Monday, October 28, 2013

അവഗണനയുടെ ഭാരവുംചുമന്ന്

കേരളത്തിലെ 32 ലക്ഷത്തോളംവരുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും അവരുടെ സാമൂഹ്യസുരക്ഷിതത്വവും ക്ഷേമപ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടും രൂപീകരിച്ചതാണ് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്. ആ ബോര്‍ഡിനെയും അതിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബോര്‍ഡുകളെയും തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാന- ജില്ലാ ബോര്‍ഡുകള്‍ യുഡിഎഫ് ഘടകകക്ഷികളുടെ ആശ്രിതരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചു. മുന്‍കാലങ്ങളില്‍ 50 ശതമാനമോ അതില്‍ കൂടുതലോ തൊഴിലാളിപ്രാതിനിധ്യമുളള സംഘടനയ്ക്ക് രണ്ട് പ്രതിനിധികളും മറ്റുസംഘടനകളില്‍നിന്ന് മുന്‍ഗണനാക്രമത്തില്‍ ഓരോന്നും എന്ന നിലയ്ക്കായിരുന്നു തൊഴിലാളി സംഘടനാപ്രതിനിധികളെ നിശ്ചയിച്ചിരുന്നത്. അതുപോലെ വ്യാപാരിസംഘടനാ പ്രതിനിധികളെ തീരുമാനിക്കുമ്പോള്‍ വ്യാപാരിവ്യവസായി ഏകോപന സമിതിക്ക് മൂന്നും വ്യാപാരി വ്യവസായി സമിതിക്ക് രണ്ടും അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

ഐഎന്‍ടിയുസി നേതാവ് ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം വഹിച്ചപ്പോഴും ഈ നില തുടര്‍ന്നു. എന്നാല്‍, ഇപ്പോള്‍ തൊഴില്‍മന്ത്രി ഇടപെട്ട് യുടിയുസി (ബി) പ്രതിനിധിയെ ചെയര്‍മാനാക്കുകയും ബോര്‍ഡിലെ സിഐടിയു പ്രാതിനിധ്യം ഒന്നാക്കി ചുരുക്കുകയും ചെയ്തു. ജില്ലാ ബോര്‍ഡുകളിലേക്ക് യുഡിഎഫുകാരെയും ചുമട്ടുതൊഴിലാളികളെ പ്രതിനിധാനംചെയ്യാത്തവരെയും ഉള്‍പ്പെടുത്തി. എല്ലാ ജില്ലാ കമ്മിറ്റികളിലും സിഐടിയു പ്രാതിനിധ്യം ഒന്നാക്കി കുറച്ചു. ബോര്‍ഡില്‍ അംഗത്വമെടുത്ത് ആനുകൂല്യം നേടുന്ന എണ്‍പതിനായിരത്തോളം തൊഴിലാളികളില്‍ 80 ശതമാനത്തില്‍കൂടുതല്‍ തൊഴിലാളികളും സിഐടിയു അംഗങ്ങളാണ്. വ്യാപാരി വ്യവസായി സമിതിക്ക് ഒരു ജില്ലയിലും പ്രാതിനിധ്യം നല്‍കിയില്ല. യുടിയുസി (ബി) എന്ന സംഘടന ചുമട്ടുരംഗത്ത് എവിടെയും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, എല്ലാ ജില്ലാകമ്മിറ്റികളിലും മന്ത്രിവിലാസം സംഘടനയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി.

സ്കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 51.5 കോടി രൂപ സംസ്ഥാന ബോര്‍ഡിന് നല്‍കുകയുണ്ടായി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് പൈസപോലും നല്‍കിയില്ല. ബോര്‍ഡിന്റെയും കമ്മിറ്റികളുടെയും നിക്ഷേപങ്ങള്‍ ട്രഷറികളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. ജില്ലാ ബോര്‍ഡ് ഓഫീസുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവന്നവരെ പിരിച്ചുവിട്ട്, തല്‍സ്ഥാനത്ത് മന്ത്രിവിലാസം സംഘടനകളുടെ ശുപാര്‍ശ പ്രകാരം പുതിയ നിയമനം നടത്തുന്നു. കോഴവാങ്ങി നിയമനം നേടിക്കൊടുക്കാന്‍ ഓരോ ജില്ലയിലും പ്രത്യേകം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാബോര്‍ഡ് ചെയര്‍മാന്മാരെയും സെക്രട്ടറിമാരെയും ഡിഎല്‍ഒമാരും ഡിവൈഎല്‍ഒമാരുമായി തീരുമാനിച്ചതോടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടക്കാതായി. ഭാരിച്ച ഉത്തരവാദിത്തമുള്ള ഇവര്‍ക്ക് ചുമട്ടുമേഖലയിലും തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെടാനും അവരുടെ തൊഴിലുംകൂലിയും സംരക്ഷിക്കാനും കഴിയുന്നില്ല. ചുരുക്കത്തില്‍ ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതികളെയും ബോര്‍ഡിന്റെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനത്തെയും തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

20 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലെ നിര്‍മാണ മേഖലയിലും കയറ്റിറക്ക് മേഖലയിലും നേരിട്ട് പണിയെടുക്കുന്നത്. അനുബന്ധ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ഇതിനുപുറമെയാണ്. നിര്‍മാണജോലികള്‍ക്ക് അനിവാര്യമായ മണല്‍, കരിങ്കല്ല്, മെറ്റല്‍ എന്നിവയുടെ ലഭ്യതക്കുറവും അവ സംഭരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇത്തരം വസ്തുക്കള്‍ക്ക് വന്‍വില നല്‍കേണ്ടിവരുന്ന സ്ഥിതി ഉണ്ടാക്കി. നിര്‍മാണസാമഗ്രികള്‍ക്ക് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം കയറ്റിറക്ക് തൊഴിലാളികളുടെയും നിര്‍മാണത്തൊഴിലാളികളുടെയും തൊഴിലിനെയും വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. മണല്‍വാരല്‍ രംഗം ചില ലോബികളുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ്. അതൊഴിവാക്കാന്‍, തൊഴിലാളികളുടെ പ്രാതിനിധ്യത്തോടെ കടവ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുക, മണല്‍ലഭ്യതയ്ക്കനുസരിച്ച് മണല്‍വാരാന്‍ അനുമതി നല്‍കുക, കടവുകളുടെ എണ്ണം വര്‍ധിപ്പിക്കുക, കടവുകളുടെ ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിക്കുക, ത്രിതല പഞ്ചായത്തുകളില്‍ മണല്‍ യാര്‍ഡുകള്‍ ആരംഭിച്ച് വിതരണം ചെയ്യുക, പാറപൊടിക്കുന്നതിന് എക്സ്പ്ലോസീവ് ലൈസന്‍സ് ലഭിക്കുന്നതിന് കേരളത്തില്‍ ഓഫീസ് സൗകര്യം ഉണ്ടാക്കുക, ചെറുകിട പാറ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളാണ് ഫെഡറേഷന്‍ ഉന്നയിക്കുന്നത്.

സംസ്ഥാനത്ത് പരമ്പരാഗതമായി കയറ്റിറക്ക് പണിയെടുക്കുന്ന ചുമട്ട് തൊഴിലാളികള്‍ക്ക് ടിപ്പര്‍ ലോറികളുടെ കടന്നുവരവോടെ വലിയതോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ സംഘടനാവ്യത്യാസമില്ലാതെ സമരരംഗത്താണ്. തൃശൂര്‍ ജില്ലയില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ആരംഭിച്ച സമരം ഒരു നിയമസമാധാന പ്രശ്നമായപ്പോള്‍ അന്നത്തെ കലക്ടര്‍ ഒരു യോഗം വിളിച്ച് താല്‍ക്കാലികമായ ഒരു തീരുമാനമുണ്ടാക്കി. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വലിയ വാഹനം ഒന്നിന് 60 രൂപയും ചെറിയ വാഹനത്തിന് 30 രൂപയും എന്ന തോതില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തീരുമാനം. ഈ പ്രശ്നം സംസ്ഥാനത്ത് പൊതുവെ ഉളളതാകയാല്‍ മറ്റു ജില്ലകളിലും ഇതേ രീതിയില്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. ഫലത്തില്‍ തൊഴില്‍നഷ്ടത്തിന് നിശ്ചിത തുക നല്‍കുക എന്നതാണ് ഉണ്ടാകുന്നത്. അതാകട്ടെ ജോലി ചെയ്യാതെ കൂലി വാങ്ങലായി മാറി. നോക്കുകൂലി വാങ്ങുന്നു എന്ന ആക്ഷേപം പല സ്ഥലത്തും ഉയര്‍ന്നുവരാനിടയായി. അതുകൊണ്ട് നഷ്ടപരിഹാരമല്ല, ചുമട്ടുതൊഴിലാളികള്‍ ചെയ്തുവന്ന ജോലി തുടര്‍ന്നും ചെയ്യുന്നതിന് ഉറപ്പുണ്ടാക്കലാണ് വേണ്ടത്.

ചുമട്ടുതൊഴിലാളി നിയമപ്രകാരം തന്നെ ഓരോ ജോലിക്കും ജില്ലാടിസ്ഥാനത്തില്‍ കൂലി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനംവഴി പ്രാബല്യത്തില്‍ വരുത്താന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ കൂടി ഇത് നടപ്പാക്കണം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലാണ്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലകൂട്ടി അളവുകുറച്ചു. മാവേലി സ്റ്റോറുകളും കണ്‍സ്യൂമര്‍ സ്റ്റോറുകളും നോക്കുകുത്തിയായി. പൊതു മാര്‍ക്കറ്റിലെ കുത്തക കച്ചവടക്കാര്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൊഴിലാളികളെയാണ്. നിരവധി തവണ സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും മുമ്പാകെ ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരുവിധ ചര്‍ച്ചയും തീരുമാനവും ഉണ്ടാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കുസമരത്തിന് നിര്‍ബന്ധിതരാകുന്നത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍നയം തിരുത്തുക, അനര്‍ഹരായവരെ ഉള്‍പ്പെടുത്തിയും കീഴ്വഴക്കങ്ങള്‍ മാറ്റിയും സംസ്ഥാന ക്ഷേമനിധി ബോര്‍ഡും ജില്ലാ ബോര്‍ഡുകളും പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ചുമട്ടുതൊഴിലാളി നിയമത്തിലും ചട്ടങ്ങളിലും കാലോചിത മാറ്റങ്ങള്‍ വരുത്തുക, ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതിക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുക, ടിപ്പര്‍ ലോറി പ്രശ്നത്തില്‍ അടിയന്തര തീരുമാനം കൈക്കൊള്ളുക, പാറ പൊട്ടിക്കല്‍- മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

*
കെ എം സുധാകരന്‍(ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍ )
ദേശാഭിമാനി

No comments: