
1926 ല്‍ പതിമൂന്നാം വയസില്‍ ബോക്സ് ക്യാമറയിലൂടെയാണ് ചിത്രമെടുത്ത് തുടങ്ങിയത്. പിന്നീട് ഭര്‍ത്താവ് നല്‍കിയ ക്യാമറയുമായി പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയിലേക്ക് കടന്നു. അക്കൗണ്ടന്റായിരുന്ന മനേക്ഷായ്ക്ക് ഫോട്ടോഗ്രഫി ജീവനായിരുന്നു. ഇടനേരത്ത് ഫോട്ടോഗ്രാഫറുടെ ജോലിയും അദ്ദേഹം ചെയ്തു. മനേക്ഷായാണ് ഭാര്യയിലെ ഫോട്ടോഗ്രഫറെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. മനേക്ഷായ്ക്ക് സുഹൃത്ത് നല്‍കിയ റോളിഫ്ളെക്സ് ക്യാമറയാണ് ഹോമായക്ക് സമ്മാനിച്ചത്. 1938ല്‍ ബോംബെ ക്രോണിക്കിളില്‍ ആദ്യമായി ചിത്രം അച്ചടിച്ചു. പടം ഒന്നിന് ഒരു രൂപയായിരുന്നു പ്രതിഫലം. മനേക്ഷായുടെ പേരിലാണ് ആദ്യ ചിത്രം അച്ചടിച്ചതെന്നത് കൗതുകരമാണ്. പിന്നീട് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ലഭിച്ച് 1942ല്‍് ഡല്‍ഹിയിലെത്തി. ഈ ജോലിയോടൊപ്പം സ്വതന്ത്ര ഫോട്ടോഗ്രഫി ചെയ്യാനും അനുമതി ലഭിച്ചു.

ലോര്‍ഡ് മൗണ്ട്ബാന്റണ്‍ മുതല്‍ മാര്‍ഷല്‍ ടിറ്റോവരെയും എലിസബത്ത് രാജ്ഞി മുതല്‍ ജാക്വിലിന്‍ കെന്നഡിവരെയും ക്രൂഷ്ചേവ് മുതല്‍ കോസിജിന്‍ വരെയും ഐസെനോവര്‍ മുതല്‍ നിക്സണ്‍ വരെയും ആറ്റ്ലി, നാസര്‍ , ഹോചിമിന്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാതരായ നേതാക്കളുടെ ചിത്രങ്ങള്‍ ഹോമായുടെ ക്യാമറയില്‍ പതിഞ്ഞു. വിയറ്റ്നാം വിമോചന നേതാവ് ഹോചിമിന്റെ താടി നെഹ്റു പിടിച്ചു വലിക്കുന്നതായി തോന്നുന്ന ചിത്രം അവരുടെ അമൂല്യ ശേഖരത്തിലുണ്ടായിരുന്നു. ശരിക്കും ഹോചിമിനെ വിരല്‍ചൂണ്ടി ആര്‍ക്കോ പരിചയപ്പെടുത്തുകയാണ് നെഹ്റു. ചിത്രം എടുത്ത ആങ്കിളിന്റെ പ്രത്യേകത കൊണ്ട് താടിപിടിച്ചു വലിക്കുന്നതായാണ് തോന്നുക. ഈ ചിത്രം അവര്‍ പുറത്തുവിടാതെ ആല്‍ബത്തില്‍ ഭദ്രമായി സൂക്ഷിച്ചു.
ഇന്ത്യാവിഭജനം സംബന്ധിച്ച വോട്ടെടുപ്പില്‍ നേതാക്കള്‍ പങ്കെടുക്കുന്ന ചിത്രം ഹോമായിയെ ശ്രദ്ധേയയാക്കി. വിഭജനത്തിന് മുമ്പുള്ള മുഹമ്മദാലി ജിന്നയുടെ അവസാന പത്രസമേളനത്തില്‍ ഫോട്ടോയെടുക്കാന്‍ അനുമതി ലഭിച്ച വിരലില്‍ എണ്ണാവുന്ന ഫോട്ടോഗ്രഫര്‍മാരുടെ കൂട്ടത്തില്‍ ഹോമായുമുണ്ടായി. ഫോട്ടോയെടുക്കാന്‍ അല്‍പം ഉയരത്തില്‍ കയറി നിന്ന ഇവര്‍ കാല്‍തെന്നി ജിന്നയുടെ മുന്നില്‍വീണു. നിങ്ങള്‍ക്ക് വേദനിച്ചില്ലല്ലോയെന്ന ജിന്നയുടെ ചോദ്യം വിഭജനം ഇന്ത്യക്കേല്‍പ്പിച്ച മുറിവിനെ കൂടി ഓര്‍മപ്പെടുത്തിയെന്ന് ഹോമായ് പറയുന്നു.
1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയ ചടങ്ങ് ക്യാമറയിലാക്കാന്‍ ഹോമായിക്ക് അവസരം ലഭിച്ചു. മൗണ്ട്ബാറ്റന്‍ ഇന്ത്യ വിടുന്നത്, മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ നേതാക്കളുടെ സംസ്കാരച്ചടങ്ങുകള്‍ എന്നിവയും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്. വാര്‍ത്താ ചിത്രങ്ങളേക്കാള്‍ ഇവരുടെ ക്യാമറയില്‍ പതിഞ്ഞത് രാഷ്ട്രീയ നേതാക്കളാണ്. സാരിയുടുത്ത് പരമ്പരാഗത വേഷത്തിലായിരുന്നൂ ഏറെക്കാലം ഫോട്ടോയെടുക്കാന്‍ ചെന്നിരുന്നത്. മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ തിക്കിതിരക്കി സാരി നിരവധി കീറിയയോടെ സാല്‍വാര്‍ കമീസിലേക്ക് മാറി. 1970ല്‍ ഭര്‍ത്താവിന്റെ മരണ ശേഷം ഹോമായ് തൊഴിലില്‍ നിന്ന് വിടവാങ്ങി. പുതുതലമുറയിലെ ഫോട്ടോഗ്രാഫര്‍മാരോട് ഇവര്‍ക്ക് പല കാര്യത്തിലും വിയോജിപ്പുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഫോട്ടോഗ്രഫര്‍മാരോട് നന്നായി പെരുമാറിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇതൊക്കെ അവരെ പ്രകോപിപ്പിച്ചു. പത്ര ഫോട്ടോഗ്രാഫി ഉപേക്ഷിക്കാന്‍ ഇതെല്ലാം കാരണമായി.

1913 ഡിസംബര്‍ ഒമ്പതിന് ദക്ഷിണ ഗുജറാത്തിലെ നവ്സരി പട്ടണത്തിലെ പാര്‍സി കുടുംബത്തില്‍ ജനിച്ച ഹോമായ് മുംബൈയിലാണ് വളര്‍ന്നത്. 1982 ല്‍ മകനോടൊപ്പം വഡോദരയലേക്ക് താമസം മാറി. 1989ല്‍ ക്യാന്‍സര്‍ ബാധിച്ച് മകന്‍ മരിച്ചു. 96ാം വയസിലും നിസാംപുരയിലെ വാടകവീട്ടിന്റെ മുകളിലത്തെ നിലയില്‍ സ്വന്തമായി പാചകം ചെയ്ത് വീട് വൃത്തിയാക്കി വസ്ത്രങ്ങള്‍ അലക്കി സ്വന്തം വസ്ത്രങ്ങള്‍ തയ്ച്ച് പ്ലമ്പിങും ഇലക്ട്രിക് റിപ്പയറും ഉള്‍പ്പടെ ചെയ്ത് ആരെയും ആശ്രയിക്കാതെയാണ് ഹോമായ് ജീവിച്ചത്. കഴിഞ്ഞ വര്‍ഷം ഇവരെ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.
*
എസ് സിരോഷ ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ജനുവരി 2012
1 comment:
1948 ജനുവരി 30. ബിര്‍ള ഹൗസില്‍ മഹാത്മ ഗാന്ധിയുടെ പ്രാര്‍ഥന യോഗത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ഹോമായ് വ്യാരവാല വീഡിയോ ക്യാമറയുമായി വീടിന്റെ പടവുകളിറങ്ങി. അപ്പോഴാണ് ഭര്‍ത്താവ് മനേക്ഷായുടെ പിന്‍വിളി. "ഗാന്ധിജിയുടെ പ്രാര്‍ത്ഥനയ്ക്ക് നാളെ പോവാം. സ്റ്റില്‍ ക്യാമറയുമായി ഞാനും വരാം". ഇതോടെ യാത്ര മാറ്റിവച്ചു. കുറച്ചു സമയം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ മനേക്ഷായുടെ മുഖം വിളറിയിരുന്നു. "ഗാന്ധിജി വധിക്കപ്പെട്ടു." ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകനിമിഷം ക്യാമറയിലാക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ ഹോമായ് പിന്നീട് ഏറെ ദുഃഖിച്ചിട്ടുണ്ട്. ഭാര്യ തൊഴിലിന്റെ ഉയരങ്ങളിലെത്താന്‍ എന്നും പിന്തുണ നല്‍കിയ മനേക്ഷായ്ക്കും ഈ ഖേദം പിന്നീട് എന്നുമുണ്ടായി. ഇന്ത്യയിലെ ആദ്യ വനിത പത്ര ഫോട്ടോഗ്രാഫര്‍ ഹോമായ് വ്യാരവാല സാര്‍ത്ഥകമായ ഒരു പൂര്‍ണ ജീവിതത്തിന്റെ നിറവില്‍ കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. 98 വയസായിരുന്നു അവര്‍ക്ക്.
Post a Comment