Friday, October 11, 2013

ആധാര്‍ പ്രശ്നങ്ങള്‍ക്ക് ആധാരമാകരുത്

ആധാറിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ തുടരെ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കപ്പെടുകയാണ്. ഇന്ത്യയില്‍ സ്ഥിരതാമസമുള്ള എല്ലാവര്‍ക്കും പന്ത്രണ്ടക്ക നമ്പര്‍ നല്‍കി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള വിവിധോദ്ദേശ്യത്തോടെ ആരംഭിച്ചതാണ് ആധാര്‍ പദ്ധതി. അത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള ഉപകരണമായതാണ് ആശങ്കയ്ക്കാധാരം. അവശ്യസേവനങ്ങളും ആനുകൂല്യങ്ങളും ആധാര്‍ ഉണ്ടെങ്കിലേ പൊതുജനങ്ങള്‍ക്ക് ലഭിക്കൂ എന്ന് സര്‍ക്കാര്‍ ശഠിക്കുകയാണ്. അവശ്യസേവനം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി ഉത്തരവ് ഏതുവിധേനയും മറികടക്കാന്‍ സര്‍ക്കാര്‍ അമിതോത്സാഹം കാണിക്കുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, കേന്ദ്ര മന്ത്രിസഭാ യോഗം സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) ബില്ലിന് അംഗീകാരം നല്‍കി. ആധാര്‍ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചത് എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ്. അതിന് നിയമത്തിന്റെ പിന്‍ബലമില്ല. ആ പരിമിതി തരണംചെയ്യാനാണ് ബില്‍ കൊണ്ടുവരുന്നത്.

രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങള്‍ സമാഹരിക്കുക, തിരിച്ചറിയല്‍രേഖ ഏകീകൃതരീതിയില്‍ സൂക്ഷിക്കുക, ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആധാര്‍ നടപ്പാക്കുമ്പോള്‍ പ്രഖ്യാപിച്ചിരുന്നത്. ആ ലക്ഷ്യങ്ങള്‍ക്കെല്ലാം മുകളിലായി, സാധാരണ ജനങ്ങളുടെ ദൈനംദിനജീവിതത്തില്‍ ബാങ്കിങ് മുതല്‍ സ്വന്തം അവകാശമായ പെന്‍ഷന്‍ വാങ്ങുന്നതുവരെ ആധാറുണ്ടെങ്കിലേ നടക്കൂ എന്നാണിപ്പോള്‍ പറയുന്നത്്. പാചകവാതക സബ്സിഡി കിട്ടാനും സ്കൂളില്‍ ചേരാനും സര്‍ക്കാരാശുപത്രിയിലും ഓഫീസുകളിലും പോകാനും ആധാര്‍ വേണമെന്ന നിലയാണുണ്ടാകുന്നത്. എല്ലാവര്‍ക്കും ആധാര്‍ ലഭിച്ചശേഷം ഇങ്ങനെ ശാഠ്യംപിടിക്കുന്നതില്‍ നേരിയ ന്യായീകരണമെങ്കിലും ചൂണ്ടിക്കാട്ടാമായിരുന്നു. ജനസംഖ്യയുടെ മൂന്നിലൊന്നിനുമാത്രമേ ഇതുവരെ ആധാര്‍നമ്പര്‍ നല്‍കിയിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ 6.5 ശതമാനവും ബിഹാറില്‍ 3.13 ശതമാനവുമാണ് ആധാര്‍ ലഭിച്ചവരുടെ തോത്. രാജ്യത്താകെ 42.5 കോടി മാത്രം. എന്നിട്ടും സബ്സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ജനങ്ങളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനല്ലാതെ മറ്റെന്തിനാണ്?

നിലവില്‍ പൗരന്മാര്‍ക്ക് വിവിധ തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. പെന്‍ഷന്‍ വിതരണത്തിനും സബ്സിഡി നല്‍കാനും ബാങ്ക് ഇടപാടുകള്‍ക്കും അത്തരം കാര്‍ഡുകള്‍ ധാരാളമാണ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് എന്നാല്‍ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതംകൊണ്ട് രൂപീകരിക്കുന്നതാണ്. താന്‍ വിയര്‍പ്പൊഴുക്കിയ പണം തന്റെ ആവശ്യത്തിന് തിരിച്ചെടുക്കണമെങ്കില്‍ ആധാര്‍ വേണമെന്ന് തൊഴിലാളിയോട് പറയുന്നതിന് എന്താണ് ന്യായീകരണം? ജീവിതകാലംമുഴുവന്‍ അധ്വാനിച്ചതിന്റെ നീക്കിയിരിപ്പായ പെന്‍ഷന്‍ വാങ്ങാന്‍ എന്തിന് ആധാറിന്റെ തിരിച്ചറിയല്‍? പാസ്പോര്‍ട്ട് ഒരു പൗരനെ തിരിച്ചറിയാനുള്ള ഏറ്റവും ആധികാരികമായ രേഖയാണെന്നിരിക്കെ അതുപറ്റില്ല, ആധാര്‍ ഇല്ലെങ്കില്‍ ആനുകൂല്യമില്ല എന്ന് തീരുമാനിക്കാനുള്ള യുക്തിയെന്താണ്? ശേഖരിച്ച് സൂക്ഷിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള സംശയങ്ങളും അത് തല്‍പ്പരകക്ഷികള്‍ ചോര്‍ത്തിയെടുക്കാനുള്ള സാധ്യതയും സ്വകാര്യത നഷ്ടപ്പെടും എന്ന പ്രശ്നവും ആധാറിനെതിരെ ഉയര്‍ന്നിട്ടുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല.

സര്‍ക്കാര്‍സേവനം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിയര്‍പ്പൊഴുക്കുന്നതിന്റെ സാംഗത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും എണ്ണക്കമ്പനികളുടെ പ്രാതിനിധ്യവുമായി സീനിയര്‍ അഭിഭാഷകനിരയും അണിനിരന്ന് ഘോരഘോരം കോടതിയില്‍ പോരാടുമ്പോള്‍ ജനങ്ങള്‍ക്കുള്ള സംശയം വര്‍ധിക്കുന്നതേയുള്ളൂ. ആധാര്‍ ഇല്ലാതെ സബ്സിഡി നിരക്കില്‍ പാചകവാതകസിലിണ്ടറുകള്‍ വിതരണംചെയ്യുന്നത് നിര്‍ത്തണമെന്നാണ് അറ്റോര്‍ണി ജനറല്‍ വഹന്‍വതി ആവശ്യപ്പെട്ടത്. അതിന് ന്യായീകരണമായി പറഞ്ഞത് മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായി എളുപ്പം സൃഷ്ടിക്കാം എന്നാണ്. വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി രാജ്യത്ത് നടക്കുന്ന തട്ടിപ്പുകളുടെ കഥയൊന്നും സര്‍ക്കാരിന്റെ ചെവിയിലെത്തിയിട്ടില്ല എന്നാണോ ഇതില്‍നിന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടത്?

പാതിവെന്ത ആധാര്‍ ഉണ്ടെങ്കിലേ പൗരാവകാശം അനുവദിക്കപ്പെടൂ എന്ന നിര്‍ബന്ധബുദ്ധി ഫാസിസ്റ്റ് പ്രവണതയോടുപമിക്കാവുന്നതാണ്. ഈ നിര്‍ബന്ധം, എല്ലാ ജനങ്ങള്‍ക്കും ആധാര്‍ ലഭ്യമാക്കുന്നതില്‍ എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന സംശയം ആദ്യം പരിഹരിക്കപ്പെടണം. പാചകവാതക സബ്സിഡി 97 ജില്ലകളില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അവിടങ്ങളിലും ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ണമായിട്ടില്ല. അത്തരം ഇടങ്ങളിലെ അര്‍ഹരായവര്‍ക്ക് തങ്ങളുടേതല്ലാത്ത; ആധാര്‍ ലഭിക്കാത്ത കാരണം കൊണ്ട് സബ്സിഡി നിഷേധിക്കപ്പെട്ടുകൂടാ. പകരം സംവിധാനമൊരുക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും ഗുണത്തിനാകണം ഇത്തരം പദ്ധതികള്‍ എന്ന പ്രാഥമികപാഠം ഉള്‍ക്കൊള്ളാതെയാണ് യുപിഎ സര്‍ക്കാര്‍ പെരുമാറുന്നത് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന അനുഭവങ്ങളാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 10-10-2013

No comments: