Saturday, October 12, 2013

"ചെറിയ മനുഷ്യന്‍ .. വലിയ ലോകം"

""സച്ചിന്‍ എത്രയായി...?"" പല ഭാഷയില്‍, ഈ സംഭാഷണം ഇന്ത്യയിലെങ്ങും ഉയര്‍ന്നിട്ടുണ്ട്. ഐക്യമത്യം മഹാബലം എന്നാണ് മറ്റേതു ടീം ഗെയിമിനെപ്പോലെയും ക്രിക്കറ്റിന്റെയും പ്രമാണം. എന്നാല്‍ അഞ്ചടി അഞ്ചിഞ്ചു മാത്രമുള്ള ഈ കുറിയ മനുഷ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വന്തം ബാറ്റില്‍ കുരുക്കിയിട്ടു.

ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായി. പലര്‍ക്കും സച്ചിന്‍ ക്രിക്കറ്റ് ദൈവമായി. ലോക ക്രിക്കറ്റിന്റെ പുറമ്പോക്കിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് സൃഷ്ടി, സ്ഥിതി, സംഹാര പദവിയിലേക്ക് നടന്നുകയറിയത് ഈ താരത്തിന്റെ ഉദയത്തിനുശേഷമായിരുന്നു. ട്വന്റി 20കാലത്തിനു മുമ്പ്, സച്ചിന്റെ ക്ലീന്‍ ഇമേജ് മുതലാക്കാന്‍ കോര്‍പറേറ്റുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോഴാണ് പണം ഒഴുകിത്തുടങ്ങിയത്.

പലപ്പോഴും സച്ചിന്‍ എന്ന വ്യക്തിയെ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് അടര്‍ത്തിമാറ്റി കാണാനാണ് പലര്‍ക്കും താല്‍പ്പര്യം. പക്ഷെ ഈ മഹാനായ ബാറ്റ്സ്മാന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ഇന്ത്യന്‍ ക്രിക്കറ്റിന്റേതുകൂടിയാണ്. സുനില്‍ ഗാവസ്കറുടെ കരീബിയന്‍ ധീരത, കപിലും ചെകുത്താന്മാരും ലോര്‍ഡ്സില്‍ പ്രുഡന്‍ഷ്യല്‍ കപ്പ് ഉയര്‍ത്തിയത്, ദീലീപ് വെങ്ക്സാര്‍ക്കറുടെ ലോര്‍ഡ്സ് പ്രണയം, ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജിസില്‍ രവിശാസ്ത്രിയുടെ ഓഡി കാര്‍ വിജയം- ഇതിന്റെയൊക്കെ പേരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പുറത്തറിയപ്പെട്ടിരുന്നത്. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വരവോടെ ഇന്ത്യന്‍ ടീം "ടീം ഇന്ത്യ"യായി. ലോക ക്രിക്കറ്റിലെ വന്‍ശക്തിയായി. 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോക കിരീടം നേടുകയും ചെയ്തു. സുനില്‍ ഗാവസ്കറുടെ മെല്ലെപ്പോക്കില്‍നിന്ന് ഉണര്‍ന്നെങ്കിലും കൃഷ്ണമാചാരി ശ്രീകാന്തിന്റെ ആക്രമണാത്മക ശൈലിയിലേക്ക് പൂര്‍ണമായി എത്താന്‍കഴിയാതിരുന്ന കാലത്താണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന കൗമാരക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവതരിക്കുന്നത്. കറാച്ചിയില്‍ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ വെറും 15 റണ്‍. ബോംബെയില്‍ കൂട്ടുകാരന്‍ വിനോദ് കാംബ്ലിക്കൊപ്പം ഹാരീസ് ഷീല്‍ഡില്‍ ലോകറെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞശേഷം ഒരുവര്‍ഷം കഴിഞ്ഞാണ് ടെന്‍ഡുല്‍ക്കര്‍ ദേശീയ ടീമില്‍ കളിക്കുന്നത്. സമനിലയില്‍ അവസാനിച്ച ടെസ്റ്റ്പരമ്പരയില്‍ രണ്ട് അരസെഞ്ചുറികളോടെ സച്ചിന്‍ വരവറിയിച്ചു. സിയാല്‍ക്കോട്ടിലെ അവസാന ടെസ്റ്റില്‍ വഖാര്‍ യൂനിസിന്റെ ഏറുകൊണ്ട് മൂക്കുതകര്‍ന്നെങ്കിലും കളി തുടര്‍ന്ന ഈ യുവാവ് 57 റണ്‍ എടുത്താണ് മടങ്ങിയത്. മഴ കൊണ്ടുപോയ ആദ്യ ഏകദിനത്തിനുശേഷം ഗുജ്റന്‍വാലയില്‍ രണ്ടാം കളിയില്‍ അവസരം കിട്ടിയെങ്കിലും പൂജ്യനായി മടങ്ങി. തുടര്‍ന്ന് ടീമിനു പുറത്ത്. മഴമൂലം പൂര്‍ത്തിയാകാത്ത മൂന്നാം കളിയിലും പാകിസ്ഥാന്‍ ജയിച്ച നാലാം മത്സരത്തിലുംഅവസരം ലഭിച്ചതുമില്ല. ഒരു ശരാശരി ക്രിക്കറ്റ് താരത്തിന്റെ ശരാശരി അരങ്ങേറ്റം എന്നതിലപ്പുറം പാക്പര്യടനത്തില്‍ സച്ചിന്റെ പ്രകടനം വാഴ്ത്തപ്പെട്ടതുമില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 17 വയസ്സും 113 ദിവസവും പ്രായമുള്ള ടെന്‍ഡുല്‍ക്കര്‍ ഓള്‍ഡ്ട്രാഫോഡില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 119 റണ്‍ നേടി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരം എന്ന ബഹുമതി സച്ചിന്‍ സ്വന്തമാക്കിയെന്നു മാത്രമല്ല, കളിയില്‍ ഈ പ്രകടനം ഇന്ത്യക്ക് വിലപ്പെട്ട സമനില നല്‍കുകയും ചെയ്തു.

ഏകദിന, ടെസ്റ്റ് പരമ്പരയില്‍ തോല്‍വിയോടെയാണ് ഇന്ത്യ മടങ്ങിയത്. പക്ഷെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന താരത്തിന്റെ ഉദയത്തിനുകൂടി ഈ പരമ്പര നിമിത്തമായി. പിന്നെ എല്ലാം ചരിത്രം. കളിയാഘോഷത്തിന്റെ നീണ്ട 24 വര്‍ഷത്തിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാഡ് അഴിക്കുന്നത് ഒരുപറ്റം റെക്കോഡുകളുമായാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സും സെഞ്ചുറിയും, ഏറ്റവുമധികം ഏകദിന മത്സരങ്ങള്‍, ഏറ്റവുമധികം ടെസ്റ്റ്... ഈ റെക്കോഡുകളില്‍ പലതും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. ഗാംഗുലി നമുക്കൊരിക്കലും സൗരവ് ആയിരുന്നില്ല. ദ്രാവിഡിനെ നമ്മളാരും രാഹുല്‍ എന്ന് സ്നേഹപൂര്‍വം വിളിച്ചിട്ടില്ല. ധോണി നമുക്കൊരിക്കലും മഹിയാകുകയുമില്ല. പക്ഷെ ടെന്‍ഡുല്‍ക്കര്‍ എന്നും നമുക്ക് സച്ചിനാണ്. പേരിന്റെ ആദ്യഭാഗം പറഞ്ഞ് സംബോധനചെയ്യുന്നത് അടുപ്പമുള്ളവരെ മാത്രമാണ്. ഗാംഗുലിയെയും ദ്രാവിഡിനെയും ധോണിയെയുമൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന് ഏറെ ഇഷ്ടമാണ്. പക്ഷെ ഇവരോടുമൊന്നുമില്ലാത്ത എന്തോ ഒന്ന് സച്ചിനോട് നമുക്കുണ്ട്. അത് ടെന്‍ഡുല്‍ക്കര്‍ എന്ന താരത്തിന്റെ പ്രതിഭയോടുള്ള കടുത്ത ആരാധന മാത്രമല്ല, പകരം സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന നല്ല മനുഷ്യനോടുള്ള ഇഷ്ടംകൂടിയാണ്. താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും അടിമുടി മാന്യത പുലര്‍ത്തിയതാണ് ടെന്‍ഡുല്‍ക്കറെ സച്ചിനാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ വീഴ്ചകളിലും ഇന്ത്യ സച്ചിനൊപ്പം നിന്നു. ദക്ഷിണാഫ്രക്കന്‍ പര്യടനത്തിലെ പന്തു ചുരണ്ടല്‍ വിവാദത്തിലും, സമ്മാനമായി ലഭിച്ച ഫെറാറി കാറിന് നികുതി നല്‍കാത്തതുമൊക്കെ ഓര്‍ക്കുക. മറ്റേതെങ്കിലും താരമായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ ജൂലിയസ് സീസറിന്റെ വിധിയാകുമായിരുന്നു സച്ചിന്.

ഇന്ത്യന്‍ വാണിജ്യസിനിമയിലെ വാര്‍പ്പു മാതൃകാ നായകന്റെ പരിവേഷമുള്ള സച്ചിന്‍ ആരാധകരുടെ ഇഷ്ടതാരമായി. ഇംഗ്ലീഷ് അത്രയൊന്നും അറിയാത്ത, കാര്യമായ വിദ്യാഭ്യാസമില്ലാത്ത, മധ്യവര്‍ഗ കുടുംബക്കാരനായ, നാണംകുണുങ്ങിയായ സച്ചിന്‍ ഒരു ശരാശരി ഇന്ത്യക്കാരന്റെ ഹൃദയത്തില്‍ ഇടംപിടിച്ചതില്‍ ഒട്ടും അത്ഭുമില്ല. സച്ചിന്‍ ഇത് തികച്ചും അര്‍ഹിച്ചിരുന്നു. കാരണം പ്രതിഭയെയും ജീവിതത്തെയും ധൂര്‍ത്തടിച്ച പഴയ കൂട്ടുകാരന്‍ വിനോദ് കാംബ്ലയുടെയും കേരളത്തിന്റെ എസ് ശ്രീശാന്തിന്റെയും കരിയര്‍ മാത്രം മതി സച്ചിന്റെ മഹത്വം മനസ്സിലാക്കാന്‍.

സച്ചിന്‍ ഒരു പാഠപുസ്തകമാണ്. അത് കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും. കളിയില്‍ മാത്രം ശ്രദ്ധിച്ച്, കളിക്കുപുറത്തുള്ള കളികളില്‍ പെടാതെ കരിയര്‍ കാത്തുസൂക്ഷിച്ച മഹാനായ താരം എന്ന പാഠപുസ്തകം. വിരമിക്കല്‍ പ്രഖ്യാപത്തിനു തൊട്ടുമുമ്പ് നടന്ന ചാമ്പ്യന്‍സ് ലീഗില്‍ സച്ചിന്‍ ഒരുങ്ങിയതിനെപ്പറ്റി മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗര്‍ വിശേഷിപ്പിച്ചത് "അത്ഭുതം" എന്നാണ്. ചുറ്റും നടക്കുന്നതൊന്നുമറിയാതെ, പന്തില്‍ കണ്ണുംനട്ട് നെറ്റ്സില്‍ മണിക്കൂറുകളോളം സച്ചിന്‍ ബാറ്റ്ചെയ്തു. ആദ്യമായി ചോക്ലേറ്റ് ലഭിച്ച കുട്ടിയെപ്പോലെയായിരുന്നു സച്ചിന്‍ എന്നാണ് ലാംഗര്‍ പറഞ്ഞത്. സച്ചിന്, കളിയോടുള്ള കൗതുകവും, താല്‍പ്പര്യവും കുട്ടികള്‍ക്ക് ചോക്ലേറ്റിനോടുള്ള പ്രണയംപോലെയാണ്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ടെന്നീസ് പന്തില്‍ കളി തുടങ്ങിയ കാലംമുതല്‍ 200-ാം ടെസ്റ്റ് കളിച്ച് ഭരതവാക്യം ചൊല്ലുന്നതുവരെ.

*
എം കെ പത്മകുമാര്‍ ദേശാഭിമാനി

No comments: