Wednesday, October 16, 2013

ദുരിതം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നോക്കുകുത്തി

സാധനവില കുതിച്ചുയരുകയാണ്; സാമ്പത്തികവളര്‍ച്ച എതിര്‍ദിശയിലും. ചെലവുചുരുക്കല്‍ മന്ത്രമല്ലാതെ മറ്റൊരുമാര്‍ഗവും കണ്ടെത്താനാകാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. അമേരിക്കയെ ബാധിച്ച സാമ്പത്തികമാന്ദ്യം മറ്റുരാജ്യങ്ങളെയും ബാധിക്കുമെന്ന് അന്തര്‍ദേശീയ നാണയനിധി സംശയരഹിതമായി വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക 9.84 ശതമാനമായി ഉയര്‍ന്നു. മൊത്തവില സൂചികയാകട്ടെ 6.46 ശതമാനത്തിലെത്തി. സാമ്പത്തിക വളര്‍ച്ചനിരക്ക് 4.4 ആയി കുറഞ്ഞത് സര്‍വകാല റെക്കോഡാണ്. വ്യവസായ വളര്‍ച്ചനിരക്കാകട്ടെ പരമദയനീയവും. 0.6 ശതമാനത്തിലേക്കാണ് വ്യവസായവളര്‍ച്ച താണത്. അതീവഗുരുതരമായ ഈ സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണ്. പുതിയ നിയമനങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു എന്നുമാത്രമല്ല താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന ഭീഷണിയും ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കുമീതെ തൂങ്ങിക്കിടക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ നില ഇതാണ്. ഈ സാഹചര്യത്തിലാണ് ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധി പാവപ്പെട്ട ജനവിഭാഗങ്ങളെപ്പറ്റി ഇടയ്ക്കിടെ വാചകമടിച്ച് തെരഞ്ഞെടുപ്പ് പ്രചാരവേലയ്ക്കിറങ്ങുന്നത്.

ആഗോള നിലവാരത്തിലുള്ള പട്ടിണിയുടെ ഒരു സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതില്‍ പറയുന്നത്, 120 രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ 842 ദശലക്ഷംപേര്‍ മുഴുപട്ടിണിയിലാണെന്നാണ്. ആ പട്ടിണിക്കാരില്‍ 210 ദശലക്ഷംപേര്‍ ഇന്ത്യയിലാണ്. അതായത് ലോകത്താകെയുള്ള പട്ടിണിക്കാരില്‍ നാലിലൊന്ന് ഇന്ത്യയിലാണെന്ന്. സ്വാതന്ത്ര്യംനേടി 66 വര്‍ഷംപിന്നിട്ട രാഷ്ട്രത്തിന്റെ ശോചനീയമായ നിലയിതാണ്. തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാറുണ്ട്. ആവടി സോഷ്യലിസം, ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ (ദാരിദ്ര്യം അകറ്റുക), മകന്റെ ബേക്കാരി ഹഠാവോ(തൊഴിലില്ലായ്മ അകറ്റുക) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചുമരില്‍ എഴുതിവച്ചത് എല്ലാം മാഞ്ഞുപോയിട്ടില്ല. ഇത്തരം മുദ്രാവാക്യങ്ങള്‍ രാഹുല്‍ഗാന്ധിയെ നോക്കി പല്ലിളിക്കുകയാണ്. ബിജെപിയുടെ നില ഒട്ടും ഭിന്നമല്ല. ഹിന്ദുത്വ അജന്‍ഡയും രാമക്ഷേത്രമന്ത്രവും ഉരുവിട്ടുപഠിച്ച ബിജെപി ഒരു തെരഞ്ഞെടുപ്പില്‍ "റൊട്ടി", "നീതി" എന്നീ മുദ്രാവാക്യങ്ങള്‍ ജനമധ്യത്തില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി ഒരുപടികൂടി കടന്നു. ക്ഷേത്രം പണിയുന്നത് എല്ലാവര്‍ക്കും മൂത്രപ്പുരയും കക്കൂസും പണിതതിനുശേഷം മതിയെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പുതിയപുതിയ ആശയങ്ങള്‍ കുരുത്തുവരുന്നത് കാണാനും കേള്‍ക്കാനും കൗതുകമുള്ളതാണ്. എന്നാല്‍, ജനം ഇത്തരം വാഗ്ദാനങ്ങള്‍ കേട്ട് മടുത്തു.

രാഷ്ട്രം സാമ്പത്തികമായി തകരുമ്പോള്‍ മറ്റൊരു ചിത്രം തെളിഞ്ഞുവരുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം ലക്ഷംകോടി കവിഞ്ഞു എന്ന വാര്‍ത്തയും ഇതോടൊപ്പം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുരണ്ടും ചേര്‍ന്നാലേ ഇന്ത്യയുടെ യഥാര്‍ഥ ചിത്രത്തിന് വ്യക്തത വരൂ. സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരും. ഈ ദരിദ്രരാണ് വിലക്കയറ്റത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും മാരകരോഗത്തിന്റെയും തൊഴിലില്ലായ്മയുടെയും ഭാരംചുമക്കാന്‍ വിധിക്കപ്പെട്ടവര്‍. അവരുടെ ദുരിതം തീര്‍ക്കാന്‍, പാപ്പരായതെന്നു തെളിഞ്ഞ നയം ഉപേക്ഷിക്കണം. പുതിയ ബദല്‍നയം അനിവാര്യമാകുന്നതവിടെയാണ്്. എല്ലാ ചിന്തയും ആ വഴിക്കാകട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: