Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts

Monday, January 23, 2012

ക്യാമറക്കു പിന്നിലെ പെണ്‍ചരിതം

ക്യാമറക്കു പിന്നില്‍ നിന്നും രണ്ടുപെണ്ണുങ്ങള്‍ ചരിത്രത്തിന്റെ ഏടുകളിലേക്ക്. ഒറ്റഫോട്ടോ കൊണ്ടുതന്നെ ലോകമറിയുന്നവരായി മാറിയ വനിതാ പത്രഫോട്ടോഗ്രാഫര്‍മാരായിരുന്നു അവര്‍ . ലോകത്തെ ഏറ്റവും പ്രശസ്തയായ വനിത ഫോട്ടോഗ്രാഫര്‍ ഇവ അര്‍നോള്‍ഡും ഇന്ത്യയിലെ ആദ്യത്തെ പത്രഫോട്ടോഗ്രാഫര്‍ ഹോമായ് വ്യാരാവാലയും അന്തരിച്ചത് അടുത്തടുത്ത ദിവസങ്ങളില്‍ .

പത്രഫോട്ടോഗ്രാഫര്‍മാരായി യുദ്ധഭുമിയിലുള്‍പ്പടെ കടന്നുചെന്ന് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇവരുടെ പ്രത്യേകത. അധികം സ്ത്രീകള്‍ കൈവെക്കാത്ത മേഖലയായിരുന്നു ഫോട്ടോ ജേര്‍ണലിസം. 99 ാം വയസില്‍ ലണ്ടനില്‍ അന്തരിച്ച ഇവയാണ് മര്‍ലിന്‍ മണ്‍റോയടക്കമുള്ള പ്രശസ്തരുടെ ശ്രദ്ധേയമായ ഫോട്ടോകള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകത്തെ ആദ്യത്തെ വനിതഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു അവര്‍ . ഇന്ത്യ സ്വതന്ത്രയായ 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ന്ന അഭിമാനനിമിഷം ക്യാമറയില്‍ പകര്‍ത്തി ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യന്‍വനിതയാണ് ഹോമായ്. പത്മവിഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

മര്‍ലിന്‍ മണ്‍റോയുടെ ഇന്ന് കാണുന്ന പ്രശസ്തമായ ചിത്രങ്ങളിലധികവും ക്യാമറയില്‍ പകര്‍ത്തിയത് ഇവയാണ്. താരസുന്ദരിയുടെ സൗന്ദര്യം അല്‍പം പോലും ചോരാതെ ഫിലിമിലാക്കാനുള്ള ഇവയുടെ കഴിവ് അനാദൃശ്യമായിരുന്നു. പ്രശസ്തമായ ഒരുപാട് ചിത്രങ്ങള്‍ വേറെയുമുണ്ട്. 1957ല്‍ ആദ്യമായി മാഗ്നം ഫോട്ടോഗ്രാഫിക് ഏജന്‍സിയില്‍ അംഗത്വം കിട്ടിയ വനിതയായിരുന്നു അവര്‍ . 1912 ല്‍ ഫിലാഡല്‍ഫിയയിലാണ് ജനനം. റഷ്യന്‍ വംശജരായിരുന്നു മാതാപിതാക്കള്‍ . 1946 ല്‍ ന്യൂജഴ്സിയിലെ ഒരു ഫോട്ടോഗ്രാഫി ഡവലപിങ്ങ് കമ്പനിയിലെ ജോലിയില്‍ നിന്നാണ് തുടക്കം. ന്യൂയോര്‍ക്കില്‍ നിന്നും ഫോട്ടോഗ്രഫി പഠിച്ചു. 1962 ല്‍ ലണ്ടനിലേക്കുപോയ അവര്‍ പിന്നീട് അമേരിക്കയിലും ചൈനയിലും ജോലിചെയ്തു. 2003 ല്‍ ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. 1960 -70 കളില്‍ അവര്‍ അമേരിക്കയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായി. അറേബ്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചിത്രീകരിച്ച് 1971 ല്‍ പ്രസിദ്ധീകരിച്ചു. ആദ്യമായാണ് പാശ്ചാത്യഫോട്ടോഗ്രാഫര്‍ക്ക് ചൈനയില്‍ വിസ കിട്ടുന്നത്. ചൈനയെക്കുറിച്ച് 1980ല്‍ പുസ്തകം പ്രസിദ്ധീകരിച്ചു.

ലോകം കൗതുകത്തോടെ ഈ വനിതയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചു. പ്രശസ്തിയുടെ കൊടുമുടിയിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്രകള്‍ . പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ഇവയുടെ ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തി. ക്യാമറകൊണ്ടു കവിതയെഴുതാന്‍ മാത്രമല്ല വെടിയുതിര്‍ക്കാനും കഴിയുമെന്നവര്‍ തെളിയിച്ചു. അനീതിക്കും മനുഷ്യാവകാശധ്വംസനത്തിനുമെതിരായിരുന്നു ഓരോ ഫ്രെയിമും. പ്രതിഷേധത്തിന്റെ സൗന്ദര്യാത്മകതയെന്ന് ലോകം ആ ചിത്രങ്ങളെ വാഴ്ത്തി. നിഴല്‍മുറിച്ചെഴുതിയ കാവ്യമോഹിതങ്ങളായിരുന്നു ഓരോ ഫ്രെയിമും. മനുഷ്യനെ തിരിച്ചറിയാനുള്ള ഉപകരണമായിരുന്നു തനിക്ക് ക്യാമറയെന്ന് ഇവ ഒരിക്കല്‍ പറഞ്ഞു.

ഗുജറാത്തിലെ വഡോദരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഏറെ കാലമായി ചികിത്സയിലായിരുന്ന ഹോമായിയെ കട്ടിലില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1913 ഡിസംബര്‍ ഒമ്പതിന് ദക്ഷിണ ഗുജറാത്തിലെ നവ്സരി പട്ടണത്തിലെ പാര്‍സി കുടുംബത്തില്‍ ജനിച്ച ഹോമായ് മുംബൈയിലാണ് വളര്‍ന്നത്. 1938ല്‍ ബോംബെ ക്രോണിക്കിളിലാണ് ആദ്യമായി ചിത്രം അച്ചടിച്ചത്. പടം ഒന്നിന് ഒരു രൂപയായിരുന്നു പ്രതിഫലം. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ചെയ്ത ഇവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍

പകര്‍ത്തി. ഇന്ത്യാവിഭജനം സംബന്ധിച്ച വോട്ടെടുപ്പില്‍ നേതാക്കള്‍ പങ്കെടുക്കുന്ന ചിത്രം ഹോമായിയെ ശ്രദ്ധേയയാക്കി. 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയ ചടങ്ങ് ക്യാമറയിലാക്കാന്‍ ഹോമായിക്ക് അവസരം ലഭിച്ചു. മൗണ്ട്ബാറ്റന്‍ ഇന്ത്യ വിടുന്നത്, മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ നേതാക്കളുടെ സംസ്കാരച്ചടങ്ങുകള്‍ എന്നിവയും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.

*
ദേശാഭിമാനി

ചരിത്രത്തിലേക്കൊരു ഫോക്കസ്

1948 ജനുവരി 30. ബിര്‍ള ഹൗസില്‍ മഹാത്മ ഗാന്ധിയുടെ പ്രാര്‍ഥന യോഗത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ഹോമായ് വ്യാരവാല വീഡിയോ ക്യാമറയുമായി വീടിന്റെ പടവുകളിറങ്ങി. അപ്പോഴാണ് ഭര്‍ത്താവ് മനേക്ഷായുടെ പിന്‍വിളി. "ഗാന്ധിജിയുടെ പ്രാര്‍ത്ഥനയ്ക്ക് നാളെ പോവാം. സ്റ്റില്‍ ക്യാമറയുമായി ഞാനും വരാം". ഇതോടെ യാത്ര മാറ്റിവച്ചു. കുറച്ചു സമയം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ മനേക്ഷായുടെ മുഖം വിളറിയിരുന്നു. "ഗാന്ധിജി വധിക്കപ്പെട്ടു." ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകനിമിഷം ക്യാമറയിലാക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ ഹോമായ് പിന്നീട് ഏറെ ദുഃഖിച്ചിട്ടുണ്ട്. ഭാര്യ തൊഴിലിന്റെ ഉയരങ്ങളിലെത്താന്‍ എന്നും പിന്തുണ നല്‍കിയ മനേക്ഷായ്ക്കും ഈ ഖേദം പിന്നീട് എന്നുമുണ്ടായി. ഇന്ത്യയിലെ ആദ്യ വനിത പത്ര ഫോട്ടോഗ്രാഫര്‍ ഹോമായ് വ്യാരവാല സാര്‍ത്ഥകമായ ഒരു പൂര്‍ണ ജീവിതത്തിന്റെ നിറവില്‍ കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. 98 വയസായിരുന്നു അവര്‍ക്ക്.

സാരിയുടുത്ത് തോളില്‍ വലിയ ക്യാമറ ബാഗുമായി ഡല്‍ഹി തെരുവുകളിലൂടെ സൈക്കിളില്‍ പായുന്ന യുവതി 1940കളില്‍ ഏവര്‍ക്കും കൗതുകമായിരുന്നു. ക്യാമറയും വലിയ ഫ്ളാഷ് ലൈറ്റും താങ്ങി പുരുഷന്മാരോടൊപ്പം മത്സരിച്ച് ഇവര്‍ ചിത്രങ്ങളെടുത്തു. ഹോമായ് വ്യാരവാല പകര്‍ത്തിയത് കേവലം വാര്‍ത്താ ചിത്രങ്ങളായിരുന്നില്ല, ഇന്ത്യയുടെ ചരിത്രമായിരുന്നു. സാങ്കേതിക വിദ്യ ഏറെ മുന്നേറിയ കാലത്ത് പോലും വനിതാ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ഏറെയില്ലാത്തപ്പോഴാണ് 1938ല്‍ ഹോമായ് സാഹസികമായ ഈ വേഷമണിയുന്നത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഹോമായുടെ പത്രപ്രവര്‍ത്തന ജീവിതം സംഭവബഹുലമായിരുന്നു. സ്വാതന്ത്രസമരത്തിന്റെ തീക്ഷ്ണതയും രണ്ടാം ലോകയുദ്ധം തീര്‍ത്ത ദുരിതവും സ്വാതന്ത്രാനന്തരമുള്ള രാഷ്ട്രീയ മാറ്റങ്ങളും അടുത്തറിയാന്‍ ഇവര്‍ക്കായി.

1926 ല്‍ പതിമൂന്നാം വയസില്‍ ബോക്സ് ക്യാമറയിലൂടെയാണ് ചിത്രമെടുത്ത് തുടങ്ങിയത്. പിന്നീട് ഭര്‍ത്താവ് നല്‍കിയ ക്യാമറയുമായി പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയിലേക്ക് കടന്നു. അക്കൗണ്ടന്റായിരുന്ന മനേക്ഷായ്ക്ക് ഫോട്ടോഗ്രഫി ജീവനായിരുന്നു. ഇടനേരത്ത് ഫോട്ടോഗ്രാഫറുടെ ജോലിയും അദ്ദേഹം ചെയ്തു. മനേക്ഷായാണ് ഭാര്യയിലെ ഫോട്ടോഗ്രഫറെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. മനേക്ഷായ്ക്ക് സുഹൃത്ത് നല്‍കിയ റോളിഫ്ളെക്സ് ക്യാമറയാണ് ഹോമായക്ക് സമ്മാനിച്ചത്. 1938ല്‍ ബോംബെ ക്രോണിക്കിളില്‍ ആദ്യമായി ചിത്രം അച്ചടിച്ചു. പടം ഒന്നിന് ഒരു രൂപയായിരുന്നു പ്രതിഫലം. മനേക്ഷായുടെ പേരിലാണ് ആദ്യ ചിത്രം അച്ചടിച്ചതെന്നത് കൗതുകരമാണ്. പിന്നീട് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ലഭിച്ച് 1942ല്‍് ഡല്‍ഹിയിലെത്തി. ഈ ജോലിയോടൊപ്പം സ്വതന്ത്ര ഫോട്ടോഗ്രഫി ചെയ്യാനും അനുമതി ലഭിച്ചു.
നെഹ്റുവായിരുന്നു ഹോമായുടെ പ്രിയവിഷയം. നെഹ്റുവുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയ ഹോമായുടെ ക്യാമറയില്‍ ഏറ്റവുമധികം പതിഞ്ഞിട്ടുള്ള രാഷ്ട്രീയക്കാരനും അദ്ദേഹമായിരിക്കും. 1947 ആഗസ്ത് 16ന് നെഹ്റുവിന്റെ പ്രസംഗം കേള്‍ക്കാന്‍ ചെങ്കോട്ടയില്‍ വന്‍ ജനാവലി തടിച്ചുകൂടി. എഡ്വിന മൗണ്ട്ബാറ്റന് നെഹ്റു ജനങ്ങളെ ചൂണ്ടിക്കാണിക്കുന്ന ചിത്രം അവര്‍ എടുത്തിരുന്നു. എഡ്വിനയെ ചിത്രം കാണിച്ചപ്പോള്‍ അവര്‍ അതില്‍ മഷി കോരിയൊഴിച്ചു നശിപ്പിച്ചുവെന്ന് പിന്നീട് ഹോമായ് പറഞ്ഞിട്ടുണ്ട്.

ലോര്‍ഡ് മൗണ്ട്ബാന്റണ്‍ മുതല്‍ മാര്‍ഷല്‍ ടിറ്റോവരെയും എലിസബത്ത് രാജ്ഞി മുതല്‍ ജാക്വിലിന്‍ കെന്നഡിവരെയും ക്രൂഷ്ചേവ് മുതല്‍ കോസിജിന്‍ വരെയും ഐസെനോവര്‍ മുതല്‍ നിക്സണ്‍ വരെയും ആറ്റ്ലി, നാസര്‍ , ഹോചിമിന്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാതരായ നേതാക്കളുടെ ചിത്രങ്ങള്‍ ഹോമായുടെ ക്യാമറയില്‍ പതിഞ്ഞു. വിയറ്റ്നാം വിമോചന നേതാവ് ഹോചിമിന്റെ താടി നെഹ്റു പിടിച്ചു വലിക്കുന്നതായി തോന്നുന്ന ചിത്രം അവരുടെ അമൂല്യ ശേഖരത്തിലുണ്ടായിരുന്നു. ശരിക്കും ഹോചിമിനെ വിരല്‍ചൂണ്ടി ആര്‍ക്കോ പരിചയപ്പെടുത്തുകയാണ് നെഹ്റു. ചിത്രം എടുത്ത ആങ്കിളിന്റെ പ്രത്യേകത കൊണ്ട് താടിപിടിച്ചു വലിക്കുന്നതായാണ് തോന്നുക. ഈ ചിത്രം അവര്‍ പുറത്തുവിടാതെ ആല്‍ബത്തില്‍ ഭദ്രമായി സൂക്ഷിച്ചു.

ഇന്ത്യാവിഭജനം സംബന്ധിച്ച വോട്ടെടുപ്പില്‍ നേതാക്കള്‍ പങ്കെടുക്കുന്ന ചിത്രം ഹോമായിയെ ശ്രദ്ധേയയാക്കി. വിഭജനത്തിന് മുമ്പുള്ള മുഹമ്മദാലി ജിന്നയുടെ അവസാന പത്രസമേളനത്തില്‍ ഫോട്ടോയെടുക്കാന്‍ അനുമതി ലഭിച്ച വിരലില്‍ എണ്ണാവുന്ന ഫോട്ടോഗ്രഫര്‍മാരുടെ കൂട്ടത്തില്‍ ഹോമായുമുണ്ടായി. ഫോട്ടോയെടുക്കാന്‍ അല്‍പം ഉയരത്തില്‍ കയറി നിന്ന ഇവര്‍ കാല്‍തെന്നി ജിന്നയുടെ മുന്നില്‍വീണു. നിങ്ങള്‍ക്ക് വേദനിച്ചില്ലല്ലോയെന്ന ജിന്നയുടെ ചോദ്യം വിഭജനം ഇന്ത്യക്കേല്‍പ്പിച്ച മുറിവിനെ കൂടി ഓര്‍മപ്പെടുത്തിയെന്ന് ഹോമായ് പറയുന്നു.

1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയ ചടങ്ങ് ക്യാമറയിലാക്കാന്‍ ഹോമായിക്ക് അവസരം ലഭിച്ചു. മൗണ്ട്ബാറ്റന്‍ ഇന്ത്യ വിടുന്നത്, മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ നേതാക്കളുടെ സംസ്കാരച്ചടങ്ങുകള്‍ എന്നിവയും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്. വാര്‍ത്താ ചിത്രങ്ങളേക്കാള്‍ ഇവരുടെ ക്യാമറയില്‍ പതിഞ്ഞത് രാഷ്ട്രീയ നേതാക്കളാണ്. സാരിയുടുത്ത് പരമ്പരാഗത വേഷത്തിലായിരുന്നൂ ഏറെക്കാലം ഫോട്ടോയെടുക്കാന്‍ ചെന്നിരുന്നത്. മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ തിക്കിതിരക്കി സാരി നിരവധി കീറിയയോടെ സാല്‍വാര്‍ കമീസിലേക്ക് മാറി. 1970ല്‍ ഭര്‍ത്താവിന്റെ മരണ ശേഷം ഹോമായ് തൊഴിലില്‍ നിന്ന് വിടവാങ്ങി. പുതുതലമുറയിലെ ഫോട്ടോഗ്രാഫര്‍മാരോട് ഇവര്‍ക്ക് പല കാര്യത്തിലും വിയോജിപ്പുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഫോട്ടോഗ്രഫര്‍മാരോട് നന്നായി പെരുമാറിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇതൊക്കെ അവരെ പ്രകോപിപ്പിച്ചു. പത്ര ഫോട്ടോഗ്രാഫി ഉപേക്ഷിക്കാന്‍ ഇതെല്ലാം കാരണമായി.

ഫോട്ടോ എടുക്കുന്നത് നിര്‍ത്തിയ ശേഷമാണ് ചെയ്തിരുന്ന ജോലിയുടെ മൂല്യം മനസിലാക്കുന്നതെന്ന് അവര്‍ തന്റെ ജീവചരിത്രം എഴുതിയ സബീന ഗാദിഹോക്കിനോട് പറഞ്ഞിരുന്നു. സബീനയുടെ "ഇന്ത്യ ഇന്‍ ഫോക്കസ്, ക്യാമറ ക്രോണിക്കിള്‍ ഓഫ് ഹോമായ് വ്യാരവാല" എന്ന പുസ്തകത്തില്‍ ഹൊമായ്യുടെ ചിത്രങ്ങളെപ്പറ്റിയും അതിന്റെ ചരിത്രവും വിശദമായി പ്രതിപാദിക്കുന്നു. 1970ന് ശേഷം ഹോമായ് വാര്‍ത്തകളിലൂടെ മാത്രമാണ് ഇടയ്ക്ക് സജീവമായത്. 2009ല്‍ ടാറ്റ കമ്പനിയുമായി ചെറിയ തര്‍ക്കമുണ്ടായി. 55 വര്‍ഷം പഴക്കമുള്ള കറുത്ത ഫിയറ്റ് കാര്‍ മാറ്റി നാനോ കാര്‍ വാങ്ങാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ആദ്യത്തെ കാര്‍ തന്നെ നല്‍കാമെന്നും എത്രയും വേഗം കൊടുക്കാമെന്നും കമ്പനി വാഗ്ദാനം ന്‍ല്‍കി. എന്നാല്‍ ഏറെ കാത്തിരുന്നിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് അവര്‍ ബുക്കിങ് വേണ്ടെന്നുവച്ചു. പിന്നീട്കമ്പനി അധികൃതര്‍ നേരിട്ടെത്തി കാര്‍ കൈമാറി.

1913 ഡിസംബര്‍ ഒമ്പതിന് ദക്ഷിണ ഗുജറാത്തിലെ നവ്സരി പട്ടണത്തിലെ പാര്‍സി കുടുംബത്തില്‍ ജനിച്ച ഹോമായ് മുംബൈയിലാണ് വളര്‍ന്നത്. 1982 ല്‍ മകനോടൊപ്പം വഡോദരയലേക്ക് താമസം മാറി. 1989ല്‍ ക്യാന്‍സര്‍ ബാധിച്ച് മകന്‍ മരിച്ചു. 96ാം വയസിലും നിസാംപുരയിലെ വാടകവീട്ടിന്റെ മുകളിലത്തെ നിലയില്‍ സ്വന്തമായി പാചകം ചെയ്ത് വീട് വൃത്തിയാക്കി വസ്ത്രങ്ങള്‍ അലക്കി സ്വന്തം വസ്ത്രങ്ങള്‍ തയ്ച്ച് പ്ലമ്പിങും ഇലക്ട്രിക് റിപ്പയറും ഉള്‍പ്പടെ ചെയ്ത് ആരെയും ആശ്രയിക്കാതെയാണ് ഹോമായ് ജീവിച്ചത്. കഴിഞ്ഞ വര്‍ഷം ഇവരെ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.

*
എസ് സിരോഷ ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ജനുവരി 2012

Wednesday, July 27, 2011

കാര്‍ട്ടര്‍ ; ലെന്‍സിലൊളിപ്പിച്ച മരണം

കെവിന്‍ കാര്‍ട്ടര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ നമ്മുടെ ഓര്‍മയില്‍ തെളിയണമെന്നില്ല. പട്ടിണി എന്ന വിപത്തിനെ അതിന്റെ ഏറ്റവും തീവ്രമായ ഭാവത്തില്‍ കാര്‍ട്ടര്‍ പകര്‍ത്തിയിട്ടുണ്ട്. ആ അമൂര്‍ത്ത രൂപത്തെ കണ്ണില്‍ കുത്തുന്ന പോല്‍ കാണിച്ചു തന്നിട്ടുണ്ട്. താനെടുത്ത ഒരു ഫോട്ടോയുടെ പേരില്‍ ആത്മഹത്യ ചെയ്ത വിഖ്യാത ഫോട്ടോഗ്രാഫര്‍ . കാര്‍ട്ടര്‍ മരിച്ചിട്ട് ജൂലൈ 27ന് പതിനേഴ് വര്‍ഷം തികയുന്നു. 1994. സുഡാനിലെ ക്ഷാമകാലം. എല്ലും തോലുമായി കുറെ മനുഷ്യക്കോലങ്ങള്‍ . ഓരോ ശിശുരോദനത്തിലും കേട്ടത് ഒരു കോടി ഈശ്വരവിലാപങ്ങള്‍ . ശോഷിച്ച കണ്ണും കൈയും വീര്‍ത്ത വയറുമായി പിറന്ന കുട്ടികള്‍ ജനനത്തിനു മുന്‍പെ മരണവുമായി കരാറൊപ്പു വച്ചിരുന്നു. ദുരന്തത്തിന്റെ വിലയിരുത്തലുകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുഡാനിലെത്തി. മറ്റൊരു ദൗത്യത്തിനായി സുഡാനില്‍ വിമാനമിറങ്ങിയ കെവിന്‍ കാള്‍ട്ടറെന്ന ഫോട്ടോഗ്രാഫറും.

ദുരിതാശ്വാസ ക്യാമ്പുകള്‍ നിറയെ പട്ടിണിക്കോലങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു അപ്പോഴേക്കും. ആഫ്രിക്കയുടെ സ്വന്തം നെല്‍സണ്‍ മണ്ടേല ജയിലടയ്ക്കപ്പെട്ട 1960ലായിരുന്നു കാര്‍ട്ടറുടെ ജനനം. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷം വരുന്ന വെളുത്തവന്‍മാരില്‍ ഒരാളായി. ജോഹന്നസ് ബര്‍ഗിലെ ഒരുപ്രവിശ്യയില്‍ റോമന്‍ കാത്തലിക് ദമ്പതികളുടെ മകനായി പിറന്ന കാര്‍ട്ടര്‍ സാധാരണ വെള്ളക്കാരനെപ്പോലെയായിരുന്നില്ല. മണ്ടേലയെ പുറത്താക്കി വെള്ളപ്പട്ടാളം ആഫ്രിക്കയില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കാര്‍ട്ടര്‍ ഉത്കണ്ഠാകുലനായിരുന്നു. പലപ്പോഴും തന്റെ സുഹൃത്തുക്കളോട് തന്റെ അസന്തുഷ്ടമായ കുട്ടിക്കാലത്തെക്കുറിച്ച് അയാള്‍ സംസാരിക്കുമായിരുന്നു. കൗമാരത്തിലെത്തിയപ്പോള്‍ ഡ്രൈവിങ്ങിനോടായിരുന്നു കമ്പം. ഒരുപാട് അലഞ്ഞുതിരിയലുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നു.

അവിടെ നിന്ന് 1980 ല്‍ മുങ്ങി. അതിനുശേഷം ഒരുതവണ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്യാനുമൊരുങ്ങി. പിന്നീട് ക്യാമറ വില്‍പ്പനക്കരനായി ജോലി കിട്ടി. ജൊഹന്നാസ്് ബര്‍ഗിലെ സണ്‍ഡേ പത്രത്തില്‍ ആഴ്ചയിലൊരു തവണ കാര്‍ട്ടര്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. ഒരിടത്തും ഒതുങ്ങി നില്‍ക്കാന്‍ ആ പ്രതിഭയ്ക്കായിരുന്നില്ല. 1984ല്‍ ആഫ്രിക്കയില്‍ കറുത്തവര്‍ക്കെതിരെ രാജ്യത്തിലെ ബ്ലാക്ക് ഡെല്‍റ്റകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കാര്‍ട്ടര്‍ ജൊഹന്നാസ് ബര്‍ഗ് സ്റ്റാര്‍ എന്ന പത്രത്തിലേക്ക് പോയി. അവിടെ നിന്നാണ് കാര്‍ട്ടറെന്ന ഫോട്ടോഗ്രാഫറുടെ ഉദയം. പിന്നീട് ഒരുപാട് യാത്രകള്‍ . സുഡാന്റെ ദക്ഷിണ അതിര്‍ത്തിയില്‍ (ഇന്നത്തെ ദക്ഷിണ സുഡാന്‍) റിബലുകള്‍ നടത്തുന്ന പോരാട്ടത്തിന്റെ ചില ചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ 1993ല്‍ തന്റെ സുഹൃത്ത് സില്‍വയുമൊന്നിച്ച് സുഡാനില്‍ വിമാനമിറങ്ങി. രാജ്യത്തെ ക്ഷാമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട കാര്‍ട്ടര്‍ തന്റെ ക്യാമറയില്‍ ഒതുക്കാനായി ചില ചിത്രങ്ങള്‍ എടുക്കാനായി അയോഡ് എന്ന ഗ്രമാത്തിലേക്ക് തിരിച്ചു. 1994 മെയ് 23. കാര്‍ട്ടര്‍ തന്റെ ക്യാമറയുമായി പുറത്തേക്കിറങ്ങി.

യുഎന്‍ ക്യാമ്പിന് സമീപത്തിലൂടെ കാഴ്ചകളെ തേടി അയാള്‍ നടന്നു. ചിത്രങ്ങള്‍ എടുത്ത് നീങ്ങവെ ദയനീയമായ ഒരു ഞരക്കം കാര്‍ട്ടര്‍ കേള്‍ക്കാനിടയായി.പെണ്‍കുഞ്ഞിന്റെ ഞരക്കമായിരുന്നു അത്. ചുട്ടുപൊള്ളുന്ന വെയിലില്‍ തല ഭൂമിയിലേക്ക് താഴ്ത്തി മരണത്തിന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്ന ഒരു കുട്ടി. പിന്നിലത്തെ കാഴ്ചയായിരുന്നു അതിഭീകരം. ശാന്തനായി, കണ്‍മുന്നിലുള്ള ജീവന്റെ അവസാന പിടച്ചിലിനായി കാത്തിരിക്കുന്ന കഴുകന്‍ . അഭയാര്‍ഥി കേന്ദ്രത്തിലേക്കായിരുന്നു ആ രൂപം ഇഴഞ്ഞു നീങ്ങിയത്. അതൊരു മനുഷ്യ പിണ്ഡമാണോ എന്ന് അയാള്‍ സംശയിച്ചു. ഫോട്ടോ എടുക്കാന്‍ തുടങ്ങവെയാണ് അതിന് നേരെ പിന്നിലായി കഴുകന്‍ പറന്നിറങ്ങിയത്. കാര്‍ട്ടര്‍ ക്യാമറ ഓഫ് ചെയ്തു. കാത്തിരുന്നു, കഴുകന്‍ ചിറക് വിടര്‍ത്തുന്നതും കാത്ത്. അനക്കമില്ലാതെ. കാര്‍ട്ടര്‍ പിന്നീട് പറഞ്ഞു. പത്ത് മിനിറ്റാണ് ആ ഒരു നിമിഷത്തിനായി താന്‍ കാത്തിരുന്നതെന്ന്. പക്ഷി ചിറകു വിടര്‍ത്തിയില്ല. കാര്‍ട്ടര്‍ മരത്തിന്റെ ചാരത്തിരുന്ന് കുട്ടിയെയും കഴുകനെയും ഫ്രെയിമിലാക്കി. പിന്നെ അവിടെ നിന്നില്ല.
പിന്തിരിഞ്ഞു നടക്കുമ്പോള്‍ ആ കുട്ടിയുടെ അവസാനത്തെ ചലനവും അവസാനിക്കുന്നത് കാര്‍ട്ടര്‍ കണ്ടു. ഒരു മരത്തണലില്‍ ഇരുന്ന് സിഗരറ്റിന് തീ കൊളുത്തുമ്പോള്‍ ആ വിഖ്യാത ഫോട്ടോഗ്രാഫര്‍ ദൈവത്തെ വിളിച്ചു കരഞ്ഞു. അതിന് ശേഷം കാര്‍ട്ടര്‍ കടുത്ത വിഷാദത്തിലായി എന്ന് സുഹൃത്ത് സില്‍വ ഓര്‍മിക്കുന്നു. ചിത്രമെടുത്ത ഉടനെ തന്റെ മകളെ പുണരാനായിരുന്നു കാര്‍ട്ടര്‍ ആഗ്രഹിച്ചത്. ജൊഹന്നാസ് ബര്‍ഗിലെ തന്റെ വീട്ടിക്കേ് പോകുമ്പോള്‍ ആ മുപ്പത്തിമൂന്നുകാരന്റെ മനസില്‍ എന്തൊക്കെയോ അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങിയിരുന്നു. ഒറ്റ സ്നാപ്പില്‍ ഒതുങ്ങിയ ചിത്രത്തിന്റെ അര്‍ഥങ്ങളും മാനങ്ങളും ഒന്നിലുമൊതുങ്ങിയില്ല. മാര്‍ച്ച് 26ന് ആ ചിത്രം ലോകമാകെ പടരാന്‍ തുടങ്ങി. ന്യൂയോര്‍ക്ക് ടൈംസിലേക്ക് ദിനേന നൂറുകണക്കിന് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. ആ കുട്ടിക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ച്. ആ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് ആരുമറിഞ്ഞില്ല.

കാര്‍ട്ടറിന്റെ മേല്‍ ശാപവാക്കുക്കള്‍ പൊഴിയാന്‍ തുടങ്ങി. അയാളുടെ ആത്മവിശ്വാസം പാടേ തകര്‍ന്നു. ഏപ്രില്‍ 12ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് കാര്‍ട്ടറിനെ തേടി ഒരു ഫോണ്‍ സന്ദേശം വന്നു. കാര്‍ട്ടര്‍ താങ്കള്‍ക്കാണ് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്കാരം. അപ്പോഴേക്കും അയാള്‍ വിഷാദ രോഗത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരുന്നു. വിഷാദത്തിന്റെയും കുറ്റബോധത്തിന്റെയും നീറ്റലില്‍ 1994 ജൂലൈ 27ന് കാര്‍ട്ടര്‍ തന്റെ ഫ്രെയിമുകള്‍ ബാക്കിയാക്കി ജീവിതം അവസാനിപ്പിച്ചു. വിഷാദം...പണം...കുട്ടികള്‍ ...ദേഷ്യവും വിഷാദവും ഓര്‍മകളെല്ലാം എന്നെ വേട്ടയാടുകയാണ്. ഞാന്‍ പോകുന്നു. ഒരു കണക്കിന് ഞാന്‍ ഭാഗ്യവനാണ്, കുറെ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞല്ലോ... കാര്‍ട്ടറിന്റെ മരണക്കുറിപ്പിലെ വാക്കുകള്‍ . സൊമാലിയയില്‍ മരണം ഇടമാറുമ്പോള്‍ , ആയിരക്കണക്കിനാളുകള്‍ മരുഭൂമികള്‍ കടന്ന് അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുമ്പോള്‍ , കെവിന്‍ കാര്‍ട്ടറുടെ ചിത്രം ലോകത്തെ മുറിവേല്‍പ്പിക്കുന്നു.

*
എ പ്രദീപ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

Thursday, June 5, 2008

കഥകളി ചിത്രങ്ങള്‍





ഫാക്ട് പദ്മനാഭന്‍ ഷഷ്ടിപൂര്‍ത്തി ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ സുഭദ്രാഹരണം കഥകളിക്കിടെ എടുത്ത ചിത്രങ്ങള്‍

കൂടിയാട്ടം ചിത്രങ്ങള്‍





തൃപ്പൂണിത്തുറയില്‍ നടന്ന കൂടിയാട്ടത്തിനിടെ എടുത്ത ചിത്രങ്ങള്‍