Wednesday, January 25, 2012

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

ദേശീയവാദിയായ പ്രഭാഷകന്‍

സുകുമാര്‍ അഴീക്കോടിന്റെ 70ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അനുമോദനയോഗത്തില്‍ സംസാരിച്ച തകഴി അഴീക്കോടിന് ഒരു ഉപദേശം നല്‍കി. "പ്രഭാഷണങ്ങള്‍ നിര്‍ത്തി എഴുതിത്തുടങ്ങുക". ഇതിനോട് ഞാന്‍ യോജിക്കുന്നില്ല. പ്രഭാഷണത്തിന്റെയും എഴുത്തിന്റെയും ലക്ഷ്യം ഒന്നു തന്നെയാണല്ലോ. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക. അതിന് ഡോക്ടര്‍ അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം പ്രഭാഷണങ്ങളാണ്. എഴുത്തിനേക്കാള്‍ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാ പ്രസംഗങ്ങള്‍ . പ്രഭാഷണങ്ങള്‍ തന്നെ ടേപ്പ് എടുത്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഇന്ന് സാങ്കേതികമായി യാതൊരു പ്രയാസവുമില്ല. ഡോക്ടര്‍ അഴീക്കോടിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുറെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ അര്‍ഥം അഴീക്കോടിന്റെ ശ്രോതാക്കള്‍ക്കെന്നപോലെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ വായനക്കാര്‍ക്കും അഴീക്കോടിന്റെ ആശയങ്ങള്‍ മനസിലാവുന്നു എന്നാണല്ലോ. അത് കുറേക്കൂടി ക്രമീകൃതമായ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വിഷമവുമില്ല.

എന്നാല്‍ , യഥാര്‍ഥ പ്രശ്നം പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ എന്നല്ല രണ്ടിന്റെയും ഉള്ളടക്കമാണ്. അതിന്റെ കാര്യത്തില്‍ വലിയൊരു ജനസേവനമാണ് അഴീക്കോട് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വിഷയം ഇന്നത്തെ സമൂഹമാണ്. അതില്‍ പ്രകടമാവുന്ന തിന്മകള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ സര്‍വത്ര കാണുന്നത്. തകഴിയേയും എന്നെയും പോലെ ദേശീയ വാദിയായാണ് അഴീക്കോട് തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. തകഴിയും ഞാനും ആദ്യകാലത്തെ ദേശീയതയില്‍ നിന്ന് പിന്നീട് ഇടതുപക്ഷ ദേശീയതയിലേക്ക് മാറി. അഴീക്കോടാകട്ടെ, തുടക്കത്തിലെന്നപോലെ ഇന്നും ദേശീയവാദിയാണ്. പക്ഷെ, ദേശീയവാദികള്‍ക്കിടയില്‍ രൂപംകൊണ്ട അപചയപ്രവണതളോട് വിട്ടുവീഴ്ച ചെയ്യാന്‍ അഴീക്കോട് തയ്യാറായില്ല. സ്വന്തം ജീവിതത്തിലെയും വീക്ഷണത്തിലെയും തിന്മകള്‍ക്ക് ദേശീയതയുടെ ആവരണമിടുന്നവരും "ഗാന്ധിജിയെ മനസ്സിലാക്കാത്ത ഗാന്ധിയന്മാര്‍" എന്നു അഴീക്കോടുതന്നെ വിശേഷിപ്പിക്കുന്നവരുമായ സമകാലീന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തന്റെ മൂര്‍ച്ചയേറിയ നാവ് ചലിപ്പിക്കാന്‍ അഴീക്കോട് ഒരിക്കലും മടികാണിക്കാറില്ല. ഗാന്ധിസത്തില്‍ നിന്ന് തുടങ്ങി ഗാന്ധിസത്തിലൂടെ വളര്‍ന്നുവന്നു, ഗാന്ധിസത്തെ വികലമാക്കുന്നവര്‍ക്കെതിരെ പോരാട്ടം നടത്തുന്നത് തന്റെ ജീവിത ദൗത്യമായി കണക്കാക്കിയിരിക്കയാണ് അഴീക്കോട്. ഇന്നത്തെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഏതെഴുത്തുകാരനും നടത്തുന്നതിനേക്കാള്‍ ഒട്ടും കുറയാത്ത സേവനമാണ് പ്രഭാഷകനായ അഴീക്കോട് നടത്തിക്കൊണ്ടിരിക്കുന്നത്.

*
ഇ എം എസ് (1996 ഏപ്രിലില്‍ ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ചത് )

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല.

ചെറുപ്പംതൊട്ടേ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് കാരണവരും ഗാന്ധിയനുമായ പാമ്പന്‍ മാധവനുമായുള്ള ദീര്‍ഘകാല സൗഹൃദം അഴീക്കോടിന്റെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായി. പാമ്പന്റെ വിശാലമായ ഗ്രന്ഥസമുച്ചയം അഴീക്കോടിന്റെ വൈജ്ഞാനിക ജീവിതത്തിലും നാഴികക്കല്ലായി. അക്കാലത്ത് കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കോണ്‍ഗ്രസ് യോഗങ്ങളിലെയും സ്റ്റഡിക്ലാസുകളിലെയും സ്ഥിരം പ്രാസംഗികരായിരുന്നു പാമ്പനും അഴീക്കോടും. സ്വാതന്ത്യലബ്ധിയെ തുടര്‍ന്ന് സ്വാതന്ത്യത്തിന്റെ മഹത്വത്തെയും ഗാന്ധിസത്തെയും കുറിച്ച് അഴീക്കോട് വ്യാപകമായി സ്റ്റഡി ക്ലാസുകളെടുത്തു. 1961ല്‍ കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അംഗമായി. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരിക്കെ, 1962 ജനുവരിയിലെ പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പ്രശസ്ത സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. 1969ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ഉറ്റ സുഹൃത്ത് പാമ്പന്‍ ഇന്ദിരാഗാന്ധിപക്ഷത്തും അഴീക്കോട് സംഘടനാപക്ഷത്തുമായി. പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനംനൊന്താണ് അഴീക്കോട് ആ സംഘടനയില്‍നിന്ന് വിട ചൊല്ലിയത്.

സജീവകക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്ന അഴീക്കോട് 1983 ല്‍ അക്രമരഹിത സാംസ്കാരികവേദിയുടെ അധ്യക്ഷനായി. അടുത്തവര്‍ഷം ഈ സംഘടന അഴീക്കോടിന്റെ നേതൃത്വത്തില്‍ നവഭാരതവേദിയായി. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനുശേഷം ഈ സംഘടനയും നിര്‍ജീവമായി. വഴിപിഴച്ച കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായി തുടര്‍ന്ന അഴീക്കോട് ഇടതുപക്ഷവേദികളില്‍ സജീവസാന്നിധ്യമായി. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും അഴീക്കോടിനെ ഭയപ്പാടോടെയാണ് കണ്ടത്. മുഖംനോക്കാതെ ആഞ്ഞടിക്കുന്ന ആ വിമര്‍ശശരങ്ങള്‍ക്കു മുന്നില്‍ എല്ലാവിധ കോണ്‍ഗ്രസ് ജാഡകളും തകര്‍ന്നടിഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ള എ കെ ആന്റണിയെ പോലും രോഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അനുഭവമുണ്ട് അഴീക്കോടിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ഇന്ത്യയുടെ എല്ലാ പ്രതാപവും അസ്തമിക്കുമെന്നും ഇന്ത്യയെ അമേരിക്കയ്ക്ക് വില്‍ക്കുമെന്നും പ്രവചിച്ച അഴീക്കോട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും സദാ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും നിസ്സംഗത തുറന്നുകാട്ടി. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ മനുഷ്യമതിലില്‍ കണ്ണിയാകാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയിലായത്.

സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി

ഒരു രാജിക്കത്ത് എപ്പോഴും പോക്കറ്റിലിട്ട് നടന്ന സ്വാതന്ത്ര്യപ്രേമി. തിരിഞ്ഞുനോട്ടത്തിനുപോലും ഇടകൊടുക്കാതെ സ്ഥാനമാനങ്ങളും പുരസ്കാരങ്ങളുമൊക്കെ പുല്ലുപോലെ വലിച്ചെറിയാനുള്ള ഋഷിതുല്യമായ മനസ്സിന്റെ ഉടമ. അതായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. വിലപിടിച്ചതൊക്കെ ത്യജിക്കാനുള്ള മനസ്സ്. എഴുത്തും പ്രഭാഷണവും അധ്യാപനവും വിവാദങ്ങളുമൊക്കെ തിരകളായി അലയടിച്ച ജീവിതക്കടലില്‍ എതിര്‍പ്പിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും വേലിയേറ്റങ്ങളില്‍ കൈവിട്ടുകളഞ്ഞവ പലതാണ്. പത്മ ബഹുമതിയും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ഗവര്‍ണര്‍ പദവിയുമെല്ലാം അതില്‍വരും. യൗവനാരംഭത്തില്‍ തുടങ്ങിയതാണ് ഈ പരിത്യാഗപ്രിയം. ബികോം ബിരുദധാരിയായ അഴീക്കോട് ആദ്യം വേണ്ടെന്നു വച്ചത് കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജോലിയാണ്. പിന്നീട് ഡല്‍ഹിയില്‍ സെക്രട്ടറിയറ്റില്‍ ജോലി തരപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ദില്ലിയില്‍നിന്ന് വാര്‍ധയിലേക്ക് യാത്രയായി. ബാങ്ക് ജോലിയുപേക്ഷിച്ചത് സാഹിത്യത്തോടുള്ള അനുരാഗം മൂലമാണെങ്കില്‍ രണ്ടാമത്തേത് ഉദ്യോഗത്തേക്കാള്‍ , പണത്തേക്കാള്‍ , സ്ഥാനത്തേക്കാള്‍ വലിയ മനശ്ശാന്തി നല്‍കുന്ന ഗുരുവിനെ കാണാനുള്ള ആഗ്രഹംകൊണ്ടായിരുന്നു. ഗാന്ധിജി എന്ന ഗുരുനാഥനെ കാണാന്‍ .

എ കെ നായരുടെ ഉടമസ്ഥതയില്‍ കണ്ണൂരില്‍നിന്നു പുറത്തിറങ്ങിയ "ദേശമിത്രം" വാരികയുടെ പത്രാധിപസ്ഥാനം രാജിവച്ചതാണ് മറ്റൊരു സംഭവം. താനറിയാതെ ദേശമിത്രത്തില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിക്കുന്ന ലേഖനം അച്ചടിച്ചുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പത്രാധിപസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് പ്രകോപനമായത്. പിന്നീട് "ദിനപ്രഭ" എന്ന പത്രത്തിന്റെ പത്രാധിപരായി. തന്നോടു ചോദിക്കാതെ ഡല്‍ഹി ബ്യൂറോയില്‍ പുതിയൊരു ലേഖകനെ പത്രമുടമയും ബന്ധുവുമായ വ്യവസായി നേരിട്ടു നിയമിച്ചതില്‍ കോപിച്ച് ഇറങ്ങിപ്പോന്നു. വി എം നായര്‍ മാതൃഭൂമി പത്രാധിപരായിരുന്നപ്പോള്‍ അഴീക്കോട് "സാഹിത്യ സപര്യ" എന്ന കോളമെഴുതിയിരുന്നു. തളി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കെ കേളപ്പന്റെ നിലപാടുകളെ അനുകൂലിച്ച് അഴീക്കോട് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കണമോ എന്ന് വി എം നായര്‍ സംശയിച്ചതോടെ ആ കോളമെഴുത്തും നിന്നു.

കോഴിക്കോട് സര്‍വകലാശാലയില്‍ പ്രോ വൈസ്ചാന്‍സലര്‍ പദവിയില്‍നിന്ന് വിട്ടുപോന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ മറ്റൊരുദാഹരണം. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രാജിവയ്ക്കാനൊരുങ്ങിയെങ്കിലും കെ പി കേശവമേനോന്റെ അനുനയത്തിനു വഴങ്ങിയ അഴീക്കോട് പ്രോ വിസി കലാവധി പൂര്‍ത്തിയാക്കും മുമ്പ് പുറത്താക്കപ്പെട്ടു. ലോകമലയാള സമ്മേളനത്തില്‍ വച്ച് അന്നത്തെ ഭരണാധികാരികളുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു പ്രസംഗിച്ച് ഡല്‍ഹിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കേട്ടത് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത.

സാഹിത്യരംഗത്ത് ഏറെ വിവാദമായ പുരസ്കാര നിരാസത്തിലെ പ്രതിയായി കുറെക്കാലം. 1992ലായിരുന്നു ഇത്. കേരള സാഹിത്യ അക്കാദമി മികച്ച നോവലിനുള്ള പുരസ്കാരം എം പി നാരായണപിള്ളയുടെ "പരിണാമ"ത്തിനു പ്രഖ്യാപിച്ചു. അവാര്‍ഡ് വേണ്ടെന്ന് നാരായണപിള്ളയും. അക്കാദമിയാകട്ടെ നാരായണപിള്ളയ്ക്കുള്ള അവാര്‍ഡ് പിന്‍വലിച്ചു. അക്കാദമിയുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം വിശിഷ്ടാംഗത്വവും തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡുകളും തിരികെക്കൊടുത്തു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ആറുവര്‍ഷത്തോളം വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് എം ടി അക്കാദമി പ്രസിഡന്റായിരിക്കുമ്പോഴാണ് അഴീക്കോടിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നതും വിശിഷ്ടാംഗത്വം അദ്ദേഹം തിരികെ വാങ്ങിയതും. എന്നാല്‍ , അവാര്‍ഡു തുക തിരികെ വാങ്ങാന്‍ തയ്യാറായില്ല. ആ തുക അവശസാഹിത്യകാരന്മാര്‍ക്ക് നല്‍കാനാണ് അദ്ദേഹം പറഞ്ഞത്. മുമ്പും അക്കാദമി നിര്‍വാഹകസമിതി അംഗത്വം അദ്ദേഹം രാജിവച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അക്കാദമിയുടെ ചെലവില്‍ ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്നതും മറ്റും ഇഷ്ടപ്പെടാതെയായിരുന്നു ഒരു തവണത്തെ രാജി. തകഴി പ്രസിഡന്റായിരിക്കേ സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍വാഹക സമിതിയോഗം നീട്ടിവയ്ക്കുന്നതില്‍ പ്രതിഷേധിച്ചും രാജിവച്ചു. പിന്നീടൊരിക്കല്‍ യു ആര്‍ അനന്തമൂര്‍ത്തിക്കുവേണ്ടി നിരുപാധികം അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറി.

വി പി സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ മന്ത്രി കെ പി ഉണ്ണിക്കൃഷ്ണന്‍ അഴീക്കോടിനെ സമീപിച്ചു, ഗവര്‍ണറാകാന്‍ സമ്മതിക്കണമെന്ന ആവശ്യവുമായി. സ്നേഹപൂര്‍വം അതും നിരസിച്ചു. പത്മശ്രീ പുരസ്കാരം നിരസിച്ചതാണ് ഈ നിരയിലെ മറ്റൊരു വിവാദസംഭവം. 2007ല്‍ അഴീക്കോടിന് പത്മശ്രീ ബഹുമതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഈ വലിയ ബഹുമതി അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞു. ഈ ബഹുമതി ഭരണഘടനാവിരുദ്ധമെന്നായിരുന്നു ന്യായം. "ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടണമെന്നാണ്. എന്നാല്‍ , ഇത്തരം ബഹുമതികളിലൂടെ ഭരണകൂടം പൗരനെ വേറിട്ടുകാണുകയാണ്. ഇത്തരം വിവേചനങ്ങളെ തുറന്നുകാട്ടാനുള്ള അവസരമാണ് പത്മ ബഹുമതിയുടെ നിരാസം" എന്നായിരുന്നു അഴീക്കോടിന്റെ വാദം. ആശയ സ്ഥിരതയുടെയും ആശയസംരക്ഷണത്തിന്റെയും ലക്ഷണമാണ് തന്റെയീ രാജിയും ത്യജിക്കലുമെന്നും അദ്ദേഹം വാദിച്ചു.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സുകുമാര്‍ അഴീക്കോടിന്റെ 70ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അനുമോദനയോഗത്തില്‍ സംസാരിച്ച തകഴി അഴീക്കോടിന് ഒരു ഉപദേശം നല്‍കി. "പ്രഭാഷണങ്ങള്‍ നിര്‍ത്തി എഴുതിത്തുടങ്ങുക". ഇതിനോട് ഞാന്‍ യോജിക്കുന്നില്ല. പ്രഭാഷണത്തിന്റെയും എഴുത്തിന്റെയും ലക്ഷ്യം ഒന്നു തന്നെയാണല്ലോ. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക. അതിന് ഡോക്ടര്‍ അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം പ്രഭാഷണങ്ങളാണ്. എഴുത്തിനേക്കാള്‍ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാ പ്രസംഗങ്ങള്‍ . പ്രഭാഷണങ്ങള്‍ തന്നെ ടേപ്പ് എടുത്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഇന്ന് സാങ്കേതികമായി യാതൊരു പ്രയാസവുമില്ല. ഡോക്ടര്‍ അഴീക്കോടിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുറെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ അര്‍ഥം അഴീക്കോടിന്റെ ശ്രോതാക്കള്‍ക്കെന്നപോലെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ വായനക്കാര്‍ക്കും അഴീക്കോടിന്റെ ആശയങ്ങള്‍ മനസിലാവുന്നു എന്നാണല്ലോ. അത് കുറേക്കൂടി ക്രമീകൃതമായ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വിഷമവുമില്ല.