Friday, October 25, 2013

ലേഡി മാക്ബത്തിന്റെ വാക്കുകള്‍ ഓര്‍ക്കുക

ഏറെക്കാലമായി ഇരട്ടത്താപ്പ് ഏറ്റവും വിദഗ്ധമായി ഉപയോഗിച്ചുവരുന്നവരാണ് ആര്‍എസ്എസ്-ബിജെപി പ്രഭൃതികള്‍. ഒരേ നേതാവുതന്നെ പരസ്പരവിരുദ്ധമായവിധത്തില്‍ സംസാരിക്കുന്നത് ഒട്ടും അപൂര്‍വമല്ല. എത്രയോ കൂട്ടക്കൊലകള്‍ക്കും വര്‍ഗീയ സംഘട്ടനങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും ഇടയാക്കിയ കുപ്രസിദ്ധമായ രഥയാത്ര നടത്തിക്കൊണ്ടിരുന്നകാലത്ത്, (അതാണ് ഒടുവില്‍ ബാബറിമസ്ജിദ് തകര്‍ക്കുന്നതില്‍ ചെന്നു കലാശിച്ചത്) 1990കളില്‍ ""മതനിരപേക്ഷത"യെക്കുറിച്ച് ദേശീയ ചര്‍ച്ച വേണം എന്നാണ് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് അധ്യക്ഷതവഹിച്ച, ആര്‍എസ്എസ് - ബിജെപി പ്രഭൃതികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഡല്‍ഹിയില്‍വെച്ച് ഇന്നിപ്പോള്‍ അട്ടഹസിക്കുന്നത് ""പഹലേ ശൗചാലയ; ഫിര്‍ ദേവാലയ"" എന്നാണ്. അതായത് അമ്പലം പണിയുന്നതിനുമുമ്പ് ശൗചാലയങ്ങള്‍ പണിയൂ എന്ന്. കേന്ദ്ര ക്യാബിനറ്റിലെ ഗ്രാമീണ വികസനവകുപ്പ് മന്ത്രി ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പറഞ്ഞകാര്യം ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ഭരണത്തിന്‍കീഴില്‍ ഗുജറാത്തില്‍ ശുചീകരണത്തിന്റെ കാര്യം പരമദയനീയമായിരുന്നില്ലെങ്കില്‍ അത്തരമൊരു പ്രഖ്യാപനം സ്വാഗതാര്‍ഹംതന്നെയാകുമായിരുന്നു. ഗ്രാമീണ ഇന്ത്യയിലെ അഞ്ച് കുടുംബങ്ങളില്‍ ഒന്നിന് (അതായത് 20 ശതമാനംപേര്‍ക്ക്) കുടിവെള്ളം, വൈദ്യുതി, ശുചീകരണ സൗകര്യം എന്നീ മൂന്ന് അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നുപോലും ലഭ്യമല്ലെന്നും അതേ അവസരത്തില്‍ ഈ മൂന്നും ലഭ്യമാകുന്ന കുടുംബങ്ങള്‍ ആകെയുള്ളതിന്റെ 17 ശതമാനം മാത്രമേ വരികയുള്ളൂ എന്നും 2012-13 വര്‍ഷത്തിലെ ഇന്ത്യാ റൂറല്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് കാണിക്കുന്നു. ഇക്കാര്യത്തില്‍ ഗുജറാത്ത് ഒട്ടും മെച്ചമല്ല. ഈ മൂന്ന് സൗകര്യങ്ങളും ലഭ്യമാകുന്ന കുടുംബങ്ങള്‍ ആ സംസ്ഥാനത്ത് നാലിലൊന്നേ വരൂ. അതേ അവസരത്തില്‍ കേരളത്തില്‍ 71 ശതമാനം കുടുംബങ്ങള്‍ക്ക് ഇത് മൂന്നും ലഭ്യമാകുന്നുണ്ട്. ഗുജറാത്തിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയുള്ള മറ്റ് 13 സംസ്ഥാനങ്ങള്‍കൂടി ഇന്ത്യയിലുണ്ടുതാനും. തോട്ടിപ്പണിചെയ്യുന്ന സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി സമരംചെയ്യുന്ന, ""മാനവ് ഗരിമ"" എന്ന സമുദായാടിസ്ഥാനത്തിലുള്ള സംഘടന ഈയിടെ നടത്തിയ സര്‍വെയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്, അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൈകൊണ്ട് നേരിട്ട് തോട്ടിപ്പണി ചെയ്യിക്കുന്ന 126 പ്രദേശങ്ങള്‍ ഉണ്ടെന്നാണ്. തോട്ടിപ്പണി ചെയ്യിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന 1993ലെ നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്. ദേശീയ മനുഷ്യാവകാശകമ്മീഷന്റെ ചോദ്യത്തിനുള്ള ഉത്തരമായി ഗുജറാത്ത് ഗവണ്‍മെന്റ് പ്രതികരിച്ചത്, 1993ലെ നിയമം നടപ്പാക്കുന്നതില്‍ തങ്ങള്‍ വളരെയേറെ ഗൗരവബോധം കാണിക്കുന്നുണ്ടെന്നും ഗുജറാത്തില്‍ (കൈകൊണ്ടുള്ള) തോട്ടിപ്പണി ഇല്ലെന്നുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലെ ആത്മാര്‍ത്ഥതയില്ലായ്മയാണ്, ഇത് അടിവരയിട്ടു കാണിക്കുന്നത്.

എല്ലാ മനുഷ്യ വികസന സൂചകങ്ങളുടെ കാര്യത്തിലും ഗുജറാത്ത് ദേശീയ ശരാശരിയേക്കാള്‍ ഏറെ പുറകിലാണെന്ന് കാണിക്കുന്ന നിരവധി വസ്തുതകള്‍, ""ഊര്‍ജസ്വലമായ ഗുജറാത്തി""നെക്കുറിച്ചുള്ള ആര്‍എസ്എസ് - ബിജെപി പ്രഭൃതികളുടെ ഉച്ചസ്ഥായിയിലുള്ള പ്രചരണത്തിന്റെ കുമിളയെ കുത്തിപ്പൊട്ടിക്കുകയാണ്. റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള, സംസ്ഥാനങ്ങളുടെ സംയുക്ത വികസന സൂചിക തയ്യാറാക്കുന്നതിനുള്ള കമ്മിറ്റിയുടെ (കമ്മിറ്റി ഫോര്‍ എവോള്‍വിങ് എ കോംപസിറ്റ് ഡവലപ്മെന്റ് ഇന്‍ഡെക്സ് ഓഫ് സ്റ്റേറ്റ്സ്) ഈയിടത്തെ റിപ്പോര്‍ട്ട്, ""ഗുജറാത്ത് മാതൃക"" എന്നു പറയപ്പെടുന്ന വികസന മാതൃകയെ സംബന്ധിച്ച പ്രചരണത്തെ വീണ്ടും തകര്‍ത്തിരിക്കുന്നു. ഈ വികസനസൂചിക അനുസരിച്ചുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് ഗുജറാത്ത് നില്‍ക്കുന്നത്. ഈ സൂചികയുടെ അടിസ്ഥാനത്തില്‍ ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ""നമ്മുടെ വികസന സൂചികയനുസരിച്ച് 0.6 പോയിന്റോ അതില്‍ കൂടുതലോ ലഭിക്കുന്ന സംസ്ഥാനങ്ങളെ "ഏറ്റവും കുറഞ്ഞ വികസനം" മാത്രമുള്ള സംസ്ഥാനങ്ങളായി കണക്കാക്കാം; 0.6 പോയിന്റിനും 0.4 പോയിന്റിനും ഇടയ്ക്ക് ലഭിക്കുന്ന സംസ്ഥാനങ്ങളെ "കുറഞ്ഞ വികസന"മുള്ള സംസ്ഥാനങ്ങളായി പരിഗണിക്കാം. അതേ അവസരത്തില്‍ 0.4 പോയിന്റില്‍ കുറവുള്ള സംസ്ഥാനങ്ങളെ "താരതമ്യേന വികസിതങ്ങ"ളായ സംസ്ഥാനങ്ങളുമായി കണക്കാക്കാം"". ഈ പട്ടികയനുസരിച്ച് ഗുജറാത്തിന്റെ സൂചിക 0.49 ആണ്. അതാണ് ഗുജറാത്തിന്റെ ""ഊര്‍ജ്ജസ്വലത"".

നരേന്ദ്രമോഡിയുടെ ശൗചാലയ/ക്ഷേത്ര പ്രസ്താവനയ്ക്കെതിരായി, പ്രതീക്ഷിക്കാവുന്നപോലെതന്നെ, വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ""ഹിന്ദു സമൂഹത്തിന്"" അതൊരു അപമാനമാണ് എന്നാണ് തൊഗാഡിയ പ്രസ്താവിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രഭൃതികളുടെ മുഖ്യ തിരഞ്ഞെടുപ്പ് കാര്‍ഡ് എന്ന നിലയില്‍ വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുന്നതിനെ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ആര്‍ക്കെങ്കിലും വിദൂര സംശയമെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍, വി എച്ച് പി നേതാവ് അശോക് സിംഗാളിന്റെ വികാരത്തോടെയുള്ള, ആവര്‍ത്തിച്ചുറപ്പിക്കുന്ന പ്രസ്താവനയോടെ അത്-പരിഹരിക്കപ്പെട്ടിരിക്കുന്നു. ""2000ല്‍ ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ ഒരു പാഠം പഠിപ്പിച്ചപോലെ, ഹിന്ദു വര്‍ഗീയവാദികളുടെ ഭാഷയില്‍ ""ലൗ ജിഹാദി""ല്‍ ഏര്‍പ്പെടുന്ന പടിഞ്ഞാറന്‍ യുപിയിലെ ന്യൂനപക്ഷങ്ങളെ ശരിയായ പാഠം പഠിപ്പിച്ചിരിക്കുന്നു"" എന്നാണ് അദ്ദേഹം പ്രസ്താവിച്ചതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ നിരപരാധികളായ ചെറുപ്പക്കാര്‍ അന്യായമായി തടവില്‍വെയ്ക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഈയിടെ അയച്ച കത്തിനോടുള്ള ആര്‍എസ്എസ് - ബിജെപി പ്രഭൃതികളുടെ പ്രതികരണത്തില്‍ വര്‍ഗീയവികാരം ആളിക്കത്തിക്കുന്നതിനുള്ള അത്തരം ശ്രമങ്ങള്‍ വീണ്ടും പ്രകടമായി. നിരപരാധികളായ ചെറുപ്പക്കാരെ അന്യായമായി തടഞ്ഞുവെച്ചുകൊണ്ട്, ജീവിക്കുന്നതിനും സ്വാതന്ത്ര്യത്തിനുമുള്ള അവരുടെ മൗലികാവകാശം നിഷേധിക്കുന്ന നയം തിരുത്തണമെന്ന ആവശ്യത്തോടുള്ള ഈ പ്രതികരണം വളരെ വൈകിയാണുണ്ടായത്. 2006ല്‍ മാലേഗാവിലുണ്ടായ സ്ഫോടനത്തിന്റെപേരില്‍ ഒമ്പത് മുസ്ലീം ചെറുപ്പക്കാരെ അന്യായമായി അറസ്റ്റുചെയ്ത് ജയിലിലിട്ടുവെങ്കിലും ആറുവര്‍ഷത്തിനുശേഷം അവരെ വെറുതെ വിടുകയാണുണ്ടായത് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. 2007ല്‍ ഹൈദരാബാദിലെ മെക്കാമസ്ജിദില്‍ നടന്ന സ്ഫോടനത്തിന്റെപേരില്‍ 21 മുസ്ലീം ചെറുപ്പക്കാരെ അറസ്റ്റ്ചെയ്ത് ജയിലിലിട്ടു. അഞ്ചുകൊല്ലക്കാലം ജയിലില്‍ കിടന്ന അവരെ എല്ലാ ആരോപണങ്ങളിലും കുറ്റവിമുക്തരാക്കി വെറുതെ വിട്ടിരിക്കുന്നു. കര്‍ണാടകത്തിലെ ലഷ്കര്‍-ഇ-തോയ്ബ ഭീകരാക്രമണ ഗൂഢാലോചനക്കേസില്‍ 2012ല്‍ അഞ്ച് മുസ്ലീം ചെറുപ്പക്കാരെ അറസ്റ്റ്ചെയ്ത് ജയിലിലിട്ടു. എന്നാല്‍ അവരില്‍ രണ്ടുപേര്‍, എല്ലാ കുറ്റങ്ങളില്‍നിന്നും വിമുക്തരാക്കപ്പെട്ട് ജയില്‍മോചിതരായിരിക്കുന്നു. ഭീകരതയ്ക്ക് മതമില്ല; എന്നുതന്നെയല്ല ഏതെങ്കിലും പ്രത്യേക മതത്തിലോ വിഭാഗത്തിലോ പെട്ടതാണ് അതെന്ന് വര്‍ഗീകരിക്കാനും കഴിയുകയില്ല. അത് ദേശീയവിരുദ്ധമായതിനാല്‍, അതിനെ അംഗീകരിക്കാനും കഴിയില്ല. ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പില്‍ വിട്ടുവീഴ്ചയുടെ പ്രശ്നമേ ഉദിക്കുന്നില്ല. പക്ഷേ, ഭീകരതയെ ചെറുക്കുന്നതിന്റെ മറവില്‍, നിരപരാധികളായ ചെറുപ്പക്കാരെ, (അവരുടെ മതവിശ്വാസമൊന്നും പരിഗണിക്കാതെ) ശിക്ഷയ്ക്ക് വിധേയരാക്കരുത്. സ്വാതന്ത്ര്യത്തേയും നീതിയേയും പരിഹസിക്കലാണത്. നിരപരാധികളായ മുസ്ലീങ്ങളെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ചും ഉല്‍ക്കണ്ഠാജനകമാണെന്ന് ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയട്ടെ. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ ജനാധിപത്യ-മതനിരപേക്ഷ റിപ്പബ്ലിക്കന്‍ വ്യവസ്ഥയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍, അതിനുകൂടി എതിരാണിത്. അതിനാല്‍ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രിയുടെ കത്ത് ""ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണ്""എന്നും അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്ത് പിന്‍വലിക്കുന്നതിന് അദ്ദേഹത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും ബിജെപി പ്രസിഡന്റ് പ്രസ്താവിച്ചതില്‍, അത്ഭുതത്തിനവകാശമില്ലല്ലോ.

തുടര്‍ന്ന് ബിജെപി പ്രസിഡന്റ് ഇങ്ങനെ പ്രസ്താവിക്കുന്നു: ""രാജ്യത്തിലെ ഏറ്റവും വലിയ വര്‍ഗീയകക്ഷി കോണ്‍ഗ്രസ് ആണ്. ഇന്ത്യയിലെ വിഭവങ്ങളില്‍ ആദ്യത്തെ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് മുമ്പ് പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി"". ഇപ്പോഴിതാ ""നിരപരാധികളായ മുസ്ലീം ചെറുപ്പക്കാര്‍ ആരും അന്യായമായി തടവിലിടപെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് നമ്മുടെ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരിക്കുന്നു""-അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വര്‍ഗീയവികാരം ഇങ്ങനെ ആളിക്കത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ശുചീകരണത്തെ സംബന്ധിച്ചുള്ള ബിജെപിയുടെ പ്രധാനമന്ത്രിപദമോഹിയുടെ ജല്‍പനങ്ങള്‍ പൊള്ളവാക്കുകളാണെന്ന് കാണാം. ""അറേബ്യയിലെ സുഗന്ധദ്രവ്യങ്ങളെല്ലാം ഉപയോഗിച്ചാലും ഈ കൊച്ചു കൈ വൃത്തിയാക്കാന്‍ കഴിയില്ല"" എന്ന ഷേക്സ്പിയറുടെ ലേഡി മാക്ബത്തിന്റെ വാക്കുകളാണ് ഓര്‍മവരുന്നത്.

*
സീതാറാം യെച്ചൂരി ചിന്ത വാരിക 25-10-2013

No comments: