Sunday, October 13, 2013

അമേരിക്കന്‍ അടച്ചുപൂട്ടല്‍

വൈറ്റ്ഹൗസും പാര്‍ലമെന്റും തമ്മില്‍ ബജറ്റിനെച്ചൊല്ലി ഒത്തുതീര്‍പ്പുണ്ടാകാത്ത സാഹചര്യത്തില്‍ 'അമേരിക്കന്‍ ഷട്ട്ഡൗണ്‍' (അടച്ചുപൂട്ടല്‍) രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അവശ്യ സര്‍വീസുകളായി പരിഗണിച്ചിട്ടില്ലാത്ത മുഴുവന്‍ ഗവണ്‍മെന്റ് ഓഫീസുകളും വകുപ്പുകളും അവിടെ പൂട്ടിക്കിടക്കുകയാണ്. എട്ട് ലക്ഷത്തില്‍പ്പരം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിക്ക് വിധേയരായിരിക്കുന്നു. ഒടുവില്‍ ബജറ്റ് അംഗീകരിക്കപ്പെട്ടാല്‍ തന്നെ അവര്‍ക്ക് നഷ്ടപ്പെട്ട വേതനം ഇനി ഒരിക്കലും കിട്ടാന്‍ പോകുന്നില്ല.

അടച്ചുപൂട്ടല്‍ അമേരിക്കയ്ക്ക് പുത്തരിയല്ല. 1977 ന് ശേഷം ഇത് 17-ാമത്തെ അടച്ചുപൂട്ടലാണ്. ഒടുവിലേത്തത് 21 ദിവസം നീണ്ടുനിന്ന, 1996 ലേതായിരുന്നു. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 30 ന് മുമ്പ് വൈറ്റ് ഹൗസ് നിര്‍ദേശിക്കുന്ന ബജറ്റ് പാര്‍ലമെന്റ് (പ്രതിനിധിസഭയും സെനറ്റും) അംഗീകരിക്കണമെന്നതാണ് അമേരിക്കന്‍ വ്യവസ്ഥ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ധനവിനിയോഗം നടത്താന്‍ ഗവണ്‍മെന്റിനുള്ള അവകാശം നഷ്ടപ്പെടും. തങ്ങളുടെ ജീവനക്കാരെ വേതനമില്ലാത്ത അവധിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇപ്പോഴത്തെ അടച്ചുപൂട്ടലിന്റെ പ്രത്യേകത നിയോ-ലിബറല്‍ നയങ്ങളുടെ വിനാശകരമായ സ്വഭാവം അതു പൂര്‍ണമായും അനാവൃതമാക്കി എന്നതാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോകത്തിന് മുമ്പിലുള്ള ഒരേ ഒരു വികസന മാതൃകയായി അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക ശ്രമിച്ചത് ഈ നിയോ-ലിബറല്‍ നയങ്ങളായിരുന്നു. വൈറ്റ്ഹൗസും പാര്‍ലമെന്റും തമ്മില്‍ യുദ്ധമുണ്ടായത് ചെലവ് ചുരുക്കല്‍ നടപടികളെച്ചൊല്ലിയായിരുന്നു.

2008 മെയ് മാസത്തില്‍ ഫിനാന്‍സ് മൂലധനത്തിന്റെ മൂര്‍ത്തമായ പ്രതിസന്ധി ലോകത്തെ പിടിച്ചുലച്ചപ്പോള്‍ നിയോ-ലിബറല്‍ നയങ്ങളുടെ വക്താക്കള്‍ പറഞ്ഞത് അത് സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു സാധാരണ ഘട്ടം മാത്രമാണെന്നായിരുന്നു. അതിലൂടെ തങ്ങളുടെ വികസന പാതയുടെ ശരികള്‍ സമര്‍ഥിക്കുവാനായിരുന്നു അവര്‍ തിടുക്കം പൂണ്ടത്. പ്രതിസന്ധി കൂടുതല്‍ മൂര്‍ഛിച്ചപ്പോള്‍ അവര്‍ അതിനെ ആദ്യം ഇരട്ടമാന്ദ്യമെന്നും പിന്നീട് മൂന്നു മാന്ദ്യമെന്നും വിളിച്ചു. അതില്‍ നിന്നും പുറത്ത് ചാടാന്‍ അവര്‍ പല പോംവഴികളും നിര്‍ദേശിച്ചു. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡത്തിലെയും ഗവണ്‍മെന്റുകള്‍ക്ക് മുമ്പില്‍ സോപാധിക വായ്പാ പാക്കേജുകള്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ സര്‍വപ്രധാനം ചെലവുവെട്ടിക്കുറയ്ക്കല്‍ നടപടികളായിരുന്നു. അതിന്റെ ഭാഗമായി വിദ്യാഭ്യാസ -  ആരോഗ്യരംഗങ്ങളിലെ നിക്ഷേപങ്ങള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടു. ജീവനക്കാരുടെ വേതനവും പെന്‍ഷനും കുറവു ചെയ്തു. അവ നിഷ്ഫലമായപ്പോള്‍ ഈ രംഗങ്ങളിലെ സര്‍ക്കാര്‍ ധനവിനിയോഗം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. 30 കൊല്ലം ഗവണ്‍മെന്റിനെ സേവിച്ചവര്‍ക്കു പോലുമുള്ള പെന്‍ഷന്‍ അമേരിക്കയില്‍ നിരാകരിക്കപ്പെട്ടു. ഈ ജനവിരുദ്ധ നയങ്ങളൊന്നും അവരുടെ പ്രതിസന്ധി പരിഹരിച്ചില്ല.

അമേരിക്കയിലെ പ്രതിപക്ഷം ജനപ്രതിനിധി സഭയുടെ നിയന്ത്രണം കൈയാളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്. പ്രസിഡന്റ് ഒബാമയുടെ ആരോഗ്യ പരിരക്ഷാ പദ്ധതി സബ്‌സിഡി വെട്ടിച്ചുരുക്കല്‍ എന്ന കുറിപ്പടിയുടെ ലംഘനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ പ്രസ്തുത പദ്ധതിക്കുള്ള നീക്കിയിരുപ്പ് അടങ്ങുന്ന ബജറ്റ് പാസാക്കിക്കൊടുക്കാന്‍ അവര്‍ സന്നദ്ധരല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ 'ടീ പാര്‍ട്ടി ഗ്രൂപ്പ്'  എന്ന ഒരു കൂട്ടരുണ്ട്. അമേരിക്കയുടെ യഥാര്‍ഥ ഭരണാധികാരികളായ സൈനിക വ്യാവസായിക സാകല്ല്യങ്ങ (Military Industrial Complex) ളുടെ പ്രതിനിധികളാണവര്‍. സബ്‌സിഡി എന്ന സങ്കല്‍പം തന്നെ അവര്‍ക്ക് ചതുര്‍ഥിയാണ്. സമ്പന്നവിഭാഗത്തിന്റെ മേലുള്ള ഏതൊരു നികുതി വര്‍ധനയ്ക്കും അവര്‍ എതിരാണ്. പൊതു ആവശ്യത്തിനായുള്ള ഏതൊരു നിക്ഷേപത്തില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറണമെന്നാണ് 'ടീ പാര്‍ട്ടിഗ്രൂപ്പി' ന്റെ നിലപാട്. ഈ നിലപാടിനോട് ഒബാമയ്ക്കും വിയോജിപ്പില്ലെങ്കിലും ദുര്‍ബല ജനവിഭാഗങ്ങളുടെ കണ്ണുകെട്ടാനുള്ള ചില 'ക്ഷേമനടപടികള്‍' വേണമെന്നപക്ഷക്കാരനാണദ്ദേഹം. സബ്‌സിഡിയുടെ വലിപ്പത്തെച്ചൊല്ലിയുള്ള വടംവലിയാണ് ഇന്നത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അത് ആത്യന്തികമായി ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടുകയും നിരവധി വളരുന്ന സമ്പദ്ഘടനകള്‍ക്കു മേല്‍ നാശം വിതയ്ക്കുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവും കടബാധ്യത പേറുന്ന രാജ്യമാണ് അമേരിക്ക. വായ്പ ബോണ്ടുകള്‍ വിതരണം ചെയ്തു കുന്നുകൂട്ടുന്ന കടത്തിലൂടെയാണ് അത് നിലനില്‍ക്കുന്നത്. ഇന്ന് പ്രതിവര്‍ഷം 17 ട്രില്ല്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുന്ന തങ്ങളുടെ കടംവാങ്ങല്‍പരിധി ഇനിയും വര്‍ധിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.  ഇത് അവരുടെ കടം വാങ്ങല്‍ശേഷിയെക്കുറിച്ച് തന്നെ സംശയങ്ങളുയര്‍ത്തുകയും അന്താരാഷ്ട്ര ഏജന്‍സികള്‍ അവരുടെ റേറ്റിംഗ് താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. 2011 ല്‍ അമേരിക്കയുടെ റേറ്റിംഗ് AAA യില്‍ നിന്ന് AA+ ലേക്ക് താഴത്തപ്പെട്ടപ്പോള്‍ ആഗോള സമ്പദ്ഘടനയില്‍ അനിശ്ചിതത്വത്തിന്റെ തിരയടിക്കുകയും ഓഹരി കമ്പോളങ്ങള്‍ തകര്‍ച്ചയിലേക്ക് മൂക്കുകുത്തുകയും ചെയ്തു. ഇക്കുറിയും അത് സംഭവിച്ചാല്‍, വായ്പാ ബോണ്ടുകള്‍ക്ക് ഈടുവയ്ക്കാന്‍ കഴിയാത്ത ദയനീയപതനത്തിലേക്ക് അമേരിക്ക നിപതിച്ചാല്‍ ഇന്ത്യയും ചൈനയും അടങ്ങുന്ന വളരുന്ന രാജ്യങ്ങള്‍ ആയിരിക്കും ഏറ്റവും കനത്ത വിലനല്‍കേണ്ടി വരുക. ജപ്പാന്‍ കഴിഞ്ഞാല്‍ അമേരിക്കയ്ക്ക് ഏറ്റവും കൂടുതല്‍ പണം കടം കൊടുത്ത രാജ്യമാണ് ചൈന. അവരുടെയെല്ലാം വായ്പാ ബോണ്ടുകള്‍ അങ്ങനെ വന്നാല്‍ വിലയറ്റ കടലാസുകഷണങ്ങളായി മാറും.

സബ്‌സിഡി വെട്ടിച്ചുരുക്കല്‍ വിഷയം അമേരിക്കയേയോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയോ മാത്രം ബാധിക്കുന്നതല്ല. എല്ലാ വികസ്വര സമ്പദ്ഘടനകള്‍ക്കുമേലും അതു കെട്ടിയേല്‍പ്പിക്കാന്‍ കടുത്ത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഡബ്ല്യൂ ടി ഒ മന്ത്രിതല സമ്മേളനത്തിന്റെ മുഖ്യ പരിഗണനാവിഷയം ഇതായിരുന്നു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നടപടികളെ അവര്‍ കാണുന്നത് സബ്‌സിഡി വ്യവസ്ഥകളുടെ ലംഘനമായാണ്. ജനങ്ങള്‍ക്ക് വിലകുറച്ച് ആഹാരവും കൃഷിക്കാര്‍ക്ക് കൂടിയ വിലയും നല്‍കുന്നതിനെ അവര്‍ വ്യാഖ്യാനിക്കുന്നത്. ലോക കമ്പോളത്തില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി തടസപ്പെടുത്തുന്ന നടപടിയായാണ്. വികസ്വര രാജ്യങ്ങളെല്ലാം സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാനും വിദ്യാഭ്യാസ - ആരോഗ്യരംഗങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് അടിയറവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും.

അതിനു പുറമേ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഉത്സവകാലത്തിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന ഈ അടച്ചുപൂട്ടല്‍ വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിനുമിടയാക്കും. 2008 മെയിലെ സാമ്പത്തിക ദുരന്തത്തിന്റെ ദിനങ്ങള്‍ മുതല്‍ കയറ്റുമതി ലാക്കാക്കിയുള്ള ഇന്ത്യന്‍ വ്യവസായങ്ങളും കരകൗശല മേഖലയും ഈ കെടുതി നേരിടുകയാണ്. പ്രതിസന്ധിയുടെ ഈ പുത്തന്‍ഘട്ടം ഈ മേഖലകളെ ചിലപ്പോള്‍ തവിടുപൊടിയാക്കിയേക്കാം.

കടത്തിന്റെ മേല്‍ കെട്ടിപ്പടുക്കുന്ന സമ്പദ്‌വ്യവസ്ഥ എന്ന ആശയവും സബ്‌സിഡികളുടെ മേലുള്ള കത്തിവയ്ക്കലും ചേര്‍ന്ന് രൂപം നല്‍കിയ ഈ പ്രതിസന്ധി ലോകസമ്പദ് ഘടനയെ തകര്‍ച്ചയുടെ വക്കിലേക്ക് തള്ളിവിടുകയാണ്. അതില്‍നിന്നു നേട്ടമുണ്ടാക്കുന്ന ഒരേ ഒരുകൂട്ടര്‍ ഫിനാന്‍സ് മൂലധനം മാത്രമായിരിക്കും. ബാക്കിയുള്ളവരെല്ലാം നഷ്ടത്തിന്റെ ഭാരം പേറാന്‍ വിധിക്കപ്പെട്ടവരാണ്.

*
Courtesy: Janayugom

No comments: