Thursday, January 26, 2012

എന്നും സഹോദരതുല്യന്‍

അമ്പതുകളുടെ തുടക്കത്തില്‍ തൃശൂരില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിലാണ് ഞാന്‍ സുകുമാറിനെ ആദ്യം കാണുന്നത്. മെക്കാളെയുടെ വിദ്യാഭ്യാസസമ്പ്രദായത്തെ അടിമുടി വിമര്‍ശിച്ച തായാട്ട് ശങ്കരന്‍ വിദ്യാഭ്യാസമേഖലയില്‍ ഗാന്ധിയന്‍ദര്‍ശനങ്ങള്‍ നടപ്പാക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി സംസാരിച്ചതിനുശേഷമാണ് ഞാന്‍ സംസാരിച്ചത്. മെക്കാളെയുടെ ആശയങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ടെന്നും സ്വാതന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനംവഹിച്ച ഗാന്ധി അതിന്റെ ഗുണഭോക്താവാണെന്നും ഞാന്‍ പറഞ്ഞത് സുകുമാറിനെ ചൊടിപ്പിച്ചു. രോഷാകുലനായി സംസാരിച്ച അദ്ദേഹം എന്നെ "ഗര്‍ദഭം" (കഴുത) എന്ന് വരെ പരാമര്‍ശിച്ചു. പക്ഷേ സമ്മേളനത്തിനുശേഷം ഞങ്ങള്‍ ഒന്നിച്ച് കാപ്പികുടിക്കാന്‍ പോയി. "നല്ല ഭക്ഷണം കഴിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല"-എന്ന് ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്ന് കാലടിയില്‍ നടന്ന സാഹിത്യസമ്മേളനത്തില്‍ സുകുമാറിന്റെ വാദഗതികളെ അനുകൂലിച്ച് ഞാന്‍ സംസാരിച്ചു. പിന്നീട് സാഹിത്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചില കത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു. തലശേരിയിലെ സാഹിത്യസമ്മേളനങ്ങള്‍ക്ക് സുകുമാര്‍ എന്നെയും, ആലപ്പുഴയിലും പരിസരങ്ങളിലുമുണ്ടാകുന്ന സമ്മേളനങ്ങള്‍ക്ക് ഞാന്‍ സുകുമാറിനെയും ക്ഷണിക്കുക പതിവായി. മൂത്തകുന്നത്ത് എസ്എന്‍എം ട്രെയിനിങ് കോളേജിന് പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിര്‍ദേശിച്ചത് സുകുമാറിന്റെ പേരാണ്. ആ സ്ഥാനം ഏറ്റെടുത്തശേഷം സുകുമാറും ഞാനും സഹോദരന്‍മാരെപോലെയാണ് കഴിഞ്ഞത്. വെളുപ്പാന്‍കാലം വരെ നീളുന്ന സാഹിത്യചര്‍ച്ചകളും സൗഹൃദസംഭാഷണങ്ങളും പതിവായി.

ജി ശങ്കരകുറുപ്പിനെ വിമര്‍ശിച്ച് സുകുമാര്‍ എഴുതിയ "ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന പുസ്തകം മലയാളസാഹിത്യ ലോകത്ത് കോളിളക്കമുണ്ടാക്കി. നാനാഭാഗത്തുനിന്നും സുകുമാറിനും പുസ്തകത്തിനുമെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ കൗമുദി വാരികയില്‍ "ഒരു വിമര്‍ശന ഗ്രന്ഥവും ചില കോലാഹലങ്ങളും" എന്ന പേരില്‍ ഞാന്‍ ലേഖനമെഴുതി. എല്ലാ വിമര്‍ശങ്ങളേയും ഖണ്ഡിക്കുന്ന രീതിയിലായിരുന്നു ആ ലേഖനം. പിന്നീട് പല കാരണങ്ങളുടെയും പേരില്‍ ഞങ്ങള്‍ മാനസികമായി അകന്നു. "ആശാന്റെ സീതാകാവ്യം" പുറത്തിറങ്ങിയ സമയത്ത് പി കുഞ്ഞിരാമന്‍ നായരുടെ സമഗ്രജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമെഴുതാന്‍ സുകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. കാവ്യതത്ത്വങ്ങളെക്കുറിച്ച് മൂന്നു ഭാഗങ്ങളുള്ള ബൃഹദ് ഗ്രന്ഥമെഴുതാനും ഞങ്ങള്‍ ആലോചിച്ചിരുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ച് സുകുമാറും പാശ്ചാത്യദര്‍ശനങ്ങളെക്കുറിച്ച് ഞാനും എഴുതാനാണ് ആലോചിച്ചത്. യാഥാര്‍ഥ്യമായിരുന്നെങ്കില്‍ സാഹിത്യത്തിന് മുതല്‍ക്കൂട്ടായേനെ ആ പുസ്തകം. ടാഗൂറിന്റെ ശതാബ്ദിവേളയില്‍ "ഗീതാഞ്ജലി"യെക്കുറിച്ച് ഒരാധികാരിക നിരൂപണഗ്രന്ഥം രചിക്കാനും ആലോചനയുണ്ടായിരുന്നു. ഇതിനുവേണ്ടി ഞങ്ങള്‍ കുറേപ്രാവശ്യം ഒത്തുചേര്‍ന്നു. പുസ്തകം ആസ്വദിച്ച് വായിക്കുകയും കുറിപ്പുകളെടുക്കുകയുംചെയ്തു. പക്ഷേ അതും യാഥാര്‍ഥ്യമായില്ല.

കുട്ടികളെ പോലെയായിരുന്നു ചിലപ്പോള്‍ സുകുമാറിന്റെ പെരുമാറ്റം. ചെറിയ കളിതമാശകള്‍ പോലും സഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരിക്കല്‍ ശരീരത്തിന്റെ തൂക്കം നോക്കി. സുകുമാര്‍ സുമാര്‍ 90 റാത്തലും എനിക്ക് 110 റാത്തലും. "കണ്ടില്ലേ, എപ്പോഴും എനിക്കാണ് തൂക്കം കൂടുതല്‍" എന്ന് ഞാന്‍ കളിയായി പറഞ്ഞത് സുകുമാറിനെ ദേഷ്യം പിടിപ്പിച്ചു. പിന്നീടൊരിക്കല്‍ ഞങ്ങള്‍ എറണാകുളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഞാന്‍ മട്ടണ്‍കറിയും സുകുമാര്‍ മീന്‍കറിയും പറഞ്ഞു. സുകുമാറിന് കിട്ടിയ മീന്‍ കേടായിരുന്നു. "അല്ലെങ്കിലും ബുദ്ധിമാന്‍മാര്‍ക്ക് നല്ല മട്ടണ്‍കറിയും അല്ലാത്തവര്‍ക്ക് മോശം മീന്‍കറിയും കിട്ടുന്നു" എന്ന് ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു. കൂടെയുണ്ടായിരുന്ന സി എല്‍ ആന്റണിയാണ് സുകുമാറിനെ തണുപ്പിച്ചത്.

"വിവാഹം കഴിക്കാന്‍ പ്രേരണ തോന്നിയാല്‍ സാനുവിന്റെ വീട്ടില്‍ പോയി നാലഞ്ചുദിവസം താമസിക്കും. അഞ്ചുകുട്ടികളെയും ഭാര്യയെയുംകൊണ്ട് അങ്ങേര്‍ പെടാപ്പാട് പെടുന്നത് കാണുമ്പോള്‍ എന്റെ ആഗ്രഹവും അവസാനിക്കും"-സുകുമാര്‍ കളിയായി പറയാറുണ്ട്. സുകുമാറിന് സാഹിത്യഅക്കാദമി ഫെലോഷിപ്പ് കിട്ടിയപ്പോള്‍ ഞാനും ആ ചടങ്ങില്‍ പങ്കെടുത്തു. നന്ദി പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു- "ഇതാ സാനു. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. ആര്‍ദ്രഹൃദയന്‍ . പക്ഷേ, ഞാന്‍ എന്തിന് ഇയാളുമായി പിണങ്ങി...? എനിക്കറിയില്ല....". എന്തിന് അടുത്തെന്നോ എന്തിന് അകന്നെന്നോ നമ്മള്‍ക്കറിയില്ലല്ലോ എന്ന് എന്റെ മനസ്സും മന്ത്രിച്ചു. എന്റെ ജീവിതത്തെ അടിമുടി പുഷ്ക്കലമാക്കിയ സൗഹൃദമായിരുന്നു അതെന്ന് ഞാന്‍ അനുസ്മരിക്കുന്നു.

*
പ്രൊഫ. എം കെ സാനു ദേശാഭിമാനി 25 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...