Saturday, October 19, 2013

ജനസമ്പര്‍ക്കമല്ല; ഇത് ജനദ്രോഹം

എന്തൊക്കെ കോപ്രായങ്ങളാണ് രാഷ്ട്രീയ ഒറ്റപ്പെടലില്‍ പരിഭ്രാന്തനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ കാട്ടിക്കൂട്ടുന്നത്? ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന രോഗിയെ തന്റെ ജനസമ്പര്‍ക്ക ദര്‍ബാറിലേക്ക് വരുത്തുക. സ്ട്രെച്ചറില്‍ എത്തുന്ന രോഗിയെ നട്ടുച്ചയ്ക്ക് പൊരിവെയിലില്‍ ഊഴത്തിനായി കാത്തുകിടത്തുക. നിസ്സഹായനായി കിടക്കുന്ന അയാളുടെ പടമെടുക്കാന്‍ ക്യാമറക്കാര്‍ക്ക് സൗകര്യംചെയ്തുകൊടുക്കുക.

ഒടുവില്‍ 1000 രൂപയോ മറ്റോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രോഗിക്ക് കൊടുക്കുക! ജനസമ്പര്‍ക്ക പരിപാടിക്ക് മോടികൂട്ടാന്‍ മുഖ്യമന്ത്രി ഏര്‍പ്പാടുചെയ്ത ഈ നാടകം അതിക്രൂരമായ മനുഷ്യത്വമില്ലായ്മകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ആശുപത്രിയില്‍ കിടക്കുന്ന രോഗിക്ക് സഹായം കൊടുക്കണമെന്നുണ്ടെങ്കില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൈയില്‍ തുക എത്തിച്ചുകൊടുക്കുകയല്ലേ വേണ്ടത്? അങ്ങനെ ചെയ്താല്‍ വിലകുറഞ്ഞ പരസ്യം പരിപാടിക്കായി അടിച്ചെടുക്കാനാകില്ലല്ലോ. അതുകൊണ്ട് ആംബുലന്‍സില്‍, സ്ട്രെച്ചറില്‍ രോഗിയെ തന്റെ സെന്‍ട്രല്‍ സ്റ്റേഡിയം ദര്‍ബാറിലേക്ക് കൊണ്ടുവന്നു; പരസ്യപ്രദര്‍ശന വസ്തുവാക്കി. രൂപ നല്‍കി മടക്കിയയച്ചു. രോഗി ആ തുക സ്ട്രെച്ചര്‍ താങ്ങിയെത്തുന്നവര്‍ക്കും ആംബുലന്‍സ് കമ്പനിക്കാര്‍ക്കും വീതിച്ച് നല്‍കിയിട്ട് മരുന്ന് വാങ്ങാന്‍ മറ്റ് ആരെയെങ്കിലും ആശ്രയിച്ചിട്ടുണ്ടാകണം. മിതമായ വാക്കുകള്‍കൊണ്ട് ആവശ്യപ്പെടട്ടെ, ഈ സംഭവം മുന്‍നിര്‍ത്തി മനുഷ്യാവകാശലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ഇത്തരം തോന്ന്യാസങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാനനുവദിക്കരുത്.

സ്വന്തം മുന്നണിയിലും പാര്‍ടിയിലും ഒറ്റപ്പെട്ട് നില്‍ക്കുകയാണ് ഈ മുഖ്യമന്ത്രി. സരിത, ജോപ്പന്‍, സലിംരാജ് സംഘങ്ങളാല്‍ വലയം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അപകീര്‍ത്തിപ്പെട്ടുകൂടിയാണ് ആ നില്‍പ്പ്. കേരളത്തിന്റെ പൊതു ജനാധിപത്യമണ്ഡലം ഉയര്‍ത്തുന്ന സുപ്രധാന ചോദ്യങ്ങളിലൊന്നിനും ഉത്തരം നല്‍കാനില്ലാതെ നിസ്സഹായനായി നില്‍ക്കുന്ന മുഖ്യമന്ത്രി തരംപോലെ നിലപാട് മാറ്റിയും പറഞ്ഞത് മാറ്റിപ്പറഞ്ഞും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ ദയനീയാവസ്ഥയ്ക്ക് വഴിവച്ച, അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള കപടനാടകമായിരുന്നു വെള്ളിയാഴ്ചത്തെ ജനസമ്പര്‍ക്കപരിപാടി. നാടകത്തിനുള്ളിലെ നാടകമായി വേണം ആശുപത്രിയില്‍നിന്ന് രോഗിയെ സ്ട്രെച്ചറില്‍ കൊണ്ടുവന്ന പരിപാടിയെ കാണാന്‍. ജനങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി ജനപ്രതിനിധികളെവരെ ഭയക്കുന്ന നിലയിലേക്ക് തരംതാണിരിക്കുന്നു എന്നതാണ് തിരുവനന്തപുരത്ത് കണ്ടത്. ഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ ഉപേക്ഷിച്ച് എത്തിയ എംപിമാര്‍, അര്‍ഹരായ സഹായാപേക്ഷകരുമായി എത്തിയ എംഎല്‍എമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരെപ്പോലും "ദര്‍ബാറിലേക്ക്" കടത്തിവിട്ടില്ല. പ്രതിഷേധിച്ച അവരെ നിര്‍ലജ്ജം അറസ്റ്റ് ചെയ്ത് നീക്കി. ഇത് എന്ത് ജനാധിപത്യമാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ? ജനപ്രതിനിധികളുടെ പാര്‍ലമെന്ററി അവകാശങ്ങളുടെ ധ്വംസനംകൂടിയാണ് താങ്കള്‍ നടത്തിയത് എന്നത് ഓര്‍മിപ്പിക്കട്ടെ.

ജനസമ്പര്‍ക്കപരിപാടി ഒന്നാംതരം തട്ടിപ്പാണെന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യമാണ്. കേരളത്തിനു പുറത്തുപോയപ്പോള്‍ ലഭിച്ച നിവേദനങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ചുപോന്ന മുഖ്യമന്ത്രിയാണിത്. ആ നിവേദനങ്ങള്‍ പിന്നീട് കുപ്പത്തൊട്ടിയില്‍നിന്ന് കണ്ടുകിട്ടിയത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ പ്രതിഫലിച്ചുകണ്ട അതേ പുച്ഛമാണ് സത്യത്തില്‍ ഈ മുഖ്യമന്ത്രിക്ക് കേരളത്തിനുള്ളിലുള്ളവരോടും ഉള്ളത്. അതിനു മറയിട്ട് ജനസമ്പര്‍ക്കപരിപാടി നടത്തുന്നത് തകര്‍ന്നുതരിപ്പണമായ തന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ചെപ്പടിവിദ്യയല്ലാതെ മറ്റൊന്നുമല്ല. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നതു കൊണ്ടുതന്നെയാണ് ജനസമ്പര്‍ക്കപരിപാടി നടക്കുന്നിടത്തേക്ക് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ആഹ്വാനം ചെവിക്കൊണ്ട് ജനസഹസ്രങ്ങള്‍ പ്രതിഷേധവുമായി ഇരമ്പിയെത്തിയത്.

ജനസമ്പര്‍ക്കപരിപാടിയില്‍ വീതിച്ചുകൊടുക്കുന്ന തുച്ഛമായ തുകയുടെ എത്രയോ മടങ്ങാണ് പരിപാടിയുടെ സംഘാടനത്തിനും പബ്ലിസിറ്റിക്കുമായി ഈ സര്‍ക്കാര്‍ ചെലവിടുന്നത്. ഭരണം കാര്യക്ഷമമാക്കാന്‍ കഴിയില്ല എന്നതിന്റെ വിളംബരംകൂടിയാകുന്നുണ്ട് ഈ ജനസമ്പര്‍ക്കം. വില്ലേജ് ഓഫീസുമുതല്‍ കലക്ടറേറ്റുവരെ ജാഗ്രതപ്പെടുത്തി അര്‍ഹര്‍ക്ക് സാധാരണ പ്രക്രിയയിലൂടെ കാര്യക്ഷമമായി എത്തിച്ചുകൊടുക്കേണ്ട അര്‍ഹതപ്പെട്ട സഹായമാണ് മുഖ്യമന്ത്രി ആ ഭരണസംവിധാനത്തെയാകെ തളര്‍ത്തിയിട്ട് വ്യക്തിപരമായ ധര്‍മംകൊടുക്കല്‍ എന്ന മട്ടില്‍ നല്‍കുന്നത്. ഇത് ഒരു രാഷ്ട്രീയ തട്ടിപ്പുകൂടിയാണ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ടിക്കും സ്വീകാര്യതയുണ്ടാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ മാമാങ്കം; പ്രതിച്ഛായാ നിര്‍മാണത്തിനുള്ള ഗ്രൂപ്പ് എക്സര്‍സൈസ്! ഇത് ഈ നിലയില്‍ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാകണം ധനമന്ത്രി ഈ മാമാങ്കത്തില്‍ റോള്‍വഹിക്കാന്‍ പോകാറില്ല. എന്നു മാത്രമല്ല, ആസൂത്രിത വികസനത്തിന്റെ പ്രക്രിയയെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍പണമെടുത്ത് വിതറുന്നതിനോട് നയപരമായിക്കൂടി ധനമന്ത്രിക്ക് വിയോജിപ്പുണ്ട്. ധനമന്ത്രി മാത്രമല്ല, മുന്നണിയിലെ ഇതര ഘടകകക്ഷികളില്‍ പലതും മുഖ്യമന്ത്രിയുടെ വ്യക്തിഗത പ്രതിച്ഛായാ നിര്‍മാണപരിപാടിയോട് സഹകരിക്കാന്‍ താല്‍പ്പര്യം കാട്ടുന്നില്ല എന്നാണ് അറിയുന്നത്.

എപിഎല്‍-ബിപിഎല്‍ മാറ്റങ്ങള്‍പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കുമേല്‍ മുഖ്യമന്ത്രിയാണ് തീര്‍പ്പുകല്‍പ്പിക്കുന്നതെന്ന അവസ്ഥ വിചിത്രമായാണ് അവര്‍ക്കുപോലും അനുഭവപ്പെടുന്നത്. സാധാരണമായ ഭരണവഴികളിലൂടെ ജനങ്ങള്‍ക്ക് കിട്ടിപ്പോരുന്ന ക്ഷേമ-ആശ്വാസ സഹായങ്ങള്‍ തന്റെയും പാര്‍ടിയുടെയും ദാനമാണെന്ന മട്ടില്‍ മുഖ്യമന്ത്രി എടുത്ത് കൈകാര്യംചെയ്യുന്നതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ അതൃപ്തി വളരുന്നുണ്ട്. തട്ടിപ്പ്, വെട്ടിപ്പ് വിദ്യകളിലൂടെ ജനങ്ങളെ പറ്റിച്ച് അധികാരത്തില്‍ പിടിച്ചുനില്‍ക്കാമെന്നും അതിന്റെ തണലില്‍ എല്ലാ അധര്‍മപ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാമെന്നും മുഖ്യമന്ത്രി കരുതരുത്. അക്കാര്യം അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നതായി എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന വെള്ളിയാഴ്ചത്തെ പ്രതിഷേധമുന്നേറ്റം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: