Monday, October 14, 2013

പേടിയില്ലാത്ത പെണ്‍നോട്ടങ്ങള്‍

ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആരാണെന്നറിയുമോ? കമ്പ്യൂട്ടറിലെ ആദ്യസാഹസികനെയിം എഴുതിയത് ആരാണെന്നറിയുമോ... ഏതെങ്കിലും പുരുഷനിലേക്കാണ് ഉത്തരസൂചിക നീളുന്നതെങ്കില്‍ തെറ്റി... ഇവ രണ്ടും സ്ത്രീകളുടെ സംഭാവനകളായിരുന്നു. എന്നുവച്ചാല്‍ പുരുഷകേന്ദ്രീതമായ ഒരു ലോകമാണ് കമ്പ്യൂട്ടര്‍ എന്ന ധാരണ മാറ്റിവയ്ക്കണമെന്നര്‍ത്ഥം. സാങ്കേതിക വിദ്യ പുരുഷന്റെ മേല്‍ക്കോയ്മയാണെന്ന ആ ധാരണ കൊണ്ടുതന്നെ ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ സാങ്കേതികത എന്നിവിടങ്ങളില്‍ ഒരു ആണ്‍കോയ്മ രൂപപ്പെട്ടു. പതുക്കെപ്പതുക്കെ സ്ത്രീകള്‍ ഈ രംഗത്ത് പലരീതിയില്‍ ഇടപെടാനും കൈയടക്കാനും തുടങ്ങിയതോടെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ചില പൊതുഇടങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായി തുടങ്ങിയത്. അള്‍ട്രാവയ്‌ലറ്റ്, ഫെമിനിസ്റ്റ് കോം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. സ്ത്രീകളുടെ (പുരുഷന്മാരുടെയും) ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ബന്ധപ്പെടുത്തിയിട്ടുള്ള ചര്‍ച്ചകളും ഇടപെടലുകളും അവ നിര്‍വഹിക്കുന്നു. ഈ അവസ്ഥയിലാണ് സൈബര്‍ഫെമിനിസം എന്ന പരികല്‍പന ചര്‍ച്ച ചെയ്യേണ്ടത്.

1990കള്‍ മുതലാണ് ഒരു വിഷയമെന്ന രീതിയില്‍ സൈബര്‍ഫെമിനിസം ഉയര്‍ന്നുവന്നത്. ഒരേ സമയത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ ആളുകള്‍ ഈ പദം പ്രയോഗിച്ചുതുടങ്ങി. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള സൈബര്‍ ഫെമിനിസ്റ്റ് മാനിഫെസ്റ്റോയിലാണ് വീനസ് മാട്രിക്‌സ് (VNS Matrix) ഈ പദം ആദ്യമുപയോഗിച്ചത് four bored girls decided to have fun with art and French Feminist theory... with homage to Donna Haraway they began to play around with the idea of Cyberfeminism... പക്ഷേ ഇതൊരു തമാശയായിരുന്നില്ല. അത് സൈബര്‍ ഫെമിനിസത്തിന്റെ മാനിഫെസ്റ്റോ ആയിത്തീരുകതന്നെയായിരുന്നു. ഒപ്പം ഒരു പ്രസ്ഥാനമെന്ന നിലയില്‍ സൈബര്‍ഫെമിനിസത്തെ പരുവപ്പെടുത്താന്‍ അതു വഴിയൊരുക്കി. ഇതേസമയം തന്നെ യൂറോപ്പില്‍ കോര്‍ണീലിയ സോള്‍ഫ്രാങ്ക്, ഫെയ്ത്ത് വില്‍ഡിങ്, യുവോണ്‍ വോള്‍ക്കാര്‍ട്ട്, ഹെലേന വോണ്‍ ഓള്‍ഡന്‍ബര്‍ഗ് എന്നിവര്‍ ചേര്‍ന്ന് ദ ഓള്‍ഡ് ബോയ്‌സ് നെറ്റ്‌വര്‍ക്ക്' എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഈ സംഘടനയാണ് ഒന്നാം സൈബര്‍ഫെമിനിസ്റ്റ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച് സൈബര്‍ഫെമിനിസത്തിന് ചില നിബന്ധനകള്‍ ഒക്കെ തയ്യാറാക്കി ഇതിനെ ഒരു പ്രസ്ഥാനമാക്കിത്തീര്‍ത്തത്. 1997-ല്‍ ജര്‍മനിയിലെ കാസലില്‍ നടന്ന സമ്മേളനത്തിലായിരുന്നു അത്.

പുതിയ മേച്ചില്‍പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഒത്തുകൂടാനും, ആശയങ്ങള്‍ പങ്കുവയ്ക്കാനും  സൈബര്‍ഫെമിനിസത്തെ ഏതു ദിശയിലേക്ക് കൊണ്ടുപോകണമെന്നു തീരുമാനിക്കാനും അതിനൊരു പൊതുനിര്‍വചനം സ്വരൂപിക്കാനുമായി ചേര്‍ന്നു. ഏകദിനസമ്മേളനമായിരുന്നു അത്. എന്നാല്‍ അവരത് നിര്‍വചിച്ചില്ല. മറ്റുള്ളവരെ നിര്‍ബന്ധിച്ച് ഒരു നിര്‍വചനത്തിലേക്ക് കൊണ്ടെത്തിക്കുന്നതിനുപകരം അവയ്ക്ക് നൂറ് ആന്റിതീസിസ് ഉണ്ടാക്കുയായിരുന്നു അവര്‍ ചെയ്തത്. സൈബര്‍ഫെമിനിസം എന്തല്ലയോ അതായിരുന്ന അവര്‍ പറയാനുദ്ദേശിച്ചത്. അതൊരു സുഗന്ധമല്ല എന്നും, മുറിവല്ലെന്നും അതിനൊരൊറ്റ ഭാഷയില്ലെന്നും, പൂര്‍ണമല്ലെന്നും, ഉള്ള നൂറ് വിവരണങ്ങളിലൂടെ സൈബര്‍ ഫെമിനിസം എന്ത് എന്നവര്‍ പറഞ്ഞുവച്ചു. ഒ ബി എന്നിലെ യുവോണ്‍ പോള്‍ക്കര്‍ട്ട് പറയുന്നു.

അതൊരു മിത്താണ്. തിരിച്ചറിയപ്പെടാത്ത സ്രോതസ്സുള്ളതോ വ്യത്യസ്തങ്ങളായ അനേകം സ്രോതസ്സുള്ളതോ ആയ കഥയാണ് മിത്ത്. അതൊരൊറ്റ കേന്ദ്രകഥയില്‍ അടിസ്ഥാനപ്പെടുത്തിയത് പലവിതാനങ്ങളില്‍ വീണ്ടും വീണ്ടും പറയപ്പെട്ടതുമാണ്. അത് പരമമായ സത്യത്തെയും ചരിത്രത്തെയും നിരാകരിക്കുകയും പല ഇടങ്ങളും വ്യത്യസ്തകഥകള്‍ തമ്മിലുള്ള വ്യത്യസ്തതകള്‍ തമ്മിലും സത്യാനേ്വഷണത്തെ ആരോപിക്കുന്നു.'' ഇതില്‍ നിന്നും ഉരുത്തിരിയുന്ന സൈബര്‍ഫെമിനിസം ഇങ്ങനെയുള്ളതാണ്. രസകരവും, സ്ത്രീവിഷയങ്ങള്‍ രസകരമായി കൈകാര്യം ചെയ്യുന്നതും സൈബര്‍ സ്‌പെയ്‌സില്‍ ഏകത പ്രദാനം ചെയ്യുന്നതും, ശരീരവും സാങ്കേതികതയും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുന്നതും പ്രവര്‍ത്തനക്ഷമവും ഒക്കെയാണത്.

അങ്ങനെ സ്വയം നിര്‍വചിക്കാവുന്ന, സ്വയം നിര്‍വചനങ്ങള്‍ വൃക്തികേന്ദ്രീതമായി നിര്‍മ്മിക്കാവുന്ന ഒന്നാണ് സൈബര്‍ഫെമിനിസം. ഒരുപാടുതരം അധ്വാനമേഖലകള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ അതിനുപുറമേ സ്വതന്ത്രമായ ചില സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉദ്വിഗ്നതകളും പങ്കുവയ്ക്കാന്‍ സോഷ്യല്‍നെറ്റ് വര്‍ക്ക്‌സൈറ്റുകളിലൂടെ സ്ത്രീകള്‍ക്ക് ഇതു വഴിയൊരുക്കുന്നു. സ്വന്തം അഭിപ്രായങ്ങള്‍ ധീരമായി പറയാന്‍, ഒളിഞ്ഞും തെളിഞ്ഞും പരസ്യപ്പെടുത്താന്‍ സൈബര്‍ഫെമിനിസം സ്ത്രീകളെ പ്രാപ്തരാക്കുന്നുവെന്നര്‍ത്ഥം.

*
ഡോ. രാധിക സി നായര്‍ janayugom

No comments: