Tuesday, October 15, 2013

അനുഭവങ്ങളില്‍നിന്ന് പഠിക്കാത്തവര്‍

പുത്തന്‍സാമ്പത്തികനയത്തിന്റെ ഏറ്റവും പ്രധാന മുദ്രാവാക്യമാണ് സ്വകാര്യവല്‍ക്കരണം. ബാങ്കിങ് മേഖലയിലും സ്വകാര്യവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് ഡോ. മന്‍മോഹന്‍ സിങ്ങും ചിദംബരവും നേതൃത്വം നല്‍കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ആദ്യം ദേശസാല്‍കൃതബാങ്കുകളുടെ ഓഹരികളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. ഇപ്പോള്‍ ദേശസാല്‍കൃതബാങ്കുകളുടെ നാല്‍പ്പത്തൊമ്പത് ശതമാനം ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് ആവാം. ഇതിന്റെ അര്‍ഥം എന്താണ്? അമ്പത്തൊന്ന് ശതമാനം ഓഹരി സര്‍ക്കാരിനുണ്ടെങ്കിലും നാല്‍പ്പത്തൊമ്പത് ശതമാനം ഓഹരിയുള്ള സ്വകാര്യമേഖലയ്ക്ക് ദേശസാല്‍കൃതബാങ്കുകളെ നിയന്ത്രിക്കാന്‍ സാധിക്കും. ആഗോളതലത്തില്‍ ബാങ്കിങ് മേഖല തകര്‍ച്ചയെ നേരിട്ടപ്പോഴും ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ച ദേശസാല്‍കൃതബാങ്കിങ് മേഖല യുപിഎയുടെ നേതൃത്വത്തില്‍ സ്വകാര്യവല്‍ക്കരണ ഭീഷണി നേരിടുന്നുവെന്ന് ചുരുക്കം.

ബാങ്കിങ് മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യത്തിനാണെന്നതിന് എന്ത് ന്യായമാണുള്ളത്? ഇന്ദിരാഗാന്ധിയുടെ കാലത്താണ് പ്രമുഖബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. അതിന് രണ്ട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. പല ബാങ്കുകളും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനാവാതെ, അവരുടെ നിക്ഷേപം തിരിച്ചുനല്‍കാന്‍ കഴിയാത്തവിധം കുഴപ്പത്തില്‍ പൊയ്ക്കൊണ്ടിരുന്നു. രണ്ടാമത്തെ പ്രശ്നം, ഗ്രാമീണമേഖലയില്‍ ശാഖകള്‍ സ്ഥാപിക്കാനോ സാധാരണക്കാരായ ജനങ്ങളുടെ വായ്പാ താല്‍പ്പര്യം സംരക്ഷിക്കാനോ അവര്‍ മുന്നോട്ടുവന്നില്ല. ദേശസാല്‍ക്കരണം ഇതിന് പരിഹാരമായി. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ നിക്ഷേപം സുരക്ഷിതമാണെന്ന് തെളിയിച്ചു. ആവശ്യത്തിനായില്ലെങ്കില്‍പോലും ഗ്രാമങ്ങളിലും ചെറിയപട്ടണങ്ങളിലും ദേശസാല്‍കൃതബാങ്കുകളുടെ ശാഖകള്‍ വര്‍ധിച്ചു.

ലോകത്തെ മുതലാളിത്ത-വന്‍കിട-സ്വകാര്യബാങ്കുകളുടെ 2008ലെ തകര്‍ച്ചയില്‍നിന്ന് ഇന്ത്യയിലെ ഭരണാധികാരികള്‍ ഒരു പാഠവും പഠിച്ചില്ലെന്നാണ് അവരുടെ നടപടികളില്‍നിന്ന് വ്യക്തമാവുന്നത്. അമേരിക്കയിലെയും ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്പിലെയും വന്‍കിട ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പണം നല്‍കാനാവാതെ താല്‍ക്കാലികമായി അടച്ചു പൂട്ടേണ്ടിവന്നു. തകര്‍ന്ന ബാങ്കുകളെ രക്ഷിക്കാന്‍ നികുതിദായകരുടെ പണം എടുത്ത് നല്‍കാന്‍ യൂറോപ്പിലെയും അമേരിക്കയിലെയും സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചു. എന്നാല്‍, സ്വകാര്യബാങ്കിങ് മേഖലയുടെ ഘടനയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി ഭരണം നടത്തുന്ന അവിടങ്ങളിലെ സര്‍ക്കാരുകള്‍ തയ്യാറായില്ല. മുതലാളിത്തരാജ്യങ്ങളിലെല്ലാം ബാങ്കിങ് മേഖല തകര്‍ച്ചയെ നേരിട്ടപ്പോഴും ഇന്ത്യ പിടിച്ചുനിന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതല്ലേ. ആഗോളതകര്‍ച്ചയില്‍നിന്ന് രാജ്യത്തെ ബാങ്കുകള്‍ രക്ഷപ്പെട്ടതിന് കാരണം പ്രമുഖബാങ്കുകളെല്ലാം ദേശസാല്‍കൃതമായതിനാലാണ്. ലോകത്തിനാകെ മാതൃകയായ രാജ്യത്തെ ബാങ്കിങ് മേഖലയുടെ നേട്ടം നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയുമല്ലേ രാജ്യസ്നേഹികള്‍ ചെയ്യേണ്ടത്. രാജ്യസ്നേഹത്തേക്കാള്‍ കോര്‍പറേറ്റ് മുതലാളിമാരോട് കൂറുപുലര്‍ത്തുന്നവര്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ വിസ്മരിച്ച് സ്വകാര്യവല്‍ക്കരണത്തിന് പരിശ്രമിക്കുന്നു. ലോകത്തെ കുത്തകബാങ്കിങ് മേഖല കാണിച്ചുതന്ന ഒരു മാര്‍ഗമുണ്ട്. അവരുടെ ലക്ഷ്യം ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുകയാണ്.

രാജ്യത്ത് വലിയതോതില്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും ആരംഭിച്ചിട്ടുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്വകാര്യബാങ്കിങ് ലൈസന്‍സ് ലഭ്യമാക്കുന്ന തരത്തിലാണ് നിബന്ധനകള്‍. അതില്‍ പ്രധാനം ലൈസന്‍സിന് 500 കോടി രൂപയുടെ മൂലധനം വേണം എന്നതാണ്. പ്രാരംഭത്തില്‍ 500 കോടി രൂപ മൂലധനം കാണിക്കണമെങ്കില്‍ കോര്‍പറേറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കു മാത്രമേ കഴിയൂ. ഇതുവരെ ലഭിച്ച അപേക്ഷകള്‍ കാണിക്കുന്നതും ഇതുതന്നെ. ടാറ്റ, റിലയന്‍സ് തുടങ്ങിയ കോര്‍പറേറ്റ് കുത്തകസ്ഥാപനങ്ങളാണ് ഇപ്പോള്‍ അപേക്ഷകരായി വന്നിട്ടുള്ളത്. യശ്വന്ത്സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ ധനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാരിന്റെ നിര്‍ദേശത്തോട് ശക്തിയായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാവസായികസംരംഭങ്ങളെയും ബാങ്കിങ് മേഖലയെയും വേര്‍തിരിച്ച് കാണണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പുതുതായി ലൈസന്‍സ് ലഭിക്കുന്ന ബാങ്കുകള്‍ അവരുടെ ഇരുപത്തഞ്ച് ശതമാനം ശാഖകള്‍ ഗ്രാമങ്ങളില്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2013 മാര്‍ച്ച് വരെ സ്വകാര്യബാങ്കുകള്‍ക്ക് മൊത്തമുള്ള 15,631 ശാഖകളില്‍ 2699 എണ്ണം മാത്രമാണ് ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പതിനേഴ് ശതമാനംമാത്രം. സ്വകാര്യവല്‍ക്കരണംക്കൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണക്കാരെ ബാങ്കിങ് മേഖലയില്‍ കൊണ്ടുവരികയും മുന്‍ഗണനാമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കാനുമാണെന്നാണ്. ഈ ന്യായവാദത്തോട് പാര്‍ലമെന്ററി സമിതിയില്‍ അംഗമായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ശക്തിയായി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുപത്തഞ്ച് ശതമാനം ശാഖകള്‍ ഗ്രാമങ്ങളിലായിരിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി സമിതി പരിശോധിച്ചു. ഇതുവരെ ഇരുപത് ശതമാനംപോലും എത്താന്‍ സ്വകാര്യമേഖലയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്വകാര്യവല്‍ക്കരണത്തിനൊപ്പം, റിസര്‍വ്ബാങ്ക് നിയമിച്ച ബക്ഷികമ്മിറ്റിയുടെ നിര്‍ദേശം, സഹകരണഗ്രാമീണ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നാണ്. ആ നിര്‍ദേശം നടപ്പാക്കാന്‍ നബാര്‍ഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍നിന്ന് പൊതുസഹകരണമേഖലകളെ തുടച്ചുനീക്കാനാണ് കേന്ദ്ര യുപിഎ സര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും ശ്രമിക്കുന്നത് എന്നര്‍ഥം. ബാങ്കിങ് മേഖല പൂര്‍ണമായി സ്വകാര്യവല്‍കരിച്ച് കോര്‍പറേറ്റ് നിയന്ത്രണത്തിലാക്കുകയാണ് യുപിഎയുടെ ലക്ഷ്യം. ലോകാനുഭവങ്ങളില്‍നിന്ന് ഒരു പാഠവും പഠിക്കാത്തവരാണിവര്‍.

*
ഇ ചന്ദ്രശേഖരന്‍നായര്‍ ദേശാഭിമാനി

No comments: