Tuesday, October 29, 2013

വാട്ടര്‍ അതോറിറ്റിയും മാറുന്ന സമീപനവും

ജലനയം 2008ന്റെ അടിസ്ഥാനതത്വങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ ജല ലഭ്യതയെന്നത് മനുഷ്യാവകാശമായി കാണുന്നു. സാമ്പത്തികമൂല്യമുള്ള പൊതുപൈതൃകം എന്നനിലയില്‍, ജലത്തിന്റെ ക്രമീകൃതമായ ഉപയോഗവും സംരക്ഷണവും ഓരോ പൗരന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. പൊതുവായ ആവശ്യത്തിനുവേണ്ട ഈ പ്രകൃതിവിഭവത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും പ്രാദേശികമായ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതിനും ഉതകുമാറ് ജലവിഭവം സുസ്ഥിരമായും ഉല്‍പ്പാദനപരമായും നീതിപൂര്‍വമായും പരിപാലിക്കുന്നതിനും ഉപയോഗിക്കുന്നതിനും അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിനാണ് 2008ലെ ജലനയം ലക്ഷ്യമിട്ടത്.

ദാഹജലത്തെ വാണിജ്യാടിസ്ഥാനത്തില്‍ കാണാന്‍ പരിഷ്കൃതസമൂഹത്തിന് സാധിക്കുകയില്ല. മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനാധാരമായ ജലം കമ്പോളശക്തികളുടെ അധീനതയിലാകുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തും. ലോകരാജ്യങ്ങളില്‍ പലയിടത്തും കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ഭൂരിഭാഗംവരുന്ന പട്ടിണിപ്പാവങ്ങള്‍ക്കും സാധാരണ ജനവിഭാഗത്തിനും താങ്ങാനാകാത്ത വിലയും കുടിവെള്ളനിഷേധവുമാണ് കുത്തകകള്‍ സമ്മാനിച്ചത്. 2012 ഡിസംബര്‍ 31ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കുടിവെള്ള സ്വകാര്യവല്‍ക്കരണം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ കേരള വാട്ടര്‍ അതോറിറ്റിയും പൊതുജനങ്ങളും ഒരുമിച്ച് പ്രതികരിച്ചു. തുടര്‍ന്ന് 2013 ഏപ്രില്‍ 15ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം 51 ശതമാനം സ്വകാര്യമേഖലയുടെ പ്രാതിനിധ്യം തദ്ദേശസ്ഥാപനങ്ങളിലൂടെയും ഉപഭോക്തൃ ഏജന്‍സികളിലൂടെയും റസിഡന്‍സ് അസോസിയേഷനുകളിലൂടെയും മാത്രമേ നടപ്പാക്കുകയുള്ളൂ എന്നു പ്രഖ്യാപിച്ചു. കേരള ഡ്രിങ്കിങ് വാട്ടര്‍ കമ്പനി ലിമിറ്റഡിനൊപ്പം മറ്റു മൂന്നു കമ്പനികളും പ്രഖ്യാപിച്ചു. കേരള ബസ് ഷെല്‍റ്റര്‍ കമ്പനി ലിമിറ്റഡ്, കേരള പബ്ലിക് ടോയ്ലെറ്റ് കമ്പനി ലിമിറ്റഡ്, കേരള ക്ലീന്‍ സിറ്റി കമ്പനി ലിമിറ്റഡ് എന്നിവ.

ഈ മൂന്നു കമ്പനികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിലും 74 ശതമാനം ഓഹരി സ്വകാര്യ മൂലധന സ്ഥാപനങ്ങളിലുമാണ്. എന്നാല്‍, കേരള ഡ്രിങ്കിങ് വാട്ടര്‍ കമ്പനി ലിമിറ്റഡിനുമാത്രം, സ്വയംഭരണാവകാശം നാമമാത്രമായ കേരള വാട്ടര്‍ അതോറിറ്റിയെ 23 ശതമാനം ഓഹരിപങ്കാളിത്തം വഹിക്കുന്ന സ്ഥാപനമായി ഈ സിയാല്‍ മോഡല്‍ കമ്പനിയില്‍ ഉള്‍പ്പെടുത്തി.

2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ അതുവരെയുള്ള സാമ്പത്തികബാധ്യതകള്‍ ഒഴിവാക്കി, നബാര്‍ഡ് സഹായത്തോടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, ജിക്കാ പദ്ധതികളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തു (കോഴിക്കോട് പദ്ധതി ഒഴികെ). 2002ല്‍ 79 കോടിയോളം റവന്യൂ വരുമാനം ഉണ്ടായെങ്കില്‍ ഇപ്പോള്‍ 375 കോടിയോളം വെള്ളക്കരം ഇനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി റവന്യൂ വരുമാനം നേടുന്നുണ്ട്. 2002ലെ ശുപാര്‍ശകള്‍ ഒന്നുംതന്നെ നടപ്പാക്കാതെയാണ് കേരള വാട്ടര്‍ അതോറിറ്റി ഈ പുരോഗതി നേടിയത്. 2002ലെ ധവളപത്രത്തിലും ഇപ്പോള്‍ സിയാല്‍ മോഡല്‍ കമ്പനിവല്‍ക്കരണത്തിലും പൊതുസ്വഭാവമായി കാണുന്നത് കേരള വാട്ടര്‍ അതോറിറ്റിയെ ഒരു ബള്‍ക്ക് വാട്ടര്‍ സപ്ലൈ ഏജന്‍സിയാക്കുമെന്നതാണ്. ഉല്‍പ്പാദനവും വിതരണവും രണ്ടായി കാണാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?

10 വര്‍ഷം കൂടുമ്പോള്‍, അതായത് 2002ലും 2013ലുമുണ്ടായ ഉത്തരവുകള്‍ കുടിവെള്ളം വില്‍പ്പനച്ചരക്കാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ്. ഇതിന് അനുബന്ധമായി കാണേണ്ടത് ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് ബോട്ട്ലിങ് പ്ലാന്റിനുവേണ്ടി 2008ല്‍ ലഭിച്ച 285 ലക്ഷം രൂപയുടെ ഭരണാനുമതിക്കും അതുസംബന്ധിച്ച മാനേജിങ് ഡയറക്ടറുടെ നടപടിക്രമത്തിനും സംഭവിച്ച അട്ടിമറിയാണ്. 2002ലെ ഉത്തരവ് പ്രൊഫഷണല്‍ മാനേജ്മെന്റിനും സാമ്പത്തിക അച്ചടക്കത്തിനും വേണ്ടിയാണെന്നാണ് പറഞ്ഞത്. അപ്പോള്‍ 2012ലെ ഉത്തരവുകള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ നിലനില്‍പ്പിനുവേണ്ടിയാണോ? അതോ കച്ചവടതാല്‍പ്പര്യത്തിനോ? 2013 ആഗസ്ത് 23ന് കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ ഒരു കുറിപ്പുവഴി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് വെള്ളക്കരത്തിന്റെ നിരക്കുവര്‍ധനയാണ്. പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കും കെഎസ്ഇബിയിലേക്ക് അടയ്ക്കുന്നതിലേക്കും മറ്റുമായി 175 കോടി രൂപ അധികപദ്ധതിയിതര വിഹിതമായി അപേക്ഷിച്ചിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇത് വെള്ളക്കരം വര്‍ധനയിലേക്ക് വിരല്‍ചൂണ്ടുന്നു. ഇവിടെ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കെടുകാര്യസ്ഥതയാണോ അതോ മാറുന്ന സാമ്പത്തികപശ്ചാത്തലമാണോ ചാര്‍ജ് വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്നത്? പൈപ്പ്ഡ് വാട്ടര്‍ സപ്ലൈയെ സഹായിക്കുന്നതരത്തിലുള്ള ബോട്ടിലിങ് പ്ലാന്റാണോ അതോ സിയാല്‍ മോഡല്‍ കമ്പനിയാണോ കേരളസമൂഹത്തിന് വേണ്ടത്. ഇന്ന് കേരള വാട്ടര്‍ അതോറിറ്റിയില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയിലെ കംപ്യൂട്ടര്‍ പരിഷ്കരണങ്ങളും മാസ്റ്റര്‍പ്ലാനും എന്തുകൊണ്ട് അട്ടിമറിക്കുന്നു? കേരളത്തില്‍ വാട്ടര്‍ അതോറിറ്റിയില്‍ കംപ്യൂട്ടറൈസേഷന്‍ ഇഴയുകയാണ്. ആവര്‍ത്തനച്ചെലവ് കുറയ്ക്കുന്ന നടപടികള്‍ ഇ-ഗവേണന്‍സ് മേഖലയില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റിയില്‍ 1986ലെ നിയമത്തിനുവിരുദ്ധമായ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ നിത്യസംഭവമാകുന്നു. രാഷ്ട്രീയനേതൃത്വത്തിന്റെ അപക്വമായ, വികലമായ നയസമീപനങ്ങളിലൂടെ ജീവനക്കാരെ ദൈനംദിനം ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തില്‍ കുടിവെള്ളത്തെ സ്വകാര്യവല്‍ക്കരിക്കാതെ പൊതുസ്വത്തായി സംരക്ഷിക്കേണ്ടത് അനിവാര്യതയാകുന്നു.

*
ആര്‍ വി സന്തോഷ്കുമാര്‍ ദേശാഭിമാനി 29-10-2013

No comments: