അമേരിക്കന്‍ അര്‍ധഗോളത്തില്‍ 35 രാജ്യങ്ങളാണുള്ളത്. അവയില്‍ വടക്കെ അറ്റത്തുള്ള കനഡയും അതിന് തെക്ക് സ്ഥിതിചെയ്യുന്ന ഐക്യനാടും വികസിത മുതലാളിത്ത രാജ്യങ്ങളാണ്. ഇതില്‍ അമേരിക്കന്‍ ഐക്യനാട് വികസിത മുതലാളിത്ത രാഷ്ട്രം മാത്രമല്ല പ്രത്യക്ഷമായും പരോക്ഷമായും ലോകമാകെ കൈയടക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വശക്തികൂടിയാണ്. സൈനികശക്തിയിലും ധനസമ്പത്തിലും ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാണ് ഐക്യനാട്. ലോകത്തിന്റെ പലഭാഗത്തും അവര്‍ക്ക് സാമ്പത്തികതാല്‍പ്പര്യങ്ങളും സൈനികത്താവളങ്ങളുമുണ്ട്. കനഡയും ഐക്യനാടും ഒഴിച്ചുനിര്‍ത്തി അവശേഷിച്ച 33 രാഷ്ട്രങ്ങള്‍ തെക്കെ അമേരിക്കയിലും മധ്യ അമേരിക്കയിലും കരീബിയനിലുമായി ചിതറിക്കിടക്കുന്നു. ഈ രാജ്യങ്ങളില്‍ ഗിനിയ, ട്രിനിഡാഡ്, ഹോണ്ടുറാസ് തുടങ്ങി ചെറിയ ചില രാജ്യങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാ രാജ്യങ്ങളിലും ലാറ്റിന്‍ ഭാഷാകുടുംബത്തില്‍പ്പെട്ട സ്പാനിഷോ പോര്‍ച്ചുഗീസോ ആണ് സംസാരിക്കുന്നത്. തെക്കെ അമേരിക്കയിലെ വടക്കുകിഴക്കെ അറ്റത്ത് കരീബിയന്‍ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന വെനസ്വേലയിലെ സൈമണ്‍ ബൊളിവറാണ് സ്പാനിഷ് മേധാവിത്വത്തില്‍നിന്ന് ലാറ്റിനമേരിക്കയുടെ ഭൂരിഭാഗം രാഷ്ട്രങ്ങളെയും മോചിപ്പിച്ചത്.
ലാറ്റിനമേരിക്കയെ മൂന്നായി തിരിക്കാം. മെക്സിക്കോമുതല്‍ പനാമവരെയുള്ള മധ്യ അമേരിക്ക, പനാമയ്ക്ക് തെക്കുള്ള തെക്കെ അമേരിക്ക, മധ്യ അമേരിക്കയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന കരീബിയന്‍ ദ്വീപുകള്‍ . ഈ കരീബിയന്‍ ദ്വീപുകളില്‍ ഏറ്റവും വലുതാണ് ക്യൂബ.
മണ്‍റോ സിദ്ധാന്തം
മഹാനായ വിമോചനനേതാവ് സൈമണ്‍ ബൊളീവറിന്റെ കാലശേഷം അമേരിക്കന്‍ ഐക്യനാടിന്റെ പ്രസിഡന്റ് ജയിംസ് മണ്‍റോ ലാറ്റിനമേരിക്കയെ സ്വാധീനവലയത്തിലാക്കാന്‍ "മണ്‍റോ സിദ്ധാന്തം" എന്ന പേരിലറിയപ്പെടുന്ന ഒരു നയം 1823ല്‍ കൊണ്ടുവന്നു. അതുപ്രകാരം മറ്റു ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്ക് ലാറ്റിനമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. അന്നുമുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ ഐക്യനാടിന്റെ "അടുക്കളത്തോട്ടമോ" "പിന്നാമ്പുറമോ" ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. പല രാജ്യങ്ങളെയും അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം മാറ്റിമറിച്ചു. ഉദാഹരണത്തിന് അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി പല രാജ്യങ്ങളിലും വ്യാപിച്ചിരുന്നു. ഈ കമ്പനിയുടെ ഇംഗിതത്തിനെതിരായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ അട്ടിമറി നടത്തിയ സ്വന്തം ചൊല്‍പ്പടിക്കാരെ അധികാരത്തില്‍ അവരോധിക്കുക എന്നത് പതിവായിരുന്നു. ഇങ്ങനെയുള്ള രാജ്യങ്ങളെ "വാഴയ്ക്കാ റിപ്പബ്ലിക്" എന്നാണ് വിളിച്ചിരുന്നത്. ജവാഹര്‍ലാല്‍ നെഹ്റു "മകള്‍ക്കയച്ച കത്തു"കളില്‍ (വിശ്വചരിത്രാവലോകനം) ഈ വ്യവസ്ഥയെ അദൃശ്യ സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഈ രാജ്യങ്ങളിലെ ഭരണക്രമത്തെയും ഭരണാധികാരികളെയും പരിഹസിച്ച് നോബല്‍ സമ്മാനിതനായ കൊളംബിയന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ് കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് "ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും", "കുലപതിയുടെ ശരത്കാല"വും.
ബൊളിവറും ഷാവേസും
1998ല്‍ ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായതോടെ ഈ അവസ്ഥയെല്ലാം മാറിമറിഞ്ഞു. സൈമണ്‍ ബൊളിവര്‍ ജനിച്ചതും വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലായിരുന്നുവെന്നത് അര്‍ഥവത്തായ ഒരു സംഭവപ്പൊരുത്തമാണ്.
1959ല്‍ ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ നിലവില്‍വന്നത് മാറ്റത്തിന്റെ തുടക്കമായി കണക്കാക്കാമെങ്കിലും അമേരിക്കന്‍ സര്‍ക്കാരിന്റെയും അവരുടെ ചാരസംഘടനയായ സിഐഎയുടെയും ഉപജാപങ്ങള്‍മൂലം ഇക്കാലമത്രയും ഒറ്റയ്ക്കുനിന്ന് ഐക്യനാടിനെ ചെറുക്കാന്‍മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഷാവേസിന്റെ വരവ് ക്യൂബയ്ക്ക് ലാറ്റിനമേരിക്കയില്‍ കരുത്തുറ്റ സഹായിയെ നേടിക്കൊടുത്തു. ലാറ്റിനമേരിക്കയില്‍ പലരാജ്യങ്ങളും ഇടതുപക്ഷത്തേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് പണ്ടത്തെപ്പോലെ കൈകടത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കഴിയുന്നില്ല.
ഒഎഎസും സിലാക്കും
