Monday, October 21, 2013

കേരളത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍

കേരളത്തില്‍നിന്ന് കാര്‍ഷികവൃത്തി പടിയിറങ്ങിപ്പോവുകയാണ്. പക്ഷേ, ഈ പ്രവണതയെ സമൂഹം ഗൗരവത്തോടെ അഭിമുഖീകരിച്ചിട്ടില്ല. കാര്‍ഷികസംസ്കൃതി ഇല്ലാതാവുമ്പോള്‍ സമൂഹത്തിലും പരിസ്ഥിതിയിലും മനുഷ്യജീവിതത്തിലും ഉണ്ടാവുന്ന പ്രതിഫലനങ്ങളെ ഗൗരവത്തോടെയാണ് കര്‍ഷക തൊഴിലാളി പ്രസ്ഥാനം വീക്ഷിക്കുന്നത്. ആ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒന്നാമതായി ചെയ്യേണ്ടത് കാര്‍ഷിക സംസ്കൃതിയെ സംരക്ഷിക്കുക എന്നതാണ്. നിലവിലുള്ള നെല്‍വയലുകളും നീര്‍ത്തടങ്ങളും ഇല്ലാതാക്കാന്‍ അനുവദിക്കരുത്. തരിശിട്ട് നികത്താന്‍ പാകത്തില്‍ ഭൂഘടനയില്‍ മാറ്റംവരുത്തുന്ന പ്രവണത തടയണം. കുന്നുകളും മലകളും സംരക്ഷിക്കണം. കൃഷിയിലേക്ക് പുതുതലമുറയെ കൈപിടിച്ചാനയിക്കണം.

കാര്‍ഷികമേഖലയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഉടച്ചുവാര്‍ത്തുകൊണ്ടാവണം ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടത്. തൊഴില്‍ നഷ്ടം ഉണ്ടാവാത്ത വിധത്തില്‍ കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം പ്രധാനമാണ്. കൃഷി പാഠ്യവിഷയമാക്കുന്നതോടൊപ്പം കൃഷി ഉപകരണങ്ങളെയും മണ്ണിനെയും വിളകളെയും പരിചയപ്പെടാനും ഉപയോഗിക്കാനും നിര്‍ബന്ധമായും വിദ്യാര്‍ഥി പഠിക്കണം. ഇത്തരത്തിലുള്ള ഇടപെടലിലൂടെ കാര്‍ഷിക മേഖലയിലെ തൊഴിലിന്റെ സ്വഭാവം മാറ്റിമറിക്കാന്‍ സാധിക്കും. സാമൂഹ്യപദവിയിലും മാറ്റംവരും. യുവജനതയെ ആകര്‍ഷിക്കാതെ കാര്‍ഷികവ്യവസ്ഥ നിലനിര്‍ത്താനാവില്ല. നിലവില്‍ ഫാംതൊഴില്‍ ലഭ്യതയ്ക്കായി അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അപേക്ഷ അയക്കുന്നുണ്ട്. അത് ജോലിസ്ഥിരതയും ശമ്പളവുമുള്ളതുകൊണ്ടാണ്. ആ നിലയിലുള്ള മാറ്റത്തോടൊപ്പം പരമ്പരാഗത അറിവുകളെയും ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള പുതിയ വികാസങ്ങളെയും കൂട്ടിയിണക്കി കൃഷിഭൂമിയില്‍ മുന്നേറ്റമുണ്ടാക്കണം. കാര്‍ഷികമേഖലയെ പുനരുദ്ധരിക്കണം.

തൊഴിലിടങ്ങളില്‍ കര്‍ഷക തൊഴിലാളിയെ കാണുമ്പോള്‍ കുറഞ്ഞവര്‍ എന്ന ബോധം ഉണ്ടാകാന്‍ വേഷവിധാനമടക്കമുള്ള പരമ്പരാഗത രീതികള്‍ കാരണമാകുന്നുണ്ട്. വയലേലകളില്‍ അര്‍ധനഗ്നനായി പണിയെടുക്കുന്നതില്‍ ഇന്നും മാറ്റംവന്നിട്ടില്ല. മണ്ണില്‍പണിയെടുക്കുന്നവന് അന്തസ്സുള്ള യൂണിഫോം വേണം. കൈയുറകളും കാലുറകളും തൊപ്പിയുമടങ്ങുന്ന യൂണിഫോമില്‍ കര്‍ഷക തൊഴിലാളി പച്ചപ്പട്ടാളത്തെപ്പോലെ മണ്ണിനെ കീഴടക്കും. അവിടെ പൊന്ന് വിളയിക്കും. ഗ്രീന്‍ ആര്‍മി എന്ന പേരാവും കര്‍ഷകതൊഴിലാളികള്‍ക്ക് യോജിക്കുക. കര്‍ഷക തൊഴിലാളികളെ ഗ്രീന്‍ ആര്‍മിയായി പരിവര്‍ത്തനംചെയ്യേണ്ടത് സര്‍ക്കാരാണ്. യൂണിഫോമിനൊപ്പം നവീന കാര്‍ഷിക രീതികളിലും ഉപകരണങ്ങളിലും തൊഴിലാളിക്ക് പരിശീലനം നല്‍കണം. ബയോടെക്നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ജൈവകൃഷിരീതികള്‍ നല്ലരീതിയില്‍ പ്രയോഗിക്കണം. നവീനമായ രീതിയില്‍ കാര്‍ഷികമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് മാസശമ്പളമാണ് വേണ്ടത്. കുറഞ്ഞത് 10000 രൂപയായി ശമ്പളം നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യം, ഇഎസ്ഐ സൗകര്യം തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരനുള്ള എല്ലാ ആനുകൂല്യങ്ങളും കര്‍ഷകതൊഴിലാളിക്ക് ലഭിക്കണം. സ്ഥിരംജോലി, വരുമാനം, സാമൂഹ്യസുരക്ഷ എന്നിവ ലഭ്യമാവുന്ന സാഹചര്യം മണ്ണില്‍ പണിയെടുക്കുന്നവന് ഉണ്ടാവണം. കാര്‍ഷികമേഖലയെ ഉടച്ചുവാര്‍ക്കുന്നതിന് സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. സര്‍ക്കാരും കര്‍ഷക- കര്‍ഷക തൊഴിലാളി സംഘടനകളും ഒത്തുചേരുന്ന കൂട്ടായ്മ ഇതിനായി ആവിഷ്കരിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ താല്‍പ്പര്യമുള്ളവരെ രജിസ്റ്റര്‍ചെയ്ത് പരിശീലനം നല്‍കണം. കൃഷിഭൂമിയുടെ വിശദാംശങ്ങളും മറ്റും ശേഖരിച്ച് അവിടെ കൃഷിയിറക്കണം. നിലവിലുള്ള വിഭവഭൂപടങ്ങള്‍ തദ്ദേശഭരണ പ്രദേശങ്ങളിലെ ഭൂമിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കൃഷിക്കാര്‍ക്ക് തൊഴിലാളികളെ നല്‍കേണ്ടതും കൃഷിക്കാരില്‍നിന്ന് കൂലി ശേഖരിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കേണ്ടത് സര്‍ക്കാരാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്ന് നശിക്കാന്‍ പാടില്ല. കുടുംബശ്രീപോലുള്ള സംവിധാനങ്ങള്‍ കൂടാതെ മറ്റ് സംഭരണകേന്ദ്രങ്ങളെയും എക്സ്പോര്‍ട്ടിങ് കമ്പനികളെയും സമീപിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അപ്പപ്പോള്‍ വിറ്റുപോവുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. മണ്ണില്‍ എന്താണ് ചെയ്യുന്നത്, അവിടെനിന്ന് എന്താണ് ലഭിക്കുക, അത് എങ്ങനെ മാര്‍ക്കറ്റ് ചെയ്യും എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാവണം. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍കൂടിമാത്രമേ അത് സാധ്യമാവൂ. നിലവില്‍ പല തദ്ദേശസ്ഥാപനങ്ങളിലും ആവിഷ്കരിച്ച് വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയുംചെയ്ത തൊഴില്‍സേനകളെപ്പറ്റി കൂടുതല്‍ പഠിച്ച് അവയുടെ നേട്ടവും കോട്ടവും മനസിലാക്കി മുന്നോട്ടുപോവുന്നത് നന്നാവും.

കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. ഭൂമിയെ ഇനംതിരിച്ച് അവര്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നു. എമര്‍ജിങ് കേരള പോലുള്ള പരിപാടികളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഭൂമിയുടെ ക്രയവിക്രയമാണ്. അതിന്റെ ഭാഗമായാണ് നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് 2008ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ആ നിയമത്തിന് വിരുദ്ധമായി, 2005ന് മുന്‍പ് വയല്‍ നികത്തി കരഭൂമിയാക്കിയതിനെല്ലാം അംഗീകാരംനല്‍കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ 50,000ത്തോളം ഏക്കര്‍ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈവശം എത്തിയത്. അവശേഷിക്കുന്ന നെല്‍വയലുകള്‍കൂടി നികത്തുക എന്നതാണ് ഭൂമാഫിയയുടെ ലക്ഷ്യം. വയല്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ച് നിരത്തുന്നതും തോട്ടംഭൂമിയില്‍ ടൂറിസം റിസോര്‍ട്ടുകള്‍ പണിയുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോവുന്നത്. കെഎസ്കെടിയു, നെല്‍വയല്‍സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തി ജാഥ ആരംഭിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഒരു യോഗം ചേര്‍ന്നു. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ കര്‍ക്കശ വ്യവസ്ഥകളില്‍ ഇളവ് വരുത്തുന്നതിനെപറ്റിയാണ് അവര്‍ ആലോചിച്ചത്. പൊതുആവശ്യങ്ങള്‍ എന്ന് ധ്വനിപ്പിച്ച് വയലുകള്‍ നികത്തുന്നതിനുള്ള അനുമതി നല്‍കുന്നത് ഉദാരമാക്കണം എന്നതാണ് ഇളവിലൂടെ ഉദ്ദേശിക്കുന്നത്. നിലവില്‍ കരഭൂമിയാക്കിയ വയല്‍പ്രദേശങ്ങളിലേറെയും രേഖകളില്‍ വയലുകള്‍തന്നെയാണ്. അത്തരം സ്ഥലങ്ങളില്‍ നിര്‍മാണം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. നിയമത്തില്‍ ഇളവ് വരുത്തിയാല്‍ ഇവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താനാവും. വയലുകള്‍ വാങ്ങിക്കൂട്ടി നികത്തി കരഭൂമിയാക്കിയ മാഫിയ കോടികള്‍ വലിച്ചെറിഞ്ഞാണ് യുഡിഎഫ് മന്ത്രിസഭയെക്കൊണ്ട് വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ തീരുമാനമെടുപ്പിക്കുന്നത്. നിയമത്തില്‍ വരുത്തേണ്ട ഇളവുകള്‍ ആലോചിച്ച് ശുപാര്‍ശചെയ്യുന്നതിന് അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. നെല്‍വയല്‍ സംരക്ഷണ നിയമംകൊണ്ടുവന്നപ്പോള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും അവരുടെ വക്താക്കളായ വലതുപക്ഷവും ആ നിയമത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു. നെല്‍വയല്‍ നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് തീരുമാനം കൊണ്ടുവന്നാലും കര്‍ഷക തൊഴിലാളി യൂണിയന്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കും. സംസ്ഥാനത്ത് എവിടെ നെല്‍വയല്‍ നികത്താന്‍ ശ്രമിച്ചാലും അതിനെ ചെറുക്കാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഉണ്ടാവും. ഭൂമിയുടെ ഘടനമാറ്റുന്ന രീതിയില്‍ പ്രകൃതിയില്‍ കൈയേറ്റം നടത്തുന്നതിനെയും ശക്തമായി എതിര്‍ക്കും. 1970ല്‍ 8.5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷിയുണ്ടായിരുന്നത് ഇന്ന് വെറും 2.15 ലക്ഷം ഹെക്ടറിലായി ചുരുങ്ങി. ഭൂവിനിയോഗത്തിലുണ്ടായ വ്യത്യാസമാണ് അതിന് പ്രധാന കാരണം. യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിലെ നെല്‍വയലുകളെ വെട്ടിച്ചുരുക്കിയെന്ന് പറയുന്നതാവും ഉചിതം. വിമാനത്താവളമാണ് വികസനത്തിന്റെ പര്യായമെന്ന് പറഞ്ഞ് വന്‍കിട കമ്പനികളെ കൂട്ടുപിടിച്ച് നെല്‍വയലുകള്‍ ഇല്ലാതാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും നീക്കങ്ങള്‍ക്ക് തടയിടാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം മുന്നോട്ടുവരും. ഭൂസമരം ഒത്തുതീര്‍പ്പാക്കുന്ന ഘട്ടത്തില്‍ നെല്‍വയലുകള്‍ വില്‍ക്കുമ്പോള്‍ നെല്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ള ആള്‍ക്കുമാത്രമേ കൈമാറാന്‍ സാധിക്കൂ എന്ന നിലയില്‍ നിയമം കര്‍ക്കശമാക്കണമെന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് സമ്മതിച്ച മുഖ്യമന്ത്രിയാണ് ഇന്ന് മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കി നെല്‍വയലുകള്‍ കച്ചവടംചെയ്യാന്‍ രംഗമൊരുക്കുന്നത്. മുതലാളിത്തവല്‍ക്കരണവും ഉദാരവല്‍ക്കരണ നയങ്ങളും ദുര്‍ബല ജനവിഭാഗങ്ങളായ കര്‍ഷക തൊഴിലാളികള്‍ക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. ഇത്തരം നയങ്ങള്‍ ഇല്ലാതാവുമ്പോള്‍മാത്രമേ കര്‍ഷക തൊഴിലാളികള്‍ക്ക് നടുനിവര്‍ത്താനാവൂ. കര്‍ഷക തൊഴിലാളികള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്, കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളായതുകൊണ്ടാണ്. ഈ നയങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് ആധാര്‍പോലുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കാനും ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശ്ശികതീര്‍ത്ത് വിതരണം ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 100 കോടി രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണമെന്ന നിബന്ധന ഒഴിവാക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷക തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു എന്നുപറഞ്ഞ് അക്ഷയ കേന്ദ്രങ്ങള്‍വഴി നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണം. സമ്പന്നരും അതിസമ്പന്നരും മാത്രം ജീവിച്ചാല്‍ മതി എന്ന സാമ്രാജ്യത്വ മുദ്രാവാക്യം ഏറ്റുവിളിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവന് ജീവിതം നിഷേധിക്കുമ്പോള്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം കാഴ്ചക്കാരായി നോക്കിനില്‍ക്കില്ല.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 21-10-13

No comments: