Saturday, May 31, 2014

പിന്‍നിലാവിന്റെ പൊന്‍വെളിച്ചം

കേരളത്തിന്റെ ജനപ്രിയനേതാവ് ഇ കെ നായനാരെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "പിന്‍നിലാവിന്റെ പൊന്‍വെളിച്ചം" എന്നാണ്. പ്രത്യാശാനിര്‍ഭരമായ ഒരു ഭാവിയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഒരിറ്റ് ചുവപ്പെടുത്ത് ഒരായിരം സൂര്യന്മാരെ ജ്വലിപ്പിക്കണം എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു യുഗം മായുകയും വേറൊരു യുഗം പിറക്കുകയുംചെയ്യുന്ന സംക്രമകാലഘട്ടത്തില്‍ തോമസ്മൂറിന്റെ ഉട്ടോപ്യന്‍ സങ്കല്‍പ്പത്തിനപ്പുറത്ത് മനുഷ്യവിമോചനത്തിന്റെ സൈദ്ധാന്തികരേഖ തെളിയിച്ചെടുക്കണമെന്നും നായനാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലസംഘത്തെ നയിച്ച ഇ കെ നായനാര്‍ വെളിച്ചത്തിന്റെ മഹാപ്രവാഹത്തെ വരവേല്‍ക്കണമെന്ന് ഉപദേശിക്കുകയാണ്. ഇരുട്ടിന്റെ കനത്ത അടരുകളെ വകഞ്ഞുമാറ്റിയാണ് ഭാവിയുടെ പ്രകാശസൂര്യന്‍ ഉദയംകൊള്ളുന്നത്. നമ്മുടെ കുട്ടികള്‍ നാളെയെക്കുറിച്ച് സ്വപ്നംകണ്ട് വളരേണ്ടവരാണ്. കുട്ടിക്കാലത്ത് ഞാന്‍ സ്വപ്നംകണ്ടത് ലാത്തിയും തോക്കും കഴുമരവുമായിരുന്നു. പുതിയകാലത്തെ കുട്ടികള്‍ നല്ല ജീവിതാവസ്ഥയെ സ്വപ്നം കാണണം. ടി പത്മനാഭന്റെ ഒരു കഥയുടെ പേര് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നാണ്.

ലോകമെങ്ങും ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കുന്നു. പുള്ളിക്കുത്തുകള്‍ പതിഞ്ഞ ഗ്രാമങ്ങളിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും ഭാരതത്തെ കണ്ടെത്തണമെന്ന് നെഹ്റു കുട്ടികളെ ഉപദേശിച്ചിട്ടുണ്ട്. അനസൂയവിശുദ്ധിയോടെ കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമാണ് സമൂഹം ഒരുക്കേണ്ടത്. അനീതിയോടും അക്രമങ്ങളോടും സന്ധിയില്ലാതെ ശിരസ്സുയര്‍ത്തി പോരാടാനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണം. സദാചാരനിഷ്ഠവും സാമൂഹ്യപ്രതിബദ്ധവുമായ ജീവിതത്തിലേക്കാണ് നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നുനീങ്ങേണ്ടത്. അതുകൊണ്ടുതന്നെ ബലദായകമായ അറിവ് കുട്ടികള്‍ക്ക് നല്‍കണം. മനോബലം കൂട്ടുന്നതും ബുദ്ധി വികസിപ്പിക്കുന്നതും സമഭാവന നിലനിര്‍ത്തുന്നതും സ്വാശ്രയത്വം വളര്‍ത്തുന്നതുമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ആദര്‍ശധീരരായി വാര്‍ത്തെടുക്കാന്‍ ഈ ദിനാചരണം ആഹ്വാനംചെയ്യുന്നു. സമൂഹത്തില്‍ സ്നേഹത്തിന്റെ സുവര്‍ണ കണ്ണികള്‍ വിളക്കിച്ചേര്‍ക്കേണ്ട കുട്ടികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഡനവും ആക്രമണവും ഏറ്റുവാങ്ങേണ്ടിവരുന്നു. നല്ലതെല്ലാം കുട്ടികള്‍ക്കാകണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്യുന്നത്.കുട്ടികളേ നിങ്ങള്‍ വളര്‍ന്ന് വലുതായി നാടിനുവേണ്ടി പെരുതുകയും മാനമായി വളരുകയും ചെയ്യണമെന്ന് സോവിയറ്റ് റഷ്യയിലെ പഴയ പോരാളികള്‍ ഓര്‍മിപ്പിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ ഈ സുവര്‍ണകണ്ണികളെ സദാകാലവും സമൂഹം ശ്രദ്ധയും പരിചരണവും നല്‍കി വളര്‍ത്തിയെടുക്കുന്നു. ലോക ശിശുദിനമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് "മാര്‍ഗരറ്റ് പാസ്ലാറോ" എന്ന വനിതയാണ്. കുഞ്ഞുങ്ങളുടെ പരിശുദ്ധി കാത്തുരക്ഷിക്കാന്‍ അവരുടെ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും പരിപോഷിപ്പിക്കാന്‍ സമൂഹം ഇടപെടണമെന്ന് മാര്‍ഗരറ്റ് നിര്‍ദേശിക്കുകയുണ്ടായി. 1925ല്‍ ജനീവയില്‍ ചേര്‍ന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനം ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കണമെന്ന് ആഹ്വാനംചെയ്യുകയുണ്ടായി. നാടിന്റെ ശക്തിയും സമ്പത്തുമാണ് കുഞ്ഞുങ്ങള്‍. അവര്‍ നിഷ്കളങ്കഹൃദയരും നിറംപിടിപ്പിക്കാത്ത മിഴികളുള്ളവരുമാണ്. അവരുടെ ഭാവനകള്‍ക്ക് ഏഴഴകാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ദാരിദ്ര്യമനുഭവിക്കരുതെന്ന്, തൊഴിലിന് നിര്‍ബന്ധിക്കപ്പെടരുതെന്ന,് ക്രൂരമായി പീഡിപ്പിക്കപ്പെടരുതെന്നും ജനീവാസമ്മേളനം ഓര്‍മിപ്പിക്കുന്നു.

ചങ്ങമ്പുഴയുടെ ദേവത എന്ന കവിതയില്‍ ഒരമ്മയുടെ ദയനീയചിത്രമുണ്ട്. സ്നേഹിച്ച് വശപ്പെടുത്തിയശേഷം കാര്യം കഴിഞ്ഞ് ആട്ടിയോടിക്കപ്പെട്ടവളാണ് ആ അമ്മ. സ്വന്തം മകളെങ്കിലും ഇത്തരമൊരു ചതിക്കുഴിയില്‍പ്പെടരുതെന്ന് ചിന്തിച്ച അമ്മ പെറ്റ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. കൃത്യത്തിനുമുമ്പ് അമ്മ പറയുന്നത്, "പൈതലേ പാവപ്പെട്ടോര്‍ക്കുള്ളതല്ലീലോകം" എന്നാണ്. ക്രൂരപീഡനത്തിനിരയായി ജീവച്ഛവങ്ങളായിമാറുന്ന ബാല്യങ്ങളുടെ കഥകള്‍ പത്രത്താളുകളില്‍ നിറയുന്ന കാലമാണ് ഇത്. ഓരോ ചവിട്ടടിയിലും മൂടിക്കിടക്കുന്നത് ചതിക്കുഴികളാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ നോക്കുക. പിഞ്ചുകുഞ്ഞിനെ പാരച്യൂട്ടില്‍ കെട്ടിയിട്ട് പറത്തി. സാഹസിക പ്രകടനക്കാരും മാതാപിതാക്കളുംചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് ഉയരത്തിലേക്ക് പറത്തിവിടുകയായിരുന്നു. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള നിലവിളി മാതാപിതാക്കളുടെ കരളലിയിച്ചില്ല. മനുഷ്യാവകാശകമ്മീഷന്‍ ഏറ്റവും ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കുകയാണ്. മറ്റൊരു വാര്‍ത്ത മാതാപിതാക്കള്‍ സ്വന്തം മക്കളെ വിറ്റതാണ്. ആറും എട്ടും വയസ്സുള്ള മക്കളെ ഇടനിലക്കാര്‍വഴിയാണ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയത്. കുട്ടികളെ വിലയ്ക്കുവാങ്ങി ആവശ്യക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്ന ശിശുവില്‍പ്പന റാക്കറ്റിനു മാതാപിതാക്കള്‍ ഇരയാവുകയായിരുന്നു. അനധികൃതമായി കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നതാണ് മറ്റൊരു വാര്‍ത്ത. കാമുകനോടൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയുടെ വാര്‍ത്തയും പത്രത്താളില്‍ നിറഞ്ഞു. രണ്ടര വയസ്സുള്ള കുഞ്ഞിനെയാണ് സുഖജീവിതത്തിന് തടസ്സമാകുമെന്ന കരുതി കിണറ്റിലെറിഞ്ഞുകളഞ്ഞത്. കുഞ്ഞുങ്ങളെക്കുറിച്ച് എന്നും നടുക്കുന്ന വാര്‍ത്തകളുമായാണ് പത്രങ്ങളിറങ്ങുന്നത്.

അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. ഹൃദയത്തിന്റെ എറ്റവും ശക്തമായ ചായ്വ് കുഞ്ഞുങ്ങളോടുണ്ടാവണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. വര്‍ണം ചിതറുന്ന പൂക്കള്‍ ഉദ്യാനത്തെ ആകര്‍ഷകമാക്കുന്നതുപോലെ പുഞ്ചിരി ചിതറുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തെ സുന്ദരമാക്കിത്തീര്‍ക്കുന്നു. ഗോര്‍ക്കിയുടെ അമ്മ എന്ന നോവലില്‍ കുഞ്ഞുങ്ങളെ ഏറെ വാഴ്ത്തുന്നുണ്ട്. കരുത്തുറ്റ കാലുകള്‍കൊണ്ട് അസത്യം ചവിട്ടിയരച്ച് മനുഷ്യദുഃഖത്തെ കീഴടക്കാന്‍ അവര്‍ ലോകത്തേക്കിറങ്ങിയിരിക്കുന്നു എന്ന് ഗോര്‍ക്കി ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യത്തെ തുടച്ചുനീക്കി ഉടഞ്ഞ ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കുന്ന ദിവ്യശക്തി കുഞ്ഞുങ്ങള്‍ക്കുണ്ട്. ശാരീരികമായ ശിശുത്വത്തോടൊപ്പം ആത്മാവിന്റെ ശിശുത്വവും വിലയിരുത്തപ്പെടുന്ന കാലമാണിത്. ലളിതവും പരിശുദ്ധവും സുതാര്യവുമായ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ കഴിയണം. കേരളത്തില്‍ സ്കൂള്‍ തുറക്കുന്ന കാലമാണിത്. അടിച്ചുപൊളിച്ചുനടന്ന ഒഴിവുകാലത്തോട് വിടവാങ്ങി കുട്ടികള്‍ പള്ളിക്കൂടങ്ങളിലേക്ക് തുള്ളിച്ചാടുകയാണ്. ഇവരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളൊരുങ്ങിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കെടാതെ സൂക്ഷിക്കാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലുണ്ടാകണം. പഴയ ഉപമകളും ഉല്‍പ്രേക്ഷകളുംകൊണ്ട് തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുഞ്ഞുങ്ങള്‍. കളിപ്പാട്ടങ്ങള്‍ക്കുപകരം അവരുടെ കൈകളില്‍ മൗസും മൊബൈലുമാണ്. എം ടി വാസുദേവന്‍നായരുടെ നാലുകെട്ടിലെ അപ്പുണ്ണി എന്ന കുട്ടി ചിന്തിക്കുന്നത് വളര്‍ന്ന് വലിയ ആളാകും എന്നാണ്. ആരെയും ഭയപ്പെടാതെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കും എന്നാണ്. അധ്യാപകന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് ക്ലാസ് വിട്ടിറങ്ങിയ ഓടയില്‍ നിന്നിലെ പപ്പു എന്ന കുട്ടിയെക്കുറിച്ചും നമുക്കറിയാം. എങ്കിലും ബാല്യകാലസഖിയിലെ മജീദിനെപ്പോലെ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി ബല്യ ഒന്നായിത്തീരുന്ന വിദ്യാഭ്യാസസാഹചര്യങ്ങളാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. കേരളത്തിന്റെ പോരാട്ട ചരിത്രങ്ങളിലെല്ലാം കുട്ടികളുടെ വലിയ സാന്നിധ്യമുണ്ട്. പ്രായംകൊണ്ട് ചെറിയവരാണെങ്കിലും കുട്ടികള്‍ അത്ഭുതം കാട്ടുന്നവരാണ്. എങ്കിലും ജന്മംതൊട്ട് തുടങ്ങുന്നു അവരുടെ പ്രശ്നങ്ങള്‍. സ്നേഹസാഹോദര്യങ്ങള്‍ പൂത്തുലയുന്ന മനസ്സുമായി പാറിക്കളിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ. എ കെ ജിയുടെ ജീവചരിത്രത്തില്‍ പറയുന്നു, "കുഞ്ഞുങ്ങള്‍ നാടിന്റെ നന്മകളാണ്. ഭാവിയെ നിയന്ത്രിക്കുന്ന കൈകളാണവര്‍ക്കുള്ളത്. കുട്ടികളോടൊത്ത് കളിച്ചുനടക്കുമ്പോള്‍ ജീവിതത്തിലെ കനത്ത ഭാരം ലഘൂകരിക്കപ്പെടും. രാജ്യത്തെ രക്ഷിക്കാനുള്ള സമരത്തിലെ വീരയോദ്ധാക്കളാണ് കുട്ടികള്‍".

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