെ കുത്തകകള്‍ക്കു് വേണ്ടി ഭരിക്കുന്ന സര്‍ക്കാരുകളെ

അതിനായി എന്തിനു് നേരെയെല്ലാം കണ്ണടച്ചു ?

൧. സര്‍ക്കാരിന്റെ കടമകള്‍, ഉത്തരവാദിത്വങ്ങള്‍

൨. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍, മാര്‍ഗ്ഗങ്ങള്‍

൩. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു് പെന്‍ഷന്റേയും സര്‍ക്കാര്‍ ചെലവിന്റേയും അനുപാതം കുറച്ചു് കൊണ്ടു് വരാമെന്നുള്ള ലളിതമായ കണക്കു്.

ബാലറാം സാര്‍ കുറേക്കൂടി തുറന്ന സമീപനവും ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും യുക്തി ബോധവും അങ്ങില്‍ നിന്നു് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

^
ജോസഫ് തോമസ്. വിവരവിചാരം

Monday, January 14, 2013

പോരാട്ടം തുടരും

പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനിരോധനം നടപ്പാക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജീവനക്കാരും അധ്യാപകരും ആരംഭിച്ച പണിമുടക്ക് ആവേശകരമായ പ്രതികരണമാണ് സൃഷ്ടിച്ചത്. പിരിച്ചുവിടല്‍ ഭീഷണിയടക്കം കരിനിയമങ്ങള്‍ ഉപയോഗിച്ച് പണിമുടക്ക് തകര്‍ക്കാനുള്ള ശ്രമത്തെ തൃണവല്‍ഗണിച്ച് ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. സിവില്‍ സര്‍വീസിനെ സംരക്ഷിക്കുന്നതിന് ഒരു ദശകത്തിലേറെയായി ജീവനക്കാരും അധ്യാപകരും നടത്തിവരുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഈ പണിമുടക്ക്.

സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കുന്നതിനും 30 വര്‍ഷത്തിനുശേഷം ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കുന്നതിനുമാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്കു പകരം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വാദം. റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്ക്കേണ്ടിവരുന്നതുമൂലം സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതിനാല്‍ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ വാദം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് അനുകൂലമായി പൊതുസമൂഹത്തിന്റെ പിന്തുണ ലാക്കാക്കി, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.

സംസ്ഥാന വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണെന്ന വാദം യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ഡോ. ബി എ പ്രകാശ് അധ്യക്ഷനായ പൊതുചെലവ് അവലോകന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെ നിരാകരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ റവന്യു ചെലവ് ക്രമാനുഗതമായി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2005-06ല്‍ ആകെ ചെലവിന്റെ 94.3 ശതമാനമായിരുന്നു റവന്യു ചെലവെങ്കില്‍ 2010-11ല്‍ 89.4 ശതമാനമായി കുറഞ്ഞു. 2010-11ല്‍ മൊത്തം റവന്യു വരുമാനത്തിന്റെ 43 ശതമാനം മാത്രമാണ് ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിച്ചത്. ഇതില്‍ 28.76 ശതമാനം ശമ്പളത്തിനും 14.87 ശതമാനം പെന്‍ഷനും വേണ്ടിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റവന്യു ചെലവില്‍ 43 ശതമാനം മാത്രമാണ് ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നതെന്ന വസ്തുത മറച്ചുവച്ചാണ് ശമ്പളച്ചെലവിന്റെ പെരുപ്പിച്ച കണക്കുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്ന കമ്പോള കേന്ദ്രീകൃതമായ നവലിബറല്‍ നയങ്ങളുടെ ഭാഗമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ഓഹരിക്കമ്പോളത്തിന്റെ സ്ഥിരത ലക്ഷ്യമിട്ട് ഐഎംഎഫ് വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ജീവനക്കാരുടെ വരുമാനവും സര്‍ക്കാരിന്റെ പണവും കോര്‍പറേറ്റുകളുടെ കൈകളില്‍ ഒഴുകിയെത്തും. തികഞ്ഞ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഓഹരിക്കമ്പോളത്തെ ആശ്രയിച്ച് ഭാവിജീവിതം കരുപ്പിടിപ്പിക്കേണ്ട ദുരവസ്ഥയാണ് സംജാതമാകുന്നത്. പണിയെടുക്കുന്നവരുടെ ജീവനോപാധികള്‍ കൈയടക്കി ലാഭം കുന്നുകൂട്ടാനുള്ള മൂലധനശക്തികളുടെ പരിശ്രമമാണ് ജീവനക്കാരുടെ പെന്‍ഷന്‍ കവരുന്നതിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന പെന്‍ഷന്‍ സംരക്ഷിക്കുന്നതിന് പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗമില്ലാത്ത സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്കിന് നിര്‍ബന്ധിതരായത്. ജനുവരി എട്ടിന് ആരംഭിച്ച പണിമുടക്കില്‍ ഭൂരിപക്ഷം ജീവനക്കാരും അണിനിരന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ഡയസ്നോണ്‍ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പ്രഖ്യാപിച്ചും പിരിച്ചുവിടല്‍ ഭീഷണി ഉയര്‍ത്തിയും പണിമുടക്ക് പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. ഓഫീസുകള്‍ക്കു മുന്നില്‍ പ്രചാരണസ്വാതന്ത്ര്യം പോലും നിഷേധിച്ചു. വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ശ്രമം നടത്തി. 2002ല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ യോജിച്ച പണിമുടക്ക് നടത്തിയ സെറ്റോ സംഘടനകള്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പണിമുടക്ക് പരാജയപ്പെടുത്താന്‍ വ്യാപകമായ ശ്രമം നടത്തി. സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ പിണിയാളുകളായി മാറിയ നേതൃത്വങ്ങളുടെയും എല്ലാ ഭീഷണിയെയും അതിജീവിച്ചാണ് പണിമുടക്കില്‍ ജീവനക്കാര്‍ ഉറച്ചുനിന്നത്. പണിമുടക്കു ദിനങ്ങളിലെ ഹാജര്‍ സംബന്ധിച്ച് കള്ളക്കണക്കുകള്‍ ചമച്ച് അപവാദപ്രചാരണം നടത്തിയെങ്കിലും പണിമുടക്കു മൂലം സിവില്‍ സര്‍വീസ് സ്തംഭിച്ചെന്ന യാഥാര്‍ഥ്യം മൂടിവയ്ക്കാന്‍ കഴിഞ്ഞില്ല. പണിമുടക്ക് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വനിതാ ജീവനക്കാരെയടക്കം നിരവധിപേരെ ജയിലില്‍ അടയ്ക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കരിനിയമങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ കീഴടങ്ങാത്ത മനസ്സുമായി പണിമുടക്കില്‍ ഉറച്ചുനിന്ന ജീവനക്കാരെ നേരിടാന്‍ പോഷകസംഘടനകളെ രംഗത്തിറക്കി പ്രശ്നം വഷളാക്കാനാണ് ഭരണനേതൃത്വം ശ്രമിച്ചത്. മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച് ജീവനക്കാരുടെ ആശങ്കകള്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍. മിനിമം പെന്‍ഷന്‍ എന്നതിനു പകരം പ്രതിഫലമെന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചത് യാദൃശ്ചികമായല്ല. പണിമുടക്കിന് ആധാരമായ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി ചര്‍ച്ചചെയ്തു പരിഹരിക്കുന്നതിനു പകരം, പണിമുടക്കിയവര്‍ തിരിച്ചുവരേണ്ടതില്ല തുടങ്ങിയ വിലകുറഞ്ഞ ഭീഷണികളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. പണിമുടക്കിന്റെ ഫലമായി സിവില്‍ സര്‍വീസ് നിശ്ചലമായപ്പോഴും പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിച്ചത്. പണിമുടക്കിയവരോട് ചര്‍ച്ചയില്ലെന്നും ആവശ്യക്കാര്‍ക്ക് തന്നെ വന്നുകാണാമെന്നുമുള്ള ധാര്‍ഷ്ട്യം ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. മന്ത്രിസഭ നിര്‍ദേശിച്ചതനുസരിച്ച് സമരമുന്നണികളുമായി ജനുവരി 11നു രാത്രി ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ രൂപപ്പെട്ടതാണ്. തുടര്‍ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്താമെന്ന് ധനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുന്നതിനുപോലും തയ്യാറാകാതെ ചര്‍ച്ച ഒഴിവാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ഭരണമുന്നണിക്കുള്ളില്‍പ്പോലും ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായി. സമരസമിതി നേതാക്കളുമായി 13ന് ആദ്യം ധനമന്ത്രിയും തുടര്‍ന്ന് രാത്രി വൈകി മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി. ജനുവരി ഒന്നിനു നടന്ന ചര്‍ച്ചയില്‍ നിന്നും വിഭിന്നമായി ഒട്ടേറെ പുതിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. എന്നാല്‍, മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ ധാരണയായ സുപ്രധാനമായ കാര്യങ്ങള്‍ ഇപ്രകാരമാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാകും. കുറഞ്ഞ വേതനവും കുറഞ്ഞ സേവനകാലവുമുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിശോധിക്കും. പിഎഫ്ആര്‍ഡിഎ ബില്ലില്‍ വരുത്തിയിട്ടുള്ള ഭേദഗതി കൂടി ഉള്‍പ്പെടുത്തി മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകളുണ്ടാകും. പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെ കൂടി ഉള്‍പ്പെടുത്തണമെന്ന് പിഎഫ്ആര്‍ഡിഎക്ക് എഴുതും.

2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേരുന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് പുതിയ ഉത്തരവില്‍ വീണ്ടും വ്യക്തമാക്കും. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരില്‍ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കും. എംപവേഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനു മുമ്പ് സംഘടനകളുമായി ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളാകെ പരിശോധിച്ച് പണിമുടക്കിന് നേതൃത്വം നല്‍കുന്ന സംഘടനാപ്രതിനിധികള്‍ അനിശ്ചിതകാല പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് എതിരായ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും തീരുമാനിച്ചു. ചര്‍ച്ചയില്ലെന്ന് പലവട്ടം ആവര്‍ത്തിച്ച മുഖ്യമന്ത്രി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും സുപ്രധാന കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തത് പണിമുടക്കിന്റെ വിജയമാണ്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. 2002ലേതുപോലെ എല്ലാ സംഘടനയും യോജിച്ച പ്രക്ഷോഭത്തില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ സിവില്‍ സര്‍വീസിന്റെ ഹൃദയമായ പെന്‍ഷന്‍ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പ്രക്ഷോഭവേളയില്‍ എല്ലാ ജീവനക്കാരും അധ്യാപകരും ഈ വികാരമാണ് പ്രകടിപ്പിച്ചത്. കോര്‍പറേറ്റുകളുടെ മൂലധന താല്‍പ്പര്യങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങിയ സെറ്റോ നേതൃത്വം നിലവിലുള്ള ജീവനക്കാരെയും ഭാവിതലമുറയെയും ഒരുപോലെ ഒറ്റുകൊടുക്കുകയാണ്. ഈ ചതിയും വഞ്ചനയും നിശ്ചയമായും ജീവനക്കാര്‍ തിരിച്ചറിയും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനാണ് സാമ്പത്തിക പ്രതിസന്ധിയുടെ പല്ലവി ഭരണനേതൃത്വം തുടര്‍ച്ചയായി ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പങ്കാളിത്ത പെന്‍ഷന് പുറമെ കടുത്ത ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നുള്ളത് അവിതര്‍ക്കിതമാണ്. കൂടുതല്‍ കരുത്തുറ്റ പോരാട്ടങ്ങളിലൂടെ മാത്രമേ ഈ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ. എട്ടിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിലൂടെ ഈ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജമാണ് ജീവനക്കാര്‍ സംഭരിച്ചിട്ടുള്ളത്. ജീവനക്കാരുടെ സമരവീര്യവും പ്രക്ഷോഭസന്നദ്ധതയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ, കൂടുതല്‍ വിപുലമായ പോരാട്ടങ്ങള്‍ ആവിഷ്കരിക്കുന്നതിനുവേണ്ടിയാണ് ആറുദിവസത്തെ അനിശ്ചിതകാല പണിമുടക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

ജീവിതാന്ത്യംവരെ ലഭ്യമാകേണ്ടുന്ന പെന്‍ഷന്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ ഏറ്റെടുക്കും. ജീവനക്കാരുടെ സമരത്തില്‍ കെഎസ്ആര്‍ടിസി, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഖാദി ബോര്‍ഡ് തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ നടത്തിയ ഐക്യദാര്‍ഢ്യ പണിമുടക്ക് പെന്‍ഷന്‍ സംരക്ഷണ പോരാട്ടത്തിന് കരുത്തുപകര്‍ന്നു. സര്‍ക്കാരിന്റെ എല്ലാത്തരം ഭീഷണിയെയും തള്ളിക്കളഞ്ഞ്, ആത്മധൈര്യത്തോടെ പണിമുടക്കില്‍ ഉറച്ചുനിന്ന ജീവനക്കാരെയും അധ്യാപകരെയും അഭിവാദ്യം ചെയ്യുന്നു. നാളത്തെ തലമുറയുടെ ജീവിത സംരക്ഷണം ഉറപ്പുവരുത്താന്‍ ഇന്നത്തെ തലമുറ ഏറ്റെടുത്ത ഈ പോരാട്ടത്തില്‍ കേരളത്തിലെ പൊതുസമൂഹം ജീവനക്കാര്‍ക്കൊപ്പമായിരുന്നു. പ്രക്ഷോഭത്തെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആര്‍ത്തിരമ്പിയെത്തിയ കേരളത്തിന്റെ ജനാധിപത്യബോധവും പ്രക്ഷോഭ മനസ്സും ജീവനക്കാരുടെ ഭാവിപോരാട്ടങ്ങള്‍ക്ക് മാര്‍ഗദര്‍ശകമാകും.

*
എ ശ്രീകുമാര്‍ (എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 

ദേശാഭിമാനി 15 ജനുവരി 2013

Saturday, August 11, 2012

പങ്കാളിത്ത പെന്‍ഷന്‍ ഒരു യുദ്ധപ്രഖ്യാപനം

കാലാകാലമായി നിലനിന്നുവരുന്ന സര്‍വീസ് പെന്‍ഷന്‍പദ്ധതി അട്ടിമറിക്കാനും പകരം പങ്കാളിത്ത പെന്‍ഷന്‍സമ്പ്രദായം നടപ്പാക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരെ മാത്രമല്ല തൊഴിലെടുത്ത് ജീവിക്കുന്ന സകല ജനങ്ങള്‍ക്കുമെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണ്. 2013ല്‍ ഏപ്രില്‍മുതല്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ധനവകുപ്പ് ഉത്തരവിറക്കികഴിഞ്ഞു. ഇതിനെതിരെ, ആഗസ്ത് 17ന് സൂചനാ പണിമുടക്ക് നടത്താന്‍ വിവിധ സര്‍വീസ് സംഘടനകള്‍ സംയുക്തമായി തീരുമാനമെടുത്തിരിക്കുന്നു.

2001 മുതല്‍ 2006വരെ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ പരാജയപ്പെട്ട ജനവിരുദ്ധനയങ്ങളാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അന്ന് എ കെ ആന്റണി മന്ത്രിസഭയുടെ കാലത്താണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ധവളപത്രമിറക്കിയത്. ചെലവ് ചുരുക്കാനും ജനങ്ങളെ ദ്രോഹിക്കാനുമുള്ള ആസൂത്രിതമായ നടപടി ആയിരുന്നു അത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തി. പുതുതായി സര്‍വീസില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ക്ഷാമബത്ത നിഷേധിച്ചു. സര്‍വീസില്‍ പ്രവേശിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിരപ്പെടുത്തലും ശമ്പളവര്‍ധനയും വേണ്ടെന്ന് തീരുമാനിച്ചു. തസ്തികകള്‍ വെട്ടിക്കുറയ്ക്കുയും നിയമനിരോധനം നടപ്പാക്കുകയുംചെയ്തു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരെയുള്ള ഈ പ്രതിലോമ നടപടികള്‍ക്കെതിരെ യോജിച്ച സമരം ഉയര്‍ന്നുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, യോജിച്ച പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നു. 2002ല്‍ ആന്റണിസര്‍ക്കാരിന്റെ കാലത്ത് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും ഉത്തരവിറക്കിയിരുന്നു. അതും പ്രായോഗികമാക്കാന്‍ കഴിഞ്ഞില്ല. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ ഉത്തരവ് റദ്ദാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും യുവജന- വിദ്യാര്‍ഥി വിഭാഗങ്ങള്‍ക്കെതിരെയുള്ള കണ്ണില്‍ ചോരയില്ലാത്ത പൊലീസ് മര്‍ദനവുമാണ് 2006ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ഇടവരുത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ മുന്‍പൊരിക്കലും ഇല്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

140ല്‍ 100 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലേറി. ആ സര്‍ക്കാര്‍ 5 വര്‍ഷക്കാലം നടപ്പാക്കിയ ജനോപകാരപ്രദ നടപടികള്‍ അട്ടിമറിക്കാനും ജനവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കാനുമാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇപ്പോള്‍ മുതിരുന്നത്. പരാജയത്തില്‍നിന്ന് പാഠം പഠിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് തയ്യാറായ അനുഭവമില്ല. സര്‍വീസ് പെന്‍ഷന്‍, തൊഴിലെടുത്ത് ജീവിച്ച് വാര്‍ധക്യകാലത്ത് സര്‍വീസില്‍നിന്ന് വിരമിക്കുന്നവരുടെ ന്യായമായ അവകാശമാണ്. അത് സര്‍ക്കാരിന്റെ ഔദാര്യമായോ സൗജന്യമായോ കാണാനാകില്ല. ജീവനക്കാരുടെ സംഘടിതമായ പോരാട്ട ഫലമായാണ് വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും ഇഷ്ടമില്ലാത്ത കരങ്ങളില്‍നിന്ന് തൊഴിലെടുക്കുന്നവര്‍ പിടിച്ചെടുത്തത്. അതു തിരിച്ചുപിടിക്കാന്‍ ജീവനുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് അനുവദിക്കാനാകില്ല. പങ്കാളിത്തപെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിയമിക്കുന്നവര്‍ക്കുമാത്രമേ ബാധകമാകൂ എന്നും നിലവിലുള്ള ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നുമുള്ള വാദം കാപട്യമാണ്. ഇത് ഒരു പരീക്ഷണമായിമാത്രമേ കാണാന്‍ കഴിയൂ. ജീവനക്കാരുടെ പ്രതികരണശേഷിയാണ് പരീക്ഷിക്കപ്പെടുന്നത്.

ജീവനക്കാര്‍ പ്രതികരിക്കാത്ത പക്ഷം നിലവിലുള്ള ആനുകൂല്യങ്ങള്‍ ഓരോന്നായി തിരിച്ചുപിടിക്കാനുള്ള ആസൂത്രിതമായ പദ്ധതിയാണ് നമ്മെ കാത്തിരിക്കുന്നതെന്ന് മുന്‍കൂട്ടി കാണേണ്ടതുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമല്ലെന്ന് പറഞ്ഞാല്‍ എല്ലാവരും മൗനം പാലിച്ച് അടങ്ങിയിരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പെന്‍ഷന്‍പ്രായം 60 വയസ്സായി വര്‍ധിപ്പിക്കാനുള്ള ധാരണയുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും പുതിയ നിയമനങ്ങള്‍ നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്ന കേരളത്തില്‍ അടുത്തകാലത്തൊന്നും സര്‍ക്കാര്‍സര്‍വീസില്‍ കയറിപ്പറ്റാന്‍ ചെറുപ്പക്കാര്‍ മോഹിക്കേണ്ടതില്ല എന്നാണ് ഇതിനര്‍ഥം. പുതിയ തൊഴില്‍സാധ്യത കണ്ടെത്താന്‍ കഴിയുന്ന കാര്‍ഷിക, വ്യവസായ മേഖലകള്‍ തകര്‍ച്ചയിലാണ്. വ്യാവസായി ഉല്‍പ്പാദനം 1.8 ശതമാനം കുറഞ്ഞിരിക്കുന്നു. വ്യവസായവും കൃഷിയും നശിച്ചാല്‍ വികസനം കടലാസില്‍ മാത്രമായി ഒതുങ്ങും.

സാമ്പത്തിക പ്രതിസന്ധികളൊന്നും ശതകോടീശ്വരന്‍മാരെയോ സമ്പന്നവര്‍ഗത്തെയോ പ്രതികൂലമായി ബാധിക്കില്ല. അവരുടെ ലാഭം വന്‍തോതില്‍ പെരുകിവരുന്നേയുള്ളൂ. സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നു പോകുന്നത് തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നതും പൊതുജനങ്ങളാണ്. നിലവിലുള്ള ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നത് ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമാണെന്നുകൂടി കാണേണ്ടതുണ്ട്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 13 ശതമാനംവരെ പദ്ധതിയിലേക്ക് പ്രതിമാസം അടയ്ക്കേണ്ടിവരുമെന്നാണ് കാണുന്നത്.

പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ നിലവിലുള്ള ആനുകൂല്യങ്ങളെ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ ആത്മാഭിമാനമുള്ള ജീവനക്കാരുടെ സംഘടനകള്‍ക്കാകില്ല. ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും വിശാലമായ ഐക്യമാണ് പ്രധാനം. ജീവനക്കാരെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് കാണണം. അതുകൊണ്ടുതന്നെ, വിശാലമായ ഐക്യം കെട്ടിപ്പടുത്തുകൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശക്തമായ സമരത്തിന് ജീവനക്കാര്‍ തയ്യാറെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ യുദ്ധപ്രഖ്യാപനത്തില്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ തോല്‍ക്കുന്നത് ജനങ്ങളായിരിക്കും. ജനങ്ങള്‍ക്ക് തോല്‍വി സംഭവിച്ചുകൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം 11 ആഗസ്റ്റ് 2012