കുപ്രസിദ്ധ ശീതസമരവാദിയും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട് ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാന്റെ കാലത്ത് 1948ലാണ് ലാറ്റിനമേരിക്കയില്‍ ആധിപത്യം ചെലുത്താനായി ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (ഒഎഎസ്) എന്ന സംഘടന രൂപീകരിച്ചത്. ഒഎഎസ് മുഖേന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര ഉടമ്പടി ഒപ്പുവച്ച് നടപ്പാക്കാനായിരുന്നു ഐക്യനാടിന്റെ പദ്ധതി. ആഗോളവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ഒഎഎസിനെ ഉപയോഗിച്ചു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്ത് പത്തുവര്‍ഷംമുമ്പ് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഒഎഎസിന്റെ യോഗം വിളിച്ചുചേര്‍ക്കുകയും പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ , ഭൂരിപക്ഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ബുഷിന്റെ പദ്ധതികളെ തിരസ്കരിച്ചു. ബുഷ് യോഗം അവസാനിക്കുന്നതിനുമുമ്പ് രോഷാകുലനായി മടങ്ങിയശേഷം ഒഎഎസ് യോഗം ചേര്‍ന്നിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കാരക്കാസില്‍ വച്ച് ഐക്യനാടും കനഡയും ഒഴിച്ചുള്ള അമേരിക്കന്‍ അര്‍ധഗോള രാഷ്ട്രങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ലാറ്റിനമേരിക്കന്‍ -കരീബിയന്‍ രാഷ്ട്രസമൂഹം (കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സ് അഥവാ സിലാക്ക്) എന്ന പുതിയ സംഘടനയ്ക്ക് രൂപംനല്‍കി. കഴിഞ്ഞ ജൂലൈയില്‍ ചേരാനിരുന്ന ഈ സംഘടനയുടെ യോഗം ഷാവേസിന്റെ ചികിത്സമൂലമാണ് വൈകിയത്. തീര്‍ച്ചയായും അമേരിക്കന്‍ ഐക്യനാടിന് സന്തോഷകരമല്ല ഈ സംഭവവികാസം. താന്‍ അമേരിക്കന്‍ പിന്നാമ്പുറം നഷ്ടപ്പെടുത്തിയ ഒരു പ്രസിഡന്റായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ കുറച്ചുനാള്‍മുമ്പ് പ്രസ്താവിക്കുകയുണ്ടായി. പക്ഷേ, കാരക്കാസ് സമ്മേളനത്തോടുകൂടി ഒബാമ ഭയപ്പെട്ടത് നടന്നുകഴിഞ്ഞു. അറുപതുകോടി ജനസംഖ്യയുള്ള ഈ 33 രാഷ്ട്രങ്ങളുടെ സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നതോടെ ഇതുവരെ പിന്നാമ്പുറമായി കണക്കാക്കപ്പെട്ട ലാറ്റിനമേരിക്ക മുന്നിലേക്ക് എത്തിയിരിക്കുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.
കാരക്കാസ് പ്രഖ്യാപനം
ലാറ്റിനമേരിക്കന്‍ സഹകരണത്തിനും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഏകീകരണത്തിനും ഉപയുക്തമായ പ്രധാന തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 22 പ്രമേയങ്ങളും കാരക്കാസില്‍ അംഗീകരിക്കുകയുണ്ടായി. അതിനുപുറമെ സംഘടനയുടെ ദിശാബോധം വ്യക്തമാക്കുന്ന ഒരു പ്രഖ്യാപനവും അംഗീകരിച്ചു- കാരക്കാസ് പ്രഖ്യാപനം. സമ്മേളനത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചത് ലാറ്റിനമേരിക്കയിലെ ഡസന്‍വരുന്ന ഇടതുപക്ഷ സര്‍ക്കാരുകളാണെങ്കിലും പൊതുവെ കാരക്കാസ് സമ്മേളനം ഇടതുപക്ഷ കക്ഷികളുടെയും രാഷ്ട്രങ്ങളുടെയും കൂട്ടായ്മയായിരുന്നില്ല. തികഞ്ഞ വലതുപക്ഷ സര്‍ക്കാര്‍ നിലനില്‍ക്കുന്ന ചിലിയെപ്പോലുള്ള രാജ്യങ്ങളും ഈ തീരുമാനങ്ങളില്‍ പങ്കാളികളാണ്.
കാരക്കാസില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും അമേരിക്കന്‍ നയങ്ങളെയും ആധിപത്യശ്രമങ്ങളെയും ആഗോളവല്‍ക്കരണ നിര്‍ദേശങ്ങളെയും നിശിതമായി എതിര്‍ക്കുകയുണ്ടായി. അര്‍ജന്റീനിയന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നര്‍ , ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് തുടങ്ങിയവര്‍ നടത്തിയ വിമര്‍ശങ്ങള്‍ ഐക്യനാടിന് സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ഔപചാരികമായി അമേരിക്കന്‍ ഐക്യനാട് ഭരണകൂടം മയക്കുമരുന്നുകള്‍ക്ക് എതിരാണെങ്കിലും അവിടത്തെ പ്രധാനപ്പെട്ട പല ബഹുരാഷ്ട്ര കമ്പനികളും ഔദ്യോഗികസഹായത്തോടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുകയും പണമുണ്ടാക്കുകയും ചെയ്യുന്നതിനെ കാരക്കാസ് സമ്മേളനം വിമര്‍ശിച്ചു. അമേരിക്കന്‍ ഐക്യനാട് ലാറ്റിനമേരിക്കയില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിക്കരുതെന്ന് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് ആവശ്യപ്പെട്ടു. ഇന്നത്തെ ലോക സാമ്പത്തികപ്രതിസന്ധിക്കുള്ള കാരണം മുതലാളിത്ത വ്യവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യന്‍ ഫെഡറേഷനും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ കസാഖിസ്ഥാന്‍ , ബെലാറസ് തുടങ്ങിയവര്‍ ആരംഭിച്ചിരിക്കുന്ന യൂറേഷ്യന്‍ സഖ്യവും ഈ ലാറ്റിനമേരിക്കന്‍ സഖ്യവും അമേരിക്കന്‍ ഐക്യനാടിന്റെ ഏകധ്രുവ ലോകാധിപത്യത്തിനുള്ള ശ്രമങ്ങളെ അവതാളത്തിലാക്കും.
*
പി ഗോവിന്ദപ്പിള്ള
Subscribe to:
Post Comments (Atom)
1 comment:
അമേരിക്കന്‍ അര്‍ധഗോളത്തില്‍ 35 രാജ്യങ്ങളാണുള്ളത്. അവയില്‍ വടക്കെ അറ്റത്തുള്ള കനഡയും അതിന് തെക്ക് സ്ഥിതിചെയ്യുന്ന ഐക്യനാടും വികസിത മുതലാളിത്ത രാജ്യങ്ങളാണ്. ഇതില്‍ അമേരിക്കന്‍ ഐക്യനാട് വികസിത മുതലാളിത്ത രാഷ്ട്രം മാത്രമല്ല പ്രത്യക്ഷമായും പരോക്ഷമായും ലോകമാകെ കൈയടക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വശക്തികൂടിയാണ്. സൈനികശക്തിയിലും ധനസമ്പത്തിലും ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാണ് ഐക്യനാട്. ലോകത്തിന്റെ പലഭാഗത്തും അവര്‍ക്ക് സാമ്പത്തികതാല്‍പ്പര്യങ്ങളും സൈനികത്താവളങ്ങളുമുണ്ട്. കനഡയും ഐക്യനാടും ഒഴിച്ചുനിര്‍ത്തി അവശേഷിച്ച 33 രാഷ്ട്രങ്ങള്‍ തെക്കെ അമേരിക്കയിലും മധ്യ അമേരിക്കയിലും കരീബിയനിലുമായി ചിതറിക്കിടക്കുന്നു. ഈ രാജ്യങ്ങളില്‍ ഗിനിയ, ട്രിനിഡാഡ്, ഹോണ്ടുറാസ് തുടങ്ങി ചെറിയ ചില രാജ്യങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാ രാജ്യങ്ങളിലും ലാറ്റിന്‍ ഭാഷാകുടുംബത്തില്‍പ്പെട്ട സ്പാനിഷോ പോര്‍ച്ചുഗീസോ ആണ് സംസാരിക്കുന്നത്. തെക്കെ അമേരിക്കയിലെ വടക്കുകിഴക്കെ അറ്റത്ത് കരീബിയന്‍ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന വെനസ്വേലയിലെ സൈമണ്‍ ബൊളിവറാണ് സ്പാനിഷ് മേധാവിത്വത്തില്‍നിന്ന് ലാറ്റിനമേരിക്കയുടെ ഭൂരിഭാഗം രാഷ്ട്രങ്ങളെയും മോചിപ്പിച്ചത്.
Post a Comment